White Crow Art Daily

ദുരന്തവും ദുരന്തനിവാരണവും

 എഡിറ്റോറിയല്‍

1950- ലായിരുന്നു ഇന്ത്യയില്‍ പ്ലാനിംഗ് കമ്മീഷന്റെ തുടക്കം. അന്നത്തെ പ്രധാനമന്ത്രി   നെഹ്രു ആയിരുന്നു അദ്ധ്യക്ഷന്‍. രാജ്യത്തിന്റെ പൊതു വിഭവശേഷി ഫലപ്രദമായി ഉപയോഗിച്ച് ജനതയുടെ ജീവിത നിലവാരമുയര്‍ത്താന്‍ വേണ്ട നയപരിപാടികളും പ്രവര്‍ത്തന പദ്ധതികളും ആസുത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു ഇത്രകാലം. ഡല്‍ഹിയിലെ പ്രതിശീര്‍ഷ വരുമാനത്തിന്റെ അഞ്ചിലൊന്നാണ് ഉത്തരപ്രദേശിലെ  പ്രതിശീ‍ര്‍ഷ വരുമാനം. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളുടേതിന്റെ മൂന്നിലൊന്നും.

അതായത് ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷവരുമാനത്തിനു പിന്നിലാണ് ഉത്തര പ്രദേശിലേയും ബീഹാറിലേയും ജനങ്ങളുടേത്. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഏഷ്യന്‍- ആഫ്രിക്കന്‍ ഭൂപ്രദേശങ്ങളിലെ  ജീവിതസാഹചര്യങ്ങളെ ഉള്ളില്‍ പേറുന്ന ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇത്ര തീവ്രമായ, കൊടിയ അനീതി നിറഞ്ഞ സാമൂഹികാന്തരത്തെ അവസരസമത്വം വിഭാവന ചെയ്ത ഒരു ജനാധിപത്യ രാജ്യവും നേരിട്ടിട്ടുണ്ടാവില്ല.

ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഭരണം ദുരന്തനിവാരണമാണ്. ദുരന്ത കാരണങ്ങളായി തെളിയുന്നതിലൂടെ സാമൂഹികപ്രശ്നങ്ങളിലേയ്ക്ക് കണ്‍ തുറക്കലാണ്. പോംവഴി തിരയലാണ്. 2015- ല്‍ നരേന്ദ്രമോദി 65-വര്‍ഷത്തെ പ്ലാനിംഗ് കമ്മീഷന്‍ ആസൂത്രണം അവസാനിപ്പിച്ച് National Institution for Transforming India (NITI-Aayog) തുടങ്ങിയപ്പോള്‍ അങ്ങനെയൊരു മാറ്റം അര്‍ഹിക്കുന്ന ഗൌരവമുള്ളൊരു സംവാദം പോലും രാജ്യത്തുയര്‍ന്നില്ല. നമ്മുടെ പദ്ധതികളിലും പരിപാടികളിലും മംഗളയാനങ്ങളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിവേഗം മാറുന്നുവെന്ന് ഭരണകൂടങ്ങള്‍ പരസ്യപ്പെടുത്തുമ്പൊഴും ജനതയില്‍ മൂന്നിലൊരു വിഭാഗം നരകജീവിതത്തിന്റെ ഉടമകളാണ്. ഇത്രത്തോളം ജനങ്ങള്‍ ഈ രീതിയില്‍ ദുരിതമനുഭവിക്കുന്ന വേറൊരു രാജ്യവും ലോകത്തിലില്ല.

നീതി ആയോഗിന്റെ 2017 മുതല്‍ 2019 വരെയുള്ള ഒരു ത്രിവത്സര പദ്ധതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഭരണത്തിലും പദ്ധതിനടത്തിപ്പിലും മുന്‍ഗണനാക്രമ ത്തിലും ഇതുണ്ടാക്കുന്ന മാറ്റം എന്താണ്? ഗോരഖ്പൂരില്‍ പ്രാണവായുകിട്ടാതെ കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടാകുമ്പോള്‍ ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഭാവിക്കുന്ന യോഗി ആദിത്യനാദാണ് യു.പി മുഖ്യമന്ത്രി. നിസംഗതയും നിര്‍മ്മമതയും സന്യാസിയ്ക്ക് ചേരും ഭരണാധികാരിയ്ക്ക് തീരെ ചേരില്ല.

മൂന്ന് പേര്‍ സഞ്ചരിക്കുന്ന സ്ക്കൂട്ടര്‍ ഒരിന്ത്യന്‍ മോട്ടിഫായിരുന്നു. ഇന്ന് ആ മൂന്നാമ ത്തെയാള്‍ ഗോരഖ്പൂരില്‍ കൂട്ടമരണത്തില്‍പ്പെട്ട കുഞ്ഞാകുന്നത് മനുഷ്യാവകാശ ധ്വംസനത്തിന്റെ അതിക്രൂര ദൃശ്യമാണ്. മരണകാരണം ജീവവായു കിട്ടാത്തതായാലും ജ്വരമൂര്‍ച്ഛ ആയാലും കുഞ്ഞുങ്ങളുടെ ശവസംസ്കാരത്തെ തുണയ്ക്കാത്ത ഒരു ഭരണ സംവിധാനം, ഒരു ദുരന്തത്തെ നേരിടുന്നതില്‍പ്പോലും പരാജയപ്പെടുന്ന ഒന്ന്, പിന്നില്‍ കുതിരകെട്ടിയ വണ്ടിയാണ്.

ആഹാരം, കുടിവെള്ളം, വെടിപ്പുള്ള ചുറ്റുപാട്, വീട്, വേല, വിദ്യാഭ്യാസം ഇവയുമായി ചേര്‍ന്നുവരുന്നതാണ് ആരോഗ്യം. ജപ്പാന്‍ ജ്വരത്തിന് മരുന്നില്ല. എന്നാല്‍ ഈ പറഞ്ഞതിനൊക്കെ മരുന്നുണ്ട്. അതുറപ്പാക്കുമ്പോഴാണ് പൊതുജനാരോഗ്യത്തിന് അടിത്തറയുണ്ടാവുക. ഈ പ്രശ്നം കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും ഈ വിധം ചര്‍ച്ച ചെയ്യുന്നില്ലെന്ന് യോഗിയെ പിന്തുണയ്ക്കുന്നവര്‍ അരിശം കൊള്ളുന്നുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും, സമാജ് വാദിക്കും ബി.എസ്.പിയ്ക്കും നില വഷളാക്കിയതില്‍ തീര്‍ച്ചയായും ഉത്തരവാദിത്വമുണ്ട്. പ്രത്യയശാസ്ത്രം ഏതായാലും അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നു.

ശിശുമരണനിരക്ക് ആരോഗ്യ നിലവാരം കണക്കാക്കുന്നതിന്റെ അടിസ്ഥാന മാനക ങ്ങളിലൊന്നാണ്. നീതി ആയോഗ് 2019-ല്‍ വിഭാവന ചെയ്യുന്നത് ആയിരത്തിന് 30 എന്നതാണ്. യു.പി.യില്‍ അതിപ്പോള്‍ 64 ആണ്. അമേരിക്കയില്‍ 6, റഷ്യയില്‍ 8, ചൈനയില്‍ 9 എന്നനിലയിലും. കേരളത്തിലെ ശിശുമരണനിരക്കിപ്പോള്‍ 6 ആണ്. അപ്പോഴും കേരളം നേരിടുന്ന അനാരോഗ്യപ്രവണതകളുടെ ബാഹുല്യമാണ് ഗോരഖ്പൂരിലെ ദുരന്തത്തിന്റെ ആഴം മലയാളിയെ അനുഭവിപ്പിക്കുന്നത്.