White Crow Art Daily

ധാര്‍മ്മികതയുടെ രാഷ്ട്രീയവും രാഷ്ട്രീയധാര്‍മ്മികതയും

ഫെസ്റ്റിവല്‍ സിനിമകളുടെ യൂറോപ്യന്‍ ലേബലുകള്- 2

മറ്റൊരാളുടെ സ്വത്തപഹരിക്കുന്ന അഴിമതിക്കാരനായ മേയറും അയാളെ നേരിടാനുറച്ചിറങ്ങുന്ന നായകനും ഒരു ഹോളിവുഡ് കഥയാണ്.എന്നാല്‍ ഏത് രാഷ്ട്രീയ വ്യവസ്ഥയ്ക്കൊപ്പവും അതിനെ പിന്തുണയ്ക്കുന്ന, നിലനിര്‍ത്തുന്ന, അത്രതന്നെ പ്രബലമായ ഒരു മൂല്യവ്യവസ്ഥയുണ്ടാകും.പുറമേയ്ക്ക് സ്വതന്ത്രമായിട്ടാവും അതിന്റെ നിലയെങ്കിലും സൂക്ഷമമായി പരിശോധിക്കുമ്പോള്‍ ഈ മൂല്യ വ്യവസ്ഥയുടെ അധികാര ബന്ധങ്ങള്‍ വ്യക്തമാകും . ജീവിതാചാരങ്ങള്‍, രീതികള്‍, വിശ്വാസപ്രമാണങ്ങള്‍, കുടുംബം, സാമൂഹിക പദവി, പാരമ്പര്യം, സ്ത്രീ പുരുഷബന്ധങ്ങള്‍ ഇവയൊക്കെ തന്നെ സാമ്പ്രദായികമായ മൂല്യവ്യവസ്ഥയുടെ അകക്കണ്ണികളായി വരും. ആത്യന്തികമായ തീരുമാനവും അതിന്റെ പരമാധികാരവും ദൈവത്തിന്റേതാണെന്ന വിശ്വാസത്തോടെ മേയര്‍ക്കൊപ്പം നില്‍ക്കുന്ന ലെവിയത്താനിലെ പുരോഹിതന്‍ ഇതിന്റെ ഭാഗമാണ്.

എന്നാല്‍ ഇതേ അളവില്‍ തന്നെ മതാതീതമായ മൂല്യവ്യവസ്ഥയും വ്യക്തിപരമായ ധാര്‍മ്മികതയും അധികാരഘടനയില്‍ കണ്ണിചേരുന്നുണ്ട്. ചിലപ്പോഴിത് കുടുംബാഭിമാനമാകും, ഭാഷാപ്രേമമാകും, പ്രാദേശികബോധമാകും, ദേശസ്നേഹമോ തീവ്രദേശീയതയോ ആകും, സ്വത്വവാശിയാകും, പ്രത്യയശാസ്ത്രമാകും, വര്‍ഗബന്ധങ്ങളാകും… ഇതിനെയൊക്കെ പ്രചോദിപ്പിക്കുന്ന, ത്വരിപ്പിക്കുന്ന മൂല്യസങ്കല്‍പ്പങ്ങളുണ്ട്. അത്യന്തികമായി ഇവ സ്വാതന്ത്ര്യത്തിന്റെ വഴിയിലെ തടസങ്ങളാണ്.അധികാരത്തിന്റെ ദേശരൂപങ്ങള്‍ക്ക് സ്വതന്ത്രരും ആധുനികരുമെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യരെ ഇവ ഒറ്റുകൊടുക്കുന്നു. ഇതിന്റെ നീതിബോധങ്ങളിലേയ്ക്കും ധാര്‍മ്മികന്യായങ്ങളിലേയ്ക്കും പുതിയ കല നടത്തുന്ന അന്വേഷണമാണ് ധാര്‍മ്മികതയെ ഒരു സജീവ രാഷ്ട്രീയ പ്രശ്ന്മായി അവതരിപ്പിക്കുന്നത്.

elena

രാഷ്ട്രീയ വ്യവസ്ഥ എതിര്‍ക്കപ്പെടുമ്പൊഴും അസ്വീകാര്യമാകുമ്പോഴും ഈ മൂല്യ വ്യസസ്ഥ സംരക്ഷിക്കപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട് . ഇതിന്റെ പൊതുസ്വീകാര്യതയ്ക്കുള്ളില്‍ ധാര്‍മികമായ എതിര്‍നിലകള്‍ സ്വീകരിക്കുകയാണ് കലയുടെ രീതി. സൊഗിന്‍സ്റ്റേവിന്റെ എലീന, വൃദ്ധനും അതിസമ്പന്നനുമായ തന്റെ രണ്ടാം ഭർത്താവിനെ അതി സൂക്ഷ്മതയോടെ, ഒരു തുമ്പും ബാക്കിവയ്ക്കാതെ കൊലപ്പെടുത്തുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള സിനിമയായിരുന്നു. എലീന വ്ലാദിമിറിനെ പരിചയപ്പെട്ടത് അയാളുടെ ആശുപത്രിക്കിടക്കയില്‍ വച്ചായിരുന്നു. അയാള്‍ക്ക് ആദ്യവിവാഹത്തില്‍ ഒരു മകളും എലീനയ്ക്ക് ഒരു മകനുമുണ്ട്. നഴ്സിംഗ് ജോലി ഉപേക്ഷിച്ച് വ്ലാദിമിറുമായി കുടുംബജീവിതം തുടങ്ങി കാലമേറെ കഴിഞ്ഞിട്ടും കിടക്കപങ്കിടുന്ന ഒരു പരിചാരികമാത്രമായിരുന്നു അവള്‍. മരണത്തെ വീണ്ടും മുഖാമുഖം കണ്ട വ്ലാദിമിര്‍ സ്വത്തുമുഴുവന്‍ ആദ്യവിവാഹത്തിലെ മയക്കുമരുന്നിനടിമയായ മകളുടെ പേരിലാക്കി കൊണ്ട് വില്‍പ്പത്രം തയാറാക്കി. എലീനയ്ക്ക് പ്രതിമാസ ജീവനാംശവും! അയാള്‍ കൊല്ലപ്പെട്ടരാത്രി പുലരുമ്പോഴായിരുന്നു സിനിമയുടെ തുടക്കം. കൊലപാതകവും കൊലയുടെ ന്യായങ്ങളും ധാര്‍മികയുക്തികളുമായി ദൊസ്തെയ്‌വ്സ്കിയും അദ്ദേഹത്തിന്റെ പ്രതിനായകനും നിലയുറപ്പിച്ചിട്ടുള്ളതു കൊണ്ടാകണം സിനിമയ്ക്കൊപ്പം കാഴ്ചക്കാരും എലീനയെ അനുയാത്രചെയ്യുന്നു.

.ELENA_CONVERTED ഒരു വീടിനെ മരണവീടാക്കിമാറ്റാന്‍ സിനിമക്കതിന്റെ പതിവ് വഴിയുണ്ട്. മോസ്കോയുടെ ആകാശം തൊടാനായുന്ന മുന്തിയ എടുപ്പുകളിലൊന്നിലെ വാസസ്ഥലത്തെ മരണത്തിലേയ്ക്ക് തുറക്കുക അത്ര എളുപ്പമല്ല. എലീന കണ്ടുതുടങ്ങുമ്പോള്‍ ഫ്ലാറ്റിന്റെ ജാലകദൃശ്യം മരണത്തോടടുത്ത ഒരു നിശ്ചലതയിലും മരവിപ്പിലുമായിരുന്നു. കാക്കക്കരച്ചിലുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. (റഷ്യയിലും കാക്കള്‍ മരണമറിയിക്കുമത്രെ) മോസ്കോയിലെ ഈ ഉത്തരാധുനിക എടുപ്പിന്റെ പ്രൌഡികളിലും ഉള്‍ച്ചമയങ്ങളിലും നിന്ന് ആദ്യവിവാഹത്തിലെ മകനും കുടുംബവും കഴിയുന്ന വ്യവസായ നഗരത്തിലെ പഴയ ഒരു ക്രുഷ്ചേവ്കയിലേയ്ക്കുള്ള (തൊഴിലാളികള്‍ക്കായുള്ള അപ്പാര്‍ട്ട്മെന്റ്) എലീനയുടെ ബസ് യാത്രകളിലൂടെ മറ്റൊരു അന്തരീക്ഷത്തിലേയ്ക്കും ചലനവേഗത്തിലേയ്ക്കും ജീവിതാവസ്ഥയുടെ വേറൊരറ്റത്തേയ്ക്കും സിനിമ  പ്രവേശിക്കുകയായിരുന്നു.

ഒരു കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സമൂഹത്തില്‍ രൂപപ്പെട്ട അസമത്വത്തിന്റെ ആഴങ്ങളാണ് നാമാദ്യം ശ്രദ്ധിക്കുക.എന്നാല്‍ ഭിന്ന വര്‍ഗങ്ങളില്‍പ്പെട്ടവര്‍ ഒരേകുടുംബത്തില്‍ അംഗങ്ങളായിക്കഴിഞ്ഞാലും അവരുടെ സാമൂഹികപദവി അവരെ പിന്തുടരുന്നതിന്റെ പ്രതിസന്ധികളാണ് എലീന നേരിട്ടത്.കൊടിയ സ്ത്രീപുരുഷ അസമത്വത്തിന്റെ മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് സമത്വത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിലേയ്ക്കുള്ള സഞ്ചാരം എത്രമാത്രം അസംബന്ധമാണെന്നത് ഈ സിനിമ ആവിഷ്കരിക്കുന്നുണ്ട്.
വിശ്വാസിയുടെ, അവിശ്വാസിയുടെ ധാര്‍മ്മികതയെക്കുറിച്ചുള്ള വീണ്ടുവിചാരമാണ്, മൂല്യ വ്യവസ്ഥയെക്കുറിച്ചുള്ള പുനരാലോചനകളാണ് ധാര്‍മ്മികതയുടെ രാഷ്ട്രീയത്തിലേയ്ക്കു തുറക്കുന്ന പ്രധാന വാതില്‍. അയഞ്ഞകുടുംബഘടനയും അതിനുള്ളില്‍ പെട്ടെന്ന് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരും ലെവിയത്താന്റെയും എലീനയുടേയും പൊതു പശ്ചാത്തലമാണ്. പുരുഷാധിപത്യത്തിനുകീഴിലെ കുടുംബങ്ങള്‍ ഏകാധിപത്യരാജ്യങ്ങളെപ്പോലെ തന്നെ പ്രശ്നഭരിതമാണ്.

leviathan 10

കലയെ ഒരു രാഷ്ട്രീയ പ്രസ്താവനയായി ചുരുക്കുന്നതിനെതിരേ പല ഘട്ടത്തിലും സൊഗിന്‍സ്റ്റേവ് തന്നെ പ്രതികരിക്കുന്നുണ്ട്. കാനിലെ അദേഹത്തിന്റെ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചകളിലും തുടര്‍ന്നുള്ള പല അഭിമുഖങ്ങളിലും പുച്ചിന്‍ ഭരണത്തിനു കീഴിലെ റഷ്യന്‍ ജീവിതത്തെക്കുറിച്ചുള്ള പലതരം ചോദ്യങ്ങളെ നേരിട്ടുകൊണ്ട് ഒരു അമേരിക്കന്‍ കഥ റഷ്യന്‍ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ചിലചോദ്യങ്ങള്‍ക്കു മുന്നില്‍ നിശബ്ദനാകുകയും അത് ചോദ്യം ചെയ്യപ്പെട്ടപ്പോഴാകട്ടെ താന്‍ റഷ്യയില്‍ ജീവിച്ചുകൊണ്ട് ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ ഇഷ്ടപ്പെടുന്നു എന്നു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ലെവിയത്താന്‍ ഭാഗീകമായി റഷ്യന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്തിട്ടുള്ളതും റഷ്യയുടെ ഔദ്യോഗീക എന്ട്രിയുമായിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ചശേഷം ഓസ്കാറിനായി പരിഗണിച്ചപ്പോഴാകട്ടെ , ലെവിയത്താന് റഷ്യയില്‍ എതിര്‍പ്പ് പുറത്ത് പിന്തുണ എന്നമട്ടിലായിരുന്നു വാര്‍ത്തകള്‍. പുച്ചിന്റെ വക്താവ് തന്നെ ലെവിയത്താനെ പിന്തുണച്ചു പിന്നീട് പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി.

ഇന്നത്തെ റഷ്യന്‍ ജീവിതവുമായി ഈ സിനിമയ്ക്ക് ഒരിടപാടുമില്ല എന്നൊരു വാദം ഇവിടില്ല. റഷ്യന്‍ – ഉക്രൈന്‍ സംഘര്‍ഷത്തിലേയ്ക്കും അതിന്റെ യൂറോപ്യന്‍ രാഷ്ട്രീയത്തിലേയ്ക്കും ഈ സിനിമയെ എടുത്തു വയ്ക്കുന്ന രീതിചൂണ്ടിക്കാട്ടൂകയാണ്. പുച്ചിന്‍ ഭരണത്തിനു കീഴിലെ റഷ്യയെക്കുറിച്ചുള്ള ഡോക്യുമെന്ററിയായി ഈ സിനിമയെ അവതരിപ്പിക്കുന്നതിലെ രാഷ്ട്രീയം നന്നല്ല. എന്നാല്‍ മോസ്കൊ തെരുവില്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റുമരിക്കുമ്പൊള്‍ ദിമിത്രിയെ തോക്കിന്മുനയില്‍ നിര്‍ത്തിയ മേയറിലേയ്ക്ക് പോകാനുള്ള പ്രേരണ ഏത് കാണിയിലുമുണ്ടാകും.

Leviathan 5a

ദേശാന്തരങ്ങളോട് സജീവമായി സംവദിക്കുന്ന ഒരു സിനിമ അതിന്റെ ദേശത്തെ എടുത്തുയര്‍ത്തുകയാണോ ചെയ്യുക? ആദ്യം സൂചിപ്പിച്ചപോലെ യൂറോപ്യന്‍ ദേശീയ സിനിമയെ വികസിപ്പിക്കുക മാത്രമാണോ ആ ആദ്യകാല ഫെസ്റ്റിവലുകളുടെ ചരിത്രപരമായ പങ്ക്. ഇന്ന് ദേശത്തെ അറിയാനുള്ള മുഖ്യ ഉപാധി ആ ദേശത്തിന്റെ കല അല്ല. റഷ്യന്‍ സാഹിത്യവും കലയും സാര്‍വ്വദേശിയമായി സംവദിച്ചിട്ടുള്ളതും ഡോക്യുമെന്ററികളായല്ല.റഷ്യയിലെ ഒരു വംശീയ ന്യുനപക്ഷത്തിന്റെ ചില ജിവിതാചാരങ്ങളെക്കുറിച്ചുള്ള സൈലന്റ് സോള്‍സ് (Aleksei Fedorchenko ) എന്ന സിനിമ കണ്ടതോര്‍ക്കുന്നു.ഭാര്യുയുടെ മരണാനന്തരച്ചടങ്ങുകള്‍, അവരുടെ ശരീരം ദഹിപ്പിക്കാനായി ഒരു നദീതീരത്തേയ്ക്കുള്ള യാത്ര, ഇതാണ് സിനിമ. സിനിമയിലെ കഥ എന്ന സംഭവത്തില്‍ നിന്ന് മുക്തി നേടിയ സിനിമകളുടെ ജനുസില്‍പ്പെട്ട ഒന്ന്. റഷ്യന്‍ പുഴയോരത്തു കത്തുന്ന ആ ചിത നമ്മുടെ ഏത് നദീ തീരത്തുമാകാം. സിനിമ സദാ അതിന്റെ ദേശത്തെ എടുത്തു പൊന്തണമെന്നില്ല. സിനിമയില്‍ വോഡ്കയുടെ കുപ്പികള്‍ കമിഴ്ത്തിയ ശേഷമാണ് ചിതയ്ക്ക് തീ കൊളുത്തുന്നത്. ലെവിയത്താനിലും വോഡ്കയില്‍ എരിയുന്ന ചിത പ്രസക്തമാണ്. കൊലിയയുടെ ജീവിതം സിനിമാന്ത്യത്തില്‍ വോഡ്കയ്ക്ക് തീ കൊളുത്തിയ മട്ടിലായിരുന്നു. പുരുഷകഥാപാത്രങ്ങളുടെ ജീവിതാഘാതങ്ങളെ ആവിഷ്കരിക്കുന്ന ചിരപുരാതന വഴിയ്ക്കിവിടെ മാറ്റമില്ല..

silent souls

അധികാര വ്യവസ്ഥയോടുള്ള കേവലപ്രതികരണങ്ങളായി കലയിലെ രാഷ്ട്രീയത്തെ പരിമിതപ്പെടുത്താനാവില്ല. സംസ്കാരവും മൂല്യബോധവും എങ്ങനെ വ്യവസ്ഥയെ പാലിക്കുന്നു, പോഷിപ്പിക്കുന്നു എന്നത് അലസമായ കാഴ്ചകളില്‍ തെളിയുകയില്ല അതുകൊണ്ടുതന്നെ സംസ്കാരത്തിനും മൂല്യബോധത്തിനും ആദർശഭൂമിയിൽ കുടിയൊഴിയാതെ ഏറെക്കാലം അധിവസിക്കാനാകും. കലയോട് അലസമാകുന്നതിലെ രാഷ്ട്രീയം കലയെത്തന്നെ മാറ്റി വയ്ക്കുന്നു.കേരളത്തിലെ കാര്യമെടുത്താല്‍ നമുക്ക് മുക്കിന് മുക്കിന് രാജ്യാന്തര ഫെലിം ഫെസ്റ്റിവലുകളുണ്ട്. എന്നാല്‍ നാനയുടെ ഗണത്തില്‍ നിന്ന് വേറിട്ട ഒരു സിനിമാ പ്രസിദ്ധീകരണമില്ല. മലയാളിയുടെ രാഷ്ട്രീയ ഉന്മുഖത വാഴ്ത്തപ്പെടുന്നു. പക്ഷേ കേരള ശബ് ദത്തില്‍ നിന്ന് വേറിട്ട ഒരു രാഷ്ട്രീയ വാരിക ഇല്ല.അലസമായ കലാസമീപനം നമ്മുടെ അലസമായ ബൌദ്ധിക ജീവിതമാണ്. അത് മോശം രാഷ്ട്രീയത്തില്‍ നിന്നുള്‍ള വിടുതി വിദൂരത്താക്കും.

നമ്മുടെ സംവാദങ്ങളേറെയും രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ചുള്ള ഉത്ക്കണ്ഠകളാണ്. എന്നാല്‍ ധാര്‍മ്മികതയുടെ രാഷ്ട്രീയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഒരു നിശബദത പരക്കുന്നു.എന്താണ് ധാര്‍മ്മികതയുടെ രാഷ്ട്രീയം ? അത് മതാത്മകവും മറ്റുചിലപ്പോള്‍ മത വിമുക്തവുമായ മൂല്യവ്യവസ്ഥയുടെ രാഷ്ട്രീയമാണ്. അത്രതന്നെ പാരമ്പര്യത്തിന്റേയും, ആന്തരികവത്ക്കരിക്കപ്പെട്ട,ആധുനികമാക്കപ്പെട്ട പ്രച്ഛന്ന പാരമ്പര്യത്തിന്റേയുമാണ്. ഇവിടേയ്ക്ക് കലയും സാഹിത്യവുമൊക്കെ ആദ്യമായല്ല വന്നുനില്‍ക്കുന്നത്. എന്നാലപ്പോഴൊക്കെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍… എന്നു തുടങ്ങുന്ന പതിവ് ബ്ലാബ്ലാ‍..കളുടെ ഒളിച്ചോട്ടമായിരുന്നു. പുതിയ കല, ഈ ഇടത്തില്‍ കൂടുതല്‍ സൂക്ഷ്മതയോടെ, കൃത്യതയോടെ ഇടപെടുന്നു. സ്വഭാവികമായും അത് കൂടുതല്‍ സ്ത്രീ പക്ഷത്തേയ്ക്ക് നീങ്ങുകയും ചെയ്യുന്നു. ഇത് തിരിച്ചറിയാത്ത മാധ്യമങ്ങള്‍ ധാര്‍മ്മികതയുടെ രാഷ്ട്രീയത്തെ രാഷ്ട്രീയ ധാര്‍മ്മികതയിലേയ്ക്ക് തകിടം മറിക്കുന്നു. അങ്ങനെ പുതിയ കലയെത്തന്നെ നിരാകരിക്കുന്നു.

andrei

ദൈവം കൈ കഴുകുന്ന കടൽ, 100 അറബ് കവികൾ എന്നിവ കൃതികൾ.