White Crow Art Daily

നാത്സികാല സ്മരണകൾ

അഭിലാഷ് മേലേതില്‍  / നാത്സികാല സ്മരണകൾ

രാജേഷ് വർമ്മയുടെ “ചുവന്ന ബാഡ്‌ജ്‌” എന്ന നോവലിന്റെ  വായന

രാജേഷ് വർമ്മയുടെ “ചുവന്ന ബാഡ്‌ജ്‌” എന്ന നോവൽ വായിച്ചു തുടങ്ങുമ്പോള്‍  വായനക്കാരന് ഓർമ്മവരുന്ന അനവധി നോവലുകൾ ഉണ്ടായിരിക്കും – 1984 തൊട്ടു ധർമ്മപുരാണം, എസ് (ഡ്രാക്കുലിക്) വരെയുള്ളവ. എന്നാൽ ഇത്രത്തോളം വർത്തമാനകാല യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന, ആ ഒരൊറ്റക്കാര്യത്തിൽ നിന്ന് സദാ പൊറുതികേട്‌ തോന്നിക്കുന്ന ഒരാഖ്യാനം നമ്മുടെ ഭാഷയിൽ ഇല്ല എന്നുതന്നെ പറയണം. നമ്മുടെ നാട്ടിൽ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ നടന്ന, അതിസാധാരണം, സ്വാഭാവികം എന്നൊക്കെ തോന്നിക്കുന്ന സംഭവങ്ങളെ മുഴുവൻ ഒരു ഫാസിസ്റ്റു ശക്തിയുടെ വളർച്ചയുടെ ഘട്ടങ്ങളായി അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ. അതാണ് പ്രധാനമായും ഈ നോവലിന്റെ പ്രഹരശേഷിക്ക് കാരണം.

കൗമാരത്തിലേക്ക് കടക്കുന്ന ഒരു കുട്ടിയുടെ കേവല മത്സരബുദ്ധിയിൽ നിന്ന് ഉണ്ടാവുന്ന ചിന്തകളും പ്രവൃത്തികളും ആണ് കഥ. തമിഴനായ ക്ലാ സിലെ ഒന്നാം സ്ഥാനക്കാരനെ തോൽപ്പിക്കുക എന്നതാണ് നായകന്റെ ഏക ലക്‌ഷ്യം. ഒരു സാധാരണ കുട്ടി ചെയ്യുന്നപോലെ അയാൾ  പ്രാർത്ഥനയും വഴിപാടുമൊക്കെയായി മുന്നോട്ടുപോകുന്നു. അതേ സമയത്തു ഭാരതം മുഴുവൻ ഒരു ഫാസിസ്റ്റ് സംഘടന ശക്തിയാർജ്ജിക്കുകയാണ്. അവർ തങ്ങളെ ചെറുക്കുന്നഎല്ലാറ്റിനെയും, കറുത്തവരെയും, കീഴാളരെയും നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. നാത്സികൾ എന്നാണ് ഫാസിസ്റ്റുകൾ അറിയപ്പെടുന്നത്, അവരുടെ ഇരകൾ ജൂതരെന്നും. നോവലിലെ ഒരു കാര്യംപോലും അസാധാരണം എന്ന് തോന്നിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും പ്രത്യേകത തോന്നിക്കുന്ന ഗുണം.

പല ജോലിസ്ഥലങ്ങളിലും മറ്റുമായി ഇത്തരം, ആരും വലിയ കാര്യമായി കണക്കാക്കാത്ത, വിവേചനങ്ങളും ഒറ്റപ്പെടുത്തലുകളും കണ്ടു ശീലിച്ചിട്ടുള്ളതുകൊണ്ട് (നിന്റെ മുടിയെന്താ സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാറിന്റെപോലെ, ദാറ്റ് ചിങ്കീ ഗേൾ ഈസ് ഈസി യാർ, ഏതു ചാലിൽ കുളിച്ചാണ് ഇന്ന് നീ ജോലിക്കു വന്നത്, ഇത് ഐബിഎം ഓഫിസാണോ അതോ കോയമ്പത്തൂർ മാർക്കറ്റോ) ഞാൻ പലപ്പോഴും ചെയ്തു കൊണ്ടിരുന്നത് നായകന്റെ(നാത്സികളുടെ) ഏതു പ്രവർത്തിയോടാണ് എനിക്ക് ഐക്യപ്പെടാൻ പറ്റുന്നത് എന്നു നോക്കലായിരുന്നു.എന്നിലെ ഫാസിസ്റ്റിനെ/റേസിസ്റ്റിനെ കണ്ടെത്താനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ് പോലെയാണ് പലപ്പോഴും ഈ നോവൽ ഞാൻ വായിച്ചത്. ഒരു ചെക്‌ലിസ്റ്റിനെതിരെ വായന എന്നുള്ളത് അനന്യമായിരിക്കണം.

ഭാഷയിലും, ഭക്ഷണത്തിലും, മറ്റു ജീവിതരീതികളിലും കാലക്രമേണ വരുന്ന/വരുത്തുന്ന മാറ്റങ്ങൾ കാണിച്ചിരിക്കുന്നതും (നാത്സികൾ എല്ലാം ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്, നായകന്റെ പരിസരത്തുള്ള മൈതാനിക്കു കിട്ടുന്ന പേര് റാണി ദുർഗ്ഗാവതി ക്രീഡോദ്യാൻ എന്നാണ്) പല സമയങ്ങളിലെ ചരിത്ര സംഗതികളെ ഈയൊരു കാലയളവിലേക്ക് തുന്നിച്ചേർക്കുന്നതും മറ്റും (ഗോവിന്ദച്ചാമി എന്ന ജൂതൻ നടത്തുന്ന ബലാൽസംഗം, മുല്ലപ്പെരിയാർ വിഷയം) കഥയെ യാഥാർഥ്യത്തോട് ചേർത്തു നിർത്തുന്നു – അതാണ് നോവൽ ഇത്ര മാത്രം ഡിസ്റ്റർബ് ചെയ്യുന്നത്.

നാഷണൽ ഹൈവേകളിൽ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം നടക്കുന്നു എന്ന് ഇന്നലെ വായിക്കുകയുണ്ടായി. അവരുടെ chauvinism ഇന്ന് തുടങ്ങിയതല്ല. ആ വഴിയേയും ആണ് സംഘ് ഇവിടെ വരുന്നത് -“നിങ്ങൾ മാറേണ്ട, പക്ഷെ നിങ്ങളുടെ കുട്ടികളെ ഞങ്ങൾ മാറ്റുന്നുണ്ട്” എന്ന് നോവലിൽ ഒരിടത്തുണ്ട് (കുട്ടികളുടെ ചാനലുകളിൽ കാണിക്കുന്ന കൃഷ്ണ കഥാപാത്രങ്ങളും മറ്റും നോക്കിയാൽ കാണാം അവരെങ്ങനെയാണീ ഭാഷ വഴി അവരുടെ സംസ്കാരവും മൂല്യങ്ങളും നമുക്കിടയിൽ വിൽക്കുന്നത് എന്ന് – അതിലെ ഭക്തി/ദുഷ്ടനിഗ്രഹം എന്ന പേരിൽ കാണിക്കുന്നതരം വയലൻസ് ഞെട്ടിക്കുന്നതാണ്). നോവലിലും ഇത് തന്നെ കാണുമ്പോള്‍   നമ്മൾ അതിനെ ഇക്കാര്യങ്ങളുമായി ചേർത്തുവായിക്കാൻ പ്രേരിതരാകുന്നു.

രാജേഷ് വർമ്മയുടെ ഭാഷ തെളിമയുള്ളതാണ് – ഒരു തട്ടും തടയുമില്ലാതെ എളുപ്പത്തിൽ വായിച്ചുപോകാവുന്ന രീതിയിലാണ് നോവലിന്റെ ഘടന. ഒരു കുട്ടിയുടെ വ്യൂ പോയിന്റിൽ നിന്നുള്ള കഥയെങ്കിലും സാധാരണ അത്തരം കഥകളിൽ വരുന്ന പതിവുസംഗതികൾ പോലും ഇതിലെ ഭീകരതയുടെ പരിസരങ്ങളിൽ മുങ്ങിപ്പോവുന്നു. ഞാൻ ഇതാവുമെങ്കിൽ നിങ്ങളും ഇതാവും (പ്രിമോ ലെവി പറഞ്ഞ – ഇതുമുന്നേ സംഭവിച്ചിട്ടുണ്ട്, ഇനിയും സംഭവിക്കാം എന്നത് ഒന്നിലധികം പേർ പുസ്തകപ്രകാശന വേദിയിൽ പറയുകയുണ്ടായി) എന്നാണവൻ വായനക്കാരനോട് പറയുന്നത്.

NB : കൂട്ടത്തിൽ പുസ്തകത്തിന്റെ പ്രിന്റ് ക്വാളിറ്റിയയെയും പരാമർശിക്കാതെ വയ്യ (ചിന്ത പബ്ലിഷേഴ്സ്). പുസ്തകങ്ങൾക്ക് പല ഗുണങ്ങൾ വേണമെന്ന് എല്ലാവരും ആഗ്രഹിക്കും, ഇത് പക്ഷേ പൊതുവെ പബ്ലിഷേർസ് ശ്രദ്ധിക്കാറില്ല, ചില വായനക്കാരും. വൃത്തിയായി പ്രിന്റ് ചെയ്തു വരുന്ന പുസ്തകവും ഒരനുഭവമാണ്.

കവി. മലപ്പുറം സ്വദേശി. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍