White Crow Art Daily

നിറങ്ങളുടെ പ്രകാശവും ഇരുട്ടും

യൂസഫ് അറയ്ക്കലിന് ആദരം/ പ്രേംരാജന്‍

നിറങ്ങളുടെ പ്രകാശവും ഇരുട്ടും

ഗാലറി ഏതുദേശത്തായാലും കാഴ്ചക്കാര്‍ ആരായാലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ക്കിടയ്ക്ക് ചിലതില്‍ ശ്രദ്ധയുടക്കി നിന്നിട്ടുണ്ടാവും.ബാംഗ്ലൂരിലെ ഗാലറികളിലൊന്നില്‍ വാതിലില്‍ പാതിവെളിപ്പെട്ട ഒരു സ്ത്രീരൂപത്തിനു മുന്നില്‍ ഞാനും നിന്നു. സ്ത്രീയുടെ രൂപത്തികവോടെയായിരുന്നില്ല ആ ചിത്രം. അമൂര്‍ത്തതയില്‍ നിന്ന് രൂപക്കൂടിലേയ്ക്കുള്ള വഴിയില്‍ മുഴുക്കുപ്പായമിട്ട മഞ്ഞ. അത് പൊന്തുന്ന നിലാവുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ കലാപഠനം കഴിഞ്ഞ് മറ്റൊരു നഗരത്തില്‍ ജീവിതം തുടങ്ങിയ ഒരാളില്‍ സവിശേഷമായൊരു പ്രത്യാശ പകര്‍ന്നു ആ പെയിന്റിംഗ്.നിറങ്ങളില്‍ പടരുന്ന വെളിച്ചത്തിന്റെ പുരാവൃത്തം റംബ്രാന്‍ ചിത്രങ്ങളിലൂടെ പരിചിതമായിരുന്നിട്ടും ആ സ്ത്രീ പാതിമറഞ്ഞു നില്‍ക്കുന്നു എന്ന് തോന്നിയതേയില്ല.അങ്ങനെയായിരുന്നു യൂസഫ് അറയ്ക്കലിന്റെ കയ്യൊപ്പ് ശ്രദ്ധിച്ചത്.

448077-painting-exhibition-of-yusuf-arakkal

മൌലികമായ പ്രതിഭയും പരിശീലനവും കലാജ്ഞാനവും ആധുനിക ഇന്ത്യന്‍ ചിത്രകലയില്‍ അദ്ദേഹത്തിന് ഇടമൊരുക്കി.ദേശാതിര്‍ത്തികള്‍ക്കപ്പുറം ആസ്വാദകരെ സൃഷ്ടിക്കുകയും ചെയ്തു.പ്രത്യേകമായൊരു ആവിഷ്കാര രീതി ഒരു ശൈലി എന്ന നിലയില്‍ പിന്തുടര്‍ന്ന കലാവ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ കലയിലെ പ്രധാന പള്ളിക്കൂടങ്ങള്‍ക്കു പുറത്തായിരുന്നു യൂസഫ് അറയ്ക്കല്‍. നിയതമായ രൂപങ്ങളില്‍ നിന്ന് അമൂര്‍ത്തതയിലേയ്ക്കും അമൂര്‍ത്തതകളില്‍ നിന്ന് പുതിയ രൂപനിര്‍ണയത്തിലേയ്ക്കും, ഇവ രണ്ടും ഇടകലര്‍ന്നും പല വഴികളുള്ള ഒരു കലാജീവിതം.ഇന്ത്യന്‍ ആധുനിക ചിത്രകലയില്‍ അമൃത ഷെര്‍ഗിലില്‍ രൂപത്തോടൊപ്പം സാന്ദ്രതയുള്ളൊരു ചിത്രഭാഷ കാണാം. അച്ചുതന്‍ കൂടല്ലൂരിന്റെ രചനകളിലെത്തുമ്പോഴാകട്ടെ അമൂര്‍ത്തതയിലാണ് ഈ ഭാഷാതീവ്രത അനുഭവിക്കാനാവുക.

hope
നിരാശയുടേയും ഏകാന്തതയുടേയും പ്രതിഷേധത്തിന്റെയും ഇരുണ്ട ചിത്രഭാഷ അദ്ദേഹത്തിന്റെ രചനകളിലുണ്ട്.കൂടുതല്‍ പ്രസരിപ്പുള്ള നിറങ്ങളിലുപയോഗിക്കുന്ന പ്രസന്നമായ ആവിഷ്കാരങ്ങളും. ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട് മ്യൂസിയത്തില്‍ (MoMA ) വാന്‍ഗോഗിന്റെയും മാനെയുടേയും( Edourd Manet ) രചനകള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിട്ടുള്ള Hope എന്ന ചിത്രം ശ്രദ്ധിച്ചാല്‍ ഇരുണ്ടഭാഷ പ്രത്യാശാഭരിതമാകുന്നതറിയാം.അതായത് ആവിഷ്കാരരീതിയിലും ഭാഷയിലും മുന്‍നിശ്ചയങ്ങളേക്കാള്‍ സാധ്യതകളിലായിരുന്നു യൂസഫ് അറയ്ക്കലിന് പ്രിയം. കലയുടെ സഞ്ചാരം കാലത്തിനു മുന്നേ ആയിരിക്കെ, ആ പോക്കിലത് കാലത്തിനൊപ്പവും ആയിരിക്കും. വിരുദ്ധമെന്നു തോന്നുന്ന എന്നാല്‍ ആഴത്തില്‍ സന്ധിക്കുന്ന ഈ മാര്‍ഗവ്യത്യാസങ്ങളെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ഒരു ചിത്രവും അറയ്ക്കലിന് ഒറ്റച്ചിത്രമായിരുന്നില്ല. മിക്കപ്പോഴും ക്യാന്‍വാസിനെ പലതായി പകുത്തു. അല്ലാത്തപ്പോള്‍ ചിത്രങ്ങളേക്കാള്‍ ചിത്രപരമ്പരകളായിരുന്നു. തെരുവിനെക്കുറിച്ചുള്ള തുടര്‍ച്ചിത്രങ്ങളിലെ സൈക്കിള്‍ യാത്രക്കാര്‍ ഇത് കുറേക്കൂടി വ്യക്തമാക്കും. നിശ്ചലമായ ഒരിടത്തേയ്ക്ക് വേഗം എങ്ങനെ പ്രവേശിക്കുന്നുവെന്നും.
yusuf-1

പെയിന്റിംഗും ശില്‍പ്പവും പോലെ എഴുത്തും വായനയും ഒരു തുടര്‍ച്ചയായിരുന്നതിനാല്‍, ഉദയാസ്തമയങ്ങള്‍ തന്റെ കാഴ്ചയുടെ പരിധി എന്ന് തിരിച്ചറിഞ്ഞ കലാവ്യക്തിത്വമാണ് യൂസഫ് അറയ്ക്കലിന്റേത്. അത് കിഴക്കിനേയും പടിഞ്ഞാറിനേയും സ്വാഭാവികമായും ഇല്ലാതാക്കി. കലയിലെ സ്വദേശി- വിദേശി സംഘര്‍ഷങ്ങളേയും. സൌന്ദര്യബോധത്തെ പുതുക്കുന്നതില്‍ ലോകത്തില്‍ കലയ്ക്ക് ചരിത്രപരമായിതന്നെ മുന്‍കൈ ഉണ്ട്. എന്നാല്‍ മലയാളത്തിലത് സാഹിത്യത്തിന് ഒരു ചുവട് പിന്നില്‍ നിന്നു. ഖസാക്കിലെ മൊല്ലാക്കയ്ക്കും രണ്ടാമൂഴത്തിലെ ഭീമനും രൂപരേഖ ഉണ്ടാക്കിയത് നമ്മുടെ പ്രശസ്ത ചിത്രകാരന്മാരായിരുന്നു. പില്‍ക്കാലത്ത് ഭാസ്കരനിലും ഷെരീഫിലും ദേവപ്രകാശിലും ഭാഗ്യനാഥനിലും കബിതയിലു മൊക്കെയായി ഈ അകമ്പടി സ്വതന്ത്രമാകുന്നുണ്ടെങ്കിലും.

yusufarakkal-2

ബഷീര്‍കഥാപാത്രങ്ങളിലൂടെയുള്ള യൂസഫ് അറയ്ക്കലിന്റെ പരമ്പര കലയും സാഹിത്യവുമായുള്ള സാമ്പ്രദായിക സമ്പര്‍ക്കമായിരുന്നില്ല.പാത്തുമ്മയുടെ ആട് ശ്രദ്ധിച്ചാല്‍ അത് ബഷീര്‍ കൃതിയിലെ പാത്തുമ്മയോ ആടോ ആയിരുന്നില്ല എന്ന് കാണാം. ക്യാന്‍വാസിലെ വെളുപ്പും പാത്തുമ്മയുടെ മുഖത്തു പടര്‍ന്ന ഇരുട്ടും സാമൂഹികജീവിതത്തിന്റെയും കാലത്തിന്റെയും അടയാളമാകുമെങ്കിലും ആ ആടിനാകട്ടെ കൃതിയിലെ ആടുമായി കാര്യമായ ബന്ധമില്ല. അതിന്റെ ചാര്‍ച്ച പിക്കാസോയുടെ പ്രശസ്ത ശില്‍പ്പത്തിലെ ആടുമായിട്ടാണ്. അതായത് അതിന്റെ നില്പ് കലയുടെ വിശേഷപ്പെട്ട ഒരു വിതാനത്തിലാണ്,ചരിത്രത്തിലും. പാത്തുമ്മയോ ആടോ ആ പെയിന്റിംഗില്‍ കേന്ദ്ര സ്ഥാനത്തല്ല. അവര്‍ രണ്ടു ദിശയിലും രണ്ടു തലത്തിലുമാണ്.യൂസഫ് അറയ്ക്കലിന്റെ കലാദര്‍ശനത്തിന്റെ മൌലികതയാണിത്. വസ്തുക്കള്‍ കൊണ്ടു നിറയ്ക്കാതെ സ്വാഭാവികമായി ഏകതാനതയെ, ഏകമാനത്തെ ഭേദിക്കുന്നു.നമ്മുടെ നിരവധി ചിത്രകാരന്മാര്‍ ഇതേ പ്രമേയത്തെ മുന്‍നിര്‍ത്തി ബഷീര്‍ സ്മൃതി എന്ന നിലയില്‍ നടത്തിയിട്ടുള്ള രചനകളില്‍ സി. എന്‍ കരുണാകരന്റെ ഒരു ചിത്രം ഇതോടൊപ്പം ചേര്‍ക്കുന്നത് ഈ ഉപന്യാസം ഉപസംഹരിക്കാന്‍ സഹായിച്ചേക്കും.

paint2

ബഷീറ് സാഹിത്യത്തിലേയ്ക്ക് എന്നതിനേക്കാള്‍ ഭാഷയുടെ ആധുനികമായ അഴകിനെ നിറങ്ങള്‍ കൊണ്ട് പ്രകാശിപ്പിക്കുകയായിരുന്നു യൂസഫ് അറയ്ക്കല്‍. ബഷീറിന്റേത് ഏറ്റവും ചുരുക്കിയുള്ള ആഖ്യാനമായിരുന്നു. വേണ്ടതു മാത്രം എന്നതായിരുന്നു അറയ്ക്കലിന്റെയും രീതി.അദ്ദേഹം എന്തൊക്കെ ഒഴിവാക്കിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.കെ.സി.എസ് പണിക്കര്‍ ഭാരതീയമായ ചിത്രകലയ്ക്കു വേണ്ടി ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു .എന്നാല്‍ അടയാളങ്ങളും ചിഹ്നങ്ങളും പ്രതീകങ്ങളും നിറഞ്ഞ് മന്ത്രവാദക്കളങ്ങളായ അദ്ദേഹത്തിന്റെ ക്യാന്‍വാസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ആധുനികതയെക്കുറിച്ച് മറ്റൊരു സമീപനവും വീക്ഷണവും യൂസഫ്അറയ്ക്കല്‍ പുലര്‍ത്തിയിരുന്നു എന്നു കാണാം.

വായന തന്നെ ആവര്‍ത്തിക്കുന്ന പ്രമേയമാണ് അറയ്ക്കലിന്, Paper reader–വായനയിലേയ്ക്കുള്ള സാന്ദ്രമായൊരു ചിത്രഭാഷയാണ്.തെരുവിലെ ചിത്രപരമ്പരയിലുമുണ്ട് വായനയുടെ പലനേരങ്ങള്‍. ഒരേ ക്യാന്‍വാസില്‍ സമയത്തിന്റെ പല അടരുകള്‍.തെരുവ് ജീവിതത്തില്‍ നിന്നുള്ള ഒരു ചിത്രപരമ്പര റിയലിസത്തില്‍ നിന്ന് മാറുന്ന രീതി പ്രധാനമാണ്.പ്രതിബിംബമെന്ന് തോന്നിപ്പിക്കുമ്പോഴും വസ്ത്രത്തിലേയും പത്രത്തിലേയും ചുളിവുകളുടെ വ്യത്യാസമാണ് മറ്റൊരു സമയത്തിന്റെ സൂക്ഷ്മത.കലയുടേയും.

yusuf-3

അടിസ്ഥാനവികാരങ്ങളേയും ആന്തരികസംഘര്‍ഷങ്ങളേയും മറ്റൊരുഭാഷയില്‍, ഇരുണ്ടനിറത്തില്‍ സമകാലിക കലയില്‍ ആവിഷ്കരിക്കുന്നതായിരുന്നു 2005 –ലെ ഇറ്റലിയിലെ ഫ്ലൊറെന്‍സ് ബിനാലെയില്‍ ഏറ്റവും മികച്ച രചനയ്ക്കുള്ള പുരസ്കാരത്തിനര്‍ഹമായ Bacon’s Man with the Child and Priest. ആസക്തിയുടെയും അധികാരത്തിന്റെയും കരുത്തിലേയ്ക്കും അത് ചവിട്ടി അമര്‍ത്തുന്ന രീതിയിലേയ്ക്കും കുട്ടിയും വൈദികനും നിസഹായരായി നോക്കിയിരിക്കുന്നു. എത്ര റാത്തല്‍ തൂക്കമ്മുള്ള പന്നിയാകാമത് ? അതോ ഉപ്പിട്ടുണക്കിയെടുക്കാവുന്ന ഇറച്ചിത്തുണ്ടോ ? ആസക്തിയുടെ ഭാരം എത്ര റാത്തലായാലും അത് പുരുഷാധികാരത്തെ കൂടുതല്‍ മൃഗീയമാക്കുന്നുണ്ട്. ഷൂവിന് മേലേ രോമം വളരുന്നുണ്ട്. അതിന്റെ തുടര്‍ച്ചയില്‍ കുഞ്ഞുങ്ങളും ഭാവിയും അതിലേയ്ക്ക് തന്നെ പ്രവേശിക്കുന്നതിന്റെ ആഘാതത്തില്‍ ആത്മീയമായ ഒരന്തംവിട്ടിരിപ്പ്.

രവിവര്‍മ്മ ചിത്രങ്ങളിലെ തുറന്ന ഇടങ്ങളെക്കുറിച്ച് കലാവിമര്‍ശകനായ വിജയകുമാര്‍ മേനോന്റെ ഒരു വിശേഷ നിരീക്ഷണമുണ്ട്. “ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തില്‍ സ്ഥലത്തെ ചുരുക്കിയൊതുക്കിയ സാമൂഹ്യ-രാഷ്ട്രീയ-ജാതി-ഫ്യൂഡല്‍ വ്യവസ്ഥയായിരുന്നു 19-ആം നൂറ്റാണ്ടിലെ കേരളം. സഞ്ചാരസ്വാതന്ത്ര്യം എന്നത് സങ്കല്പത്തില്‍പോലും വന്നിട്ടില്ലാത്ത അക്കാലത്ത് സമൂഹം അടഞ്ഞുകിടന്നു. അതിന്റെ പ്രതിഫലമെന്നപോലെ തിങ്ങി വിങ്ങിയ സ്ഥലക്രമീകരണം (composition without blank space) എന്നത് ചുമര്‍ചിത്രങ്ങളിലും കളങ്ങളിലും നിലനിന്നു. അടച്ചുവെച്ച ചിത്രസ്ഥലത്തെ രവിവര്‍മ്മയാണ് തുറക്കുന്നത്. പശ്ചാത്തലം എന്ന സ്ഥലവിന്യാസവും അതില്‍ത്തന്നെ ഒരു ചെറിയ ഭാഗമെങ്കിലും തുറന്ന് ചക്രവാളം കാണാനുള്ള സാദ്ധ്യതയും രവിവര്‍മ്മാചിത്രങ്ങളില്‍ വന്നത് രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ വീക്ഷണത്തിന്റെയും സൂചകമായി ഇന്നു വായിക്കാം “(കെ.സി.എസ് പണിക്കര്‍,നവീനതയും പ്രാദേശികപാഠവും).

baconsman-y-arakal

രാജാരവിവര്‍മ്മയുടെ പേരില്‍ ഒരു പുരസ്കാരമുണ്ടായത് നല്ലത് തന്നെ. അത് യൂസഫ് അറയ്ക്കലിനെപോലുള്ള ഒരു പ്രതിഭയ്ക്ക് സമ്മാനിച്ചിട്ടുണ്ട് എന്നതും നല്ലതു തന്നെ.എന്നാല്‍ ചരമോപചാര പ്രസംഗത്തിനപ്പുറം മറ്റ് ചിലതു കൂടി നാം ചെയ്യേണ്ടതുണ്ട്. അതില്‍ പ്രധാനം കലാവിദ്യാഭ്യാസം നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക എന്നതാണ്. ശാസ്ത്ര വിഷയങ്ങള്‍ക്കു നല്‍കുന്ന തുല്യ പരിഗണനയോടെ പ്രാപ്തിയുള്ളവര്‍ അത് പഠിപ്പിക്കുകയും വേണം. കേരളത്തിന്റെ പൊതു വിദ്യാഭ്യാസരംഗത്ത് രാജ്യാന്തര നിലവാരമുള്ള ആയിരം വിദ്യാലയങ്ങള്‍ സ്ഥാപിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കൊപ്പം സമീപനങ്ങളും പൊളിച്ചു പണിയേണ്ടിവരും. മാറ്റം ഭൌതിക സാഹചര്യങ്ങളില്‍ മാത്രമായാല്‍ ആത്മീയമായി എന്നല്ല ബൌദ്ധികമായും സാംസ്കാരികമായും മാറുന്ന ലോകത്തിന്റെ കോണില്‍ നമ്മളും അന്തം വിട്ടിരിക്കേണ്ടി വരും.

കടപ്പാട്  www.yarakkal.com

 

painting – C.N. Karunakaran

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്ന് ബിരുദം. യു.എ.ഇ -യില്‍ Creative director ...