നിലം പൂത്തു മലര്‍ന്ന നാള്‍ (നോവല്‍ ഭാഗം)
തുടക്കം
വടക്കു വേങ്കടമല. തെക്കു കുമരിമുനമ്പ്. കിഴക്കും പടിഞ്ഞാറും പെരുംകടല്‍. ഇവയ്ക്കിടയില്‍ മലകളും താഴ് വാരങ്ങളും കാടുകളും കുന്നുകളും വിളനിലങ്ങളും പാടങ്ങളും മരുക്കാടുകളും പുഴയോരങ്ങളും കടല്‍ത്തീരങ്ങളുമായി പല പല ഉയിരിടങ്ങള്‍. അതിരുകള്‍ക്ക് അടക്കമില്ലാത്ത വലുതും ചെറുതുമായ നാടുകള്‍ . വേട്ടയാടുന്ന എയിനരും കുറവരും നിലമുഴുന്ന ഉഴവരും പൈക്കളെ മേയ്ക്കുന്ന ആയരും കൊള്ളക്കാരെങ്കിലും പോരാളികളായ മറവരും ഉപ്പുണ്ടാക്കുന്ന ഉമണരും മീന്‍ പിടിക്കുന്ന പരതവരും മറ്റും അതതിടങ്ങളില്‍ അവരുടെ തൊഴിലുകള്‍ ചെയ്തു. പാട്ടുകാരായ പാണരും ആട്ടക്കാരായ കൂത്തരും വെറിയാടുന്ന വേലന്മാരും പട്ടു നെയ്യുന്ന ചാലിയരും യാഴും പറയുമുണ്ടാക്കുന്ന കുയിലുവരും വേള്‍വി ചെയ്യുന്ന അന്തണരുമൊക്കെയായി വേറെയുമുണ്ട് പലയിനം ആളുകള്‍.
പതിനേഴു നൂറ്റാണ്ടു മുന്‍പാണ്. വലിയ നാടുകള്‍ക്ക് ഉടയവരായ ചേരചോഴപാണ്ടിയന്‍മാര്‍ എന്ന മൂവേന്തര്‍. ഇണങ്ങിയും പിണങ്ങിയും അവര്‍ നാടു വാണു. വലിയ വലിയ പോരുകളില്‍ നാടുകള്‍ വിറകൊണ്ടു. ചെറുനാടുകള്‍ പിടിക്കാനും പങ്കിടാനും അവര്‍ ചിലപ്പോഴൊക്കെ ഒന്നിച്ചു. അവര്‍ക്കൊപ്പം ഊറ്റമില്ലെങ്കിലും തന്റേടത്തില്‍ കുറവില്ലാത്ത ചിറ്റരചരും കുറുനിലമന്നരും നാടുവാഴികളായ വേള്‍കളും. അവരും ഇടയ്ക്കിടെ തമ്മില്‍ പോരടിച്ചു. പൊരുള്‍ വേണ്ടപ്പോള്‍ പൈക്കളെ കട്ടു. ആനകളെ കൊന്നൊടുക്കി. തോറ്റ നാട്ടിലെ നിലങ്ങള്‍ ചുട്ടെരിച്ചു. വെറ്റി നേടിയവരെ പുലവരും പാവലരും വാഴ്ത്തി. വാഴ്ത്തുമൊഴിയില്‍ തെളിഞ്ഞ മന്നര്‍ അവര്‍ക്കു പൊന്നും നിലവും കൊടുത്തു. പാട്ടുകാര്‍ക്കും ആട്ടക്കാര്‍ക്കും പൊരുളുകളേറെക്കൊടുത്ത് പലരും വള്ളല്‍ എന്ന വിളിപ്പേരും നേടി. പെരുംപാവലര്‍ വാഴ്ത്തിയില്ലെങ്കില്‍ നേടിയതെല്ലാം വെറുതേ എന്ന് അരചര്‍ കരുതി. എതിരാളികളെ തോല്‍പിച്ചില്ലെങ്കില്‍ പെരുംപാവലരൊന്നും പുകഴ്ത്തിപ്പാടാതെ തന്റെയും നാടിന്റെയും പുകള്‍ മങ്ങിപ്പോകട്ടെ എന്നാണ് ഒരു മന്നന്‍ പോര്‍ക്കലി കൊണ്ടത്. പൊരുളുകള്‍ നേടാന്‍ അവരെ വാഴ്ത്തുകയല്ലാതെ മറ്റു വഴിയില്ലെന്ന് മൊഴിയാളരുമറിഞ്ഞു. അരചന്‍മാര്‍ തമ്മില്‍ പൊരുതിയപ്പോള്‍ അവരില്‍ ചിലര്‍ ഇടനിലക്കാരായി. ചിലപ്പോള്‍ ചാരന്‍മാര്‍ പോലുമായി. എങ്കിലും അരചര്‍ ചെയ്തതു നലമല്ലെന്നു തോന്നിയപ്പോള്‍ അരുതെന്നു പറയാനുള്ള തന്റേടം ചിലരെങ്കിലും കാണിച്ചു. അവരുടെയൊക്കെ മൊഴിവിളക്കങ്ങള്‍ എട്ടുത്തൊകയും പത്തുപ്പാട്ടും പതിനെണ്‍കീഴ്ക്കണക്കും മറ്റുമായി ഓലകളില്‍ പതിഞ്ഞു. കൂടല്‍പ്പാട്ടുകളെന്നും പഴന്തമിഴ് പാട്ടുകളെന്നും അവ പുകള്‍ നേടുകയും ചെയ്തു.
എന്നാല്‍ മറ്റു ചിലരുണ്ട്. ഉയിരിടങ്ങളേറെയുണ്ടായിട്ടും ഒറ്റയ്ക്കായിപ്പോയവര്‍. കൂട്ടംകൂടിയലഞ്ഞിട്ടും നിലയിടം കിട്ടാതെപോയവര്‍. ഇനം തിരിച്ചുള്ള പൊതുപ്പേരുകളല്ലാതെ പെരുമയുടെ അടയാളങ്ങളില്ലാത്തവര്‍. ഉയിരുതന്നെ എഴുത്താക്കിയവര്‍. നാടാളുന്നവര്‍ക്കും മൊഴിയാളുന്നവര്‍ക്കും വാഴ്‌വും പെരുമയും നല്‍കിയ കൂടല്‍പ്പാട്ടുകളില്‍ അവരുടെ പേരുകളില്ല. എങ്കിലും വരികളിലും വരികള്‍ക്കിടയിലും ചിലപ്പോഴൊക്കെ അവരുടെ വാഴ്‌വുണ്ട്. അവരറിഞ്ഞ നിറവും മണവും ചുവയും കേള്‍വിയുമുണ്ട്. അന്നേ പലരും പറഞ്ഞിട്ടും എഴുതപ്പെടാതെ പോയ മലയാളത്തെപ്പോലെ അകവും പുറവുമുണ്ട്. അവരുടെ എഴുത്താണിത്. താളിയോലകളിലോ കളിമണ്‍പലകകളിലോ പതിയാത്ത ഉയിരെഴുത്തുകള്‍.
കൊലുമ്പന്‍
ഒന്ന്
തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടായിരുന്നു അത്. മടങ്ങിവരവിനെപ്പറ്റി ഞങ്ങളാരും തമ്മില്‍ തിരഞ്ഞുകൂടിയില്ല. പറിഞ്ഞുപോയ വേരുകളോര്‍മ്മിച്ചാല്‍ പായലുകള്‍ക്ക് ഒഴുകാനാവില്ല. പറന്നടിയുന്ന നേരത്തെ പേടിച്ചാല്‍ ചിതല്‍പ്പുറ്റിലെ കീടങ്ങള്‍ക്കു ചിറകു മുളയ്ക്കില്ല.
ചുറ്റുപാടുകളല്ലാതെ മറ്റൊന്നുമറിയാത്തവര്‍ എങ്ങുപോയിട്ടെന്താണ്! അറിവെന്നു പറയാന്‍തന്നെ ഏറെയൊന്നുമില്ല. കാടിനടുത്താണു പാര്‍പ്പെങ്കിലും വേട്ടയാടാനറിയില്ല. കുടികള്‍ക്കു പിന്നില്‍ തിനവയലുകളുണ്ടെങ്കിലും കുറവരെയോ ഉഴവരെയോ പോലെ വിതച്ചും കൊയ്തും വഴക്കമില്ല. എങ്കിലും ചിലതൊക്കെയറിയാം. അടുക്കടുക്കായുയര്‍ന്ന പാറക്കെട്ടുകളില്‍നിന്നു തട്ടിത്തെറിച്ചു താഴേയ്ക്കുവന്നിരുന്ന വെള്ളച്ചാട്ടത്തിന്റെ വേനലില്‍ വരണ്ട ഒഴുക്കുചാല്‍ കണ്ടാലറിയാം. കണ്ണീര്‍ വറ്റിയ കവിളുകളുണ്ടതിന്. വറ്റി വരളുംമുമ്പേ ഓരില്ലാതൊഴുകിയതിന്റെ ഓര്‍മ്മ പേറുന്ന ഒരു പുഴയറിയാം. ആട്ടവും പാട്ടുംകൊണ്ട് അല്ലലില്ലാതെ കഴിഞ്ഞൊരു മുന്‍കാലം ഞങ്ങളെപ്പോലെ അതിനുമുണ്ട്. കണ്ടും കേട്ടുമറിയുന്നത് ഉള്ളില്‍ കലമ്പിത്തെളിഞ്ഞാല്‍ ആട്ടവും പാട്ടും മൊഴിയുമായി പകര്‍ത്തുന്നതിനെ അറിവെന്നു പറയാനുമാവില്ലല്ലൊ.
വറുതിക്ക് ഇളവില്ലാതെ കടുവേനല്‍ക്കാലം കഴിഞ്ഞു. ഇടയ്ക്കിടെ മഴ പെയ്തു തുടങ്ങി. എന്തൊക്കെയായാലും പുറപ്പെടാതിരിക്കാനാവില്ല. ഇലകള്‍ ചേര്‍ത്തു തുന്നിയ ഉടയാടകള്‍ മാറ്റി പരുത്തികൊണ്ടു നെയ്ത അരപ്പടമുടുത്ത് തലയില്‍ ഒരു കെട്ടും കെട്ടി ഞങ്ങള്‍ പുറത്തിറങ്ങി. അവയാകെ പിഞ്ചിപ്പോയിരുന്നു. പെണ്ണുങ്ങള്‍ വളകളും കല്ലുമാലകളും കൂടിയണിഞ്ഞു. അവയ്ക്കും പഴക്കമേറെയുണ്ട്. ആട്ടത്തിനും പാട്ടിനുമുള്ള കോപ്പുകള്‍ പുറത്തെടുത്ത് തുടച്ചും തട്ടിനോക്കിയും ഒരുക്കിവയ്ക്കുന്ന തിരക്കിലാണു പലരും.
പകല്‍വെളിച്ചം മറച്ച് മാനത്ത് മഴക്കാറുകള്‍ ഉരുണ്ടു കൂടിയിട്ടുണ്ട്. വലിച്ചു മുറുക്കിയ മുഴവുകളും ആകുളിപ്പറകളും ഒന്നിച്ചു കൊട്ടിയതുപോലെ ഇടിമുഴക്കങ്ങള്‍. മിന്നല്‍പ്പിണരിന്റെ വെളിച്ചം ഇടയ്ക്കിടെ ഇലത്താളങ്ങളില്‍ വന്നുമുട്ടി. കൈകളിലും കവിളുകളിലും പിന്നെ കണ്ണുകളിലും തട്ടി അതു വീണ്ടും പലതായി ചിതറി. മയില്‍പ്പീലി പതിച്ച പേരിയാഴ്. ഉയര്‍ന്ന തുമ്പിക്കൈപോലെ കൊമ്പുകള്‍. മുളയുടെ കണ്ണികള്‍ ഇടവിട്ടു തുളച്ചെടുത്ത ചെറുതൂമ്പുകള്‍. പിന്നെ തീങ്കുഴലുകള്‍. വായ്ക്ക് ഉറപ്പുള്ള എല്ലരിപ്പറകള്‍. പതലപ്പറകള്‍. ഞരമ്പുകളയച്ചുവച്ച യാഴുകളും മറ്റു കരുവികളും പല കെട്ടുകളിലാക്കി കമ്പിനിരുപുറവും കെട്ടി ഞങ്ങള്‍ തോളിലെടുത്തു. ആട്ടത്തിനുവേണ്ട എല്ലരിയും ആകുളിയും തട്ടയും കുഴലും ഒരു പുറത്തും മുഴവും തൂമ്പും മറുപുറത്തുമായി മാറാപ്പുകള്‍ കെട്ടി കൂത്തരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പിലാവിലെ പെരുംപഴങ്ങള്‍ പോലെ തോളിനിരുപുറമായി കാവടികള്‍ കനപ്പെട്ടു തൂങ്ങി. നടത്തത്തിനൊപ്പം തോളിലെ കമ്പുകള്‍ വിറകൊണ്ടു. കെട്ടുകള്‍ക്കുള്ളില്‍ ഇടയ്ക്കിടെ കൂട്ടിമുട്ടിയ പറകളിലെ തോലുകള്‍ക്കുള്ളില്‍നിന്ന് കൊമ്പുകള്‍ തമ്മില്‍ കോര്‍ത്ത ചില മാടുകള്‍ മുരണ്ടു. കുഴലുകള്‍ക്കുള്ളിലെ ഒഴിഞ്ഞയിടങ്ങളില്‍ മരങ്ങളുടെ വിതുമ്പല്‍ കനത്തു.
മലമ്പാതയാണ്. കനത്ത മഴകളുടെ ചെറിയ ഇടവേളയെന്നേയുള്ളൂ. ആനമലയുടെ ഉയരങ്ങളില്‍നിന്നു വെള്ളത്തിന്റെ കുത്തൊഴുക്ക്. കലങ്ങി മറിഞ്ഞ വെള്ളം മലയുടെ വിടവുകളില്‍നിന്നു പുറത്തേക്കു ചീറ്റി. ചെന്നി പൊട്ടി നീരൊഴുകുന്ന ആനയെപ്പോലെ വന്‍മല തലകുലുക്കി നിന്നു. താഴേയ്ക്കു താഴേയ്ക്കു നീണ്ടു താഴ്‌വാരങ്ങളില്‍ തൂകിപ്പരന്ന കാട്ടുമരങ്ങളുടെ ഇരുള്‍പ്പച്ചയിലേക്ക് ഒഴുക്കുവെള്ളം മറഞ്ഞുപോയി. മലയുടെയും കാടുകളുടെയും കാവടികള്‍ക്കു മേലേ ഏഴു നിറമുള്ള വലിയൊരു കാവടി തെളിഞ്ഞു.
അണ്ണാ, ഇനിയും മഴ വരുന്നുണ്ട്.
അമ്മയുടെ കൈയില്‍ത്തൂങ്ങി ഇടറിനടന്ന എന്റെ ഇളയ മകള്‍ ചീര മാനത്തുനിന്നു കണ്ണെടുക്കാതെ ഉലകനോടു വിളിച്ചു പറഞ്ഞു. എനിക്കും നെല്ലക്കിളിക്കും കൂടി നാലു മക്കളാണ്. മൂത്ത മകന്‍ മയിലന്‍ ചെറുപ്പത്തിലേ നാടു വിട്ടു. അടുത്തതു ചിത്തിര. പിന്നെ ഉലകന്‍. ഇളയവള്‍ ചീര. ചിത്തിരയെക്കാള്‍ ചീരയ്ക്ക് അടുപ്പം ഉലകനോടാണ്. എപ്പോഴും ഇങ്ങനെയെന്തെങ്കിലും അവള്‍ ഉറക്കെ പറയുന്നതു കേള്‍ക്കാം. എന്നാലും മറ്റു കുട്ടികളുടെ കൈ കോര്‍ത്തു പിടിച്ച് വഴിയിലെ വഴുക്കലില്‍ കാലെറ്റിച്ചു നടന്ന ഉലകന്‍ ചീര പറഞ്ഞതു കേട്ടിട്ടുണ്ടാവില്ല. മുതിര്‍ന്നെങ്കിലും അവനു കുട്ടിത്തം മാറിയിട്ടില്ല. വഴക്കു പറയാന്‍ വളയ്ക്കുന്ന നാവ് ഞാന്‍ ഒച്ച പുറത്തെത്താതെ അടക്കി വയ്ക്കുകയാണു പതിവ്.
പേടിക്കാനൊന്നുമില്ല.
മാനത്തേക്കു നോക്കി ഞാന്‍ പറഞ്ഞു.
കുറച്ചുകൂടി നടന്നാല്‍ എയിനരുടെ കുടിലുകളായി.
മഴ ചാറിത്തുടങ്ങി. പൊതിക്കെട്ടുകള്‍ക്കുള്ളിലെ യാഴുകളുമായി മഴത്തുള്ളികള്‍ കിന്നരിക്കാന്‍ തുടങ്ങി. ഇലകളും ഉടുത്ത തുണികളുംകൊണ്ടു പൊതിഞ്ഞു ചേര്‍ത്തുപിടിച്ചെങ്കിലും അവയുടെ ഞരമ്പുകളെ ചാറ്റല്‍മഴയില്‍നിന്ന് ഒളിപ്പിക്കാനായില്ല. നനുത്ത മറകളിലെ പഴുതുകള്‍ തിരഞ്ഞ് മഴത്തുള്ളികള്‍ പൊതികള്‍ക്കു മേലേ ഒഴുകിനടന്നു.
ഈച്ചയിലകള്‍കൊണ്ടു തീര്‍ത്ത കുടിലുകള്‍ കാണായി. മുള്ളന്‍പന്നിയെപ്പോലെ ഉടല്‍ പൊതിഞ്ഞ് പിന്നിലേക്കു വാല്‍ നീട്ടിയ വീടുകള്‍. പെരുംപാണനു പിന്‍പേ ഞങ്ങളും ഞങ്ങളുടെ പാടിനികളും കൂത്തര്‍ക്കു പിന്‍പേ വിറലികളും കുടിലുകളിലേയ്ക്കോടി. മാന്തോലുകൊണ്ടുള്ള കിടക്കയില്‍ക്കിടന്ന് കുഞ്ഞിനു മുലകൊടുക്കുകയായിരുന്ന ഒരുവള്‍ പാട്ടുക്കൂട്ടത്തിന്റെ കലമ്പല്‍ കേട്ടു പുറത്തുവന്നു. മണ്ണില്‍നിന്നു പെറുക്കിയെടുത്ത പുല്ലരി ഒരുവളുടെ മടിയില്‍നിന്ന് ഊര്‍ന്നു നിലത്തു തൂവി. പൊടിച്ച പുല്ലരി അടുപ്പത്തിട്ടു വേവിച്ചിരുന്ന മറ്റൊരുവള്‍ ഒച്ചകേട്ടു വീടിന്റെ പിന്‍പുറത്തിറങ്ങിനിന്നു. ആഴമുള്ള കിണറ്റില്‍നിന്നു വെള്ളംകോരി വരികയായിരുന്ന വേറൊരുവള്‍ തന്റെ വീട്ടില്‍ നടക്കുന്നതെന്തെന്നറിയാതെ വഴിയില്‍ത്തന്നെ മഴ നനഞ്ഞു നിന്നു.
പാട്ടുപാടുന്ന പാണരും ആട്ടമാടുന്ന കൂത്തരുമാണു ഞങ്ങള്‍. മറുനാട്ടിലേക്കു പോകുംവഴിയാണ്.
പെരുംപാണന്‍ ആരോടെന്നില്ലാതെ ഉറക്കെ വിളിച്ചു പറഞ്ഞു. പെരുംപാണന്‍ നന്നായി പാടും. യാഴ് മീട്ടും. കേള്‍ക്കാനാളുണ്ടെങ്കില്‍ തൊണ്ടയില്‍നിന്നല്ല, ഉള്ളിടങ്ങളിലെവിടെനിന്നോ ആണ് ഒച്ച മുഴങ്ങുന്നതെന്നു തോന്നും. എന്നാല്‍ നനഞ്ഞുപോയ യാഴിന്റെ അടഞ്ഞ ഒച്ചയാണ് ഇപ്പോള്‍ പുറത്തുവന്നത്.
കുടിലുകളിലുള്ള പെണ്ണുങ്ങള്‍ ഓരോരുത്തരായി പുറത്തുവന്നു.
മഴ കനക്കുന്നുണ്ട്. ഇത്തിരിനേരം ഇളവേല്‍ക്കാന്‍ ഒരിടം കിട്ടിയാല്‍ നന്നായിരുന്നു.
പെണ്ണുങ്ങള്‍ അമ്പരന്നു നോക്കി. കുഞ്ഞുങ്ങളുടെ ഉടലുകളിലെ തെളിഞ്ഞ എല്ലുകളില്‍ അവരുടെ നോട്ടം തറഞ്ഞു.
ഉള്ളില്‍ വാ.
കുഞ്ഞുങ്ങള്‍ ഉള്ളിലേക്കു കടന്നു. കാലുകള്‍ പിണച്ചു നിലത്തിരുന്നു. ഇത്തിരി നേരത്തിനുള്ളില്‍ മുന്നില്‍ തേക്കിലകള്‍ നിരന്നു. അവരുടെ കണ്ണുകള്‍ തിളങ്ങി. നാവില്‍ ഉറവകള്‍ പൊട്ടി. കൈകള്‍ വിറച്ചു. ചോറും ഉണങ്ങിയ മീന്‍ ചുട്ടെടുത്തതും വിളമ്പിയത് ഞൊടിയിടയ്ക്കുള്ളില്‍ ഇലകളില്‍നിന്നു കാണാതായി. അവരുടെ അമ്മമാരുടെ അരുത് എന്ന വിലക്ക് ചുണ്ടിലേക്കെത്തുംമുമ്പേ അമര്‍ന്നു പോയി. എങ്കിലും അവരുടെ കണ്ണുകളിലെ മുനിവിന്റെ മുനകള്‍ കുഞ്ഞുങ്ങളുടെ നേര്‍ക്കു നീണ്ടു. കുഞ്ഞുങ്ങള്‍ അതു കണ്ടില്ലെന്നു നടിച്ചു. കുറച്ചു നേരത്തേക്കെങ്കിലും അവര്‍ക്ക് പാട്ടും കൂത്തുമൊക്കെ പൊരുളില്ലാത്ത ഒച്ചകളും ഉടലിളക്കങ്ങളുമായി. ഉള്ളുകൊണ്ട് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വേട്ടയാടി. ഇരകളെ പല്ലില്‍ കോര്‍ത്തെടുത്തു. അമ്മമാരുടെ കണ്‍മുനകളെ നേര്‍ക്കാതെ പുറംചുവരുകളില്‍ വളര്‍ന്നു നില്‍ക്കുന്ന പലതരം പുല്ലുകളിലേക്കും അകംചുവരിലുറപ്പിച്ച ആനക്കൊമ്പുകളിലേക്കും അവര്‍ നോട്ടം മാറ്റി.
പിന്നെ ഞങ്ങളുടെ ഊഴമായി. അരിയില്‍നിന്നു വാറ്റിയ ചാരായവും ചോറും വേവിച്ച ഉടുമ്പിറച്ചിയും ചുട്ടെടുത്ത പന്നിയിറച്ചിയുമായിരുന്നു ഊണിനുള്ള കോപ്പുകള്‍. അതുവരെ മുരളുകയായിരുന്ന കുടലുകള്‍ ഇരകളെ ഒന്നൊന്നായി ഏറ്റെടുത്ത് ഉള്‍നീരുകളിലെരിച്ചു. അതിന്റെ പുറംപകര്‍ച്ചകള്‍ കണ്ട് കുട്ടികള്‍ ചിരിച്ചു. ഉയിരു നിലനില്‍ക്കാനുള്ള ഒരേയൊരു മരുന്നെന്തെന്ന് ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞ ഞങ്ങള്‍ കുട്ടികളെ നോക്കാനാവാതെ ആ ചിരിയുടെ തള്ളലില്‍ പരുങ്ങി.
അപ്പോഴേക്കും വേട്ടയാടിക്കിട്ടിയ കാട്ടുമുയലുകളുമായി എയിനരിലെ ആണുങ്ങള്‍ കുടിലുകളിലേക്കു തിരിച്ചെത്തിത്തുടങ്ങിയിരുന്നു. വേട്ടപ്പട്ടികള്‍ അവരുടെ വരവറിയിച്ചു കുരച്ചുകൊണ്ടു കൂടെ നടന്നു. അവരുടെ തോളിലെ മുയലുകളുടെ നേര്‍ക്ക് അവ ഇടയ്ക്കിടെ കുതിച്ചുചാടി. എന്നാലും ഞങ്ങള്‍ പിടിച്ചെടുത്തതു ഞങ്ങള്‍ക്കു വേണമെന്ന വേട്ടപ്പട്ടികളുടെ ഊറ്റം വേട്ടക്കാര്‍ പൊറുത്തില്ല. കുടിലുകളിലെത്തിയപ്പോള്‍ പട്ടികളുടെ കുര വന്നുകയറിയവരുടെ നേര്‍ക്കായി. വന്നവരെപ്പറ്റി വീട്ടുകാരില്‍നിന്നറിഞ്ഞപ്പോള്‍ നായാട്ടുകാര്‍ അവയെ തടുത്തു തുടലില്‍ തളച്ചു. വില്ലുകളും അമ്പുറകളും ചുവരില്‍ തൂക്കി. കൈയിലുണ്ടായിരുന്ന ചാരായക്കലങ്ങള്‍ കട്ടിലിനടിയില്‍ മൂടിവച്ചു. മാടുകളെ കട്ടുകൊണ്ടു പോയി ചാന്റോര്‍ക്കു കൊടുത്തു പകരം വാങ്ങിയതാവണം അവ. അങ്ങനെ കേട്ടിട്ടുണ്ട്. അവര്‍ അന്നത്തെ ഇരകളെയും തീന്‍പണ്ടങ്ങളാക്കി.
ഇരുണ്ട പകല്‍ കഴിഞ്ഞു. ഇരുളിനും മേലേ ഇരുള്‍ കനത്തു. പിന്നെ മേലേനിന്നു ചുരന്ന മാമഴയൊന്നടങ്ങി. ഇരവില്‍ പോകാനാവില്ല എന്നറിയാമെങ്കിലും മാനമൊന്നു തെളിഞ്ഞു കണ്ടപ്പോള്‍ ഇറങ്ങുന്നതായി നടിച്ച ഞങ്ങളെ അവര്‍ കനിവോടെ തടുത്തു. മാന്‍കുളമ്പുകള്‍ പതിഞ്ഞിടത്തുണ്ടായ ചെറിയ വെള്ളക്കെട്ടുകളില്‍ നീര്‍കുടിക്കാന്‍ പന്നികളെത്തും. അവയെ വേട്ടയാടാന്‍ ഇരവിലും അവര്‍ക്കു പോകേണ്ടിയിരുന്നു. വിരുന്നുകാരായ ഞങ്ങള്‍ക്കുവേണ്ടി അവരതു വേണ്ടെന്നു വച്ചു. എയിനര്‍ കുടിലുകള്‍ക്കു മുന്നില്‍ തീകൂട്ടി. മുളങ്കോപ്പകളില്‍ തേനില്‍നിന്നു വാറ്റിയ കടുപ്പമുള്ള തേറല്‍ പതഞ്ഞു. മുള്ളന്‍പന്നിയുടെ ഇറച്ചിയും നെയ്ച്ചോറും അവര്‍ മുന്നില്‍ നിരത്തി. കൈയിലുള്ളതെല്ലാം അവര്‍ പങ്കിടുകയാണ്. ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. നിലയിടം തന്ന വേട്ടക്കാരുടെ കനിവിനു പകരം കൊടുക്കാന്‍ എന്തെങ്കിലും തിരഞ്ഞ് ഞങ്ങള്‍ പൊതിക്കെട്ടുകളഴിച്ചു.
പെരുംപാണന്‍ വിളിക്കുന്നതെന്തിനെന്ന് എനിക്കറിയാം. ഞാന്‍ ഇരുപത്തിയൊന്നു ഞരമ്പുകളുള്ള പേരിയാഴെടുത്ത് മുന്നില്‍ വച്ചു. പണി തീരാത്ത ഒരു പെണ്ണുടല്‍പോലെയുണ്ടത്. എന്നെങ്കിലുമൊരു പെണ്ണായിത്തീരുമെന്നോര്‍ത്ത് ഞാന്‍ പണ്ടേ അതിനെ മല്ലിക എന്നൊരു പെണ്‍പേരാണു വിളിക്കാറ്. ഒരു മയില്‍പ്പേടയുടെ അഴകോടെ മല്ലിക ഒരുങ്ങിയിരുന്നു. പിന്നെ മറ്റു യാഴുകളും പറകളും കെട്ടുകളഴിച്ചു നിരത്തി. യാഴുകളുടെ ചരടുകള്‍ മുറുകി. അവയില്‍നിന്ന് ചിലമ്പിച്ച ഒലികളുയര്‍ന്നു. അലകിനൊത്തു കേള്‍വികള്‍. അവയ്ക്കൊത്ത് പറകളില്‍നിന്നു കൊട്ടുകള്‍. ഞങ്ങളുടെ തൊണ്ടകളില്‍നിന്നു പാട്ടിന്റെ അലകള്‍ ഇടതൂര്‍ന്ന ഇരുള്‍മരങ്ങളില്‍ത്തട്ടി മുഴങ്ങി. നായാടികള്‍ അവരുടെ പറകളുമെടുത്തു. പറകളുടെ തോലിനെ വിറപ്പിച്ചു പുറത്തേക്കു കുതിച്ച ഒച്ചകള്‍ ഇലക്കൂട്ടങ്ങളുടെ നേര്‍ത്ത തടവുകള്‍ തുറന്ന് വെളിയിടങ്ങളില്‍ അലഞ്ഞുനടന്നു. മാനത്ത് അപ്പോഴേക്കും വെണ്‍പിറ തെളിഞ്ഞു. നെടുനിലാവുപോലെ വിരിഞ്ഞ മുല്ലപ്പൂമാല മാറിലണിഞ്ഞ് കാറ്റിലാടുന്ന ചെറുമരങ്ങള്‍പോലെ വിറലികള്‍ വിരികൂന്തലഴിച്ചാടി. ചിത്തിരയും ചീരയും പാടുന്നതിനൊപ്പം ആടുകയും ചെയ്യുന്നുണ്ടായിരുന്നു. കൂത്തരും അവര്‍ക്കൊപ്പം ചേര്‍ന്നു. കൂത്താട്ടത്തില്‍ ചന്തനെ മറികടക്കാന്‍ അയല്‍നാടുകളില്‍ പോലും ആളില്ലായിരുന്നല്ലൊ. ചന്തനും ചിത്തിരയും ചേര്‍ന്നു കൂത്താടുന്നതു കണ്ടപ്പോള്‍ പതിവുപോലെ ഒരാന്തല്‍. ഉള്ളില്‍ ഒരു മുള്ളു കൊണ്ടതുപോലെ. ചന്തന്‍ എനിക്കു വേണ്ടപ്പെട്ടവനാണ്. അവന്‍ ചിത്തിരയോട് അടുക്കാന്‍ നോക്കുന്നു എന്നു പലകുറി തോന്നിയിട്ടുണ്ട്. ഇപ്പോഴിതാ വെറിപൂണ്ട പാമ്പുകള്‍ പിണയലാടുംപോലെ അവര്‍ പലവകക്കൂത്തുകളാടുന്നു. അങ്ങനെയൊന്നുമാവില്ല. ഞാന്‍ വെറുതേ ഓരോന്ന് ഓര്‍ത്തുകൂട്ടുന്നതാവും. ചിത്തിരയെയും ചന്തനെയും എനിക്കറിയാം. കൂത്തില്‍ മതിമറന്നതാവും ഇപ്പോള്‍. നീണ്ടുപോയ കൂത്താട്ടത്തിനിടയില്‍ത്തന്നെ പലരും കുടിലുകളുടെ മുന്നിലെ പെരുനിലത്തു തളര്‍ന്നുറങ്ങിത്തുടങ്ങി.
ഞാന്‍ ഒരിലവുമരത്തില്‍ ചാരിയിരുന്നു. ഒപ്പം കൂടുന്നു എന്നു വരുത്തി ആട്ടത്തില്‍നിന്നും പാട്ടില്‍നിന്നും പിന്‍വാങ്ങി ഒതുങ്ങിയിരിക്കാനേ തോന്നിയുള്ളൂ. അതുവരെ ഉറക്കെ പാടിയാടിയിരുന്ന ചീര ഉലകന്റെയടുത്തുതന്നെ തളര്‍ന്നുറങ്ങുന്നു. ചിത്തിര അവര്‍ക്കരികില്‍ത്തന്നെയുണ്ട്. ചന്തന്‍ മറ്റൊരിടത്താണെന്നു കണ്ടപ്പോള്‍ ഉള്ളു തണുത്തു. ഉറങ്ങുന്ന ഓരോരുത്തരെയും നോക്കി ഞാനിരുന്നു. പെണ്‍കുട്ടികളുടെ മുടിയില്‍ ചൂടിയിരുന്ന പൂക്കള്‍ ചിതറിപ്പരന്നു കിടക്കുന്നു. അവയുടെ വാടിയ മണവും മങ്ങിത്തുടങ്ങിയ നിലാവും നിലത്തുറങ്ങുന്നവരും ചേര്‍ന്ന് എന്നെയും മയക്കത്തിലെത്തിച്ചു.
ഉറങ്ങിയോ?
ഞാന്‍ കണ്ണു തുറന്നു നോക്കി. വേലനാണ്. ഞങ്ങള്‍ക്കു വിളമ്പിത്തരാന്‍ ചൊടിയോടെ നിന്ന എയിനരിലൊരുവന്‍. ഇരവില്‍ വിരിയുന്ന പൂവു പോലെ അവന്‍ ഒച്ചയില്ലാതെ ചിരിച്ചു.
ഉറങ്ങിയില്ല. വെറുതേ ഇങ്ങനെ ചാരിയിരിക്കാന്‍ തോന്നി.
എന്താ ആട്ടത്തിലും പാട്ടിലുമൊന്നും കൂടാത്തത്?
ഒരു വഴി പോവുകയല്ലേ? തിരയുന്നതു കണ്ടെത്താനുള്ള തിടുക്കം.
വറുതി മാറ്റുവാനുള്ള വഴി തിരഞ്ഞു പോവുന്നെന്നല്ലേയുള്ളൂ? ഇടയ്ക്കുള്ള ഒഴിവുവേളകളിലും ഇങ്ങനെ അഴലുകൊള്ളുന്നതെന്തിന്?
വറുതി തന്നെയല്ല തോഴരേ. എന്റെ മകനെ തിരഞ്ഞുള്ള പോക്കുകൂടിയാണിത്. ചെറുപ്പത്തിലേ നാടുവിട്ടതാണവന്‍. പണ്ടുമുതലേ വറുതിയല്ലാതെ ഞങ്ങള്‍ക്കു മറ്റൊരു നീക്കിയിരുപ്പില്ല. പട്ടിണി മടുത്തപ്പോള്‍ മറവക്കൂട്ടത്തില്‍ ചേര്‍ന്ന് പോരടിച്ചോ കൊള്ളയടിച്ചോ അതിനൊരറുതി കാണണമെന്ന് അവന്‍ ഇടയ്ക്കിടെ പറഞ്ഞിരുന്നു. ഒരിക്കല്‍ ആരോടും പറയാതെ അവന്‍ നാടുവിട്ടു.
അതെയോ? അവനെ എവിടെയാണു തിരയുക? എവിടെയുണ്ടെന്ന് എന്തെങ്കിലും അറിവു കിട്ടിയോ?
നന്നനെന്ന മന്നന്റെ നാട്ടിലുണ്ടെന്ന് നാടുചുറ്റി വന്ന പാണക്കൂട്ടത്തിലൊരുവന്‍ പറഞ്ഞിരുന്നു. അതറിഞ്ഞിട്ടുതന്നെ കൊല്ലങ്ങളായി. എന്റെ മകള്‍ ചിത്തിര അന്നു മുതിര്‍ന്നിട്ടില്ല. ഉലകനും ചീരയും പിറന്നിട്ടില്ല. അവനെ കണ്ടെത്തണം. ഒപ്പം ഏതെങ്കിലും അരചനെക്കണ്ട് വറുതി മാറാനുള്ള വഴിയും കാണണം.
ഇതുവരെ എന്താ അവനെ തിരയാത്തത്?
പലതവണ ഓര്‍ത്തതാണ്. പിന്നെ വേണ്ടെന്നുവച്ചു. ഏതു തരത്തിലായാലും ഞങ്ങളുടെ വറുതിയില്‍നിന്ന് അവനെങ്കിലും കരകയറാനാകുമെങ്കില്‍ ഞങ്ങളായിട്ടു തടയണ്ടല്ലൊ.
വേലന്റെ കൈ എന്റെ തോളില്‍ച്ചേര്‍ന്നു.
തോഴരേ, നിനച്ചതെല്ലാം നടക്കും. ഇപ്പോള്‍ ഉറങ്ങൂ.
ഉറങ്ങാനാവാതെ ചാരിയിരുന്നതാണ്. എങ്കിലും തളര്‍ന്ന കണ്ണുകള്‍ ഇടയ്ക്ക് അടഞ്ഞടഞ്ഞു പോയി.
** ***** ******* ****** ******
കൊലുമ്പന്‍, ചിത്തിര, മയിലന്‍ എന്നിങ്ങനെ മൂന്നുപേര്‍ കഥ പറയുന്ന മട്ടിലാണ് നോവലിന്റെ ഘടന.
ക്രിസ്തുവര്‍ഷം ആദ്യശതകങ്ങളില്‍ കേരളം കൂടിയുള്‍പ്പെട്ട പഴയ തമിഴകമാണ് പശ്ചാത്തലം.
പഴന്തമിഴ് സാഹിത്യത്തിലുള്ള അക്ഷരങ്ങളേ നോവലില്‍ ഉപയോഗിച്ചിട്ടുള്ളൂ. സംസ്കൃതത്തില്‍നിന്നു മലയാളത്തിലേക്കുവന്ന ഋ, ഖ, ഗ, ഘ, ഛ, ജ, ഝ, ഠ, ഡ, ഢ, ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ എന്നീ അക്ഷരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നു.