നോവല്‍ത്തിണയുടെ കാവല്‍മരം
പഠനം/ പി.രാമന്
നോവല്‍ത്തിണയുടെ കാവല്‍മരം (ഭാഗം -1)
എന്റെ സ്വപ്നത്തിലെ ഒരാഖ്യാനം ഇതാ മനോജ് കുറൂര്‍ എഴുതിപ്പൂര്ത്തിയാക്കിയിരിക്കുന്നു.
ഭാഷ, നാട്, മനസ്സ്- ഈ മൂന്നനുഭവങ്ങളും ഉരുക്കിച്ചേര്ത്തുണ്ടായതാണീ ആഖ്യാനം. ഇങ്ങനെയൊരു ത്രിവേണീസംഗമം മലയാളനോവലില്‍ ഞാന്‍ മുമ്പ് ഏറെ പരിചയിച്ചിട്ടില്ല. തീര്‍ച്ചയായും സി. വി. രാമന് പിള്ളയില്‍ അതുണ്ട്. വിജയന്റെ ഖസാക്കിലുണ്ട്. പിന്നെ? ഒരുപക്ഷേ ബഷീറിനെയും കോവിലനെയും കൂടി ഈ ഗണത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞേക്കും. ഇവരുടെ കൃതികള്‍ നിത്യവിസ്മയങ്ങളായതിനു കാരണം ഈ വിശുദ്ധത്രയത്തിന്റെ സാന്നിദ്ധ്യംതന്നെ. അടിസ്ഥാനപരമായി ഭാഷാനുഭവമായിരിക്കുക എന്നതാണ് ഇവരുടെ ആഖ്യാനത്തിന്റെ അപൂര്‍വത. കഥാഗതിയുടെ കുത്തൊഴുക്കില്‍ ഈ കരുതല്‍ ആദ്യന്തം സൂക്ഷിക്കുക ഒരു നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. കഥ പറയാനുള്ള മാധ്യമം എന്ന നിലയ്ക്കേ മിക്കവാറും ഭാഷ അപ്പോള്‍ അനുഭൂതമാകയുള്ളു. എന്നാല്‍ ഭാഷതന്നെ ആഖ്യാനത്തിന്റെ കേന്ദ്രമാകുന്നു എന്നതും അതിനകത്തുതന്നെ നാടും മനസ്സും കുടിയിരിക്കുന്നു എന്നതുമാണ് സി. വി. യെപ്പോലുള്ളവരുടെ ആഖ്യാനത്തിന്റെ ഒരു പ്രത്യേകത. ഭാഷാനുഭവത്തിനു കിട്ടുന്ന പ്രാമുഖ്യം ഇവരുടെ ആഖ്യാനത്തെ കവിതയോട് അടുപ്പിക്കുകയും ചെയ്യുന്നു.
ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം ഇവ്വിധമൊരു ഉജ്വല ആവിഷ്കാരമായിരിക്കുന്നു നിലം പൂത്തു മലര്‍ന്ന നാള്. മലയാളിയുടെ സംസ്കാരത്തിന്റെ ആഴങ്ങളിലേക്കു വേരിറങ്ങിയതാണ് ഈ നോവലിലെ ഭാഷാനുഭവം. പ്രാചീന തമിഴകത്തിന്റെ ജനജീവിതഗാഥകള് മലയാളിയുടെകൂടി പാരമ്പര്യത്തിന്റെ ഭാഗമാണ് എന്നു നാം പറയാറുണ്ടെങ്കിലും പണ്ഡിതലോകം അതു ശരിവെച്ചുകൊണ്ടുതന്നെ അവഗണിച്ചു മുന്നോട്ടു പോകുന്നതാണു കണ്ടിട്ടുള്ളത്. ആ പാരമ്പര്യത്തിന്റെ അനശ്വരമുദ്രകള്‍ നമ്മുടെ സാഹിത്യസങ്കല്പങ്ങളില് പതിപ്പിച്ചു നിലനിര്‍ത്താനും കാലങ്ങളിലേക്കു പകരാനും മലയാളി തയ്യാറാകാതിരുന്നതാണ് ആ അവഗണനയ്ക്കു കാരണം. സംസ്കാരത്തിന്റെ പിന്നാമ്പുറത്ത് ഉണ്ടെന്നു തോന്നുമാറുള്ള ഒരില്ലായ്മയായി ആ തമിഴകനാട്ടുജീവിതം നമ്മില്‍ അവശേഷിച്ചിരിക്കുന്നു. ഉണ്ട്, അതുണ്ട്, അതിവിടെത്തന്നെ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വര്‍ത്തമാനകാല മലയാളത്തില്‍ത്തന്നെ അതു സാന്നിദ്ധ്യപ്പെടുന്നുണ്ട് എന്ന പ്രത്യക്ഷപ്പെടലാണ് മനോജിന്റെ നോവല്‍. നാടിന്റെ പാരമ്പര്യം ഭാഷയിലൂടെ വീണ്ടെടുക്കുക മഹത്തായ കൃതികളുടെ സാംസ്കാരികദൌത്യമാണ്. നിലം പൂത്തു മലര്‍ന്ന നാള് ആ ദൌത്യം നിറവേറ്റിയിരിക്കുന്നു.
മലയാളത്തിലെ ഴ എന്ന അക്ഷരത്തിന്റെ അപൂര്‍വതയെപ്പറ്റി ഭാഷാശാസ്ത്രജ്ഞന്മാര് പറയാറുണ്ട്. ദ്രാവിഡഭാഷകളില്‍ മാത്രമേ ആ അക്ഷരം ഉള്ളത്രെ. ദ്രാവിഡഭാഷകളില്ത്തന്നെ മലയാളവും തമിഴുമൊഴികെ മറ്റു ഭാഷകള്‍ അതിനെ കൈവിട്ടു. ഇന്ന് തമിഴും അതിനെ ളകാരമാക്കി ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ മലയാളത്തില്‍ മാത്രം ഴ അനങ്ങിയില്ല. ടി. പി. രാജീവന്റെ കവിതയില്‍ പറഞ്ഞപോലെ ‘മഴ നനഞ്ഞ് പുഴ കടന്ന് ചാടിക്കെട്ടി ചവിട്ടിയമര്ന്ന് മേല്‍മലനായാട്ടിനു പോയ മുതുമുത്തശ്ശനായിരുന്നു’ അത്. മലയാളിയുടെ മനസ്സിലെ ദ്രാവിഡജീവിതത്തെ നമ്മുടെ ഴകാരത്തെപ്പോലെ മൂര്‍ത്തവും സ്ഫുടവുമായി ഉച്ചരിക്കുകയാണ് ഈ നോവല്‍.
മലയാളത്തിന്റെ ദ്രാവിഡവേരുകള്‍ ചികഞ്ഞുപോയ ചില എഴുത്തുകാര്‍ മുമ്പും നമുക്കുണ്ട്. ഭാഷയുടെ ദ്രാവിഡത്തനിമയില്‍ വെളിച്ചം വീഴ്ത്തുന്ന ചില ഭാഗങ്ങളെങ്കിലും അപ്പന് തമ്പുരാന്റെ ഭൂതരായരിലുണ്ട്. കാവ്യകലയിലാണ് ഈ വഴിക്കുള്ള പരിശ്രമങ്ങള്‍ ഏറെ നടന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുണ്ടൂര്‍ നാരായണമേനോനും മറ്റും പച്ചമലയാളവാക്കുകള്‍ മാത്രമുപയോഗിച്ച് കവിതകളെഴുതിയെങ്കിലും ഒരു പ്രസ്ഥാനമെന്ന നിലയില്‍ അതു പച്ചപിടിക്കാതെപോയി. മലയാളത്തിന്റെ ദ്രാവിഡപ്പഴമയെ തോറ്റിയുണര്‍ത്തി എം. ഗോവിന്ദന്. ഈ വിശാലതമിഴകസംസ്കാരത്തിന്റെ ഭാഗമായി മലയാളത്തെ കാണുന്ന സവിശേഷരീതി 1980 കള്‍ക്കു ശേഷം ആറ്റൂരിന്റെ കവിതയില്‍ പ്രകടമായി.
ഈ ചുവടുവയ്പുകളെ ധീരശ്രമങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കുമ്പോള്‍ത്തന്നെയും എന്തോ അസ്വാഭാവികതയുടെ കല്ലുകടി വായനയില്‍ അനുഭവപ്പെടാറുണ്ട്. ബുദ്ധികൊണ്ട് പടുത്തുണ്ടാക്കുന്നതിന്റെ വിയര്‍പ്പ് ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഘത്തമിഴും സംഘകാലസംസ്കാരവും മലയാളിയുടെ പൈതൃകസ്വത്താണെന്ന് പ്രമേയത്തിലൂടെയും ഭാഷയിലൂടെയും വിചാരത്തിലൂടെയും വികാരത്തിലൂടെയും ബോധ്യപ്പെടുത്തുകയാണ് മനോജ് കുറൂര്‍. സംഘകാലജീവിതം ആവിഷ്കരിക്കുന്ന ഈ നോവലിന്റെ ഭാഷയില്‍, മുമ്പാരും ധൈര്യപ്പെട്ടിട്ടില്ലാത്ത ഒരു പരീക്ഷണം ചെയ്തു വിജയിപ്പിച്ചിരിക്കുന്നു. സംസ്കൃത അക്ഷരങ്ങളെല്ലാം ഒഴിവാക്കി, ദ്രാവിഡ അക്ഷരങ്ങളടങ്ങുന്ന വാക്കുകള്‍ മാത്രമെടുത്ത് ഇരുനൂറോളം പേജു വരുന്ന ഒരു നോവലെഴുതുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതും നോവലെന്ന മാധ്യമത്തില്‍ മുമ്പു പണിയെടുത്തിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം. എഴുതിയാല്‍ത്തന്നെ, ഭാഷയുടെ കൃത്രിമത്വം അതിനെ പാരായണക്ഷമമല്ലാത്ത ഒന്നാക്കി മാറ്റാനുള്ള സാധ്യത കൂടുതലുമാണ്. എന്നാല്‍ ഈ നോവലിന്റെ പാരായണക്ഷമതയ്ക്ക് ഒരിടത്തുപോലും ഊനം തട്ടുന്നില്ല. കഥാഗതിക്കു ചേര്‍ന്ന വിധം തീര്‍ത്തും സ്വാഭാവികമായിരിക്കുന്നു ഭാഷ. കഥാഗതി ഉദ്വേഗജനകമായ പാരമ്യത്തില്‍ എത്തുമ്പോള്‍ ഭാഷയും മുറുകി മുറുകി വരുന്നു. കൊലുമ്പന്റെ എഴുത്തിലെ കാല്പനികഭംഗിയുള്ള മൊഴി മയിലന്റെ എഴുത്തിലെത്തുമ്പോള് പരുക്കനും വന്യവുമായി മാറുന്നു. വായനയുടെ വേഗം ക്രമത്തില്‍ കൂട്ടിക്കൂട്ടിക്കൊണ്ടുവരാന് ഈ മൊഴിപ്പകര്‍ച്ച സഹായി ക്കുന്നു.
അതിഖരമൃദുഘോഷങ്ങളോ ശ, ഷ, സ, ഹ എന്നിവയോ ഇല്ലാത്ത വാക്കുകളേ ഇതിലുള്ളു. നമ്മുടെ പാട്ടുപ്രസ്ഥാനത്തില്‍ പറഞ്ഞ മാതിരി ദ്രമിഡസംഘാതാക്ഷരനിബദ്ധം. പില്ക്കാലത്ത് അത്രമേല്‍ സംസ്കൃതീകരിക്കപ്പെട്ട നമ്മുടെ മലയാളം ഇവ്വിധമൊരു പരീക്ഷണത്തിനു വഴങ്ങുമോ എന്നു സംശയമുണ്ടാകാം. എന്നാല്‍ ഇങ്ങനെയൊരു പരീക്ഷണത്തിലൂടെ നോവലിനെ കടത്തിവിട്ട കാര്യം വായിച്ചവസാനിക്കുന്നതു വരെയും നമ്മുടെ ശ്രദ്ധയില്‍ പതിയുകപോലും ചെയ്യാത്തത്ര സ്വാഭാവികമായിരിക്കുന്നു നോവലിന്റെ രചന. മറിച്ച്, വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതു തരത്തിലാണ് ഭാഷ ഇവിടെ നമുക്കനുഭൂതമാകുന്നത്? ആഖ്യാനത്തിന്റെ പ്രവാഹംതന്നെ, മൊഴി. മനവും നിലവും കാലവും ആ പ്രവാഹത്തില്‍നിന്ന് ഉരുത്തിരിഞ്ഞു വരുന്നു. മലയാളത്തിന്റെ സമ്പത്തായ, ഇന്നും പ്രവര്‍ത്തനക്ഷമമായ വലിയൊരു പദശേഖരവുമായി ഈ നോവല്‍ സംസ്കൃതിയുടെ ആഴത്തില്‍നിന്ന് ഉയര്‍ന്നുവരുന്നു.
ആഖ്യാനത്തില്‍ പ്രത്യേകം കണ്ണുവെച്ചു പോന്ന കവിയാണ് മനോജ്. ഭാവകാവ്യങ്ങളോടല്ല, ആഖ്യാനകാവ്യങ്ങളോടാണ് തുടക്കം മുതലേ പ്രതിപത്തി. മനോജ് ആദ്യം എഴുതി പ്രസിദ്ധീകരിച്ച കൃതി ഒരാട്ടക്കഥയാണെന്നത് ശ്രദ്ധേയം. വലിയ കഥാശില്പങ്ങള് കൊത്തിയുണ്ടാക്കാനാണ് കവിതയില്‍ മനോജ് പരിശ്രമിച്ചത്. ആഖ്യാനത്തോടുള്ള ഈ കവിയുടെ സാഹസികമായ പ്രണയത്തിന്റെ സാക്ഷ്യങ്ങളാണ് കോമ, സുഡോക്കു തുടങ്ങിയ കൃതികള്‍. കവിതയില്‍ നടത്തിപ്പോന്ന ആഖ്യാനപരവും ഭാഷാപരവുമായ പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ഈ ആദ്യനോവലും. മാധ്യമം പുതുതായിട്ടും പതര്‍ച്ച വരാതെ കാത്തത് കവിതയിലെ മുന്നനുഭവങ്ങളായിരിക്കാം. കവിതയെ, പഴന്തമിഴ് സാഹിത്യത്തെ, ഉപജീവിച്ചുള്ള ആഖ്യാനം കൂടിയാണല്ലൊ ഇത്.
പഴന്തമിഴ് സാഹിത്യത്തിന് തീര്‍ത്തും അക്കാദമികമെന്നു വിളിക്കാവുന്ന കുറച്ചു പരിഭാഷകള്‍ മലയാളത്തിലുണ്ട്. അകനാനൂറിനും പുറനാനൂറിനും നെന്മാറ പി. വിശ്വനാഥന് നായര്‍ തയ്യാറാക്കിയ സവ്യാഖ്യാനപരിഭാഷയാണ് ഇതില്‍ പ്രധാനം. പുറനാനൂറിന് വി. ആര്. പരമേശ്വരന് പിള്ളയുടെ വിവര്‍ത്തനവുമുണ്ട്. ജി. വിശ്വനാഥയ്യര് പതിറ്റുപ്പത്ത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നെന്മാറ വിശ്വനാഥന് നായരുടെ സവ്യാഖ്യാനപരിഭാഷയും എസ്. രമേശന് നായരുടെ പദ്യപരിഭാഷയും ചിലപ്പതികാരത്തിനുണ്ട്. സംഘകാലാനന്തരകൃതികളായ കലിത്തുംഗപ്പരണിയും തിരുക്കുറളും മലയാളത്തിലെത്തിയിട്ടുണ്ട്. അക്കാദമിക താല്പര്യങ്ങളിലൂന്നാതെ മേലങ്ങത്തു നാരായണന്‍കുട്ടിയും കെ. എന്‍. എഴുത്തച്ഛനും എന്‍. വി. കൃഷ്ണവാരിയരും പഴന്തമിഴ് കവിതകള്‍ പദ്യത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് ജയമോഹന് പുതുഭാവുകത്വത്തിന് ഇണങ്ങുംവിധം ആ കവിതകളില്‍ ചിലത് മൊഴിമാറ്റിയിട്ടുണ്ട്. ഈ വിവര്‍ത്തനങ്ങളിലൂടെയും ഇളംകുളം തൊട്ട് രാജന് ഗുരുക്കളും രാഘവവാരിയരും വരെയുള്ള ചരിത്രകാരന്മാരുടെ കേരളചരിത്രപരമായ ഗ്രന്ഥങ്ങളിലൂടെയുമാണ് മലയാളിമനസ്സില്‍ സംഘകാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഒരു പരിധി വരെ അക്കാദമിക് ആണ് ഈ അവബോധം. അക്കാലത്തെ രാഷ്ട്രീയവും ഭരണപരവുമായ അധികാരത്തിന്റെ ചരിത്രവും ജനജീവിതസംസ്കാരത്തിന്റെ ചരിത്രവും ചരിത്രകാരന്മാര് ഒരുപോലെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഇതിനൊക്കെപ്പുറമേ, സംഘം കൃതികളിലടങ്ങിയ തിണസങ്കല്പം ഒരു സൌന്ദര്യശാസ്ത്രപദ്ധതി എന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്.
ഇത്തരം അക്കാദമിക അവബോധങ്ങളെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ടുതന്നെ ഒരെഴുത്തുകാരനു മാത്രം സാധ്യമായ വിധത്തില്‍ കാലത്തിന്റെയും സ്ഥലത്തിന്റെയും എക്കാലത്തെ മനുഷ്യന്റെയും വൈകാരികരേഖയായി സംഘകാലചരിത്രത്തെ മാറ്റിപ്പണിതിരിക്കയാണീ നോവലില്‍. സംഘം കൃതികളില്‍ നല്‍കിയിട്ടുള്ള വിശദാംശങ്ങള്‍ നല്ലപോലെ ഉപയോഗിച്ചാണ് ഇതു സാധിച്ചിട്ടുള്ളത്. സംഘം കൃതികളില്‍ ആവിഷ്കൃതമായ ജൈവപ്രകൃതിയില്നിന്ന് കഥാപാത്രങ്ങള്‍, മനുഷ്യപ്രകൃതി, രൂപംകൊണ്ടു വരികയാണ്. സംഘം കൃതികളില്‍നിന്നു നമുക്കറിയാവുന്നത് രാജാക്കന്മാരുടെയും കവികളുടെയും പേരുവിവരങ്ങളാണ്. മറ്റു മനുഷ്യര്‍ക്കൊന്നും വികാരഭരിതമായ മനസ്സല്ലാതെ പേരോ വ്യക്തിത്വത്തെക്കുറിക്കുന്ന വിശദാംശങ്ങളോ ഇല്ല. പേരില്ലാത്ത സാധാരണ മനുഷ്യന്റെ മനസ്സിലെ ഭാവസഞ്ചാരങ്ങള്‍ പ്രകൃതിയിലും പ്രാപഞ്ചികാനുഭവങ്ങളിലും നിഴലിക്കുകയും ലയിച്ചുചേരുകയും ചെയ്യുന്നത് സംഘം കൃതികളില്‍ കാണാം. ഭാവത്തില്‍നിന്ന് രൂപത്തെ വികസിപ്പിച്ചെടുക്കുന്നതിണ്റ്റെ കലയാണ് നോവലില്‍ നിര്‍വഹിച്ചിട്ടുള്ളത്.
തിരുവിതാംകൂര്‍ ചരിത്രത്തില്‍നിന്ന് കാളി ഉടയാന്‍ ചന്ത്രക്കാരനെയും ഹരിപഞ്ചാനനന്മാരെയും മറ്റും സൃഷ്ടിച്ച സി. വി. യുടെ ആഖ്യാനരീതിയെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ചരിത്രം മൂകരാക്കിയവര് കവികളുടെ മധ്യസ്ഥത വെടിഞ്ഞ് നേരിട്ടു സംസാരിക്കുകയാണ്. കൊലുമ്പനും മയിലനും മകീരനും ചിത്തിരയും ചീരയും ചന്തനുമൊക്കെ പേരറ്റ് ഒരായിരം ശകലങ്ങളായി ചിതറിക്കിടക്കുന്നുണ്ട് കവികളുടെ മധ്യസ്ഥമൊഴികളില്. കവികളെ തള്ളിപ്പറയുന്നത്, ഒരര്‍ത്ഥത്തില്‍ ലിഖിതചരിത്രത്തെ തള്ളിപ്പറയല്‍ തന്നെ. കപിലരെയും പരണരെയും ഔവൈയാറെയും പോലുള്ള മഹാകവികള്‍ തങ്ങളുടെ കവിതകളില്‍നിന്ന് എഴുന്നുവന്ന ചെറിയ മനുഷ്യര്‍ക്കു മുന്നില്‍ നിസ്സഹായരായി മങ്ങിപ്പോകുന്നത് നോവലില്‍ കാണാം. സാധാരണ മനുഷ്യരെ മൂകകോടിയില് തള്ളിയ ചരിത്രസാഹചര്യത്തിന്റെ കരുക്കളായിരുന്നു കവികള്‍ എന്നൊരു സൂചനയും നോവലിലുണ്ട്. കവികളുടെ വാക്കിലൂടെയുള്ള ജീവിതം ഇനി വേണ്ട. ചരിത്രനോവലായിരുന്നിട്ടും പ്രകൃതിയുടെയും ജീവിതത്തിന്റെയും അഴകു മുഴുവന്‍ വാറ്റിയെടുത്തിട്ടും ഗൃഹാതുരതയുടെ അടിയൊഴുക്ക് നോവലിലില്ലാത്തതിനു കാരണമിതാണ്. കവികളെ മറികടന്നുവന്ന മനുഷ്യര്‍ക്ക് ചിലതു പറയാനുണ്ട്. അങ്ങനെ മണ്ണും മനസ്സും പൂത്തു മലരുന്നത് യാതൊരു ഗൃഹാതുരതയുമില്ലാതെ നോവല്‍ ആവിഷ്കരിക്കുന്നു. കഥാപാത്രങ്ങളുടെ വൈകാരികജീവിതത്തിലൂടെ നാടിന്റെ ഉള്‍മനസ്സ് തേടിയുള്ള യാത്രയായി ആഖ്യാനം മാറുന്നു. സി. വി. ക്കു ശേഷം അധികം വികസിക്കാതെപോയ ചരിത്രനോവല്‍ പാരമ്പര്യത്തെ ആധുനികാനന്തര രാഷ്ട്രീയപരിസരത്തിലേക്ക് ഇണക്കിയെടുക്കുകയാണ് ഈ നോവല്‍.
കഥാപാത്രങ്ങള്‍ തങ്ങളെ സൃഷ്ടിച്ച എഴുത്തുകാരോട് മധുരമായി പകരം വീട്ടുന്നു. അതിനു തക്കവണ്ണം പതറാത്ത മനോവീര്യമുള്ളവരാണ് മിക്ക കഥാപാത്രങ്ങളും. നോവലിസ്റ്റിനെന്നതുപോലെ അവര്‍ക്കുമില്ല ഗൃഹാതുരതയുടെ പിന്‍വിളി. വിട്ടുപോന്നിടത്തേക്ക് തിരിഞ്ഞുനോക്കാത്ത യാത്രകളിലാണവര്. പാണരും കൂത്തരുമടങ്ങുന്ന ഒരു കൂട്ടം ഉപജീവനത്തിനായി നടത്തുന്ന നീണ്ട യാത്രയാണ് ആഖ്യാനത്തിന്റെ മുഖ്യ ഇഴ. ആ യാത്രയില്‍നിന്ന് മയിലനെപ്പോലെ ചിലര്‍ വഴിതിരിഞ്ഞ് അധികാരത്തിന്റെയും രാഷ്ട്രതന്ത്രജ്ഞതയുടെയും അപരമാര്ഗങ്ങളിലേക്കു നീങ്ങുന്നു. സ്ഥലവും കാലവുമാണ് ഈ മനുഷ്യരുടെയും ഈ നോവലിന്റെയും രണ്ട് ഇന്ധനങ്ങള്‍. കടലിനും മലയ്ക്കുമിടയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ സ്ഥലബോധത്തിന്റെ ഇടുക്കത്തെ ചരിത്രസ്ഥലിയുടെ വിശാലതയിലേക്ക് വിമോചിപ്പിക്കുന്നു ഈ ആഖ്യാനം. ഗോത്രജീവിതത്തിന്റെ നാടോടിത്തത്തിലേക്ക് കഥനാംശവും വൈകാരികതയും കലര്‍ത്തുകയാണ്. ചെറുപ്പത്തിലേ നാടുവിട്ട മകനെ തിരയുക എന്ന ലക്ഷ്യം കൂടി കൊലുമ്പന്റെയും കൂട്ടരുടെയും യാത്രയ്ക്കുണ്ട്. യാത്രയ്ക്കിടയില്‍ അവര്‍ പിന്നിടുന്ന നാടുകളുടെയും ഭൂപ്രകൃതിയുടെയും ഐന്ദ്രിയസമ്പന്നതയിലൂടെയാണ് നോവലിലെ സ്ഥലബോധം വികസിക്കുന്നത്. കുറിഞ്ഞി, മുല്ല, മരുതം, പാല, നെയ്തല്‍ തിണകളിലെ ജൈവവൈവിധ്യവും ജീവിതവ്യാപാരവൈവിധ്യവും കണ്ടുമുട്ടുന്ന മനുഷ്യപ്രകൃതികളിലെ വൈവിധ്യവും ചേര്‍ന്നുണ്ടാകുന്നതാണ് നിലം പൂത്തു മലര്‍ന്ന പ്രതീതി. പഴന്തമിഴ് കവിതകളിലെ വര്ണനാവൈശദ്യത്തെയാണ് നോവല്‍ പിന്തുടരുന്നത്. ആ തുടര്‍ച്ച ഒന്നു സൂചിപ്പിക്കാന്‍ വേണ്ടി കപിലരുടെ ഒരു കവിത ഇവിടെ ഉദ്ധരിക്കാം.
നാക്കിലവാഴപ്പെരുങ്കുലപ്പഴങ്ങളും
തീറ്റക്കാരെ തടഞ്ഞുനിര്‍ത്തും പെരുമ്പിലാച്ചുളകളും
കൊഴിഞ്ഞുവീണു വിളഞ്ഞ പാറക്കുളത്തിലെ തേറല്ക്കള്ള്
അറിയാതെ കുടിച്ച കുരങ്ങന്
അയലത്തെ മുളകുകൊടി വളര്‍ന്ന
ചന്ദനമരത്തിലേറാന് പറ്റാതെ
നറുമണം പൊഴിയുമടുക്കില് വീണു
കണ്മയങ്ങുംവണ്ണം
മുന്നേ നിനയ്ക്കാത്ത സുഖം
നിന്റെ മലയിലെ ജീവികള്‍ക്കെല്ലാം
അരുളുന്ന നാടുള്ളവനേ,
മുന്നേ നിനച്ച സുഖം ഏതാണ്
നിനക്കു നേടാന്‍ പ്രയാസം?
ഭംഗിയുള്ള മുളപോലത്തെ തോളുള്ള ഇവള്
നീ കാരണം
നിറുത്താനാവാത്ത മനസ്സോടെ
പരവശയായിരിക്കുന്നു.
അച്ഛന്റെ വീട്ടുകാവല്ക്കാര്
അടുത്തില്ലാത്ത തക്കംനോക്കി വരാനും നീ മിടുക്കന്.
പച്ചപ്പുല്ലുകള്ക്കിടയിലെ വേങ്ങമരങ്ങള്
ഒറ്റ മൊട്ടില്ലാതെ വിരിഞ്ഞിരിക്കുന്നു.
നെടിയ വെണ്‍തിങ്കളും വളര്‍ന്നുകൊണ്ടിരിക്കുന്നു.
(അവലംബം: നെന്മാറ പി. വിശ്വനാഥന് നായര്‍)
കുറിഞ്ഞിത്തിണയില്പ്പെടുന്ന, അകനാനൂറിലെ ഈ രണ്ടാം പാട്ടിലെ സൂക്ഷ്മവിശദാംശങ്ങള്‍ നോക്കുക. മനുഷ്യപ്രകൃതിയിലെ പ്രണയഭാവത്തിലേക്കു ചെല്ലുന്ന കവിത അതോടൊപ്പം ജീവജാലങ്ങളുടെ മുഴുവന്‍ പ്രകൃതിയിലേക്കും സൂക്ഷ്മമായി കടന്നുചെല്ലുന്നു. തമിഴ്നാട്ടിലെ കൂറ്റന്‍ ക്ഷേത്രഗോപുരങ്ങളെപ്പോലെ ഓരോ ചെറിയ അംശവും മനോഹരവും അലംകൃതവുമാക്കുന്ന സൂക്ഷ്മവും വിശദാംശങ്ങളിലൂന്നുന്നതുമായ ആഖ്യാനത്തിന്റെ പാരമ്പര്യത്തെയാണ് നോവല്‍ പിന്‍പറ്റുന്നത്. അത് മലയാളനോവലിന്റെ ഒരു സാമാന്യപാരമ്പര്യമല്ലെങ്കിലും മലയാളിയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് എന്നു തീവ്രമായി ബോധ്യപ്പെടുത്തുന്നു, നിലം പൂത്തു മലര്‍ന്ന നാള്. കപിലരുടെ കവിതയില്‍ കണ്ടപോലുള്ള സൂക്ഷ്മപ്രകൃതിദൃശ്യങ്ങളും ജീവിതചിത്രങ്ങളും നെയ്തുനെയ്തുണ്ടാക്കിയതാണ് നോവലിന്റെ ആഖ്യാനം
തുടരും