White Crow Art Daily

നോവല്‍ത്തിണയുടെ കാവല്‍മരം

പഠനം- പി.രാമന്‍.  (ഭാഗം  2 )

മയിലന്റെ ജീവിതയാത്ര പാലനിലത്തിന്റെ ഊഷരവന്യത മുറിച്ചുകടക്കുന്നു. ഏഴിമലയിലേക്കുള്ള യാത്രയ്ക്കിടയില്‍ നെയ്തല്‍ തീരങ്ങള്‍ കാണുന്നു. നോവലവസാനിക്കുന്നത്‌, മരക്കലത്തിലേറി നാടുകടക്കുന്ന മയിലന്റെ ദൃശ്യത്തിലാണ്‌. ഇങ്ങനെ കുറിഞ്ഞിയില്‍ തുടങ്ങി നെയ്തലില്‍ അവസാനിക്കുന്ന ഘടന, മലയാളനാടിന്റെ സ്ഥലപരമായ ഇടുക്കത്തെ തമിഴകവിസ്തൃതിയിലേക്കു തുറന്നുവിടുന്നു. പാരിയുടെ പറമ്പുമലയും അതിയമാന്‍ നെടുമാന്‍ അഞ്ചിയുടെ തകടൂരും നന്നന്റെ ഏഴിമലയും പൊതിയമലയുമെല്ലാം പശ്ചാത്തലമായി വരുന്നു. ചേരന്റെ മുചിറിയിലാണ്‌ നോവലിന്റെ അന്ത്യരംഗങ്ങള്‍. വിദേശികളായ യവനരുടെ സാന്നിദ്ധ്യവും അമ്പലവുമെല്ലാം ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ചരിത്രകാലകേരളത്തിന്റെ ഉദയപ്രഭ പരന്ന നഗരംതന്നെ നോവലിലെ മുചിറി. പഴന്തമിഴ്‌ കാവ്യങ്ങള്‍ മാത്രമല്ല, പ്ലിനിയുടെയും ടോളമിയുടെയുമൊക്കെ യാത്രാരേഖകളും നോവലില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. മുചിറിക്കടുത്താണ്‌ മുടിയഴിച്ചിട്ട കോമരങ്ങളാടുന്ന കണ്ണകിയുടെ കോവില്‍. സംഘകാലത്തെ വെന്നിക്കൂത്തില്‍നിന്നും പൊരുനരുടെ പടപ്പാട്ടുകളില്‍നിന്നും മുടിയഴിച്ചിട്ട (കൊടുങ്ങല്ലൂരെ) കോമരങ്ങളിലെത്തുമ്പോള്‍ മലയാളിത്തം അതിന്റെ പൂര്‍ണതയില്‍ രൂപപ്പെട്ടത്‌ നാം അനുഭവിക്കുന്നു. മലയാളഭാഷ വേറിട്ടുമാറുന്നതും ഈ ഘട്ടത്തിലാണല്ലൊ. ഒരു നാടും ഭാഷയും രൂപപ്പെട്ടു വന്നതിന്റെ പിന്നിലെ വിങ്ങലും വെമ്പലുംകൂടി ഈ നോവല്‍ ആവിഷ്കരിച്ചിരിക്കുന്നു.

യാത്രകള്‍ എങ്ങനെയാണ്‌ മലയാളിയുടെ അനുഭവലോകത്തെ വിസ്തൃതമാക്കിയത്‌ എന്നതിന്റെ ചരിത്രപരമായ ഒരാഖ്യാനവും നോവലിലുണ്ട്‌. മയിലന്റെ കപ്പല്‍യാത്ര, ആധുനികമലയാളിയുടെ ആഗോളപര്യടനങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ബീജാധാനം തന്നെ. ഗോത്രജീവിതത്തിന്റെ നാടോടിത്തത്തില്‍നിന്ന്‌ ആധുനികന്റെ അടങ്ങാത്ത ആഗോളപര്യടനതൃഷ്ണകളിലേക്ക്‌ മലയാളിമനസ്സ്‌ വികസിക്കുന്നു. മുചിറി പോലുള്ള തുറമുഖങ്ങളില്‍ വന്നടുക്കുന്ന വിദേശക്കപ്പലുകളെക്കുറിച്ചുള്ള സൂചനകളില്‍ പിടിച്ചാണ്‌ മയിലന്റെ കപ്പല്‍യാത്ര വിഭാവനം ചെയ്തിട്ടുള്ളത്‌. ഗാമയുടെ കപ്പല്‍ തീരത്തെത്തുന്നതോടെയാണ്‌ കേരളത്തിന്റെ ആധുനികീകരണം തുടങ്ങുന്നതെന്ന പൊതുബോധത്തെ നോവല്‍ തിരിച്ചിടുന്നു. തീരം വിട്ടു പോകുന്ന വിദേശക്കപ്പലിലെ മലയാളിസാന്നിധ്യത്തോടെ പുതിയൊരദ്ധ്യായം ആരംഭിക്കുന്നു. പുതിയൊരു കാലവും സ്ഥലവും ആരംഭിക്കുന്നു. ക്രിസ്ത്വബ്ദാരംഭകാലത്തുനിന്ന്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള മലയാളിയുടെ പടര്‍ച്ചയുടെകൂടി പ്രതീകാത്മക ആവിഷ്കാരമായി നോവല്‍ മാറുന്നു. ‘മാര്‍ഗ്ഗം കൂടിയവനില്‍ പഴയ ദൈവങ്ങള്‍പോലെ, അണിഞ്ഞ കൊമ്പനില്‍ അരണ്ട കാടുപോലെ’ (അശാന്തസമുദ്രക്കരയില്‍, ആറ്റൂര്‍) മയിലന്റെ ഓര്‍മ്മയില്‍ നാടു തെളിയുന്നിടത്താണ്‌ നോവല്‍ തീരുന്നത്‌. തൊടുവാനത്തിലെ ചുവപ്പില്‍ വാളും ചിലമ്പുമണിഞ്ഞുനിന്ന കുട്ടിത്തം വിടാത്ത പെണ്‍കൊടിയായി, മിത്തായി, നാട്‌ കൂടുമാറുന്നു- യാതൊരു ഗൃഹാതുരതയുമില്ലാതെതന്നെ. ലോകം വിസ്തൃതമാകുമ്പോഴും മയിലന്റെ ഓര്‍മ്മയിലെ നീറുന്ന ഒരു മുറിവിലേക്ക്‌ നാടു ചുരുണ്ടുകൂടുകയാണ്‌, എപ്പോള്‍ വേണമെങ്കിലും നിവര്‍ന്നെണീക്കാമെന്ന മട്ടില്‍. ഓര്‍മ്മയിലെ നാടുതന്നെയായി മാറുന്നു, ചിലമ്പണിഞ്ഞ പെണ്‍കൊടിയുടെ മിത്ത്‌. ആഖ്യാനത്തിന്റെ തുടക്കത്തില്‍ത്തന്നെ മുളപ്പിച്ചെടുത്ത്‌ പടിപടിയായി വളര്‍ത്തി കഥാന്ത്യത്തിലേക്കു കരുതിവെച്ചതാണ്‌ ആ പെണ്‍കൊടിയുടെ കഥ. സംഘം കൃതികളില്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചിട്ടുള്ള ഒന്നിലേറെ കഥകളെ മിത്തുകളാക്കി പടര്‍ത്തി ആഖ്യാനത്തിന്റെ ആഴം കൂട്ടാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

tamil 2

ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പു മുതല്‍ ക്രിസ്തുവര്‍ഷം ആദ്യശതകങ്ങളാണ്‌ സംഘകാലം എന്നറിയപ്പെടുന്നത്‌. രണ്ടായിരം കൊല്ലം മുമ്പത്തെ കാലസൂചനകള്‍ നോവലിലുടനീളമുണ്ട്‌. അക്കാലത്തെ വീട്ടുപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ആയുധങ്ങള്‍, ആഘോഷങ്ങള്‍, യുദ്ധമുറകള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങി ഒട്ടേറെ കൌതുകകരമായ സൂക്ഷ്മവിശദാംശങ്ങള്‍ നോവലിലുണ്ട്‌. ‘പ്ലേറ്റുകളിതാ, പക്ഷേ വിശപ്പെവിടെ?’ (മ്യൂസിയം, വിസ്വാവാ സിംബോഴ്സ്ക) എന്നു നിരാശപ്പെടുത്തുന്ന മ്യൂസിയത്തിലെ ജഡവസ്തുനിഷ്ഠത നോവലിലെ കാലസൂചനാസാമഗ്രികളെ തീണ്ടിയിട്ടില്ല. വൈകാരികതയുടെ വന്യതയിലാണ്‌ അവയെ എഴുത്തുകാരന്‍ വിന്യസിച്ചിട്ടുള്ളത്‌. പോരില്‍ പെരുമ കാട്ടുന്ന പടയാളികള്‍ക്ക്‌ അരചന്‍ നല്‍കുന്ന പൂക്കോള്‍ എന്ന ആഭരണം ചിത്തിരയുടെയും മകീരന്റെയും ബാന്ധവത്തിനു നിമിത്തമാകുന്നത്‌ ഒരുദാഹരണം. സംഘകാലത്തെ സംഗീതോപകരണമായ യാഴിന്റെ വകഭേദങ്ങളെക്കുറിച്ച്‌ നോവലില്‍ പറയുന്നുണ്ട്‌. കൊലുമ്പന്റെ കൈയിലുള്ളത്‌ ഇരുപത്തൊന്നു ഞരമ്പുകളുള്ള പേരിയാഴ്‌. കൊലുമ്പന്‍ തന്റെ പ്രിയപ്പെട്ട പേരിയാഴിന്‌ ഒരു പേരു നല്‍കിയിട്ടുണ്ട്‌- മല്ലിക. ‘പണിതീരാത്ത ഒരു പെണ്ണുടല്‍ പോലെയുണ്ടത്‌’ എന്നും ‘ഒരു മയില്‍പ്പേടയുടെ അഴകോടെ മല്ലിക ഒരുങ്ങിയിരുന്നു’ എന്നുമൊക്കെയുള്ള വിശദാംശങ്ങള്‍ യാഴിനെ പുരാവസ്തുപരമായ ഒരുപകരണം എന്ന നിലയില്‍നിന്നു മാറ്റി കലാകാരന്റെ നിത്യദുഃഖം മുഴക്കിക്കേള്‍പ്പിക്കുന്ന അവന്റെ ഇരട്ടമനസ്സുതന്നെയാക്കിത്തീര്‍ത്തിരിക്കുന്നു.

കവികളെ കഥാപാത്രങ്ങള്‍ മുറിച്ചുകടക്കുമ്പോള്‍ത്തന്നെ പാട്ടുകാരുടെയും എഴുത്താളരുടെയും നിത്യദുഃഖത്തിന്റെ മുഴക്കം നോവല്‍ കേള്‍പ്പിക്കുന്നു. ഔവൈയാറും പരണരും കപിലരും മാത്രമല്ല, പാവം കൊലുമ്പനും അതേ ദുഃഖം പങ്കുവയ്ക്കുന്നു.

tamil 6

ആചാരാനുഷ്ഠാനങ്ങളുടെയും ജീവിതരീതിയുടെയും കാര്യങ്ങളിലുമുണ്ട്‌ ചില കൌതുകങ്ങള്‍. യാഗം ചെയ്യുകയും അന്നത്തെ മറ്റു സമുദായങ്ങളെപ്പോലെതന്നെ മാംസഭക്ഷണം കഴിക്കുകയും ചെയ്യുന്ന അന്തണര്‍, യുദ്ധവിജയത്തെത്തുടര്‍ന്ന്‌ ദേവിക്കു പശുവിനെ ബലിയര്‍പ്പിക്കുകയും അതിന്റെ മാംസം പങ്കിട്ടു കഴിക്കുകയും ചെയ്യുന്ന പടയാളികള്‍ എന്നിങ്ങനെ പില്‍ക്കാലജീവിതത്തില്‍ പരിവര്‍ത്തനം സംഭവിച്ച പലതും നോവലില്‍ കാണാം. കുട്ടനാട്ടുകാര്‍ പിതാവിനെ അച്ചന്‍ എന്നാണു വിളിച്ചിരുന്നത്‌ എന്നു തൊല്‍ക്കാപ്പിയത്തിന്റെ വ്യാഖ്യാനങ്ങളിലുണ്ട്‌. നോവലിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നതും ആ വിളിപ്പേരുതന്നെ. ഇങ്ങനെ സമകാലികജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാണുന്ന ഇടര്‍ച്ചകളും തുടര്‍ച്ചകളും മലയാളിയുടെ സാംസ്കാരികപരിണാമചരിത്രവുമായി ചേര്‍ത്തുവെച്ചു വായിക്കാവുന്നതാണ്‌.

വീരപുരുഷന്‍മാരായി കവികള്‍ വാഴ്ത്തുന്ന ദാനശീലരായ കുറുനിലമന്നന്‍മാരുടെ പെരുമ പോലെതന്നെ നമ്മെ സ്പര്‍ശിക്കുന്നു അവര്‍ക്കു സംഭവിക്കുന്ന ദുരന്തവും. പറമ്പുമലയിലെ പാരിയെ കുടുക്കുന്നത്‌ രാഷ്ട്രീയഗൂഢാലോചനയാണ്‌. മൂവേന്തര്‍ ചേര്‍ന്നൊരുക്കിയ ആ കെണിയില്‍ മഹാകവി കപിലര്‍ക്കുപോലും കണ്ണിയാവേണ്ടിവന്നു. അരചന്റെ ദൌര്‍ബല്യം മഹത്വമായി തന്റെ പാട്ടുകളിലൂടെ കവി വിളംബരം ചെയ്തതു വിനയായി. പുറനാനൂറിനെക്കുറിച്ചുള്ള കവിയൂര്‍ മുരളിയുടെ പഠനത്തില്‍ പാരിയെക്കുറിച്ചു കപിലര്‍ പാടിയ ചില പാട്ടുകളുടെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നുണ്ട്‌. നോവലിസ്റ്റ്‌ അതിനെ പിന്‍പറ്റുന്നു. പ്രാദേശികരാഷ്ട്രീയസംവിധാനങ്ങളെ സമഗ്രാധിപത്യം ആസൂത്രിതമായി വിഴുങ്ങുന്ന പ്രതിലോമരാഷ്ട്രീയത്തിന്‌ ചരിത്രപ്പഴമയിലേക്ക്‌ ആഴ്ന്നിറങ്ങിയ വേരുകളുണ്ടെന്ന്‌ പാരിയുടെ ഉപാഖ്യാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രാദേശികരാഷ്ട്രീയഘടനകളെത്തകര്‍ക്കുന്ന സാമ്രാജ്യത്വത്തിന്റെ കൈകള്‍ രണ്ടായിരം കൊല്ലങ്ങള്‍ക്കിപ്പുറവും നീണ്ടുവരുന്നുണ്ട്‌, എന്നത്തേയുംപോലെതന്നെ പ്രച്ഛന്നരൂപങ്ങളില്‍. ഭരണാധികാരികള്‍ മാത്രമല്ല എഴുത്തുകാരും ആ നീരാളിപ്പിടുത്തത്തില്‍ ഇന്നും കുരുങ്ങിപ്പോകുന്നുണ്ട്‌. ഗോത്രജനതയുടെ നാടോടിത്തവും സ്ഥിരവാസിസമൂഹങ്ങളുടെ ഭദ്രതയും സമൃദ്ധിയും പ്രാദേശികഭരണസംവിധാനങ്ങളുടെ പ്രൌഢിയും പരിമിതിയും എല്ലാറ്റിനേയും വിഴുങ്ങുന്ന സമഗ്രാധിപത്യത്തിന്റെ ചാരതന്ത്രങ്ങളും ചേര്‍ന്നു സങ്കീര്‍ണമാണ്‌ നോവലില്‍ ഉരുവംകൊള്ളുന്ന രാഷ്ട്രീയാഖ്യാനം. പ്രാദേശികസ്വത്വങ്ങളും അധികാരത്തിന്റെ ബൃഹദ്സ്വരൂപങ്ങളും തമ്മിലെ ഏറ്റുമുട്ടലുകള്‍ക്ക്‌ പുതിയൊരു മാനം ലഭിച്ചിട്ടുള്ള ആധുനികാനന്തരസന്ദര്‍ഭത്തില്‍ നോവല്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിനു വലിയ പ്രാധാന്യമുണ്ട്‌.

tamil 5

ആണ്മയുടെയും പെണ്മയുടെയും മോഹിപ്പിക്കുന്ന ശൃംഗങ്ങള്‍ നോവലില്‍ തിളങ്ങിനില്‍ക്കുന്നു. മയിലനും മകീരനും ചന്തനും ആണ്മയുടെ ഭിന്നഭാവങ്ങള്‍ ചൂടുന്നു. മയിലന്റെ ചങ്കുറപ്പും കൂസലില്ലായ്മയും മകീരന്റെ വ്യക്തിത്വത്തിലെ നിഗൂഢതകളും ചന്തന്റെ സമചിത്തതയും ആണത്തത്തിന്റെ പലമ വിടര്‍ത്തുന്നു. പോരാട്ടവീര്യത്തിന്റെ നിരവധി കഥകള്‍ നോവലിലുണ്ട്‌. ആയ്‌ എയിനന്റെയും ഏഴിമലയിലെ നന്നന്റെയും പടകള്‍ തമ്മില്‍ പാഴിയില്‍ വെച്ചുണ്ടായ പോരാട്ടത്തിന്റെ കൊടുമ മുഴുവന്‍ മൂന്നാം എഴുത്തിലെ മയിലന്റെ വിവരണത്തിലുണ്ട്‌. തുറന്ന യുദ്ധവും ഒളിപ്പോരും നോവലിലുണ്ട്‌. ചാരവൃത്തി കഥാഗതിയെ നിയന്ത്രിക്കുന്ന മുഖ്യഘടകവുമാണ്‌. ചാരവൃത്തിയുടെ നിഗൂഢത പേറുന്നവരാണ്‌ മകീരനും മയിലനുമൊക്കെ. ആ നിഗൂഢതയുടെ ഒരംശം കപിലരെപ്പോലൊരു മഹാകവിയിലേക്കും നീണ്ടെത്തുന്നുണ്ട്‌. ചോദിച്ചതെന്തും നല്‍കുന്നവരും യുദ്ധവീരന്‍മാരുമായ കുറുനിലമന്നന്മാര്‍ ആണത്തത്തിന്റെ രൂക്ഷതയും ഉദാരതയും ഒരുമിച്ചു പ്രകടമാക്കുന്നു. ആണ്മയുടെ ഈ ആവിഷ്കരണത്തിന്‌ സംഘസാഹിത്യത്തിന്റെ മികച്ച പിന്‍ബലമുണ്ട്‌, തീര്‍ച്ചയായും. പെണ്മയുടെയും മനോഹരമായ ആവിഷ്കാരം സംഘസാഹിത്യത്തിലുണ്ട്‌. എന്നാല്‍ കൃത്യമായ സങ്കേതങ്ങളുടെ പരിധിക്കകത്താണ്‌ മിക്കവാറും സ്ത്രീകഥാപാത്രങ്ങളുടെ പെരുമാറ്റം. ചിലപ്പതികാരം പോലുള്ള മഹാകാവ്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ (അവ സംഘകാലാനന്തരകൃതികളാണെന്നു പ്രബലമായ അഭിപ്രായമുണ്ട്‌) നാം സാമാന്യേന കണ്ടുമുട്ടുന്ന പഴന്തമിഴ്‌ പെണ്‍കഥാപാത്രങ്ങള്‍ നായികയും തോഴിയും നായികയുടെ അമ്മയും മറ്റുമാണ്‌. പെണ്മയുടെ കരുത്തും ഗഹനതയും സങ്കേതബദ്ധമായി ആവിഷ്കരിക്കുന്നുണ്ട്‌ പഴന്തമിഴ്‌ കവിതകള്‍. ഉദാഹരണത്തിന്‌ ഔവൈയാര്‍ രചിച്ച അകനാനൂറിലെ ഒരു കവിത (303) ഇവിടെ ചേര്‍ക്കുന്നു.

ഭീരുത്വം മറ്റുള്ളവരറിഞ്ഞെങ്കിലോ എന്നു പേടിച്ച്‌
പിശാചിനെ സ്വപ്നം കണ്ടതു മറച്ചുവയ്ക്കുംപോലെ
ഗുണം തികഞ്ഞ കാമം
മറച്ചിട്ടും പുറമേയ്ക്കറിഞ്ഞതിനാല്‍
ജയമേകും വേലും വന്‍പടയും
ഹരിതസമൃദ്ധിയുമുള്ള ചേരന്റെ
മേഘം തങ്ങും മുരുകന്‍ വാഴും കൊല്ലിമലയുച്ചിയില്‍
പരന്നു പെരുകി വീഴും
അരുവിയാരവം പൊങ്ങിച്ച്‌
പിരിഞ്ഞുപോയ അവന്‍,

അറിവുള്ള യാചകര്‍ വന്നാല്‍
മലയോളം പോന്ന കൊമ്പനാനകളോടൊപ്പം
ചന്തമുള്ള ആഭരണക്കൂട്ടങ്ങളും സമ്മാനിക്കുന്ന
പാരിയുടെ പറമ്പുമലയിലെ
നിരയായ്‌ പറക്കും കുരുവിക്കൂട്ടങ്ങള്‍
വളഞ്ഞ പുറമുള്ള ചെന്നെല്‍ക്കതിര്‍
കൊത്തിമുറിച്ചു കൊണ്ടുവരാന്‍
കാലത്തു പോയി
തേടിത്തിരഞ്ഞു കണ്ടെത്തി
കതിര്‍ കൊത്തി
സന്ധ്യക്കു തിരിച്ചെത്തിയപോലെ
തിരിച്ചുവരും എന്നു കരുതിയ മൂഢമനസ്സേ,
ഇനിയവന്‍ വരില്ല എന്നു നീയുറപ്പിക്ക്‌.

ഉണങ്ങിയ മരങ്ങളില്‍ പൊത്തിയിരിക്കുന്ന ചീവീടുകള്‍
ഉപ്പുകച്ചവടക്കാരുടെ കാളക്കൂട്ടക്കുടമണിയൊച്ചപോ-
ലാര്‍ക്കുന്ന പാലനിലം കടന്ന്‌,
ഇറക്കവെള്ളത്തില്‍നിന്നു മീന്‍
മേല്‍പോട്ടു കേറിപ്പോകുമ്പോലെ
അവന്‍ പോയ വഴിയേ ചെന്നുചേരാന്‍
ഞാന്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു.
(അവലംബം: നെന്മാറ പി. വിശ്വനാഥന്‍ നായര്‍)

tami dance

നായിക സ്വന്തം ഹൃദയത്തോടു പറയുന്ന മട്ടിലെഴുതിയിട്ടുള്ള ഈ കവിത പാലത്തിണയില്‍ പെടുന്നു. നിശ്ചയിക്കപ്പെട്ട കാവ്യസങ്കേതങ്ങള്‍ക്കകത്താണെങ്കില്‍ പോലും നായികയുടെ വ്യക്തിത്വം നമ്മെ സ്പര്‍ശിക്കുന്നുണ്ട്‌. വരില്ല എന്നേതാണ്ടുറപ്പായ കമിതാവിനെത്തിരഞ്ഞ്‌ വരണ്ട പാലനിലം കടന്നു പോകാന്‍ തീരുമാനിച്ച പേരില്ലാത്ത ഈ നായികയുടെ നിശ്ചയദാര്‍ഢ്യത്തിലുണ്ട്‌, ചിത്തിരയുടേതുപോലുള്ള മനോനില. പഴന്തമിഴ്‌ കാലം കഴിഞ്ഞാല്‍ ഇങ്ങനെ കാമുകനെ തേടി മരുഭൂമിയും മലകളും കടന്ന്‌ നായികമാര്‍ പോകുന്നത്‌ നവോത്ഥാനകാലത്ത്‌ ആശാന്റെ കൃതികളിലാണ്‌. കാവ്യസങ്കേതങ്ങളുടെ പിടിയില്‍നിന്ന്‌ ഈ പഴന്തമിഴ്‌ നായികയെ വിടുവിച്ചാല്‍ ചിത്തിര പിറവികൊണ്ടേക്കും. കാമുകനെത്തേടി വിദൂരതയിലേക്കു മാത്രമല്ല, ചില ഉള്‍പ്രേരണകളാല്‍ അദൃശ്യലോകങ്ങളിലേക്കും കടന്നുചെല്ലുന്ന പെണ്മയെ ചീരയിലൂടെ നാം കാണുന്നു. ഇങ്ങനെ ആണ്മയുടെയും പെണ്മയുടെയും പൂത്തുലയല്‍ ഈ നോവലിന്റെ വായനയെ ഏറെ ഹൃദ്യമാക്കുന്നു.

1972-ലല്‍ പട്ടാമ്പിയില്‍ ജനിച്ചു. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും എന്നിവ കവിതാസമാഹാരങ്ങള്‍