ചുവന്ന ബാഡ്ജ്
ആയിടെ സ്കൂളിലും നാട്ടിൽ പൊതുവെയും ചെങ്കണ്ണിന്‍റെ ആക്രമണമുണ്ടായി. ഞങ്ങളുടെ ക്ലാസ്സിൽ ആദ്യമായിട്ടു വരാതായത് ചട്ടൻ ഷാജി ആയിരുന്നു. ചട്ടൻ എന്നും തളന്തൻ എന്നും അറിയപ്പെട്ടിരുന്ന ചട്ടുകാലൻ ഷാജി ആറാംക്ലാസ്സിൽ രണ്ടാംകൊല്ലക്കാരനായിരുന്നു. ഓരോ കാരണം പറഞ്ഞ് പകുതി ദിവസവും ക്ലാസിൽ വരാത്ത ചട്ടന് കണ്ണിനുദീനം വന്നപ്പോൾ അത് സാറന്മാരുൾപ്പെടെ ആരും അത്ര ഗൗരവമായെടുത്തില്ല. എന്നാൽ, അടുത്തയാഴ്ചതന്നെ അസുഖം കാരണം ആറേഴു പിള്ളേർ ഒറ്റയടിയ്ക്ക് വരാതായി. പിന്നീടത്തെ ഒരു മാസംകൊണ്ട് ക്ലാസിൽ മിക്കവർക്കും ചെങ്കണ്ണു വന്നു.
“കണ്ണിനു സൂക്കേടിനേ… ഇംഗ്ളീഷിൽ മദ്രാസ് ഐ-ന്നാ പറയുന്നത്, അറിയാമോ?” ദിലീപ് ചോദിച്ചു. “കണക്കില്ലാതെ വന്നുകൂടുന്ന തമിഴന്മാരാ ഈ അസുഖങ്ങളൊക്കെ കൊണ്ടുവരുന്നത്.”
ചെങ്കണ്ണിനു പുറകേ മഞ്ഞപ്പിത്തത്തിന്‍റെയും മുണ്ടിനീരിന്‍റെയും വാർത്തകൾ കേട്ടു. പകർച്ചവ്യാധികൾക്കെതിരെ സർക്കാരിന്‍റെയും നാത്സിപാർട്ടിയുടെയും ഭാഗത്തുനിന്ന് സത്വരനടപടികളുണ്ടായി. മുൻപു നിരോധനക്കാലത്ത് സന്നദ്ധസേവാസംഘത്തിന്‍റെ പേരിൽ നടത്തിയിരുന്നതുപോലുള്ള ശുചീകരണപ്രവർത്തനങ്ങൾ നാത്സിസംഘടനകൾ നേരിട്ടു നടത്താൻ തുടങ്ങി. അഴുക്കുകൂനകൾ കുമ്മായവും മണ്ണുമിട്ടു മൂടുക, സർക്കാർ ആശുപത്രിയിലെ വാർഡുകൾ വൃത്തിയാക്കുക, പൊതുകക്കൂസ് പണിയുക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. അഴുക്കുവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കി കൊതുകിനെ നിർമ്മാർജ്ജനം ചെയ്യുന്നതിനെപ്പറ്റിയുള്ള ഒരു ചെറുസിനിമ ഞങ്ങളുടെ സ്കൂൾ ഓഡിറ്റോറിയത്തിൽ കാണിക്കുകയുണ്ടായി. റോഡിൽ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താൽ പോലീസിന്‍റെ കയ്യിൽനിന്ന് നല്ല തല്ലു കൊള്ളുമെന്ന് ഉറപ്പായിത്തീർന്നു. പ്രതിരോധമരുന്നുകളെപ്പറ്റിയും കുത്തിവെപ്പുകളെപ്പറ്റിയും ബോധവൽക്കരണം നടക്കുന്നുണ്ടായിരുന്നു. പൊങ്ങൻ പനി, മുണ്ടിനീര്, മഞ്ഞപ്പിത്തം ഇവ ബാധിച്ച കുഞ്ഞുങ്ങളുടെ പടമുള്ള പോസ്റ്ററുകൾ സ്കൂളിലും ആശുപത്രിപ്പടിക്കലും കണ്ടു. “നാളത്തെ ഭാരതം രോഗവിമുക്തമാകാൻ ഇന്നത്തെ കർത്തവ്യം പ്രതിരോധം!” അവ ഓർമ്മപ്പെടുത്തി.
ചെറുപ്പത്തിൽ പിള്ളവാതത്തിനുള്ള പ്രതിരോധമരുന്നു കിട്ടിയിരുന്നെങ്കിൽ ചട്ടൻ ഷാജി വെറും ഷാജിയാകുമായിരുന്നോ എന്ന് അന്നാദ്യമായി ഞാൻ അത്ഭുതത്തോടെ ആലോചിച്ചു. മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയായ അമ്മയുടെ ആഗ്രഹംപോലെ ഇംഗ്ളീഷ് മീഡിയത്തിൽ മിടുക്കനായി പഠിക്കുമായിരുന്ന ഷാജി! ബീഡിവലിയ്ക്കുകയും പരീക്ഷയ്ക്കു കാണിച്ചുകൊടുത്തില്ലെങ്കിൽ തന്തയ്ക്കു വിളിക്കുകയും ഹാജരില്ലാത്തതുകൊണ്ടു തോൽക്കുകയും ചെയ്യാത്ത മറ്റൊരു ഷാജി. നോട്ടുബുക്കിന്‍റെ പുറകിൽ തെറിപ്പാട്ടെഴുതിയതിനു പിടിച്ച ശാന്തമ്മസ്സാർ ‘ശരീരം പോലെതന്നെ വൃത്തികെട്ട മനസ്സും!’ എന്നു പറഞ്ഞ് അറപ്പോടെ നോക്കുമായിരുന്നില്ലാത്ത ഷാജി. ഒരുപക്ഷേ, നാത്സിഘടകത്തിൽ പോകുകയും ഡ്രില്ലു ചെയ്യുകയും ചുവന്ന ഗോപിതൊട്ടു നടക്കുകയും ചെയ്യുമായിരുന്ന ഷാജി.
അസുഖമുള്ള കുട്ടികൾ സ്കൂളിൽ വന്നാൽ അവരെ വീട്ടിലേക്കു തിരിച്ചയയ്ക്കുന്ന നയം സാറന്മാർ കർശനമായി നടപ്പാക്കാൻ തുടങ്ങി. വെറുമൊരു മൂക്കൊലിപ്പുണ്ടായിട്ടു പോലും ‘സുഖക്കേടു മാറിയിട്ടു വന്നാൽ മതി’ എന്നു പറഞ്ഞ് നിർമ്മൽ ജോർജ്ജിനെ ഒരു ദിവസം പൊറോട്ട ശാന്തമ്മസ്സാർ വീട്ടിൽ പറഞ്ഞുവിട്ടു. ഒരു ദിവസത്തെ ക്ലാസുപോലും കളയാൻ സമ്മതിക്കാത്ത അയാളുടെ പിതാവ് ട്രെയിനിങ് കോളേജിലെ ജോർജ്ജ്സാർ പിറ്റേദിവസം പരാതിയുംകൊണ്ട് വന്നെങ്കിലും പ്രയോജനമുണ്ടായില്ല. നാലു ദിവസം കഴിഞ്ഞ്, ജലദോഷം പൂർണ്ണമായും മാറിയിട്ടേ അയാൾക്കു പിന്നെ വരാൻ പറ്റിയുള്ളൂ.
ഒമ്പതാം ക്ലാസിലൊരു കുട്ടിയ്ക്ക് ടൈഫോയ്‌ഡാണെന്നു കേട്ടപ്പോൾ സ്കൂളിലാകെ പരിഭ്രാന്തി പരന്നു. ടൈഫോയ്‌ഡ് വരാതിരിക്കാനെന്നു പറഞ്ഞുള്ള ഹോമിയോമരുന്നുകൾ തേടി രക്ഷാകർത്താക്കൾ നെട്ടോട്ടമോടി. വെറുമൊരു വയറിളക്കമായിരുന്നു അതിന്.
പകർച്ചവ്യാധിപരത്തുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്ന ഭക്ഷണവ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടികളുണ്ടായി. ഇതിന്‍റെ തുടർച്ചയായിട്ടാണ് ഗോവധം നിരോധിക്കപ്പെട്ടത്. ഗോമാംസഭക്ഷണം ഭാരതീയസംസ്ക്കാരത്തിനു വിരുദ്ധമാണെന്നതും ഒരു കാരണമായിരുന്നു. പശുവിന്‍റെ ഇറച്ചി തിന്നുന്നവർക്ക് സ്വഭാവത്തിൽ ക്രൂരത കൂടുന്നതായി തെളിയിക്കുന്ന ശാസ്ത്രീയപഠനങ്ങളെപ്പറ്റി പത്രത്തിൽ കണ്ടു. സ്കൂളിനടുത്തുള്ള മീൻചന്തയുടെ നടുക്കുനിന്ന ഇറച്ചിക്കടയും പൂട്ടിപ്പോയി. അങ്ങനെ, സ്കൂളിന്‍റെ രണ്ടാമത്തെ നിലയിൽനിന്നു ഞങ്ങൾക്കു കാണേണ്ടിവന്നിരുന്ന കാളയുടെയും പോത്തിന്‍റെയും കശാപ്പുകാഴ്ചകൾ ഇല്ലാതായി.
രാജര്‍ഷിയുടെ ചില പ്രസ്താവനകളെക്കുറിച്ചും തമിഴ്നാട്ടിലെ തീരാത്ത യുദ്ധത്തെക്കുറിച്ചുമൊക്കെ വീരമണിയുടെ അമ്മയും നാത്സിയായ ദിലീപും തമ്മിൽ തർക്കങ്ങളുണ്ടാകാറുണ്ടായിരുന്നു. എന്നാൽ, ഗോവധനിരോധനത്തിന്‍റെ കാര്യത്തിൽ പട്ടത്തി നാത്സികളെ അതിരറ്റ് അഭിനന്ദിച്ചു. “എത്ര മിണ്ടാപ്രാണികളെയാ തിന്നാനെന്നുംപറഞ്ഞ് കൊന്നുതള്ളിയിരുന്നത്! മഹാപാപം, മഹാപാപം!” അവർ സ്വന്തം കവിളിൽ കൊട്ടിക്കൊണ്ടു പറഞ്ഞു. സസ്യഭുക്കുകളായ തമ്പുരാക്കന്മാരും ഇക്കാര്യത്തിൽ നാത്സിസർക്കാരിനെ പക്ഷത്തായിരുന്നു.
“മീൻ കൂട്ടരുതെന്നു മാത്രം പറയാതിരുന്നാൽ മതിയായിരുന്നു,” ദിലീപ് പറഞ്ഞു. “കാളയിറച്ചി എനിക്കിഷ്ടമായിരുന്നെങ്കിലും നിരോധിച്ചതിൽ സങ്കടമില്ല, ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുള്ളതുകൊണ്ടല്ലയോ?”
“പേടിക്കണ്ടടോ,“ ഗോപകുമാർ എന്ന കുട്ടി ദിലീപിനെ സമാധാനിപ്പിച്ചു. “നാസികൾക്ക് മീനില്ലാതെ ചോറ് ഇറങ്ങത്തില്ല.”
വൈകാതെ മീനും നിരോധിക്കണേ എന്നു ഞാൻ രഹസ്യമായിട്ടു പ്രാർത്ഥിച്ചു. ക്ലാസിലിരുന്നു ചോറുണ്ണുമ്പോൾ എനിയ്ക്ക് ഏറ്റവും അറപ്പ് മീനിന്‍റെ നാറ്റമായിരുന്നു.
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചതും ഇക്കാലത്താണ്. ബീഡിയും സിഗരറ്റും വിൽക്കുന്ന കടയിൽ തീപ്പെട്ടി വിൽക്കരുതെന്നും നിയമം വന്നു. ചാരായമായിരുന്നു നിരോധിയ്ക്കപ്പെട്ട മറ്റൊരു ലഹരി. എനിയ്ക്ക് അടുപ്പമുള്ള ആരും മദ്യപന്മാരല്ലാതിരുന്നതുകൊണ്ടും കള്ളും ചാരായവും തമ്മിലുള്ള വ്യത്യാസമൊന്നും വ്യക്തമായിട്ട് അറിയാതിരുന്നതുകൊണ്ടും കള്ളു നിരോധിക്കാതെ ചാരായം നിരോധിച്ചതിന്‍റെ യുക്തിയൊന്നും എനിക്കു മനസ്സിലായില്ല. കണ്ണീരൊഴുക്കുന്ന കുറെ സ്ത്രീകൾ കൂട്ടത്തോടെ ഗവർണർ ജനറൽ പരമാരയെ നമസ്കരിക്കുന്നക്കുന്ന ഫോട്ടോ പത്രത്തിൽ വന്നു. എന്നും മദ്യപിച്ചുവരുന്ന ഭർത്താക്കന്മാരുടെ തല്ലു കൊണ്ടിരുന്നവരാണ് ഈ പാവപ്പെട്ട സ്ത്രീകളെന്ന് അമ്മ പറഞ്ഞുതന്നു.
പട്ടിപിടുത്തക്കാർ
അലഞ്ഞുതിരിയുന്ന പട്ടികൾക്കെതിരെയും നാത്സിസർക്കാരിന്‍റെ ബോധവൽക്കരണം നടന്നു. പേയും മറ്റു രോഗങ്ങളും പരത്തുന്ന അവയെ ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്ന് ആളുകൾക്കു മനസ്സിലായി. കഴുത്തിൽ ബെൽറ്റില്ലാത്ത പട്ടികളെ മുനിസിപ്പൽ ജോലിക്കാർ പിടിച്ചുകൊണ്ടുപോകും എന്നു മുൻപൊക്കെ പറയുന്നതു കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഏതെങ്കിലും പട്ടിയെ അങ്ങനെ പിടിച്ചുകൊണ്ടുപോയതായി അറിവില്ലായിരുന്നു. എന്നാൽ, സർക്കാർ നിർദ്ദേശത്തെത്തുടർന്ന് മുനിസിപ്പാലിറ്റി ആ നിയമം കർശനമാക്കി.
സ്കൂളിന്‍റെ പുറകു വശത്ത്, മീൻചന്തയുടെയും ഇറച്ചിക്കടയുടെയും ഭാഗത്തൊക്കെ ധാരാളം തെണ്ടിപ്പട്ടികൾ ഉണ്ടായിരുന്നു. ഞങ്ങൾ ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് കൂട്ടത്തോടെ നടക്കാൻപോകുമ്പോൾ മിണ്ടാതെ കിടക്കുമെങ്കിലും ഒറ്റയ്ക്കെങ്ങാനും ആ വഴിയ്ക്കു പോയാൽ അതുങ്ങൾ കുരച്ചുകൊണ്ടു പുറകേ വരും. ചന്തയില്ലാത്ത ദിവസങ്ങളിൽ അവയെപ്പേടിച്ച് പെണ്ണുങ്ങളും പിള്ളേരുമൊന്നും കൂട്ടമായിട്ടുപോലും ആ വഴിയ്ക്കുപോകാറില്ലായിരുന്നു. സെക്കൻഡ് ഷോ കഴിഞ്ഞ് ഒറ്റയ്ക്കു തിരിച്ചുവരുന്ന ഒരാളെ ഈ പട്ടികൾ ആക്രമിച്ചതായും ഒരു പറമ്പില്‍ക്കയറി പശുക്കുട്ടിയെ കടിച്ചുകീറിയതായും കേട്ടു. ഇറച്ചിയുടെയും മീനിന്‍റെയും അവശിഷ്ടങ്ങൾക്കു പുറമേ കാപ്പിക്കടകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള എച്ചിലും കൊണ്ടുവന്നു തള്ളിയിരുന്നത് ചന്തക്കടവ് എന്നു വിളിയ്ക്കുന്ന തോടിന്‍റെ ഭാഗത്തായിരുന്നു. ഈ ഉച്ഛിഷ്ടം തിന്നാണു പട്ടികൾ പെരുകുന്നത് എന്ന് എല്ലാവരും പറഞ്ഞു.
സ്കൂളിലെ പിള്ളേർ ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ക്ലാസു തുടങ്ങുന്നതിനു മുൻപുള്ള സമയത്ത് പുറത്തൊന്നും അലഞ്ഞുതിരിയരുതെന്നു നിയമമുണ്ടായിരുന്നു. ഗ്രൗണ്ടിൽ കളിയ്ക്കുകയോ, ക്ലാസിലിരുന്നു വല്ലതും പഠിക്കുകയോ, തോട്ടത്തിൽ പണിയെടുക്കുകയോ ചെയ്തുകൊള്ളണം എന്നായിരുന്നു ഹെഡ്മിസ്ട്രസ്സ് ചിരവയുടെ ഉത്തരവ്. എന്നിട്ടും ഞങ്ങൾ പലപ്പോഴും സാറന്മാരുടെ കണ്ണുവെട്ടിച്ച് ചന്തയിലും ചന്തക്കടവിലും കറങ്ങിനടന്നു.
ഒരു ദിവസം ഞാനും ദിലീപും ഞങ്ങളുടെ ക്ലാസിലുള്ള ഗോപകുമാർ, മണിക്കുട്ടൻ, ജിജു എന്നീ കുട്ടികളും തോട്ടിൻകരയിലിരിക്കുമ്പോൾ പെട്ടെന്ന് ഒരു ചെമ്പൻ പട്ടി മരണവേഗത്തിൽ ഞങ്ങളുടെ നേരെ ഓടിവന്നു. ‘അയ്യോ, പേപ്പട്ടി!’ എന്ന് ആരോ വിളിച്ചുപറഞ്ഞു. കറുത്ത് എല്ലിച്ച ഒരു ചെറുപ്പക്കാരൻ റോഡരികിലെ കമ്യൂണിസ്റ്റുകാടിനിടയിൽനിന്ന് പുറത്തു ചാടിയത് അപ്പോഴാണ്. അയാൾ പട്ടിയുടെ പുറകേ ഓടിവരികയായിരുന്നു. പട്ടി ഞങ്ങളെക്കടന്ന്, തോട്ടിൻകരയിലെ ഇടുങ്ങിയ വഴിയിലൂടെ അതിവേഗം ഓടി. അതിന്‍റെ തുറന്ന വായിൽനിന്ന് ഒരു ശബ്ദവും പുറത്തുവന്നില്ലെങ്കിലും കാലിലെ നഖങ്ങൾ റോഡിൽ ഉരയുന്ന ശബ്ദം വ്യക്തമായിക്കേട്ടു. ഒരു പട്ടി ഇത്രയും വേഗത്തിൽ ഓടുന്നതും മനുഷ്യൻ പട്ടിയെ ഓടിയ്ക്കുന്നതും ആദ്യമായിട്ടായിരുന്നു ഞാൻ കാണുന്നത്. അധികദൂരം എത്തുന്നതിനു മുൻപുതന്നെ ചെറുപ്പക്കാരൻ ഓടി അതിന്‍റെ കൂടെയെത്തി. അയാളുടെ കൈ ഉയർന്നുവീശിയതും ചുവന്ന ഇലക്ട്രിക് വയർ കൊണ്ടുണ്ടാക്കിയ കുരുക്ക് അന്തരീക്ഷത്തിൽ മിന്നിയതും ഒരുമിച്ചായിരുന്നു. മുമ്പോട്ടോടിക്കൊണ്ടിരുന്ന പട്ടി ബ്രെയ്ക്കിട്ടതുപോലെ നിശ്ചലമായി. അടുത്ത നിമിഷംതന്നെ അതു തോട്ടിലേക്കു തെന്നി. കുരുക്ക് അതിന്‍റെ കഴുത്തിൽ മുറുകിയിരിക്കുന്നതു ഞങ്ങൾ കണ്ടു. വെള്ളത്തിൽച്ചെന്നു തൊടുന്നതിനുമുമ്പുതന്നെ കുരുക്കിൽപ്പെട്ട ആ ജന്തു മുകളിലേക്കു വീണ്ടും ഉയർന്നു. അന്തരീക്ഷത്തിലെ അദൃശ്യമായ ഒരറയിലെന്നപോലെ തടങ്കലിലായ അതിന്‍റെ ശരീരം അല്‌പസമയം ശക്തിയായി പിടച്ചിട്ട് തോട്ടുവക്കത്തെ സിമന്‍റുഭിത്തിയിലടിച്ചു നിശ്ചലമായി.
ചുവന്ന വയർ പിടിച്ചുവലിച്ച് ചെറുപ്പക്കാരൻ പട്ടിയെ കരകയറ്റി. കുരുക്കഴിക്കാതെതന്നെ അയാൾ നടക്കാന്‍തുടങ്ങി. വയറിന്‍റെ മറ്റേ അറ്റത്തു ചത്തുകിടന്ന പട്ടി കണ്ണുതുറിച്ച്, നാക്കുനീട്ടി, മണ്ണിൽ ഇഴഞ്ഞുകൊണ്ട് അയാളെ പിന്തുടര്‍ന്നു. ചന്തയ്ക്കു നേരെ നടന്നുവന്ന അയാളെ ഭീതികലര്‍ന്ന ആരാധനയോടെ ഞങ്ങൾ നോക്കിനിന്നു. ചുരുണ്ട മുടിയും തീക്ഷ്ണമായ കണ്ണുകളുമുള്ള ആ ചെറിയ മനുഷ്യൻ മുഷിഞ്ഞ വെള്ളവസ്ത്രങ്ങൾ ധരിച്ചിരുന്നു. ചെരുപ്പുപോലും ഇടാതെയായിരുന്നു അയാൾ ആ ഓട്ടമൊക്കെ ഓടിയത്. കുറ്റാന്വേഷണനോവലുകളിൽ കണ്ടിരുന്ന ‘അജ്ഞാതൻ’ എന്ന വാക്ക് എനിക്കോര്‍മ്മവന്നു. ഓവര്‍കോട്ടും തൊപ്പിയും ധരിച്ച ആജാനുബാഹുക്കള്‍ക്കല്ല, പൊക്കംകുറഞ്ഞ് എല്ലിച്ച ശരീരമുള്ള ഈ കറുത്ത മനുഷ്യനായിരിക്കും ആ പേര് കൂടുതൽ ചേരുക എന്നു തോന്നിപ്പോയി.
“പട്ടിപിടുത്തക്കാരനാ,” ഞങ്ങളുടെ കൂട്ടത്തിൽ ആരോ പറഞ്ഞു.
തൊഴിലില്ലായ്മയെന്നും പറഞ്ഞ് അലഞ്ഞു നടക്കുന്ന ചെറുപ്പക്കാരോട് പട്ടിപിടുത്തം തൊഴിലാക്കിക്കൂടേ എന്ന് ഗവർണ്ണർജനറൽ പരമാര ചോദിച്ച വാർത്ത ആയിടെ പത്രത്തിലുണ്ടായിരുന്നു. തൊഴിലില്ലാത്തവർക്കു തൊഴിലും വരുമാനമാർഗ്ഗവുമായി, നാടിന് പട്ടിശല്യവും ഒഴിവായി.
“ഒരു പട്ടിയ്ക്ക് അഞ്ചുരൂപയാ സർക്കാര് പുരസ്കാരം കൊടുക്കുന്നത്,” ദിലീപ് പറഞ്ഞു. “പേപ്പട്ടിവിഷം ചികിത്സിക്കാനുള്ള അമ്പതുരൂപയാ ആ അഞ്ചുകൊണ്ട് ലാഭിക്കുന്നതെന്നാ ഗവർണ്ണർജനറല് പറയുന്നത്. ഇയാളുടെ കഴിവുകണ്ടിട്ട് ഒരു നൂറു പട്ടിയെങ്കിലും പിടിച്ചിട്ടുള്ള ലക്ഷണമുണ്ട്. അപ്പം, രൂപാ അഞ്ഞൂറായില്ലയോ?”
ആ പട്ടിപിടുത്തക്കാരനെ പിന്നെ ഞാൻ കണ്ടിട്ടില്ല. എന്നാൽ, ചുരുണ്ട മുടിയും കറുത്ത നിറവും ഇരതേടുന്ന നോട്ടവുമുള്ള അത്തരം അജ്ഞാതരെ അക്കാലത്തൊക്കെ പലയിടത്തും കണ്ടിരുന്നു. അവരും പട്ടിപിടുത്തക്കാരായിരിക്കുമെന്നും അവരുടെ മടിയിലും കുരുക്കിട്ട ഒരു വയർ ഉണ്ടായിരിക്കുമെന്നും ഞാൻ സംശയിച്ചു.
പട്ടിപിടുത്തക്കാരുടെ കഥകള്‍കൊണ്ടു സമ്പന്നമായിരുന്നു ആ വൃശ്ചികം-ധനു മാസങ്ങൾ. എവിടെയൊക്കെ പട്ടിവേട്ടക്കാർ ഇറങ്ങിയെന്നും എത്രയെണ്ണത്തെ പിടിച്ചെന്നും കുട്ടികൾ കണക്കെടുക്കുകയും തര്‍ക്കിക്കുകയും ചെയ്തു. സ്വന്തം ജീവൻ പണയംവെച്ചുപോലും പട്ടികളെ കുടുക്കിലാക്കിയ അവരുടെ സാഹസങ്ങളെക്കുറിച്ചും, പട്ടിശ്ശവങ്ങൾ നിറച്ച മുനിസിപ്പാലിറ്റിവണ്ടികളെക്കുറിച്ചും, തെണ്ടിപ്പട്ടികളോടു കനിവുതോന്നി അവയെ വീട്ടിൽ ഒളിപ്പിച്ച സാമൂഹ്യവിരുദ്ധരെക്കുറിച്ചും കഥകൾ പ്രചരിച്ചു. അലഞ്ഞുനടക്കുന്ന പട്ടികളെ തീരെ കാണാതായി.
വിദഗ്ദ്ധരായ ഇത്രയേറെ വേട്ടക്കാർ ഇത്രപെട്ടെന്ന് എവിടെനിന്നു വന്നു എന്നു ഞാൻ അത്ഭുതപ്പെട്ടു. ഇത്തരത്തിൽ ഒരു സര്‍ക്കാർപരിപാടി വരാനിരിക്കുന്നു എന്ന അറിവോടെ, കളിത്തട്ടുകളിലും കലുങ്കുകളിലുമിരുന്ന് തത്വങ്ങൾ പഠിക്കുകയും തന്ത്രങ്ങൾ കൈമാറുകയും ചെയ്യുകയായിരുന്നിരിക്കുമോ ഇവർ? പകല്‍സമയത്തു ശൂന്യമാകുന്ന അമ്പലപ്പറമ്പുകളിലും പറങ്കിമാന്തോട്ടങ്ങളിലും ചുറ്റിനടന്ന് പട്ടിപിടുത്തം പരിശീലിക്കുന്ന ചെറുപ്പക്കാരുടെ ദൃശ്യങ്ങൾ ഞാൻ മനസ്സിൽ കണ്ടു.