White Crow Art Daily

പട്ടേലും പട്ടാളക്കാരും ഞാനും

FbNotes / ജി.ആര്‍.സന്തോഷ്കുമാര്‍

പട്ടേലും പട്ടാളക്കാരും ഞാനും

പണ്ടുപണ്ടാണ്. നഗരത്തിനുപുറത്ത് ഒരു ഈവെനിംഗ് ക്ലിനിക്കില്‍ ജോലിചെയ്യുന്ന സമയം. തനി നാട്ടിന്‍പുറം. ഉച്ചമുതല്‍ രോഗികള്‍ വന്നുതുടങ്ങും. ആദ്യം നാട്ടിലെ പ്രമാണിമാര്‍. പിന്നെ വെയിലാറി തുടങ്ങുമ്പോള്‍ സുന്ദരിമാര്‍. അതിനുശേഷം പുരുഷമാരായ രോഗികള്‍. അന്ന് ഞാനൊരു സുമുഖനും കോമളനും സര്‍വ്വോപരി മാന്യനുമാണ്. സുന്ദരിമാര്‍ക്കെല്ലാം വലിയ സന്തോഷമായി. അവരുടെ കൂട്ടായ പ്രചരണ പരിപാടികളുടെ ഭാഗമായി ഡോക്ടര്‍ പെട്ടെന്ന് പ്രസിദ്ധനായി തീര്‍ന്നു. അങ്ങനെ ആശുപത്രിയില്‍ വലിയ തിക്കും തിരക്കും. രോഗികളെയെല്ലാം നോക്കിത്തീരുമ്പോള്‍ രാത്രി 10 മണി കഴിയും. ചില ദിവസങ്ങളില്‍ അതിലും താമസിക്കും. എന്‍റെ പഴയ വെസ്പയില്‍ കയറി വീട്ടിലെത്തുമ്പോള്‍ പലപ്പോഴും അര്‍ദ്ധ രാത്രിയാവും. ഒരു മിലിട്ടറി ക്യാമ്പിനുള്ളിലൂടെയുള്ള റോഡുവഴിയാണ് വിട്ടിലെത്തേണ്ടത്. റോഡ്‌ സുരക്ഷിതം. സ്റ്റൈലായി വണ്ടിയോടിക്കാം. പട്ടാളക്കാരെ പേടിച്ചു എലികള്‍ പോലും റോഡിലിറങ്ങില്ല. നായ്ക്കളുടെ കാര്യം പറയാനുമില്ല.

motorino-scooter-metal-wall-sculpture-[3]-13791-p
അങ്ങനെ ഒരു ദിവസം വെസ്പ പട്ടാളക്കാരുടെ ബാരക്കുകള്‍ കടന്നു മൈതാനത്തിനരികിലൂടെ മുന്നോട്ടുപോവുകയാണ്. റോഡിന്‍റെ മറു വശത്ത് പുല്‍മേടുകളാണ്. മുകളിലേക്ക് നോക്കിയപ്പോള്‍ അലക്കിതേച്ച ആകാശം. ചറപറ നക്ഷത്രങ്ങള്‍. ഭയങ്കരമായ സൌന്ദര്യബോധം തലയ്ക്കു പിടിച്ചതിന്‍റെ ഭാഗമായി ഉഗ്രന്‍ മൂത്രശങ്ക വന്നു. ആകാശം നോക്കി മൂത്രമൊഴിച്ചിട്ട് എത്ര നാളായി എന്നോര്‍ത്ത് ആവേശപൂര്‍വ്വം വെസ്പ സ്റ്റാന്‍റ്റില്‍ നിറുത്തി പുല്‍മേട്ടിലേക്ക് തിരിഞ്ഞത് മാത്രമേ ഓര്‍മ്മയുള്ളു. നാലു ഭാഗത്തു നിന്നും വിസിലടിയും ഹിന്ദിയില്‍ അട്ടഹാസവും. ചീത്തവിളി ഏതു ഭാഷയില്‍ കേട്ടാലും പെട്ടെന്ന് മനസ്സിലാവും . അങ്ങനെ, വന്ന മൂത്രം മുകളിലേക്ക് കയറി തലയിലൂടെ ആവിയായിപ്പോയി. മൈതാനത്തിനടുത്ത് മെയിന്‍ റോഡിനോട് ചേര്‍ന്നും കാവലുണ്ടെന്ന് ആരറിഞ്ഞു! ഇതാണ് പട്ടാളക്കാരന്‍റെ ജാഗ്രത. അത് സമ്മതിക്കണം. രാജ്യത്തിന്‍റെ നാലുചുറ്റും പട്ടാളക്കാര്‍ കാവല്‍ നില്ക്കു കയാണെന്ന് പറയുന്നു. സംശയം തോന്നുന്നവരെയൊക്കെ കൈയ്യോടെ പിടിക്കും. വേണ്ടിവന്നാല്‍ വെടിവെയ്ക്കും. എന്നിട്ടും എങ്ങനെയാണ് ഉര്‍ജിത് പട്ടേല്‍ നുഴഞ്ഞുകയറി റിസര്‍വ്വ് ബാങ്കിന്‍റെ ഗവര്‍ണ്ണരായത് എന്നതാണ് ചോദ്യം.

demonetisation-santhosh

പാര്‍ലമെന്‍റ്റിന്‍റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കടുത്ത മൌനവൃതം പാലിച്ചു നുഴഞ്ഞുകയറ്റങ്ങളുടെ താല്‍പര്യങ്ങളെ പാട്ടീല്‍ പരിരക്ഷിച്ചു. ഇന്ത്യന്‍ ജനാധിപത്യം ക്ഷോഭിച്ചു കാണിച്ചു. പട്ടേലിന് എനീമ കൊടുത്തു നോക്കി. ഒരു മാറ്റവും സംഭവിച്ചില്ല. ഇങ്ങനെ പെട്ടെന്ന് ‘മറവിരോഗം’ ബാധിച്ച ഒരു മനുഷ്യന്‍റെ തോളിലേക്കാണ് ഇന്ത്യന്‍ ബാങ്കിംഗ് സമ്പത്ത്ഘടനയെ എടുത്തു വെച്ചിരിക്കുന്നത്‌. ആരാണ് ഈ അന്യായം ചെയ്തിരിക്കുന്നത്? ഇന്ത്യന്‍ പാര്‍ലമെന്‍റ്റിന്‍റെ ആധികാരികമായ കമ്മറ്റിക്ക് പോലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍, ഇന്നത്തെ നിലയില്‍ ചിന്തിക്കുമ്പോള്‍ ഇത് ‘പാകിസ്ഥാ’ന്‍റെ പണിയാണന്നേ പറയാന്‍ കഴിയൂ. ന്യായമായും ഉര്‍ജിത് പട്ടേലിനെ പാകിസ്ഥാനിലേക്ക് കയറ്റി അയക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടേണ്ടതാണ്.

പക്ഷെ അദ്ദേഹത്തെ അവര്‍ ഇന്ത്യന്‍ ധനമന്ത്രിയാക്കാന്‍ പോലും മടിക്കില്ല. അതൊരു ഭയങ്കര രഹസ്യമാണ്. പെട്ടെന്ന് മറവിയും ഓര്‍മ്മ യില്ലായ്മയും ഉണ്ടാകുന്നവരെ പ്രധാനമന്ത്രി വരെയാക്കുന്ന കീഴ്വഴക്കമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഗുജറാത്ത്‌ മുഖ്യമന്തിക്ക് തുടര്‍ച്ച യായി മൂന്ന് ദിവസമാണ് മറവിരോഗം പിടിപെട്ടത്‌. തന്‍റെ മന്ത്രിസഭയില്‍ തൊട്ടടുത്തിരിക്കുന്ന ഡോ: മായകൊട്നാനി ചെയ്തുകൂട്ടിയ പരാക്രമങ്ങള്‍ ഓര്‍മ്മക്കേടുകൊണ്ട് അദ്ദേഹത്തിന് അറിയാന്‍ പോലും കഴിഞ്ഞില്ല. പക്ഷെ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും കാണിച്ച ആവേശം ഓര്‍മ്മയുണ്ടല്ലോ. അങ്ങനെ സകല സ്ഥലത്തും ഒന്നാംതരം മറവിക്കാര്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ആരാണ് ഈ പണി ചെയ്യുന്നത്? ഇത് ആരക്കാണ് ഗുണം ചെയ്യുന്നത്? ഇന്ത്യ മഹാരാജ്യത്തിനോ? അതോ ‘പാകിസ്ഥാ’നോ? നാം ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

reverse
ഇത്രയും പറയാന്‍ കാര്യം, ഇന്ന് ജോലിയും കഴിഞ്ഞു ബസ്സില്‍ മടങ്ങിവന്നത് മിലിട്ടറി ക്യാമ്പിനുള്ളിലൂടെയാണ്. പുറത്തേക്ക് നോക്കിയപ്പോള്‍ പഴയത് പോലെ അലക്കിതേച്ച ആകാശം. ചറപറ നക്ഷത്രങ്ങള്‍. സൌന്ദര്യബോധം തോന്നിയെങ്കിലും മൂത്രശങ്ക ഒട്ടും വന്നില്ല. മൈതാനത്തിനെതിരെ പുല്‍മേട്ടില്‍ പട്ടാളക്കാര്‍ ജാഗ്രതയോടെ കാവലിരുപ്പുണ്ടാവും. ‘ സുഹൃത്തുക്കളെ, പട്ടാളക്കാരെ, എത്ര വ്യര്‍ത്ഥമാണ് ഈ ഇരിപ്പ് ‘ എന്ന് വിളിച്ചുപറയാന്‍ തോന്നി. നിങ്ങള്‍ ആരെയാണ് ഇനിയും നോക്കിയിരിക്കുന്നത്? നുഴഞ്ഞു കയറ്റക്കാരെല്ലാം സകലയിടത്തും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.. ഇനി ആരെ ആരില്‍ നിന്നാണ് നിങ്ങള്‍ രക്ഷിക്കാന്‍ പോകുന്നത്?

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് MBBS. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും.തിരുവനന്ത പുരത്ത് മെഡിക്കല്‍ ...