White Crow Art Daily

പത്തിരി ചുടുന്ന പെണ്ണുങ്ങൾ

“അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും” എന്ന പാട്ട് കേൾക്കുമ്പോഴൊക്കെ ഞാൻ എന്റെ കുട്ടിക്കാലത്തേക്കോടി പോവും. കുന്നിൻ മുകളിലെ ഒറ്റവീട് എന്ന് എവിടെയോ എഴുതി അടയാളപ്പെടുത്തിയ ആ പഴയ വീട്ടിലെത്തും. അന്ന് അയൽവാസികളിൽ ഏറിയ പങ്കും മുസ്ലീങ്ങളായിരുന്നു. മുസ്ലീങ്ങളെന്ന് പറഞ്ഞാൽ പോര -മുസ്ലീം സ്ത്രീകളെന്നു പറയണം. പുരുഷ പ്രജകളെല്ലാം തന്നെ അങ്ങ് പേർഷ്യേലായിരുന്നു. ഞങ്ങൾ മലപ്പുറംകാർ അങ്ങനെയാണ് അല്ലെങ്കിൽ ആയിരുന്നു. ‘പറക്കമുറ്റിയാൽ പേർഷ്യേലേക്കെന്നായിരുന്നു മുദ്രാവാക്യം. മുള്ളൻപഴം തിന്ന്, കുട്ടി ട്രൌസറിട്ട് പഠിക്കാതെ നടക്കുന്ന മാപ്ല ചെക്കന്മാരെ നോക്കി അസൂയപ്പെടുമ്പോൾ അച്ഛൻ പറയും – “അവനെയൊക്കെ കണ്ടോ – പത്ത് വർഷം കഴിയുമ്പോൾ ‘ലീവിന് വരുവാ’ന്ന് പറഞ്ഞ് കാണാം. തട്ടമിട്ടൊരു പെണ്ണിനേം കെട്ടി വരവ് പോക്കുകളിൽ മൂന്നോ നാലോ കുട്ട്യോളേം ഉണ്ടാക്കി ഒടുവിൽ ‘സിദ്ദിഹാ’ന്നോ ‘മദീനാ’ന്നോ പേരുള്ള റസ്റ്റോറന്റിന്റെയോ പലചരക്ക് കടയുടെയോ മുതലാളിയായങ്ങനെ…”

തൊട്ട് താഴെയുള്ള ആലി ഉപ്പൂപ്പയുടെ വീട്ടിൽ ആണുങ്ങളാരും തന്നെയുണ്ടായിരുന്നില്ല. ഒരു ഉമ്മ, കുട്ടികളുള്ളതും ഇല്ലാത്തതുമായ മൂന്ന് മരുമക്കൾ, രണ്ട് കുട്ടികൾ ..പിന്നെയുമാരൊക്കെയോ. പ്രവാസിയുടെ ഭാര്യയായാൽ എങ്ങനെയിരിക്കുമെന്ന് അന്നേ ഞാൻ കണ്ട് മനസ്സിലാക്കിയിരുന്നു .ഒരു വീട്ടിൽ പത്തിരി ചുട്ട് കൂട്ടി, കോഴിക്കറിയുടെ എരിവ് നോക്കി, മീൻ മുറിച്ച് വറുത്ത്, തുണി കഴുകിയുണക്കി, ഉമ്മാടെ കാൽ തിരുമ്മി, കത്ത് കാത്തിരുന്ന്, ഫോണിലേക്ക് കാത് കൂർപ്പിച്ച് അങ്ങനെ. ‘ശ്ലോ’ന്നുള്ള മാക്സിയിൽ എല്ലാം ഒതുക്കി ഉമ്മറത്ത് നിന്ന് അടുക്കളയിലേക്കും അടുക്കളയിൽ നിന്ന് കിടപ്പ് മുറിയിലേക്കും നടത്തമാവുന്ന ഒരു പറ്റം പെണ്ണുങ്ങൾ. ഇങ്ങനെ ഒതുക്കി പിടിച്ചൊതുക്കി പിടിച്ച് മടുത്ത് ഒടുവിലൊരു ദിവസം ഓരോ വീടും കുപ്പായമിട്ട് പുറത്തേക്കിറങ്ങും എന്ന് എനിക്ക് തോന്നിയിരുന്നു. പ്രവാസികൾ മറ്റ് പലതിനോടൊപ്പം ഇവിടെ ബാക്കിയാക്കി പോകുന്ന ഭാര്യമാർ എന്നും നൊമ്പരമുണർത്തിയിരുന്നു. “ജീവിക്കണ്ടേ !” എന്ന ഒറ്റ വാക്കിൽ ഇരുപതോ മുപ്പതോ കൊല്ലക്കാലത്തെ പ്രവാസത്തെ അവർ എളുപ്പത്തിൽ പൊതിഞ്ഞ് വെയ്ക്കും. ‘നിനക്കും കുട്ട്യോൾക്കും വേണ്ടിയല്ലേ ഇതൊക്കെ ‘എന്ന് പുല്ത്തകിടിയുള്ള മുറ്റത്ത് നിന്ന് സ്വപ്നസദൃശമായ വീട്ടിലേക്ക് വിരൽ ചൂണ്ടും. ഭാര്യമാർ ചിരിക്കും…ചിരിച്ചു കൊണ്ടേയിരിക്കും.

പലപ്പോഴും പ്രവാസം നിർബന്ധിതമാണ്. അതിനെ ചേർന്ന് വരുന്ന ഒറ്റപ്പെടലും. ഓരോ പെണ്ണും ഈ ഒറ്റപ്പെടലിനെ തന്റേതായ ഭാഷയിൽ വ്യാഖ്യാനിക്കും.

ഇല്ലാതാകുന്നത് അഥവാ നിഷേധിക്കപ്പെടുന്നത് എന്തൊക്കെയാണ് ?

നീണ്ട മുപ്പത് കൊല്ലം പ്രവാസിയുടെ ഭാര്യ എന്ന പദവി അലങ്കരിച്ച ആലി ഉപ്പൂപ്പയുടെ ഭാര്യ ഇങ്ങനെ പറയും – “സുബഹ് തൊട്ട് ഇഷാഹ് നിസ്കാരം വരെ നീളുന്ന ദിവസങ്ങളിൽ ഓര് അടുത്ത് വേണംന്ന് തോന്നീരുന്ന ചെല നേരങ്ങളുണ്ട്. മതിലിനടുത്തുള്ള വരിക്കപ്ലാവിന്റെ മധുര ചക്ക തിന്നുമ്പോ ഓരെ ഓർത്ത് കരഞ്ഞിട്ടുണ്ട്. പേറ്റ് നോവടുക്കുമ്പോ, പെറ്റു കിടക്കുമ്പോ, നല്ലോണം പയ്ക്കുമ്പോ, ബിരിയാണി കയിച്ച് പള്ള വീർത്ത് മുട്ടുമ്പോ …ഒക്കെ ഓര് അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നീട്ട്ണ്ട്”

മുഖ്യ പ്രശ്നം സാമിപ്യം തന്നെയാണെന്ന് തോന്നുന്നു. എപ്പോഴുമില്ലെങ്കിലും എപ്പോഴെങ്കിലുമൊക്കെ ഉമ്മറത്തേയ്ക്ക് നോക്കുമ്പോൾ ചാരുകസേരയിൽ ഉണ്ടായിരുന്നെങ്കിലെന്ന്, മുണ്ട് മാടികുത്തി തൊടിയിലൂടെ നടക്കുന്നുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചേക്കാം. പല തരം വേദനകളിലൂടെ ശരീരവും മനസ്സും കടന്ന് പോവുമ്പോൾ “ടീ”ന്നു വിളിച്ചൊന്നു തൊള്ളയിടാനെങ്കിലും അവനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയേക്കാം.

തിക്കിലും തിരക്കിലും ബഹളത്തിലും പെട്ട് ‘ഇടം’ ഇല്ലാതായി പോകുന്ന സ്ത്രീയെയാണ് പിന്നീടവർ പിന്നീടവർ വരച്ച് കാട്ടിയത്. ആരുടെയൊക്കെയോ ഇടയിൽ ആരോ ഒരാളായി ജീവിച്ചു തീർക്കുന്ന ജീവിതത്തെപ്പറ്റി ഇങ്ങനെയല്ലാതെ എങ്ങനെ പറയും! “വലിയ വീട്, പെങ്ങള്, നാത്തൂന്മാര്, അമ്മായിമാര്, അമ്മായിയമ്മ, ആരുടെയൊക്കെയോ കുട്ട്യോള്, ലീവിനെത്തുന്ന ആണുങ്ങള്.. ഇതിന്റൊക്കെ ഇടേൽ മ്മള്. ചെലപ്പോ തോന്നും ഈ വീട് മ്മളില്ലേലും ജീവിക്കുംന്ന്. ചെലപ്പോ തോന്നും ഇല്ലെന്ന്. ഒറ്റയ്ക്ക് ഒരു മൂലേലിരുന്നാലല്ലേ ചിന്തിച്ച് മക്കാറാവൂ.. അയ്നുള്ള നേരോം കാലോം ഉണ്ടാവൂല”

മറ്റൊരു വലിയ ഘടകം സെക്സ് ആണ്. കത്ത് പാട്ടിലെ പെണ്ണ് ഇങ്ങനെ പാടുന്നു ..
“മധുരം നിറച്ചൊരെൻ മാംസ പൂവമ്പഴം
        മറ്റാർക്കും തിന്നാൻ കൊടുക്കില്ലൊരിക്കലും
        മരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലും
        മലക്കല്ല ഞാൻ ,പെണ്ണെന്നോർക്കേണം നിങ്ങള് ”

കടയുന്ന ഇടങ്ങളെ കുറിച്ച് പറഞ്ഞത് മെഹ്രു താത്തയാണ്. “രാത്രീല് കെടക്കുമ്പോ ഒരു പൊരിച്ചിലുണ്ട്. ഇപ്പോഴൊക്കെ ഫോണുണ്ട്, നെറ്റുണ്ട്.. ഉമ്മാടെ കാലത്തൊക്കെ എന്താര്ന്ന് സ്ഥിതി !” ഗൾഫുകാരന്റെ ഭാര്യ സമൂഹത്തിന്റെ കണ്ണിൽ വിശന്ന് നടക്കുന്നവളാണ്. “എത്ര പയ്ച്ചാലും ആട്ടിന്കാട്ടം തിന്നാൻ പറ്റ്വോ …”അവർ  ചോദിക്കുന്നു.

ഇരട്ടിയാവുന്ന ഉത്തരവാദിത്വങ്ങളാണ് ചിലരെ വലയ്ക്കുന്നത്. അമ്മ(മാർ), അച്ഛൻ(മാർ), കുട്ടികൾ, അവരുടെ സ്കൂൾ, വണ്ടി, ജോലി, യാത്രകൾ, കല്യാണങ്ങൾ …..ഇങ്ങനെ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്ന പലതും. “ഈ കാശ് കൈകാര്യം ചെയ്യുന്ന കാര്യം വല്യ ബുദ്ധിമുട്ടാണ്. അങ്ങോട്ട്‌ വെച്ച്, ഇങ്ങോട്ട് വെച്ച് ..അവസാനം അയച്ച പൈസയൊക്കെ എവിടേന്നൊരു ചോദ്യോം” പത്ത് കൊല്ലമായി പ്രവാസിയുടെ ഭാര്യയായിരിക്കുന്ന സജിത ചേച്ചിയുടെ വാക്കുകൾ.

ഇതൊക്കെ ഇങ്ങനെ ആയിരിക്കേ -ചെറിയ ചില ആനന്ദങ്ങൾ ഇവരനുഭവിക്കുന്നില്ലേയെന്ന് സംശയിക്കാം. “അടുക്കളയിൽ കയറി ഒരുപാടങ്ങ്‌ കുത്തിമറിയണ്ട” “ഒറ്റയ്ക്കിരിക്കാം, നടക്കാം, കിടക്കാം” “കള്ള് മോന്തുന്നത് കണ്ടോണ്ടിരിക്കണ്ട “-അങ്ങനെ പോവും അഭിപ്രായങ്ങൾ .

പ്രവാസിയും പ്രവാസിയുടെ ഭാര്യയും മറ്റെന്തിനെയും പോലെ മാറിയിരിക്കുന്നു എന്ന് ഞാൻ എന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. അടുക്കളയ്ക്കപ്പുറത്ത് എന്തൊക്കെയുണ്ടെന്ന് ഇന്ന് ഞങ്ങൾക്കറിയാം. ഞങ്ങളിലാരും തന്നെ ഒറ്റപ്പെടലിനെ കുറിച്ച് വാതോരാതെ സംസാരിച്ചെന്ന് വരില്ല. കൂട്ടത്തിൽ കൂടി, കൂട്ട് കൂടി ഞങ്ങൾക്ക് ശീലമായിരിക്കുന്നു. അതിരുകളറിയില്ലെങ്കിലും തങ്ങൾ സ്വതന്ത്രരാണെന്ന ചെറുതല്ലാത്ത ബോധം ഓരോ പെണ്ണിനുമുണ്ട്. അമ്മായിമാരുടേം
നാത്തൂന്മാരുടേം ഇടയിൽ ‘ഒരുവൾ’ അല്ല അവളിന്ന്. പലരും പ്രവാസിയുടെ ഭാര്യ എന്ന പദവി ഉപേക്ഷിച്ച് പ്രവാസിയാകുന്നു. ഫ്ലാറ്റുകളിലിരുന്ന് കുട്ടികളോട് വല്ല്യുമ്മ പത്തിരി ചുട്ട കഥ പറയുന്നു. പത്തിരികൾ ചുട്ട് കൂട്ടിയ അടുക്കളകളിലേക്കുള്ള ദൂരം മനസ്സിൽ അളന്നിടുന്നു.