പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രവാസി വോട്ട്
വ്യക്തികള്‍ക്ക് മറവിരോഗം വരാം, എന്നാല്‍ ചരിത്രം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തന്നെ മറന്നുപോയാലോ? ലോകം മാറ്റി മറിച്ച രണ്ടുപേരുടെ, ഗാന്ധിജിയുടേയും കാള്‍ മാര്‍ക്സിന്റേയും പ്രവാസജീവിതം, അതിന്റെ സഹനവും സമരവും ഓര്‍മ്മിപ്പിക്കല്‍ ഇപ്പോള്‍ ഒരടിയന്തിര ആവശ്യമായിരിക്കുന്നു.
1893- ല്‍ എം.കെ ഗാന്ധി ദക്ഷിണാഫ്രിക്കയിലെത്തുന്നത് ഗുജറാത്തി വ്യാപാരി അബ്ദുള്ള സേട്ടിന് മറ്റൊരു കച്ചവടക്കാരന്‍ തയ്ബ് സേട്ടില്‍ നിന്ന് കിട്ടാനുള്ള നാല്‍പ്പതിനായിരം പവന്റെ കേസ് നടത്താനായിരുന്നു. ദീര്‍ഘമായ വ്യവഹാരങ്ങളിലേയ്ക്ക് കടക്കാതെ അദ്ദേഹം കേസ് ഒത്തുതീര്‍പ്പാക്കി. ഇന്ത്യയിലേയ്ക്ക് മടങ്ങാനൊരുങ്ങിയ ഗാന്ധിയ്ക്ക് അബ്ദുള്ള സേട്ട് സിഡന്‍ഹാമില്‍ ഒരു യാത്രയയ്പ്പ് സല്‍ക്കാരമൊരുക്കി. അതിനെക്കുറിച്ച് ആത്മകഥയില്‍ ഗാന്ധിജി ഇങ്ങനെ എഴുതി-
“ ആ ദിവസം മുഴുവന്‍ അവിടെ ചെലവഴിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അവിടെക്കണ്ട ചില പത്രക്കടലാസുകള്‍ ഞാന്‍ മറിച്ചുനോക്കിക്കൊണ്ടിരിക്കെ അവയിലൊന്നിന്റെ മൂലയില്‍ ഇന്ത്യന്‍വോട്ടവകാശം എന്ന തലക്കെട്ടില്‍ ഒരു ഖണ്ഡിക കാണാനിടയായി.നെറ്റാള്‍ നിയമസഭയിലേയ്ക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ഇന്ത്യാക്കാര്‍ക്കുള്ള അവകാശം നീക്കിക്കളയുന്നതിനായി നിയമസഭയില്‍ അവതരിപ്പിച്ചിരുന്ന ബില്ലിനെക്കുറിച്ചായിരുന്നു അത്. ആബില്ലിനെപ്പറ്റി എനിക്കറിവുണ്ടായിരുന്നില്ല. അവിടെ സമ്മേളിച്ചിരുന്ന മറ്റതിഥികളും അങ്ങനെയായിരുന്നു.”
ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസം കൂടി അവിടെ തങ്ങാന്‍ ഗാന്ധി തീരുമാനിച്ചു. അത് 21 വര്‍ഷം നീണ്ടു ( 1893- 1914 ). ലോക ജനതയും ദേശങ്ങളും ഏറിയപങ്കും കൊളോണിയല്‍ ആധിപത്യത്തിനു കീഴിലായിരുന്ന അക്കാലത്തെ കുടിയേറ്റ ഇന്ത്യക്കാരുടെ അവകാശത്തിനും ആത്മാഭിമാനത്തിനുമായുള്ള സമരമാണ് പ്രവാസ രാഷ്ട്രീയത്തിന് അടിത്തറയൊരുക്കിയത്. അത് ഗാന്ധിയന്‍ രാഷ്ട്രീയാടിത്തറയുമായി. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്രൃ സമരത്തില്‍ പ്രയോഗിക്കപ്പെട്ട വിശേഷ ആയുധങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുളളതായിരുന്നു.
ഒരു നൂറ്റാണ്ട് അങ്ങനെതന്നെ കടന്നു പോയി. കൃത്യമായി പറഞ്ഞാല്‍ നൂറ്റി ഇരുപതോളം വര്‍ഷങ്ങള്‍… ഇന്നും ഇന്ത്യന്‍ പ്രവാസികള്‍ക്ക് മാതൃരാജ്യത്ത് വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരമില്ല എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൊടിയ അനീതികളില്‍ ഒന്നാണ്.ലോകത്തിലെ തന്നെ പ്രധാന പൌരാകാശ പ്രശ്നവും. മരിച്ചവര്‍ക്കൊപ്പം നാട്ടിലില്ലാത്തവരുടെ പേരുകളും വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടുകൊണ്ടിരുന്നു. ഒരു ജനാധിപത്യരാജ്യത്തിന് അങ്ങേയറ്റം അപമാനകരമായ ഈ വിഷയത്തില്‍ വഴിത്തിരിവുണ്ടാകുന്നത് 2011-ല്‍ പ്രവാസികളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതോടെയാണ്. അപ്പോഴും അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവകാശമായിരുന്നില്ല അത്. വിമാനടിക്കറ്റെടുത്ത് നാട്ടിലെ ബൂത്തിലെത്തണം എന്നായിരുന്നു നിബന്ധന. ഇതിനെതിരെ മുറവിളിയും കൂട്ടനിവേദനങ്ങളുമുണ്ടായെങ്കിലും വയലാര്‍ രവിയെപ്പോലുള്ള പ്രവാസി മന്ത്രിമാര്‍ അതൊക്കെ എംബസികളിലെ വെയ്സ്റ്റ് ബിന്നിലേയ്ക്ക് ഇട്ടു.
ഇന്ത്യക്കാരില്‍ മൂന്നിലൊരു ഭാഗം വോട്ടവകാശം വിനിയോഗിക്കുന്നില്ല. നഗരങ്ങളില്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ പിന്നെയും കൂടും. പൊതുസ്ഥിതി ഇതായിരിക്കെ പ്രവാസികളോട് വിമാനറ്റിക്കറ്റെടുത്ത് വോട്ടിംഗിനെത്താന്‍ ആവശ്യപ്പെടുന്നത് കടുത്ത പരിഹാസമാണ്. ഇന്ത്യന്‍ പ്രവാസികളില്‍ മൂന്നില്‍ രണ്ടുപേരും ജീവിതം വഴിമുട്ടി നാടുവിട്ടവരാണ്. കടുത്തദാരിദൃത്തിലും സാമ്പത്തിക പ്രതിസന്ധികളിലും ജീവിതബാധ്യതകളിലും ഉഴലുന്നവരാണ്. തെരുവ് തൂത്തും പനകയറിയും, ആടുമേച്ചും തുന്നിയും അലക്കിയും, വണ്ടിയോടിച്ചും വീട്ടുവേലകള്‍ ചെയ്തും തോട്ടം നനച്ചും മാര്‍ക്കറ്റില്‍ മീന്‍ മുറിച്ചും, എണ്ണമറ്റ തൊഴിലിടങ്ങളില്‍ പുലരുന്നവരാണ്. മറ്റൊരു പ്രധാന വിഭാഗം ലേബര്‍ ക്യാമ്പുകളില്‍ ജീവിക്കുന്ന പ്രവാസിതൊഴിലാളികളാണ്. പത്തമ്പൊതാം നൂറ്റാണ്ടിലെ കൂലിലൊക്കേഷനുകളുടെ വിചിത്രമായ തുടര്‍ച്ചയാണിത്.
പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യത്തു നിന്നുകൊണ്ട് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട്, കഴിഞ്ഞ വര്‍ഷം പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രവാസിയായ ഡോ.ഷംഷീര്‍ വി.പി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ഇത്രയും ഗൌരവമുള്ളൊരു പ്രശ്നം ഇക്കാലമത്രയും എന്തുകൊണ്ട് ഉന്നയിക്കപ്പെട്ടില്ല എന്ന് ചോദിച്ചുകോണ്ട് വോട്ടവകാശം വിനിയോഗിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും, ഭാരതസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തുടര്‍ന്നു വന്ന നിഷേധാത്മക നിലപാടില്‍ മാറ്റമുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് അഭിപ്രായം സമന്വയത്തിന് ശ്രമിച്ചു.ഇ.തപാല്‍ വോട്ട് എന്ന നിര്‍ദ്ദേശത്തിനാണ് പ്രധാന പരിഗണന ലഭിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസിയ്ക്ക് സ്ഥാനാര്‍ത്ഥിപ്പട്ടിക തീരുമാനിക്കപ്പെട്ടുകഴിഞ്ഞാല്‍ ഇ.ബാലറ്റ് അയയ്ച്ചു കൊടുക്കുകയും വ്യക്തിപരമായ ഒരു പാസ് വേഡുപയോഗിച്ച് അയാള്‍ ബാലറ്റ് ഡൌണ്‍ലോഡ് ചെയ്ത് വോട്ട് ചെയ്തശേഷം തപാലില്‍ വരണാധികാരിയ്ക്ക് അയയ്ക്കുകയും ചെയ്യുന്നതിനുള്ള നിര്‍ദ്ദേശമാണത്. ഒരു തരത്തില്‍ ഇത് തപാല്‍ വോട്ടിന് സമാനമാണ്. ബാലറ്റ് എത്തിക്കുന്നതിലെ വ്യതാസമേയുള്ളൂ .സ്ഥാനാര്‍ഥിപട്ടിക തിരഞ്ഞെടുപ്പിന് ഏറെ മുന്നേ വ്യക്തമാകും എന്നതുകൊണ്ട് പ്രവാസി വോട്ട്, നിലവിലുള്ള തിരഞ്ഞെടുപ്പ് പ്രക്രീയയില്‍ പ്രത്യേക കാലവിളംബമൊന്നും ഉണ്ടാക്കുകയുമില്ല. ഇക്കാര്യത്തില്‍ വൈകാതെ ക്യാബിനറ്റ് തീരുമാനമെടുക്കുകയും പാര്‍ലമെന്റില്‍ ഭരണഘടനാഭേദഗതി കൊണ്ടുവരികയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.
കേരളത്തില്‍ രണ്ടുദിവസം മുമ്പ്, വരാന്‍ പോകുന്ന തദ്ദേശഭരണ തിരെഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ. തപാല്‍ വോട്ട് അനിവദിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരു സര്‍വക്ഷിയോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി.മേല്‍പ്പറഞ്ഞ കടമ്പകളൊന്നുമില്ലാത്തതിനാല്‍ കേരളത്തില്‍ തന്നെ തീരുമാനിക്കാവുന്ന കാര്യം.എന്നാല്‍ ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത എ. കെ .ബാലനും. മാത്യു. ടി. തോമസും ഈ നീക്കത്തെ തുടക്കത്തിലേ എതിര്‍ത്തു. പ്രവാസികള്‍ നാട്ടില്‍ വന്ന് വോട്ടു ചെയ്യട്ടെ എന്ന നിലപാടെടുത്തു . പൊതുവികാരം പ്രവാസി വോട്ടിന് അനുകൂലമായതോടെ ഇ. തപാല്‍ വോട്ടിന്റെ സാങ്കേതികത പഠിക്കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. മാറ്റിവയ്ക്കപ്പെടുന്നവയെക്കുറിച്ച് എപ്പോഴും വരുന്ന വാര്‍ത്ത തത്വത്തില്‍ അംഗീകരിച്ചു എന്നാവും. അങ്ങനെ തന്നെ വാര്‍ത്ത വന്നു. ഐകകണ്ഠേന തീരുമാനിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. ഇടതുപക്ഷ എതിര്‍പ്പ് ഒരവിശ്വസനീയ വാര്‍ത്തയാണ്. അതിന്റെ കാരണങ്ങളും വ്യകതമല്ല.
ഗാന്ധിസത്തിനു മുന്നേ തന്നെ ലോകത്തെ സ്വാധീനിച്ച , ഇളക്കിമറിച്ച ആശയസംഹിതയാണ് മാര്‍ക്സിസം. അതിന്റെ ഊന്നലുകള്‍ മറ്റെന്തിനേക്കാള്‍ സാര്‍വദേശീയമായിരുന്നു. എന്നിട്ടും അതിനെ പിന്‍പറ്റുന്നവര്‍ക്ക് ദേശാന്തരങ്ങളിലെ മനുഷ്യജീവിതം മനസിലാവുന്നില്ലെന്ന് വരുമോ? ജര്‍മ്മനിയിലും ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഇംഗ്ലണ്ടിലുമായി ചിതറിയ അഭയാര്‍ത്ഥിജീവിതമായിരുന്നു മാര്‍ക്സിന്റേത്. 1849-ല്‍ തുടങ്ങി 1883 വരെ മാര്‍ക്സിന്റെ ഇംഗ്ലണ്ടിലെ പ്രവാസ ജീവിതം 34 വര്‍ഷം നീണ്ടു. ആ ജീവിതദുരിതം സമാനതകളില്ലാത്തതായിരുന്നു. മാര്‍ക്സിന്റെ ജീവിത പങ്കാളി ജെന്നിയുടെ വാക്കുകളിങ്ങനെ-
“ അവളുടെ മൃതശരീരം പിന്നിലെ കൊച്ചുമുറിയില്‍ കിടക്കുകയായിരുന്നു.ഞങ്ങളെല്ലാവരും മുമ്പിലെ മുറിയില്‍ കൂടിയിരുന്നു. രാത്രിയായപ്പോള്‍ തറയില്‍ തന്നെ തലചായ്ച്ചു…. ഏറ്റവും കടുത്ത ദാരിദ്ര്യത്തിന്നിടയിലാണവള്‍ മരിച്ചത്. ഞങ്ങളെ സഹായിക്കാന്‍ ജര്‍മ്മന്‍കാരായ സുഹൃത്തുക്കള്‍ക്ക് ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല….. മനസ്സു നിറയെ ഉത്കണ്ഠയുമായി ഞാന്‍ അയല്പക്കത്തുള്ള ഒരു ഫ്രഞ്ച് അഭയാര്‍ഥിയുടെ അടുത്തേക്കോടി. അയാള്‍ ഞങ്ങളെ വന്നു കണ്ടിരുന്നതാണ്.എന്തെങ്കിലും സഹായിക്കണമെന്ന് ഞാന്‍ അയാളോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും സൌഹൃദം നിറഞ്ഞ സഹതാപത്തോടെ അയാളെനിക്ക് രണ്ടു പവന്‍ തന്നു.എന്റെ കുഞ്ഞിനുറങ്ങാന്‍ കൊച്ചു മഞ്ചം വാങ്ങിയത് ആ പണം കൊണ്ടാണ്. പിറന്നു വീണ കാലത്ത് അവള്‍ക്ക് ഒരു തൊട്ടിലുണ്ടായിരുന്നില്ല. അവസാനത്തെ ‘അഭയകുടീരം’ പോലും അവള്‍ക്ക് ഏറെ നേരത്തേക്ക് നിഷേധിക്കപ്പെട്ടു.”
വിദേശരാജ്യത്തെ വോട്ടവകാശം സംരക്ഷിക്കാനുള്ള പ്രക്ഷോഭചരിത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം കേരളത്തിലെ പഞ്ചായത്ത് ഇലക്ഷനില്‍ പോലും വോട്ടവകാശം നിഷേധിക്കപ്പെടുന്ന ദുരന്തത്തിലേയ്ക്കും അപമാനത്തിലേയ്ക്കും പ്രവാസികള്‍ ചെന്നുപെടുമോ? കേരളത്തിലെ ഇടതുപക്ഷം പഠിച്ചു വരുംവരെ കാത്തിരിക്കുക തന്നെ.
ഈ എതിര്‍പ്പ് ടെക്നോഫോബിയ കൊണ്ടാ വുമോ? ഇ.ഭരണത്തിന്റെ, ഇ. രാഷ്ട്രീയത്തിന്റെ, ഇ. ജനാധിപത്യത്തിന്റെ കാലത്തും പുരാതന ഭയങ്ങളില്‍ നിന്ന് വിടുതി കിട്ടുന്നില്ല എന്നാവുമോ? അതോ ഇത്തിരിവട്ടം മാത്രം കാണുന്നതുകൊണ്ടോ ? അതെന്തായാലും മാര്‍കിസിന്റെ ജീവചരിത്രത്തിന്റെ ആമുഖത്തില്‍ നമ്മളിങ്ങനെ വായിക്കും.
“ പ്രബോധനങ്ങളെപ്പോലെതന്നെ മാര്‍ക്സിന്റെ പ്രവര്‍ത്തനങ്ങളും സാര്‍വത്രികവും സാര്‍വദേശീയവും ആയിരുന്നു. ആദ്യത്തെ സാര്‍വദേശീയ തൊഴിലാളിപാര്‍ട്ടിയുടെ സ്രഷ്ടാവ്, ഒന്നാം ഇന്റര്‍നാഷണലിന്റെ നേതാവ്, സാര്‍വദേശീയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൈദ്ധാന്തികന്‍, ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും മറ്റു രാജ്യങ്ങളിലെയും തൊഴിലാളി പാര്‍ട്ടികളുടെ ജനനത്തില്‍ സമാരാധിക്കപ്പെടുന്ന ആള്‍, ജര്‍മ്മന്‍ വിപ്ലവത്തിലെ സജീവപങ്കാളി, പാരീസിലും ബ്രസ്സല്‍ സിലും ലണ്ടനിലും അഭയാര്‍ഥി- എവിടെയും ഏതു നിമിഷത്തിലും അദ്ദേഹത്തിന്റെ ജീവിതം ചൂഷണത്തിനും മര്‍ദനത്തിനും യുദ്ധത്തിനും എതിരായ ലോകവ്യാപകമായ സമരത്തോട് ഒരായിരം നൂലുകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു.”