White Crow Art Daily

പല മടക്കിട്ട ചങ്ങലകൾ

സംഭാഷണം / രശ്മി. കെ.എം -സിന്ധുകോറാട്ട്

രശ്മി -സ്വയം പരിശോധിച്ചാൽ എഴുതിയവയിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട എഴുത്ത് ഏതാണ്? കാരണസഹിതം പറയാമോ ?

സിന്ധു – ചില കവിതകൾ ഇല്ലാതില്ല. അടുത്തയിടെ  നാടിനെ കുറിച്ചുള്ള ഒരു പുസ്തകം കാവ്യരൂപത്തിൽ എഴുതിയതും സന്തോഷം നൽകി. എങ്കിലും  എഴുതി കഴിയുന്നതോടെ അത് എന്റേതല്ലാതാകുകയും എഴുതിയില്ല എന്ന തോന്നൽ വരികയും  ചെയ്യും.  വീണ്ടും  എഴുതുന്നു.  നാറാണത്ത് ഭ്രാന്തന്റെ മാതിരി കല്ല് ഉരുട്ടി മലയുടെ മുകളിൽ കൊണ്ട് ചെന്ന് വെച്ചു താഴേക്ക് ഉരുട്ടൽ.

രശ്മി -പാരീസ് മുട്ടായിയിൽ നിറയെ കൗമാരത്തിൻ്റെ കയ്യൊപ്പുകളാണ്.പ്രാദേശികമായ അനവധി ബിംബങ്ങളും  അവയെ ചുറ്റിപ്പറ്റുന്ന കുട്ടിക്കാലത്തിൻ്റെ കുതൂഹലങ്ങളുമാണ്.ഈ കവിത കളിലൂടെ ഓർമകളും ജീവിതവും തിരിച്ചു പിടിക്കുകയാണോ അതോ കുളിച്ചു തോർത്തി അവയെ വിടുതലാക്കുകയാണോ?

സിന്ധു – -ഒരുതരം തിരിച്ചു പിടിക്കൽ തന്നെയാണ്. മണ്ണിന്റെ മണമുള്ള പച്ചപ്പിടിച്ചു നിൽക്കുന്ന  കാലം. ഞാൻ ഇന്നും ജീവിക്കുന്നത് ജീവിക്കാൻ ഇഷ്ടപ്പെടുന്നത് ആ കാലത്തിലാണ്. എന്റെ നാട്, അവിടുത്തെ മനുഷ്യർ, ഗ്രാമീണതയുടെ ചിഹ്നങ്ങൾ ഒക്കെ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്  അതിലൂടെ. 

രശ്മി -സിന്ധുവിൻ്റെ പല കവിതകളിലും അരക്ഷിതയായവളുടെ പിടച്ചിൽ തോന്നാറുണ്ട്. പ്രവാസവും കവിത്വവും സിന്ധുവിൻ്റെ പെൺജീവിതത്തിനുണ്ടാക്കിയ മാനങ്ങൾ എന്തെല്ലാമാണ്?

സിന്ധു -അരക്ഷിതാവസ്ഥ കുട്ടിക്കാലം മുതൽക്കേ അനുഭവിച്ചിട്ടുണ്ട്. അച്ഛൻ അമ്മ  അങ്ങനെ പ്രിയപ്പെട്ടതിൽ നിന്നെല്ലാം കുറേക്കാലം ഞാൻ അകറ്റി നിർത്തപ്പെട്ടിരുന്നു. ഒന്നും മനഃപൂർവം ആയിരുന്നില്ല. അമ്മ താഴെയുള്ളവരേ പ്രസവിക്കാൻ പോകുമ്പോൾ ഒന്നുകിൽ ഞാൻ അച്ഛമ്മയുടെ അടുത്ത്. അമ്മ തിരിച്ചു വന്നാൽ  വീണ്ടും അമ്മമ്മയുടെ അടുത്തേക്ക് പറഞ്ഞയക്കും. എനിക്ക് താഴെ അമ്മ ഇരട്ട പ്രസവിച്ചു. എല്ലാ കുട്ടികളെയും കൂടി നോക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഉറക്കത്തിൽ അച്ഛന്റെ കൈത്തലം അമ്മയുടെ സാമീപ്യമൊക്കെ കൊതിച്ചിട്ടുണ്ട്.  സ്നേഹിക്കുന്നവരെ വിട്ടു പോകുമ്പോൾ സങ്കടം സഹിക്കാൻ കഴിയില്ല.  ജീവിതത്തിൽ അന്നും ഇന്നും കൂടെയുള്ളത് ആ അരക്ഷിതാവസ്ഥയാണ്. ഇപ്പോൾ കുട്ടികൾ കൂടെയില്ലാത്തതിന്റെയാണെങ്കിൽ അന്ന് അത് വേറെ രീതിയിൽ. അങ്ങനെയൊക്കെയാവും ഇങ്ങനെ ഒറ്റക്ക് പറച്ചിലും എഴുത്തും ഒക്കെ ആശ്രയമായി മാറിയത്. 

സിന്ധു -വക്കീൽ പണിയും എഴുത്തും തമ്മിൽ എങ്ങനെ ഒത്തു പോകുന്നു. ജോലി ത്തിരക്കാണോ എഴുത്തിനു നേരെയുള്ള അവഗണനക്ക് കാരണം?

 രശ്മി -ഗൾഫിലായിരുന്ന ഒരു ഇടവേളയ്ക്കു ശേഷം 2011 ലാണ് ഞാൻ വീണ്ടും  നിയമ രംഗത്തേക്ക് തിരിച്ചെത്തുന്നത്. ഈ തൊഴിലിന് മറ്റൊന്നിനുമില്ലാത്ത ഒരു പ്രത്യേകതയുണ്ട്. ഇതു ചെയ്യുമ്പോൾ ഞാനൊരു അഭിഭാഷക മാത്രമല്ല. മറിച്ച് ഒരു സാമൂഹ്യ പ്രവർത്തകയാണ്,  എഴുത്തുകാരിയാണ്, നിയമപാലകയാണ് , അധ്യാപികയാണ്, കൗൺസിലറാണ്, ഭരണ സംവിധാനത്തിലും വ്യവസ്ഥിതിയിലും പങ്കാളിയാണ്,  നിരവധി മനുഷ്യരുടെ ആശ്രയവും അഭയവുമാണ്. വാസ്തവത്തിൽ ഈ മൾട്ടി ടാസ്കിങിനിടയിൽ എഴുത്തിൽ മാത്രമായി മനസുറപ്പിക്കാൻ സാധിക്കാറില്ല. അത് ഒരിക്കലും അവഗണനയല്ല.

സാമൂഹത്തിൽ നേരിട്ട് ഇടപെടാനും പ്രവർത്തിക്കാനും  സ്വാധീനിക്കാനും കഴിയുന്ന ഒരു തൊഴിലെന്ന നിലയിൽ എനിക്ക് ഇതിൽ  സംതൃപ്തിയുണ്ട്. സത്യത്തിൽ എൻ്റെ എഴുത്തിന് ഇതിൻ്റെ ഒരംശം പോലും ശക്തിയില്ല എന്ന് എനിക്ക് തീർച്ചയുണ്ട്.

രശ്മി -ഗ്രാമം എഴുതിത്തീർത്ത കഥയിലെ കഥാപാത്രമാണു ഞാൻ എന്ന് സിന്ധു എഴുതിയിട്ടുണ്ട്. അതുപോലെ അത്യധികം സ്പർശിച്ച, മനോഹരമായ ഒന്നാണ് ” കുടിച്ചു തീരാത്ത അപരിചിതത്വത്തിൻ്റെ തണുപ്പായ്, നമുക്കിടയിൽ പൊന്നാനി ” എന്നത്. മണ്ണേ മണ്ണേ എന്നു വിലപിക്കുന്നത് സിന്ധുവിൻ്റെ തന്നെ മനസാണോ? 

സിന്ധു -. ഗ്രാമജീവിതത്തിൽ നിന്ന് എന്നോ വിട്ടുപോന്ന ഒരാളാണ് എങ്കിലും ഇപ്പോളും ആ ഓർമകളുടെ പച്ചപ്പ് ഉള്ളിൽ കാത്തു സൂക്ഷിക്കുന്നുണ്ട്. ഗ്രാമം എഴുതിക്കഴിഞ്ഞ  കഥകളാണ് ഓരോ പെൺകുട്ടിയുടെ ജീവിതവുമെന്ന് തോന്നിയിട്ടുണ്ട്.  പെൺകുട്ടികൾ സ്വന്തം നാടും വീടും മേൽവിലാസവും വിട്ടുപോകുന്നവരാണ്. മറ്റൊരു നാട്ടിൽ അപരിചിതമായ ഒരു ഭൂപ്രകൃതിയിൽ ജീവിക്കേണ്ടി വരുന്നവർ. അത്തരം അനുഭവങ്ങൾ ആണ് അതിൽ എഴുതാൻ ശ്രമിച്ചിട്ടിട്ടുള്ളത്. മടങ്ങി ചെല്ലുമ്പോൾ ഒന്നും പഴയതുപോലാവില്ല. ചിലപ്പോൾ ആരും പരിചയം പോലും ഭാവിക്കില്ല. മണ്ണ് എന്നതിന്റെ വില, പശിമയൊ ക്കെ തിരിച്ചറിഞ്ഞത് മരുജീവിതത്തിലൂടെയാണ്. മനുഷ്യൻ പ്രകൃതിയോട് അടുത്തു ജീവിക്കുന്ന കിണാശ്ശേരിയാണ്  സ്വപ്നം. പാരീസ് മുട്ടായി എന്റെ കുട്ടിക്കാലം എന്നതിലുപരി മുന്നോട്ട് വെക്കുന്ന ഒരു കാര്യം മൺവാസനകളിലേയ്ക്കുള്ള    മടക്കമാണ്. 

സിന്ധു -അധികവും സ്ത്രീജീവിതത്തെ കുറിച്ചാണ് രശ്മി എഴുതിയിട്ടുള്ളത്. ഒരു പെണ്ണിന്റെ കഥ  ശരീരമേ ശരീരമേ… ഇവിടെയെല്ലാം സ്ത്രീ ശരീരം വിഷയമായി വരുന്നുണ്ട്.  സ്ത്രീയെന്ന നിലയിൽ  കവിതയുടെ സാധ്യതകളിലേയ്ക് എങ്ങനെയാണ് നോക്കുന്നത് ?

സ്ത്രീയെ മുൻനിറുത്തി ഞാനെഴുതിയവയിൽ ഏറ്റവും ഭേദപ്പെട്ടത്  ”ചർമരോഗങ്ങൾ ” ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പത്തു പതിനഞ്ചു കൊല്ലം മുമ്പ് ഒരു പക്ഷേ വളരെ ഫെമിനിസ്റ്റിക് ആയ ആ കവിതയെഴുതിയത് ഈ ഞാനേയല്ല എന്നു പറയാം. പെൺജീവിതങ്ങൾ ആണുങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞാൻ അനുഭവിച്ചിരുന്നു, അമർഷപ്പെട്ടിരുന്നു. പകയുടെ മൂഡിലാണ് അന്നത് എഴുതിയതെന്ന് ഓർമ വരുന്നു. സ്വാഭാവികമായ മനുഷ്യചോദനകളെ അസ്വാഭാവികമായി അടക്കിവയ്ക്കുകയും സാമ്പ്രദായിക രീതികൾക്ക് വഴിപ്പെട്ടു ജീവിക്കുകയും ചെയ്യുമ്പോൾ സ്വയം ബാലൻസ് ചെയ്യാനാവണം ഞാൻ വിഴുപ്പായി മാറിയ ശരീരത്തെക്കുറിച്ച് എഴുതാനിടവന്നത്.  വ്യവസ്ഥാപിതമായ ജീവിതനിഷ്ഠകൾ എന്നെ അലോസരപ്പെടുത്തിയതിൽ നിന്നാവാം  ”കഥാസാരം” എഴുതാൻ തോന്നുന്നത്. ആ കവിതകൾ എൻ്റെ രാഷ്ട്രീയമായിരുന്നിരിക്കണം. പക്ഷെ ഞാനെഴുതിയവയെല്ലാം എന്നിലേക്ക് മാത്രം തിരിച്ചു വച്ച കണ്ണുകൾ കൊണ്ടാണ് എന്ന പോരായ്മയും ഉണ്ട്.

അനുഭവങ്ങൾ മൂർഛിപ്പിച്ച എഴുത്തുകൾ പണ്ട് ഉണ്ടായെങ്കിലും വ്യക്തിപരമായി ഞാനവയെ സ്വാംശീകരിച്ചത് അടുത്ത കാലത്താണ്‌. ശരീരമല്ല, മനസാണ് ലിബേറേറ്റ് ചെയ്യപ്പെടേണ്ടതെന്നും സമൂഹമോ പുരുഷനോ അല്ല, സ്ത്രീയുടെ ഏറ്റവും വലിയ ചങ്ങല അവളുടെ തന്നെ മനസാണ് എന്നും മനസിലാക്കുന്നത് അടുത്ത കാലത്താണ്. ശരീരത്തിൻ്റെ വ്യാകുലതകകളും അതോടെ ഇല്ലാതായി എന്നു തോന്നുന്നു. ഞാൻ ഭോഗിക്കപ്പെടുന്നു എന്നതിൽ നിന്നു മാറി ഞാനും ഭോഗിക്കുകയാണ് എന്ന തിരിച്ചറിവ് ആനന്ദകരമാണ്. ആ ആനന്ദത്തിൽ നിന്ന് കവിതയുണ്ടാകുക ചിലപ്പോൾ ശ്രമകരമായേക്കാം.

 

രശ്മി  -വർഷങ്ങൾക്കു ശേഷം വീണ്ടും സിന്ധുവിൻ്റെ സാൻ്റ് വിച്ച് മുതൽക്കുള്ള എഴുത്തുകളിലൂടെ കടന്നുപോയപ്പോൾ ചോദിക്കാൻ കരുതിയ ഒന്നുണ്ട്. എന്തുകൊണ്ടാണ് ഒരു നോവൽ എഴുതാത്തത്? ഭാഷ കൊണ്ടും അവതരണ രീതി കൊണ്ടും ഒന്നാന്തരമൊരു നോവലെഴുതാനുള്ള ഒരു സാധ്യത സിന്ധുവിനുണ്ട്. എന്തിനു വൈകുന്നു?

സിന്ധു -ജോലി എന്നെയും ബാധിച്ചു എന്ന് പറയാം. വർക്ടെൻഷനും വരുതിയിലാവാത്ത സമയവും .  നോവൽ എന്ന് പറയുന്നത് വലിയ ഒരു ക്രാഫ്റ്റ് ആണ്. കൂടുതൽ സമയവും മനനവും ആവശ്യമുണ്ട്. ഇപ്പോളത്തെ സാഹചര്യം അതിനു അനുയോജ്യമല്ല. കുറച്ചു കൂടി സ്വസ്ഥമായ ഒരു അവസ്ഥയിൽ എത്തിപ്പെട്ടാൽ എഴുതാൻ കഴിഞ്ഞേക്കും,ആഗ്രഹമുണ്ട്.         

രശ്മി -ഇക്കാലം വരെ കൂട്ടി വച്ച കണക്കുകളെല്ലാം പിഴച്ചു പോയ കാലത്തിലാണ് നമ്മളിപ്പോൾ.. എഴുത്തിലും വായനയിലും വിദ്യാഭ്യാസത്തിലും തൊഴിലിലും കാഴ്ചപ്പാടുകളിലുമെല്ലാം അടിമുടി പൊളിച്ചെഴുതലുകൾ നടന്നു കഴിഞ്ഞു. നെറ്റ്ഫ്ലിക്സും ആമസോണുംകവർന്നെടുത്ത  പുതിയ മനുഷ്യർ കഥകളുംകവിതകളും എഴുതുമോ? എഴുതിയാൽ അവ വായിക്കപ്പെടുമോ? കവിതയുടെ ഭാവികാലത്തെപ്പറ്റി എന്തെങ്കിലും ഊഹമുണ്ടോ?

സിന്ധു – യാന്ത്രികമായ ഒരാവസ്ഥയിലൂടെയാണ് നാം  കടന്നു പോകുന്നത്. മനുഷ്യന്റെ കൂട്ടിവെപ്പ് പ്രതീക്ഷകൾ ജീവിതം ഒക്കെ ആകെ മാറിക്കഴിഞ്ഞു. ഈ അടച്ചിരിപ്പ് ജീവിതം എഴുത്തിനു വളമാകുമെന്നാണ് കരുതിയതെങ്കിൽ അത് പാടെ തെറ്റി. മാറിയ അവസ്ഥകളോട് പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിൽ ആണ് മനുഷ്യരിപ്പോൾ.  സാമൂഹിക ജീവിതം പാടെ ഇല്ലാതായിരിക്കുന്നു. മനുഷ്യർ തമ്മിലുള്ള അകലം കൂടിയിരിക്കുന്നു. തൊട്ടുതൊട്ടുള്ള വർത്തമാനങ്ങളും സ്നേഹപ്രകടനങ്ങളും ഒക്കെ അവസാനിച്ച മാതിരി. കവിത ഒക്കെ ആളുകൾ എഴുതുമായിരിക്കും. എന്തായാലും ഈ ജീവിതം സാഹിത്യത്തെയും കലകളെയും ബാധിക്കും എന്നകാര്യത്തിൽ സംശയമില്ല.  

സിന്ധു – രശ്മിയെ  പ്രചോദിപ്പിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുള്ള എഴുത്തുകാർ/ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ/ചിന്തകർ?

 സ്വാധീനിച്ചതും പരുവപ്പെടുത്തിയതും എൻ്റെ വീട്ടുകാർ തന്നെ. അത്യധികം ദരിദ്രമായിരുന്ന ചുറ്റുപാടുകളിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാഭ്യാസമെന്ന ഒറ്റ മന്ത്രമേ ഉള്ളൂ എന്ന തിരിച്ചറിവുണ്ടായിരുന്ന രണ്ട് അപ്പൂപ്പന്മാരിലാണ്എൻ്റെ ഭാഗ്യജീവിതത്തിൻ്റെ കൂമ്പു കിളിർക്കുന്നത്. ഇരുവരും മക്കളെയെല്ലാം ആവുംവിധം വിദ്യാഭ്യാസം ചെയ്യിച്ച്, തൊഴിൽ നേടാൻ പ്രാപ്തരാക്കി. ഇരുവരും അവരുടേതായ രീതിയിൽ യുക്തിചിന്തകൾ പുലർത്തിയിരുന്നു. മതത്തിൻ്റെ നിഴൽ  വീഴാത്തവയായിരുന്നു എൻ്റെ വീടുകൾ. ഞങ്ങൾ ദൈവങ്ങളെ ആരാധിച്ചിരുന്നില്ല. അത്ഭുതങ്ങളിൽ വിശ്വസിക്കുകയോ ഇരുട്ടിനെ ഭയപ്പെടുകയോ ചെയ്തിരുന്നില്ല. 77 ൽ സ്കൂളിൽ ചേർത്തപ്പോൾത്തന്നെ ജാതിക്കോളത്തിൽ ഇല്ല എന്ന് എഴുതിവയ്ക്കാൻ വേണ്ടത്ര വെളിച്ചം അച്ഛനു കിട്ടിയത് കുടുംബത്തിൽ നിന്നു തന്നെയാവണം. മതരഹിതയായും അവിശ്വാസിയായും ജീവിക്കുന്നത് അത്രമേൽ സുഖമുള്ള സംഗതിയാണ്. പല മടക്കിട്ട ചങ്ങല ഭേദിച്ചു പുറത്തു കടക്കലാണ്. പലരും തിരിച്ചറിവുകളിലൂടെയാണ് ആ തടവറയുടെ പുറത്തു കടക്കുന്നത്. ഞാനാകട്ടെ സ്വാഭാവികമായിത്തന്നെ ആ ഇരുട്ടുമുറിയുടെ വെളിയിൽ ജനിച്ചു വളരാൻ ഇടവന്നു. എൻ്റെ ജീവിതത്തെ സ്വാധീച്ചത് എൻ്റെ വേരുകൾ തന്നെയാണ്.

രശ്മി –  സിന്ധുവിന്   സോഷ്യൽ മീഡിയയിൽ  ഉർജവും ഉന്മേഷവുമൊക്കെ തരുന്നവരുണ്ടോ ?

സിന്ധു -എനിക്ക് ശാരദക്കുട്ടിയെ വായിക്കാൻ ഇഷ്ട്മാണ്. അവരുടെ ലേഖനങ്ങൾ വായിക്കാറുണ്ട്. ശൈലജ ടീച്ചർ ക്രൈസിസിനെ നേരിടുന്ന രീതികളിൽ   അഭിമാനം തോന്നിയിട്ടുണ്ട്.കേരള മന്ത്രിസഭയിൽ പത്തു സ്ത്രീകൾക്ക് ഇടമുണ്ടാകണം. അഞ്ചുപേരെങ്കിലുമുണ്ടാകുന്നകാലം ആഗ്രഹിക്കുന്നു.

സിന്ധു -ഈ ചോദ്യം അങ്ങോട്ട് ചോദിച്ചാൽ എന്താവും മറുപടി? 

രശ്മി -എനിക്ക് പുതിയ വിഷയങ്ങളെല്ലാം പൊതുവെ ഇഷ്ടമാണ്. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഫോളോ ചെയ്യുന്നതിൽ ഏറ്റവും കുറവ് സാഹിത്യമാണ്. ഫിക്ഷനോടുള്ള കമ്പം തീരെ കുറഞ്ഞു പോയതുപോലെയുണ്ട്. ശാസ്ത്രമാണ് ഏറ്റവും ഇഷ്ടം. രാഷ്ട്രീയവും ചരിത്രവും സാമൂഹ്യ വിഷയങ്ങളുമെല്ലാം താൽപര്യമാണ്. സമൂഹമാധ്യമങ്ങളിൽ വേറിട്ട ഇടപെടലുകൾ നടത്തുന്ന പലരേയും ശ്രദ്ധിക്കാറുണ്ട്. സൗഹൃദമില്ലാത്തവരേയും നിശ്ശബ്ദമായി  കേട്ടുകൊണ്ടിരിക്കുന്നു.

സിന്ധു –  ജീവിതം പകുക്കുമ്പോൾ പരസ്പരധാരണ പ്രധാനമാണല്ലോ. മനസിലാക്കുന്ന ഒരാളെ എല്ലാവരും ആഗ്രഹിക്കും.കവിയുമായിജീവിതം പകുക്കുന്നതിന്റെ അധിക സന്തോഷങ്ങൾ എന്തൊക്കെയാണ്. അതോ പൊതുവേ പറയുന്നപോലെ കവികൾ പൊല്ലാപ്പാണോ ?

രശ്മി -ചുള്ളിക്കാട് പറഞ്ഞു കേട്ടിട്ടുണ്ട്, ഭാര്യ കവിയായതു നന്നായി, എഴുതി വായിച്ചു കേൾപ്പിക്കുമ്പോൾ മനസിലാകുന്ന ഒരുവളല്ലെങ്കിൽ ബുദ്ധിമുട്ടായേനെ എന്ന് . അതു ശരിയായിരിക്കാമെന്ന് തോന്നിയിട്ടുണ്ട്. രാം മോഹൻ്റെ ഏറ്റവും ക്രൂരയായ വിമർശക ഞാനായിരിക്കണം. ഞങ്ങളുടെ ചിന്തകളും  എഴുത്തുകളും വളരെ വ്യത്യസ്തവും പരസ്പരം സ്വാധീനിക്കാത്തവയുമാണ്. വിവാഹം കഴിക്കുന്നതിനു മുമ്പ് രാംമോഹനു മായി കുറെ കാലത്തെ സൗഹൃദമുണ്ടായിരുന്നു. അതിന് ദാമ്പത്യത്തേക്കാൾ പകിട്ടുണ്ടായിരുന്നു എന്ന് ഞങ്ങൾ രണ്ടു പേർക്കും തോന്നിയിട്ടുണ്ട്. വിവാഹം നാം കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു സ്ഥാപനമാണ്. സൗഹൃദത്തിനും കവിത്വത്തിനും ഒരു പക്ഷേ അത് കുറച്ചു കൂടി ജൈവികമാക്കാൻ സാധിച്ചിട്ടുണ്ടായിരിക്കാം. പൊല്ലാപ്പുകൾ തീർച്ചയായുമുണ്ട്. സ്ഥാപനത്തിൻ്റെ നിയമാവലി പാലിക്കാൻ കവികൾക്ക് പലപ്പോഴും സാധിക്കുകയില്ല.

രശ്മി- സിന്ധുവിനെ ജീവിതത്തിൽ  inspire ചെയ്തിട്ടുള്ളത് ആരെല്ലാമാണ്? എഴുത്തിലും ജീവിതത്തിലും പിൻതുടരുന്ന മാതൃകകൾ ഉണ്ടോ? ആയിരം വട്ടം വായിച്ചിട്ടും വീണ്ടും കയ്യിലെടുത്ത ഒരു പുസ്തകം? എപ്പോഴും ചെന്നുചേരാൻ ആശിക്കുന്ന ഒരു സുഹൃത്ത്?

സിന്ധു -എന്നെ ഏറ്റവും inspire ചെയ്തത് എന്നും മാധവികുട്ടി തന്നെയായിരുന്നു. അവരുടെ തുറന്നെഴുത്തു വിസ്മയിപ്പിച്ചിട്ടുണ്ട്. സാറാജോസെഫിന്റെ നോവലുകൾ ചന്ദ്രമതിയുടെ കഥകൾ  വിജയലക്ഷ്മിയുടെ കവിതകൾ ഒക്കെ എന്നെ  പ്രചോദിപ്പിചിട്ടുണ്ട്.  സ്ത്രീകൾ എഴുതുന്നത് എന്നും കൗതുകത്തോടെ വായിക്കുന്ന ഒരാളാണ് ഞാൻ.സ്ത്രീപുരുഷബന്ധങ്ങളുടെ സൂക്ഷ്മ തലങ്ങൾ മേല്പറഞ്ഞവരുടെ എഴുത്തിൽ കാണാം  എല്ലാവരെയും വായിച്ച് അതിൽ നിന്ന് സ്വന്തം ഉരുവം സൃഷ്ടിക്കാനാണ്  എന്നും ശ്രമിക്കാറ്.

രശ്മി -സിന്ധു, ഈ സംഭാഷണം വളരെ ആസ്വദിച്ചു.  പഴയവയെ ഓർക്കുമ്പോഴാണ് നാം പുതുക്കിപ്പണിയപ്പെട്ടത് തിരിച്ചറിയുന്നത്.കാലങ്ങൾക്കു ശേഷം ഇരുകരകളിലിരുന്നാണ് മിണ്ടിയതെങ്കിലും ഇരുകരങ്ങളും ചേർത്തുകോർത്തു പിടിച്ച ഫീലായിരുന്നു. ഒരു പാട് നന്ദി.

സിന്ധു _ എനിക്കും അങ്ങിനെ തന്നെയാണ്. വളരെയധികം സന്തോഷം. അടുത്തിടെ  ചെയ്ത ഒരു നല്ല കാര്യം ഇതായിരിക്കും എന്ന് തോന്നുന്നു. വളരെ കാലത്തിനു ശേഷമാണ് ഒരുസ്ത്രീയുമായി ഇത്രയും മനസ്സ് തുറക്കുന്നത്. എനിക്കു സ്ത്രീ സൗഹൃദങ്ങൾ ഇവിടെ തീരെയില്ലെന്ന് പറയാം.സന്തോഷം. സ്നേഹം രശ്മി.

 Paintings : Edgar Degas -Dancer 
Courtesy  Google