White Crow Art Daily

പൂജ്യം മുതൽ അനന്തത വരെ

കവിത / ജിഷ്ണു  കെ. എസ്

(0)

നീ കൈവിട്ട ഹൈഡ്രജൻ ബലൂണുകൾ
മിന്നലുകളുമായി തിരികെ വരും.
നിന്റെ ചുരുണ്ട മുടിയിഴകളിൽ
ചുണ്ടുകൾ കൊരുത്ത് കൂടുകൂട്ടും.
അവ പൂന്തോട്ടങ്ങളിൽ
പാറിക്കളിക്കും.
മുളങ്കാടുകളിൽ ചെന്ന്
ഇണ ചേരും‘ എന്ന്
എഴുതാൻ തുടങ്ങിയതും
ഞാനുറങ്ങിപ്പോയി.

(1)

ഉറക്കത്തിൽ
പാട്ടുകാരിയുടെ തൊണ്ടയിൽ
ഒറ്റയ്ക്ക് പാർക്കുന്ന
ഖനിത്തൊഴിലാളിയായിരുന്നു.
അവളുടെ പാട്ടുകളിൽ
പതിയെ പതിയെ
വെടിയുപ്പ് നിറച്ച്
തീ വിരിയിച്ച്
ചിറകുകൾ വിടർത്തി
ആകാശം വരച്ചു.

അതിനും മുമ്പ്
യുദ്ധവും ഞാനും
ഒരേ തെരുവിലെ
രണ്ട് മോട്ടെലുകളിൽ
ഓളിച്ച് താമസിക്കുക ആയിരുന്നു.
പക്ഷെ; ഇന്നലെ രാത്രിയിൽ

ഒരുമിച്ചിരുന്ന്
ഒരേ ഉടലിനെ
രണ്ടായി പകുത്ത്
നുണഞ്ഞ്
ഒടുക്കം
രണ്ട് മുലകളിൽ
തല ചായ്ച്ചുറങ്ങി.

പെട്ടെന്ന് ഉറക്കമുണർന്നു പോയി.

  (2)

ഉറക്കമുണർന്നത്; ഉറക്കത്തിൽ കടത്തിക്കൊണ്ട് പോയ സോഫിയ, ജെസിക്ക, കെയ്ഡൻ എന്നീ പേരുകളിൽ മണിക്കൂറിന് ഡോളറുകൾ എണ്ണി വാങ്ങുന്ന ഇണക്കുരുവികൾ പാർക്കുന്ന മലഞ്ചരുവിലായിരുന്നു. അവിടെ എന്റെ അരയ്ക്കു ചുറ്റും പല നിറങ്ങളിലുള്ള ചുണ്ടുകൾ. ശൂന്യതയെ തിന്നുന്ന വന്യമായ കണ്ണുകൾ. താളത്തിൽ അഴിഞ്ഞുലഞ്ഞാടുന്ന സ്വർണ്ണ മുടിയിഴകൾ.

സ്വപ്ന സ്ഖലനം കാരണം പെട്ടെന്ന് ഉറക്കമുണർന്നു പോയി.

(3)

ഉറക്കമുണർന്നത് കുഞ്ഞുങ്ങൾക്ക് ഉടുപ്പു തുന്നുന്ന തയ്യൽക്കടക്കാരന്റെ കടമുറിയിലാണ്. അവിടെ ഒരു മൂലയിൽ വെട്ടു തുണികളുടെ കൂന. അയയിൽ, അലമാരിയിൽ, കസേരയിൽ ഇനിയും വന്നു വാങ്ങാത്ത തുന്നിയ കുട്ടിയുടുപ്പുകൾ. മേശമേൽ മഷി പടർന്ന ബുക്കുകൾ. അതിലൊന്നിൽ എന്റെ അതേ പേര്, വീട്ടുപേര്, ഉടലളവുകൾ. അതിൽ അവൻ കണ്ണുകൾ ഇറുക്കി അടച്ചുറങ്ങുന്നു. 

(4)

ഉറക്കത്തിൽ
സൈക്കിൾ ടയർ ഉരുട്ടി
പോം പോം എന്നുറക്കെ വിളിച്ച്
കറ്റകൾ വാരി കെട്ടിക്കയറ്റിയ
പടത്തിലൂടെ
വരമ്പുകൾ ചാടിക്കടന്ന്
റാക്ക് കുടിച്ച് കുടിച്ചു ചത്തു പോയ
അമ്മൂമ്മയുടെ കൂരയിലേയ്ക്ക്
ഒരു കൈയിൽ
മഴനൂലിൻ തുമ്പിൽ
മേഘങ്ങളെ കൊരുത്ത്
മറുകൈയാൽ
സൈക്കിൾ ടയറും ഉരുട്ടി
ഓടുകയായിരുന്നു.

കിതപ്പു കാരണം പെട്ടെന്ന് ഉറക്കമുണർന്നു പോയി.

(5)

ഉറക്കമുണർന്നത് ശ്വാസം കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ ജഡങ്ങൾ അഴുകി താമരകളായി വിരിയുന്ന ഗഡ്സർ തടാകത്തിലെ ശിക്കാരയിലാണ്. അത് തുഴയുന്ന മഹ്നൂറിന്റെ കണ്ണുകളിൽ അവളുടെ ഗ്രാമത്തിൽ നിന്നും കാണാതെ പോയ കുരുന്നുകളുടെ ചിരികൾ ഉറഞ്ഞിരിക്കുന്നു. ഓളങ്ങളിൽ തെന്നിയുലയുമ്പോൾ വാടിത്തുടങ്ങിയ  താമരകളെ മെല്ലെ പറിച്ചെടുത്ത് ഞാനവളുടെ മടിയിൽ വെച്ചു കൊടുത്തു. മതിമറന്നവൾ അവയുടെ ചുണ്ടുകളിലേയ്ക്ക് മുലക്കണ്ണുകൾ ചേർത്തുവെച്ചു. എന്നെ നോക്കി പുഞ്ചിരിച്ച്

തടാകത്തിന്റെ ആഴങ്ങളിലേയ്ക്ക് എടുത്തു ചാടി.

അമ്മേ! ഞാൻ അലറി.

കടലിൽ ചാടി മരിച്ച അമ്മയുടെ മുഖം 

കണ്ണുകളുടെ വക്കിലൂടെ 
തുളുമ്പി ഇറങ്ങി.

പെട്ടെന്ന് ഉറക്കമുണർന്നു.

(00)

ഉറങ്ങും മുമ്പെഴുതിയ വരികൾ എല്ലാം വെട്ടി. പകരം ഉറക്കത്തിൽ കണ്ട അഞ്ച് സ്വപ്നങ്ങളും പകർത്തി. മുറിയിലെ ജനാലകൾ പുറത്തേയ്ക്ക് തുറന്നു.

ജനലഴികളുടെ ചതുരങ്ങളിൽ ഒരൊറ്റ കടലിന്റെ തുണ്ടുകൾ വന്നു നിറഞ്ഞു.

(000)

കടൽ കാണുന്നു.

തീരങ്ങളിൽ ഉറഞ്ഞു പോയി ദ്രവിച്ച വളളങ്ങളെ
കൈകൾ നീട്ടി നീട്ടി
തൊട്ടുണർത്താൻ നോക്കുന്നു തിരകൾ.

(0000)

കടലിലേക്കിറങ്ങിച്ചെന്ന്
കടൽ കാണുന്നു.

ചുറ്റും കടൽ മാത്രമാകുന്നു.

കടലിൽ ഒരു കാട് കാണുന്നു.
കാട്ടിൽ
സ്രാവുകൾ ചിറക് വിടർത്തി
പറന്നു നടക്കുന്നു.
തിമിംഗലങ്ങൾ പാട്ടുകൾ പാടുന്നു.
മീനുകൾ സാറ്റ് കളിക്കുന്നു.
കടൽക്കുതിരകൾ പുളഞ്ഞാടുന്നു.

()

കാടിന്റെ ഒത്ത നടുക്ക്
മേൽക്കൂരയില്ലാത്ത കൂട്ടിൽ
ചുരുണ്ടു കിടന്നുറങ്ങി ഞാൻ.

ചിത്രമെഴുത്ത് : പ്രേം ആർ നാരായൺ

കോട്ടയം, കുടമാളൂർ സ്വദേശി. വിവിധ ഓൺലൈൻ പ്രിന്റ് മാസികകളിൽ കവിതൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻ. ...