White Crow Art Daily

പോക്ക്

കവിത /നജീബ് റസല്‍

മുൻകൂട്ടി ബുക്ക്‌ചെയ്ത

മരണം പോലെയായിരുന്നു

ബൈക്കിൽ അയാളുടെ

പോക്ക്,

കമ്പികയറ്റി കട്ടപ്പനക്കുപോകുന്ന

നാഷണൽ പെർമിറ്റായിരുന്നു

തൊട്ടുമുന്നിൽ

 “വളവുതിരിവുകൾ

എന്തൊരു സാധ്യതയാണ് ”

 മിഖേൽ വില്ലിച്ചിന്റെ

പുസ്തകം വായിച്ചതിൽപിന്നെ

ആദ്യമായി അയാൾക്ക്‌

കുറുകെയൊരു

കാട്ടുപോത്ത്പാഞ്ഞു.

 

ഓ.. പൊട്ടാൻകാട്ടിന്

ഇനി എന്നാ ദൂരം?

അത്യാവശ്യം നന്നായി

മിണ്ടാതിരിക്കാൻ അറിയുന്നവർക്ക്

പിരിഞ്ഞുപോകാൻ

തക്കവിധത്തിൽ

ഭാഷയിൽ ഒരാൾ

ഒരു കുഴി കുഴിക്കുന്നു.

മറ്റൊരാൾ കവിത എഴുതുന്നു.

വേറൊരുത്തി

 ശൂന്യതയിൽ  “ശൂന്യത”

എന്നെഴുതി  ശൂന്യതയെ

നിറക്കുന്നു.

എന്നിട്ടും

നന്നായി പേശുന്ന

കാട്ടുമൈനകളിൽ

നീ സ്വയം

അതിശയപ്പെടുന്നുമില്ല !!!

“വെറുതെ വായിട്ടടിച്ചിട്ട്,

വായിച്ചിട്ട്,

കാര്യമൊന്നുമില്ല”  ത്രെ.

എങ്കിലും

വളവുതിരിവികളേ…

എപ്പോവേണേലും

ചാടിവീഴാവുന്ന

സാധ്യതകളുടെ

കറുത്ത കുപ്പായക്കാരീ.

ഉമ്മ 💙

കവി, തൃശൂര്‍ ജില്ലയില്‍ വടക്കേക്കാട് ജനിച്ചു.