White Crow Art Daily

പ്രകാശംകൊണ്ട് അടഞ്ഞുപോയ ഒരു വീട്

വായന / നജീബ് റസൽ

അടഞ്ഞുകിടക്കുന്ന ഒറ്റപ്പെട്ട വീടുകള്‍ പോലെയാണ് ഭൂമിയിലെ ഓരോ മനുഷ്യനുമെന്നു തോന്നുന്നു. ലോകം തന്നെ ഒരു മരിച്ചവീട്പോലെ തോന്നുന്ന സന്ദര്‍ഭങ്ങളും കുറവല്ലതന്നെ. മനുഷ്യാവസ്ഥയുടെ ഈ നിറംകെട്ട യാഥാർത്ഥ്യങ്ങളിലേയ്ക്ക് നമ്മെ വിളിച്ചുണര്‍ത്തുന്ന നിമിഷങ്ങള്‍തന്നെയാണ് തീര്‍ച്ചയായും ദസ്‌തയോവ്സ്കിയന്‍ കൃതികള്‍. ശരീരത്തിന്‍റെ ജനവാതിലുകള്‍ കൊട്ടിയടച്ചു അതിന്‍റെ പരിധിക്കകം ആത്മാവിനെ തെരഞ്ഞുനടക്കുന്ന ഒരാള്‍ വന്യമായ അധോലോകങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു,അങ്ങനെയുള്ള സഞ്ചാരങ്ങളില്‍ ആത്മാവിന്‍റെ വെളിച്ചമായും ദസ്‌തയോവ്സ്കിയുടെ കൃതികള്‍ മാറുന്നുണ്ട്. റഷ്യന്‍ സാഹിത്യത്തിലെ  വിസ്മയം  എന്നതിലുപരി മനുഷ്യവര്‍ഗത്തെ എക്കാലവും വേട്ടയാടി ക്കൊണ്ടിരിക്കുന്ന അസ്‌തിത്വദുഃഖങ്ങളുടെ ജ്വലിച്ചു നില്‍ക്കുന്ന അഗ്നിയാണ് ദസ്‌തയോവ്സ്കിയന്‍ ലോകം.

ദസ്‌തയോവ്സ്കിയുടെ നൈതികസങ്കല്‍പ്പം തികച്ചും ക്രൈസ്ത്തവിയമാണെന്ന് നമുക്കറിയാം. ക്രിസ്തുവും ദൈവവും വിപരീത  ചേരിയിലായാല്‍ താന്‍ ക്രിസ്തുവിന്‍റെ കൂടെയായരിക്കുമെന്നു അദ്ദേഹം പറഞ്ഞതും ഓർക്കാം. ആത്മപീഢനത്തിന്‍റെ കൊടുമുടികള്‍ കയറാത്ത ദൈവങ്ങള്‍ നമ്മെയും അസ്വസ്ഥരാക്കുന്നില്ല എന്നത് നേരുതന്നെ. ചെങ്കുത്തായ കാല്‍വരി യാത്രയില്ലാതെ ഓരോ മനുഷ്യന്‍റെ മോചനവും ഒരു പക്ഷെ അസാധ്യമാകാം.ഒട്ടുമിക്ക ദസ്‌തയോവ്സ്കിയന്‍ കഥാപാത്രങ്ങളും ഇത്തരമൊരു തിരിച്ചറിവില്‍ എത്തിയവരോ, അല്ലെങ്കില്‍ അതുള്‍ കൊള്ളാന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നവരോ ആണ്. “ഞാന്‍ തനിയെ ഒരു കാലത്തും ഉയരുകയില്ലയിരുന്നു! ഇപ്പോള്‍ ഇതാ ഇടിവാള്‍ വീണിരിക്കുന്നു.കുറ്റാരോപണത്തിന്‍റെ പീഢനവും പരസ്യമായ അവമതിയും ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് യാതനവേണം, യാതനാനുഭവം എന്നെ ശുദ്ധീകരിക്കും. ഒരുവേള ഞാന്‍ ശുദ്ധീകരിക്കപ്പെടും മാന്യരേ,അങ്ങനെയല്ലേ. എന്നാല്‍ ശ്രദ്ധിച്ചു കേള്‍പ്പിന്‍ അവസാനമായി പറയുകയാണ്‌. ഞാന്‍ എന്‍റെ അച്ഛന്‍റെ രക്തം ചിന്തിയിട്ടില്ല.ഞാന്‍ ശിക്ഷ സ്വീകരിക്കുന്നു,അച്ഛനെ കൊന്നതുകൊണ്ടല്ല,കൊല്ലാന്‍  ഉദ്ദേശിച്ചതുകൊണ്ട്.” ദിമിത്രിയുടെ ഈ ഏറ്റുപറച്ചില്‍ നിഴലിച്ചു കാണുന്ന ധര്‍മ്മസങ്കടങ്ങള്‍ മറ്റൊന്നുമല്ല; മനുഷ്യവര്‍ഗത്തിലേക്ക് പിറന്നുവീഴുക എന്നാല്‍ കുറ്റസമ്മതങ്ങളുടെ ഹ്രദയങ്ങളിലേക്ക് ഒളിഞ്ഞു നോക്കുക എന്നുതന്നെയാണര്‍ത്ഥം

ദൈവികതയായാലും ദൈവനിഷേധമായാലും മനുഷ്യന്‍റെ  ആന്തരിക  പ്രതിസന്ധികളുടെ ആഴത്തെ അനുഭവത്തിലേക്ക് പ്രസരിപ്പിക്കുന്ന വികാര വിചാരങ്ങളുടെ ഔന്നത്യമായി ദസ്‌തയോവ്സ്കി മാറിയത് എങ്ങിനെയാവം ? മസ്തിഷ്കത്തിലൂടെ ദൈവത്തെ തിരസ്ക്കരിക്കുകയും ആത്മാവിലൂടെ അതിനെ വീണ്ടെടുക്കുകയും ചെയ്തപ്പോള്‍ റഷ്യയുടെ പ്രവാചക പദവിയിലേക്ക് ദസ്‌തയോവ്സ്കി ഉയര്‍ത്തപ്പെടുകയായിരുന്നു. ദൈവനിഷേധിയും ആധുനിക ജീവിതത്തിന്‍റെ ഇതിഹാസവുമായ ഐവാന്‍ അന്തസാരശൂന്യമായ ജീവിതത്തില്‍  വ്യാകുലനാണെന്ന് മാത്രമല്ല ഈ അയുക്തികമായ അഭാസങ്ങളില്‍ ക്ഷോഭിച്ചുനില്‍ക്കുന്നവന്‍ കൂടിയാണ്. “എനിക്ക് നീതി ലഭിക്കണം, അല്ലെങ്കില്‍ ഞാന്‍ തന്നെത്താന്‍ മരിക്കും. ഏതോ വിദൂരവും അനന്തവുമായ സ്ഥലകാലങ്ങളില്‍ വരുന്ന നീതിയല്ല, ഇവിടെ ഭൂമിയില്‍ എന്‍റെ കണ്ണിനു മുമ്പില്‍ കാണാന്‍ കഴിയുന്ന നീതിയാണ് എനിക്കാവശ്യം, ഞാന്‍ അതില്‍ വിശ്വസിച്ചു.”    നീതിയും  ദൈവവും  വഴിപിരിയുന്നിടത്ത് നാം സ്തംഭിച്ചു നിന്നുപോകുന്നു. 

ദൈവത്തിന്‍റെ ഭവനത്തില്‍ ചെകുത്താന്‍ അന്തിയുറങ്ങുന്നത് ഖേദകരമായ ഒരറിവ്തന്നെ. നമ്മുടെയെല്ലാം ഉള്ളില്‍ കിടന്നുറങ്ങുന്ന ഒരപരനെ ആരോ ഇടക്ക് വിളിച്ചുണര്‍ത്തുന്നതുപോലെ, മാനസികമായി ഇരട്ടവ്യക്തിത്വം  പേറുന്നവരുടെ ഒരു നീണ്ട നിരതന്നെ ദസ്‌തയോവ്സ്കിയന്‍ കഥാപ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരാളിലെതന്നെ രണ്ടാള്‍(റസ്ക്കള്‍ നിക്കൊഫ്,പ്രിന്‍സ് മിഷ്ക്കിന്‍)പാതിയും പാതിയുമായ് പിരിയുന്ന ഒരാള്‍ (ഐവാന്‍,സ്മെര്ടിയാക്കോവ്….). ജോയ്സ് കരോള്‍ ഓട്ട്സിന്‍റെ നിരീക്ഷണം നോക്കുക “ഐവാന്‍റെ തന്നെ തിരിച്ചറിയാതെ കിടക്കുന്ന ചോദനകളുടെ,അബോധകാമനകളുടെ ഞെട്ടിക്കുന്ന സാനിധ്യമാണ് സ്മെര്ടിയാക്കോവ്”  യഥാര്‍ത്ഥത്തില്‍ ഐവാന്‍റെ മാത്രം ഇച്ഛകളുടെ പ്രത്യക്ഷമായിരുന്നോ സ്മെര്ടിയാക്കോവ്? ഈ പിതൃഹത്യയുടെ പാപഭാരം ഒലിച്ചിറങ്ങുന്നത് എവിടെക്കെല്ലാമെന്ന് നമുക്കറിയില്ല. അത്യധികം സങ്കീര്‍ണ്ണമായ മനുഷ്യമനസിന്‍റെ പൊരുളറിയാന്‍ സിഗ്മണ്ട് ഫ്രോയ്ഡിന് ദസ്‌തയോവ്സ്കിയുടെ കൃതികള്‍ സഹായകമായിട്ടുണ്ട്. ‘ദസ്‌തയോവ്സ്കിയും പിതൃഹത്യയും ’ എന്ന പേരില്‍ ഫ്രോയ്ഡിന്റെ ഒരു പഠനം ഉണ്ട്. “മനശ്ശാസ്ത്രം രണ്ടു തലയും മൂര്‍ച്ചയുള്ള വാളാണ് കൂട്ടരേ”. അറിയാനടുക്കുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന ഒന്ന് തന്നെയാണ് മനസ്.

കുറ്റകൃത്യങ്ങള്‍ക്ക് അതായിത്തന്നെ മനുഷ്യരെക്കാള്‍ പഴക്കമുണ്ട്.കാരണം,മനുഷ്യന്‍റെ ഉല്‍പത്തിക്കുമുന്‍പുതന്നെ ചെകുത്താന്‍ ദൈവത്തിന്‍റെ അഗ്നിയില്‍ വെന്തുവാണിരുന്നു.  പൌരാണികവും  അത്രതന്നെ ആധുനികവുമായ മനുഷ്യന്‍റെ കുറ്റവാസനകളിലേക്കും അബോധ മനോനിലകളിലേക്കും ഒളിപരത്തുന്ന അനനുകരണിയമായ ഒരു രചനാപാടവം അദ്ദേഹത്തിന്നുണ്ടായിരുന്നു. മനുഷ്യവര്‍ഗത്തോടുള്ള അഗാധസ്നേഹംകൊണ്ട് നിറഞ്ഞുകവിയുന്നവയാണ് നോവല്‍ എന്ന പേരില്‍ അദ്ധേഹം എഴുതിയ മഹാകാവ്യങ്ങള്‍! സ്നേഹം ഒരാദര്‍ശമാകുമ്പോള്‍ അതിനെ പുണരുകയും സ്നേഹം യാഥാർത്ഥ്യമാ കുമ്പോള്‍ അത് അസഹിനിയമായിതീരുകയും ചെയ്യുന്ന ദുര്‍വിധികളെക്കുറിച്ച് കരമസോവ് സഹോദരന്മാരില്‍ വലിയ സംവാദങ്ങള്‍ തന്നെയുണ്ട്. “ആരെങ്കിലും ഒരു മനുഷ്യനെ സ്നേഹിക്കണമെന്നുണ്ടെങ്കില്‍ ആ മനുഷ്യന്‍ അപ്രത്യക്ഷമായിരിക്കണം. എപ്പോള്‍ അവന്‍ പ്രത്യക്ഷമാകുന്നുവോ ആ നിമിഷത്തില്‍ സ്നേഹം തീരോഭവിക്കും.” ക്രിസ്തുസദൃശ്യമായ സ്നേഹത്തിന്‍റെ പ്രയോഗികതകള്‍ കാരമസോവ് സഹോദരന്മാരിലെ ഒരു പ്രധാന വിഷയം തന്നെയാണ്‌.

സൈബീരിയയിലെ തടവുകാല ജീവിതത്തില്‍ അദ്ദേഹം‍ കൂടുതല്‍ സമയം ചെലവഴിച്ചത് ബൈബിളിന്‍റെ പഴയതും പുതിയതുമായ നിയമങ്ങളിലായിരുന്നു. സുവിശേഷങ്ങളുടെ സ്വര്‍ണഖനികളില്‍ തന്നെയാണ് മനുഷ്യ ജീവിതത്തിന്‍റെ അര്‍ത്ഥം ഉത്ഖനനം ചെയ്തത്. പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ നാം ദസ്‌തയോവ്സ്കിയെ വായിക്കുമ്പോള്‍ വാക്കുകള്‍ കൂടുതല്‍ തെളിവുറ്റതാകുന്നുണ്ട്.ഇഡിയറ്റിന്റെട രചനയുമായി ബന്ധപ്പെട്ട്  മയ്ക്കൊവിനു ഇങ്ങനെ എഴുതി “ എന്റെന ജീവിതകാലമത്രയും ജീവിതത്തിന്റെ അസ്‌തിത്വ പരമായ അന്വേഷണങ്ങളില്‍ ഞാന്‍ പീഡനം അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ബോധത്തിലും അബോധത്തിലും ഒരേപോലെ”. ദൈവത്തിനും ചെകുത്താനുമിടയില്‍ അലയാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ വാക്കുകളാണിത്.

ഐവാനെ പടച്ച് ഒരുക്കിയ  ഒരാള്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുമാത്രം ഉള്ള ഒരാളാവാന്‍ തരമില്ല.ഉന്നതമായ ദൈവവിശ്വാസം ഒരു പക്ഷെ ക്ഷോഭംകൊണ്ട ദൈവനിഷേധം തന്നെയാവാം. ദസ്‌തയോവ്സ്കി ഉഴുതുമറിച്ച പുതുമണ്ണിലാണ് പിന്നീടു ആധുനികരായ പലരും അവരുടെ ആശയലോകത്തിന്റെ വിത്തുകള്‍ പാകിമുളപ്പിച്ചത്.ക്രിസ്തുസദൃശ്യമായ   സ്നേഹം ഭൂമിയില്‍ അസാധ്യമാണെന്നുള്ളത് അല്ലെങ്കില്‍ അതു ക്രിസ്തുവിനോടെ അവസാനിച്ചു എന്നത് ഒരു സന്ദേഹരൂപത്തിലെങ്കിലും അദ്ദേഹം അറിഞ്ഞിരിക്കണം. “ എന്റെ ആലോചനയില്‍ മനുഷ്യരാശിയില്‍ ക്രിസ്തുസദൃശ്യമായസ്നേഹം ഭൂമിയില്‍ അസാധ്യമായ ഒരത്ഭുതമാണ്. ക്രിസ്തു ദൈവമായിരുന്നു, എന്നാല്‍ നാം ദൈവങ്ങളല്ല.”ദൈവികമായ സത്ത കൂടാതെ മനുഷ്യന്റെന അസ്‌തിത്വം പൂര്ണ മല്ലെന്ന് പറയുമ്പോൾ തന്നെ  ദൈവനിഷേധത്തിന്റെ നീര്ച്ചു ഴികളില്‍ ദസ്‌തയോവ്സ്കി നമ്മെ തനിച്ചാക്കുകകൂടി ചെയ്യുന്നുണ്ട്.

മനസ്സിന്റെ ഇരുണ്ട ഭൂമികയില്‍ നന്മതിന്മകള്‍ പരസ്പരം പോരടിക്കുമ്പോള്‍,ദൈവത്തിനും ചെകുത്താനും വേണ്ടി മാറിമാറി തേര്തെളിക്കുമ്പോള്‍, ചൂതാട്ടത്തിന്റെ ഒരപൂർവ്വ ലഹരി. അതെ,ഒരര്ത്ഥത്തില്‍ നാമെല്ലാം അബോധത്തിലെ ചൂതാട്ടക്കാര്തരന്നെ. ജീവിതത്തിന്റെ സാധ്യമായ ഒരേഒരുത്തരം ദൈവമാണോ എന്ന് ഇനിയും നമുക്കറിയില്ല. എങ്കിലും, മനുഷ്യന്റെ് കഴിവിനുമുകളിലുള്ള അമിത വിശ്വാസത്തില്നിന്നും രൂപംകൊണ്ട നവലോക സങ്കല്പങ്ങളില്‍ പലതും സമധാനത്തെയല്ല യുദ്ധത്തെയാണ് പ്രദാനംചെയ്തത്. ദൈവം ഇല്ലാതാകുന്നതോടെ എല്ലാ തിന്മയും സാധ്യമാകുമെങ്കില്‍,”If God does not exist, everything is permitted.”, ഒരു ദൈവമുണ്ടായിരിക്കുന്നതില്‍ നമുക്കെന്തു ചേതം?

മനസ്സാക്ഷിയുടെ മറ്റൊരു പേരുതന്നെയാണോ ദൈവം? “മനസ്സാക്ഷി, എന്താണ് മനസ്സാക്ഷി, നമ്മുടെ തന്നെ സൃഷ്ട്ടി, അതിനെചൊല്ലി നാം ഉഴറുന്നതെന്തിന്? ശീലം കൊണ്ട്, മനുഷ്യവർഗത്തിന്റെ  ഏഴായിരം വര്ഷത്തെ  സാർവ്വത്രിക  ശീലംകൊണ്ട്. അതിനാല്‍ നമുക്കതിനെ ഉപേക്ഷിക്കാം. നാം ദൈവങ്ങളായിത്തീരും.” തികഞ്ഞ ശൂന്യതയുടെ തീരങ്ങളിലേക്ക് ചത്തടിയുന്ന ആത്മാവിനെ ആരാണ് ഭയപ്പെടാത്തത്? 

മനുഷ്യന്റെ പാപചിന്തയുടെ നഗ്നതയാണ് ഒരു പക്ഷെ നമ്മെ ദൈവവിശ്വാസത്തിന്റെ തിരുവസ്ത്രമണിയാന്‍ പ്രേരിപ്പിക്കുന്നത്. ബോധാബോധങ്ങള്‍ ചേര്ന്ന് ‍ മനസിന്‌ ഒരു സമതലപ്രദേശം കൈവരികയാണെങ്കില്‍ നമുക്ക് നമ്മള്‍ തന്നെയാണ് സ്വയം ദൈവങ്ങളായി തീരുവാനുള്ളത്. “എന്റെ പ്രിയപ്പെട്ടകുട്ടീ,പതിനെട്ടാം ശതകത്തില്‍ ഒരു മഹാപാപിയായ വൃദ്ധനുണ്ടായിരുന്നു, അയാള്‍ പ്രഖ്യാപിച്ചു,ദൈവം ഇല്ലെങ്കില്‍ ദൈവത്തെ കൃത്രിമമായി സൃഷ്ട്ടിക്കേണ്ടിവരുമെന്ന്.വാസ്തവത്തില്‍ മനുഷ്യന്റെ സങ്കല്പം ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നു. ദൈവം യഥാര്‍തത്തില്‍ ഉണ്ടെന്നുള്ളതല്ല,അപകടരമായൊരാശയം,ദൈവം ആവശ്യമാണെന്ന ആശയം മനുഷ്യനെപ്പോലെ നിഷ്ഠൂരനും, ദുഷ്ടനുമായ ഒരു ജന്തുവിന്റെ തലയില്‍ കടന്നുകൂടിയതാണ് ആശ്ചര്യം”.

അടഞ്ഞുകിടക്കുന്ന വീടുകള്‍ നമ്മെ വീണ്ടും സംഭ്രമിപ്പിക്കുന്നു!ആധുനിക ജീവിത പരിസരങ്ങളിലേക്ക് മനുഷ്യചരിത്രത്തിലെ ആത്മപീഢനത്തിന്റെയും ത്യാഗത്തിന്റെയും ഭൂതകാല സ്മ്രിതികളെ കടത്തിവിടുകയാണ് ദസ്‌തയോവ്സ്കി ചെയ്തത്. മനുഷ്യന്റെ ഉന്നതമായ ഉത്തരവാദിത്വം  അപരനെ നിർലോഭം  സ്നേഹിക്കുക എന്നതു തന്നെയാണ്.അങ്ങനെയുള്ളവര്ക്ക് കാലം പണിതുവെച്ചിട്ടുള്ളത്‌  കുരിശുകളും മുൾമുനയാളും കിരീടങ്ങളുമാണെങ്കിലും… അപരന്‍ സ്വര്ഗമാവുന്നിടത്താണ് ജീവിതം അതിന്റെ വേനല്‍കാലത്തോട് വിടപറയുന്നത്.

 

കവി, തൃശൂര്‍ ജില്ലയില്‍ വടക്കേക്കാട് ജനിച്ചു.