White Crow Art Daily

പ്രഭ സക്കറിയാസിന്റെ  കവിതകൾ

   കവിത /  പ്രഭ സക്കറിയാസ് 

 വണക്കമാസകാലത്തെ ഒരു പശുപ്പിറവിരാത്രി

കൊന്തയുമെത്തിച്ച് ആളുകള്‍ പിരിഞ്ഞശേഷമാണ് അതുണ്ടായത്.
വീട്ടുകാരന്‍ തിരിച്ചെത്തുന്നതേയുള്ളൂ,
പുഴുക്കും ഇറച്ചിക്കറിയും വേവുന്നതേയുള്ളൂ.
സന്ധ്യയാകുന്നതേയുള്ളൂ.
രണ്ടാമത്തെ പേറാണെന്നാലും
പേടിയാണ്. 

നിക്കാനും മേല, കിടക്കാനും മേല.
പാവം.
തുടങ്ങീന്ന് തോന്നുന്നു.
പെണ്ണായപെണ്ണെല്ലാം എരിഞ്ഞുപൊരിഞ്ഞ് നടപ്പാണ്,
വേവലാതിയാണ്, വിഷമമാണ്,
വലിയ പശുവാണ്‌.
നമ്മളെക്കൊണ്ട് ഒക്കുമോ, അവനെ വിളിയെന്ന് പേടിച്ചിലമ്പലുകള്‍
ചില്ലറക്കേസല്ല.
പശു പിടിച്ചാല്‍ നില്ക്കില്ല, കന്നിപ്പേറൊരു കഥയായിരുന്ന-
തോര്‍ക്കാന്‍ മേല, ഹോ.

പഴന്തുണി കീറുന്നു,
തൊഴുത്ത് കഴുകുന്നു,
ജീപ്പ്‌ വന്നുനില്ക്കുന്നാ-
ശ്വസിക്കുന്നു,
ലുങ്കിയെത്തിക്കുന്നു,
എല്ലാത്തിനുമിടെ “ഇല്ലെടീയില്ലെടീ”യെന്നു പശുവിനെ ഓമനിക്കുന്നു,
കണ്ണുതള്ളുന്ന, പുളയുന്ന പശുവോരോ
പെറ്റ പെണ്ണിന്റെയുമുള്ളിലെ നോവാകുന്നു.

ഈശോയീശോയെന്നിടറുന്ന
മനസുകള്‍ നേര്‍ച്ചനേരുന്നു,
നിത്യസഹായമാതാവിന്,
അന്തോനീസിന്,
സഹദായ്ക്ക്,

നൊന്തുനൊന്ത്
പശുവിനെയോര്‍ത്ത് സമര്‍പ്പിച്ച്
പ്രാര്‍ത്ഥനകളുടെ മാല ആകാശമാര്‍ഗത്തില്‍
നീങ്ങിത്തുടങ്ങിയതും കറന്റ് പോയതും
ദൈവമേയെന്നു വിയര്‍ത്തുള്ളം നിന്നുപോയതും
കൊച്ചേ, ഓടിച്ചെന്നാ ടോര്‍ച്ചെടുക്കാനും
ഹെഡ് ലാമ്പെടുക്കാനും
കുഞ്ഞിപ്പെണ്ണിനെ പായിച്ചതും,
ഉള്ള വെട്ടത്തില്‍ കുഞ്ഞിന്റെ തല കാണാം,
പശുവിനെ തൊടുന്നു, തഴുകുന്നു,

പ്രാര്‍ത്ഥനയുടെ മൂര്‍ധന്യത്തിലൊരിടി വെട്ടുന്നു,
അമറുന്ന പശുവിനെ ചേര്‍ത്തുപിടിക്കുന്നു,
“ഇല്ലെടീയില്ലെടീ” പേച്ചുകള്‍.
തലയിറങ്ങുന്നുണ്ട്, പശു തളര്‍ന്നുപോകുന്നുണ്ട്,
ചോരയും ചാണകവും വഴുക്കുന്ന തൊഴുത്തിന്റെ തറയില്‍
നിലകിട്ടാതെ മനുഷ്യന്‍ വെപ്രാളപ്പെടുന്നുണ്ട്,
ക്ടാവിന്റെ പിടലിക്ക് വലിച്ചെടുക്കാന്‍ നോക്കുന്നുണ്ട്,
കിതച്ചണച്ച് നിന്നുപോകുന്നുണ്ട്,
നേര്‍ച്ചനേരുന്നുണ്ട്,
മുന്‍കാലുകള്‍ കൂടിയിറങ്ങിയപ്പോള്‍
ആഞ്ഞാഞ്ഞുവലിക്കുന്നുണ്ട്,
ശ്വാസം നിലച്ചുപോയ പെറ്റപെണ്‍വയറുകളുണ്ട്,
നോവിന്റെ പടിക്കെട്ടുകളിറങ്ങിയ ഓര്‍മ്മയറകളില്‍
ലേബര്‍റൂമുകളില്‍
നൈറ്റികളില്‍,
പിന്നിമടക്കിക്കെട്ടിയ മുടിയി-
ലുലാത്തലില്‍,
നോവിന്റെ പാരമ്യങ്ങളുയര്‍ച്ച താഴ്ചകളില്‍
ബോധമബോധ നിമിഷാര്‍ദ്ധനിര്‍വൃതികളില്‍
തൊണ്ടകാറുന്ന നിലവിളിയോര്‍മ്മകളില്‍
പശുവും പെണ്ണുങ്ങളും
ആഞ്ഞുമുക്കിയൊരൊറ്റവീര്‍പ്പില്‍
കഴിഞ്ഞു, സുഖം, പ്രസവം.
പെണ്ണ്.

കൊല്ലുന്ന വിധം

എത്രയുദാത്തമൊരു ഗ്രാമദൃശ്യമാണാ
നൈറ്റി കയറ്റിക്കുത്തിയിരുന്ന്
പുള്ളിക്കോഴിയുടെ
കഴുത്ത് പിരിക്കുന്നതും
ചൂടുവെള്ളത്തില്‍ മുക്കി പൂടപറിക്കുന്നതുമൊക്കെ.

ഞണ്ടിനെ ജീവനോടെ ചൂടുവെള്ളത്തില്‍ മുക്കിയെടുക്കും.
വരാലിനെ മീന്‍തേക്കുന്ന കല്ലില്‍ തലയിടിച്ച് പിന്നെ തൊലിയുരിച്ചും.
ഒച്ചിനെ ഉപ്പിട്ട് അലിപ്പിച്ച്
എലിയെ പെട്ടിയോടെ വെള്ളത്തില്‍ മുക്കിയോ
കപ്പകഷണത്തില്‍ വിഷം വെച്ചോ,
പാമ്പിനെ ചൂരല്‍ കൊണ്ട് തല്ലിയും
അങ്ങനെ തിന്നാനായും അല്ലാതെയും.
 

പേടിയാണ് ചങ്കിടിപ്പാണ് കൈവിറയാണ് അബലയാണ് എന്നൊക്കെ പറയാമോ.

തലക്കെട്ടുകള്ക്ഷണിക്കുന്നു

കവിതകളുണ്ടായിരുന്നു
പിന്നെയാണ് ഓര്‍മ്മക്കുറിപ്പുകള്‍ ഉണ്ടായത്.
മരിച്ച സതീര്‍ത്ഥ്യരും ഞാനും
ഞാനും മരിച്ച സതീര്‍ത്ഥ്യരും
ഞാനും ലോകവും എന്ന മട്ടില്‍
ഇതെല്ലാം എങ്ങനെയോ ഞാനോ ഇങ്ങനെയിങ്ങനെ

എന്‍റെ ഞാന്‍, നിങ്ങളുടെയും ഞാന്‍, അവരുടെയും ഇവരുടെയുമെല്ലാം ഞാന്‍ എന്ന് ഖണ്ടശ്ശ.
ലൈക്കുകള്‍ പുഷ്പചക്രങ്ങള്‍.
പഴയകവിതകളുടെ പോഡ്കാസ്റ്റുകള്‍ കാക്കക്കാഷ്ടങ്ങള്‍
കാകുന്ന കാക്കകള്‍ ചീറ്റിപ്പൊട്ടുന്ന വിപ്ലവങ്ങള്‍ പുതിയ കണ്ണാടി
പുതിയ മുഖം, ചന്ദനത്തിരിയുടെ മണം.
അവനവനെത്തന്നെപ്രേമിച്ചുള്ള മണം,
പത്രത്താള്‍ നിറയ്ക്കാനുള്ള പാച്ചില്‍.

ആകാശം മുറിച്ചുകടന്ന കഴുത

ഒരു രാവിരുട്ടിവെളുത്തപ്പോഴാണ്  വൃദ്ധയായത്.
മുടി നരച്ചത്,
തൊലി ചുളിഞ്ഞത്.
ശരീരം അനുവാദം ചോദിച്ചില്ല.
ഒരു മുതുക്ക് മണം പടര്‍ന്നു.

ജീവന്റെയും മരണത്തിന്റെയും 
ആകാശം മുറിച്ചുകടന്നുപോകുന്ന
ഒരു നൂല്‍പ്പാലത്തില്‍ കയറിനിന്നു.

ഞാന്‍ ചുമക്കുമെന്ന് എനിക്കുറപ്പില്ലാഞ്ഞ ഭാരമാ-
ണെന്നെ വീഴാതെ നിറുത്തിയത്.

Paintings : Marc Chagall

 

1985ല്‍ കോട്ടയത്ത് ജനിച്ചു.കവിയും വിവര്‍ത്തകയും.ഇപ്പോള്‍ ഡൽഹി ജെ എൻ യു വിൽ ഗവേഷക ...