White Crow Art Daily

പ്രവീൺ പ്രസാദിന്റെ കവിതകൾ

കവിത / പ്രവീൺ പ്രസാദ്

പെൺകുട്ടിയെ എണ്ണുന്ന നക്ഷത്രം

നക്ഷത്രം താഴോട്ട്
കമഴ്ന്നുകിടന്ന്
പെൺകുട്ടിയെ എണ്ണുന്നു

പെൺകുട്ടി രണ്ടായി
നൂറായി
ആയിരമായി
ലക്ഷമായി
കോടിയായി
കാക്കത്തൊള്ളായിരമായി !

നക്ഷത്രത്തിന്റെ കണ്ണും കടന്ന്
പെൺകുട്ടി നിറഞ്ഞുനിൽക്കുന്നു

എണ്ണിയെണ്ണി തളർന്ന്
നക്ഷത്രം ഉറങ്ങാൻ പോകുമ്പോൾ
പെൺകുട്ടി പ്രകാശത്തിന്റെ കടലുപോലെ
ഭൂമിയിൽ മിന്നുന്നു.

ഏറ്റവും നന്നായി ഉറങ്ങാൻ തുടങ്ങുകയായിരുന്നു

തണുത്ത ഇരുമ്പിൽ
തലവച്ച് കിടന്നപ്പോൾ
അതിന്റെ മിനുസത
കവിളിനെ പുണർന്നു
ഏതോ പരിചയമുള്ള
സ്ത്രീയുടെ തുടപോലെ
തോന്നിച്ചുവത്

‘ഉറക്കമൊരു തേരിലിറങ്ങിയിങ്ങനെ വരും’
എന്ന സിനിമ ഡയലോഗ്
ഓർമ്മയിൽ

ഇരുമ്പുതുടകളിൽ
മുഖം പൂഴ്ത്തി
കണ്ണുകടച്ച് ചിരിച്ചു
മുതുകത്ത് ഡിസംബർ

ആ തണുപ്പിന്റെ
കാഠിന്യത്തോടപ്പോൾ
അസ്വാസ്ഥ്യം തോന്നിയില്ല

രാത്രിപ്പക്ഷികൾ പാടുമ്പോൾ
ചുറ്റും വിരിഞ്ഞുകിടന്ന
ജെല്ലിക്കല്ലുമെത്ത
വിറച്ചു
അതിന്റെ ചിലമ്പൽ
പക്ഷികളുടെ പാട്ടിന്
നല്ല പശ്ചാത്തലമായി

പവിഴമല്ലികൾ
നിലത്തുവീണ് ചതയുമ്പോൾ
ഉണ്ടാകുന്ന മദിച്ച മണം
ശരീരത്തെ പൊതിയാൻ തുടങ്ങി

രാത്രിയുടെ കരുണയിൽ കുതിർന്ന്
ഉറങ്ങിപ്പോകുന്നതിന്റെ
രസമെനിക്ക് കിട്ടി
ഉടലുപൊട്ടിത്തെറിക്കും വരെയും
അറ്റം കാണാത്ത തണുത്തയിരുമ്പ്
അടിപൊളി തലയണയായിരുന്നു.

ഭയം

രാത്രി 
ഉറങ്ങുന്ന വീടുകളുടെ
പൂട്ടിയ ഗേറ്റുകൾ.

മുറ്റത്തിരുന്ന് നോക്കുമ്പോൾ
ആരുമില്ലായ്മയിൽ പാത
സ്വാതന്ത്ര്യം അനുഭവിക്കുന്നത് കാണാം.

കസേരയിലിരുന്ന്
പുസ്തകം വായിക്കയായിരുന്നു 
ഞാൻ.

അടഞ്ഞുകിടക്കുന്ന 
മനുഷ്യക്കൂടുകൾക്ക് വെളിയിലൂടെ
ആ നായ 
ഉശിരോടെ ഓടുന്നുണ്ട്.
അത് ഞങ്ങടെ ഗേറ്റിന്റെ 
മുന്നിലെത്തുമ്പോൾ
പുസ്തകത്തിന്ന്
ഞാനെന്റെ കണ്ണഴിക്കും.

പകൽ മുഴുക്കെ
വഴിയോരങ്ങളിൽ പാവപോലെ
പതിഞ്ഞുകിടക്കാറുള്ള നായ
നോക്കുമെന്നെ
അഴികൾക്കിടയിലൂടെ
ശൗര്യത്തിൽ.

ഞാൻ ഗേറ്റിന്റെ താഴുനോക്കി
പൂട്ടിയിട്ടുണ്ടെന്ന് ഭീതിയെ തഴുകും.
തലയുയർത്തി
ചെവികൾ പൊക്കി
പൂട്ടിയ താഴുനോക്കി
നായ ഉച്ചത്തിൽ ഓരിയിടും.

ഞാൻ ശ്വാസമടക്കി പാവയാകും.

– 

ചിത്രമെഴുത്ത് : പ്രേം നാരായൺ

പാലക്കാട് നെന്മാറ സ്വദേശി. ഗവ: ആർട്സ്&സയൻസ് കോളേജ് തോലനൂരിൽ ഇംഗ്ലീഷ് സാഹിത്യം ബിരുദ ...