White Crow Art Daily

പ്രസ്ഥാനത്തിന്റെ മനുഷ്യ ദുഖങ്ങള്‍

ടി.എന്‍. ഗോപകുമാറിന്റെ ശുചീന്ദ്രം രേഖകള്‍ക്ക് ഒ.വി.വിജയന്‍ എഴുതിയ അവതാരിക

മലയാള സാഹിത്യത്തില്‍ -സാഹിത്യത്തില്‍ എന്നതിനേക്കാള്‍ എഴുത്തില്‍ എന്നുപറയുകയാവും ക്ലിപ്തം- ഇനിയും ശക്തമായി കഴിഞ്ഞിട്ടില്ലാത്ത ഒരുശാഖയാണ് ജീവചരിത്രം.  മാത്രമല്ല ഔന്നത്യങ്ങളിലെത്തിയ വ്യക്തികളുടെ കഥ അത് മുന്‍കാലങ്ങളിലെ  കുടുംബ ഛായാപടങ്ങള്‍ പോലെ വെളുപ്പിച്ച് ചന്തമാക്കി അവതരിപ്പിക്കുക എന്നതാണ് പതിവ്.  അങ്ങനെ വൈകല്യങ്ങളില്ലാത്ത  ധീരോദാത്തരുടെ  ഐതീഹ്യമാല  മാത്രമാണ് നമ്മുടെ കെട്ടിയിരിപ്പ്. ഗോപകുമാറിന്റെ ഈ ചെറുപുസ്തകം ഇതില്‍ നിന്നുള്ള ഒരു വ്യതിയാനം കുറിക്കുന്നു.

തേച്ചുമിനുപ്പിക്കാത്ത ചിത്രങ്ങള്‍ മാത്രമല്ല നമുക്കാവശ്യം. സാധാരണമനുഷ്യരുടെ അല്ലെങ്കില്‍ സാധാരണരെന്ന കള്ളിയില്‍ നാം പെടുത്തുന്ന വ്യക്തികളുടെ ജിവിതകഥകള്‍ കൂടി ലഭ്യമാകുമ്പോള്‍ മാത്രമേ സാഹിത്യ ചരിത്രബോധം സമ്പൂര്‍ണ്ണമാവുകയുള്ളൂ. തങ്കമ്മയുടെ ജീവിത കഥ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ  ഇതിഹാസത്തിന്റെ മുമ്പില്‍ ഒന്നുമല്ലെന്ന് പറയുന്ന ചരിത്രപണ്ഡിതന്മാര്‍ ഉണ്ടാകാം.

എന്നാല്‍ കൃഷ്ണപിള്ളയെന്ന അതികായന്റെ അസ്തിത്വത്തിന് ആസ്പദമായ കൊച്ചുമനോഹാരിതകളില്‍ ഒന്നായിരുന്നു തങ്കമ്മ എന്നത് നാം മനസിലാക്കണം. കൃഷ്ണപിള്ളയെകുറിച്ചുള്ള  വിരളമായ ജാലകദൃശ്യങ്ങളിലൊന്ന് എന്റെ ഓര്‍മ്മയില്‍ വരുന്നു. ദേശമംഗലം രാമകൃഷ്ണന്റെ സഖാവിന്റെ വാച്ചില്‍ സമയമെന്തായി എന്നുള്ള കവിത. ഒളിവിലായിരുന്ന സഖാവ് കൃഷ്ണപിള്ള  തന്റെ വാച്ചഴിച്ച്  മറ്റൊരു സഖാവിനെ ഏല്‍പ്പിക്കുന്നു.കൂരിരുട്ടുള്ള ആ യാത്ര  വിപ്ലവത്തിന്റെ വിജയമോ പരാജയമോ അല്ല. ഒരുമനുഷ്യകഥയുടെ ഹൃദയസ്പര്‍ശിയായ ഘടകം മാത്രമാണ്.

തന്റെ രേഖകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമല്ലെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അതില്‍ ശരിയും തെറ്റും ഉണ്ട്. അനുഭവങ്ങളുടേയും ക്ലേശത്തിന്റെയും സ്നേഹത്തിന്റെയും ജനിതകധാരകളാണ് ഒരു കാലത്ത് കമ്മ്യൂണിസ്റ്റ്കാരെ തമ്മില്‍തമ്മില്‍ ബന്ധിപ്പിച്ചത്. ആ നിലയ്ക്ക് സാധാരണരീതിയിലുള്ള പരമ്പരകള്‍ക്കപ്പുറം ആത്മബന്ധങ്ങളുടേതായ മറ്റൊരു കുടുംബസങ്കല്‍പ്പം നിലവില്‍ വരുന്നു. അതിന്റെ കഥ പറയുന്നതിലൂടെ ഗോപകുമാര്‍, കൃഷ്ണപിള്ളയും തങ്കമ്മയും തങ്കമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവും ഗോപന്റെ അച്ഛനുമായ ശര്‍മ്മയുമടങ്ങുന്ന മറ്റൊരു കുടുംബത്തിന്റെ അംഗമായിതീര്‍ന്നു.

ഈ പുസ്തകത്തില്‍ കരവിരുതോടെ എഴുതിചേര്‍ത്ത പല കഥകളുമുണ്ട്. ഇ. എം.എസ് മുഖ്യമന്ത്രിയായിരിക്കവെ തങ്കമ്മ കാണാനെത്തിയപ്പോള്‍ അദ്ദേഹം പൊട്ടിക്കരയുന്ന രംഗം അവിസ്മരണീയമായിരുന്നു.  ഈയൊരു ഉദാഹരണം ഞാന്‍ എടുത്തുകാട്ടിയതിന്റെ പിന്നില്‍ ഒരു സന്ദേഹം നില്‍പ്പുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മനുഷ്യദുഖങ്ങളെ കുറച്ചുകൂടി ആഴത്തില്‍ തേടാമായിരുന്നുവല്ലേ ഗ്രന്ഥകര്‍ത്താവിന് എന്ന തോന്നല്‍. അദ്ദേഹം അത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കട്ടെ. ശുചീന്ദ്രം രേഖകള്‍ കൂടുതല്‍ വലിയ ശ്രമങ്ങള്‍ക്ക് ഒരു മുഖവുരയായി ഭവിക്കട്ടെ.

അവസാനമായി ഒരു കാര്യം എടുത്തുപറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തന്റെ അമ്മയുടേയും ഒരു ചരിത്രപുരുഷന്റേയും പ്രണയകഥ ആ അമ്മയുടെ രണ്ടാം ഭര്‍ത്താവിലുള്ള മകന്‍ കൈകാര്യം ചെയ്യുകയാണ്. ഇത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും മലയാളത്തിന്റെ വിലക്കുകള്‍ ഓര്‍ക്കുമ്പോള്‍. ആ വിലക്കുകളെ അവഗണിക്കുന്നതിലൂടെ ഗ്രന്ഥകര്‍ത്താവ് കാണിച്ച ധീരത ജീവചരിത്രശാഖയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. സംശയമില്ല.