White Crow Art Daily

പ്രാവുകളുടെ പാട്ടുകാരന്‍

സിനിമ / നജീബ് കുഞ്ഞുമോൻ

പ്രാവുകളുടെ പാട്ടുകാരന്

സ്വീഡിഷ് സംവിധായകന്‍ റോയ് ആന്‍റെഴ്സന്‍റെ trilogy യിലെ Songs from the second floor (2000), You, the living (2007), A pigeon sat on branch reflecting on existence(2014) എന്നീ മൂന്ന് സിനിമകളും ദൃശ്യഭാഷയുടെ പുത്തന്‍ അനുഭവങ്ങളാണ്. കാലത്തിന്‍റെ അതിവേഗങ്ങളോട് തോറ്റ്, തങ്ങളുടെ തന്നെ ഭൂതകാലങ്ങളെ ചുമന്നുകൊണ്ടുപോകുന്നതിനിടെ ഇഴഞ്ഞ് അവശരായ മനുഷ്യരെക്കൊണ്ട്‌ നിറഞ്ഞു കവിയുകയാണ് ആന്‍റെഴ്സന്‍റെ ദൃശ്യങ്ങള്‍. ഭാരമുള്ള പെട്ടികള്‍ വലിച്ച് കൊണ്ടലയുന്ന മനുഷ്യര്‍ ഈ മൂന്ന് സിനിമകളില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമകളെല്ലാം നടക്കുന്നത് നഗരങ്ങളിലാണ്. നഗര ജീവിതത്തിന്‍റെ സ്ഥായി മുദ്രയയായ വേഗതയെ പിടിച്ചുനിര്‍ത്തി വിചാരണ ചെയ്യുമ്പോള്‍ വിളറിയൊരു ലോകത്തില്‍ അന്യവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ ഏറെക്കുറെ പെയിന്റിങ്ങിലെയോ ഇന്‍സ്റ്റാളേഷനിലെയോ ദൃശ്യസ്വഭാവത്തോടെ കടന്നു വരുന്നു.

ni

1970 ല്‍ സംവിധാനം ചെയ്ത A Swedish love story വലിയ വിജയമായിരുന്നെങ്കിലും രണ്ടാമത്തെ സിനിമയായ Gilliap എല്ലാ അര്‍ത്ഥത്തിലും പരാജയമായിരുന്നു. പിന്നീടുള്ള ഇരുപത്തഞ്ചു വര്‍ഷക്കാലം ചില ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു എങ്കിലും ആന്‍റെഴ്സണ്‍ പ്രധാനമായും TV കൊമേഴ്സലുകളാണ് ചെയ്തുകൊണ്ടിരുന്നത്. ലോകത്തിലെ ഏറ്റവും ഗംഭീരനായ പരസ്യ സംവിധായകനാണ് ആന്‍റെഴ്സണ്‍ എന്ന്‍ ബര്‍ഗ്‌മാന്‍ പറയുന്നുണ്ട്.

N2

Roy Anderson

കോര്‍പ്പറേറ്റ് ലോകക്രമത്തിന്‍റെ അകം പാളികളിലേക്കാണ് ആന്‍റെഴ്സന്‍റെനോട്ടം.ഉത്തരാധുനിക മുതലാളിത്ത സാമൂഹ്യ വൈരുധ്യങ്ങളിലൂടെ മനുഷ്യന്‍റെ വര്‍ത്തമാനകാലത്തെയും വരുംകാലത്തെയും വരച്ചു വെക്കുവാനാണ് ആന്‍റെഴ്സന്‍റെ ശ്രമം. യുദ്ധത്തിനു പോകുകയും പരാജയപ്പെട്ടു തിരിച്ചു വരികയും ചെയ്യുന്ന A pigeon sat on branch reflection on existence ലെ രംഗങ്ങള്‍ യുദ്ധം വിലപിക്കുന്ന സ്ത്രീകളെ മാത്രമേ സൃഷ്ട്ടിക്കുന്നുള്ളൂ എന്നു പറയുന്നുണ്ട്. അധികാര കാമനകളെ യുദ്ധങ്ങങ്ങളും ആച്ഞ്ഞകളുമായി ഒരു സ്ത്രീയുടെ ശരീരത്തിലേക്ക് ചര്ധിച്ചു വെക്കുന്ന വയസേറെചെന്ന ഒരു പട്ടാള ജനറല്‍ Songs from the second floor ലും പ്രത്യക്ഷപ്പെടുന്നുണ്ട്. വറ്റിപോകുന്ന വെളിച്ചത്തെക്കുറിച്ചുള്ള ആകുലതകള്‍ കൊണ്ടാണ് സിനിമകള്‍ അതിന്‍റെ വ്യാകരണം നിറവേറ്റുന്നത്.

N3

Songs from the second floor .

സമ്പ്രദായികമായ രീതിയില്‍ കഥപറഞ്ഞു പോകുന്നൊരു രീതി പൊതുവേ മൂന്നു സിനിമകള്‍ക്കുമില്ല. സാഹിത്യ രൂപത്തോട് ഈ സിനിമകളെ   താരതമ്യം ചെയ്യാമെങ്കില്‍ കഥയെക്കാളെറെ കവിതയുടെ സ്വഭാവ സവിശേഷതകളാണ് സിനിമകള്‍ക്കുള്ളത്. Songs from the second floor ല്‍ സ്വന്തം കച്ചവടസ്ഥാപനം തീവെച്ചു നശിപ്പിച്ച ഒരാളെയും കവിതകള്‍ ഇഷ്ട്ടപ്പെടുന്ന ചിത്തഭ്രമം ബാധിച്ച അയാളുടെ മകനെയും ചുറ്റിപ്പറ്റിയാണ്.വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിപ്പോയ ഒരു കവിയാണയാള്‍. ഗോദാര്‍ദിന്‍റെ Weekend ലെ ട്രാഫിക്ക് ജാമിനെ ഓര്‍മപ്പെടുത്തും വിധം വളരെ സാവധാനം ഇഴഞ്ഞു നീങ്ങുന്ന വണ്ടികളുടെ നഗരവീധികള്‍. ക്രിസ്തുവിന്‍റെ ക്രൂശിതരൂപം പെട്ടന്ന് പണം നേടാനുള്ള വഴിയെന്ന നിലയില്‍ ഒരു ബിസിനസ്സ് കണ്‍സല്‍ട്ടിന്‍റെ കയ്യില്‍നിന്നും ഇതിലെ പ്രധാന കഥാപാത്രം വാങ്ങുന്നുണ്ട്.

N4

സിനിമയുടെ അവസാന സീനില്‍ അനേകം ക്രൂശിതരൂപങ്ങളെ നഗരപ്രാന്തത്തില്‍ വലിച്ചെറിഞ്ഞുകൊണ്ട് ആ കണ്‍സല്‍ട്ടന്റ് ഉറക്കെ വിളിച്ചു പറയുന്നു; വില്‍ക്കാന്‍ പോലും പറ്റാത്തത്ര ദുഷിച്ചു പോയിരിക്കുന്നു ക്രിസ്ത്യന്‍ വിശ്വസ സങ്കല്‍പ്പങ്ങളെന്ന്‍. ബര്‍ഗ്‌മാന്‍റെ Seventh seal ല്‍ സ്വയംപീഡനം(flagellation) നടത്തി ഒരു കൂട്ടം ആളുകള്‍ തെരുവിലൂടെ പോകുന്നതുപോലെ Songs from the second floor ലും ഒരു പറ്റം സ്വയംപീഡകര്‍ വിലപിച്ചു നീങ്ങുന്നത് കാണാം. അവര്‍ നമ്മുടെ കാലത്തെ ബിസ്നാസ്സ് എക്സിക്യുട്ടീവുകളാണ്. അവരുടെ പാപബോധത്തിന്‍റെയും ഏറ്റുപറച്ചിലുകളുടേയും ജീവിതമാണ് ‘രണ്ടാം നിലയില്‍ നിന്നുമുള്ള പാട്ടുകള്‍’. മരിച്ചവരും ,ജീവിച്ചിരിക്കുന്നവരും, ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരും ചേര്‍ന്ന് ആലപിക്കുന്ന വിലപഗാനങ്ങള്‍ പോലെ അതു നമ്മെ വേട്ടയാടുന്നു. കാഫ്കയുടെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനുഷ്യരാണിവവര്‍. ഒരു പ്രത്യേക ദിശയിലേക്ക് തികച്ചും ലക്ഷ്യരഹിതമായി ആളുകള്‍ പോയ്കൊണ്ടിരിക്കുന്നത് എങ്ങോട്ടാണെന്ന് തെരവിലെ മാലിന്യങ്ങളില്‍നിന്നും ഭക്ഷണം എടുത്തു കഴിക്കുന്ന ഒരു കഥാപത്രം ചോദിക്കുന്നുണ്ട്.

N5

Weekend

വെളിച്ചം കൊണ്ടും നിഴലുകളെ വെളിച്ചത്തിന്‍റെ തന്നെ മറ്റ് അടരുകകളാക്കിക്കൊണ്ടുമാണ് ആന്‍റെഴ്സണ്‍ തന്‍റെ സിനിമയിലെ ഫ്രെയിമുകളെ നിര്‍മിച്ചെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുളും വെളിച്ചവും ചേര്‍ന്ന് നാം സാധാരണ കാണുന്നത് പോലെയുള്ള ദൃശ്യശീലത്തെ ആന്‍റെഴ്സണ്‍ തകിടംമറിക്കുന്നുണ്ട്. ഇറ്റാലിയന്‍ നിയോറിയലിസവും അതിന്‍റെ സാമൂഹ്യ രാഷ്ട്ര്യിയ വിമര്‍ശന സ്വഭാവവും ആന്‍റെഴ്സനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.എന്നാല്‍ തന്‍റെ തന്നെ ഒരു നവസിനിമാ ഭാഷ നിര്‍മിച്ചുകൊണ്ടാണ് ആന്‍റെഴ്സണ്‍ സാമൂഹ്യ വിമര്‍ശനങ്ങളെ സാധ്യമാക്കുന്നത്. നിയോ സറിയലിസം എന്നു വിളിക്കാവുന്ന ഒരു ദൃശ്യഭാഷയില്‍ വെളിച്ചം വെളിച്ചത്തെതന്നെ പുണര്‍ന്നു പിണയുന്നു.

രണ്ടാമത്തെ സിനിമയായ You, the Living സ്വപ്നങ്ങളും സംഗീതവും നിറഞ്ഞ മറ്റൊരു നിര്‍മ്മിതിയാണ്‌. പലതരം ധര്‍മസങ്കടങ്ങളില്‍ അകപ്പെട്ട് കഴിയുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയിലൂടെയാണ് നാം കടന്നു പോകുക. മധ്യവയസ്കയായ ഒരു സ്ത്രീ തന്‍റെ കാമുകന്‍റെ ഡിന്നര്‍ ക്ഷണം നിരസിച്ച് എന്തൊക്കെയോ പരിഭവങ്ങള്‍ പറയുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ‘ആളുകള്‍ സ്വാര്‍ത്ഥരായി തീര്‍ന്നതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാനുള്ള അവരുടെ കഴിവ് നഷട്ടപ്പെട്ടിരിക്കുന്നു’ ഇതിലെ മനശ്ശാസ്ത്രജ്ഞന്‍ നമ്മോട് നേരിട്ടു തന്നെയാണ് പറയുന്നത്. മനുഷ്യന്‍റെ സുഖദുഖങ്ങളുടെ കാര്യകാരണങ്ങള്‍ അറിയാനുള്ള തത്വചിന്താപരമായ ഒരന്വേഷണപരത ആന്‍റെഴ്സനില്‍ പൊതുവെയുണ്ട്.

നിദ്രാടകരായ നിരവധി മനുഷ്യര്‍ , മിക്കവാറും നല്ല ശരീര ഭാരമുള്ളവര്‍ , ജീവിതത്തിലോ കാലത്തിലോ ഖനീഭവിച്ചുപോയവരേ പോലെ വളരെ സാവധാനത്തില്‍ ചാലിക്കുന്നു. ആന്‍റെഴ്സന്‍റെ ക്യാമറ എല്ലായ്പോഴും നിശ്ചലമാണ്. വെര്‍മിറിന്‍റെയും ഡെസിഡാരിയോയുടെയും പെയിന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്നതാണ് ഓരോ ഫ്രെയിമുകളും. പരസ്പരം വിനിമയം ചെയ്യാന്‍ കഴിയാതെ അവവനവനില്‍ തന്നെ കുടുങ്ങികിടക്കുന്ന ഏകാകികളായ മനുഷ്യരുടെ കാഴ്ചബംഗ്ലാവിലൂടെ നടന്നു നീങ്ങുന്നതായി ഒരുപക്ഷെ നിങ്ങള്‍ക്കു തോന്നാം. ജാക്കോസ് റ്റാറ്റിയുടെ Playtime ന്‍റെ സ്വാധീനം ആന്‍റെഴ്സന്‍റെ ദൃശ്യങ്ങളില്‍ പലയിടത്തും കാണുന്നുണ്ട്.

N6

Play Time

A pigeon sat on branch reflecting on existence (2014)ലെ ജോനഥനും സാമും നൂതനമായ ചില ഉപകരണങ്ങള്‍ വില്‍ക്കുവാനായി അലഞ്ഞു തിരിയുന്ന രണ്ടു സെയില്‍സ് എക്സിക്യുട്ടീവുകളാണ്. ചിരിക്കും ബാഗ്‌ , യക്ഷിയുടെ പല്ല് , രാക്ഷസന്‍റെ മുഖമൂടി എന്നിങ്ങനെ മൂന്ന് തമാശ ഉപകരണങ്ങളാണ് അവര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. അവരുടെ പരാജയപ്പെടുന്ന ഉദ്യമങ്ങളെ ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഡച്ച്‌ ചിത്രകാരന്‍ പീറ്റര്‍ ബ്രൂഗലിന്‍റെ മഞ്ഞിലെ വേട്ടക്കാര്‍ എന്ന പെയിന്റിങ്ങില്‍ മരത്തിനു മുകളിലരുന്നു താഴെ മനുഷ്യരുടെ ചെയ്തികളെ നോക്കിക്കാണുന്ന രണ്ടു പക്ഷികളുടെ ദൃശ്യമാണ്‌ സിനിമയുടെ പേരിനു പ്രചോദനം.

N7

A pigeon sat on branch reflecting on existence.

ഈ ത്രയത്തിലെ ആദ്യ രണ്ടു സിനിമകളുടെ സ്വപ്ന സദൃശ്യമായ കാഴ്ചകളുടെ തുടര്‍ച്ച തന്നെയാണ് A pigeon sat on branch reflecting on existence. ദുരന്തങ്ങളുടെ ഹാസ്യ സ്വഭാവം ഈ സിനിമയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. മദ്യശാലയില്‍ പ്രത്യക്ഷപ്പെടുന്ന പട്ടാളക്കാര്‍ ,യുദ്ധഭൂമിയില്‍ നിന്നും പരാജയപ്പെട്ടു മടങ്ങുന്ന ഏകാധിപതി, ചിരി ഉപകരങ്ങള്‍ വില്‍ക്കാന്‍ പെടാപ്പാടു പെടുന്ന ജോനഥനും സാമും, ഹാസ്യ ദുരന്ത ദ്വന്തങ്ങളുടെ അനുഭവങ്ങളിലേക്ക്‌ ആന്‍റെഴ്സണ്‍ തുറക്കുന്ന തീവ്രതയേറിയ വാതിലുകളാണ്. യുദ്ധത്തെയും മനുഷ്യ യാതനകളെക്കുറിച്ചുമുള്ള വ്യാകുലതകള്‍ കൂടുതല്‍ പ്രതിഫലിക്കുന്ന ചിത്രം കൂടിയാണിത്. പ്രാവുകള്‍ സമധാനത്തിന്‍റെ പ്രതീകമാണെന്നിരിക്കേ അവ മനുഷ്യന്‍റെ അസ്ഥിത്വത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക?

മെഹ്മൂദ് ദര്‍വീഷിന്‍റെ ഒരു കവിതയില്‍ പ്രാവുകള്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ ദേശിയഗാനം ചൊല്ലുന്ന വരുംകാലത്തെക്കുറിച്ചുള്ള സമധാനം നിറഞ്ഞ   ഒരു ആലോചനയുണ്ട്.യുദ്ധവിമാനങ്ങളുടെ അശാന്തി പകുത്തെടുത്ത നമ്മുടെ ആകാശത്തിനു കീഴിലിരുന്ന്‍ ആന്‍റെഴ്സന്‍റെ സിനിമകള്‍ കാണുമ്പോള്‍ തനിക്കുമീ അക്രമോല്‍സുക ക്രിയകളില്‍ പങ്കുണ്ടോ എന്ന് ചിലപ്പോള്‍ ഒരുവന്‍/ഒരുവള്‍ ആലോചിച്ചു പോകാം.

കവി, തൃശൂര്‍ ജില്ലയില്‍ വടക്കേക്കാട് ജനിച്ചു.