ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാൻ
അപ്പ നായനാരെ കൊല്ലാനുള്ള പദ്ധതി പൊളിഞ്ഞുപാളീസായ രാത്രി ഞങ്ങൾ നാടുവിടാൻ തീരുമാനിച്ചു. വളയംകോട് ഷാപ്പിന്റെ പരിയമ്പുറത്തു തലകുനിച്ചിരിക്കുമ്പോഴായിരുന്നു, അത്. ചരിത്രം പരാജയപ്പെട്ടവരുടെ ജാതകക്കുറിപ്പിൽ അടിവരയിട്ടുവച്ചിരിക്കുന്നതാണ് ഒളിച്ചോട്ടമെന്ന്, ലഹരിയിൽ ചുരുണ്ടുകിടന്ന ഷാപ്പ് വിളിച്ചുപറയുന്നുണ്ടായിരുന്നു.
“അല്ലെങ്കിലും ബൂർഷ്വാസിയുടെ തലവര മാറ്റിയെഴുതാൻ ഒരു വിപ്ലവത്തിനും കഴിയില്ല. അംഗരക്ഷകനെപ്പോലെ വിധി അവന്റെകൂടെ എപ്പോഴുമുണ്ടാകും”. മട്ട് മുരളി പറഞ്ഞു.
പരസ്പരം നോക്കിയാൽ കരയുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ മൂന്നുപേരും ഇരുട്ടിലേക്കു കണ്ണുതുറിച്ചു.
“നമ്മൾ കുറച്ചുകൂടി ആലോചിക്കണമായിരുന്നു. ഇതൊരെടുത്തുചാട്ടമായിപ്പോയി”. കമ്പസാര ശബ്ദത്തിൽ ശ്യാമളൻ പറഞ്ഞു.
“അയാൾ അങ്ങനെ ഊരിപ്പോകാനുള്ള സാധ്യതെയെക്കുറിച്ചു കുറച്ചുകൂടി കാൽകുലേറ്റ് ചെയ്യണമായിരുന്നു. സ്വപ്നത്തിൽപ്പോലും നമ്മൾ അതു പ്രതീക്ഷിച്ചില്ലല്ലോ. അയാളെ നമ്മൾ നിസാരനായി കണ്ടിരുന്നില്ലെങ്കിൽ….”
“ഒരു ചുക്കും സംഭവിക്കില്ലായിരുന്നു”. മുരളി ഇടയ്ക്കു കയറി
“ഇതിങ്ങനെയൊക്കയേ വരൂ. ഒരേകാധിപതിയെ കൊല്ലാൻ മറ്റൊരേകാധിപതിക്കു മാത്രമേ പറ്റത്തൊള്ളു”.
ആഗോളവൽക്കരിക്കപ്പെട്ട ഇരുട്ട് ഞങ്ങൾക്കു മുകളിൽ യുദ്ധക്കപ്പൽപ്പോലെ നിലകൊണ്ടു.
ഞാൻ പറഞ്ഞു: “ഇനിയുണ്ടാകാൻ പോകുന്നത് എന്തൊക്കെ പുകിലായിരിക്കും എന്നോർക്കുമ്പോ എനിക്കു പേടിയാകുന്നു”.
“പേടിച്ചതുകൊണ്ട് ഇനി കാര്യമൊന്നുമില്ല”. തീരെ ഉറപ്പില്ലാത്ത ശബ്ദത്തിൽ ശ്യാമളൻ പറഞ്ഞു.
“വിപ്ലവം വെറും പഴത്തൊലിയാണ്. നമ്മളെപ്പോലെ കുറച്ചുവിഡ്ഢികൾ എക്കാലവും കാണും, അതിൽച്ചവിട്ടി വീഴാൻ”. ഞങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്നമട്ടിൽ എന്തൊക്കെയോ ആലോചനകളിൽ കറങ്ങിനടക്കുന്നതിനിടയിൽ മുരളി പറഞ്ഞു.
സമാനമായ രീതിയിൽ തികച്ചും കൃത്രിമമായി അവൻ വാചകങ്ങൾ കോർത്തെടുത്ത സന്ദർഭം എനിക്കോർമ വന്നു. അപ്പ നായനാരെ കൊല്ലാൻ ഞങ്ങൾ പദ്ധതിയിടുന്നതിനും മുൻപായിരുന്നു, അത്.
ഒരു ദുഖവെള്ളിയാഴ്ച, ഏതോ യൂദാസ് മുപ്പതുവെള്ളിക്കാശിനുവാങ്ങിയിട്ട കശുമാന്തോട്ടത്തിൽ കള്ളുകുടിക്കുകയായിരുന്നു, ഞങ്ങൾ. ലഹരി, പോളിറ്റ് ബ്യൂറോയിൽ കയറിക്കഴിഞ്ഞപ്പോൾ ശ്യാമളൻ ചിരിച്ചുകൊണ്ടുപറഞ്ഞു: “യേശുക്രിസ്തവും നമ്മളും തമ്മിൽ ഒരു വ്യത്യാസവും ഒരു സാമ്യവുമുണ്ട്. ആകാശത്തിനു തിരശ്ചീനമായി കൈകൾ വിരിച്ചുപിടിച്ചശേഷം അവൻ പൂരിപ്പിച്ചു: സാമ്യം- അവന്റെയും നമ്മളുടെയും തോളിൽ എടുത്താൽപ്പൊങ്ങാത്ത കുരിശുണ്ട്.
വ്യത്യാസം- അവൻ മൂന്നാംപക്കം ഉയിർത്തെഴുനേറ്റു. നമ്മൾക്കു കുരിശുമാത്രമേയുള്ളു. ഉയിർപ്പില്ല”.
കള്ള്, ഞങ്ങളുടെ കവിൾ നിറച്ചശേഷം വയറ്റിലേക്ക് ഓടിയിറങ്ങി.
“എന്നെയെല്ലാവരും മട്ട് എന്നു വിളിക്കുന്നതിന്റെ കാരണമറിയാവോ?”
മുരളി ചോദിച്ചു. യേശുക്രിസ്തുവിനെക്കുറിച്ചും സ്വന്തം തോളിലെ കുരിശിനെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരുന്ന ശ്യാമളനും ഞാനും അവനെ നോക്കി.
“പന്ത്രണ്ടുമക്കളിൽ ഇളയവനായതുകൊണ്ടല്ല, മുരളി മട്ട് മുരളിയായത്. ആർക്കും ഒരുപകാരവുമില്ലാത്ത വെറും ചണ്ടിയായതുകൊണ്ടാ”.
അവൻ വിങ്ങി. ശ്യാമളൻ കുപ്പിയിലേക്കു കൈ നീട്ടി. ഞാൻ മൂത്രമൊഴിക്കാൻ എഴുനേറ്റു. വികേന്ദ്രീകരിക്കപ്പെട്ട ചിന്തകൾ ഞങ്ങളുടെയുള്ളിൽ സ്റ്റഡി ക്ലാസ് നടത്തിക്കൊണ്ടിരുന്നു.
“ഡാ മണ്ടൻമാരേ, മുരളി വീണ്ടും ശബ്ദിച്ചു. ഒരാൾ എക്കാലത്തും ഓർമിക്കപ്പെടുന്നത് ജീവിച്ചിരുന്നപ്പോൾ അയാൾ ചെയ്ത അത്ഭുതങ്ങളുടെ പേരിലായിരിക്കും”.
സിഗരറ്റുപുക കശുമാവിലകളുടെ ചിമ്മിണിയിലൂടെ മുകളിലേക്കു പറത്തിക്കൊണ്ട് മുരളി തുടർന്നു.
“എനിക്ക് എന്നെ കണ്ടെത്തണം. ഞാൻ മട്ട് മുരളിയല്ല”.
എന്നെയും ശ്യാമളനെയും മാറിമാറി നോക്കിക്കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ മാവോ മുരളിയാണ്”. ചരിത്രം അവനെ മയക്കുവെടിവച്ചു വീഴ്ത്തിയെന്ന് എനിക്കുമനസിലായി. കശുമാന്തോട്ടത്തിൽ നിശബ്ദതയുടെ കൂറ്റൻ മതിലുയർന്നു.്യുഅപ്പോൾ ബോധിവൃക്ഷത്തിൽനിന്നിറങ്ങിവന്ന കാറ്റ് തലച്ചോറിൽ വട്ടംചുറ്റി. കള്ള് കുടലിൽക്കിടന്നു നീരാവിയായി.
പിറ്റേന്ന്, അപ്പ നായനാരെ കൊല്ലാനുള്ള പദ്ധതിക്കു ഞങ്ങൾ തുടക്കമിട്ടു. പദ്ധതിയുടെ ആദ്യപടിയായി ഞങ്ങൾ മൂന്നുപേരും അപരനാമങ്ങളിലേക്കുമാറി.
മട്ട് മുരളി- മാവോ
ശ്യാമളൻ- ചെ(താടിയുള്ളതുകൊണ്ട്)
ഞാൻ- ഈഫൽ(വിപ്ലവങ്ങളുടെ മാതാവിന്റെ ഓർമയ്ക്ക്)
അപ്പ നായനാരെ കൊല്ലുന്നത് എന്തിനാണെന്നുള്ള സ്വയം വിശദീകരണമായിരുന്നു, പിന്നെ നടന്നത്. മാവോ മൂന്നു കാരണങ്ങൾ നിരത്തി.
- അയാൾ ആത്യന്തികമായി ഒരു ബൂർഷ്വയാണ്.
- 1967ൽ അയാളുടെ മുപ്പത്തേഴാമത്തെ വയസിൽ പതിനാലുകാരിയായ ഒരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഭാര്യയാക്കി.
- നാട്ടിലെ ഒരേയൊരു ഉന്നതവിദ്യാഭ്യാസ സ്ഥാപനമായിരുന്ന മലബാർ പാരലൽ കോളജ്, കെട്ടിട വാടക കൃത്യമായി കൊടുത്തില്ല എന്ന കാരണംപറഞ്ഞ് 1985ൽ പൂട്ടിച്ചു. നാടിന്റെ പുരോഗതിയെ സംഭവം നേരിട്ടുബാധിച്ചു.
“ഇക്കാരണങ്ങൾക്കൊണ്ടുമാത്രം എൺപത്തൊന്നുകാരനായ ഒരു വൃദ്ധനെ കൊല്ലുന്നതു ന്യായീകരിക്കാൻ കഴിയുമോ?”, ഞാൻ സംശയിച്ചു.
“ഇതത്ര നിസാര സംഭവങ്ങളല്ല. 67ൽ നടന്നത് അയാളുടെ ആറാം വിവാഹമായിരുന്നു. പൂപ്പറമ്പിൽ രമണിയുടെ അച്ഛൻ അപ്പ നായനാരുടെ കുടികിടപ്പുകാരനായിരുന്നു. വയസറിയിച്ചു കഴിഞ്ഞതിനുശേഷമാണ് രമണിയെ കണ്ടപ്പോൾ അയാൾക്കു കൊതിമൂത്തു. കുടിയൊഴിപ്പിക്കാതിരിക്കണമെങ്കിൽ രമണിയെ കല്യാണം കഴിച്ചുകൊടുക്കണമെന്ന് അവളുടെ അച്ഛനോടാവശ്യപ്പെട്ടു. മൂപ്പർ വഴങ്ങിയില്ല. കമ്മ്യൂണിസ്റ്റുകാർകൊണ്ടുവന്ന ഭൂപരിഷ്‌കരണത്തെപ്പോലും വകവയ്ക്കാത്ത അപ്പ നായനാർ രമണിയെയും കുടുംബത്തേയും നിരന്തരം ഉപദ്രവിച്ചു. സഹികെട്ടപ്പോൾ അവളുടെ അപ്പൻ പാർട്ടി നേതാക്കളെ കണ്ടുകാര്യം പറഞ്ഞു. അവർ പ്രശ്‌നത്തിലിടപെട്ടത് അപ്പ നായനാരെ ചൊടിപ്പിച്ചു. ഒരു ദിവസം രാവിലെ രമണിയുടെ വീട്ടിലെത്തിയ അപ്പ നായനാർ കാട്ടിൽ വെടിക്കുകൊണ്ടുപോകുന്ന ഹിഡുംബൻ ഒറ്റക്കുഴൽതോക്ക് രമണിയുടെ അച്ഛന്റെ തിരുനെറ്റിയിൽ ചേർത്തുവച്ചു.
തീർത്തു കളയും പൊലയാടി മോനേ…
അരമണിക്കൂറിനകം കല്യാണം നടന്നു. എട്ടുവർഷത്തിനിടയിൽ നാലു പ്രസവങ്ങളും”.
പറഞ്ഞുനിർത്തിയശേഷം ചെ എന്നെ നോക്കി.
“അതവരുടെ വ്യക്തിപരമായ കാര്യമല്ലേ.”
“അങ്ങനെ മാത്രം കാണാൻ കഴിയില്ല. അപരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള ഏതു കടന്നുകയറ്റവും കുറ്റകൃത്യമാണ്”. മാവോ പറഞ്ഞു.
“മൂന്നുമാസത്തെ വാടക കുടിശികയായി എന്ന കാരണംപറഞ്ഞ് പരലൽ കോളജ് പൂട്ടിച്ചതു ന്യായീകരിക്കാനൊക്കുമോ? നാട്ടിൽ ആകെയുണ്ടായിരുന്ന വെളിച്ചം അതോടെ കെട്ടുപോയി. സമൂഹത്തിനെതിരായ തിന്മയ്ക്ക് ഒരു ഭരണഘടനയിലും മാപ്പില്ല”. ചെ പറഞ്ഞു.
കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം മാവോ പദ്ധതി നടപ്പിലാക്കാൻ പെട്ടന്നുണ്ടായ കാരണങ്ങൾ അവതരിപ്പിച്ചു.
- അയാളുടെ മകൻ ഗ്രാമത്തിന്റെ കണ്ണായ സ്ഥലത്തു പുതിയ ഷോപ്പിങ് മാൾ പണിയാൻ പോവുകയാണ്. അധിനിവേശം. ദേശത്തിന്റെ സംസ്‌കാരം തകർത്തു തരിപ്പണമാക്കാനുള്ള ആഗോള പദ്ധതിയുടെ കരുവാണയാൾ.
- പുതിയ നാല് പാറമടകൾകൂടി തുടങ്ങാൻ നായനാർ കുടുംബം അനുമതി സംഘടിപ്പിച്ചിട്ടുണ്ട്. പശ്ചിമഘട്ടം മുഴുവൻ അവർ വെടിവച്ചുപൊട്ടിക്കും. വരും തലമുറയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനമാണത്.
- ആശയവികേന്ദ്രീകരണം സംഭവിച്ച നമ്മുടെ തലമുറയെ ഒറ്റരേഖയിൽ ഒന്നിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ വിപ്ലവത്തിന് ഒരു തുടക്കം വേണം.
കൂടിക്കുഴഞ്ഞ മൂന്നു ദീർഘ നിശ്വാസങ്ങൾ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പാസാക്കുന്നതായി പ്രഖ്യാപിച്ചു. പിന്നെ, തലച്ചോറിലെ കനം കുറച്ചൊന്നൊഴിവാക്കാൻ വളയംകോട് ഷാപ്പിലേക്കു ഞങ്ങൾ വച്ചുപിടിച്ചു.
“ഒരു റിട്ടയേർഡ് ബൂർഷ്വയെ കൊന്നതിന്റെ പേരിൽ അഴിയെണ്ണാനൊന്നും നമ്മളെ കിട്ടില്ല. ഒരീച്ചയ്ക്കു പോലും സംശയം തോന്നാത്തവിധം പദ്ധതി നടപ്പാക്കും”. ഭഗവതീ വിലാസം എൽപി സ്‌കൂൾ ഗ്രൗിലെ വാകച്ചുവട്ടിലിരുന്ന് മാവോ പറഞ്ഞു.
“ദൈവത്തിന്റെ അടയാളം ബാക്കിവയ്ക്കാത്ത ഒരു കുറ്റകൃത്യവും ഇന്നേവരെ ഭൂമിയിൽ നടന്നിട്ടില്ല”. ഞാൻ സംശയിച്ചു.
“ഏദനിലെ പഴം ഹവ്വ കട്ടുതിന്നതോ? ദൈവം അതറിഞ്ഞില്ലല്ലോ. വന്നുകണ്ടപ്പഴല്ലേ, മൂപ്പർക്കു കാര്യം മനസിലായത്. നമ്മുടെ സുകുമാരക്കുറുപ്പിന്റെ കാര്യമോ. വല്ലതും നടന്നോ?. ദൈവത്തെ അടുപ്പിക്കാത്ത കേഡർ സംവിധാനവുമുണ്ട്”.
“എന്തു ചെയ്താലും ഒരിക്കൽ ഏതെങ്കിലും ഷെർലക്ക് ഹോംസ് അതു കണ്ടുപിടിക്കും”.
“പഴുതടച്ച പദ്ധതിയാണു നമ്മൾ നടപ്പാക്കാൻ പോകുന്നത്”.
“?”
“അപ്പ നായനാർ ദിവസവും രാവിലെ അഞ്ചരയ്ക്കു ബാവലിക്കടവിൽ കുളിക്കാൻ പോകും. ഒറ്റ മനുഷ്യക്കുഞ്ഞുപോലും ആ സമയം അവിടെയുണ്ടാവില്ല. പത്തറുപതു കൊല്ലമായിട്ടങ്ങനാ. കുളിക്കു മുൻപു സ്വന്തം പറമ്പീന്നു ചെത്തിയിറക്കിയ ഒരു തുടം കള്ള് നായനാർ മോന്തും. ബാക്കി കുളികഴിഞ്ഞു തുവർത്തിക്കഴിഞ്ഞും. അരങ്ങോടൻ പപ്പുവാണ് കള്ള് ചെത്തിയിറക്കിക്കൊടുക്കുന്നത്. മേലാകെപ്പുരട്ടിയ കാച്ചെണ്ണയുടെ അംശംപറ്റിയ തോർത്തിനൊപ്പം അയാൾ കുടവും കരയ്ക്കുവച്ചിട്ടാണു നീന്താനിറങ്ങുക. ആ കുടത്തിലെ കള്ളിൽ നമ്മൾ വിഷം കലർത്തും. വെറും വിഷമല്ല. ഉഗ്രൻ പൊട്ടാസ്യം സയനൈഡ്. അതെവിടുന്നു സംഘടിപ്പിക്കുമെന്നു ബേജാറാകണ്ട. നമ്മുടെ ന്യൂട്ടൺ ഫിലിപ്പോസിന്റെ ലാബീന്നു ഞാൻ പൊക്കും.
കെമിസ്ട്രി ഗ്രാജ്വേറ്റായ കൊണ്ട് മൂപ്പരുടെ ലാബിലൊക്കെ എനിക്കു നല്ല സ്വാതന്ത്ര്യമുണ്ടല്ലോ. അവിടെ ഞാൻ സാധനം കണ്ടിട്ടുമുണ്ട്”.
മാവോ ഒന്നു നിർത്തി. പിന്നെ, ചെറുതല്ലാത്തവിധം കിതച്ചുകൊണ്ടു തുടർന്നു: “അപ്പ നായനാർ പന്ത്രണ്ടുതവണ അക്കരെയിക്കരെ നീന്തും. ബാവലിക്കടവിന്റെ നൂറുനൂറ്റമ്പതു മീറ്റർ മുകളിൽ പുഴയിലേക്കിറങ്ങി നിൽക്കുന്ന ഈറ്റപ്പൊന്തയുണ്ടല്ലോ. അവിടെയാണ് ചെ ഒളിച്ചിരിക്കേണ്ടത്”.
“ആനക്കയത്തിലോ?”
“ആ ഈറ്റപ്പൊന്തയിയിൽ ഒളിച്ചിരുന്നാൽ ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല. കാരണം, മുരിയങ്കരി മാമച്ചന്റെ പറമ്പിക്കൂടെ അങ്ങോട്ടൊരെളുപ്പ വഴിയൊണ്ട്. ആൾത്താമസമില്ലാത്ത വീടായകൊണ്ട് പേടിക്കണ്ട. മുരിയങ്കരി മാമച്ചന്റെ പറമ്പിൽ എങ്ങനെയെത്തുമെന്നു ചോദിച്ചാ അതിനും വഴിയൊണ്ട്. രാത്രി നമ്മൾ സിമിത്തേരിക്കുന്നിലെ പാറക്കെട്ടിൽ ഒളിച്ചിരിക്കും. വെളുപ്പിനെ കുന്നിറങ്ങി ആനക്കയത്തിനടുത്തെത്താം. നാട്ടിലെ ഒറ്റയെണ്ണവും കൊച്ചുവെളുപ്പാങ്കാലത്ത് അവിടെയെങ്ങും കാണുകേല”.
മാവോ നടത്തിയ അന്വേഷണത്തെക്കുറിച്ചോർത്തപ്പോൾ എനിക്കും ചെയ്ക്കും ചെറിയ ഒരമ്പരപ്പുതോന്നി.
അവൻ തുടർന്നു: “തോർത്തും കള്ളും കരയ്ക്കുവച്ചശേഷം അപ്പ നായനാർ വെള്ളത്തിച്ചാടും. അപ്പോൾ നീ നീന്തിച്ചെന്നു കുടത്തിൽ സയനൈഡ് കലക്കണം. അയാൾ തിരിച്ചുകയറുന്നതിനു മുന്നേ മുങ്ങാങ്കുഴിയിട്ട് ആനക്കയത്തിലെ ഈറ്റപ്പൊന്തയിലൊളിക്കുകേം വേണം”.
“അതു നടപ്പുള്ള കാര്യമാണോ”.
“പറ്റും. അക്കരയ്ക്കു നീന്തുന്നവഴി പുഴയുടെ നടുക്കെത്തുമ്പോഴാണ് നായനാർ കുളിക്കുക. അവിടെ കുറച്ചുസമയം മുങ്ങിപ്പൊങ്ങിക്കളിക്കും. പിന്നയേ ബാക്കി നീന്തൂ. അതുകൊണ്ടു സമയത്തെപ്പറ്റി ടെൻഷൻ വേണ്ട”.
“തിരിച്ചുവരുന്നവഴി ആരേലും കണ്ടാലോ”, ഞാൻ സംശയിച്ചു.
“അതിനൊന്നും തീരെ സാധ്യതയില്ല. ആറരമണിയായിട്ടേ ഒണ്ടാകത്തൊള്ളു. വന്ന വഴിയേതന്നെയാണ് നമ്മൾ പോകുന്നതും. സിമിത്തേരിക്കുന്നിറങ്ങി പഞ്ചാരക്കടവീന്നൊരു കുളീംപാസാക്കി വീടുപിടിക്കാം. ആരേലും കണ്ടാലും കുളിക്കാമ്പോയതാന്നേ ഓർക്കൂ. വെള്ളത്തിലൊള്ള പരിപാടിയായകൊണ്ടു പോലീസു പട്ടിയേം പേടിക്കണ്ട കാര്യമില്ല”.
ഞങ്ങൾ നിശബ്ദരായി. മാവോ കിതപ്പുതുടർന്നു. അവന്റെ നെറ്റിയിൽ വിയർപ്പിന്റെ നയരേഖകൾ രൂപപ്പെട്ടിരുന്നു.
“ഒറ്റക്കാര്യം മാത്രം ഓർത്തോണം”. മാവോ ശബ്ദിച്ചു.
“അപ്പ നായനാരെ തീർക്കാനുള്ള ഒരേയൊരു വഴിയാണിത്. കാര്യസ്ഥൻ വെങ്കിടി കൂടെയില്ലാതെ അയാളെ പിന്നെ പുറത്തുകിട്ടുകേല. കുളികഴിഞ്ഞു വീട്ടിൽതിരിച്ചെത്തുമ്പഴേക്കും വെങ്കടി മുറ്റത്തുകാത്തുനിൽപ്പുണ്ടാകും. പിന്നെ രാത്രി നായനാരെ മുറിയിൽക്കയറ്റിക്കഴിഞ്ഞേ അയാൾ പിരിയാറൊള്ളു”.
ഞാനും ചെയും അമർത്തിമൂളി.
രാത്രിക്കു നീളക്കൂടുതലുള്ളൊരു ദിവസമാണു പദ്ധതി നടപ്പാക്കാൻ ഞങ്ങൾ തിരഞ്ഞെടുത്തത്. ഒരു ക്യാപ്‌സ്യൂളിനോളം മാത്രം വലിപ്പമുള്ള ചില്ലുഡപ്പിയിൽ പൊട്ടാസ്യം സയനൈഡുമായി സിമിത്തേരിയിൽ ഞങ്ങൾ ഒളിച്ചിരുന്നു. രാത്രിക്കും പകലിനുമിടയിലെ പരിണാമ സമയത്തു ഭൂമി കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. അപ്പ നായനാർ കുളിക്കാനെത്തുന്ന നേരമായപ്പോൾ ഞങ്ങൾ എഴുനേറ്റ് നടന്നു. ആരും ഒന്നും സംസാരിച്ചില്ല. സൈലൻസർ പിടിപ്പിച്ച കാൽവയ്പ്പുകൾ ഒരേ താളത്തിലായിരുന്നു. മുരിയങ്കരി മാമച്ചന്റെ വീടിനു പിന്നാമ്പുറത്തു മാവോയും ഞാനും പതുങ്ങിയിരുന്നു. ചെ കടവിലേക്കു തിരിച്ചു. മാവോ എന്നെ നോക്കി. ഞാൻ ഇരുട്ടിലേക്കു കണ്ണുകുനിച്ചു. ഈറ്റപ്പൊന്തയുടെ വിടവിലൂടെ നോക്കിയപ്പോൾ കുടം താഴെവച്ചശേഷം നായനാർ തോർത്തുമുണ്ടുരിയുന്നത് ചെ കണ്ടു. അയാളുടെ നഗ്നത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യമായി പുഴയിൽ തെളിഞ്ഞു. നായനാർ വെള്ളത്തിലിറങ്ങി. ജലത്തിന്റെ ഉറച്ചപേശികളെ തള്ളിമാറ്റി അയാൾ നീന്തി. ചെ മുങ്ങാങ്കുഴിയിട്ട് കടവിലേക്കു തുഴഞ്ഞു. അപ്പ നായനാർ പുഴയുടെ നടക്കെത്തിയപ്പോഴേക്കും അവൻ കരയ്ക്കു കയറി. അപ്പോൾ നായനാർ കസർത്തു നടത്തിക്കൊണ്ടു മുങ്ങിപ്പൊങ്ങുന്നുണ്ടായിരുന്നു. ചെ സയനൈഡ് ഡപ്പി അതീവ സൂക്ഷ്മതയോടെ തുറന്ന് കുടത്തിലേക്കു കമിഴ്ത്തി. പിന്നെ, ശബ്ദമുണ്ടാക്കാതെ തിരിച്ചു മുങ്ങാങ്കുഴിയിട്ട് തുടങ്ങി. ജലം ശ്വാസകോശത്തെ ഞെരിച്ചപ്പോൾ അവൻ തലയുയർത്തി. പുഴ ഒഴുക്കിന്റെ നേർത്ത ബലംകൊണ്ടു വെല്ലുവിളിക്കുന്നുണ്ടായിരുന്നു. കോടമഞ്ഞായി രൂപം പ്രാപിച്ച വായുവിനെ ആഞ്ഞുകുടിച്ചശേഷം വീണ്ടും തലകുമ്പിടുന്നതിനു മുൻപ് അവൻ തിരിഞ്ഞ് അപ്പ നായനാരെ നോക്കി. ചെയുടെ കണ്ണിലേക്കു പേടിയുടെ പീരങ്കിയുണ്ടകൾ തുളച്ചുകയറി. പുഴയുടെ ഒത്ത നടുക്ക്, തലമാത്രം മുകളിൽവച്ചു നിൽക്കുന്ന അപ്പ നായനാരുടെ കണ്ണുകൾ അവനെ കൃത്യമായി ഉന്നംവച്ചിരുന്നു. മഞ്ഞുവഴിയിൽ അകലെ നിന്നുവരുന്ന വണ്ടികളുടെ ലൈറ്റു പോലൊരു പ്രകാശം ആ കണ്ണിൽനിന്നരിച്ചിറങ്ങുന്നതായി അവനു തോന്നി. ലോകത്തെ മുഴുവൻ വെല്ലുവിളിക്കുന്നൊരു ഭാവം അയാളുടെ മുഖത്തു നിറഞ്ഞത് അവൻ വ്യക്തമായിക്കണ്ടു. അപരാജിതന്റെ ആത്മധൈര്യം പുഴുയുടെ തരംഗങ്ങളിലൂടെ ചാട്ടുളിപോലെ പ്രവഹിച്ചു. അപ്പ നായനാർ ഒരു ചക്രവർത്തിയാണെന്നു ചെയ്ക്ക് അപ്പോൾ തോന്നി. നോട്ടങ്ങളുടെ മല്ലയുദ്ധത്തിൽതോറ്റ് അവൻ വെള്ളത്തിലേക്കു തലപൂഴ്ത്തി.
സിമിത്തേരിക്കുന്നിറങ്ങി പഞ്ചാരക്കടവിലേക്കു നടക്കുമ്പോൾ കൊല്ലപ്പെടാൻ പോകുന്നവനു തലേദിവസമുണ്ടാകുന്ന മാരകമായ വെപ്രാളം ഞങ്ങളെ പിടികൂടി. ചിന്തകൾ കലങ്ങിയ മനസിലെവിടെയോ വാക്കുള് മുങ്ങിക്കിടന്നു. പേടി കൂറ്റൻ തിമിംഗലത്തേപ്പോലെ വാപിളർത്തി നിൽക്കുന്നതുമാത്രം കണ്ണിൽ തെളിഞ്ഞു.
കശുമാന്തോട്ടത്തിന്റെ നിഴലിൽ പകൽ കഴിച്ചുകൂട്ടുമ്പോൾ അപ്പ നായനാർ ചെയ്യാൻ പോകുന്ന പ്രതികാര നടപടി എന്തായിരിക്കുമെന്ന ആലോചനയിൽ മനസ് കെട്ടുപിണഞ്ഞു. കൈകാലുകളെ കഠിനമായ വിറയൽ പിടികൂടിയിരുന്നു. വീടുകളിൽ എന്തെങ്കിലും ഭൂകമ്പം അയാളുണ്ടാക്കിയിട്ടുണ്ടാകുമോ എന്ന പേടി നിശബ്ദമായി പരസ്പരം പങ്കുവച്ചുകൊണ്ടിരുന്നു. അന്തിയിറങ്ങിയപ്പോൾ ഞങ്ങൾ പതിയെ ഷാപ്പിലേക്കു നടന്നു. കള്ളിനു പിടികൊടുക്കാതെ ബോധം നെറുകയിൽത്തന്നെ കുറ്റിയടിച്ചുനിന്നു. ഷാപ്പ് ഒരു നല്ല ഷെൽട്ടറല്ലെന്ന് എനിക്കപ്പോൾ തോന്നി. ചെയും മാവോയും ദയനീയമായ രക്തസാക്ഷിച്ചിത്രങ്ങളായി മാറി.
വെളുപ്പിനു നാലരയ്ക്കുള്ള കെഎസ്ആർടിസി ബസിൽ ഞങ്ങൾ നാടുവിട്ടു. ഹൈടെക് നഗരമായ ബാംഗ്ലൂരിലെ ഒരു ചെരുപ്പുകമ്പനിയിൽ ഗുമസ്തനായി മാവോ ചെന്നടിഞ്ഞു. തീവ്രമായ ഒരു ധ്യാനംപോലെ കുറേക്കാലം അവൻ മൗനത്തിലായിരുന്നു. പിന്നെ ഇടയ്ക്കിടെ മെയിലുകൾ വന്നുതുടങ്ങി. വിശാഖപട്ടണത്തെ കപ്പൽക്കരകളിലൂടെ ഒത്തിരി അലഞ്ഞശേഷം മലയാളിയായ ഒരു കുക്കിനൊപ്പം ചെ കൂട്ടുകൂടി. വൈകാതെ അവൻ കപ്പലിലെ പാചകശാലയിലെത്തി. പസഫിക്കിനും അറ്റ്‌ലാന്റിക്കിനും മുകളിൽ കപ്പയും മത്തിക്കറിയുംവച്ചു. അപ്പ നായനാരെക്കുറിച്ചോ പരാജയപ്പെട്ട പദ്ധതിയെക്കുറിച്ചോ ഒന്നുമാലോചിക്കാതെ കാലം തള്ളിനീക്കാൻ ഞങ്ങൾ അശ്രാന്ത പരിശ്രമം നടത്തി.
രണ്ടരവർഷത്തിനുശേഷം ജെഎൻയുവിലെ കുറച്ചു വിദ്യാർഥികൾക്കൊപ്പം തുടങ്ങിയ ലിറ്റിൽ മാഗസിന്റെ മെയിൽ ഐഡിയിലേക്ക് എനിക്കൊരു കുറിപ്പുവന്നു.
സുഹൃത്തേ, അപ്പ നായനാർ വലിയൊരു മഞ്ഞുമലയുടെ ഏറ്റവും അടിത്തട്ടിലെ ഒരു കുഞ്ഞ് ഐസ്‌ക്യൂബു മാത്രമായിരുന്നു. ലോകത്തിന്റെ മുഴുവൻ ഭാഷയെയും സംസ്‌കാരത്തെയും അതുവഴി ചരിത്രത്തെയും അടിച്ചമർത്തുന്ന അനേകം ഹിമാലയങ്ങൾ നമുക്കു മുന്നിലുണ്ട്. പോരാട്ടത്തിന്റെ തീക്ഷ്ണമായ ചൂടുകൊണ്ട് അതു നമുക്ക് ഉരുക്കിത്തീർക്കണം. അതിൽനിന്നുണ്ടാകുന്ന ജലപ്രവാഹത്തിന്റെ തീരത്തു പുതിയൊരു ജനത ഉരുവമെടുക്കണം. ആരുടെയൊക്കെയോ നിഴൽപറ്റി അറവുമാടുകളെപ്പോലെ നടന്നുതീർക്കേണ്ടതല്ല, നമ്മുടെ യൗവ്വനം. മാറ്റത്തിന്റെ ഇടിമുഴക്കത്തിനു സമയമായി. ഈ തലമുറയുടെ ഉൾക്കാമ്പ് തിരിച്ചറിയേണ്ട സമയം.
അതിനുള്ള പുതിയൊരു പദ്ധതി ഞാൻ തയാറാക്കുകയാണ്. വിശദമായ രൂപം അടുത്ത മെയിലിൽ തരാം. ആദ്യപടിയായി അപരനാമങ്ങളിലേക്കു നമ്മൾ മാറുകയാണ്.
ചെ- ലൂഥർ
നീ- മഹാത്മ
എന്ന് സ്വന്തം,
ഒസാമ.
കംപ്യൂട്ടർ ഓഫ് ചെയ്തശേഷം ഞാനെഴുനേറ്റു. മാവോയുടെ മുഖം ഓർത്തുകൊണ്ടു ജനാലയ്ക്കരികിൽ നിന്നു. അപ്പോൾ രണ്ടര വർഷം പിന്നിൽനിന്ന്, സയനൈഡു മണമുള്ളൊരു കാറ്റ് വളയംകോട് ഷാപ്പിൽനിന്നിറങ്ങി ഞരമ്പുകളിലേക്കു സുനാമിക്കയറ്റം നടത്തുന്നതു ഞാനറിഞ്ഞു.