White Crow Art Daily

ബാക്കി

നോവൽ ഭാഗം – 3

പ്രിയപ്പെട്ട സ്കറിയ സാമുവലിന്,
നിനക്ക് സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. അല്ലെങ്കിലും, എന്തൊക്കെ സംഭവിച്ചാലും നിനക്ക് സുഖമില്ലാതാവില്ലല്ലോ, സ്കറയിയാ സാമുവലേ.
അമ്മയുടെ മരണവിവരം അറിയിക്കാനാണ് ഈ കത്ത്. നിന്നെ വലിയ കാര്യമായിരുന്നു അമ്മയ്ക്ക്. അത് നിനക്കും അറിയാവുന്നതാണല്ലോ. കൂടെക്കൂടെ നിന്റെ കാര്യം ചോദിക്കുമായിരുന്നു. വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവരാൻ എപ്പോഴും പറയുകയും ചെയ്യുമായിരുന്നു; വന്നാൽ നല്ല പന്നിയിറച്ചി വച്ചു തരാമെന്നും. പക്ഷേ നിനക്കറിയാമല്ലോ, എനിക്ക് നിന്നെ കാണണമെന്നേയില്ല; ഇപ്പോഴെന്നല്ല, ഇനിയൊരിക്കലും. മരണവിവരം നിന്നെ അറിയിക്കണമെന്ന് അമ്മ പറഞ്ഞേൽപിച്ചില്ലായിരുന്നെങ്കിൽ ഈ കത്തും ഞാൻ എഴുതില്ലായിരുന്നു. സത്യം.

രണ്ട് ആഴ്ച മുൻപാണ് അമ്മ മരിച്ചത്. ഞരമ്പുസംബന്ധമായ എന്തോ രോഗമായിരുന്നു. എന്തായിരുന്നെന്ന് ഡോക്ടർമാർക്കും വലിയ തിട്ടമില്ലായിരുന്നു. ഒന്നൊന്നരക്കൊല്ലമായി ഇടയ്ക്കിടെ പനിയും തലചുറ്റലും വരുമായിരുന്നു. ഡോക്ടർമാരെ കാണാൻ കൂട്ടാക്കിയില്ല. അമ്മയുടെ കാര്യം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ. വലിയ വാശിക്കാരിയാണ്. അതുകൊണ്ട് നിർബന്ധിച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. ആറുമാസം മുൻപ് അത്താഴം കഴിക്കുമ്പോൾ കുഴഞ്ഞുവീണു. ഞാൻ പൊക്കിയെടുത്ത് അടുത്തുള്ള ഒരു ഡോക്ടറിന്റെ വീട്ടിൽ പോയി. അവിടെനിന്ന് ഒരു ആശുപത്രിയിലേയ്ക്ക്. അവിടെനിന്ന് അതിലും വലിയ ഒരു ആശുപത്രിയിലേയ്ക്ക്. അന്നുതന്നെ മരിച്ചുപോകുമെന്നാണ് ഞാൻ കരുതിയത്. മരിച്ചുപോയാൽ എന്തു ചെയ്യണമെന്ന് എനിക്കൊരു എത്തും പിടിയുമില്ലായിരുന്നു. ദൈവം തുണച്ചു. ആ രാത്രി അമ്മ മരിച്ചില്ല. ഒരാഴ്ച ആശുപത്രിയിൽ കിടന്നു. എന്താണ് ശരിക്കുള്ള അസുഖമെന്ന് ഡോക്ടർമാർക്ക് കൃത്യമായി അറിയില്ലായിരുന്നു. അസുഖം എന്തായാലും അവസ്ഥ ഗുരുതരമാണെന്ന് അവർ പറഞ്ഞു. ഏറിയാൽ ആറുമാസം. അപ്പോൾ തന്നെ അമ്മ വീട്ടിലേയ്ക്ക് പോകാൻ വാശി പിടിച്ചു. വേറെന്തു ചെയ്യണമെന്ന് എനിക്കും അറിയില്ലായിരുന്നു. അതുകൊണ്ട് ഡോക്ടർമാരുടെ ചീത്തപറച്ചിൽ വകവയ്ക്കാതെ ഞാൻ അമ്മയെ വീട്ടിലേയ്ക്ക് കൊണ്ടുപോന്നു.

വലിയ സന്തോഷവതിയായിരുന്നു അമ്മ അവസാനകാലത്ത്. നിന്റെ ഭാഷയിൽ, ഒരുപക്ഷേ, ‘മരണാസന്നരുടെ നിഷ്കളങ്കത’ എന്നൊക്കെ വേണമെങ്കിൽ പറയാം. എന്നെ കാണിക്കാൻ വേണ്ടിയുള്ള സന്തോഷമായിരുന്നില്ല അത്. അങ്ങനെ ആരെയെങ്കിലും കാണിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്തുകൂട്ടുന്ന ഒരാളായിരുന്നില്ല അമ്മ. അതുകൊണ്ടാവണം, അമ്മയുടെ ആഹ്ലാദം ഒരളവുവരെ എന്നെ ഭയപ്പെടുത്തി. വീടു വൃത്തിയാക്കുന്നതിലൊന്നും വലിയ ശ്രദ്ധ ഒരിക്കലും കാണിച്ചിട്ടില്ലാത്ത അമ്മ ഞങ്ങളുടെ ചെറിയ മൂന്നുമുറി വാടകവീടും ചെറിയ മുറ്റവും ദിവസവും രണ്ടു നേരം അടിച്ചുവാരാൻ തുടങ്ങി. ഒരു ദിവസം ഞാൻ ദേഷ്യപ്പെട്ടു; പണിയെടുക്കാതെ കട്ടിലിൽ പോയി കിടക്കാൻ പറഞ്ഞു. “എങ്കിൽ നീ വൃത്തിയാക്കിക്കോ” എന്ന് പറഞ്ഞ് അമ്മ അപ്പോൾ തന്നെ ചിരിച്ചുകൊണ്ട് ചൂലും ചപ്പുകോരിയും എനിക്ക് തന്നു.
വൃത്തിയാക്കലും പാചകവും ഞാൻ ഏറ്റെടുത്തതോടെ അമ്മയുടെ ശ്രദ്ധ രണ്ടു കാര്യങ്ങളിൽ മാത്രമായി ചുരുങ്ങി: എഴുത്തും തയ്യലും. അസുഖം വന്നതോടെ അമ്മ ടെയ്ലറിംഗ് പരിപാടി നിർത്തിയതായിരുന്നു. ഇപ്പോൾ സ്വന്തം ഇഷ്ടത്തിനുവേണ്ടി തയ്ക്കുകയാണെന്നാണ് പറഞ്ഞത്. എഴുതുന്നതിന്റെ കാരണവും അതു തന്നെയായിരുന്നു: സ്വന്തം ഇഷ്ടം. അമ്മ പണ്ടും എഴുതുമായിരുന്നെന്ന് എനിക്കറിയാമായിരുന്നു. അമ്മയുടെ അലമാരിയിൽ കുറേ ഡയറികൾ സൂക്ഷിച്ചുവച്ചിരിക്കുന്നത് കുട്ടിയായിരിക്കുമ്പോൾ ഞാൻ പലതവണ കണ്ടിട്ടുണ്ട്. അതെല്ലാം വായിച്ചുനോക്കണമെന്ന് വലിയ ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ ഒരിക്കലും കട്ടെടുത്ത് വായിക്കാൻ പോയില്ല. കാരണം…ചിരിക്കണ്ട..നിനക്കറിയാമല്ലോ എന്റെ പാപബോധത്തെക്കുറിച്ച്! എന്താണ് ആ ഡയറികളിലെന്ന് പണ്ടൊരിക്കൽ ഞാൻ അമ്മയോട് ചോദിച്ചതാണ്. അമ്മ ഒന്നും പറയാതെ എന്നെ നോക്കി ചിരിച്ചു; ഞാൻ വലുതായിക്കഴിഞ്ഞ് ഡയറിയെഴുതി തുടങ്ങുമ്പോൾ (തുടങ്ങുമ്പോൾ; തുടങ്ങുമ്പൊ; തുടങ്ങുമ്പം: ഏതിനാണ് ഈ വാചകത്തിൽ കൂടുതൽ ഭംഗി?) മനസ്സിലാവുമെന്ന് അന്ന് പറഞ്ഞു. അമ്മ മരിച്ചു. ഇപ്പോൾ ഞാൻ വലുതായി. ഇതുവരെ ഡയറി എഴുതിയിട്ടില്ല. ഇനി എഴുതുകയും വേണ്ടെന്നാണ് തീരുമാനം.

baakki illustation-3ഡയറിയിലായിരുന്നില്ല ഇത്തവണ അമ്മയുടെ എഴുത്ത്. കറുത്ത ചട്ടയുള്ള ഒരു നോട്ടുബുക്ക് വേണമെന്ന് അമ്മ പറഞ്ഞു; പിന്നെ ഒരു ഹീറോ പേനയും ഒരു കുപ്പി കറുത്ത ചെൽപാർക്ക് മഷിയും. കറുത്ത ചട്ടയുള്ള നോട്ടുബുക്ക് കിട്ടാൻ കുറച്ച് അലയേണ്ടിവന്നെങ്കിലും പറഞ്ഞതെല്ലാം ഞാൻ വാങ്ങിച്ചുകൊടുത്തു. എന്താണ് എഴുതുന്നതെന്ന് അമ്മ തന്നെ പറയുമെന്ന് ഞാൻ വിചാരിച്ചു. അങ്ങനെയൊരു ഉദ്ദേശ്യവും അമ്മയ്ക്കില്ലെന്ന് തോന്നിത്തുടങ്ങിയപ്പോൾ അമ്മയെഴുതുന്നത് ഞാനും വായിച്ചോട്ടെ എന്ന് ഒരു ദിവസം ചോദിച്ചു. അമ്മ ചിരിച്ചു. താൻ മരിച്ചുകഴിഞ്ഞിട്ട് വായിച്ചാൽ മതിയെന്ന് അമ്മ പറഞ്ഞു. വലിയ രഹസ്യങ്ങളെഴുതുന്നവരുടെ ഒരു കുരുട്ടുഭാവമായിരുന്നു അമ്മയ്ക്ക് അപ്പോൾ: നോക്കിലാകെ കുത്തുന്ന ഒരു തരം കുസൃതിക്കുറുമ്പ്; ഒരു പക്ഷേ വലിയ രഹസ്യങ്ങളെഴുതുന്നവർക്ക് മാത്രം സാധ്യമാവുന്ന ഒരു തരം നാണം. (വലിയ രഹസ്യങ്ങളെഴുതുന്നവരുടെ ഭാവം! അതെങ്ങനെ എനിക്കറിയാനാണ്? സ്കറിയാ സാമുവലേ, ഞാൻ നീയായിരുന്നെങ്കിൽ, അല്ലെങ്കിൽ നീ ഞാനായിരുന്നെങ്കിൽ, ഇതിലും എത്രയധികം സുന്ദരമായി, എത്രയധികം കൃത്യമായി, എത്രയധികം സ്വാഭാവികമായി കാര്യങ്ങൾ വിവരിക്കാനാവുമായിരുന്നു!) അമ്മ പറഞ്ഞതുകേട്ട് എന്റെ മുഖം വാടിയിരിക്കണം. അത് അമ്മയെ അൽപം വിഷമിപ്പിച്ചിരിക്കണം. അതുകൊണ്ട് എന്നെ അടുത്തുവിളിച്ചിരുത്തി നോട്ടുബുക്ക് തുറന്ന് അമ്മ ആദ്യ പേജ് എനിക്കു കാണിച്ചുതന്നു. ‘മേരിമാരുടെ വെളിപാടുകൾ’ എന്ന തലക്കെട്ട് ഞാൻ വായിച്ചു. ബാക്കിയൊക്കെ നീ നിന്റെ ഭാവനയിൽ വായിച്ചുനോക്കാൻ പറഞ്ഞിട്ട് അമ്മ പുസ്തകം അടച്ചുവച്ചു. എനിക്കെന്തോ വല്ലാത്ത ദേഷ്യമാണ് തോന്നിയത്. ആ നോട്ടുബുക്ക് തട്ടിപ്പറിക്കാനുള്ള വല്ലാത്ത ഒരു തിളപ്പിനെ അടക്കിയൊതുക്കാൻ എനിക്ക് നല്ല പാടുപെടേണ്ടിവന്നു. എന്തൊരു കുട്ടിക്കളിയാണിത്! വളരെപ്പെട്ടെന്നു തന്നെ മരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണോ ഇങ്ങനെയൊക്കെ?

എഴുതുകയും തയ്ക്കുകയും ചെയ്യുന്ന സമയം മുഴുവൻ തനിച്ച് ഇരിക്കാനായിരുന്നു അമ്മയ്ക്ക് ഇഷ്ടം. പാചകം ചെയ്യുകയോ തൂത്തുവാരുകയോ ആയിരുന്നില്ലെങ്കിൽ ആ സമയം മുഴുവനും ഞാനും എന്റെ മുറിയിൽ തനിച്ചിരുന്നു. ഇടയ്ക്കിടെ, പ്രത്യേകിച്ചും തയ്യൽ മെഷീന്റെ ശബ്ദം കേൾക്കാത്തപ്പോൾ, ഞാൻ അമ്മയുടെ മുറിയുടെ വാതിൽക്കൽ പോയി നോക്കും. ഞാനടുത്തില്ലാത്തപ്പോഴായിരിക്കും അമ്മയുടെ മരണമെന്ന് എന്തുകൊണ്ടോ ഞാൻ ഭയന്നു. എന്നെ ഉള്ളിലിട്ട സ്ത്രീയല്ലേ, ഞാനൊന്നും പറഞ്ഞില്ലെങ്കിലും അമ്മയ്ക്കും എന്റെ ഭയം മനസ്സിലായിട്ടുണ്ടാവണം. “നീ പേടിക്കണ്ടടാ, നീ അടുത്തുള്ളപ്പോഴേ ഞാൻ മരിക്കൂ” എന്ന് ഒരിക്കൽ അത്താഴത്തിനിടെ അമ്മ പറഞ്ഞു. ഞാൻ തരിച്ചുനിന്നു. അപ്പോൾ തോന്നിയ അത്ര സങ്കടം പിന്നീട് അമ്മ മരിച്ചപ്പോൾ പോലും എനിക്ക് തോന്നിയില്ല, സ്കറിയ സാമുവലേ.
മുറിയിൽ തനിച്ചിരിക്കുന്ന സമയത്ത് ഞാൻ വായിക്കുകയോ ബീഡി വലിക്കുകയോ അല്ലെങ്കിൽ മേരിമാരുടെ വെളിപാടുകളെക്കുറിച്ച് ആലോചിക്കുകയോ ചെയ്തു. നീ വിശ്വസിക്കില്ലെന്നറിയാം, പക്ഷേ അധികവും ബാലരമക്കഥകളാണ് ഞാൻ വായിച്ചിരുന്നത്. ആ ദിവസങ്ങളെപ്പ്രതി എനിക്ക് ശിക്കാരി ശംഭുവിനോടും ശുപ്പാണ്ടിയോടും വലിയ കടപ്പാടുണ്ട്.

ബീഡിവലിയും ഞാൻ ഇതേകാലത്താണ് തുടങ്ങുന്നത്. ഒരു സുപ്രഭാതത്തിൽ പെട്ടെന്നുള്ള ഒരു പ്രേരണയുടെ പ്രേരണയിൽ ഒരു കൂട് ദിനേശ് മേടിച്ച് വലിച്ചുതുടങ്ങുകയായിരുന്നു. ആദ്യപുകയെടുക്കുമ്പോൾ പോലും ചുമച്ചില്ല. അതിശയോക്തി എന്നൊന്നില്ല എന്നാണല്ലോ നീ ഒരിക്കൽ പറഞ്ഞത്. അങ്ങനെയെങ്കിൽ ശ്വാസമെടുക്കുന്നത്ര സ്വാഭാവികമായാണ് ഞാൻ ആ ആദ്യപുകയെടുത്തത്. ആദ്യ ബീഡിയുടെ മണം തന്നെ (ഒരു പക്ഷേ ആദ്യപുകയുടെ മണം തന്നെ) അമ്മ പിടിച്ചു. ഒച്ച വയ്ക്കുകയോ വഴക്ക് പറയുകയോ ചെയ്തില്ല. പ്രേമിച്ചിരുന്ന കാലത്ത് അപ്പനും ദിനേശാണ് വലിച്ചിരുന്നതെന്നും വിവാഹം കഴിഞ്ഞ് ചാർമിനാറിലേയ്ക്ക് മാറിയെന്നും പറഞ്ഞു. ഞാനെപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. പിന്നീടൊരിക്കലും അതിനെക്കുറിച്ച് അമ്മ സംസാരിച്ചുമില്ല. ഒരു പക്ഷേ ഞാൻ അപ്പനെക്കുറിച്ച് കൂടുതലെന്തെങ്കിലും ചോദിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരിക്കാം എന്ന് ഇപ്പോൾ തോന്നുന്നു. എന്തുകൊണ്ടോ എനിക്ക് അപ്പോൾ അങ്ങനെയെന്തെങ്കിലും ചോദിക്കാൻ തോന്നിയില്ല. അഥവാ തോന്നിയിരുന്നെങ്കിൽ തന്നെ ഞാനെന്താണു ചോദിക്കേണ്ടിയിരുന്നത്? ചോദിക്കണമെന്ന് ശരിക്കും ആഗ്രഹമുണ്ടായിരുന്ന ഒരു കാര്യമാവട്ടെ ഞാനൊരിക്കലും ചോദിച്ചുമില്ല. എന്നെ ഗർഭം ധരിച്ചതുമുതൽ പ്രസവിച്ച വരെയുള്ള അമ്മയുടെ കാലത്തെക്കുറിച്ചായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. എന്തുകോണ്ടോ ഞാൻ അതിനെക്കുറിച്ചും ഒന്നും ചോദിച്ചില്ല. ആ കാലത്തെക്കുറിച്ച് ഞാൻ എന്റെ മനസ്സിൽ ചില ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു. അവയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ഈ വാചകം വായിച്ചു കഴിയുന്നതുമുതൽ നിനക്കും പ്രിയപ്പെട്ടതായിരിക്കും എന്നെനിക്ക് ഉറപ്പുള്ള, ഒന്നിൽ പൂർണ്ണഗർഭിണിയായ അമ്മ അപ്പന്റെ വീട്ടിലെ അപ്പന്റെ മുറിയുടെ അഴികളില്ലാത്ത വലിയ ജനാലയുടെ പടിയിൽ, നിറയെ വയലറ്റ് പൂക്കളുള്ള ഒരു വെള്ള സ്കർട്ടും അതേപോലത്തെ ഒരു ബ്ലൗസുമണിഞ്ഞ്, നീണ്ടുമെലിഞ്ഞ കാലുകൾ പുറത്തെ അടുക്കളത്തോട്ടത്തിലേയ്ക്ക് ഞാത്തിയിട്ട്, തേനീച്ചക്കൂടുപോലെയുള്ള തന്റെ തലമുടിയിയിലേയ്ക്ക് വലിയ ചിറകുകളുള്ള ഒരു മഴവിൽശലഭം പറന്നിറങ്ങുന്നുണ്ടെന്ന് അറിയാതെ, നഗ്നമായ നിറവയറിൽ നാരങ്ങാനിറമുള്ള വെയിലും കാഞ്ഞ് മടിയിൽ വിടർത്തിവച്ചിരിക്കുന്ന ബൈബിൾ വായിച്ചിരിക്കുകയാണ്. എനിക്ക് ഓർമ വയ്ക്കുമ്പോൾ മുതൽ അമ്മ ഒരു ദൈവവിശാസിയല്ലെങ്കിലും എന്നെ ഗർഭം ധരിച്ചിരുന്ന കാലം.

ഹൃദയം നെഞ്ചിൻകൂട് തുളയ്ക്കുന്ന ശക്തിയോടെ മിടിക്കാൻ തുടങ്ങി. എനിക്കെങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നി. ഞാനെഴുന്നേറ്റ് ലൈറ്റ് ഓഫാക്കി തിരിച്ച് അമ്മയുടെ അടുത്തുചെന്ന് വീണ്ടും കിടന്നു. അമ്മ വീണ്ടും എന്റെ കവിളുകൾ തഴുകിക്കൊണ്ടിരുന്നു. ളോഹ എനിക്ക് നന്നായി ചേരുന്നുണ്ടെന്ന് വീണ്ടും പറഞ്ഞു. അതു കേട്ട് വീണ്ടും ഞാൻ തരളിതനായി ചിരിച്ചു. പിന്നെ, പെട്ടെന്നെന്തോ ഓർമിച്ചതു പോലെ അമ്മ എന്റെ നെറ്റിയിൽ ഉമ്മ വച്ചു.
അമ്മ അതുകഴിഞ്ഞ് ഒന്നും മിണ്ടിയില്ല. എന്റെ നെഞ്ചത്ത്, അതിന്റെ വിറളി പിടിച്ച മിടിപ്പുകളെ ശാന്തമാക്കാനെന്നോണം, നിശബ്ദമായ ഒരു താരാട്ടുപാട്ടിന്റെ മൃദുലമായ താളം പിടിച്ച് അമ്മ പതിയെ ഉറങ്ങി. ചുണ്ടിന്റെ കോണിൽ നിന്നും വിചിത്രമായ ഒരു ചൂളംവിളി ശബ്ദം പുറപ്പെടുവിച്ച അമ്മയുടെ ഉറക്കത്തിലെ ശ്വാസോച്ഛാസവും താളബദ്ധമായിരുന്നു. ഒരു മന്ദസ്മിതം, ദുരൂഹമായ ആ മാലാഖച്ചിരി, ഉറക്കത്തിലും അമ്മയുടെ മുഖത്തുണ്ടായിരുന്നു. അമ്മയുടെ ചോരമയമില്ലാത്ത ചുണ്ടുകൾക്ക് മീതെയുള്ള നേർത്ത ചെമ്പൻകറുപ്പ്മീശമേൽ മൂളിപ്പറന്നിറങ്ങുകയായിരുന്ന ഒരു കൊതുകിനെ, അമ്മയെ ഉണർത്താതെ, ഞാൻ ഊതിപ്പറപ്പിച്ചു. നിറഞ്ഞ നിലാവുള്ള ഒരു രാത്രിയായിരുന്നു അത്. ഞാൻ ജനലിലൂടെ ഏറെനേരം പുറത്തേയ്ക്ക് നോക്കിക്കിടന്നു. മതിലിനോട് ചേർന്നുള്ള വളരെ പഴയ ഒരു പേരമരം, ചെറുതായി അനങ്ങുന്ന അതിന്റെ ഇലകൾ, പാൽവെളിച്ചത്തിൽ തൂങ്ങിനിൽക്കുന്ന പേരയ്ക്കകൾ, നിലാവിലേയ്ക്ക് ചിന്നിച്ചിതറുന്ന ഒരു കിളിക്കൂട്ടം, ഇളകിയാടുന്ന ചില്ലകളുടെ കലപില. നിലാവിലാണ്, സ്കറിയാ സാമുവലേ, പച്ചയ്ക്ക് ഏറ്റവും പച്ചയായ സൗന്ദര്യം!
ഉറങ്ങാൻ പറ്റില്ലെന്ന് ഉറപ്പായതോടെ ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് കസേരയിൽ പോയിരുന്നു. എനിക്ക് ഒരു ബീഡി വലിക്കണമെന്ന് തോന്നി. നേരത്തെ തുപ്പിയിട്ട ബീഡി മേശപ്പുറത്ത് തന്നെ കിടപ്പുണ്ടായിരുന്നു. അത് കത്തിച്ച് ഞാൻ ജനലിനടുത്ത് ചെന്നു നിന്നു. പരിപൂർണ്ണ നിശബ്ദമെന്ന് തോന്നുന്ന രാത്രികളിലും എന്തോരം എന്തോരം ശബ്ദങ്ങളാണ്!

നിന്നെ പണ്ട് ചിരിപ്പിച്ച എന്റെ ആ പഴയ സംശയം എന്നെ വീണ്ടും ബാധിച്ചു: ഈ പ്രാണികളുടെയും ഈ ചെറിയ ചെറിയ ജീവികളുടെയും ഭാഷകൾ പഠിക്കാൻ മനുഷ്യർക്ക് പറ്റുമെങ്കിൽ ഭൂമിയിലെ ജീവിതം കൂടുതൽ ദൈവികമാകുമോ? ഭൂമിയിലെ മനുഷ്യർക്കോ അവരുടെ ദൈവങ്ങൾക്കോ വേണ്ടിയല്ല ആ പ്രാണികളും ആ ചെറിയ ചെറിയ ജീവികളും ജീവിക്കുന്നതെന്ന നിന്റെ ആ പഴയ മറുപടി എന്തുകൊണ്ടോ അപ്പോൾ ഞാൻ ഓർത്തില്ല. അല്ലെങ്കിലും, എന്റെ സംശയങ്ങൾക്കുള്ള നിന്റെ മറുപടികൾ എനിക്ക് ഒരിക്കലും ബോധിച്ചിട്ടുമില്ലല്ലോ. നിലാവിലേയ്ക്ക് പുകച്ചുരുളുകൾ പറത്തുന്നതിന്റെ ലഹരിയിലാവണം, എനിക്ക് ശ്വാസം മുട്ടുകയും അമ്മ ഉറക്കത്തിൽ ചുമച്ചു തുടങ്ങുകയും ചെയ്യും വരെ, ഞാൻ തുടരെത്തുടരെ ബീഡി വലിച്ചുകൊണ്ടിരുന്നു. പിന്നെ തിരിച്ച് വീണ്ടും കസേരയിൽ ചെന്നിരുന്ന് മേശപ്പുറത്ത് തല വച്ച് കിടന്നു. പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ ചായയുമായി വന്ന് അമ്മ വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ ഞാൻ കട്ടിലിൽ ളോഹാധാരിയായി ചുരുണ്ടുകൂടിക്കിടക്കുകയാണ്. എനിക്കൊന്നും മനസ്സിലായില്ല. എനിക്കിപ്പോഴും ഒന്നും മനസ്സിലാകുന്നില്ല, സ്കറിയാ സാമുവലേ.

പ്രാതൽ കഴിഞ്ഞ് അമ്മ അമ്മയുടെ മുറിയിലേയ്ക്ക് പോയി. ഒൻപതുമണിയോടടുത്ത് എന്നെ അടുത്തേയ്ക്ക് വിളിച്ചു. കാലും കൈയ്യും തളർന്നു കുഴയുന്നുവെന്ന് പറഞ്ഞു. അമ്മ വല്ലാതെ വിളറിയിരുന്നു. ചെറുതായി വിറയ്ക്കുന്നുമുണ്ടായിരുന്നു. പക്ഷേ തലേ രാത്രി ഞാൻ കണ്ട ആ ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. എനിക്കെന്തോ വല്ലാത്ത ഭയം തോന്നി. ഞാൻ കട്ടിലിന്റെ ചുവട്ടിൽ ചെന്നിരുന്ന് അമ്മയുടെ കാലുകൾ തടവാൻ തുടങ്ങി. അമ്മ തലയണയുടെ അടിയിൽ നിന്നും ഒരു കടലാസെടുത്ത് എനിക്ക് തന്നു. അതിൽ രണ്ടാളുകളുടെ പേരും വിലാസവുമെഴുതിയിരുന്നു. ഒന്ന് അമ്മയുടെ മരിച്ചുപോയ ചേട്ടന്റെ ഭാര്യ. മറ്റേത് എനിക്കറിയാത്ത ഒരാൾ. തന്റെ മരണശേഷം അവരെ രണ്ടു പേരെ മാത്രം വിവരമറിയിച്ചാൽ മതിയെന്ന് അമ്മ പറഞ്ഞു. അമ്മയുടെ അമ്മയും അപ്പനും രണ്ടു ചേട്ടന്മാരും മരിച്ചുപോയിരുന്നു. അപ്പനെ പ്രേമിച്ച് കല്യാണം കഴിച്ച് വീട് വിട്ടതോടെ കുടുംബവുമായുള്ള അമ്മയുടെ ബന്ധം ഏതാണ്ട് ഇല്ലാതായിട്ടുണ്ടാവണം. ഞാൻ അതിനെക്കുറിച്ചൊന്നും ഒരിക്കലും ചോദിച്ചിട്ടില്ല. അമ്മ ഒന്നും പറഞ്ഞിട്ടുമില്ല. ആ കടലാസിൽ അമ്മ പേരെഴുതി തന്ന പേരമ്മ മാത്രമേ അമ്മയെ കാണാൻ ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നുള്ളൂ. എന്നെയും കൂട്ടി അമ്മ ഒരു ബന്ധുവീട്ടിലും പോയിട്ടുമില്ല. അപ്പന്റെ വീട്ടുകാരാണെങ്കിൽ, അപ്പന്റെ മരണം കഴിഞ്ഞ് രണ്ടു മാസം കഴിയും മുൻപേ അമ്മയെ വീട്ടിൽ നിന്നും ഇറക്കിവിട്ടതാണ്. അതിനെക്കുറിച്ച് ഒരിക്കൽ, സെമിനാരിയിൽ ചേരുന്നതിനു മുൻപ് ഞാൻ വാശിപിടിച്ച് അപ്പന്റെ അപ്പനെ കാണാൻ പോയപ്പോൾ, അമ്മ പറഞ്ഞിരുന്നു. അമ്മ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയതാണെന്നാണ്, പക്ഷേ, അപ്പന്റെ അപ്പൻ പറഞ്ഞത്.

കടലാസിലെ മറ്റേയാളാരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാൻ ചോദിച്ചില്ല. തന്നെ ഒരു കാരണവശാലും പള്ളിയിൽ അടക്കരുതെന്നും തന്റെ ശരീരം മെഡിക്കൽ കോളേജിന് കൊടുക്കണമെന്നും അമ്മ പറഞ്ഞു. അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. മൂടിക്കെട്ടിയ ഒരു പകലായിരുന്നു അത്. നരച്ച ഒരു വെയിലിന്റെ തുണ്ടുകൾ മുറിയിൽ ചിതറിക്കിടന്നിരുന്നു. ചെവിയുടെ പിന്നിൽ നിന്നും ഒരു ആട്ടാൻപുഴു അമ്മയുടെ നെറ്റിയിലേയ്ക്ക് ഇഴഞ്ഞുവരുന്നത് ഞാൻ കണ്ടു. അമ്മ എന്നെ നോക്കി വിടർന്നുവിടർന്നുവിടർന്ന് ചിരിച്ചു. ആ ആട്ടാൻപുഴുവിനെ തൂത്തെറിയണോ വേണ്ടയോ എന്ന് ഞാൻ സംശയിച്ചുനിൽക്കുന്നതിനിടയിൽ അമ്മ കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ട് മരിച്ചു. ഞാൻ നിലവിളിച്ചു. അത് അമ്മയ്ക്ക് ഇഷ്ടപ്പെടുമായിരുന്നില്ലെന്നറിഞ്ഞിട്ടും ഞാൻ വീണ്ടും വീണ്ടും നിലവിളിച്ചു. ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. ആട്ടാൻപുഴു അമ്മയുടെ കണ്ണുകളിലേയ്ക്ക് ഇഴയുന്നത് ഞാൻ കണ്ടു. നിലവിളിച്ചുകൊണ്ട് തന്നെ ഞാ-