White Crow Art Daily

ബിനാലെ കാലത്തെ കലാപ്രവര്‍ത്തനം

ഭാഗം ഒന്ന്

രണ്ടാമത് കൊച്ചി ബിനാലെ തീരാന്‍ ഇനി മൂന്നാഴ്ച കൂടി. ഇന്ത്യന്‍ ആധുനികചിത്രകാരന്മാരുടെ തലമുറയില്‍ നിന്നുള്ള അക്ബര്‍ പദംസി മുതല്‍ ജാപ്പനീസ് പുതുതലമുറയിലെ ന്യൂ മീഡിയ അര്ടിസ്റ്റ് ആയ ര്യോട്ടോ കുവാക്കുബോ വരെയുള്ള നൂറു പേരുടെ സൃഷ്ടികളുണ്ട് ഇത്തവണ.
ഇവിടെ പൊതുവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഒരു ചോദ്യമാണ്, കൊച്ചി മുസിരിസ് ബിനാലെ സംഘാടനത്തിനു കേരളത്തില്‍ കലയിലൂടെ എന്തെങ്കിലും വിപ്ലവകരമായി കൊണ്ടുവരാന്‍ കഴിയുന്നുണ്ടോ എന്നത്. നമുക്ക്‌ ഉപരിപ്ലവമായി എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടോ എന്ന് ആദ്യം നോക്കേണ്ട താണ്. കലയുടെ കാണിയാവുക, കാണിയും ഒരു പങ്കാളിയാണ് എന്ന ബോധ്യത്തോടെ. അതാണ്‌ സങ്കീര്‍ണ്ണമായ ചോദ്യത്തെ നേരിടാനുള്ള ഒരു മാര്‍ഗ്ഗം.
കൊച്ചിയില്‍ ഇതുവരെ നടന്ന രണ്ടു ബിനാലെകളും ഇക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്ന    മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും, അന്തര്‍ദ്ദേശീയ സഞ്ചാരികള്‍ക്കും ആദ്യംതന്നെ തരുന്നത് ഒരു കലാപ്രദര്‍ശനത്തിന്റെ ‘വലിപ്പം’ പല തരം കാണികളെ നിര്‍മ്മിക്കുന്നതെങ്ങനെ എന്ന്‍ അനുഭവിക്കാനുള്ള അവസരമാണ്. സൂക്ഷ്മമായി സമയമെടുത്ത് കാണാനും കേള്‍ക്കാനും പലതരത്തിലുള്ള ആലോചനകളില്‍ ആഴാനുമുള്ള സമയം ജീവിതത്തിരക്കുകളില്‍ നിന്നും കണ്ടെത്തുന്നവര്‍ക്കുപോലും ഈ കലാസൃഷ്ടികള്‍ ഒരേ ശ്രദ്ധയോടെ പിന്തുടര്‍ന്ന്‍ കണ്ടു തീരുകയും പരസ്പരബന്ധത്തോടെ ഓര്‍ത്തു വയ്ക്കുകയും ചെയ്യുകയെന്നത് ശ്രമസാധ്യമാണ്. അതുകൊണ്ടുതന്നെ യാദൃചികമായ അനുഭവങ്ങളാണ് ഒരു ‘ബിനാലെ കാണി’യുടേത്. അപ്പോള്‍ ഒരു പിടിവള്ളി പോലെ ചിലരെങ്കിലും ഔദ്യോഗികസഹായം തേടും, ഇതിന്റെ സംഘാടകരിലെ ഇത്തവണത്തെ മുഖ്യനായ ക്യൂറെറ്റര്‍, ജിതിഷ് കല്ലാട്ട്, എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കും1. കലയുടെ ‘ഉത്സവപ്പറമ്പില്‍’ ആകെ ‘യാദൃചികനായി’പ്പോകുന്ന ഒരു കാണിയോടു ക്യുറേറ്ററും പറയുന്നത്, കൊച്ചിയില്‍ താല്‍ക്കാലികമായി നങ്കൂരമിടുന്ന ക്ഷണികമായ നിരീക്ഷണസ്ഥാനങ്ങളായിട്ടാണ് ‘ലോകാന്തരങ്ങള്‍’ എന്ന് പേരിടുന്ന ഈ പ്രദര്‍ശനം അവതരിപ്പിക്കപ്പെടുന്നത് എന്നു തന്നെയാണ്2. അപ്പോള്‍ ‘ബിനാലെ കാണി’  തന്നാലാവുംപോലെ, ഏതാണ്ട് ഒരു അപ്പൂപ്പന്‍ താടി പോലെ, ഒന്നു പറന്നു നടക്കുന്നു.

അപ്പൂപ്പന്‍ താടിയുടെ വീക്ഷണങ്ങള്‍
ഇത്തവണത്തെ ഒരു ആകര്‍ഷണം പലതരം ‘ആകാശലോക’ങ്ങളാണ്, അവ അവതരിപ്പിക്കുന്ന നവ- മാധ്യമവൃന്ദമാണ്. ചൊവ്വാദൌത്യവിജയത്തില്‍ ആഹ്ലാദിച്ച് ആകാശ ഗവേഷണത്തില്‍ കരിയര്‍ സാധ്യത കാണുന്ന ഇന്ത്യന്‍ കുട്ടികളും ചില യുവാക്കളും ‘ഏതാണ്ട് ശാസ്ത്ര മേളയ്ക്ക് പോയതിന്റെ അനുഭവം’ പോലെയെന്ന് പറഞ്ഞു. കലയും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആലോചനാമുഖരായി നില്‍ക്കുന്നത് കണ്ടു. Phenomenon of Times - work by Annie Le Ven Quan

ചിലര്‍ ‘അലങ്കാരമത്സ്യപ്രദര്‍ശനം’ പോലെ കാണപ്പെട്ട പ്രകാശം നിറഞ്ഞ പെട്ടികള്‍ കണ്ട് അന്തംവിട്ടുനിന്നിട്ട് പോന്നുവത്രേ. ചിലരൊക്കെ കല കാണുകയെന്നാല്‍ ‘എന്തോ മനസ്സിലാക്കല്‍’ ആണ് എന്ന്‍ ശീലം കൊണ്ട് ഉറപ്പിച്ചതിനാല്‍ മുന്നൂറു രൂപ കൊടുത്ത് കൈപ്പുസ്തകം വാങ്ങി നോക്കിയിട്ട് പല നാട്ടിലെ പലരേക്കുറിച്ചുള്ള വിവരങ്ങള്‍ വായിച്ച് എന്തൊക്കെയോ കണ്ടു. ഒത്തുനോക്കി. ചിലതൊന്നും അനുഭവത്തോടു ഒത്തില്ല. ബാക്കി ഗൂഗിളില്‍ തപ്പാമെന്നതും ഒരു സാധ്യതയാണ്. അവിടെയാണെങ്കില്‍ കുറേക്കൂടി സൌകര്യമായി അലഞ്ഞുനടക്കാം. ചിലര്‍ ജിജി സ്കറിയയുടെ കൂറ്റന്‍ മണിയ്ക്ക് (Bell) കീഴില്‍ നിന്ന് നനഞ്ഞിട്ടു വന്നു. ചിലര്‍ക്ക് ആസ്പിന്‍വാളിലെ മുറ്റത്ത് ശാന്തമണി മുത്തയ്യയുടെ ഭാരമേറിയ കശേരുക്കള്‍ ചിതറിയ കത്തിക്കരിഞ്ഞെന്ന പോലുള്ള നട്ടെല്ല് കണ്ടിട്ട് ഒരു നൂറ്റാണ്ടിന്റെ കുരുതികള്‍ ഓര്‍മ്മ വന്നു….ഒരല്പ്പനേരം അടുത്തുള്ള സിമന്‍റ് ബെഞ്ചില്‍ ഇരുന്ന്‍ വിശ്രമിച്ചിട്ട് അടുത്ത കാഴ്ചയിലേക്ക് നീങ്ങി. ഓരോ അര്ടിസ്റ്റും കാണിയെ ഓരോതരം മെറ്റഫറില്‍ അല്‍പ്പനേരം നിക്ഷേപിക്കുന്നു. ‘ലോക കലയുടെ’ ഈ ഒരനുഭവം, സബ്ടൈറ്റില്‍ ഇല്ലാതെ ‘ലോക സിനിമകള്‍’ കാണുമ്പോലെയാണ്. എല്ലാ ഭാഷയിലെ മനുഷ്യര്‍ക്കും ഉണ്ടായിരിക്കാം കാഴ്ചയുടെ ഒരു ഏകതാനമായ അനുഭവം എന്ന്‍ ആലോചിക്കാന്‍ നമ്മെ ഇന്ന്‍ പ്രേരിപ്പിക്കുന്നത് ഈ ബ്രാന്‍ഡ്‌ ‘ലോകകല’യാണ്. പ്രകാശം, എഴുത്ത്, വീഡിയോ കണ്ണുകള്‍, ക്യാമറക്കണ്ണുകള്‍, ശബ്ദം, തുടങ്ങിയവ സാംസ്കാരികമായി ക്ലിപ്തമല്ലാത്ത ചില പ്രതീകങ്ങളില്‍ക്കൂടി അവതരിപ്പിക്കുകയാണ് ഇതിന്‍റെ സ്വഭാവമായി വരുന്നത്.

 

jiji scaria work at

ഒരു കാണി എന്ന നിലയില്‍, ഒരു പുറത്ത് ഈ അനുഭവങ്ങളിലൂടെ നടക്കാന്‍ പലരെയും പോലെ ഞാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു, പൂരത്തിനും കാര്‍ണിവലിനും പല ദിവസങ്ങളിലായി പോകുന്നത്പോലെത്തന്നെ. പുസ്തകങ്ങളിലും ഇന്റര്‍നെറ്റിലും ആര്‍ട്ട്‌ മാഗസിനുകളിലുംകൂടി ഇതിനോടകം ‘വിര്‍ച്വല്‍ പരിചയക്കാരായി’ തീര്‍ന്നവര്‍, നേരിട്ട് പരിചയവും വ്യക്തിബന്ധവുമുള്ള ചിലര്‍, നേരിട്ട് അറിയില്ലെങ്കിലും കേട്ടും കണ്ടും അറിവുള്ള കുറെ പേര്‍, എന്തിനേറെ, കഴിഞ്ഞവര്‍ഷങ്ങളില്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജിലെ ക്ലാസില്‍ ഇരുന്ന് കലയും ചരിത്രവും പഠിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ട അരുണ്‍ കെ.എസും, ഉണ്ണികൃഷ്ണനും വരെയുള്ളവര്‍ അവിടെയുണ്ട്. അതുകൊണ്ടുതന്നെ വ്യക്തിപരമായി നോക്കിയാല്‍ ഈ കലാസൃഷ്ടികള്‍ പകരുന്ന അടുപ്പത്തിന്റെയും അകലത്തിന്റെയും കാഴ്ചപ്പാടിന്റെയും അനുഭവങ്ങള്‍ പലതരത്തിലുള്ളവയാണ്.

എല്ലാം എഴുതുക ശ്രമസാദ്ധ്യം. എന്നാലും ആസ്പിന്‍വാളിലെ ഇരുപത്തെട്ടാമത്തെ സെക്ഷനില്‍ ‘ഷു ബിംഗ്’ (Xu Bing) എന്ന ചൈനീസ് അര്ടിസ്റ്റ് ഈ ബിനാലെ എനിക്ക് തന്നത് ശക്തമായ ഒരു ‘ദേജാ വൂ’ അനുഭവം ആയിരുന്നുവെന്ന് പറയാതെ വയ്യ. ആധുനിക ചൈന കണ്ട മികച്ച ഒരു കാലിഗ്രഫിസ്റ്റും കലാധ്യാപകനുമായ, ‘അമേരിക്കന്‍ പട്ടുനൂല്‍പ്പുഴു’ എന്ന്‍ സ്വയം അവതരിപ്പിച്ച ഈ ചങ്ങാതിയെ കുറച്ചു നാള്‍ മുന്പ് മാത്രമാണ് ഞാന്‍ യാദൃചികമായ ഒരു ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ കണ്ടെത്തിയത്. എഴുത്തിന്‍റെ / തന്റെ സാംസ്കാരികതയുടെ തന്നെ അക്ഷരപാഠം, ചില സ്വാഭാവിക കാരണങ്ങളാല്‍ അതിന്റെ ബിംബഗുണം കാണിക്കുമ്പോള്‍ നിലവിലെ സാഹിതീയതയെ നിഷ്കാസനം ചെയ്ത് മറ്റൊരു അനുഭവം പ്രകാശിപ്പിക്കും എന്നതാണ് ഷു ബിങ്ങിന്റെ പല ദീര്‍ഘകാല പ്രോജക്ടുകളുടെയും അടിസ്ഥാനം.Xu-Bing --Background-Story_Endles

അക്ഷരരങ്ങളുടെയും സാഹിതീയതയുടെയും ചിത്രാനുഭവം എവിടെക്കണ്ടാലും ഞാന്‍ വ്യക്തിപരമായി ആകൃഷ്ടയാകും. കൂടാതെ, പട്ടുനൂല്‍പ്പുഴുവിനെപ്പോലെ കഠിനാധ്വാനതതിന്റെ  ചൈനീസ്പ്രവൃത്തി അതിന്റെ സ്വതസിദ്ധമായ വിധത്തില്‍ അമേരിക്കന്‍ കലാ സന്ദര്‍ഭത്തില്‍ മേഞ്ഞുനടന്നാല്‍, അത് സൃഷ്ടിക്കുക കടുത്ത അപ്രതീക്ഷിതത്വവും അപരത്വവും തന്നെയാണ് എന്നതിന്റെ ഒരു പാഠം തന്നെ, സ്വയം ആയിത്തീരുകയാണ് ഷു ബിംഗ്. പലവിധത്തില്‍ കഴിയാവുന്ന പോലെ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ വേറെ കാരണമെന്തിനു വേണം. ഇദ്ദേഹത്തിന്റെ ‘ബാക്ഗ്രൌണ്ട് സ്റ്റോറി’ പരമ്പരയിലെ ‘Endless Xishan Mountain Scenery’ ആണ് ഇവിടെ. പെട്ടെന്ന് കണ്ടാല്‍ ഒരു സാധാരണ ചൈനീസ്  ലാന്‍ഡ്‌സ്കെയ്പ് പെയിന്റിംഗ് ! അടുത്ത് ചെന്നപ്പോള്‍ അത് എന്തിന്റെയോ നിഴലാണ്. ആ കാണുന്നത് ഒരു പ്രകാശക്കൂടു തന്നെയാണെന്ന് മനസ്സിലായി. അതിന്‍റെ പിന്‍ഭാഗം തുറന്നതാണ്. പിറകിലാണ് എല്ലാ രചനാരഹസ്യങ്ങളും. പ്രൊഫഷനല്‍ നാടകങ്ങളുടെ ബാക്ക്സ്റ്റേജ് പോലെ, കുറെ ചപ്പും ചവറും, പഞ്ഞിയും ഉണക്കിലകളും ഒക്കെ ഉപയോഗിച്ച നിര്‍മ്മിച്ച ഏതോ ബാലെയുടെ സ്റ്റേജിനു പുറകില്‍ എത്തിയപോലെ തോന്നി. പ്രതീതികള്‍ ജനിപ്പിക്കുന്ന അനുകരണം മുന്നില്‍ കാണുന്നു, അതിന്റെ തുറന്ന ക്രാഫ്റ്റ് പിന്നില്‍ ലഭ്യം. കലയുടെ അധ്യയനം സംബന്ധിച്ചതും, പാരമ്പര്യങ്ങളുടെ അന്ധമായ അനുകരണം അസാധ്യമാകുന്ന കാലികമായ അവസ്ഥയെ സംബന്ധിച്ചതുമാണ് ഷു ബിങ്ങിന്റെ സംവേദനം എന്ന് തോന്നി.

Xu 2
കലാവിദ്യാഭ്യാസവും, സാഹിതീയ സാമൂഹികതയും, സാംസ്കാരികമായ അപരത്വവും കൊണ്ട് നിറഞ്ഞതായി തോന്നുന്ന എന്റെ പരിസരവുമായി ബന്ധപ്പെടുത്താന്‍ അവിടെക്കണ്ട പല കലാകാരന്മാരും ഇത്രയൊന്നും ആഴത്തില്‍ സഹായിക്കുന്നതായി ഇത്ര പെട്ടെന്ന് എനിക്ക് സിഗ്നല്‍ ലഭിച്ചില്ല. എങ്കിലും, അനീഷ്‌ കപൂര്‍ നിരാശപ്പെടുത്തിയില്ല. കടുത്ത ജെനറേറ്റര്‍ ശബ്ദം കൊണ്ടും അതുണ്ടാക്കുന്ന കൃത്രിമമായ ചുഴികൊണ്ടും അര്ടിസ്റ്റ് മെനഞ്ഞ സൂക്ഷ്മമായ സമുദ്രവും തൊട്ടടുത്തുള്ള സ്ഥൂലമായ സമുദ്രവും പെട്ടെന്ന്‍ എന്നെ സ്ഥലജലഭ്രമത്തിന്റെ ഒരു പതിവുനാടകത്തില്‍ ആക്കിയോ എന്ന്‍ സംശയം വന്നു. അനീഷ്‌ കപൂര്‍ പ്രേരിപ്പിക്കുന്ന നാടകീയമായ ഒരു ഭ്രമത്തിലേയ്ക്ക്, സാധാരണമായ ഒരു ജീവിത മുഹൂര്‍ത്തത്തെ വിട്ടുകൊടുക്കല്‍, ഈ നാടകം, ചിത്രങ്ങളിലും വീഡിയോ യിലും യൂട്യൂബിലും കണ്ടു പതിവുള്ളത് തന്നെയെങ്കിലും, നേരിട്ട് അനുഭവിച്ചത് അത്രയും രസമായി.

anish kapoor
ഇങ്ങനെ വേണമെങ്കില്‍, കാണാനും അനുഭവിക്കാനും കഴിഞ്ഞ ഓരോ സൃഷ്ടിയെ എടുത്തും ഒറ്റവാചകത്തില്‍ ഗുണ-ദോഷ-വിവേചനം നടത്താം, പക്ഷെ ഉത്സവം കേമായോ, മോശമായോ എന്ന് മാത്രമാണ് അതിലൊക്കെ ഇരിപ്പുള്ള, ഉത്തരം മുന്നേ പ്രതീക്ഷിക്കപ്പെടുന്ന ഒരേയൊരു ചോദ്യം. ആര്‍ക്കാണ് ഭാരരഹിതമായ് കണ്ടുകണ്ടങ്ങനെ വിഹരിക്കാന്‍ ഇഷ്ടമില്ലതിരിക്കുക? അതിനിടയിലും ചില ‘ഉള്ളില്‍തട്ടിയ’ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ആകുക? എന്നാല്‍ പലരെയും പോലെ കലാചരിത്രത്തില്‍ തല്പ്പരയായ ഒരു കാണി കൂടിയാണ് എന്ന നിലയില്‍ എനിക്ക് അങ്ങനെ മാത്രം വിഹരിക്കാന്‍ ആകില്ല. ഈ ഉത്സവപ്രസ്ഥാനത്തിന്റെ പൊതുസ്വഭാവങ്ങള്‍ ചിലത് പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ.
മൊത്തത്തില്‍ നോക്കിയാല്‍ ഇവിടെ വിഗ്രഹഭാഷകള്‍ വിരളം. എന്നുവച്ചാല്‍, കലാചരിത്രത്ത്തിലും, ഇരുപതാംനൂറ്റാണ്ടില്‍ പൊതുവെ ജീവിതത്തിലും നമ്മള്‍ കണ്ടിരുന്ന വിഗ്രഹവല്‍ക്കരണത്തിന്റെയും വിഗ്രഹഭന്ജനത്തിന്റെയും കാലം സ്വരുമയോടെ പുതിയ കുപ്പിയില്‍ അവതരിക്കുകയാണ്. ‘ലോകാന്തരങ്ങളിലെ’ കലാകാരനും കാണികളും ഒരു വന്‍ നഗരത്തില്‍ എന്ന പോലെ, പരസ്പരം ഏറിയകൂറും അപരിചിതരെങ്കിലും, തങ്ങളുടെ നഗരവ്യക്തിത്വത്തില്‍ അഭിമാനിക്കുന്ന സഞ്ചാരികളെപ്പോലെ പറന്നും പരന്നും ‘സൂം ഇന്‍’ ചെയ്തും ‘സൂം ഔട്ട്‌’ ചെയ്തും വന്നുപോകുന്നു. മാംസം വച്ച കാഴ്ചകളും അര്‍ത്ഥനിര്‍മ്മിതികളുടെ കലാഭാഷകളും ഇമേജുകളുടെ സാമൂഹികശാസ്ത്രപരമായ വ്യാഖ്യാനങ്ങളും കലാകാര കര്‍തൃത്വത്തിന്റെ സമസ്യകളും ഒക്കെ വെറും പരിമിതമായ മണ്ണില്‍ നിന്ന് നോക്കുമ്പോള്‍ തോന്നുന്ന ചിന്തകള്‍ ആകുന്നപോലെയുണ്ട്. അപ്പപ്പോള്‍ ലഭ്യമാക്കാവുന്ന മാധ്യമങ്ങളും സങ്കേതവും പ്രവൃത്തികളുടെ ശേഖരവും തെളിച്ചുകൊണ്ടുവന്ന് ക്ഷണഭംഗുരമായ യുക്തികളില്‍ ആക്കുന്നവരാണ് ബിനാലെയിലെ മാത്രമല്ല പൊതുവേ കണ്ടംപററി ആര്‍ട്ട്‌ലെ കലാകാരനും കാണിയും ! ചരിത്രപരമായ മറവികള്‍ക്കും അപ്പുറമുള്ള യാദൃചികമനോവ്യാപാരങ്ങളുടെ നിര്‍മ്മാതാക്കള്‍!
’ലോകാന്തരങ്ങള്‍’ കണ്ണ് മഞ്ഞളിച്ച് പറന്നു നടക്കുന്ന ഒരു അനുഭവവുമാണ്. ഇതൊരു സൌകര്യമാണ്, മാനസലോകങ്ങളുടെ സാധ്യതയുമാണ്‌. ഒരു സാധാരണ കാണിയ്ക്ക് ഇത് തന്നെ പൂണ്ടടക്കം പിടിച്ചുകളയുന്ന, അതുവഴി പരീക്ഷണങ്ങള്‍ക്കുള്ള സാധ്യതകള്‍ അടച്ചുകളഞ്ഞെക്കാവുന്ന തരത്തിലുള്ളതെന്നു തോന്നുന്ന വ്യക്തമായ ജീവിതചിത്രങ്ങളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും സൂം ഔട്ട്‌ ചെയ്ത് തെന്നി നീങ്ങുന്ന അവസരവുമാണ്. എന്തുകൊണ്ട് ഇങ്ങനെ ഒരു ‘തെന്നിനീങ്ങല്‍ സംസ്കാരം’ കലയില്‍ ഒരു പ്രമാണം പോലെ എളുപ്പവും നിര്‍ബന്ധവുമാകുന്നു എന്നത് പഠിക്കുന്നത്, ഫലത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ കലാസ്ഥാപനങ്ങളുടെ ക്ഷീണത്തെ അഭിസംബോധന ചെയ്യുന്ന അന്വേഷണങ്ങളുടെ തുടര്‍ച്ച ആകേണ്ടതാണ്. അതായത് കലയും സമൂഹവുമായുള്ള ബന്ധത്തെ നിരന്തരം നിര്‍മ്മിക്കുന്നതിലും പരിരക്ഷിക്കുന്നതിലും വരുന്ന ക്ഷീണം. മനുഷ്യര്‍ ചിത്രം വരയ്ക്കുന്നതും ശില്‍പ്പം നിര്‍മ്മിക്കുന്നതും വസ്തുബന്ധങ്ങള്‍ കണ്ടെത്തി ബോധപൂര്‍വ്വം ഇമേജുകള്‍ ആക്കുന്നതും അത്യന്തം പൂര്‍വ്വാപരബന്ധമുള്ള കാര്യമാണ്. ഒരു ഘട്ടത്തില്‍ സങ്കേതം തന്നെ കലാകാരന്റെ/ രിയുടെ ശാരീരികവും മാനസികവുമായ ഒരു വിപുലീകരണം ആകുന്നതുമായ ഒരു കാര്യമാണ്. മീഡിയം തന്നെ മെസ്സേജ് ആയിരുന്നത്പോലെ. അതില്‍ തെന്നി നീങ്ങല്‍ അല്ല, ചരിത്രത്തെ നിരന്തരം പുനര്‍ നിക്ഷേപിക്കാവുന്ന ‘നിമഗ്നത’ (engagement) ആണ് ഉള്ളത്. ഉണ്ടായിരുന്നതും.

ചിത്രകാരി, കവി, കലാഗവേഷക. ആധുനിക കേരളത്തിലെ ചിത്രകലയെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അങ്കവാലുള്ള ...