White Crow Art Daily

ഭാഷയെപ്പറ്റി

കവിത / രഗില സജി
1
അധികം അകലയല്ലാതെ
ഇലകളൊക്കെ മഞ്ഞച്ച മരത്തിലിരുന്ന്
ഒരോന്ത് പരിസരം വീക്ഷിക്കുകയാണ്.
അതിന്റെ കണ്ണിലേക്ക് നോക്കി.
ഓന്ത് പച്ചിലകൾ തിങ്ങിയ മറ്റൊരു ചെടിയിലേക്ക് ചാടി
2
വീടിന്റെ വാതിൽക്കൽ
അലങ്കാരത്തിന് തൂക്കിയിട്ടതാണ്
ശംഖുമാല.
കാറ്റ് വന്ന് മുട്ടുമ്പോഴൊക്കെ
വീടിന്നകത്ത് കടലിരമ്പം

3
പറമ്പ് നിറയെ
പലതരത്തിലുള്ള
ചെടികളും മരങ്ങളും വളർത്തി.
ലളിതമായി
ഇപ്പോൾ പച്ചപ്പുൽച്ചാടിയോട്
മിണ്ടാം.
ചീവീടുകളും വണ്ടുകളും
കിളികളും ഒഴിവു നേരത്തെന്നോട്
വർത്താനം പറയാൻ വന്ന് പോകുന്നു

4
വെള്ളച്ചാട്ടത്തിൽ കളിക്കുന്ന കുട്ടി
മലവെള്ളം വരുന്നതിന്റെ ഒച്ച
കാട്ടു പക്ഷികളിൽ നിന്ന് കേട്ടു.
5
പുസ്തങ്ങൾക്കിടയിൽ
സിൽവർ വേം പരതി നടക്കുന്നു.
അക്ഷരങ്ങളിൽ കൊത്തുപണികൾ ചെയ്ത്.
 
6
ബസ്സിലിരിക്കുമ്പോൾ
ശോഷിച്ച ,കീറിപ്പറിഞ്ഞ ഉടുപ്പിട്ട, പല്ലു മുഴുക്കെ മഞ്ഞച്ച, ഒരാൾ മടിയിൽ നരച്ച കാർഡിട്ട് പോയി.
അത് വായിക്കാനുള്ള മനസ്സു കാട്ടാതെ
തിരിച്ച് നൽകി
 
മറ്റൊരിക്കൽ മറ്റൊരു ബസ്സിൽ
അയാളിരിക്കുന്നു.
നിറം മങ്ങിയ ഒരു കാർഡ് ഞാനയാളുടെ മടിയിലിട്ടു.
അയാളത് ഉറപ്പായും വായിക്കും.
7
കുന്നിന്നെച്ചുറ്റി വളഞ്ഞ് പോകുന്ന
റോഡ് പലേടങ്ങളിൽ
കാഴ്ചക്കാരെ പിടിച്ച് നിർത്തും.
കാറ്റ് തഴുകിക്കടന്ന് പോകും
വണ്ടികൾ തണുക്കുന്നതിന്റെ മൗനം
ഓരോ തവണയും കുന്നിനെച്ചുറ്റും
8
കവിതയിലൊന്നും
കണ്ടറിവില്ലാത്ത ഒരു വാക്കിനെ
തൊട്ടു നോക്കി.
പശിമയുള്ള നാക്ക് ,തട്ടി വിളിക്കുന്ന മൗനം.
പതിഞ്ഞ ചിറക് ,പഴകി ദ്രവിച്ച ശരീരം
 
അധികമാരും ഉച്ചരിച്ചിട്ടില്ലാത്ത
നീറ്റൽ
മുറ്റത്ത് പയറുവളളിക്ക് താങ്ങ് ചാരുന്ന
എന്റെ കാലിൽ വന്നുരുമ്മി .
 
9
വേനലിൽ ദാഹിച്ചെത്തും
പക്ഷി പ്രാണികൾക്കായി
മുറ്റത്തൊരു പാത്രം വെള്ളം വെച്ചു.
ഞാൻ നോക്കിയിരിക്കെ
ആരും വന്നില്ല.
മരത്തിന്മേലിരുന്നും
മതിലിന്മേലിരുന്നും
ഏന്തി നോക്കി.
ഞാനകത്തേക്ക്
പോയി.
അവയും വെള്ളവും തമ്മിലുള്ളതിനിടക്ക്
ഞാനെന്തിന്?
10
പുഴയിലെ
കുളിക്കിടയിൽ
ചെവിയിലേക്കറിയാതെ വെള്ളം കേറി.
കുറച്ചു കൂടി കൈക്കുമ്പിളിലെടുത്ത് ഒഴിച്ചു.
ആദ്യത്തെ വെള്ളം രണ്ടാമത്തേതിനൊപ്പം
കേൾവിയെ തൊട്ട ആനന്ദത്തിൽ തിരിച്ച് പോന്നു.

11 

ഗുഹാന്തര ഭാഷയുടെ ഉടലിൽ തൊട്ടു നോക്കി.
അക്ഷരങ്ങൾ അവയ വങ്ങളായും
ചിഹ്നങ്ങൾ അവയുടെ
ഒടിവു തിരിവുകളായും വായിച്ചാൽ മാത്രം
മനസ്സിലാക്കാനാവുന്ന ഒരു പ്രാചീന ലിപി
തെളിഞ്ഞു വന്നു.

12 
അതിന്റെ ആകൃതിയിലേക്ക്

മാറാൻ വെള്ളമെന്നെ ക്ഷണിച്ചു.
മറ്റൊന്നുമാലോചിക്കാതെ
ഞാൻ പരിവർത്തനപ്പെട്ടു.

13
മരിച്ച് മൂന്നാം നാൾ
കുറ്റിച്ചെടികൾക്കിടയിൽ നിന്നും കണ്ടെടുത്ത കുഞ്ഞിന്റെ

ശരീരത്തിൽ മീനുകൾ അവയുടെ
ലിപികൾ കൊത്തിയിട്ടിരിക്കുന്നു.
വെള്ളമതിന്റെയും.
വായിക്കുന്നോർക്ക് പിടികിട്ടാത്ത
നിഗൂഢ ഭാഷയുടെ പിഞ്ഞിപ്പോയ
വാക്കുകൾ പലതും ആഴത്തിലെവിടെയോ
കളഞ്ഞ് പോയിട്ടുമുണ്ട്.
14
അന്ധന്റെ കവിതയിലെ ആകാശം പക്ഷികളുടേതല്ല 
അതിലെ  ഉപമകൾ 
മറ്റെല്ലാ ഉപമകളെയും 
പരിണാമപ്പെടുത്തി 
പുതിയ ഭൂപ്രകൃതിയുണ്ടാക്കും 
അന്ധനായൊരാൾ ഭാഷ കുഴിച്ചെടുക്കുന്ന 
ഖനിയിലേക്കിറങ്ങാൻ 
നമുക്ക് വെളിച്ചം പോരാ !
 
15     
ഉറുമ്പിന്റെ ഭാഷയെക്കുറിച്ച്     എനിക്കറിവില്ല.     ചീവീടിന്റെ വാക്ക് ഞാൻ കണ്ടെത്തിയതിലുണ്ട്.    മന്ദാരത്തിന്റെ ഭാഷ
മണമെന്നെഴുതി മൂക്കിൽ കരുതിയതിലുo.
പച്ചയുടെ,
ഉണങ്ങിത്തണുത്തതിന്റെയെല്ലാം
ഒപ്പം നടക്കുന്നുണ്ട്.
ഇരുട്ടിന്റെ വാക്ക് വെളിച്ചത്തിലേക്ക്
കടക്കാതെ സൂക്ഷിച്ചവയുടെ കൂട്ടത്തിൽ.
 
എന്റെ വാക്ക് ഭാഷയുടെ നാഭിയിൽ
ഇനിയും ജനിക്കാതെ…

 

Frida Kahlo (1907-1954 )

മലപ്പുറം സ്വദേശി പെരിന്തൽമണ്ണ അൽസലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ അധ്യാപിക ഹരിതം ബുക്ക്സ് ...