White Crow Art Daily

ഭൌതികതയുടെ ഭാഷാസഞ്ചാരങ്ങള്‍

സംഭാഷണം
മേതിൽ രാധാകൃഷ്ണൻ /കെ. വി. മണികണ്ഠൻ

അഭൌമികമായ ഒന്നിലും എനിക്ക് വിശ്വാസമില്ല,
എന്തെന്നാല്‍ എന്റെ താത്പ്പര്യങ്ങള്‍ തികച്ചും ഭൌമികമാണ്

ആത്മാവിന്റെയും ആത്മീയതയുടേയും ഒളിത്താവളങ്ങളില്ലാത്ത ഒരു സാഹിത്യലോകം നിര്‍മ്മിച്ചതിലൂടെയാകണം മേതില്‍ മലയാളത്തിന്റെ വിളക്കുമരമായത്.ഒരാധുനിക ജനാധിപത്യദേശം അനാചാരങ്ങളുടെ കിടങ്ങുകളിലേയ് വലിച്ചിഴക്കപ്പെടുന്ന സാമൂഹിക സന്ദര്‍ഭം മറ്റെന്തിനേക്കാള്‍ കലയേയും സംസ്കാര ത്തേയും സാഹിത്യത്തേയും കുറിച്ചുള്ള ചിന്തന്‍ബൈഠക്കുകള്‍ക്ക് പ്രേരണയാകും.ഭൌതികതയുടെ അസാധാരണമായ അഴകുകളിലേയ്ക്ക് കാലം ആയമെടുക്കുമ്പോള്‍ നാം മേതിലില്‍ ചെന്നു തൊടും.ഞാന്‍ മൈഥിലി രാധാകൃഷണന്‍!ഭൂമി പിളര്‍ന്നുപോകുന്ന പെണ്ണ്, ഭൂമിക്കടിയിലെ സകല ജീവികളും                    ഒന്നിക്കുന്ന ഉടല്‍ എന്ന്  വാക്കുകള്‍  രൂപാന്തരപ്പെടും.

ഒരു കേട്ടുകേൾവിയുടെ നേരറിയാനുള്ള ആഗ്രഹമുണ്ട്. മേതിൽ ഒരു കമ്യൂണിസ്റ്റായിരുന്നു. വളരെ ചെറുപ്പം തൊട്ടു തന്നെ. കൗമാര പ്രായത്തിലാണ് ‘നവയുഗം’ വാരികയിൽ ഒരു രാഷ്ട്രീയപംക്തി എഴുതാൻ തുടങ്ങിയത്. പിന്നീട് പാർട്ടി പിളർന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകനായി. ഡിഗ്രീ പഠനകാലത്ത് എസ്‌.എഫ്.ഐയുടെ ആദ്യരൂപമായിരുന്ന എസ്‌.എഫിൻറെ പാലക്കാട് ജില്ലാ പ്രസിഡണ്ടായിരുന്നു. ‘ദേശാഭിമാനി’ വാരാന്തപ്പതിപ്പിൻറെ ആദ്യത്തെ എഡിറ്റർ-ഇൻ-ചാർജ് പോലുമായിരുന്നു! ഇതൊക്കെ സത്യമാണോ ?

എല്ലാം സത്യം. ഹൃദ്യമായൊരു ഓർമ്മ ഇവിടെയുണ്ട്. ചിറ്റൂർ ഗവർമെന്റ് കോളേജിൽ ബി.ഏക്ക് പഠിക്കുമ്പോൾ ഞാൻ ദേശാഭിമാനി പത്രത്തിൽ രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു, പാർട്ടിക്കു വേണ്ടി തെരുവിലിറങ്ങി പ്രവർത്തിച്ചിരുന്നു, പുതിയ വിദ്യാർത്ഥികൾക്ക് സ്റ്റഡി ക്ളാസുകൾ നൽകിയിരുന്നു. അക്കാലത്ത് പി.ജി (മാർക്സിസ്റ് പണ്ഡിതനും അസാധാരണ സഹൃദയനുമായ സാക്ഷാൽ പി. ജി) ഒരിക്കൽ ചിറ്റൂർ സന്ദർശിച്ചപ്പോൾ എന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. സന്തോഷം എന്റേത്!

പി.ജിയോടൊപ്പം എം.എൻ. കുറുപ്പ് എന്ന ആ വലിയ മനുഷ്യനുമുണ്ടായിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ വ്യക്തിപരവും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. ഇടയിൽ പി.ജി. തിരക്കി: ബി.എ. കഴിഞ്ഞാൽ എന്ത് ചെയ്യാനാണ് മേതിൽ ഉദ്ദേശിക്കുന്നത്? ഏതെങ്കിലും ജേണലിസ്റ്റ് പരിശീലന കേന്ദ്രത്തിൽ കടന്നു കൂടാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. പി.ജി. ഒരു നിർദ്ദേശം നൽകി. ആദ്യം ഏതെങ്കിലും പത്രത്തിനു വേണ്ടി പ്രവർത്തിച്ച് പരിശീലനം നേടിയതിനു ശേഷം അക്കാദമിക്ക് തലത്തിലേക്ക്‌ കടക്കുന്നതാവും കൂടുതൽ ഉചിതം. അത്ര മാത്രം. പിന്നെ വിഷയം മാറി.

മാസങ്ങൾക്കു ശേഷം പത്രങ്ങളിൽ ബി.എ. പരീക്ഷാഫലം പുറത്തായതിൻ്റെ പിറ്റേന്ന്‌ പി.ജിയിൽ നിന്ന് എനിക്കൊരു പോസ്റ്റ്കാർഡ് കിട്ടി. ഒരേയൊരു വാചകം: “എപ്പോളാണ് ദേശാഭിമാനിയിൽ ചേരുന്നത്?” ഞാൻ പി.ജിക്ക് എഴുതി: “ഇപ്പോൾ!”

മലയാളത്തിൽ മിക്കപ്പൊഴും സമ്പൂർണസമാഹാരങ്ങൾ എഴുത്തുകാരുടെ കാലശേഷം സംഭവിക്കുന്നവയാണ്.താങ്കളുടെ കവിതകളുടേയും കഥകളുടേയും സമ്പൂർണസമാഹാരങ്ങൾ സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു എന്നുമാത്രമല്ല മേതിൽ കഥകൾക്ക് നാലുവർഷത്തിനുള്ളിൽ മൂന്നോ നാലോ പതിപ്പുകളുണ്ടായി! എഴുത്തുകാരുടെ എഴുത്തുകാരൻ എന്ന വിശേഷണത്തിൽ നിന്ന് ബെസ്റ്റ് സെല്ലറിലേയ്ക്കുള്ള മാറ്റത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?

നിങ്ങൾ ഉദ്ദേശിക്കുന്ന “മാറ്റം” തിരിച്ചറിയാൻ എനിക്ക് പ്രയാസമുണ്ട്. 1970കളിൽ ആധുനികതാ പ്രസ്ഥാനത്തിൽ ഒരു തീവ്രവാദിയായോ മൗലികവാദിയായോ ഞാനുണ്ടായിരുന്നു. ഇരുപതിൽപ്പരം വർഷങ്ങളുടെ മൗനത്തിനു ശേഷം, 1990കളിൽ ഞാൻ പെട്ടെന്ന് വീണ്ടും എഴുതാൻ തുടങ്ങി. തുരുതുരാ എഴുത്ത്. ഒരു ‘റൈറ്റിംഗ് സ്പ്രീ’. ഇത് കെ.പി. നിർമ്മൽകുമാറിനെ അലട്ടിയിരുന്നു. 1990കളുടെ മധ്യത്തിലെ കഥകൾ പല സാമാഹാരങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകിട പ്രസാധകരുടെ ഉത്സാഹത്തിൻ്റെ ഫലം. രണ്ടാം പതിപ്പുകൾ ഉണ്ടായിട്ടില്ല. പിന്നെ ഏറെ വർഷങ്ങളോളം ‘ഔട്ട് ഓഫ് പ്രിൻ്റ്’ എന്ന പദവിയിലായിരുന്ന പല കഥാസമാഹാരങ്ങൾ 2013ൽ ഒരൊറ്റ പുസ്തകമായി പുറത്തിറങ്ങിയാൽ പലർക്കും കൗതുകം തോന്നാം. ഇതിലെ കാലദൈർഘ്യം എന്ന ഘടകം പരിഗണിച്ചാൽ, ആ പുസ്തകത്തിൻ്റെ മൂവ്വായിരമോ നാലായിരമോ കോപ്പികൾ വിറ്റഴിയൽ എന്നെയൊരു ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനാക്കുമെന്ന് ഞാൻ കരുതുന്നില്ല.

സാഹിത്യത്തോടുള്ള താങ്കളുടെ നിലപാട് പണ്ട് മുതലേ നിഷേധാത്മകമായിരുന്നു. സാഹിത്യം നിസ്സാരം. അതിനേക്കാൾ ക്രിയേറ്റിവിറ്റി സംഭവിക്കുന്നത് അടുക്കളയിലാണെന്ന് 2006ലെ ഒരു അഭിമുഖത്തിൽ പറഞ്ഞത് കേട്ടിട്ടുണ്ട്. പിന്നീടൊരിക്കൽ മേതിൽ പറഞ്ഞു, ഒരു നല്ല തോക്കിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ സാഹിത്യം പടച്ച് വിടുന്നതിനേക്കാൾ സർഗാത്മകത ആ എഞ്ചിനിയറിംഗ് വൈദഗ്ദ്ധ്യത്തിൽ കാണാൻ കഴിയുമെന്ന്. എന്താണ് ഇങ്ങനെ പറയുന്നത്? മേതിൽ എന്നാൽ ഞങ്ങൾക്ക് എഴുത്തുകാരൻ തന്നെയാണ്. ഇത്രയ്ക്ക് നിരാകരണം ശരിയാണോ?

വലിയൊരു കാൻവാസിലെ ചെറിയൊരു ഭാഗത്തെ ഒറ്റപ്പെടുത്തിക്കാണലാണ് ഈ ചോദ്യത്തിൻ്റെ ആദ്യഭാഗമെന്നു ഞാൻ ഭയക്കുന്നു. മൂന്നാം തരംഗ ഫെമിനിസത്തിൻ്റെ വ്യത്യസ്തമായ പ്രത്യയശാസ്ത്ര സമീപനങ്ങൾ, സ്ത്രീകൾക്ക് ശാസ്ത്രം നിഷേധിക്കപ്പെട്ടിരുന്ന പഴയ ലോകത്തിലെ അടുക്കളകളിൽ നടന്ന കെമിക ഗവേഷണങ്ങൾ, ലോകോത്തര പാചക വിദഗ്ദ്ധരും ആധുനിക ഭൗതിക ശാശ്ത്രജ്ഞമാരും ഒരുമിച്ച് നടത്തുന്ന കലാപകാരമായ ആഹാരിക പരീക്ഷണങ്ങൾ, പാചകത്തിൻ്റെ നരവംശ ശാസ്ത്രത്തെക്കുറിച്ച് ലിവൈസ്‌ട്രോസ് അവതരിപ്പിച്ച അസമാന്തര നിരീക്ഷണങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നൊരു വലിയ ചിത്രത്തിൻ്റെ ഭാഗവും തുടർച്ചയുമായാണ് ഞാൻ ആ അഭിമുഖത്തിൽ അടുക്കളയിലെ സർഗാത്മകതയെക്കുറിച്ച് പറഞ്ഞത്.

പിന്നെ, തോക്ക്. എന്താണൊരു തോക്ക്? ഇവിടെയാണ് എഴുത്തിൻ്റെ രണ്ടു പ്രശ്‍നങ്ങളുമായി നാം പരിചയപ്പെടുന്നത് — പ്രയോഗം, പ്രതീകം. വാക്കുകൾ നിറതോക്കുകളാണെന്ന് സാർത്ര് പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പ്രതിരോധം, ലക്ഷ്യബോധം, ഇതിൽ ധ്വനിക്കുന്നു. ഒരു പ്രതീകമെന്ന തോക്ക് പലതിനെയും ചൂണ്ടുന്നു. വേട്ടയെ, അധികാരത്തെ, അധിനിവേശത്തെ, ആത്മഹത്യയെ, കുറ്റകൃത്യങ്ങളെ… പക്ഷേ, പ്രയോഗ/പ്രതീക സന്ദർഭങ്ങളിൽ നിന്ന് വേർപെടുത്തി കാണാവുന്നൊരു അസ്തിത്വം ഒരു തോക്കിനുണ്ട്. വെറുമൊരു ഘടനയെന്ന നിലക്കുള്ള അസ്തിത്വം. എനിക്കത് കാണാൻ കഴിയും; എൻ്റെ എഴുത്തിന് അതിലേക്കു പ്രവേശിക്കാം. അതാണ് തോക്കെന്ന നിർമ്മിതിയുടെ യഥാർത്ഥ സൗന്ദര്യാത്മകമായ അസ്തിത്വമെന്ന് ഞാൻ വിശ്വസിക്കുന്നു.

 മേതിൽ ‘ആധുനിക’രുടെ ഇടയിൽ ഒരു വേറിട്ട ആളായിരുന്നു. കാരണം ആധുനികരെല്ലാവരും തന്നെ പാരമ്പര്യവുമായി ഏതെങ്കിലും തരത്തിൽ രഹസ്യമായെങ്കിലും ബാന്ധവത്തിൽ ഏർപ്പെട്ടവരാണ്.. ആ സമയം മേതിൽ സകലതും നിരാകരിച്ചു. അതുവരെ കണ്ടുവന്നിരുന്ന പ്രാദേശികത, ദൈനംദിന ജീവിത വ്യവഹാരങ്ങൾ, അതിർത്തികൾ എല്ലാം അട്ടിമറിച്ചു അല്ലെങ്കിൽ അവഗണിച്ചു. ആധുനികതയിൽ നിന്നുതന്നെയുള്ള ഒരു കുതറൽ അഥവാ വിഛേദം ?

കുതറൽ? വിച്ഛേദം? ഇല്ല, അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. 1970കളിൽ ഞാനൊരു മോഡേണിസ്റ് ആയിരുന്നു. ഇന്നും ഞാൻ ആധുനികതയിൽ സ്ഥിതപ്രജ്ഞനായി തുടരുന്നു. അതിൻ്റെ സ്ഥിരീകരണമാണ് നിങ്ങൾ സൂചിപ്പിച്ച നിരാകരണങ്ങളെല്ലാം.വളരെ കൃത്യമായി പറഞ്ഞാൽ മലയാളത്തിൽ ആധുനികതാ പ്രസ്ഥാനം തികച്ചും ഉണ്ടായിട്ടില്ല. സാധ്യതയുടെ ചില കൃത്യമായ സൂചനകളും അടയാളങ്ങളും ഉണ്ടായിരുന്നു. ചിലപ്പോൾ തയ്യാറെടുപ്പിൻ്റെ ചില സ്ഫുരണങ്ങൾ പോലും. പക്ഷെ, മൊത്തത്തിൽ, അലസിപ്പോയൊരു പ്രസ്ഥാനമാണത്.

ഭൗതികവാദത്തിൽ സൗന്ദര്യാടിത്തറയുള്ള സർഗാത്മക സാഹിത്യം മലയാളത്തിൽ അപൂർവ്വമാണ്. ദൈവത്തിൽ നിന്നും ആത്മീയതയിൽ നിന്നും വിട്ടുനിൽക്കുന്നത് മാത്രമല്ല സയൻസിനെ, അതിന്റെ കൃത്യതയെ, അതിന്റെ പ്യൂരിറ്റിയെ ഭാഷയിലേക്ക്, വിന്യാസത്തിലേക്ക് കൊണ്ടുവന്ന ഏക മലയാളി എഴുത്തുകാരനാണ് മേതില്‍. താങ്കൾ പറയുന്ന കേട്ടിട്ടുണ്ട്, എഴുതുമ്പോൾ അത് അച്ചടിച്ച് വരുന്ന കാര്യം പോലും മനസിൽ കണ്ടാണ്, ഒരു വാക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ നീളവും വീതിയും ഘനവും വരെ കണ്ടു കൊണ്ടാണ് ഉറപ്പിക്കുന്നത് എന്ന്. ഇത് വിശദീകരിച്ച് കേട്ടാൽ കൊള്ളാമെന്നുണ്ട്. വാക്കുകളുടെ എഞ്ചിനിയറിംഗ് ആണോ എഴുത്ത്. വൈകാരികത (അല്ലെങ്കിൽ വായനക്കാരൻ പ്രതീക്ഷിക്കുന്ന അനുഭൂതി) നഷ്ടപ്പെടാൻ ആ അതിശ്രദ്ധ ഇടവരുത്തില്ലെന്നാണോ?

പുതിയ തലമുറയിൽ പലർക്കും ഞാൻ പരിചയപ്പെടുത്തിക്കൊടുത്തൊരു വരിയുണ്ട്. തിയോഡോർ റോത്ത്കെയുടെ ഒരു വരി: I measure time by how a body sways. റോത്ത്കെയുടെ ഈ പ്രത്യേക വാക്യഘടന ഉണ്ടാകുന്നതിനു മുൻപ് ആ വരി നൽകുന്ന കാൽ-ശരീര-ചലന അനുഭൂതി സങ്കല്പിക്കാൻ നമുക്ക് കഴിയുമായിരുന്നില്ല. റോത്ത്കെയുടെ മനസ്സിലൂടെ ഒരു കണ്ടെത്തൽ പോലെ ആ വരി കടന്നു പോകുന്നത് എനിക്ക് കാണാൻ കഴിയും. ഇങ്ങനെ വാക്യഘടനക്ക് സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഐന്ദ്രിയാനുഭൂതികളും സങ്കൽപാന്തരങ്ങളുമാണ് എഴുത്തിൽ എൻ്റെ ആകർഷണം, എൻ്റെ ഊന്നൽ. എന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്ന അനുഭൂതികളാണ് എൻ്റെ എഴുത്തിനോട് ഞാൻ ആവശ്യപ്പെടുന്നത്. നിങ്ങൾ പറഞ്ഞ അതിശ്രദ്ധക്കിടയിൽ വൈകാരികത നഷ്ടപ്പെടുമോ എന്ന ആശങ്കക്കു പകരം പരിചിത വൈകാരികത പരമാവധി നഷ്ടപ്പെടണമെന്ന ശാഠ്യമാണ് എന്നിലുണ്ടായിട്ടുള്ളത്.

കേരളീയ അതിർത്തിക്കുള്ളിലെ ഉപജീവിതത്തേക്കാള്‍ സകലഭൂഖണ്ഡങ്ങളേയും സ്പർശിക്കുന്ന മലയാളിയുടെ ജീവിതത്തിനുള്ള ‘വിപുലത’ മേതിൽ എഴുത്തുകൾക്ക് ഒരു സാധ്യത ആയിട്ടുണ്ടോ ?

=എൻ്റെ കഥകൾ എഴുതിയത് ഒരു മലയാളിയാണെന്നും അതയാൾ എഴുതിയത് മലയാളത്തിലാണെന്നും ഓർത്താൽ, എഴുത്ത് നിയമപരമായി വിലക്കാത്തൊരു സാധ്യതയിലൂടെ ഞാൻ സഞ്ചരിച്ചുവെന്നേ പറയാൻ കഴിയൂ. തികച്ചും കേരളീയമായ ചില കഥകൾ ഞാൻ എഴുതിയിട്ടുണ്ട്; തീരെ മറിച്ചും. എൻ്റെ വരാനിരിക്കുന്ന ‘ആൽബ്രട്രോസിൻ്റെ കരച്ചിൽ’ എന്ന സമാഹാരത്തിൽ ഒന്നൊഴികെ മറ്റെല്ലാ കഥകളുടെയും പശ്ചാത്തലം അന്യ രാജ്യങ്ങളാണ്, മുഖ്യ കഥാപാത്രങ്ങൾ തദ്ദേശികളാണ്. ഈ കഥകൾ ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രത്യക്ഷപ്പെട്ടത് ‘സഞ്ചാരീഭാവങ്ങൾ’ എന്ന തലക്കെട്ടുള്ളൊരു പരമ്പരയായിട്ടാണ്. എഴുത്ത് ഭാഷയിലൂടെയുള്ള സഞ്ചാരമാണ്. അതിർത്തി മുറിച്ചു കടക്കൽ സഞ്ചാരങ്ങളിൽ സാധാരണം.

‘യക്ഷിയുടെ ചൂല്’ എന്ന കഥയിൽ ഒരു നിരീക്ഷണമുണ്ട്: ഓരോ പുതിയ രാജ്യം സന്ദർശിക്കുമ്പോളും നിങ്ങൾ നിങ്ങളുടെ മനസ്സിൽത്തന്നെ അതേവരെ തുറക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു അറയിലേക്ക് കടക്കുകയാണ്. പോളണ്ടിലൂടെയും ബെർലിനിലൂടെയും ലണ്ടനിലൂടെയും കടന്നു പോകുന്നൊരു യാത്രികൻ്റെ തലക്കുള്ളിൽ ഏറ്റവും മുഖരമാകുന്ന മസ്‌തിഷ്‌ക ഭാഗങ്ങൾ ഒന്നാവണമെന്നില്ല. എഴുത്ത്, വാക്യഘടന, വ്യത്യസ്ത മസ്‌തിഷ്‌ക കോശങ്ങളെ മുഖരമാക്കുമ്പോൾ ഉണ്ടാകുന്നത് ഒരു വിദേശീയ അനുഭവമാകാം.എഴുത്തിനും സഞ്ചാരത്തിനും ഇടയ്ക്ക് എന്തെല്ലാമോ ഉണ്ട്

പുതിയ വായനക്കാർ സാമ്പ്രദായിക രീതികളോട് പ്രതിപത്തി കാണിക്കാതെ സയൻസിനോട് സവിശേഷമായ അന്തർധാര സൂക്ഷിക്കുന്ന, യുക്തിഭദ്രമായ, എഴുത്തു രീതികളോട് അടുപ്പം കാണിക്കുന്നതായിക്കാണാം. ഇതിന്റെ നല്ലൊരു തെളിവാണു മേതിൽ സമ്പൂർണ്ണകഥകൾ ബെസ്റ്റ് സെല്ലറാകുന്നത്. മേതിൽ എപ്പോഴെങ്കിലും അതിനെക്കുറിച്ച് bothered ആയിട്ടുണ്ടോ? അതായത് ഞാൻ വായിക്കപ്പെടുന്നുണ്ടെന്നോ ഇല്ലെന്നോ ഒക്കെ?

=മനസ്സിൽ സയൻസിൻ്റെ അന്തർധാര സൂക്ഷിക്കുന്നവരാണ് പുതിയ വായനക്കാരെന്നത് നിങ്ങളുടെ നിഗമനം. എൻ്റെ കൃതികൾ ബെസ്റ് സെല്ലറുകളാണെന്നതും നിങ്ങളുടെ നിഗമനം. ഈ രണ്ട് നിഗമനങ്ങളെ നിങ്ങൾ കാര്യ കാരണ ബന്ധമായി കാണുന്നതിൽ ഒരു സ്റ്റാറ്റിസ്റ്റിക്കൽ കൗതുകമുണ്ട്. നിങ്ങളുടെ രണ്ടു നിഗമനങ്ങളോടും ഞാൻ വിയോജിക്കുന്നു, പക്ഷെ ഇടപെടുന്നില്ല.

സെക്രട്ടറിയേറ്റ് സര്‍വീസില്‍ പ്രസിദ്ധീകരിച്ചത്

തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയ്ക്കടുത്ത് പോട്ടയില്‍ 1974-ല്‍ ജനിച്ചു.മൂന്നാമിടങ്ങള്‍ എന്ന നോവലിന് 2014-ല്‍ ഡി.സി. ...