White Crow Art Daily

മദ്യം മായ്ക്കുന്ന വാക്കുകള്‍

മദ്യം മായ്ക്കുന്ന വാക്കുകള്‍

മാര്‍ഗ്രറ്റ് ഡുറാസ് / സോണിയ റഫീക്

നോഫ്‌ലയിലെ വേനലുകൾ ഏകാന്തമായിരുന്നു, മദ്യപാന വേളകളൊഴികെ മറ്റെല്ലായ്പ്പൊഴും ഞാൻ ഒറ്റയ്ക്കായിരുന്നു. വാരാന്ത്യം സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുമെങ്കിലും ആഴ്ച്ചയുടനീളം ആ വലിയവീട്ടിൽ ഞാൻ തനി ച്ചായിരുന്നു. അങ്ങിനെയാണ്‌ മദ്യം എനിക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നത്. മദ്യം നിങ്ങളുടെ ഏകാന്തതയ്ക്ക് അനുരണനങ്ങള്‍ സൃഷ്ടിക്കുകയും മറ്റെന്തിനേക്കാളും അതിനോട് ഇഷ്ടം തോന്നുന്ന അവസ്ഥയില്‍ എത്തിക്കുകയും ചെയ്യുന്നു. മദ്യപാനമെന്നാൽ മരണത്തിലേയ്ക്കുള്ള വഴിയാണെന്ന് പറയാനാവില്ല. പക്ഷെ സ്വയം കൊല്ലുകയാണെന്ന വിചാരത്തോടെയല്ലാതെ നിങ്ങൾക്കൊരിക്കലും മദ്യപിക്കുവാനും സാധിക്കുകയില്ല. മദ്യപാനിയായി ജീവിക്കുക എന്നാൽ മരണത്തെ ചേർത്തുനിർത്തിക്കൊണ്ട് ജീവിക്കുക എന്നാണർഥം. ഉന്മത്തമായ നിലയിൽ സ്വയം കൊല്ലുന്നതിൽനിന്നും നിങ്ങളെ പിൻതിരിപ്പിക്കുന്ന ഒരേയൊരു ഘടകം മരിച്ചുപോയാൽ ഒരിക്കലും മദ്യപിക്കാനാവില്ലല്ലോ എന്നുള്ള ചിന്തയാവും. പാർട്ടികളിലും രാഷ്ട്രീയ സമ്മേളനങ്ങളിലുമെല്ലാം ഞാൻ സ്ഥിരമായി മദ്യപിക്കുവാൻ തുടങ്ങി – വൈൻ ഗ്ലാസ്സുകളിൽ നിന്ന് തുടങ്ങി വിസ്കിയിലേയ്ക്കത് നീണ്ടു.

practicalitiesimages- duras

 

 

അങ്ങിനെയിരിക്കെ എന്റെ നാല്പ്പത്തൊന്നാം വയസ്സിൽ ഞാൻ ഒരാളെ കണ്ടുമുട്ടി; അയാൾ മദ്യത്തെ അഗാധമായി പ്രണയിക്കുകയും നിത്യേന മദ്യപിക്കുകയും ചെയ്തിരുന്നു, എന്നാൽ വിവേകത്തോടുകൂടിയാണെന്നുമാത്രം. അധികം താമസിയാതെ ഞാൻ അയാളെ പിന്നിലാക്കി. ഏകദേശം പത്തു വർഷത്തോളം അത് തുടർന്നു – ലിവർ സിറോസിസ് ബാധിച്ച് രക്തം ശർദ്ദിക്കുംവരെ. പിന്നീടുള്ള 10 വർഷങ്ങൾ മദ്യം വർജ്ജിച്ചു. ഞാൻ ആദ്യമായി മദ്യം ഉപേക്ഷിക്കുന്നത് അക്കാലത്താണ്‌. വീണ്ടും തുടങ്ങുകയും മതിയാക്കുകയും ചെയ്തു. (അതിനുള്ള കാരണം ഞാൻ കൃത്യമായി ഓർക്കുന്നില്ല). പിന്നെ പുകവലി നിർത്തുകയുണ്ടായി, പക്ഷെ അതു സാധ്യമായത് മദ്യത്തെ വീണ്ടും സ്വീകരിച്ചതുകൊണ്ടാണ്‌. സ്വമേധയായുള്ള ഈ ഒഴിവാക്കൽ ഇത് മൂന്നാം തവണയാണ്‌. ഞാൻ ഒരിക്കലും കറുപ്പ് വലിച്ചിട്ടില്ല. 15 വർഷത്തോളം നിത്യേന ആസ്പിരിന്‌ അടിമപ്പെട്ടിരുന്നു എന്നുള്ളതല്ലാതെ മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടില്ല. ആദ്യമൊക്കെ വിസ്കിയും കാല്വഡോസും പതിവായിരുന്നു – വീര്യംകുറഞ്ഞ മദ്യമെന്ന് വിളിക്കുവാൻ ഇഷ്ടപ്പെടുന്ന വിഭാഗത്തിൽപ്പെട്ടവ ബിയറും , വെലെയിൽ നിന്നുള്ള വെർവെയിനും ഞാൻ പരീക്ഷിച്ചു – ലിവറിന്‌ ഏറ്റവും ഹാനികരമെന്ന് വിശേഷിപ്പിക്കാറുള്ളവയാണവ. ഒടുക്കം, വൈൻ മാത്രമായി, ആ ശീലമിപ്പൊഴും തുടരുന്നു.

രുചിക്കുവാൻ തുടങ്ങിയ കാലം മുതൽക്ക് ഞാനൊരു അമിത മദ്യപാനിയായിരുന്നു. പെട്ടന്നുതന്നെ ഒരു തികഞ്ഞ മദ്യപാനിയായിമാറി. വൈകുന്നേരങ്ങളിൽ തുടങ്ങിയിരുന്ന കുടി പിന്നെ രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമൊക്കെയായി. രാത്രിയിൽ ഒരു നേരമെന്നുള്ള കണക്ക് ക്രമേണ രണ്ടു മണിക്കൂറിലൊന്ന് എന്ന നിലയിലായി. അതല്ലാതെ മറ്റൊരു തരത്തിലും ഞാനെന്നെ ലഹരിക്ക് അടിമപ്പെടുത്തിയിട്ടില്ല. ഹെറോയിൻ ശീലിച്ചുതുടങ്ങിയാൽ എനിക്ക് നിയന്ത്രിക്കുവാനാവില്ലെന്ന് ഉറപ്പായിരുന്നു.

ഞാനെന്നും പുരുഷന്മാരോടൊപ്പം മദ്യപിച്ചിരുന്നു. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഓർമ്മകളെ മദ്യം ജ്വലിപ്പിക്കുന്നു, അവ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. എന്നാൽ അതൊക്കെ ഒരുവന്റെ മനസ്സിനുള്ളിലെ സംഗതികൾ മാത്രമാണ്‌. മദ്യം ആനന്ദത്തിന്റെ പര്യായമെന്നുകരുതി,എന്നാല്‍ അതിന്‌ ആനന്ദത്തെ പുന:സ്ഥാപിക്കുവാൻ ഒരിക്കലും കഴിയില്ല. കാമത്തിന്റെ അമിതാവേശമുള്ളവർ ഒരിക്കലും മദ്യപന്മാരാവില്ല. മുഴുക്കുടിയൻമാരായി തെരുവിൽ കുടിച്ചുമറിഞ്ഞു കിടക്കുന്നവര്‍ പോലും ബുദ്ധിജീവിനാട്യമുള്ളവരായിരിക്കും. തൊഴിലാളി വർഗ്ഗം; ഇപ്പോൾ ബൂർഷ്വാകളേക്കാൾ എത്രയോ ഉയർന്ന ബൗദ്ധികനിലവാരം പുലർത്തുന്നവർ, അവർക്കുപോലും മദ്യത്തോട് ഒരു ചായ്‌വുണ്ട്, ലോകമെമ്പാടും അതങ്ങിനെതന്നെ. ഏതൊരു തൊഴിലുമായി തട്ടിച്ചുനോക്കിയാലും, കായക്ലേശമുള്ള തൊഴിലാണ്‌ മനുഷ്യനെ ഗൗരവപരമായ ചിന്തകളിലേക്ക് നയിക്കുന്ന ഒന്ന്, അതുകൊണ്ടുതന്നെ അത് അവനെ മദ്യപാനത്തിലേക്കുമെത്തിക്കുന്നു.

Marguerite-Duras- sonia

മൗലികാശയങ്ങളുടെ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കൂ. മദ്യം മനുഷ്യനെ വാചാലനാക്കുന്നു. യുക്തിബോധത്തിന്‌ ബുദ്ധിഭ്രംശം സംഭവിക്കുന്നൊരു അവസ്ഥയിലേയ്ക്ക് അതെത്തിക്കുന്നു; ഇത്തരമൊരു സാമൂഹിക വ്യവസ്ഥിതിയും, അരാജകത്വവും എന്തുകൊണ്ടുണ്ടാകുന്നു എന്നതിനെക്കുറിച്ച് ചിന്തിച്ച് ഭ്രാന്തുപിടിക്കുന്നു. അത്തരം ചിന്താ പ്രക്രിയകൾ നൈരാശ്യത്തിലെത്തിക്കുന്നു. ഒരു മദ്യപൻ പലപ്പൊഴും പരുക്കനാണ്‌, എന്നാൽ അശ്ലീലത അവനിൽ അപൂർവ്വം. ചിലപ്പോൾ സംയമനം നഷ്ടപെട്ട് അവനൊരു കൊലപാതകിയായെന്നുവരാം. കുറേയേറെ കുടിച്ചുകഴിയുമ്പോൾ, നിങ്ങൾ ഈ നശിച്ച ജീവിതചക്രത്തിന്റെ തുടക്കതിലെത്തി നില്ക്കുന്നതായി അനുഭവപ്പെടും. ആഹ്ലാദം എന്നത് അസംഭവ്യമായ ഒരവസ്ഥയെന്നാണ്‌ പലരും പറയാറ്‌. അനുഭവിച്ചില്ലെങ്കിൽ കൂടി, ആ വാക്കിന്റെ അർത്ഥം തീർച്ചയായും അവർ അറിയുന്നുണ്ടാവണം.

അവർക്ക് ഇല്ലാതെപോയത് ദൈവത്തിന്റെ സാന്നിധ്യമാണ്‌. മറ്റൊന്നിനാലും ഹനിക്കാനാവാത്ത ആ ശൂന്യതയുടെ കണ്ടെത്തൽ നിങ്ങൾ കൗമാരത്തിൽ തന്നെ നടത്തിയിട്ടുണ്ടാവും. എന്നാൽ മദ്യം സൃഷ്ടിക്കപ്പെട്ടത് മനുഷ്യനു പ്രപഞ്ചത്തിലെ ശൂന്യതകളെ ശിരസ്സാവഹിക്കുവാനുള്ള ശക്തി പകരുവാനായി ആണ്‌ – ഉപഗ്രഹങ്ങളുടെ ചലനം, ശൂന്യാകാശത്തെ അവരുടെ നിർവ്വികാരമായ ഭ്രമണം, നമ്മുടെ വേദനകളോടുള്ള അവയുടെ നിശ്ശബ്ദമായ അനാസ്ഥ – ഒക്കെ മനസ്സിലാക്കിത്തരുവാനായാണ്‌. മദ്യപാനി ഗ്രഹങ്ങൾക്കിടയിലുള്ളൊരു ജീവിയാണ്‌. അവര്‍ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു. അവിടെ നിന്നാണ് താഴേക്ക് നോക്കുന്നത്. മദ്യം ഒരിക്കലുമൊരു ആശ്വാസമല്ല, അതാ മാനസിക വിടവുകൾ നികത്തുന്നുമില്ല, ആകെ നിറവേറ്റുന്നത് ദൈവത്തിന്റെ അഭാവത്തെ പ്രതിനിധാനം ചെയ്യുക എന്നാതാണ്‌. അത് മനുഷ്യനെ സാന്ത്വനിപ്പിക്കുന്ന ഒന്നല്ല. മറിച്ച്, അവന്റെ വിഡ്ഡിത്തത്തിന്‌ കൂട്ടുനില്ക്കുകയാണ്‌ ചെയ്യുന്നത്, അവന്റെ വിധി സ്വയം തീരുമാനിക്കുന്നൊരു പരമമായ നിലയിൽ അവനെയെത്തിച്ചു നിർത്തുന്നു.

സൃഷ്ടിയുടെ മായാജാലങ്ങളിലേക്ക് മനുഷ്യനെ എത്തിക്കുവാനുള്ള അപാരമായ ശക്തി മദ്യത്തിനല്ലാതെ മറ്റൊന്നിനുമില്ല; ഒരു പുരുഷനോ, സ്ത്രീയ്ക്കോ, കവിതയ്ക്കോ, സംഗീതത്തിനോ, പുസ്തകത്തിനോ ചിത്രത്തിനോ അത് സാധ്യമല്ല. സൃഷ്ടിയെ പുന:സ്ഥാപിക്കുക എന്നതാണ്‌ മദ്യത്തിന്റെ യഥാർഥ നിയോഗം. ദൈവത്തിൽ വിശ്വസിക്കുകയും എന്നാൽ ഇപ്പോൾ അവിശ്വാസികളായി മാറുകയും ചെയ്ത അനേകം പേരിൽ മദ്യം ഈ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മദ്യമൊരു തരിശാണ്‌. മദ്യ ലഹരിയിൽ ഒരു മനുഷ്യൻ സംസാരിക്കുന്ന വാക്കുകൾ, അവൻ മദ്യപിക്കുന്ന രാത്രി പോലെതന്നെ പുലരുമ്പോൾ മാഞ്ഞുപോകുന്നു. മദ്യലഹരി ഒന്നും പുതുതായി സൃഷ്ടിക്കുന്നില്ല, അത് വാക്കുകളിലേക്ക് കടക്കുന്നുമില്ല, വാക്കുകളെ ഉത്തേജിപ്പിക്കുന്നതിനുപകരം അവയ്ക്ക് മങ്ങലേല്പ്പിക്കുകയും ശിഥിലീകരിക്കുകയുമാണ്‌ ചെയ്യുന്നത്.

duras -bar
മദ്യത്തിന്റെ പ്രഭാവത്തിൽ ഞാൻ സംസാരിച്ചിട്ടുണ്ട്. ആ മിഥ്യാബോധത്തെ ഇങ്ങിനെ വിശദീകരിക്കാം : നിങ്ങൾ പറയുന്നതൊന്നും മുൻപൊരിക്കലും പറഞ്ഞിട്ടേയില്ല എന്നുള്ള കൃത്യമായ ബോധം. എന്നും നിലനില്ക്കുന്നതൊന്നും മദ്യത്തിനാൽ സൃഷ്ടിക്കുവാനാവില്ല. അതൊരു കാറ്റാണ്‌. ഞാൻ മദ്യ ലഹരിയിൽ എഴുതിയിട്ടുണ്ട് – ഉന്മാദത്തെ മാറ്റിനിർത്തുവാനുള്ളൊരു പാടവം എനിക്കുണ്ട്, ചിലപ്പോൾ അതിന്റെ ഭീകരത നന്നായി അറിയുന്നവൾ ആയതുകൊണ്ടാവാം. ലഹരിയുണ്ടാവാൻ വേണ്ടിമാത്രം ഞാൻ കുടിച്ചിട്ടില്ല. ഞാനൊരിക്കലും ധൃതിയിൽ മദ്യപിച്ചിട്ടില്ല. ഞാൻ എപ്പൊഴും മദ്യപിച്ചിരുന്നു, ഒരിക്കലും ഉന്മത്തയായിട്ടുമില്ല. ഈ ലോകത്തുനിന്ന് ഉൾവലിഞ്ഞിട്ടുണ്ട്, അപ്രാപ്യമായിട്ടുണ്ട്…… എന്നാൽ ഉന്മത്തയായിട്ടില്ല.

ഒരു സ്ത്രീ കുടിക്കുന്നത് ഒരു മൃഗം കുടിക്കുന്നതുപോലെയാണ്‌, അല്ലെങ്കിൽ ഒരു കൊച്ചുകുട്ടി കുടിക്കുന്നതുപോലെ. മദ്യപാനം സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നു, മദ്യപാനിയായ സ്ത്രീകൾ വിരളമാണ്‌, അതൊരു ഗൗരവമുള്ള വിഷയമായി കണക്കാക്കപ്പെടുന്നു. നമ്മുടെ പ്രപഞ്ചത്തിന്റെ ദിവ്യതയ്ക്ക് അത് ദൂഷണമാകുന്നു. എനിക്കുചുറ്റും ഞാനുണ്ടാക്കിയ അപകീർത്തിയെക്കുറിച്ച് ഞാൻ ബോധവതിയാണ്‌. എന്നാൽ എന്റെ സമയത്ത്, പൊതു സമൂഹത്തെ നേരിടുവാനുള്ള ശക്തി ആർജ്ജിക്കുവാൻ (ഉദാഹരണത്തിന്‌, ബാറിൽ രാത്രി ഒറ്റയ്ക്ക് പോയി മദ്യപിക്കുവാന്‍) മുന്‌കൂറായി അല്പം മദ്യപിക്കേണ്ടിയിരുന്നു എന്നതാണ്‌ സത്യം.

Mar. Duras
പൊതുവെ, മനുഷ്യർ താൻ ഒരുപാട് മദ്യപിക്കുന്നു എന്നു മറ്റൊരാളോട് തുറന്നുപറയുന്നത് ഏറെ വൈകിയിട്ടാവും. ‘നിങ്ങൾ അമിതമായി മദ്യപിക്കുന്നു’, അതെപ്പോൾ പറഞ്ഞാലും കേൾക്കുന്ന മദ്യപാനിക്ക് തീർച്ചയായും അതൊരു ഞെട്ടിക്കുന്ന സത്യമാണ്‌. നിങ്ങളൊരു മുഴുക്കുടിയനാണെന്ന് നിങ്ങൾക്കൊരിക്കലും സ്വയം തിരിച്ചറിയുവാനാവില്ല. 100 ശതമാനം മനുഷ്യരും അതൊരു അധിക്ഷേപമായാണ്‌ കാണുന്നത്. അങ്ങിനെയൊരു ആരോപണം കേൾക്കുന്ന വ്യക്തിയുടെ പ്രതികരണം ഇങ്ങിനെയാവും, “നിങ്ങൾ എന്നെ ചൊടിപ്പിക്കുവാൻ വേണ്ടിയാണ്‌ ഇങ്ങിനെ പറയുന്നത്”. എന്റെ കാര്യത്തിൽ, ഞാനത് അറിയുമ്പോൾ അസുഖം എന്നെ ആകെ ബാധിച്ചുകഴിഞ്ഞിരുന്നു. നമ്മൾ പ്രമാണങ്ങൾക്കൊണ്ട് ജഡീകരിക്കപ്പെട്ടൊരു ലോകത്താണ്‌ ജീവിക്കുന്നത്. നാം മറ്റുള്ളവരെ മരിക്കാൻ വിടുന്നു. ഇത്തരമൊരു പ്രക്രിയ മയക്കുമരുന്നുകളാൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. മയക്കുമരുന്നുകൾ അവയ്ക്ക് അടിമപ്പെട്ടവനെ പൂർണ്ണമായും മനുഷ്യത്വത്തിൽ നിന്ന് അടർത്തിമാറ്റുന്നു. എന്നാൽ അവ അവനെ കാറ്റിനും തെരുവിനുമായി എറിഞ്ഞുകൊടുക്കില്ല, അവനെ നാടോടിയാക്കുകയുമില്ല. എന്നാൽ മദ്യമെന്നാൽ തെരുവാണ്‌, വാടകവീടാണ്‌, മദ്യപാനികളാണ്‌. മയക്കുമരുന്നുകൾ എല്ലാം വേഗമാക്കുന്നു, മരണം വേഗമെത്തുന്നു – ഇരുട്ട്, നിശബ്ദത, അടഞ്ഞ വാതിലുകൾ, നിസ്സഹായത ഒക്കെ വേഗമെത്തുന്നു.
കുടി നിർത്തുവാൻ സമാശ്വാസപരമായ കാരണങ്ങളൊന്നുമില്ല. കുടി നിർത്തുമ്പോൾ ഞാൻ എന്നിലെ മദ്യപാനിയെ ഓർത്ത് സഹതപിക്കും. മദ്യത്തെക്കുറിച്ച് പൊതുവായി സംസാരിക്കുന്നതിനുപകരം ഞാനിപ്പോൾ എന്റെതന്നെ കഥയാണ്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് വളരെ നിസ്സാരമായൊരു വസ്തുതയാണ്‌, ഒരു യഥാർഥ മദ്യപാനിക്ക് വളരെ ലഘുവായി വിശദീകരിക്കാനാവുന്ന ഒന്ന്. പീഡകൾ ഏല്ക്കാത്തൊരു ലോകത്താണവർ ജീവിക്കുന്നത്.
യാചകർ ഒരിക്കലും ദു:ഖിതരല്ല, പകലന്തിയോളം( 24 മണിക്കൂറും) മദ്യപിക്കുന്നവർ. കേൾക്കുന്നവർക്കിത് ബാലിശമായി തോന്നാം. അവർക്ക് അവരുടെ ജീവിതം തെരുവുകളിൽ അല്ലാതെ മറ്റെവിടെയും ജീവിക്കാനാവില്ല. ശൈത്യകാലത്ത്, മദ്യം വെടിഞ്ഞ്, ഹോസ്റ്റലുകളിൽ അഭയം തേടുന്നതിലും ഭേദം തെരുവിൽ കിടന്ന് ശൈത്യമേറ്റ് മരിക്കുന്നതാണെന്ന് അവർ ഉറപ്പിച്ചിരുന്നു.

duras liquor

അവർ ഹോസ്റ്റലുകളിലേക്ക് മാറാത്തതിന്റെ കാരണമെന്തെന്ന് പലരും ഗൗരവമായി അന്വേഷിച്ചു. ഇതായിരുന്നു കാരണം; മദ്യം. രാത്രികാലങ്ങൾ അത്ര മോശമായ ഒന്നൊന്നുമല്ല. എന്നാൽ ഉറക്കമില്ലാത്തർക്ക് തീർച്ചയായും അപകടകരമായ സമയമാണ്‌ രാത്രികൾ. അങ്ങനുള്ളവർ വീട്ടിൽ ഒരു തുള്ളി മദ്യം ശേഖരിച്ചുവയ്ക്കാൻ പാടില്ല. ഒരു ഗ്ലാസ്സ് വൈനിൽ നിന്ന് തുടങ്ങി മദ്യം സേവിച്ചുകൊണ്ടേയിരിക്കുന്ന തരം മദ്യപാനിയാണ്‌ ഞാൻ. അതിന്‌ എന്തു വൈദ്യനാമമാണ്‌ ഉപയോഗിക്കുക എന്നറിയില്ല.

ഒരു മദ്യപന്റെ ശരീരം ടെലിഫോൺ എക്സ്ചേഞ്ച് പോലെയാണ്‌, പല അറകൾ തമ്മിൽ ബന്ധിപ്പിച്ച ഒന്ന്. ആദ്യം ബാധിക്കുക തലച്ചോറിനെയാവും, മനസ്സിനെ. സന്തോഷമാദ്യം മനസിലൂടെയും, പിന്നെ ഉടലിലൂടെയും വരുന്നു . അത് ചുറ്റിവരിഞ്ഞ്, നിറഞ്ഞു കവിഞ്ഞ് നമ്മെ വഹിചുകൊണ്ടുപോകുന്നു – അതെ അതു തന്നെയാണ്‌ ശരിയായ വാക്ക്, ‘വഹിക്കപ്പെടുക’. ബോധം നഷ്ടപ്പെടുംവരെ മദ്യപിച്ച് സ്വന്തം വ്യക്തിത്വം കളയണോ, അതോ ആനന്ദത്തിന്റെ അതിരില്‍ തന്നെ അത് നിർത്തണോ എന്ന് ഒരു ഘട്ടത്തിന്ശേഷം നിങ്ങൾക്ക് തെരഞ്ഞെടുക്കാം . വ്യക്തമായ മുന്നറിവോടെ മരിക്കുകയോ ജീവിതം തുടരുകയോ ആകാം.

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പ്ളാന്റ് പത്തോളജി വിഭാഗത്തിൽ ബിരുദാനന്തര ...