White Crow Art Daily

മരണബിംബങ്ങള്‍

ജൈവം എന്ന നോവലില്‍ നിന്ന് ചില അദ്ധ്യായങ്ങള്‍

ഫ്ലാറ്റ് സമുച്ചയങ്ങളോട് സാമ്യതയാര്‍ന്ന സെമിത്തേരിയില്‍ സംസ്ക്കാരച്ചടങ്ങില്‍ നില്‍ക്കുമ്പോള്‍, ഒരു പള്ളിയെയും ശവക്കല്ലറകളെയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയരങ്ങളില്‍ നിന്നും കണ്ടത്, അടഞ്ഞ് അപ്രത്യക്ഷമാകാനൊരുങ്ങുന്ന ശവപ്പെട്ടിയില്‍ നിന്നെന്നപോലെ ജീവന്‍ കണ്ടെടുത്തു. ദീര്‍ഘചതുരത്തില്‍ കെട്ടിയുയര്‍ത്തിയ മരണസ്തൂപങ്ങള്‍ക്ക് മുന്നോടിയായി തലയ്ക്കല്‍ ഒരു കുരിശിന്‍റെ അകമ്പടിയോടു കൂടി ഒരു പള്ളി, സാമാന്യം വലിയ കല്ലറയുടെ ഒരു ബിംബം. ഒറ്റയ്ക്ക് അടക്കം ചെയ്യപ്പെടുന്നതിന്‍റെ ഭയത്തെ മറവ് ചെയ്യാന്‍ ആഴ്ചതോറും ഒരു പ്രദേശം മുഴുവന്‍ ഒന്നിച്ച് ചേരുന്നയിടം. അതിലെ ദൃശ്യസമാനതയില്‍; അടക്കം ചെയ്യപ്പെടുന്നവയുടെ ആകൃതിയില്‍ ഒരു ദുരാചാരം കലര്‍ന്നിരുപ്പുണ്ടെന്ന്‍ ജീവിതത്തിന്‍റെ പല ഫോട്ടോഗ്രാഫുകളിലായി ജീവന്‍ തിരഞ്ഞു. ഓരോ പുരോഹിതന്‍റെയും ഓര്‍മപ്പെടുത്തലുകള്‍ മരണത്തെക്കുറിച്ചാകയാല്‍ വിശ്വാസികളുടെ ഒരു സമൂഹം നിരന്തരമായി ഒത്തുചേരുന്നയിടം ഉന്നതങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ കുടുംബക്കല്ലറകള്‍ പോലെ തോന്നുന്നത് യാദൃശ്ചികമല്ലായിരിക്കാം.
കൃത്യമായ ഇടവേളകളുടെ ശീലങ്ങള്‍ക്കൊടുവില്‍ അവരില്‍ നിന്ന്‍ ഓരോരുത്തരായി ഒറ്റയ്ക്ക് പിരിയുന്നു. സ്ഥിരമായ jaivam-1ഓര്‍മപ്പെടുത്തലുകളിലൂടെയാണ്‌ ഏതൊരു വിശ്വാസവും സാധ്യമാകുന്നത്. ചെകുത്താനെ സൃഷ്ടിച്ച ദൈവത്തിന്‍റെ ഒറ്റിക്കൊടുപ്പിന്‍റെ മറ്റൊരു സാക്ഷ്യപത്രം പോലെ. വീണ്ടും വീണ്ടും പ്രലോഭിപ്പിച്ച്; ആവര്‍ത്തിച്ച് കീഴ്പ്പെടുത്താനാണ് ചെകുത്താനും മരണവും സൃഷ്ടിക്കപ്പെട്ടതെന്ന്‍ തിരിച്ചറിയുന്ന നിസ്സഹായനായ ഒരു വിശ്വാസിയുടെ മുഖമാണ് ജീവിതത്തിനെപ്പോഴും. മരണത്തെക്കുറിച്ച്, അത് സാധ്യമാകുന്നതിന് എത്രയോ മുമ്പ് തന്നെ നാം വിശ്വസിപ്പിക്കുന്നുണ്ട്.
കല്ലില്‍ പണിതുയര്‍ത്തിയ കുടുംബക്കല്ലറകള്‍ തന്‍റെ ബാല്യത്തില്‍ സമൃദ്ധമായിരുന്നതില്‍ നിന്ന് അടുക്കിയ കോണ്‍ക്രീറ്റ് അറകളിലേക്ക് വന്ന മാറ്റത്തില്‍ മറ്റൊരു അടിയൊഴുക്കുണ്ട്. ഒറ്റയായി ഉയര്‍ന്ന്‍ നിന്നിരുന്ന മരിച്ചവന്‍റെ കിടപ്പാടം അടുക്കിയ അപാര്‍ട്ട്മെന്‍റ്കളുടെ മാതൃകയിലേക്ക് മാറിയിരിക്കുന്നു. ജീവിതത്തില്‍ നിന്നും മരണം പകര്‍ത്തിയത്, ഒറ്റവീടുകളില്‍ നിന്ന്‍ സമുച്ചയങ്ങളിലേക്ക് സമൂഹം ചേക്കേറിയിരിക്കുന്നു.
ചതുരത്തിന്‍റെ മാന്ത്രികത ഒരു ചെസ്സ്‌ ബോര്‍ഡിലോ ഒരു ജോതിഷിയുടെ വിരലിലോ ഒതുങ്ങി നില്‍ക്കുന്ന യാദൃശ്ചികതകള്‍ മാത്രമാണെങ്കില്‍ ദീര്‍ഘചതുരത്തിന്‍റെ ദൃശ്യവിസ്മയങ്ങള്‍ ആ മരണാന്തരനാടകീയ നിമിഷങ്ങളില്‍ ജീവനെ കൗതുകത്തോടെ തൊട്ടു. പുസ്തകങ്ങള്‍, ആല്‍ബങ്ങളില്‍ നിറഞ്ഞ ഫോട്ടോകള്‍, തിളങ്ങുന്ന പൊടി നിറഞ്ഞ വായുവിലൂടെ കടന്നു പോകുന്ന വെള്ളിവെളിച്ചം അവസാനിക്കുന്ന തിരശീലകള്‍, പുറകിലേക്ക് കറങ്ങിത്തിരിഞ്ഞ് കൊണ്ടിരിക്കുന്ന ഫിലിംറീലുകള്‍, യാഥാര്‍ത്ഥ്യത്തിന്‍റെ നിശ്ചലത അടക്കം ചെയ്യപ്പെടുന്ന ദീര്‍ഘമായ ചതുരനിരകള്‍, നാടകരംഗപടങ്ങള്‍, കാന്‍വാസുകള്‍ തുടങ്ങി കിടപ്പുമുറിയിലെ കട്ടിലുകള്‍ മുതല്‍ തനിക്ക് മുന്നില്‍ കയറുകളാല്‍ സമര്‍ത്ഥമായി ചതിക്കപ്പെടുന്ന ശവപ്പെട്ടിയില്‍വരെ ഒരു ദീഘിച്ച ചതുരത്തിന്‍റെ വടിവുകള്‍. ഒരു കണ്ണിന്‍റെ അല്ലെങ്കില്‍ ക്യാമറയുടെ ലെന്‍സിലൂടെ തുളഞ്ഞ് കടന്ന്‍; ജന്മം ഒരു യോനീനാളത്തിന്‍റെ വൃത്താകാരത്തിലൂടെ ഒഴുകിയിറങ്ങി; ഒടുങ്ങുന്ന ചിതകളും ചതുരപ്പെട്ടികളും ചേര്‍ന്ന് ഒരു ദൃശ്യത്തിന്‍റെ പ്രതലവിശാലതയില്‍ ഒന്നിക്കുന്നു. ഒരു വിചിത്രമായ ആഹ്ലാദത്തിന്‍റെ നിമിഷങ്ങള്‍. ഇത്തരം ചില തോന്നലുകള്‍ മനുഷ്യശീലങ്ങളെ കുറിച്ച് പതിവായിമാറിക്കഴിഞ്ഞിരുന്നതിനാല്‍ ഒടുവില്‍ ഒരു മടുപ്പും.
ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളിലേക്ക് അടിഞ്ഞുകൂടുന്ന നാടകീയതകളെ ജീവന്‍ വെറുക്കുന്നു. സ്വന്തം സ്വതസിദ്ധതയെ ചരിത്രം ബലാല്‍ക്കാരം ചെയ്യുന്നെന്ന അറിവ്. അത്രയേറെ അമൂല്യമായ നിമിഷങ്ങളില്‍, വികാരത്തിന്‍റെ ആര്‍ദ്രതകളില്‍ നാം മറ്റാരെയോക്കെയോ പകര്‍ത്തുന്നുവെന്ന്, ഒരുപാട് തവണ ആവര്‍ത്തിക്കപ്പെട്ടതാണെന്ന്‍ ഓരോ ഉപചാരങ്ങളുമെന്ന ചെടിപ്പ്. ചിലപ്പോള്‍ അപകടകരമായ വിധത്തില്‍ ജീവിതത്തോടുപോലും.

പള്ളിയില്‍ നിന്ന്‍ വീട്ടിലേക്കുള്ള യാത്രയില്‍ നരച്ച നിമിഷങ്ങളുടെ നിരാശ പടര്‍ന്നിരുന്നു. തൃശൂര്‍ ടൌണിലൂടെ കാറോടിച്ച് നഗരാതിര്‍ത്തിയില്‍ വീടിലേക്ക് കയറുമ്പോള്‍, കടല്‍മുഖത്തേക്ക് തുറക്കുന്ന കാറ്റിന്‍റെ വിരലുകള്‍ അരിച്ചോടുന്ന തന്‍റെ ഫ്ലാറ്റിനെ കുറിച്ച് ഒരു ഗുഹാതുരത നിറഞ്ഞു. മണിക്കൂറുകളോളം നീളുന്ന ഒരു യാത്രയുടെ ഒരുക്കങ്ങള്‍ തനിക്കുള്ളില്‍ ഇറ്റി വീഴാന്‍ തുടങ്ങുമ്പോള്‍, സന്ധ്യയില്‍ മണലിലേക്ക് ഇറങ്ങി നടക്കുന്നതായി അനുഭവിച്ചു തുടങ്ങി. അമ്മയോട് വേര്‍പ്പെടുമ്പോള്‍ ചുളിഞ്ഞു തുടങ്ങിയ അവരുടെ സ്പര്‍ശം ഒരേ സമയം അസ്വസ്ഥതപ്പെടുകയും ആശ്വസിക്കുകയും ചെയ്യുന്നു. കോഴിക്കോട് എത്തും മുന്‍പ് മരണത്തിലും രൂപകങ്ങളിലുമായി മേയാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ട്. ദിവസത്തിന്‍റെ തുടക്കം ഒരു ശവസംസ്കാരത്തില്‍ നിന്നായാല്‍ ആ ദിവസം മരണം എഴുതിയെടുക്കും. പഴയ രസീത്ബുക്കുകളുടെ അലക്ഷ്യമായ ഒരു ഓര്‍മ. മരണത്തിന്‍റെ ആ അദൃശ്യതയാര്‍ന്ന ഒരു സജീവസാമീപ്യം ജീവന്‍ കണ്ടെത്തുകയാല്‍ ആള്‍ക്കൂട്ടങ്ങളെ, തിരക്കുള്ള തെരുവുകളെ, ചലനത്തെ, യാത്രയെത്തന്നെ അത് പിടികൂടിയേക്കുമെന്ന്, അത്തരമിടങ്ങളിലും ഈ തുടര്‍ച്ച നിലനില്‍ക്കാമെന്ന ഉറപ്പില്‍ വേരുപൊട്ടുന്ന തോന്നലുകളിലേക്ക് അലിഞ്ഞലിഞ്ഞ് ഇറങ്ങി.
മണ്ണറകളിലേക്ക് ഇറങ്ങി അപ്രത്യക്ഷമായ ശവപ്പെട്ടികളെ കുറിച്ചും അവ അന്തര്‍ധാനം ചെയ്ത അവക്ഷിപ്തങ്ങളെ കുറിച്ചുമാണ് ആദ്യം ഓര്‍മകളുടെ നാവുകള്‍ തൊടുന്നത്. പതിമൂന്നാമത്തെ വയസ്സില്‍ ചുമലില്‍ അമര്‍ന്ന ഒരു ശവപ്പെട്ടിയുടെ ഘനം ജീവന്‍ തിരഞ്ഞെടുത്തു, അതിലൂടെ അപ്രത്യക്ഷമായ തന്‍റെ ശീലങ്ങളുടെ സമാനതകളുള്ള ഒരാളെ കുറിച്ചും; ഇളയപ്പന്‍. ആ ഓര്‍മയില്‍ നിന്ന്‍ ഒന്‍പത് വര്‍ഷങ്ങളുടെ ഇടവേളയില്‍ വീണ്ടും മരണം രൂപകങ്ങളുമായി വന്നിരുന്നു; ഇത്തവണ അപ്പാപ്പന്‍. മരണത്തോടെ തൊണ്ണൂറ് വര്‍ഷങ്ങളുടെ ഭാരം തന്നിലുപേക്ഷിച്ചുപോയ വൃദ്ധന്‍. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അവശേഷിക്കുന്ന പ്രവണതകളുമായി താന്‍ ജനിതകത്തില്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്ന്‍ ജീവന് തോന്നി. തന്നിലൂടെ പുനരവതരിപ്പിക്കപ്പെടാവുന്ന സാധ്യതകളെ നിരാകരിക്കുമ്പോഴും ഓരോ നിമിഷവും താന്‍ വേട്ടയാടപ്പെടുന്നുണ്ട്. തനിക്കുള്ളില്‍ നിന്ന് ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന ശീലങ്ങളുടെ ശ്രേണിയെ ജീവന്‍ തുറന്നെടുക്കാന്‍ തുടങ്ങി.
വേരുകളില്ലായ്മയിലേക്ക്, അലക്ഷ്യതയിലേക്ക് സ്വയം വലിച്ചെറിഞ്ഞിട്ടും താന്‍ ഒരുപറ്റം വേരുകളുടെ ചേരുവയില്‍ നിന്ന് ഉയര്‍ന്ന്‍ നില്‍ക്കുകയാണ്. ഓരോ ജനിതകവും ഒരു പകര്‍പ്പിന്‍റെ, പിന്തുടര്‍ച്ചക്കുള്ള ആഹ്വാനങ്ങളാണ്; ഓരോ ജീവനും അതിനോടുള്ള കലാപങ്ങളും. ആവര്‍ത്തിക്കപ്പെടുന്ന അനുഭവങ്ങളിലൂടെ ഓരോ മനുഷ്യനും മറ്റൊരു കാലത്തിലേക്ക് പറിച്ചു നടപ്പെടുന്നു.

സ്വന്തം മരണത്തെ കുറിച്ച് വിഭാവനം ചെയ്യുകയെന്നത് പലപ്പോഴായി പരീക്ഷിച്ചിരുന്നു. ഒടുവിലെ ഓരോ നിമിഷത്തിന്‍റെയും ആസ്വാദ്യതയെക്കുറിച്ച് അത്രയേറെ സ്വയം കലഹിച്ചതാണ്. എല്ലായിപ്പോഴും അത് ജീവിച്ചിരിക്കുന്നതിനെ കൂടുതല്‍ ബലപ്പെടുത്തുന്നു. വികൃതമായ തീര്‍പ്പുകല്‍പ്പിക്കപ്പെടാത്ത അത് വീണ്ടും ഉണര്‍ന്ന്‍ തന്നെ തുടരുന്നു. സ്വന്തം പ്രവണതകള്‍ക്ക് ഉള്ളില്‍ നിന്ന്‍ കൊണ്ട് വീണ്ടും മൃതിയുടെ പശയുള്ള നാവില്‍ പറ്റിപ്പിടിക്കപ്പെടുന്നത് സങ്കല്‍പ്പിക്കുമ്പോഴെല്ലാം താന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നു. തനിക്കുള്ളിലെ ചരിത്രത്തെ പലപ്പോഴായി വായിച്ചെടുക്കുന്നതും, ഓരോ ജീവിതത്തെയും തുറന്ന് നോക്കുന്നതും ഒരു കാരണം കണ്ടെത്തുംവരെയാണ്, പലരും ഒരിക്കലും കണ്ടെത്താത്ത ഒന്ന്.
അസ്വാഭാവികമായി തിരഞ്ഞ്, ഓര്‍മയിലും കേള്‍വികളിലും ഉഴറി മനുഷ്യാവതരണത്തില്‍ പാരമ്പര്യത്തിലേക്കും ഓര്‍മകളിലേക്കും പലരായി തിരികെയിറങ്ങുമ്പോള്‍ ജീവിതം അതിനുള്ളില്‍ ജീവിതങ്ങളെ കണ്ടെത്തുന്നതായി ജീവന്‍ തിരിച്ചറിയും. ഓരോ പിതാമഹനും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും, ഓരോ ഈഡിപ്പസ്സും പീഢിപ്പിക്കപ്പെടുന്നുണ്ടെന്നും. ഓരോ നിമിഷവും തിരുത്തിയെഴുതപ്പെടുന്നതാണ് ജനിതകമെന്നും. ഓരോ വിചാരണയില്‍ നിന്നും പുറപ്പെടുന്ന ബീജങ്ങള്‍. ഓരോ നിമിഷവും പുതുക്കപ്പെടുന്ന ജീവിയാകുന്നു മനുഷ്യന്‍. തന്‍റെ മരണത്തിന് മുന്‍പ് താനെന്താണ്‌ തിരുത്തിയെഴുതുക…?
അനുനിമിഷം പെരുകുന്ന അനിശ്ചിതത്വങ്ങളിലൂടെ, വര്‍ഷങ്ങളായി തന്നെ ഇഴകളായി പൊളിച്ചെടുത്ത് തിരയുന്ന മൂര്‍ച്ചയാര്‍ന്ന ആ ചോദ്യത്തില്‍ ആ ജീവന്‍ ജയിംസ് വീണ്ടും തുറക്കപ്പെടുന്നു, ജീവിതങ്ങളിലേക്ക്..

കുന്ദംകുളം സ്വദേശി. ഷാര്‍ജയില്‍ എഞ്ചിനീയര്‍