White Crow Art Daily

മാധ്യമങ്ങളിലെ മുസ്ലിം സ്ത്രീ പ്രതിനിധാനങ്ങള്‍

മാധ്യമങ്ങളിലെ മതവുംരാഷ്ട്രീയവും- 1

പ്രീതി കെ.എ

മതവും മതരാഷ്ട്രീയവും മാത്രമല്ല കേരളത്തെ സ്തംഭിക്കുന്നതിലും പിന്നോട്ടുവലിക്കുന്നതിലും വിഭാഗീയത വളര്‍ത്തുന്നതിലും മാധ്യമങ്ങള്‍കൂടി സജീവമായി പങ്കെടുക്കുന്ന ഒരു കാലമാണിത്. ഏത് വികസിതദേശത്തിനും തുല്യമായ, ഒരുപക്ഷേ അതിലേറെ മാധ്യമ സ്വാധീനമുള്ള ഒരു ഭൂപ്രദേശമാണ് നമ്മുടേത്.ഇന്ത്യയില്‍ ഇക്കാര്യത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുന്ന മറ്റൊരു ഭാഷാസമൂഹമില്ല.മാധ്യമങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് സ്വാഭാവികമായും സമൂഹത്തെ കൂടുതല്‍ ബഹുസ്വരമാക്കേണ്ടതാണ്.എന്നാല്‍ അത് നിര്‍മ്മിക്കുന്ന വിഭാഗീയത ഒരു പ്രതിസന്ധിയായി നാമിപ്പോള്‍ അഭിമുഖീകരിക്കുന്നു.ജാതി ചോദിക്കരുത്;വീട്ടില്‍ വരുത്തുന്ന പത്രമേതെന്നും ചോദിക്കരുത് ! എന്നത് ദൃശ്യമാധ്യമങ്ങള്‍ ഉണ്ടാകുന്നതിനു മുന്നേയുള്ള നമ്മുടെ മാധ്യമവികാസ ചരിത്രത്തോളം നീളുന്ന ഒരു വിമര്‍ശനമായിരുന്നു.

‘’നമ്മുടെ സമുദായക്കാരുടെ അഭിപ്രായത്തിൽ ഇംഗ്ലണ്ടിൽ പോകാനുളള നിന്റെ ഉദ്ദേശം ഉചിതമല്ല.വിദേശത്തേയ്ക്ക് സമുദ്രയാത്രചെയ്യുന്നത് നമ്മുടെ മതം വിലക്കിയിരിക്കുന്നു.”
പത്തൊമ്പതാം നൂറ്റാണ്ടില്‍ മതപൌരോഹിത്യവും സമുദായ സേട്ടുമാരും ഒന്നിച്ചിരുന്ന് മോഹന്‍ദാസ് കരംചന്ദ് എന്ന കൌമാരക്കാരന്റെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയത് ഇങ്ങനെയായിരുന്നു.ഇതനുസരിക്കാന്‍ സാധ്യമല്ലെന്ന് ആ ചെറുപ്പക്കാരന്‍ അറിയിച്ചപ്പോഴാകട്ടെ ശിക്ഷാ വിധിയുണ്ടായി.

“ഇന്നുമുതൽ ഈ കുട്ടിയെ സമുദായ ഭ്രഷ്ടനായി കണക്കാക്കണം അവനെ സഹായിക്കുകയോ യാത്ര അയയ്ക്കാൻ തുറമുഖത്തേയ്ക്ക് പോവുകയോ ചെയ്യുന്നവർ ഒന്നേകാൽ രൂപവീതം പിഴ അടയ്ക്കാൻ ശിക്ഷിക്കപ്പെടും.” (സത്യാന്വേഷണ പരീക്ഷണകഥ – ജാതിഭ്രഷ്ടന്‍ )

k-o-aysha-bai-1957

K.O  Aysha Bai

ലോകം മാറിയിട്ടുള്ളത് മതപൌരോഹിത്യത്തിന്റെ അനുഗ്രഹാശിസുകളോടെയല്ല.അതിന്റെ എതിര്‍പ്പുകളെ മറികടന്നു കൊണ്ടാണ്.ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് പൊതുസിവില്‍ കോഡ് ഉണ്ടാകുന്നതിന് ഏതെങ്കിലും മത മേധാവികളുടെയോ സ്വയംപ്രഖ്യാപിത പണ്ഡിതസഭകളുടെയോ സമ്മതം വേണം എന്ന വാദം ഒരു ജനത എന്ന നിലയില്‍ നമ്മെ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ കൊണ്ടു നിര്‍ത്തും.സ്ത്രീ -പുരുഷ സമത്വത്തിന്റെയും മതേതരത്വത്തിന്റെയും വിഷയങ്ങളെന്ന നിലയ്ക്കുകൂടി അതിലേയ്ക്കുള്ള ചര്‍ച്ച ഇ.എം. എസ് തുടങ്ങി വയ്ക്കുമ്പോള്‍ പുരോഗമന സംവാദവും,രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മുന്നോട്ട് വ്യ്ക്കുമ്പോള്‍ പിന്തിരിപ്പനുമാകുകയില്ല.

മുസ്ലിം സ്ത്രീകള്‍ വീടിനുപുറത്തേയ്ക്ക് പോകാന്‍ പാടില്ല,വീട്ടുതടങ്കലില്‍ തന്നെ കഴിയണം എന്ന് ഏതെങ്കിലും മൊല്ല പറഞ്ഞു കഴിഞ്ഞാലുടന്‍ മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ക്ക് അത് ഫ്ലാഷ് ന്യൂസാണ്. ഇതേ കാലത്തുതന്നെ തിരുവനന്തപുരത്ത് പോത്തന്‍കോട് എന്ന ഗ്രാമത്തില്‍ നിന്നുള്ള മഞ്ജു ഷാഹുല്‍ഹമീദ് എന്ന സ്ത്രീ ലണ്ടനിലെ ക്രൊയ്ഡന്‍ പട്ടണത്തിന്റെ മേയറായി ചുമതല ഏല്‍ക്കുകയും ചെയ്യുന്നു. നമ്മുടെ മാധ്യമങ്ങളിലെ തത്സമയം പത്തൊമ്പതാം നൂറ്റാണ്ടിലെ സമയമാണ്.

അതുകൊണ്ട് തന്നെ ഏക സിവില്‍ക്കോഡ് എന്ന് പറയുമ്പോള്‍ മുസ്ലീം മതസംഘടനകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ അവരുടെ വിഭാഗീയ താത്പ്പര്യങ്ങളുടെ ഭാഗമായി ഇക്കാര്യത്തില്‍ എതിര്‍പ്പുയര്‍ത്തുകയും ഭീതി പടര്‍ത്തുകയും ചെയ്യും. മുഖ്യധാരാമാധ്യമങ്ങളും ഇതേറ്റെടുക്കുന്നതോടെ ഏകസിവില്‍ക്കോഡ് മുത്തലാക്ക് ചര്‍ച്ചയായി മാറുന്നു. മതസംഘടനയുടെ നേതൃപദവിയിലുള്ള പുരുഷനും ഏതെങ്കിലും ഇസ്ലാമിസ്റ്റ്ഗ്രൂപ്പില്‍ പെട്ട സ്ത്രീയുമടങ്ങുന്ന പണ്ഡിതസഭ ചാനലില്‍ തെളിയുകയായി.

anabisathbeevi-copy

Nafeesath Beevi

പിന്നീട് രണ്ടുതരം മൌലികവാദങ്ങളാണ് ഉന്നയിക്കപ്പെടുക.ആദ്യത്തേത്, ഇക്കാര്യത്തില്‍ മറ്റാര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ല. മതപണ്ഡിതര്‍ പറയും, അതായത് ഞങ്ങള്‍ പറയും.രണ്ടാമത്തേത് ഇസ്ലാമിസ്റ്റുകളല്ലാത്തവര്‍ മുസ്ലിം വിഭാഗത്തില്‍തന്നെ പെടുന്നില്ല! അതുകൊണ്ട് അത്തരക്കാര്‍ സംസാരിക്കാന്‍ പാടില്ല. ഈ വാദം അല്പം നീട്ടിയാല്‍ ഹൈന്ദവ ദേശീയതയിലോ ഹൈന്ദവരാഷ്ട്രീയത്തിലോ അഹിന്ദുക്കള്‍ സംസാരിക്കേണ്ടതില്ല എന്നിടത്ത് എത്തും.പിന്നെന്തിന് ഏകസിവില്‍ക്കോഡ് കയ്യടിച്ച് അംഗീകരിക്കാന്‍ അമാന്തിക്കണം?

ഹമീദ് ചേന്ദമംഗലൂരിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൊഴിമുട്ടിയാല്‍ മുസ്ലിംറിബലെന്ന വിശേഷണമാകും അദ്ദേഹത്തിന് നല്‍കുക.വി.പി.സുഹറ എന്തെങ്കിലും ചോദിച്ചാലോ ? സുഹറ സാരിത്തുമ്പികൊണ്ട് തലമറച്ചിട്ടേയുള്ളൂ, അത് കാറ്റിനൊത്തു പാറിക്കളിക്കും മുറുക്കം പോരാ എന്നായിരിക്കും മറുപടി.ഫലത്തില്‍ ഏകസിവില്‍ക്കോഡിനെക്കുറിച്ച് ഒരു പൊതുചര്‍ച്ച ഉയര്‍ന്നു വരുന്നതിനെ അട്ടിമറിക്കുന്നു.മുസ്ലിം സ്ത്രീകളെ എന്നേയ്ക്കും വീട്ടുതടങ്കലില്‍ വയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു തുടങ്ങുമ്പോള്‍,അവര്‍ പ്രവേശിക്കുന്ന ഇടം മതസംഘടനാപ്രവര്‍ത്തനത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും ആയിരിക്കണമെന്ന അജണ്ട നടപ്പിലാക്കപ്പെടുകയാണ്.മുഖ്യധാരാമാധ്യമങ്ങള്‍ അതിന് തുണനില്‍ക്കുകയും ചെയ്യുന്നു.

കേരളത്തിലെ മുസ്ലിംസ്ത്രീകളില്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളാണുള്ളത്.പരമ്പരാഗത മതജീവിതമുള്ളവരാണ് ആദ്യത്തേത്.മതമോ പൌരോഹിത്യമോ പുരുഷാധിപത്യമോ എന്തെകിലും കുഴപ്പം ചെയ്യുന്നതായി ഇവര്‍ കരുതുന്നില്ല.പള്ളിപ്രവേശനമോ, മഹല്ല്കമ്മിറ്റിസ്ഥാനമോ ഒന്നും ആഗ്രഹിക്കുന്നുമില്ല. ഇതേഗണത്തിലുള്ള മറ്റൊരുകൂട്ടര്‍ ഇസ്ലാമിലെന്നപോലെ അവരുള്‍പ്പെടുന്ന മതത്തിന്റെ ഉപവിഭാഗത്തിലും നിലയുറപ്പിക്കുന്നവരാണ്. അതിന്റെ പ്രവര്‍ത്തകരോ പ്രചാരകരോ ആയിരിക്കുകയും ചെയ്യും. തങ്ങള്‍ പരിഷ്കരണ വാദികളാണ്, തങ്ങളുടെ നിലപാടുകളാണ് ശരി എന്ന് സ്ഥാപിക്കാന്‍ ഇതര മുസ്ലിംവിഭാഗങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടും. എന്നാല്‍ മറ്റ് മതങ്ങളെക്കുറിച്ച് അത്ര മതിപ്പില്ലാത്തതിനാല്‍ മതത്തിനു പുറത്ത് പരിമിത സംവാദങ്ങളേയുള്ളൂ. എപ്പോഴെങ്കിലും അതിന് ശ്രമിച്ചാല്‍ മതസ്പര്‍ദ്ദയുടെ അടയാളങ്ങള്‍ പ്രകടമാക്കുകയും ചെയ്യും.

zuhra

V. P. Zuhra

രണ്ടാമത്തെ വിഭാഗം മിതവാദികളാണ്.പര്‍ദ്ദധരിച്ചേ പൊതു ഇടങ്ങളില്‍ പ്രവേശിക്കാവൂ എന്ന് വിശ്വസിക്കുന്നവരല്ല.സാരിത്തുമ്പോ ഷാളോ കൊണ്ട് തലമറയ്ക്കുന്നു.അത് കാറ്റിലിളകിയാലോ സ്ഥാനം മാറിയാലോ ഭയന്നു വിറയ്ക്കുന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരളത്തിലുണ്ടായ മുസ്ലിംമത പരിഷ്കരണങ്ങളുടെ ഒരു ധാര ഇവരിലേയ്ക്ക് നീളുന്നുണ്ട്. മതസംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല. പകരം സാമൂഹികരാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇതര മതങ്ങളോട് സഹിഷ്ണുതയും സമഭാവനയും പുലര്‍ത്തുകയും ചെയ്യുന്നു.പിന്നോക്കാവസ്ഥയെക്കുറിച്ചും സ്ത്രീ എന്ന നിലയിലുള്ള ജീവിതദുരിതങ്ങളെക്കുറിച്ചും ബോധമുള്ളവരും അത് പ്രകടിപ്പിക്കുന്നവരുമാണ്.വിദ്യാഭ്യാസവും സ്വാശ്രയത്വവും സാമൂഹിക പദവിയും ലക്ഷ്യംവയ്ക്കുന്നവരും.

മൂന്നാമത്തെ വിഭാഗം മുസ്ലിംലിബറലുകളാണ്. മുസ്ലിംസ്ത്രീ എന്നതിനു പകരം സ്ത്രീ എന്ന് സ്വയം നിര്‍വചിക്കാന്‍ താത്പ്പര്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍.ശിരോവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നില്ല.കേരളത്തിലുണ്ടായിട്ടുള്ള സാമുഹിക രാഷ്ട്രീയ മാറ്റങ്ങളുടെ ഒരു ധാര ഇവരില്‍ ശക്തമായതിനാല്‍ സാമൂഹിക സ്വാധീനമുള്ളവരാണ്.ഇങ്ങനെയൊരു വിഭാഗം കേരളത്തിലുള്ളതിന്റെ അടയാളങ്ങളൊന്നും നമ്മുടെ മുഖ്യധാരാമാധ്യമങ്ങളില്ല.മുസ്ലിംസ്ത്രീ എന്ന നിലയ്ക്കുള്ള പ്രതിനിധാനങ്ങള്‍ ആഗ്രഹിക്കാത്തതും, മറ്റ് പ്രചരണ ദൌത്യങ്ങള്‍ ഏറ്റെടുക്കാത്തതുംകൂടി ഇതിന്റെ കാരണങ്ങളാണ്.ആധുനിക വിദ്യാഭ്യാസം നേടിയവരും മതവുമായി ഉണ്ടായിട്ടുള്ള അകലമാണ് ഇവരുടെ സ്വാതന്തൃം.

shainamol<

പേരുകൊണ്ടുപോലും മതം വെളിപ്പെടുത്താത്ത ഒരു ഉപവിഭാഗവുമുണ്ട്. മറ്റ് മതത്തിലെ പേരുകളോ മതാതീതമായ പേരുകളോ ആണ് ഇവര്‍ക്കുള്ളത്.സ്വാഭാവികമായും ഇവര്‍പുരോഗമന കുടുംബ പശ്ചാത്തലമുള്ളവരാണ്.മതം കൃത്യമായി മനസിലായില്ലെങ്കില്‍ ശ്വാസം മുട്ട് തോന്നുന്നവര്‍ ഇവരോട് മാതാപിതാക്കളുടെ പേരു ചോദിക്കുമ്പോള്‍ കാര്യംമനസിലായി എന്ന് മറുപടി ഇവര്‍ ഒരു പുഞ്ചിരിയിലൊതുക്കുന്നു. മാതാപിതാക്കളുടെ പേരു തന്നെ ഈ രീതിയിലായവര് ഇത്തരം കുതുകികളെ കണ്‍ഫ്യൂഷനിലാക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഈ പ്രവണതയ്ക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി ഇത്തരം കുടുംബങ്ങളുണ്ട്.ഉദാഹരണത്തിന് ഡോ.റംല ,ഡോ. റ്റി.പി നാസര്‍ ദമ്പതികളുടെ മക്കളുടെ പേരുകള്‍ ഗൊദാര്‍ദ്,ഫെല്ലിനി എന്നിങ്ങനെയാണ്. അവരാകട്ടെ കുടുംബജീവിതത്തിലേയ്ക്ക് പ്രവേശിച്ചവരുമാണ്.
.
മക്കളെല്ലാം വ്യത്യസ്തജാതി മത വിഭാഗങ്ങളില്‍ നിന്ന് വിവാഹം കഴിച്ച ഒരു കുടുംബത്തെ പരിചയമുണ്ട്. അതിലൊരാളിന്റെ കല്യാണ വിരുന്നില്‍ പങ്കെടുക്കാനും ഇടവന്നിട്ടുണ്ട്. പുതിയ വെളിപാട് അനുസരിച്ച് ഇതൊക്കെ ലൌജിഹാദിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്! ഒരുപക്ഷേ മുസ്ലിം പെണ്‍കുട്ടികളും ഈ വിശുദ്ധയുദ്ധം നടത്തുന്നുണ്ടാകണം.പാലക്കാട്ട് നിന്നുള്ള പാര്‍ലമെന്റ് അംഗം എം.ബി.രാജേഷിന്റെ ജീവിതപങ്കാളി ഒരു മുസ്ലിംകുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ്. ഇതൊക്കെ ആളുകള്‍ എത്തിപ്പെട്ട ചുറ്റുപാടുകളില്‍ നിന്നുള്ള വ്യക്തിപരമായ തെരഞ്ഞെടുപ്പാകയാല്‍ അതിന്റെ പരസ്യം അവര്‍ ആഗ്രഹിക്കുന്നില്ല.

swadeshabhi

ഏതെങ്കിലും ഒരു മതത്തിന്റെ എന്നല്ല കേരളത്തിലെ എല്ലാമതങ്ങളുടേയും പൊതുസ്ഥിതി ഇങ്ങനെതന്നെയാണ്. ഈ മൂന്നു വിഭാഗങ്ങളും ഉപവിഭാഗങ്ങളും എല്ലാ മതങ്ങളിലും ഏതാണ്ട് സമാനമാണ്.എല്ലായിടത്തും ഭൂരിപക്ഷംവരുന്നത് മിതവാദികളാണ്.രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മതസംഘര്‍ഷങ്ങള്‍ കുറഞ്ഞ ഇടമായി കേരളം തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. തന്റെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാര്‍ തന്റെ അയല്‍ക്കാരാണെന്ന് വിശ്വസിക്കാന്‍ മലയാളിക്ക് ആവുമായിരുന്നില്ല.വ്യവസ്ഥയുടെ രാഷ്ട്രീയത്തെ ലക്ഷ്യം വയ്ക്കുന്ന മാധ്യമപ്രവര്‍ത്തനം ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ശക്തമായിരുന്നു.

ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ ദീപ്തമായ ഒരേടാണ് 38 വയസുവരെ മാത്രം ജീവിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം.1906- ലാണ് അദ്ദേഹം സ്വദേശാഭിമാനിയുടെ എഡിറ്ററായത്.ദിവാനേയും മഹാരാജാവിനേയും അധികാരത്തേയും നിരന്തരം വിമര്‍ശനങ്ങള്‍കൊണ്ട് നേരിട്ട പത്രം 1910 –ല്‍ കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ തിരുനെല്‍വേലിയിലേയ്ക്ക് നാ‍ടുകടത്തുകയും ചെയ്തു.പിന്നീട് മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വൃത്താന്തപത്രപ്രവര്‍ത്തനം അദ്ദേഹമെഴുതി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമാകുന്നതിനുമുമ്പ് ഇന്ത്യന്‍ ഭാഷകളിലാദ്യമായി മലയാളത്തില്‍ മാര്‍ക്സിന്റെ ജീവചരിത്രവും. മലയാളിയുടെ വിചാരലോകത്തിന്റെ അതിരുകള്‍ അദ്ദേഹം മാറ്റി വരച്ചു.

ബഹുഭാഷാപണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായ വക്കംമൌലവി എന്നറിയപ്പെട്ട വക്കം അബ്ദുല്‍ ഖാദര്‍ മൌലവി ആയിരുന്നു സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും പ്രസാധകനും.1957- ല്‍ ഇ. എം. എസ് മുഖ്യമന്ത്രി ആയതോടെയാണ് കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് മൌലവിയുടെ കുടുംബത്തിനു തിരികെ നല്‍കിയത്.ഒരു അച്ചുകൂടത്തിന്റെ അരനൂറ്റാണ്ടോളം നീണ്ട തടവുജീവിതമായിരുന്നു അത്.

1929- മുതല്‍ 1939- വരെ കോഴിക്കോട്ട് നിന്ന് അല്‍ അമീന്‍ എന്ന ദിനപത്രം നടത്തിയ, സാമൂഹിക പരിഷ്ക്കര്‍ത്താവും ദേശിയ രാഷ്ട്രീയ നേതാവുമായ മുഹമ്മദ് അബ്ദുല്‍റഹ്മാന്‍ സാഹിബാണ് ഇവിടെ ഓര്‍മ്മിക്കേണ്ട മറ്റൊരാള്‍.ഈ പത്രവും 1939-ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കണ്ടുകെട്ടുകയായിരുന്നു.

moulavi

വക്കത്തോട് ചേര്‍ന്നു കിടക്കുന്ന ഇടവ എന്ന ഗ്രാമത്തില്‍ ജനിച്ച് കമ്മ്യുണിസ്റ്റ് നേതാവായി ഉയര്‍ന്ന റ്റി. എ. മജീദ് പ്രഭാതം, മലയാള രാജ്യം, ജനയുഗം തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിച്ചയാളാണ്. തിരുക്കൊച്ചി നിയമസഭയില്‍ രണ്ടു തവണയും,കേരള നിയമസഭയില്‍ നാലു തവണയും അദ്ദേഹം M L A ആയിരുന്നു.1957-ലെയും 1967-ലെയും ഇ.എം.എസ് മന്ത്രിസഭയില്‍ മന്ത്രിയും.ഇപ്പോഴത്തെ രീതികളില്‍ നിന്ന് വ്യത്യസ്തമായി ആരൊക്കെ എങ്ങനെയൊക്കെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് നേതാവ് കെ. ഒ.അയിഷാബായി ആയിരുന്നു 1957- ല്‍ കായംകുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് .ആദ്യനിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറും അവരായിരുന്നു. 1960-ലും കായംകുളത്തുനിന്ന് അയിഷാബായി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍നിന്ന് 1960-ല്‍ വിജയിച്ച അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നബീസത്ത് ബീവി ആയിരുന്നു രണ്ടാം കേരള നിയമസഭയുടെ ഉപാദ്ധ്യക്ഷ. അന്ന് ചേര്‍ത്തല മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് കെ ആര്‍.ഗൌരി ആയിരുന്നു. കായംകുളം, ആലപ്പി, ചേര്‍ത്തല ഇങ്ങനെ തൊട്ടു തൊട്ട് കിടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ അക്കാലത്ത് സ്ത്രീകളായിരുന്നു എന്ന കാര്യം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. കേരളം പിറവികൊണ്ട കാലഘട്ടത്തില്‍ തന്നെ കമ്മ്യുണിസ്റ്റ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളുമെന്ന നിലയില്‍ മുസ്ലിം സ്ത്രീകള്‍ രാഷ്ട്രീയ നേതൃത്വത്തിലുണ്ടായിരുന്നു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ മുസ്ലിം മതസംഘടനകള്‍ കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള മാധ്യമങ്ങള്‍ ഒരു കമ്മ്യുണിറ്റി എന്ന നിലയില്‍ മുസ്ലിം സമുദായത്തെ പരിഷ്കരിക്കുകയോ ആധുനികവല്‍ക്കരിക്കുകയോ ചെയ്യുന്നവയല്ല. പകരം പുതിയ പ്രതിസന്ധികള്‍ നിര്‍മ്മിച്ചു വയ്ക്കുന്നവയാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ മാധ്യമങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു. കേരളം രൂപമെടുത്ത ഘട്ടത്തില്‍തന്നെ വക്കം മൌലവി, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, ഇ.മൊയ്തു മൌലവി, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ഒ. അയിഷബായി,ജസ്റ്റിസ് ഫാത്തിമാബീവി, നബീസത്തുബീവി, തുടങ്ങയവരിലൂടെ മുസ്ലിം സമുദായത്തിനുള്ളില്‍ മത സാമൂഹിക സാംസ്കാരിക പരിഷ്കരണത്തിന്റെയും ആധുനികവത്ക്കരണത്തിന്റെയും അടിത്തറ ഒരുക്കപ്പെട്ടിരുന്നു.

basheer

 

കേരളം പിറവിയുടെ അറുപത് വര്‍ഷങ്ങളിലേയ്ക്ക് വരുമ്പോള്‍പോലും മുസ്ലിംരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലീഗിന് ഒരു സ്ത്രീയെ ജനപ്രതിനിധി എന്ന നിലയില്‍ നിയമസഭയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് പുരുഷരാഷ്ട്രീയത്തിന്റെ കൊടിയതീവ്രത വെളിപ്പെടുത്തുന്നുണ്ട്. പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതാക്കളായും,ജനപ്രതിനിധികളായും, ഭരണകര്‍ത്താക്കളായും കേരളം രൂപമെടുത്ത കാലത്തുതന്നെ മുസ്ലിം സ്ത്രീയും പുരുഷനുമുണ്ടായിരുന്നതിന്റെ ചരിത്രത്തെ അഭിമുഖീകരിക്കുകതന്നെ വേണം.

ഇന്ത്യയിലെ മുസ്ലിംസ്ത്രീകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥ രാജ്യത്തെ പൊതു സ്ഥിതിയേക്കാള്‍ താഴെയാണ്. അത് പരിഹരിക്കാനുള്ള നടപടികളും ആവശ്യമാണ്. എന്നാല്‍ കേരളത്തിന്റെ പൊതുനില അങ്ങനെയല്ല. മുസ്ലിംസ്ത്രീകളുടെ സാക്ഷരത ദേശീയ തലത്തില്‍ 65 % ആണെങ്കില്‍ കോഴിക്കോട്ടെത്തുമ്പോള്‍ അത് 92% ആയി ഉയരുന്നുണ്ട്. 1927- ല്‍ പത്തനംതിട്ടയില്‍ ജനിച്ച ഫാത്തിമാബീവി സുപ്രീം കോടതിയിലെ ആദ്യ വനിതാജഡ്ജി ആയിരുന്നു.ഇന്ത്യയിലെ എന്നല്ല, ഏഷ്യന്‍ രാജ്യങ്ങളിലെതന്നെ ഉയര്‍ന്ന കോടതികളിലെ ആദ്യ സ്ത്രീ സാന്നിദ്ധ്യമായിരുന്നു അവര്‍.ഇതിനെ ഒറ്റപ്പെട്ട നേട്ടമെന്ന് പറഞ്ഞ് അതിന്റെ സാമൂഹിക പശ്ചാത്തലത്തെ നിരാകരിക്കാനാവില്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മുസ്ലിം സ്ത്രികളെ സംബന്ധിച്ച് ഒരു പരിവര്‍ത്തന ദശയാണ് ഇപ്പോഴുള്ളത്.

സ്ത്രീകള്‍ എന്ന നിലയില്‍ പൊതുവായുള്ളതും സവിശേഷമായതുമായ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജീവിത ദുരിതത്തിലും പരാശ്രയത്തിലുംപെട്ട മനുഷ്യരെ പരമ്പരാഗത വിശ്വാസങ്ങളിലൂടെ വളഞ്ഞ്പിടിച്ച് രാഷ്ട്രീയമാറ്റങ്ങളെ തടയാനുള്ള ശ്രമങ്ങള്‍ പലവിതാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.ഇതിന് മറയിടാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.

manju-01

മത സമുദായിക സംഘങ്ങളുടെ നിയന്ത്രണവും സ്വാധീനവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന മേഖലകള്‍ വിദ്യാഭ്യാസവും ആരോഗ്യവും മാധ്യമങ്ങളുമാണ്.കേരളത്തിന്റെ പല നേട്ടങ്ങളും ഈ മേഖലകളില്‍ നിന്നാണെന്നു നാം മേനി നടിച്ചുകൊണ്ടിരിക്കെ പ്രധാന പ്രതിസന്ധികളും ഇവിടെ പിറവികൊണ്ടു.ഏറ്റവും കടുത്ത തൊഴില്‍ ചൂഷണങ്ങളുടേയും അനീതികളുടെയും ഇരിപ്പിടങ്ങളാണ് ഇവിടങ്ങള്‍. നഴ്സുമാരും, അദ്ധ്യാപകരും, വനിതാ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു ലേബര്‍ ക്യാമ്പ് തന്നെ രൂപപ്പെട്ടിട്ടുണ്ട്.

കൃത്യതയില്ലാത്ത ജോലിസമയം, സമയത്തുകിട്ടാത്ത ശമ്പളം,മാനേജ്മെന്റിന്റെ മോശം സമീപനങ്ങള്‍, മറ്റു സമര്‍ദ്ദങ്ങള്‍, ഇങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വീണാജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചവയാണ്.ഒരു ദൃശ്യമാധ്യമത്തിന് അസാധ്യമാംവിധം മതാത്മകമാകാന്‍ ശ്രമിക്കുന്നതിന്റെ ഞെരുക്കങ്ങളില്‍ പെട്ട് പ്രാപ്തിയും വ്യക്തിത്വവുമുള്ള മാധ്യമപ്രവര്‍ത്തകര്‍ രാജിവച്ചിറങ്ങുകയും അക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന ഈ ദിവസങ്ങളില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണങ്ങളുടെ ആമുഖമെന്ന നിലയിലാണ് ഈ കുറിപ്പ്.

ഇന്ത്യയിലെ ദേശീയവും പ്രാദേശികവുമായ മാധ്യമങ്ങളില്‍ പത്രാധിപച്ചുമതല വഹിച്ചിട്ടുള്ളവര്‍ക്ക് രാജ്യത്തേയും ജനാധിപത്യ വ്യവസ്ഥയേയും ശക്തിപ്പെടുത്തുന്നതില്‍ വിശേഷസ്വാധീനമുണ്ടായിരുന്നു.ടി. ജെ.എസ്. ജോര്‍ജ് അദ്ദേഹത്തിന്റെ ഒറ്റയാന്‍ എന്ന പുസ്തകത്തില്‍ മലയാളത്തിന്റെ മണ്ണും മാറുകയാണ് എന്ന അദ്ധ്യായത്തില്‍ അവരിലൊരാളെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്-
എല്ലാവരും ഏതെങ്കിലുമൊരു മതവിഭാഗത്തിലാണല്ലോ ജനിക്കുന്നത്.പക്ഷേ എല്ലാവരും അതൊരു കടപ്പാടായി കാണുന്നില്ല. ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയത്തില്‍ തഴച്ചുവളര്‍ന്ന ഒരു വലിയ നേതാവ് അഭിവന്ദ്യനായ പത്രാധിപര്‍ നിഖില്‍ ചക്രവര്‍ത്തിയോടു ചോദിച്ചു ബ്രാഹ്മണനല്ലേ എന്ന്. അല്ലായെന്നായിരിന്നു മറുപടി.പക്ഷേ ബ്രാഹ്മണപേരാണല്ലോ ചക്രവര്‍ത്തി എന്നായി നേതാവ്.സംസ്കാര സമ്പന്നനായ നിഖില്‍ പറഞ്ഞു, “എന്റെ അച്ഛനമ്മമാര്‍ ബ്രാഹ്മണരായിരുന്നു.

shahina-basheer

Shahina Basheer

ബഷീറിന്റെ പ്രശസ്തരായ കഥാപാത്രങ്ങളെ ഒന്നിച്ചു നിര്‍ത്തിയാല്‍ ഒരാള്‍ക്കൂട്ടമുണ്ടാകും. ഒരു ചെറു ജനസഞ്ചയം! എന്നാല്‍ അവര്‍ക്കുമീതേ നിലയുറപ്പിക്കുന്ന ഒരാളുണ്ട്- അള്ളാപ്പിച്ചാമൊല്ലാക്ക !
അതാരുടെ നിര്‍മ്മിതി ?
ഖാലിയാര്‍ പറഞ്ഞപോലെ –“ അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ അര്‍ റഹ്മാനി റഹീം…അല്‍ഫാത്തിഹ !”

1972- ല്‍ ജനിച്ചു. തിരുവനന്തപുരം കാര്‍മല്‍ സ്ക്കൂളിലും വിമന്‍സ് കോളജിലും പഠനം.