White Crow Art Daily

മികച്ച സിനിമയുടെ മികവെന്ത് ?

സിനിമ /സര്‍ജു

മികച്ച സിനിമയുടെ മികവെന്ത് ?

2018- ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍  ജൂറിചെയര്‍മാന്‍ കുമാര്‍സഹാനി എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന ചോദ്യത്തിന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്-അദ്ദേഹം മാസ്കറ്റ് ഹോട്ടലിലുണ്ട്. സുഖമില്ല, വേറൊന്നുമുണ്ടായിട്ടല്ല.

ഒമ്പത് അംഗങ്ങളുള്ള ജൂറിയിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് ഈ അവാര്‍ഡുകള്‍ തീരുമാനിച്ചത്. ഇതില്‍ ചിലതിനോട്  ജൂറി അദ്ധ്യകഷന് വിയോജിപ്പുണ്ട്. അതുകൊണ്ട് അദ്ദേഹം ഇവിടെ പങ്കെടുക്കുന്നില്ല എന്ന് തുറന്നുപറഞ്ഞാല്‍ എന്താണ് കുഴപ്പം?സാംസ്കാരിക ജനാധിപത്യത്തെ അംഗീകരിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുന്നത്  ജനാധിപത്യരാഷ്ട്രീയത്തെ ദുര്‍ബ്ബലമാക്കും എന്നറിയാത്ത ആളാണോ സാംസ്കാരിക മന്ത്രി ? എന്തുകൊണ്ടാണ് കലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കള്ളം പറയേണ്ടിവരുന്നത് ?

അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട 104 ചിത്രങ്ങള്‍ വിഭജിച്ച്  മൂന്ന് കമ്മിറ്റികള്‍ കണ്ട് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത 20 സിനിമകളാണ് കുമാര്‍ സഹാനിയുടെ അദ്ധ്യക്ഷതയിലുള്ള ജൂറികണ്ടത്. ഷരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളറാണ് 2018- ലെ മികച്ച സിനിമായായി തെരഞ്ഞെടുത്തത്.എന്നാല്‍ മറ്റ് പുരസ്കാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്താണ് കാന്തന്‍  എന്ന സിനിമയുടെ മികവ് എന്നതില്‍   ആശയക്കുഴപ്പ മുണ്ടാവുന്നു.

ഫീച്ചര്‍ സിനിമയുടെ മലയാളം കഥാചിത്രമെന്നാകയാല്‍ കഥ ആയിരിക്കുമോ കാന്തന്റെ മികവ്?! അല്ല, അതിനുള്ള പുരസ്കാരം അങ്കിള്‍ എന്ന സിനിമയ്ക്കാണ് (ജോയ്മാത്യു).തിരക്കഥയുടെ പ്രത്യേകത ആയിരിക്കുമോ? ഇല്ല, ആ പുരസ്കാരം സുഡാനി ഫ്രം നൈജീരിയയ്ക്കാണ് (സക്കരിയാ മുഹമ്മദും മൊഹസിന്‍ പെരാരിയും). മികച്ച സംവിധാനത്തിനുള്ള ബഹുമതി ഒരു ഞായറാഴ്ച എന്ന സിനിമയിലൂടെ ശ്യാമപ്രസാദിന് ലഭിച്ചു.  കഥാപാത്ര ങ്ങളുടെ അതിസൂക്ഷ്മമായ മാനസികാപഗ്രഥനം മിഴിവോടെ അവതരിപ്പിക്കുന്ന വിധത്തിലുള്ള ചലച്ചിത്രഭാഷയുടെ സമഗ്രവും ധ്വനിസാന്ദ്രവുമായ പ്രയോഗം എന്നാണ് ജൂറി അഭിപ്രായപ്പെട്ടിട്ടുള്ളത്.

കഥാപാത്രങ്ങളെ ഏറ്റവും പ്രശംസനീയമായ രീതിയില്‍ അവതരിപ്പിച്ച നല്ല നടന്‍, നടി; രണ്ടാമത്തെ നടന്‍, നടി; ബാലനടന്‍, നടി അങ്ങനെ ആരും കാന്തനില്‍ നിന്നില്ല. മികച്ച സിനിമാട്ടോഗ്രാഫിയുടെ പുരസ്കാരം കാര്‍ബണില്‍ കെ.യു മോഹനനാണ്. ഒരു ഞായറാഴ്ചയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ച  അരവിന്ദ് മന്മഥനാണ് ചിത്ര സംയോജന ത്തിനുള്ള  അവാര്‍ഡ്. കമ്മാര സംഭത്തിലെ കലാ സംവിധാന മാണ് വിശേഷപ്പെട്ടത് (വിനേഷ് ബംഗ്ലാന്‍)   പശ്ചാത്തല സംഗീതംആമിയിലേത്(ബിജിപാല്‍). ശബ്ദത്തിന്റെ നാലു അവാര്‍ഡുകള്‍ കാര്‍ബണിനാണ്. മോശം പറയരുത് ചോലയിലെ സൌണ്ട് ഡിസൈനിന് സനല്‍കുമാര്‍ ശശിധരന് പരാമര്‍ശമുണ്ട്. ഞാന്‍ മേരിക്കുട്ടിയുടെ  ചമയം മികവുറ്റതാണ്. കമ്മാര സംഭവത്തിലെ വസ്ത്രാല ങ്കാരത്തിനാരും അവാര്‍ഡ് കൊടുത്തുപോകും! ജൂറികണ്ട 20 സിനിമകളില് മറ്റുള്ളവയ്ക്കാണ് സിനിമയുടെ പ്രധാന മേഖലകളില്‍ എടുത്തുപറയത്തക്ക മികവുകള്‍ ഉള്ളതെങ്കില്‍ പിന്നെ കാന്തന് ദി ലവര്‍ ഓഫ് കളറിന്റെ മികവെന്താണ്?

വിശാദാംശങ്ങള്‍ക്കായി ജൂറിയുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും ശ്രദ്ധിച്ചാല്‍ സംഗതികളാകെ കുഴമറിയും. കാന്തന് തെരഞ്ഞെടുത്തതിന്റെ കാരണം ജൂറി ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു. പ്രകൃതിയുടെ ഹരിതകാന്തി വീണ്ടെടുക്കാനുള്ള ആത്മസമര്‍പ്പണത്തിന്റെ ആഖ്യാനം.ആദിവാസികള്‍ നേരിടുന്ന അവഗണനയുടേയും അനീതികളുടേയും ശകതമായ ആവിഷ്കരണം. അടിയ വിഭാഗത്തില്‍പ്പെട്ടവരുടെ ആചാരാനുഷ്ഠാനങ്ങളും അതിജീവനശ്രമങ്ങളും ഉള്‍ക്കാഴ്ചയോടെ അവതരിപ്പിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ മികച്ച സിനിമയുടെ സംവിധായകനും ജനപ്രിയസിനിമയുടെ സംവിധായകനും പുതുമുഖങ്ങളായിരിക്കെ നവാഗതപ്രതിഭയ്ക്ക്ക്കുള്ള പുരസ്കാരം എങ്ങനെ ജനപ്രിയ സിനിമയ്ക്ക് നല്‍കി ?

ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും കഥാപാത്ര ങ്ങളെക്കുറിച്ച് ജൂറിയുടെ അഭിപ്രായം നോക്കുക- ഒരു ഫുട്ബോള്‍ കളിക്കാരനേയും ഒരു ട്രാന്‍സ്ജന്ററിനേയും തികച്ചും വ്യത്യസ്തമായ ശരീരഭാഷയില്‍ പകര്‍ത്തുന്ന അത്ഭുതാവഹമായ അഭിനയ പാടവം-എന്നാണത്. അഭിനയത്തേക്കാള്‍ അത്ഭുതപ്പെടുത്തുക ഒരു ഫുട്ബോളറുടെയും ട്രാന്‍സ് ജന്ററിന്റെയും ശരീരഭാഷ വ്യത്യസ്തമായിരിക്കുന്നു എന്ന്  എഴിതിവയ്ക്കുന്ന ജൂറിയുടെ പാടവമായിരിക്കും!

സുഡാനിയിലെ  കഥാപാത്രങ്ങളെ മുന്നിര്‍ത്തി സരസ ബാലുശേരിയ്ക്കും സാവിത്രീശ്രീധരനും അവാര്‍ഡ് നല്‍കുമ്പോള്‍ അയത്ന ലളിതമായ പ്രകടനം എന്ന് ജൂറി വിശേഷിപ്പിക്കുന്നുണ്ട്.എന്നാല്‍ ജയസൂര്യയെ തീരുമാനിക്കുമ്പോള്‍  അര്‍പ്പണ ബോധവും അവിശ്രാന്ത യത്നവും സമ്മേളിക്കുന്ന അഭിനയ ചാരുത എന്നെഴുതിപ്പിടിപ്പിച്ചിരിക്കുന്നു. എന്താണീ അവിശ്രാന്ത യത്നം ? സിനിമാവാരികയിലെ ഫീച്ചറും അഭിനേതാക്കളുടെ ആത്മകഥയും ജൂറിയ്ക്ക് മുന്നില്‍ എവിടെ നിന്ന് വരുന്നു ?സംസ്ഥാന അവാര്‍ഡ് ജൂറി അവരുടെ സ്വന്തം വാക്കുകളില്‍ ഇത്രത്തോളം അഴുകാമോ ?

സാമ്പ്രദായികമായ കഥ ഇല്ലാത്തതും അത് വേണമെന്ന് നിര്‍ബന്ധമുള്ള വര്‍ക്കായി ഒരു പെണ്‍കുട്ടിയുടെ ഒരുദിവസത്തെ യാത്ര എന്ന്   ഒറ്റവരിയില്‍ പറയാവുന്നതുമാണ് അങ്കിളിന്റെ കഥ !. കപടസദാചാരത്തിന്റെ മറനീക്കുന്ന കഥനമികവ്! എന്നാണ് ജൂറിഭാഷ്യം.കഥനം എന്നാല്‍ സിനിമയില്‍ തിരക്കഥയാകാം, സംവിധാനവും ആകാം. അതെങ്ങനെ മികച്ച കഥയായി എന്നത് ഈ ജൂറിയ്ക്കും പിന്നെ ദൈവത്തിനുമേ അറിയൂ. 

ജൂറി അംഗമായിരുന്ന വിജയകൃഷ്ണന്‍  മാധ്യമങ്ങളോട് പറഞ്ഞത് ,കാന്തന്റെ സംവിധായകനു തന്നെ മികച്ച സംവിധായകന്റെ അവാര്‍ഡ് നല്‍കണമെന്ന് കുമാര്‍ സഹാനി വാശിപിടിച്ചു എന്നാണ് . ഇപ്പോഴത്തെ ഓസ്കറില്‍ പോലും അങ്ങനെ അല്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വന്നുവത്രേ.. ഓസ്കറിനെ മാതൃകയാക്കി കുമാര്‍  സഹാനിയോട് സംസാരിക്കുക ഒരു കടന്ന കയ്യാണ്. ആ മാതൃക പരിഗണിച്ചാല്‍ തന്നെ അവിടെ മികച്ച സിനിമയായ ഗ്രീന്‍ ബുക്കിന്  തിരക്കഥയും അഭിനയവും ഉള്‍പ്പെടെ മറ്റ്പല അവാര്‍ഡുകളുമുണ്ട്. അഭിപ്രായ വ്യത്യാസത്തിന്റെ അടിത്തറ വിജയകൃഷ്ണന്റെ ഈ വാക്കുകള്‍ വെളിവാക്കുന്നു.-

He is completely a parallel movie man. He didn’t even like Sudani from Nigeria or Joseph. But we can’t give awards only for art films. Even commercial films have art. Every movie has art.(Times of India).

20നു പകരം പോയ വര്‍ഷത്തെ 40 സിനിമകള്‍ പരിഗണിച്ചാലും അതില്‍ ഉള്‍പ്പെടാന്‍ ഇടയില്ലാത്ത ആമി പോലെ ഒരു സൃഷ്ടിയുടെ പശ്ചാത്തല സംഗീതം മികച്ചതാണെന്നു കണ്ടെത്തി ആദരിക്കല്‍ വിചിത്രമായ ഒരേര്‍പ്പാടാണ്.ശബ്ദത്തിന് നാല് അവാര്‍ഡുകള്‍ ഉള്‍പ്പെടെ കാര്‍ബണിന് 5 പുരസ്കാരങ്ങള്‍ നല്‍കുമ്പോള്‍ മികവില്ലാത്ത ഒരു സിനിമയെ സാങ്കേതികമായി മികച്ചതാക്കാനുള്ള ശ്രമം വ്യകതമാണ്.അങ്ങനെ ചെയ്യുമ്പോള്‍തന്നെ സാങ്കേതിക നിലവാരം പുലര്‍ത്തിയ ചിത്രങ്ങള്‍ ഉള്ളടക്കത്തിന്റെയും പ്രമേയ പരിചരണത്തിന്റെയും കാര്യത്തില്‍ ഗുണനിലവാരം പുലര്‍ത്തിയില്ലെന്ന് ജൂറി പൊതു വിലയിരുത്തലില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.

 ഷോര്‍ട്ട്ഫിലിം + മ്യൂസിക് ആല്‍ബം =ഫീച്ചര്‍ സിനിമ.

40 മിനിട്ടില്‍ താഴെ ദൈര്‍ഘയമുള്ളവയാണ് ഹൃസ്വസിനിമയായി പരിഗണിക്കുക. ഒരു ഷോര്‍ട്ട് ഫിലിമിനോട് സംഗീത ആല്‍ബം ചേര്‍ത്ത മസാലയാണ് പൊതുവേ മലയാളം ഫീച്ചര്‍ സിനിമകള്‍. മ്യൂസിക് ആല്‍ബങ്ങളുടെ ലോക നിലവാരം ശ്രദ്ധിച്ചാല് ചിത്രഗീതങ്ങള്‍ എന്ന് പറയുന്നതാവും ഉചിതം. കഥാവികാസത്തെ തടയുന്ന രിതിയില് പാട്ടുകള്‍ ഔചിത്യമില്ലാതെ തിരുകിക്കയറ്റുന്നു എന്ന വിമര്‍ശനം ജൂറി റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ ഈ പുരസ്കാര പ്പട്ടികയിലെമ്പാടും ഇത്തരം ചിത്രങ്ങളാണുതാനും.

ജനപ്രിയ സിനിമയെ പ്രോത്സാഹിപ്പിക്കാന്‍ ജൂറിയും സാംസ്കാരിക വകുപ്പും മന്ത്രിയും ഒന്നും വേണ്ട. തിയറ്റര്‍ കളകഷന്‍ നോക്കി അങ്ങ് പുരസ്കാരം കൊടുത്താല്‍ മതി. അതുകൊണ്ടാണ് ജനപ്രിയതയ്ക്കൊപ്പം കലാമേന്മയും എന്ന് ചേര്‍ത്തു പറയുന്നത്.സുഡാനി ഫ്രം നൈജീരിയയിലെ കലാമേന്മ കുമാര്‍ സഹാനിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവില്ല.അതൊരപരാധമല്ല. കൊച്ചി നഗരത്തില്‍ കുന്നുകൂടിയ മാല്യന്യങ്ങള്‍ നീക്കം ചെയ്താല്‍ നഗരം സുന്ദരമായി എന്ന് പറയാനാവില്ല. മാലിന്യമുകതമായി എന്നേയുള്ളൂ!

അസാധാരണമായ പ്രമേയത്തിന്റെ ആകര്‍ഷകമായ ചലച്ചിത്രാവിഷ്കാരം. സംവിധായകന്റെ ഉള്‍ക്കാഴ്ച പ്രകടമാക്കുന്ന വിഭന്ന ഘടകങ്ങളുടെ സംഗമം എന്ന് സന്തോഷ് മണ്ടൂരിന്റെ പനി എന്ന സിനിമയെ  വിശേഷിപ്പിക്കുകയും ജൂറി പരാമര്‍ശത്തില്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.    

ഈ അവാര്‍ഡുകളിലൂടെയും ജൂറിയുടെ അഭിപ്രായങ്ങളിലൂടെയും കടന്നുപോകുന്ന ഏതൊരാള്‍ക്കും കുമാര്‍ സഹാനിയുടെ വിയോജിപ്പുകള്‍ പ്രധാനപ്പെട്ടതും ചര്‍ച്ചചെയ്യേണ്ടതുമാണെന്ന് ബോധ്യപ്പെടും.പകര്‍ത്തുക, പ്രതിഫലിപ്പിക്കുക  തുടങ്ങിയ പദങ്ങള്‍ പലപാട് ഉപയോഗിച്ചുകൊണ്ടാണ് തങ്ങള്‍ കണ്ടെത്തിയ മികവിന്റെ കാരണങ്ങള്‍ ഈ ജൂറി  വിശദീ കരിച്ചിട്ടുള്ളത്.രണ്ടായിരം വർഷത്തിനപ്പുറമുള്ള, B C- യിലെ കലാബോധത്തോട് ഒപ്പം നില്‍ക്കാന്‍ കുമാര്‍ സഹാനിയ്ക്ക് വിമുഖതയുണ്ടാവുക സ്വാഭാവികമാണ്. 

ദൈവം കൈ കഴുകുന്ന കടൽ, 100 അറബ് കവികൾ എന്നിവ കൃതികൾ.