White Crow Art Daily

മീമ്പൂച്ച

മീമ്പൂച്ച- നോവല്‍ ഭാഗം
അബ്ദുല്‍ സലാം

ഒന്ന്

മഞ്ഞപ്പുള്ളികളുള്ള തവിട്ടു പാവാടയും ഇളം മഞ്ഞ നിറമുള്ള ബ്ലൗസുമായിരുന്നു  നെസ്‌ലിയുടെ പെരുന്നാള്‍ക്കുപ്പായം. അത് തുന്നാന്‍ കൊടുക്കാന്‍ രമേശന്റെ കടയിലെത്തിയപ്പോള്‍ പല നിറമുള്ള പെരുന്നാള്‍ത്തുണികളുടെ കൂമ്പാരത്തിനിടയിലിരുന്ന് അയാള്‍  നെസ്‌ലിയെ നോക്കി ചിരിച്ചു. സൂചിത്തുമ്പു പോലെ കരളിലേക്കാഴ്ന്നു പോകുന്ന ഒരു ചിരി. ആ ചിരി ഈ ദുനിയാവില്  നെസ്‌ലിയ്ക്കു മാത്രമേ മനസ്സിലാവൂ. 

പെരുന്നാളിനു മുന്‍പു തരണേ, ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു. രമേശനൊന്നും പറഞ്ഞില്ല. നെസ്‌ലിക്കറിയാമല്ലോ, എല്ലാ കുപ്പായങ്ങളും മാറ്റി വച്ച് രമേശനിന്ന് അതു തന്നെയാവും തുന്നാനെടുക്കുക എന്ന്.

ഉപ്പ അവ്വാക്കയാണ് തുന്നിക്കിട്ടിയ കുപ്പായം കൊണ്ടു കൊടുത്തത്. മുറിക്കകത്തേക്ക് ഓടിക്കയറി നെസ്‌ലി കതകടച്ചു. പതിയെ പൊതി തുറന്നു. ഉള്ളില്‍ പച്ചയും ചുവപ്പും നീലയും മഞ്ഞയും പിന്നെ അറിയാത്ത ഏതൊക്കെയോ നിറങ്ങളും കലര്‍ന്ന കുപ്പായത്തില്‍ നിന്ന് തുരുതുരാ കുറേ പൂമ്പാറ്റകള്‍ ചിറകടിച്ച് പറന്നു. 

‘അറിഞ്ഞില്ലേ,’ കിതച്ചു കൊണ്‍ണ്ട് ഒരു ശബ്ദം പുറത്തു നില്‍ക്കുന്നത് അവള്‍ കേട്ടു. ‘നമ്മ്‌ടെ തുന്നണ രമേശന് വീണ്‍ണ്ടും പിരാന്തായി.’  

 

എട്ട്

ആ തീയതി നാരായണി അടുക്കളയിലെ ചുമരില്‍ കുറിച്ചുവച്ചു. അടുക്കളയിലെ ചുമരിലാകെ പലതരത്തിലുള്ള കണക്കുകളാണ്. പലതും ഭാസ്‌ക്കരന്‍ ഉണ്ടായിരുന്നപ്പോള്‍ മുതലുണ്ടായിരുന്നതാണ്. കപ്പണകൊത്താന്‍ കൊടുത്ത ഏക്കറിന്റെ കണക്ക്, പുല്ലിന്റെ പാട്ടക്കണക്ക് തുടങ്ങി കവോട്ടിക്ക കുടിക്കാന്‍ കുഞ്ഞിമമ്മുവിന് കൊടുത്ത പങ്ക് വരെ എഴുതിവെച്ചിട്ടുണ്ടായിരുന്നു അടുക്കളച്ചുമരില്‍. ഇതെല്ലാം എന്തിന് അടുക്കളച്ചുമരില്‍ എഴുതിയിടുന്നുവെന്ന് നാരായണി ചോദിച്ചാല്‍ ഭാസ്‌ക്കരന്‍ പറയും. അടുക്കളയാണ് വീടിന്റെ യഥാര്‍ത്ഥ ഉടല്‍. അവിടെനിന്ന് തുടങ്ങണം ജീവിതം. അല്ലേല്‍ വീടിന്റെ കഴുക്കോല്‍ ഉ#ൗരി വില്‍ക്കേണ്ടിവരും. എല്ലാറ്റിനും ഒരു കണക്കുവേണം. അതുകേള്‍ക്കുമ്പോള്‍ നാരായണിക്ക് ചിലപ്പോള്‍ ഹാളിലകും. ചായപ്പൊടിക്കുവരെ കണക്കുവെക്കുന്ന ആളാണ്. എന്തു ആഘോഷം നടന്നാലും കൊല്ലത്തില്‍ ഒരു തവണ മാത്രം ഡ്രസ്. രണ്ടുമക്കള്‍ക്കും വി കെ സി യുടെ ഹവായ് ചെരുപ്പ്. അതാകട്ടെ, കൃത്യം ഒരു കൊല്ലം എത്തുകയും ചെയ്യും. ലൈഫ് ബോയിയുടെ സോപ്പ് വാങ്ങി അത് പകുതിയാക്കും. അതുകൊണ്ട് ഒരു മാസം എത്തിക്കണം. അതാണ് കണക്ക്. 

ഇപ്പോള്‍ എല്ലാം ഒരു കണക്കാണെന്ന് തോന്നി നാരായണിക്ക്. ഭാസ്‌കരന്‍ പോയിട്ട് പത്തുവര്‍ഷമാകുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ അഞ്ചുമണിക്ക് ഉണരേണ്ടയാള്‍ ഇന്നെന്താ ഉണരാന്‍ വൈകുന്നതെന്നും വിചാരിച്ച് വിളിക്കാന്‍ ചെന്നതാണ്. മുഖം ഒരുഭാഗത്തേക്ക് കോടിയിരിക്കുന്നു. ശരീരം അതിന്റെ ചലനം നിര്‍ത്തിയിരിക്കുന്നു. ഉയ്യെന്റമ്മോ എന്ന് നിലവിളിച്ചത് ഓര്‍മയുണ്ട്. ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു അതെല്ലാം നാരായണി. 

അതെ, ഇന്നലെത്തന്നെപ്പോലെ ഓര്‍മയുണ്ട് നാരായണിക്ക് ആ ദിവസം. പത്താം ക്ലാസിലെ ക്ലാസ് പരീക്ഷ നടക്കുന്നതിന്റെ തലേന്നാള്‍ ഒരു ഞായറാഴ്ച വൈകുന്നേരമാണ് രമേശന്‍ പേടിച്ചരണ്ടപോലെ ഓടിവന്നത്. വീടിനു മുകളിലെ വിശാലമായ പറമ്പില്‍ കുട്ടികളോടൊപ്പം കളിക്കാന്‍ പോയതായിരുന്നു അവന്‍. പത്തോളം വീടുകളില്‍നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന കുട്ടികള്‍ അവിടെ പലതരം കളികള്‍ കളിക്കാറുണ്ട്. ചിലപ്പോള്‍ ടപ്പി, മറ്റു ചിലപ്പോള്‍ ഇട്ടിയും കോലും, ഒളിച്ചുകളി, അല്ലെങ്കില്‍ കോട്ടി… ചൈനാസില്‍ക്കിന്റെ പാവാടയിട്ട ഹെയര്‍പിന്‍കൊണ്ട് തട്ടം മുടിയില്‍ കോര്‍ത്തിട്ട ഉമ്മറ്റിയാര് കുട്ടികളും പ്രായം മറന്ന് കളിക്കുന്നുണ്ടാകും. അന്ന് തീരെ വയ്യെന്നും പറഞ്ഞാണ് രമേശന്‍ വീട്ടിലേക്ക് കയറിവന്നത്. വന്നപാടെ മരക്കട്ടിലിലേക്ക് വെട്ടിയിട്ട വാഴപോലെ അവന്‍ വീണു. രാത്രി ഭക്ഷണം കഴിക്കാന്‍ ഒരുപാട് വിളിച്ചെങ്കിലും അവന്‍ ഉണര്‍ന്നില്ല. ഉറക്കത്തില്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. അവ്വാക്കയുടെയടുത്ത് സുരേഷിനെ അയച്ച് ഒരു ചരട് മന്ത്രിച്ച് രമേഷന്റെ കയ്യില്‍ക്കെട്ടിക്കൊടുത്തു നാരായണി. എന്നാല്‍ രാവിലെ ഉണര്‍ന്നതും അത് ഈര്‍ഷ്യയോടെ അവന്‍ അറുത്തുമാറ്റി, പിന്നെ അമ്മയെ ദഹിപ്പിക്കുന്ന ഒരുനോട്ടം നോക്കി. ഇതുവരെ നോക്കാത്ത നോട്ടം. അതില്‍ ഭയവും ദേഷ്യവും നിരാശയും എല്ലാം കലര്‍ന്നതായി തോന്നി നാരായണിക്ക്.  അതായിരുന്നു തുടക്കം.. പിന്നീട് പല രീതിയില്‍ രമേശനില്‍ ചില അസ്വസ്ഥകള്‍ കണ്ടുതുടങ്ങി. അപ്പോഴെ#ാക്കെ പുറവൂര്‍ പള്ളിക്കാട്ടില്‍ കിടക്കുന്ന ശൈഖ് തമ്പുരാനേ എന്റെ കുട്ടിക്ക് ഒന്നും വരുത്തല്ലേ എന്ന് നാരായണി നെഞ്ചുരുകി. ദര്‍സിലെ യത്തീംകുട്ടികള്‍ക്ക് വെള്ളിയാഴ്ച തേങ്ങാച്ചോറ് നേര്‍ന്നു. എങ്കിലും  തലച്ചോറില്‍ ഉഷ്ണക്കാറ്റുകള്‍ അലറിയടിക്കുകയും അതില്‍ മണല്‍പ്പുറ്റുകള്‍ ഇളകിത്തെറിക്കുകയും

കണ്ണൂര് സ്വദേശി സംസ്ഥാന യുവജനോത്സവത്തില് കവിതയ്ക്ക് രണ്ട് തവണ ഒന്നാം സമ്മാനം, കൂടാതെ ...