White Crow Art Daily

മൂന്ന് രാശികള്‍

പേരാലായി 
സത്തയെ ചുറ്റിവളരുന്ന കെട്ടുകഥകളില്‍
ആത്മാവിന്റെ ലോകത്തേയ്ക്ക് നീണ്ടുചെല്ലുന്ന ശിഖരങ്ങളില്‍
ഇലകളില്‍, പഴങ്ങളില്‍
ഇരുട്ടത്തുമാത്രം തിളങ്ങുന്ന
വിരുതന്‍ നക്ഷത്രക്കൂട്ടങ്ങളുടെ കണ്ണുകള്‍;
ഓരോ വലക്കണ്ണുകള്‍ കൂട്ടിത്തുന്നുമ്പോള്‍
ഓരോരോ രൂപങ്ങള്‍, സഞ്ചാരപഥങ്ങള്‍
ഭൂതകാലത്തിന്റെ ചിഹ്നശാസ്ത്രങ്ങള്‍
വര്‍ത്തമാനത്തിന്റെ എടുത്തുവെക്കലുകള്‍
ഭാവിയിലേയ്ക്ക് ചെരിഞ്ഞിറങ്ങേണ്ട നിഴലുകള്‍.

നിങ്ങള്‍ക്കിതൊരു കാര്‍ട്ടോഗ്രാഫിയാകാം
എനിക്കിത് മൂന്ന് ജീവബിന്ദുക്കളാണ്. 


1 മീന്‍
നക്ഷ്ത്രങ്ങള്‍ മടങ്ങിവരുമ്പോള്‍
എടുത്തണിയുവാന്‍
ഊരിവച്ചിട്ടുപോകുന്നു കാല്‍പ്പാടുകള്‍;
അനന്തതയുടെ തുടക്കത്തിനായി
അവ വിത്തുകള്‍ വിതയ്ക്കുന്നു.
യാനി തന്റെ പിയാനോയില്‍ നിന്നും
ഉതിര്‍ത്തെറിയുന്ന മഴയില്‍
ക്ഷീരപഥം നനയുമ്പോള്‍
തോട്ടിറമ്പിലെ ഇലകളുടെ തുഞ്ചത്ത്
തുപ്പല്‍ വെട്ടികള്‍
തുമ്പിവാലില്‍ തൂങ്ങിയാടുന്നു.
അവതാരകഥയില്‍ നിന്ന് ഒരു ചേറുമീന്‍
കുതിച്ചു ചാടുന്നു;
പിടിക്കാനാഞ്ഞവളുടെ നാഭിച്ചുഴിയില്‍
ബലൂണുകള്‍ വിടര്‍ത്തുന്നു.അതില്‍
മൈക്കലാഞ്ജലൊ
സൃഷ്ടിയുടെ ആദ്യകൊത്ത് കൊത്തുന്നു.
മീന്‍ തൊട്ടുകൂട്ടി മറ്റൊരുകവി
സൌന്ദര്യസങ്കല്‍പ്പങ്ങള്‍ ചമയ്ക്കുമ്പോള്‍
അഫ്രൊഡൈറ്റും ഇറോസും
ദൈവങ്ങളോടൊപ്പം
സാറ്റുകളിക്കുന്നു
ദൈവങ്ങള്‍ പൊന്മാനുകളാകുന്നു
അവരോ കൂരികളും.
ശൂന്യതയില്‍ ശൂന്യതമാത്രം നിറയുന്നു
ഒഴുകുന്നു
ഒഴുക്കിനെതിരെ
അനുമാനങ്ങളോ അതിരുകളോ ഇല്ലാതെ
മീന്‍ചിറകുകള്‍ വീണ്ടും തുഴയെറിയുന്നു.


2 കാള
അന്ന്‍ 
ബിര്‍മിങ്ഹാമില്‍നിന്നും വിരണ്ടോടി
വെളുത്തുരുണ്ടകാള
മേല്‍പ്പോട്ടുയര്‍ന്ന്
മേഘങ്ങളുടുത്ത്
സിഡോണിലിറങ്ങി
അവിടെ;അവന്റെ കൂര്‍ത്തകൊമ്പുകളില്‍
അതിസുന്ദരിയായ കന്യക
പൂമാലകള്‍ കോര്‍ത്തു
ഉടലില്‍ തറഞ്ഞിരുന്ന മിന്നല്‍പ്പിണരുകളെ
നനുനനുത്തവിരലുകള്‍കൊണ്ട
അടര്‍ത്തിയെടുത്തു;തലോടി,
ഉമ്മവച്ചു,
നുണയുവാന്‍ മുലകള്‍ നല്‍കി

പിന്നെ 
അവനവളേയും മുതുകിലേറ്റി
കടലുകാണാന്‍ പോയി
കടല്‍ അവരെ വിളിച്ചു.
ആ വിളികള്‍ അവര്‍   കേട്ടില്ല
അവളേയുമെടുത്തവന്‍
ക്രീറ്റിലേയ്ക്ക് പാഞ്ഞു
അവരുടെ ഉടലുകളില്‍
മണല്‍ത്തരികള്‍ ഉരഞ്ഞു.
സ്റ്റ്രാവിന്‍സ്കി അവര്‍ക്കാ‍യി
ദ റൈറ്റ് ഓഫ്ദ സ്പ്രിംഗ് വായിച്ചു
അതിന്റെ അലകളില്‍ വസന്തങ്ങള്‍ കാടായി
കാടുകള്‍ കടലുകള്‍ കടന്ന്
കഥകളായി മാറി.

കാലങ്ങള്‍ കഴിഞ്ഞിട്ടും
വാണിയംകുളത്തെ കാളച്ചന്തയുടെ മുകളില്‍
കോപ്പര്‍നിക്കസിന്റെ ഗ്രഹങ്ങള്‍ക്കിടയില്‍
ഇന്നും മെസോപെട്ടേമിയക്കാര്‍
കൊമ്പുകള്‍ കുലുക്കി
വാലുചുഴറ്റി
മദിച്ചുനില്‍ക്കുന്ന ഒത്തകാളയെ
വില്‍ക്കുവാനായികെട്ടിയിടുന്നു
അതവിടെക്കിടന്ന് കരഞ്ഞു വിളിക്കുന്നു
യൂറോപ്പാ... യുറോപ്പാ...3.ഞണ്ട്
പിടിച്ചുമാറ്റാന്‍ പോയതാ
ഒറ്റ  ചവിട്ടുകൊണ്ട്
നക്ഷത്രമെണ്ണി മേപ്പോട്ട്  നോക്കി  കിടക്കുമ്പോള്‍
അടിച്ച കള്ളിന്റെ പുളിപ്പില്‍ നിന്നും
തൊട്ടുകൂട്ടി കഴിച്ച കറിയിലെ ഞണ്ട്
ആകാശത്തിലേക്ക് കയറി പോകുന്നു.
ചുറ്റും ചുറ്റുന്നു  ഇടങ്ങള്‍
സമയങ്ങള്‍ 
അതീന്ദ്രിയ കാല്പ്പനികതയെ
ദാലി തോന്നിയ പോലെ പകര്‍ത്തി വെക്കുന്നു.
അതിലൂടെ വേഗത്തില്‍ 
സൈക്കിള്‍ ചവിട്ടി വരുന്നു ലാന്‍സ് ആംസ്ട്രോങ്.
നിലാവു ചുവക്കുന്നു
മജ്ജയില്‍ വിഷ ബീജങ്ങള്‍ നിറയുന്നു
കാറ്റ് പാടവരമ്പിലൂടെ കുഴഞ്ഞാടിയാടി വരുന്നു
ഇരുട്ട് കടല വറുത്തു തിന്നുന്ന ശ്മശാനത്തിലേക്ക്.
ശവക്കുഴികളില്‍ മരിച്ചവര്‍
കീമോ കാത്തു കിടക്കുന്നു 
ചിറകുകള്‍ കരിഞ്ഞു പോയ മാലാഖമാര്‍
കാവലിരിക്കുന്നു.
അപ്പോഴും താമരക്കുളം ഷാപ്പിന്റെ മുന്നിലെ
മീനച്ചിലാറ്റില്‍ ഹൈഡ്രയും ഹെര്‍ക്കുലീസും
പൊളപ്പന്‍ തല്ലുകൂടിക്കൊണ്ടിരിക്കുകയാണ്
മോളി ഞണ്ടുകറിക്കായി മുളകരയ്ക്കുന്നു.
കടലുകളുടെ ആഴങ്ങളെ സ്വപ്നവും കണ്ട്
പാത്രത്തില്‍ ഞണ്ടുകള്‍ ഓടി നടക്കുന്നു.

കോട്ടയം ജില്ലയിലെ കുടമാളൂരില്‍ ജനനം. എന്‍ എസ് എസ് പബ്ലിക് സ്കൂള്‍, കോട്ടയം ...