White Crow Art Daily

മെയ്‌ഡ് ഇന്‍ ബംഗ്‌ളാദേശ് – തൃശൂരില്‍വെച്ച് കാണുമ്പോള്‍

അവര്‍ തറയില്‍ ചവിട്ടിക്കൊണ്ടേയിരുന്നു. ബംഗ്‌ളാദേശില്‍ നിന്നുള്ള എട്ട് നടിമാരും മൂന്ന് നടന്‍മാരും.

തൃശൂര്‍ റീജ്യണല്‍ തീയറ്ററിലെ സ്‌റ്റേജില്‍ അവര്‍ പതിനൊന്ന് പേരുടെയും 22 കാലുകള്‍ നിര്‍ത്താതെ, എന്നാല്‍ താളാത്മകമായി ചവിട്ടിക്കൊണ്ടിരിക്കേ, ബാക്ക്‌സ്‌റ്റേജിലെ സ്‌ക്രീനില്‍ തയ്യല്‍സൂചികള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യം സ്‌റ്റേജില്‍ നിരന്നു നിന്ന പതിനൊന്ന് പേര്‍ അടുത്ത ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ ചില പാറ്റേണുകളും സൃഷ്‌ടിക്കും, ചവിട്ടിക്കൊണ്ട് തന്നെ.

തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലെ ഒരു നാടകം കാണാന്‍ എത്തിയതാണ്, ഞാന്‍. ഒരു നാടകം ഞാന്‍ കാണുകയും ചെയ്തു. ഹെലേന വാഡ്‌മാന്‍ സംവിധാനം ചെയ്ത “മെയ്‌ഡ് ഇന്‍ ബംഗ്‌ളാദേശ്”.

made in baഈ നാടകം കണ്ടുകൊണ്ടിരിക്കുമ്പോള്‍ “മെയ്‌ഡ് ഇന്‍ ബംഗ്‌ളാദേശ്” എന്ന നാടകമാണ് അവിടെ നടക്കുന്നതെന്ന് നമ്മള്‍ മറന്നു പോവും. സംഗീത നാടക അക്കാദമിയുടെ അന്താരാഷ്‌ട്ര നാടകോല്‍സവതന്നെ മറക്കും. ഈ പെണ്ണുങ്ങളുടെ ചവിട്ടലല്ലാതെ വേറൊന്നുമില്ലേ എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്ര വിരസമായ ചവിട്ടാണ് അരങ്ങില്‍. അതവരുടെ ജീവിതവുമാണല്ലോ. ബംഗ്‌ളാദേശിലെ ഗാര്‍മെന്‍റ് ഫാക്‌ടറികളില്‍ പണിയെടുക്കുന്ന, നിര്‍ത്താതെ ചലിച്ചു കൊണ്ടിരിക്കുന്ന, അനേകായിരം പെണ്‍കുട്ടികളുടെ യന്ത്രജീവിതത്തെപ്പറ്റികൂടിയാണ് ഈ നാടകം. വാക്കുകള്‍കൊണ്ടുമാത്രം പണി ചെയ്യാത്ത ഒരു നാടകം.

ഇപ്പോള്‍ ഒരു അനൌണ്‍സ്‌മെന്‍റ് കേള്‍ക്കുന്നു : ഫാത്തിമാ, ഇംപ്രൂവ് യുവര്‍ പെര്‍ഫോമന്‍സ്!

ഫാത്തിമ വലതുകൈ കാലുകള്‍ക്കിടയില്‍ വച്ച് “എനിക്ക് ബാത്ത്‌റൂമില്‍ പോകണ”മെന്ന് പറയുന്നു.

റണ്‍ ഫാസ്‌റ്റ്.

ഫിനിഷ് യോര്‍ വര്‍ക്ക് ഫസ്‌റ്റ് (എന്ന് ആജ്ഞപോലെ കേള്‍ക്കുന്നു)

വേറൊരുത്തി ഒരു കടലാസ് കൂട് കാണിച്ചിട്ട് പറയുന്നു : ലുക്ക്, ഏ ഹാന്‍ഡി ബാത്ത്‌റൂം.

ദേ അവര്‍ അവരുടെ കഥക് ചവിട്ടലുകള്‍ തുടരുന്നു. ഇത്തവണ തകിട തക് തക് തിന്തിന്നാം തിരികിട് എന്ന് കൂട്ടമായി പാടുന്നുമുണ്ട്.

പിറകിലെ സ്‌ക്രീനില്‍ ഒരു കണക്ക്: നിങ്ങള്‍ ഇത് 24 മിനിറ്റായി കണ്ടു കൊണ്ടിരിക്കുന്നു. ഒരു ബംഗ്‌ളാദേശി ജോലിക്കാരി 13 സെന്‍റ് നേടി. ഇവര്‍ നിര്‍മ്മിച്ച വസ്‌ത്രം വിറ്റ് ജര്‍മ്മന്‍ കമ്പനികള്‍ ഒരു ഡോളര്‍ എണ്‍പത്തിയാറ് സെന്‍റ് ഈ സമയത്തിനുള്ളില്‍ നേടി. അപ്പോള്‍ കെടി മുഹമ്മദ് തീയറ്റര്‍ എന്ന് പേരുള്ള റീജ്യണല്‍ തീയറ്ററിന്‍റെ വശങ്ങളിലെ സ്‌പീക്കറുകള്‍ ഗര്‍ജ്ജിക്കുന്നു. ഒരു ഗാര്‍മെന്‍റ്, ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് സ്‌ക്രീനില്‍.  ചവിട്ടലുകാര്‍ ഒന്നായി കൊഴിഞ്ഞു പോവാന്‍ തുടങ്ങുന്നു. അതിന്‍റെ കാരണം ഒരു അനൌണ്‍സ്‌മെന്‍റാണ് :

സൈനബാ, യോര്‍ പെര്‍ഫോമന്‍സ് ഇസ് നോട്ട് അപ് റ്റു ദ മാര്‍ക്ക്. യൂ ആര്‍ ഫയേഡ്!

സൈനബയെ പിന്‍തുടരാന്‍ മറ്റുള്ളവരും.

സ്‌റ്റേജില്‍ ഇപ്പോള്‍ ഒരുത്തിയേ ഉള്ളൂ. അവള്‍ മടുപ്പിക്കുന്ന ചവിട്ട് തുടരുമ്പോള്‍ അതാ വരുന്നൂ സെക്‌സി വേഷം ധരിച്ച് പഴയ പത്ത് പേര്‍. ഇവര്‍ എന്‍റര്‍ടെയിന്‍മെന്‍റ് തൊഴിലാളികളാണ്.

സ്‌റ്റേജില്‍, നാടകത്തില്‍, പുതിയതായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? ഇല്ല. അവരുടെ ജീവിതത്തിലെന്ന പോലെ തന്നെ. മുന്‍പ് കണ്ട ചവിട്ടലുകളും പാറ്റേണുകളും അവര്‍ ആവര്‍ത്തിക്കുന്നു. “ഓപ്‌റ്റിമൈസ് യോര്‍ പെര്‍ഫോമന്‍സ്” എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോഴും, “യൂ ആര്‍ ഫയേഡ്!” എന്ന അട്ടഹാസം കേള്‍ക്കുന്നത് വരെയും.

അവര്‍ ചവിട്ടല്‍ നിര്‍ത്തി.
നാടകം കഴിഞ്ഞു.
നീണ്ട കരഘോഷം.

സദസില്‍ നിന്നും മെയ്‌ഡ് ഇന്‍ ബംഗ്‌ളാദേശിന്‍റെ ജര്‍മ്മന്‍ സംവിധായിക, ഹെലേന വാഡ്‌മാന്‍, സ്‌റ്റേജില്‍ കയറി. അവര്‍ എന്തെങ്കിലും പറയുമോ? ഇല്ല. അവര്‍ നടീനടന്‍മാരോടൊപ്പം തല കുനിച്ചു.

കര്‍ട്ടന്‍.

made in bangഹെലേന വാഡ്‌മാന്‍, ബെര്‍ലിനില്‍ നിന്നുള്ള കോറിയോഗ്രാഫര്‍. തൊണ്ണൂറുകളില്‍ ജര്‍മ്മന്‍ സ്‌റ്റേറ്റ് തീയറ്ററുകളില്‍  അവരുടെ നൃത്തശില്‍പങ്ങള്‍ ചുവടുകളേക്കാള്‍ ഒരു പടി കൂടി കടന്ന് സാമൂഹ്യ വിമര്‍ശനത്തിന്‍റെ ആട്ടമാടി. ഫ്രാങ്ക്‌ഫര്‍ട്ടിലെ മൌസോന്‍റ്റം തീയറ്ററില്‍ നിന്നും അവര്‍ ലോകനാടകവേദിയിലേക്ക് കടക്കുന്നതോടൊപ്പം നൃത്തം നാടകത്തിലേക്കും ഡോക്യുമെന്‍ററിയിലേക്കും വളര്‍ന്നു. ലെറ്റേഴ്‌സ് ഫ്രം ടെന്‍റ്ലാന്‍ഡ് ഇറാനില്‍ നിന്നുള്ള ആറു സ്ത്രീകള്‍ നടിച്ച ടെഹ്‌റാനില്‍ അവതരിപ്പിച്ച നാടകമായിരുന്നു

 

റിപ്പോര്‍ട്ട് : സുനില്‍ ചെറിയാന്‍ (പത്രപ്രവര്‍ത്തകനും നാടകപ്രവര്‍ത്തകനും. കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നാടകകൃതിക്കുള്ള പ്രവാസി പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു)

പത്രപ്രവര്‍ത്തകനും നാടകപ്രവര്‍ത്തകനും. കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നാടകകൃതിക്കുള്ള പ്രവാസി പുരസ്കാരം നേടിയിട്ടുണ്ട്. ...