White Crow Art Daily

യഹൂദ  അമിഹായിയുടെ  കവിതകൾ

യഹൂദ  അമിഹായിയുടെ  കവിതകൾ
വിവർത്തനം : വി. രവികുമാർ

പിറന്ന നാട്ടിൽ നിന്നകലെ…

പിറന്ന നാട്ടിൽ നിന്നേറെക്കാലമകലെക്കഴിയുമ്പോൾ നിങ്ങളുടെ ഭാഷ കൂടുതൽ കൃത്യമാവുന്നു, ശുദ്ധമാവുന്നു, പിഴ വരാത്തതുമാവുന്നു, 
ഒരുകാലത്തും മഴ വീഴാത്തൊരു നീലിച്ച പശ്ചാത്തലത്തിൽ 
മൂർച്ചയോടെ വരഞ്ഞിട്ട ഗ്രീഷ്മമേഘങ്ങളെപ്പോലെ.

ഒരുകാലത്തു പ്രണയത്തിലായിരുന്നവരും ചിലനേരം 
ഒരു പ്രണയഭാഷ സംസാരിച്ചുവെന്നുവരാം, 
വന്ധ്യവും വിമലവും, മാറാത്തതും വഴങ്ങാത്തതും.

എന്നാൽ ഞാനോ, നാട്ടിൽത്തങ്ങിയ ഞാനുപയോഗിക്കുന്നത്‌ 
മലിനമായ വായും ചുണ്ടും നാവും. 
എന്റെ വാക്കുകളിൽ കലർന്നിരിക്കുന്നു 
ആത്മാവിന്റെ മലം, വികാരങ്ങളുടെ കുപ്പ, പൊടിയും വിയർപ്പും. 
എന്റെ ആക്രന്ദനങ്ങൾക്കും വികാരത്തിന്റെ മന്ത്രണങ്ങൾക്കുമിടയിൽ 
ഞാൻ കുടിക്കുന്ന വെള്ളം പോലും, 
വെള്ളം കിട്ടാത്ത ഈ നാട്ടിൽ 
ഞാനൊഴിക്കുന്ന മൂത്രം തന്നെ, 
ജഡിലമായ ഒരു പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുത്തത്‌.

വിമാനത്തിലെ പരിചാരിക

 
പുകയുന്നതൊക്കെക്കെടുത്താൻ വിമാനത്തിലെ പരിചാരിക പറഞ്ഞു, 
സിഗരറ്റ്‌, സിഗാർ, പൈപ്പ്‌, ഏതൊക്കെയെന്നവൾ വിശദീകരിച്ചുമില്ല. 
മനസ്സിൽ ഞാനവളോടു മറുപടി പറഞ്ഞു: സുന്ദരമായ പ്രണയസാമഗ്രികൾ തന്നെ നിനക്കുള്ളത്‌, 
ഏതൊക്കെയെന്നു ഞാൻ വിശദീകരിച്ചുമില്ല.

കൊളുത്തിടാൻ, സീറ്റുബൽറ്റിടാൻ അവളെന്നോടു പറഞ്ഞു. 
ഞാനവളോടു മറുപടിയും പറഞ്ഞു: 
എന്റെ ജീവിതത്തിലെ സകലകൊളുത്തുകൾക്കും 
നിന്റെ ചുണ്ടുകളുടെ വടിവാകണമെന്നുണ്ടെനിക്ക്‌.

പിന്നെയവൾ പറഞ്ഞു: 
നിങ്ങൾക്കിപ്പോൾ കോഫി വേണോ, പിന്നെ മതിയോ, 
അതോ വേണ്ടെന്നോ. 
ആകാശത്തോളമുയരത്തിൽ 
അവളെന്നെയും കടന്നുപോയി.

അവളുടെ കൈയ്ക്കു മേലറ്റത്തെ ചെറിയ വടു സാക്ഷ്യപ്പെടുത്തിയിരുന്നു 
അവളെയിനി വസൂരി തൊടില്ലെന്ന്; 
അവളുടെ കണ്ണുകൾ സാക്ഷ്യപ്പെടുത്തിയിരുന്നു 
അവളിനി പ്രേമിക്കാനില്ലെന്നും. 
അവളംഗമായിരിക്കുന്നത്‌ കമിതാക്കളുടെ യാഥാസ്ഥിതികകക്ഷിയിൽ, 
ഒരേയൊരു വമ്പൻപ്രണയമേ അവർക്കു ജീവിതത്തിലുള്ളു.

ദേഹമാണു പ്രണയത്തിനു കാരണം

ദേഹമാണു പ്രണയത്തിനു കാരണം, 
പിന്നെ അതിനെ കാക്കുന്ന കോട്ടയും, 
അതിൽപ്പിന്നെ പ്രണയത്തിന്റെ തടവറയും. 
ദേഹം മരിക്കുമ്പോൾപ്പക്ഷേ, 
അളവറ്റ സമൃദ്ധിയുമായി 
പ്രണയം മോചനം നേടുന്നു, 
വീണുടയുന്ന കുടുക്ക പോലെ: 
പ്രചണ്ഡമായ കിലുക്കത്തോടതിൽ നിന്നു 
പുറത്തുചാടുന്നു 
കാലങ്ങളായുള്ള ലോഭത്തിന്റെ 
നാണയങ്ങളത്രയും.

നമ്മുടെ പ്രണയത്തിന്റെ ചരിത്രത്തിൽ 

നമ്മുടെ പ്രണയത്തിന്റെ ചരിത്രത്തിൽ 
ഒരാളെന്നെന്നും ഒരു നാടോടിഗോത്രം, 
മറ്റേയാൾ സ്വന്തം മണ്ണുള്ള രാഷ്ട്രം. 
നാമന്യോന്യം സ്ഥാനങ്ങൾ വച്ചുമാറിയപ്പോൾ 
നമ്മുടെ പ്രണയത്തിന്റെ കഥയും കഴിഞ്ഞു.

കാലം നമ്മെക്കടന്നുപോകും, 
വേദിയിൽ പറഞ്ഞിടത്തു നില്ക്കുന്ന നടന്മാർക്കു പിന്നിൽ 
രംഗപടങ്ങൾ മാറുമ്പോലെ. 
വാക്കുകൾ പോലും നമ്മുടെ ചുണ്ടുകൾ കടന്നുപോകും, 
കണ്ണീരു പോലും നമ്മുടെ കണ്ണുകൾ കടന്നുപോകും. 
സ്വസ്ഥാനത്തു നില്ക്കുന്നവരെയൊക്കെക്കടന്നു കാലം പോകും.

നമ്മുടെ ശിഷ്ടജീവിതത്തിന്റെ ഭൂമിശാസ്ത്രത്തിൽ 
ആരു തുരുത്ത്, ആരു വൻകരയെന്ന് 
നാമിരുവർക്കും തെളിഞ്ഞുകിട്ടും, 
നമ്മുടെ ശിഷ്ടജീവിതത്തിൽ 
അന്യരുമൊത്തുള്ള പ്രണയത്തിന്റെ രാത്രികളിൽ.

മനുഷ്യന്‌ സ്വന്തമായുസ്സിൽ

മനുഷ്യനു സ്വന്തമായുസ്സിനിടയിൽ 
എല്ലാറ്റിനുള്ള നേരം കിട്ടുന്നില്ല. 
ഓരോന്നിനും ഓരോ കാലം വച്ച് 
എല്ലാറ്റിനുമുള്ള കാലവുമില്ല. 
അക്കാര്യത്തിൽ സഭാപ്രസംഗിയ്ക്കു പിശകി.

മനുഷ്യനൊരേ നിമിഷം തന്നെ 
സ്നേഹിക്കുകയും വെറുക്കുകയും ചെയ്യണം, 
ഒരേ കണ്ണുകൾ വച്ചു ചിരിക്കുകയും കരയുകയും ചെയ്യണം, 
ഒരേ കൈകൾ വച്ചു കല്ലുകളെടുത്തെറിയുകയും 
അവ പെറുക്കിയെടുക്കുകയും ചെയ്യണം. 
വെറുക്കാനും പൊറുക്കാനും, 
ഓർമ്മ വയ്ക്കാനും മറക്കാനും, 
അടുക്കിവയ്ക്കാനും കൂട്ടിക്കുഴയ്ക്കാനും, 
കഴിയ്ക്കാനും ദഹിപ്പിക്കാനും, 
ചരിത്രമിതിനൊക്കെ വർഷങ്ങൾ, വർഷങ്ങളെടുക്കും.

മനുഷ്യനു നേരമില്ല. 
നഷ്ടപ്പെടുമ്പോൾ അവൻ തേടിപ്പോകുന്നു, 
കണ്ടുകിട്ടുമ്പോൾ അവൻ മറന്നുപോകുന്നു, 
മറക്കുമ്പോൾ അവൻ പ്രണയിക്കുന്നു, 
പ്രണയിക്കുമ്പോൾ അവൻ മറവിയിലും വീഴുന്നു.

അവന്റെ ആത്മാവു പക്ഷേ, ഒക്കെപ്പഴക്കമായവൻ, 
കാര്യപ്രാപ്തിയുള്ളവൻ. 
ഉടലിനിയും പഠിച്ചുവരുന്നതേയുള്ളു. 
അതെറിയുന്നതൊക്കെ കൊള്ളാതെപോകുന്നു, 
ഒന്നുമതിനു പഠിയുന്നില്ല, 
സ്വന്തം സന്തോഷങ്ങളും സ്വന്തം വേദനകളും കുടിച്ചുന്മത്തനായി 
അന്ധനായലയുകയാണത്.

ശരല്ക്കാലത്തത്തിപ്പഴങ്ങൾ മരിക്കുമ്പോലെ അവൻ മരിക്കും, 
ചുളുങ്ങിയും, സ്വയം നിറഞ്ഞും, മധുരിച്ചും; 
ഇലകൾ നിലത്തു വീണുണങ്ങും, 
ഇല കൊഴിഞ്ഞ ചില്ലകൾ 
എല്ലാറ്റിനും നേരമുള്ളൊരിടത്തേക്കു ചൂണ്ടിയും നിൽക്കും.

അമ്മയൊരിക്കലെന്നോടു പറഞ്ഞു 

അമ്മയൊരിക്കലെന്നോടു പറഞ്ഞു 
മുറിക്കുള്ളിൽ പൂക്കളുമായി ഉറങ്ങാൻ കിടക്കരുതെന്ന്. 
അതിൽപ്പിന്നെ പൂക്കളുമൊത്തുറങ്ങിയിട്ടില്ല ഞാൻ. 
ഞാനുറങ്ങുന്നതൊറ്റയ്ക്ക്, അവയുടെ കൂട്ടില്ലാതെ.
പൂക്കൾ പലതുണ്ടായിരുന്നു. 
എനിക്കു നേരം കുറവുമായിരുന്നു. 
ഞാൻ സ്നേഹിച്ചിരുന്നവർ 
എന്റെ ജീവിതത്തിൽ നിന്നകലുകയുമാണ്‌ 
കടവിൽ നിന്നു തള്ളിമാറ്റുന്ന തോണികൾ പോലെ.
അമ്മ പറഞ്ഞു 
പൂക്കളുമൊത്തുറങ്ങരുതെന്ന്. 
നിങ്ങൾക്കുറക്കം വരില്ല. 
നിങ്ങൾക്കുറക്കം വരില്ല, എന്റെ ബാല്യത്തിനമ്മേ.
സ്കൂളിലേക്കെന്നെ വലിച്ചിഴച്ചപ്പോൾ 
ഞാൻ മുറുകെപ്പിടിച്ച കൈവരി 
പണ്ടേ എരിഞ്ഞു വീണിരിക്കുന്നു. 
എന്റെ കൈകൾ, 
മുറുകെപ്പിടിച്ചവ, 
മുറുകെപ്പിടിച്ചു തന്നെയുമിരിക്കുന്നു.

Paintings :Mordechai Ardon

കൊല്ലം സ്വദേശി. റയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് ആയിരുന്നു. ഇപ്പോൾ വിവർത്തകൻ. കാഫ്ക, ബോദ്ലേർ, ...