White Crow Art Daily

യാത്ര തരുന്ന ഏകാന്തതകള്‍

സംഭാഷണം -ടി.എന്‍.ഗോപകുമാര്‍/കെ.പി.റഷീദ്

യാത്രകളെക്കുറിച്ചും യാത്രാനുഭവങ്ങളെ കുറിച്ചും ഏറെ എഴുതിയ ഒരാളാണ്. ഒരു പാട് യാത്ര ചെയ്ത ഒരാള്‍. യാത്രകളിലൂടെ എന്താണ് തേടുന്നത്?

കുട്ടിക്കാലം മുതലേ യാത്രകള്‍ ഇഷ്ടമായിരുന്നു. every loneliness is a pinnacle. അതില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ചില സന്ദര്‍ഭങ്ങളില്‍ ഭീകരമായി ഏകാന്തത ആഗ്രഹിക്കുന്നു. ഏകാന്തമായിട്ടുള്ള യാത്രകളുടെ നിമിഷങ്ങള്‍ ഞാന്‍ വല്ലാണ്ട് ആസ്വദിച്ചിട്ടുണ്ട്. ആ സമയത്ത് നമ്മുടെ ചിന്താദലങ്ങളൊക്കെ നമ്മളെ കുറച്ചുകൂടി വല്യ ആളാക്കുന്നു. ശക്തനാക്കുന്നു.

ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതുകൊണ്ടാണ് അധികം യാത്രകള്‍ സാധിക്കാത്തത്. എനിക്കിപ്പോള്‍ ഒത്തിരിയാത്രകള്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. കഴിഞ്ഞ ഒന്നുരണ്ട് മാസത്തിനുള്ളില്‍. ഞാന്‍ പ്‌ളാന്‍ ചെയ്ത പല യാത്രകളും നടക്കാതെ നില്‍ക്കുകയാണ്. അപ്പോ യാത്രയ്ക്കുളള ആഗ്രഹം വളരെ ശക്തമാവുകയാണ് ചെയ്യുന്നത്.

ഒറ്റയ്ക്കുള്ള യാത്രകളോണോ ഇഷ്ടം?

യാത്രയില്‍, നമ്മളൊരു കാഴ്ചക്കാരനായി പലതും കാണുകയല്ലേ. കൂട്ടായിട്ടാണെങ്കില്‍, നമ്മള്‍ വേറൊരാളുമായിട്ടാണ് യാത്രചെയ്യുന്നതെങ്കില്‍ അതിന് വിഘ്‌നങ്ങളുണ്ടാകും. നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്നതാവില്ല, ആ മനസ്സാവില്ല മറ്റേയാളുടേത്.

എന്നാലും മറ്റൊരാളുമായി യാത്ര ചെയ്യുന്നതിന്റെ ഗുണങ്ങള്‍ വേറെയുണ്ട്. നമ്മള്‍ കാണാത്തത് ചിലപ്പോള്‍ അയാള്‍ കാണിച്ചുതരും. പക്ഷെ, മനസിന് കിട്ടുന്ന വലിയ ഏകാന്തതയില്ലേ. അതുണ്ടാവില്ല.

അത് യാത്ര മാത്രമല്ല ഏകാന്ത നിമിഷങ്ങള്‍ തരുന്ന ആ അനുഭവം. എഴുത്തുകാരനോ ഒക്കെ ആക്കി എന്നെ മാറ്റിയത് ഏകാന്തനിമിഷങ്ങളിലെ ചിന്തകളാണ്. മിക്കവാറും എല്ലാവര്‍ക്കും അങ്ങനെയായിരിക്കും. അത് ഒരു പരിധിക്കപ്പുറം സൂക്ഷിക്കേണ്ട കാര്യം കൂടിയാണ്. ഈ ഏകാന്തതയെ മോഹിച്ച്, ആഗ്രഹിച്ച്, ആഗ്രഹിച്ച് മറ്റു മനുഷ്യരോട് വെറുപ്പുവരെ തോന്നുന്ന ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. കാണുന്നവരെല്ലാരും ശല്യക്കാരായി മാറും അവര്‍ക്ക്.

ഞാന്‍ മനുഷ്യസ്‌നേഹിയാണ്. പക്ഷെ, എന്റെ ഏകാന്തതയെ ബാധിക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ മനുഷ്യരില്‍നിന്ന് അകന്നു നിന്നിട്ടുണ്ട്. ഞാനേറെ ആസ്വദിച്ചിട്ടുള്ള മുഹൂര്‍ത്തങ്ങള്‍ ഈ ഏകാന്തതയിലുണ്ട്. വലിയ തീരുമാനങ്ങളെടുത്തിട്ടുള്ളതും ആ സന്ദര്‍ഭങ്ങളിലാണ്. ജീവിതത്തെക്കുറിച്ചുള്ള വലിയ ധാരണകളുണ്ടായിട്ടുള്ളതും.

സത്യത്തില്‍, യാത്ര തരുന്നത് ആ ഏകാന്തതയാണ്. പല യാത്രകളും ഏകാന്തതയുടെ നല്ല അനുഭവങ്ങള്‍ തന്നിട്ടുണ്ട്. ചിലര്‍ക്കൊക്കെ യാത്രയിലും സഹചാരി ആവശ്യമാണ്. സിനിമ കാണാന്‍ പോകുവാണെങ്കിലും. എനിക്ക് ആ ആവശ്യം തോന്നിയിട്ടില്ല. ഒരാള്‍ കൂടെ വരണമെന്ന് തോന്നിയിട്ടില്ല.

യാത്രകള്‍ തരുന്ന അനുഭവങ്ങളെ എങ്ങനെയാണ് കാണുന്നത്?

അനിശ്ചിതത്വങ്ങളുടേതാണ് യാത്രകള്‍. ഏതു സമയവും എന്തും സംഭവിക്കാം. ആരെയും കാണാം. ഏതു സംഭവത്തിലൂടെയം കടന്നുപോവാം. അങ്ങനെ സാദ്ധ്യതകള്‍ കുറേയുണ്ട്.

യാത്രകള്‍ക്കിടയില്‍, പെട്ടെന്ന് നമ്മളെ കേറിപിടിക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. അതൊരു വ്യക്തിയാവാം. ചെറിയൊരു സംഭവം ആകാം. അവയൊക്കെ, ആ ഓര്‍മ്മകളൊക്കെ പിന്നീട് എവിടെയെങ്കിലുമൊക്കെ സഹായിക്കും. ചുറ്റുമുള്ളത് നിരീക്ഷിക്കുന്ന മനസ്സുള്ളുവര്‍ക്ക് പറഞ്ഞതാണ് അത്. കണ്ടിട്ടും പലതും കാണാതെ പോവുന്നവരാണ് നമ്മള്‍. സത്യത്തില്‍, നമ്മള്‍ കാണാത്തതല്ല. ശ്രദ്ധിക്കാത്തതാണ് പലതും.

വോള്‍ഗാ തരംഗങ്ങളുടെ ആമുഖ കുറിപ്പില്‍, പി ഗോവിന്ദപ്പിള്ള ഇക്കാര്യം പറയുന്നുണ്ടല്ലോ. ‘നമ്മെപ്പോലുള്ള സാധാരണക്കാര്‍ കാണുന്ന പരുക്കന്‍ നേര്‍ക്കാഴ്ചകളെ ഹൃദയഹാരിയായ വിവരണങ്ങളായി നര്‍മബോധത്തോടെ അവതരിപ്പിക്കാന്‍ ഗോപകുമാറിനു കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധിയും സാധനയും’. ഇതായിരുന്നു പിജി എഴുതിയത്.

അതെ. പിജി അക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. ഞാന്‍ റഷ്യയില്‍ പോയിട്ടുണ്ട്. ഗോപനും. എന്നാല്‍, ഗോപന്‍ പോയ റഷ്യയില്‍ ഞാന്‍ പോയിട്ടില്ല. ഇതാണ് അദ്ദേഹം പറഞ്ഞത്. പുള്ളി ഉദ്ദേശിച്ചത് രണ്ട് അര്‍ഥത്തിലാണ്. ഒരേ ആള്‍ക്കാര്‍ക്ക് ഒരേ യാത്ര പല അനുഭവങ്ങള്‍ നല്‍കുന്നതിനെ കുറിച്ചാണ് ഒന്ന്. മറ്റുള്ളവരൊക്കെ കാണാതെ വിടുന്ന കാഴ്ചകളാവും ചിലര്‍ കാണുക എന്നത് രണ്ടാമത്തെ കാര്യം. നമ്മുടെ കാഴ്ചയുടെ വ്യത്യസ്തതയെകുറിച്ചാണ് അദ്ദേഹം പറയുന്നത്. ഞാന്‍ എഴുതുന്ന യാത്രകുറിപ്പ്, ആ യാത്രയില്‍ എന്നെ സ്പര്‍ശിച്ച കാര്യങ്ങളാണ്.

യാത്രാവിവരണങ്ങളൊക്കെ പ്രീ പ്‌ളാന്‍ഡ് ആണോ? നോട്ടെഴുതാറുണ്ടോ?

പണ്ടൊക്കെ, യാത്രകളില്‍ ഞാന്‍ നോട്ട്‌സ് പോലും എഴുതിയെടുക്കാറില്ല. അതിന്റെയൊരു അബദ്ധം ഞാന്‍ അനുഭവിച്ചത് ചൈന യാത്രാവേളയിലാണ്.

പോളണ്ട് യാത്രയിലും അതുണ്ടായി. ഒന്നും എഴുതാന്‍ പറ്റാതെ ആ യാത്രാനുഭവങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു പോയി. ഞാന്‍ എട്ടുപത്ത് ദിവസം അവിടെയുണ്ടായിരുന്നു. മനോഹരമായ യാത്രയായിരുന്നു. വളരെ രസകരമായ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്.പക്ഷേ, ഞാന്‍ അത് നോട്ട് ചെയ്തിരുന്നില്ല. അതുപോലെയായിരുന്നു ചൈനാ യാത്രയും. നോട്ട് ചെയ്യാത്തതുകൊണ്ട് എഴുതാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.

യാത്ര എന്‍ജോയ് ചെയ്ത് അങ്ങനെ പോകുകയായിരുന്നു പതിവ്. അത് വലിയ നഷ്ടമാണ് വരുത്തിയത്. പല യാത്രകളിലും എനിക്ക് അതിനെ കുറിച്ച് എഴുതണമെന്നുള്ള ഒരു ചിന്ത, പ്‌ളാനിങ് ആദ്യകാലത്ത് ഇല്ലായിരുന്നു.പക്ഷേ, റഷ്യന്‍ യാത്രയില്‍ ഞാനത് ശ്രദ്ധിച്ചു. എല്ലാ ദിവസം കിടക്കുന്നതിന് മുമ്പ് ഒരു മിനുട്ട് ഇന്ന് എന്ത് സംഭവിച്ചുവെന്ന് റീകോള്‍ ചെയ്തു. അതെഴുതി വെക്കാന്‍ കഴിഞ്ഞു.

ഇന്ത്യയ്ക്കകത്തും ഒരു പാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. അതൊക്കെ തന്ന അനുഭവങ്ങള്‍ എഴുതിയിട്ടുമുണ്ട്.

അതും പ്ലാനിംഗ് ഒന്നുമില്ലാത്തവയാണ്. പെട്ടെന്നുള്ള യാത്രകള്‍. ഓരോ യാത്രയും അനേകം അനുഭവങ്ങള്‍ കാത്തുവെച്ചിട്ടുണ്ടാവും. നമ്മള്‍ അതിലേക്ക് ചെന്നു പെടുകയാണ്. അമ്പരപ്പിക്കുന്ന അനേകം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പില്‍ക്കാലത്ത്, ഓര്‍മ്മയില്‍ തറഞ്ഞുനിന്ന അത്തരം അനുഭവങ്ങള്‍ എഴുതിയിട്ടുമുണ്ട്. പയണം എന്ന പുസ്തകം അത്തരം യാത്രകളുടേതാണ്.

ഡല്‍ഹിയില്‍ ഓട്ടോയില്‍ പോകുമ്പോഴുള്ള അത്തരം ഒരനുഭവം എഴുതിയിട്ടുണ്ട്. മൃതദേഹമെന്നു തോന്നിച്ച ഒരാള്‍ക്കൊപ്പമുള്ള യാത്ര. രാജസ്ഥാനില്‍ കൊടുംവെയിലില്‍ തൊട്ടടുത്ത മുറിയിലുള്ള ഒരാള്‍ സൂര്യാഘാതമേറ്റ് മരിക്കുന്നത് കണ്ടിട്ടുണ്ട്. ഭര്‍ത്താവിന്റെ ക്രൂരപീഡനങ്ങള്‍ക്കിരയായ മലയാളി യുവതിയെ ഒരു വടക്കേ ഇന്ത്യന്‍ യാത്രയില്‍ കണ്ടതോര്‍ക്കുന്നു. ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്ത ഒരു മലയാളി യുവതിയെ ഒരു യാത്രക്കിടയില്‍ പരിചയപ്പെട്ടിട്ടുണ്ട്. അത്തരം അനേകം അനുഭവങ്ങള്‍. യാത്രാനുഭവങ്ങളുടെ കൂട്ടത്തിലല്ല, നമ്മെ ഓരോ ഇടത്ത് കാത്തുനില്‍ക്കുന്ന അനുഭവങ്ങളുടെ കൂട്ടത്തിലാണ് പെടുത്താന്‍ ആവുക.

എഴുതിയതില്‍ പലതും വിട്ടുപോയിട്ടുണ്ട്. പ്രത്യേകിച്ച് നല്ല യാത്രകള്‍ പലതും. യു.പിയില്‍ പോയ നല്ല യാത്രകള്‍. എഴുതാതിരുന്ന അനേകം അനുഭവങ്ങള്‍. ചില യാത്രകളില്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നും എഴുതാനില്ലായിരുന്നു. ഞാനൊന്നും കണ്ടിട്ടില്ല. എന്നാല്‍, പോയിട്ടുണ്ട് എന്ന് പറയാവുന്ന യാത്രകള്‍. ഉദാഹരണത്തിന് ദുബൈ. ദുബൈയെ കുറിച്ച് എന്ത് എഴുതാനാണ്.

ഫ്രാന്‍സില്‍ യാത്ര ചെയ്തപ്പോള്‍ പുതിയ അനുഭവങ്ങളുണ്ടായിരുന്നു. പക്ഷേ, ഞാന്‍ അത് നോട്ട് ചെയ്തിരുന്നില്ല. ഡല്‍ഹിയിലെ യാത്രകള്‍ ആ ഓര്‍മകള്‍ക്കുള്ളില്‍ നിന്നാണ് എഴുതിയത്. അത് ഉടനെ തന്നെയാണ് എഴുതിയത്. അതിലും വിട്ടുപോയിട്ടുണ്ട്. എഴുതാത്ത പലതും അതിലുണ്ട്.

യാത്ര ചെയ്ത ദേശത്തെയും അവിടെ കണ്ട മനുഷ്യരെയും എഴുതുന്നതാണ് യാത്രാ വിവരണങ്ങള്‍ എന്ന് പൊതുെവ പറയുന്നത്. കാര്യങ്ങള്‍ പല തരത്തില്‍ പറയാം. ടി.എന്‍.ജിയുടെ യാത്രാ എഴുത്ത്, വായനക്കാരെ കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ള ഒരു ജേണലിസ്റ്റിന്റെ അനുഭവക്കുറിപ്പുകളാണ്. ഭാഷയിലെ കളികളല്ല, ആഞ്ഞുതറക്കുന്ന അനുഭവങ്ങളുടെ ചൂരാണ് അവയില്‍ പലതിലും…

ഞാന്‍ ഉപയോഗിച്ചിരുന്ന ഭാഷ എന്റെ എപ്പോഴത്തെയും ഭാഷ തന്നെയാണ്. ജേണലിസ്റ്റ് എന്ന നിലയില്‍ പരിചയമുള്ള ഭാഷ. ആനുകാലികങ്ങള്‍ക്ക് വേണ്ടി എഴുതിയതാണ് പലതും. സത്യം പറഞ്ഞാല്‍ എഴുതുമ്പോള്‍ ഭാഷയെക്കുറിച്ചോ, അതിന്റെ സാഹിത്യ ഭംഗിയെക്കുറിച്ചോ അത്ര കണ്‍സേണ്‍ഡ് ആവാറില്ല. ഓരോ സന്ദര്‍ഭത്തിനും അനുസരിച്ചുള്ള ഭാഷ ഉണ്ടാവുകയാണ്. ചില സന്ദര്‍ഭങ്ങളില്‍ അത് അങ്ങനെ പെട്ടെന്ന് തോന്നുന്നതാണ്. ഞാന്‍ അത് അടിച്ചേല്‍പ്പിക്കാറില്ല. പലപ്പോഴും, ഞാന്‍ അതിനെ കുറിച്ച് ആലോചിക്കാറേയില്ല.

ഭാഷ സൃഷ്ടിക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ, പലപ്പോഴും ഞാന്‍ അതിനെ കരുതിക്കൂട്ടി ലളിതമാക്കാനാണ് ശ്രമിക്കാറ്. വളരെ വ്യത്യസ്ഥമായിട്ടുള്ള ഭാഷയാണ് പല സന്ദര്‍ഭങ്ങളിലും ഞാന്‍ ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ വരാന്‍ പോകുന്ന നോവലില്‍ ചില ഇമേജറിസമൊക്കെ വരുന്നുണ്ട്. യാദൃശ്ചികമാണ്. അത് എങ്ങനെ ഉണ്ടായി എന്ന് എനിക്കറിയില്ല. കുറച്ച് കൂടി വിഷ്വല്‍സുമൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ആ പുസ്തകത്തോട് വളരെ അടുപ്പം തോന്നുന്നുണ്ട്.

അങ്ങനെയാണ് ഞാന്‍ സിനിമാക്കാരനായത്

പ്രിന്റ് മീഡിയയിലായിരുന്നു തുടക്കം. പിന്നെ കേരളത്തിലെ വിഷ്വല്‍ മീഡിയയുടെ അമരക്കാരില്‍ ഒരാളായി മാറി. അതിനിടയ്ക്ക് സീരിയല്‍ സംവിധാനം ചെയ്തു. സിനിമ സംവിധാനം ചെയ്തു. സിനിമകളെ കുറിച്ച് എഴുതി. സിനിമയോടുള്ള പ്രണയം തുടങ്ങുന്നത് എങ്ങനെയാണ്?

സിനിമയോട് എനിക്ക് ഇഷ്ടമായിരുന്നു. ഏത് കുട്ടിക്കും തോന്നുന്നൊരു ഇഷ്ടം. നാല് ഭാഷകളില്‍ സിനിമ കാണുമായിരുന്നു. മലയാളം, തമിഴ്, ഹിന്ദി,ഇംഗ്ലീഷ്. നാഗര്‍കോവിലില്‍ അഞ്ച് തിയറ്ററുകളുണ്ടായിരുന്നു. തിരുവനന്തപുരം സന്ദര്‍ശനങ്ങള്‍ക്കിടയില്‍ മലയാളം സിനിമകള്‍ കാണുമായിരുന്നു. ഫിലിം സൊസൈറ്റികള്‍ സജീവമായ കോളജ് പഠനകാലത്ത് നല്ല സിനിമകള്‍ കാണാന്‍ കഴിഞ്ഞു. സിനിമയോടുള്ള ഇഷ്ടം എന്നുമുണ്ടായിരുന്നു.

മലയാറ്റൂരിന്റെ വേരുകള്‍ സീരിയലാക്കിയത് എങ്ങനെയായിരുന്നു.

ബാങ്ക് രവി എന്ന് വിളിക്കുന്ന ടി രവീന്ദ്രനാഥ് ആയിരുന്നു നിര്‍മാതാവ്. വാസ്തുഹാരയുടെയും പൊന്തന്‍മാടയുടെയും നിര്‍മാതാവായിരുന്നു രവി. ടി.വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണത്തിലെ നായകനായിരുന്നു. പവിത്രന്റെ ‘യാരോ ഒരാളിലും’ അഭിനയിച്ചു. രവി സിനിമാനിര്‍മാണവുമായി നടക്കുന്നയാളാണ്. രവിക്കൊരു സീരിയല്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ വേരുകള്‍ ദൂരദര്‍ശനില്‍ സിരിയല്‍ ആക്കാമെന്ന് ഞാന്‍ നിര്‍ദേശിച്ചു. അങ്ങനെ ഞാന്‍ പോയി മലയാറ്റൂര്‍ രാമകൃഷ്ണനെ കണ്ട് അനുവാദം വാങ്ങി. അതിനുള്ള പെയ്‌മെന്റ് കൊടുത്തു. അന്ന് ഏഷ്യാനെറ്റ് ഇല്ല. ഏഷ്യാനെറ്റ് വരുന്നതേയുള്ളു. ദൂര്‍ദര്‍ശനില്‍, വേരുകള്‍ 13 എപ്പിസോഡ് ചെയ്തു. നന്നായിട്ടുണ്ടെങ്കില്‍ അവര്‍എക്‌സറ്റന്‍ഷന്‍ തരും. അങ്ങനെ മൂന്ന് എക്സ്റ്റന്‍ഷന്‍ കൂടി കിട്ടി. അതിന് സംസ്ഥാന അവാര്‍ഡുകള്‍ ഒക്കെ കിട്ടിയിരുന്നു. അങ്ങനെയാണ് ഒരു ഫീച്ചര്‍ സിനിമ ചെയ്യുന്നതില്‍ എത്തിയത്.

ജീവന്‍ മശായിയിലേക്കുള്ള വരവ്?
‘വേരുകള്‍’ വിജയമായിരുന്നു. അതിനാല്‍, സിനിമ എടുക്കാനുള്ള ധൈര്യമുണ്ടായി. ബാങ്ക് രവിയും ജയചന്ദ്രനുമൊക്കെകൂടി ഇരുന്നിട്ടുള്ള ചര്‍ച്ചയിലാണ് താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം കടന്നു വന്നത്. അതെന്നെ പണ്ടേ ആകര്‍ഷിച്ച ഗ്രന്ഥമാണ്. ചെറിയ പ്രായത്തില്‍ വീണ്ടും ആവര്‍ത്തിച്ച് വായിച്ചൊരു പുസ്തകമായിരുന്നു അത്. മരണത്തെകുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ചിന്തകളിലേക്ക് അതു വഴികള്‍ തുറന്നിരുന്നു. ആരോഗ്യനികേതനം സിനിമയെടുക്കാനുള്ള ധാരണ ആയെങ്കിലും അത് എളുപ്പമല്ലായിരുന്നു. ഞാന്‍ ഉദ്ദേശിച്ച പോലെ അല്ലായിരുന്നു കാര്യങ്ങള്‍. വേരുകള്‍ എനിക്ക് എളുപ്പത്തില്‍ ചെയ്യാമായിരുന്നു. പക്ഷേ, ആരോഗ്യ നികേതനം അതുപോലെയല്ല. ഒന്നാമത് ബംഗാളി പശ്ചാത്തലം. പത്ത് മുന്നൂറ് കഥാപാത്രങ്ങള്‍. അത് മലയാളീകരിക്കാനും വയ്യ, മലയാളീകരിക്കാതിരിക്കാനും വയ്യ. അങ്ങനെയാണ് സ്‌ക്രിപ്റ്റ് ഉണ്ടായത്. പല കാരണങ്ങളാല്‍ പൂര്‍ണ തൃപ്തിയില്ലാതെ പോയ ഒരു സിനിമയാണ്. അതിന് റിലീസിംഗും എളുപ്പമായിരുന്നില്ല.

പിന്നെ എങ്ങനെയാണ് ആ സിനിമയുണ്ടായത്?
പരമേശ്വര്‍ ഫിലിംസിന് വേണ്ടി സി രതീഷ് നായരാണ് അത് നിര്‍മിച്ചത്. നെടുമുടി വേണുവായിരുന്നു നായകന്‍. ശ്രീവിദ്യയും എം.ആര്‍ ഗോപകുമാറുമൊക്കെ അഭിനയിച്ചു. ഞന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ഗാനരചനയും ഞാന്‍ നിര്‍വഹിച്ചു. രമേഷ് നാരായണ്‍ ആയിരുന്നു സംഗീത സംവിധാനം. നിറഞ്ഞു കവിയുന്ന, പിംഗള കേശിനി, ഞാന്‍ അണയുന്നു എന്നിങ്ങനെ മൂന്ന് പാട്ടുകള്‍.

വലിയ ചിലവ് ഇല്ലാതെ നിര്‍മിച്ചതാണ് ആ സിനിമ. നെടുമുടിയുടെ കഥാപാത്രത്തെ മൂന്ന് പ്രായത്തില്‍ അവതരിപ്പിക്കണം. കോളജ് കുമാരനായും മധ്യവയസ്‌കനായും പിന്നെ വയസ്സനായും. ആ കഥാപാത്രശേഷിയുള്ള വ്യക്തി നെടുമുടിയായിട്ട് എനിക്ക് അന്ന് തോന്നി. അതിന് അത്യാവശ്യം ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, എന്തൊക്കെയോ കിട്ടി. ആദ്യത്തെ ഡയറക്ടര്‍ക്കുള്ള അവാര്‍ഡൊക്കെ കിട്ടി.

എന്റെ ബന്ധുക്കളുടെ വീട്ടിലാണ് ചിത്രീകരിച്ചത്. അങ്ങനെ മൂന്നാല് വീട് അടുപ്പിച്ച് കിട്ടുന്ന മറ്റ് സ്ഥലങ്ങള്‍ എനിക്ക് പരിചയമില്ലായിരുന്നു. അപ്പോള്‍ അത് അങ്ങനെ ചെയ്തു. സിനിമയെ വിജയിപ്പിക്കാന്‍ ഒട്ടേറെ ഘടകങ്ങള്‍ വേണം. പ്രമോട്ട് ചെയ്യാന്‍ ഒത്തിരി ഏര്‍പ്പാടുകള്‍ വേണം. അതിനൊന്നും സജ്ജരല്ലായിരുന്നു. അങ്ങനെ വലിയൊരു എഫര്‍ട്ട് അതിന്റെ ഫലപ്രാപ്തിയിലുണ്ടായില്ല. സിനിമയെടുത്തു. വല്യ കുഴപ്പമില്ലാതെ കുറെ പേര് കണ്ടു എന്നല്ലാതെ. അവിടെ ഇവിടെയൊക്കെ കുറെ ഫെസ്റ്റിവലുകളില്‍ കാണിച്ചു. ആ ചിത്രം അങ്ങനെ വിജയിച്ചില്ല. ജനങ്ങള്‍ കാണുന്നില്ല എന്നുള്ളതാണ് പ്രധാനം. ആ കാര്യത്തില്‍ അത് വിജയിച്ചില്ല

.ജീവന്‍ മശായിയെ പോലുള്ള, അതുപോലെ ആഴമുള്ള ഒരാളാണ് താങ്കളുടെ പിതാവ്. ആ പശ്ചാത്തലം ഈ സിനിമയുടെ നിര്‍മാണത്തെ സ്വാധീനിച്ചിട്ടുണ്ടോ?

അച്ഛന്റെ പശ്ചാത്തലമല്ലായിരുന്നു. അച്ഛന് ബ്രാഹ്മണ പശ്ചാത്തലമല്ലേ? ഈ ചികിത്സാ സമ്പ്രദായം (നാഡി) ആയുര്‍വേദം തന്നെയാണ്. അവര്‍ ക്ഷത്രിയന്‍മാരെ പോലെയായിരുന്നു. മാംസവും മീനുമൊക്കെ കഴിക്കുന്നവരാണ്. അതൊന്നും ഞാനെന്റെ സിനിമയില്‍ കാണിച്ചിട്ടില്ല. പക്ഷേ, അങ്ങനെ താരതമ്യപ്പെടുത്താനുള്ള കഥാപാത്രങ്ങളല്ലായിരുന്നു. പക്ഷേ, ആശയപരമായിട്ട് ഈ കാഴ്ചപ്പാടില്ലേ, ശരീരം, ജീവന്‍, മരണം. ഈ കാഴ്ചപ്പാടുകള്‍ ഒന്ന് തന്നെയായിരുന്നു. പക്ഷേ, അത് ഒരു ബംഗാളിക്കോ കേരളീയനോ ഒതുങ്ങുന്നതല്ല. അത് ഒരു ഭാരതീയ സമീപനമാണ്. അത് താരാശങ്കര്‍ ബാനര്‍ജി നോവലില്‍ മനോഹരമായി ആവിഷ്‌കരിച്ചു.

മൃതി എന്ന് പറയുന്ന വലിയൊരു വിഷയത്തെ കൈകാര്യം ചെയ്യുന്ന നോവലാണത്. അതിലാണ് ഞാന്‍ കൂടുതല്‍ ഫോക്കസ് ചെയ്തത്. മരണം എന്ന വിഷയമായിരുന്നു സിനിമയുടെ തീം. ജീവന്‍ മശായി മരണം പ്രവചിച്ച് നടക്കുന്ന ഒരു കഥാപാത്രമായിട്ടാണ് എന്റെ സിനിമയില്‍. പ്രവചനങ്ങളില്‍നിന്ന്‌ രക്ഷപ്പെട്ട ഒന്നുരണ്ട് കഥാപാത്രങ്ങളെ ഉള്ളു. ബാക്കി എല്ലാവരും മരിച്ച് പോകും. മരണത്തെ സ്വീകരിക്കണമെന്നുള്ള ഒരു കാഴ്ചപ്പാട്. മരണത്തെ ഫൈറ്റ് ചെയ്ത് തോല്‍പ്പിക്കാനുള്ള ഉളള ശ്രമം ചികിത്സയിലൂടെ നടത്തണം. പക്ഷേ, അത് സാധ്യമല്ലയെന്ന് തെളിഞ്ഞ് കഴിഞ്ഞാല്‍ അത് അംഗീകരിക്കുകയും വേണം. അത്രയേ ഉള്ളൂ ജീവിതം. മരണത്തെ വളരെ നിര്‍വികാരതയോടെ കാണുന്ന ഒരു കാഴ്ചപ്പാട്. സ്വന്തം മകന്‍ മരിക്കുമ്പോഴും അങ്ങനെ തന്നെയായിരുന്നു. വേദനയും ദു:ഖവുമുണ്ട്. പക്ഷേ, അതേ വേളയില്‍ ഭിഷഗ്വരന്‍ എന്ന നിലയില്‍ അതല്ല. ആ തീം മാത്രമാണ് ഞാന്‍ എന്റെ സിനിമയില്‍ നോക്കിയത്. മറ്റ് ഭാഗങ്ങളെല്ലാം അതില്‍ കോര്‍ത്തിണക്കാന്‍ പറ്റില്ലായിരുന്നു. മഹാഭാരതം പോലെയുള്ള ഒരു പുസ്തകമാ ഇത്.

സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ഒരുപാടുണ്ടല്ലോ. അവരുടെയൊക്കെ സഹായമുണ്ടായിരുന്നോ? ഇടപെടലുകള്‍ ഉണ്ടായിരുന്നോ?

സത്യം പറഞ്ഞാല്‍ അങ്ങനെ ഒരു സഹായം എനിക്ക് ഉണ്ടായിട്ടേയില്ല. നിര്‍മാണഘട്ടത്തില്‍ ഉപദേശങ്ങള്‍ ഒത്തിരി പേര്‍ തരാറുണ്ട്. പക്ഷേ, ആക്ടീവായിട്ടുള്ള ഇന്‍വോള്‍മെന്റിനുള്ള ഒരു സാഹചര്യമുണ്ടായില്ല. ഒരോരുത്തര്‍ അവരുടെ രീതിയില്‍ കഴിഞ്ഞുപോകുന്നുവെന്നല്ലാതെ നമുക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാക്കാന്‍ അന്ന് കഴിഞ്ഞില്ല. പക്ഷേ, എനിക്ക് സിനിമയുടെ കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ ഏറെയായിരുന്നു. അതിന്റെ പ്‌ളാനിങ്ങില്‍, സിനിമ കഴിഞ്ഞ് എന്താണെന്നുള്ള പ്‌ളാനിങ്ങില്‍, അപാകതകള്‍ ഉണ്ടായിരുന്നു. സിനിമയില്‍ വന്ന പാളിച്ചകള്‍ പോട്ടെ. ആ സിനിമ വീണ്ടും ചെയ്താല്‍ ഒത്തിരി മാറ്റങ്ങളുണ്ടായിരിക്കും. അനുഭവക്കുറവിന്റെ ഒത്തിരി കുഴപ്പങ്ങള്‍ അതിലുണ്ട്.

അതിന് ശേഷം സിനിമാ ആലോചനകള്‍ ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ നിര്‍മാതാക്കള്‍ വരെ ഉണ്ടായിരുന്നു. ഈ സിനിമ ചിലര്‍ക്കൊക്കെ ഇഷ്ടപ്പെട്ടിരുന്നു. പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനൊരു സാഹചര്യം ഉണ്ടായിരുന്നില്ല. അടുത്ത സിനിമ ഉടനെ ചെയ്യണമായിരുന്നു.ആ ഒരു മൂഡില്‍ തന്നെ എനിക്ക് ആലോചിക്കാമായിരുന്നു. പക്ഷേ, അതിന് മറ്റ് സാഹചര്യങ്ങള്‍ ഉണ്ടായില്ല. അതാണ് അത് നിന്ന് പോയത്.

ആലോചിച്ച വേറെ ഏതെങ്കിലും വര്‍ക്കുകള്‍ ഉണ്ടോ? അഡാപ്‌റ്റേഷന്‍ പോലുള്ളവ?

എനിക്ക് രണ്ട് മൂന്ന് തീമുകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. അതൊരു തിരക്കഥാരൂപത്തിലൊന്നും ആക്കിയില്ല. ഒരു പ്രത്യേക ബുക്കല്ല, ഒരാളുടെ ഗ്രന്ഥമൊന്നുമല്ല അതിന്റെ പശ്ചാത്തലം. ഡല്‍ഹിയെയും കേരളത്തെയും ബന്ധപ്പെടുത്തികൊണ്ട് ചില ഗ്രന്ഥങ്ങളുടെ ചില ഭാഗങ്ങളെയും ചില സംഭവങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള ഒരു സങ്കല്‍പ്പം ഉണ്ടായിരുന്നു. സിനിമയുടെ വാണിജ്യപരമായ തയാറെടുപ്പ്, മാര്‍ക്കറ്റിങ് മാത്രമല്ല, ചേരുവകള്‍, സിനിമയില്‍ വരേണ്ട കാര്യങ്ങള്‍ ഇതൊന്നും സങ്കല്‍പ്പത്തില്‍ ഇല്ലായിരുന്നു. നമ്മുടെ സങ്കല്‍പ്പങ്ങള്‍ വിജയിക്കുന്ന സിനിമയുടെ ഫോര്‍മുലയില്‍ പെടുന്ന ഒന്നല്ലായിരുന്നു. അതുകൊണ്ടുള്ള ഒരു മടിയുണ്ടായിരുന്നു. രണ്ടാമത്തെ സിനിമയില്‍ അത് ചെയ്യുമോ ഇത് ചെയ്യുമോ എന്നുള്ള സംശയങ്ങളും അങ്ങനെയൊക്കെ അത് നടക്കാതെ പോയി. പിന്നെ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു, ഇനിയൊരു സിനിമ എടുക്കുകയാണെങ്കില്‍ അത് കുറെ പേര്‍ കാണണമെന്ന്. അല്ലാതെ വെറുതെ തൃപ്തിക്ക് വേണ്ടി, ഒട്ടേറെ ബുദ്ധിജീവികള്‍ ചെയ്യുന്ന പോലെ, അത് കുറെപേരെ കാണിച്ചിട്ട് ചിത്രാഞ്ജലിയില്‍ പ്രിന്റ് കിടക്കുന്നതില്‍ കാര്യമില്ലല്ലോ.

സിനിമാ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ സിനിമാ സംവിധായകനിലേക്കുള്ള വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടോ?

ഞാനൊക്കെ സിനിമയില്‍ വരുന്നത് വരെ ആ കൂട്ടായ്മ സിനിമയില്‍ നിലനിന്നിരുന്നു. അരവിന്ദനും പത്മരാജനും പവിത്രനും രവിയുമെല്ലാം. ഇവര്‍ എല്ലാം ഒന്നിച്ച് സിനിമയെടുക്കാറുണ്ട്. എന്നാല്‍, അപ്പോഴേക്കും ആ കാലഘട്ടം അവസാനിച്ചിരുന്നു. അതിന് ശേഷം പവിത്രന്‍ സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയിരുന്നു. ഒരേ തൂവല്‍പക്ഷികള്‍ക്ക് ശേഷം രവി സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തി. ടിവി ചന്ദ്രന്റെ പഴയ, ഒരുപക്ഷേ, ആദ്യ സിനിമകളിലുള്ള കൂട്ടായ്മയൊന്നും പിന്നീടുള്ള സിനിമകളിലൊന്നും ഉണ്ടായിരുന്നില്ല. ചന്ദ്രന്‍ ചന്ദ്രന്റെ സിനിമയുമായി മുന്നോട്ട് പോയിരുന്നു.

പവിത്രനെ കുറിച്ച്?
പവിത്രനും സ്വന്തമായിട്ടുള്ള ബിന്ദുവിലേക്ക് തിരിച്ച് വന്നിട്ടുണ്ടായിരുന്നു. ഒന്നും ചെയ്യാനില്ലാതായപ്പോഴാണ് പവിത്രന് അരാജകത്വം വര്‍ധിച്ചത്. പവിത്രന് സ്വന്തമായ സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളുമൊക്കെയുണ്ടായിരുന്നു. ഇഷ്ടമുള്ളത് പോലെ അത് ആസ്വദിച്ച് പവിത്രന്‍ ജീവിച്ചു. അത് നിവൃത്തികേടുകൊണ്ടാണ്. അത് വേറെ വഴിയില്ലാഞ്ഞിട്ടാണ്.

ഇവരുടെയൊക്കെ കൂട്ടായ്മകളുടെ ആ കാലത്ത് ഏതെങ്കിലും സിനിമാ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ടായിരുന്നന്നോ?
ഞാന്‍ ആ സമയത്ത് ഡല്‍ഹിയിലായിരുന്നു. ഇവരൊക്കെയായിട്ട് പരിചയമുണ്ടായിരുന്നു. അടുപ്പമുണ്ടായിരുന്നു. അതിലെല്ലാവരും ഉണ്ടായിരുന്നല്ലോ. കാവാലമൊക്കെ. അഭിനേതാവായിരുന്നുവെങ്കിലും ഇതിന്റെ പ്രൊഡക്ഷനിനിലും ഇന്‍വോള്‍വ്ഡ് ആയിരുന്നു, നെടുമുടിവേണുവൊക്കെ. എല്ലാവരും കൂടിയുള്ള ഒരു കൂട്ടുണ്ടല്ലോ. പല തലമുറയിലുണ്ടായിരുന്നവരാണ്. ഇവരെല്ലാവരും ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്നു. പൂര്‍ണമായിട്ടും കമ്യൂണിസ്റ്റുകാരല്ലായിരുന്നുവെങ്കിലും പുരോഗമന ചിന്താഗതിക്കാരായിരുന്നു.

കമ്യൂണിസത്തില്‍നിന്ന് വഴുതിപ്പോവാതെ പറ്റില്ലായിരുന്നു

കമ്യൂണിസവുമായി എങ്ങനെയായിരുന്നു?

വൈകാരിക തലത്തില്‍ കമ്യൂണിസത്തെ ഉള്‍കൊള്ളാത്തവന്‍ ഒരു നല്ല മനുഷ്യനല്ല. മനുഷ്യസ്‌നേഹിയല്ല. പക്ഷേ, അത് ഒരു ആശയപരമായി പൂര്‍ണതയുള്ള ഒരു ഭരണ സംവിധാനമായോ ഒക്കെ കാണുന്നത് വിഡ്ഢിത്തമാണ്. എ ഈസ് എ എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞത് തന്നെയാണ് സത്യമായി വരിക. എ ഈസ് ബി എന്നാവില്ല. ഈ സോഷ്യലിസം എന്നുള്ള ഒരു കാഴ്ചപ്പാട് തന്നെ. രണ്ടാള്‍ കൂടിയാല്‍ എന്താ പറയുക, രണ്ടാള്‍ക്ക് രണ്ട് ഹൃദയമല്ലേ? രണ്ട് വയറല്ലേ? അതുപോലെ തന്നെയാണ് രണ്ട് മസ്തിഷ്‌കവും. അപ്പോള്‍ അത് ഒന്നാക്കാന്‍ പറ്റില്ല. ഒന്നാക്കാനുള്ള ശ്രമമാണ് കലക്ടീവ് മൈന്‍ഡ് എന്നുള്ളത്. അത് നടക്കില്ല. അത് സാധ്യമല്ല. പിന്നെ മറ്റൊന്ന് തുല്യരാകുക. അതും സാധ്യമല്ല. എന്റെ തുല്യനാവില്ല മറ്റൊരാള്‍. എന്നെ തുല്യനായി വേറെയൊരാള്‍ അംഗീകരിക്കണം. എനിക്ക് തുല്യതയില്ല. എന്നേക്കാള്‍ എത്രയോ പ്രതിഭാശേഷിയുള്ള വ്യക്തിയെ നമ്മളെങ്ങനെയാ തുല്യനായിട്ട് അംഗീകരിക്കുക.

എങ്ങനെയാണ് കമ്യൂണിസ്റ്റ് ഒഴുക്കില്‍നിന്ന് മാറിപ്പോയത്?

കമ്യൂണിസ്റ്റ് എന്നുള്ള ആശയവുമായി ഞാന്‍ വേര്‍പെട്ട് കഴിഞ്ഞിരുന്നു. കമ്യൂണിസം വ്യക്തി സ്വാതന്ത്ര്യത്തെ പരിഗണിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യം ഏറ്റവും ഭംഗിയായി ലോകത്ത് അനുഭവിക്കുന്നത് കമ്യൂണിസ്റ്റ് രാജ്യത്തിലല്ല, അമേരിക്കയിലാണ് എന്ന സത്യം മനസ്സിലാക്കി കഴിഞ്ഞു. അലക്‌സാണ്ടര്‍ സോള്‍ഷെനിത്‌സന്‍ ഉപദ്രവിക്കപ്പെടുകയും ഒക്കെ ചെയ്യുന്നത് റഷ്യയിലാണ് എന്ന് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു. അത് പാശ്ചാത്യ മാധ്യമങ്ങളുടെ വെറും കള്ള പ്രചരണമാണെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടത്തരം നമുക്കില്ല. ആ മാതിരി കഥകള്‍ മനസ്സിലാക്കി കഴിഞ്ഞു. നടക്കുന്ന കാര്യങ്ങള്‍ വെസ്റ്റേണ്‍ മീഡിയയിലൊക്കെ, ഇംഗ്ലീഷിലൊക്കെ വന്ന് കഴിഞ്ഞിരുന്നു.

പിന്നെ ബര്‍ലിന്‍ മതിലൊക്കെ. ഇത് തന്നെ അടിസ്ഥാനപരമായ ഒരു ചോദ്യമാണ്. പശ്ചിമബര്‍ലിനില്‍ നിന്നും ആര്‍ക്കും കിഴക്കന്‍ ബര്‍ലിനില്‍ പോകണ്ട. കിഴക്കന്‍ ബര്‍ലിനില്‍ നിന്നുള്ളവര്‍ക്കാണ് പശ്ചിമ ബര്‍ലിനില്‍ വരേണ്ടത്. അപ്പോള്‍, ഏതായിരിക്കും നല്ല രാജ്യം, സ്വാതന്ത്ര്യം തേടിയാണ് ഇങ്ങോട്ട് ചാടുന്നത്. ഇങ്ങനത്തെ ആയിരമായിരം ചോദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ ഉദിക്കുകയല്ലേ?

സ്‌നേഹത്തിനൊക്കെ അര്‍ഥമില്ലാതാകുന്നു. സിസ്റ്റം നിലനിര്‍ത്താന്‍ വേണ്ടിയിട്ട് വികാരങ്ങള്‍ ഇല്ലാതായിതീരുന്നു. പേര് പാടില്ല എന്നുളള നിബന്ധന. പേരുണ്ടെങ്കിലല്ലേ അയാള്‍ക്ക് സ്വപ്‌നമുണ്ടാകുകയുള്ളു. അച്ഛനും അമ്മയുമില്ല. കുട്ടികളെ ഉല്‍പാദിപ്പിക്കുക എന്നുള്ളത് ഒരു ജോലി മാത്രമാണ്. ബാക്കി സ്‌റ്റേറ്റ് നോക്കിക്കോളുമെന്നുള്ള കാഴ്ചപ്പാടുകളാണ്.

തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാലത്തായിരുന്നു താങ്കളുടെയും യൗവനം? അതിനോടുള്ള നിലപാട് എന്തായിരുന്നു?

അന്ന് നക്‌സല്‍ പ്രസ്ഥാനമൊക്കെ കേരളത്തിലുണ്ടാകുന്ന സമയമായിരുന്നുവല്ലോ. അവയൊക്കെ വളര്‍ന്ന് വരുന്ന കാലം. ഇവര്‍ മനുഷ്യരെ കൊല്ലുന്നവരാണ്. അത് തെറ്റാണ്. അങ്ങനെ പറയുന്ന പൊതു സമൂഹത്തിലാണ് ഞാന്‍ ജീവിച്ചത്. പക്ഷേ, ന്യായമായും എന്തിന് ഇവര്‍ കൊല്ലുന്നു. അജിതയെപോലുള്ളവര്‍ എന്തിന് ഇതിലേക്ക് പ്രവേശിക്കുന്നു. എന്ന് ചിന്തിക്കുകയാണ്. അതേ കാലഘട്ടത്തില്‍ തന്നെയാണ് നമ്മളീ കമ്യൂണിസവും പഠിക്കുന്നത്. അപ്പോള്‍ ഈ ആയുധമേന്തിയുള്ള വിപ്‌ളവം എന്ന കോണ്‍സപ്റ്റിന്റെ കാര്യമാണ്. എങ്ങനെ വേണം വിപ്‌ളവമെന്നതിന്റെ ഒരു കാര്യം. ആരാണ് വര്‍ഗ്ഗ ശത്രു. വര്‍ഗ്ഗ ശത്രുക്കളെയാണല്ലോ ഉന്‍മൂലനം ചെയ്യുന്നത്. അപ്പോള്‍ ഈ ജന്മി കുടുംബം എന്നുള്ളവര്‍ വര്‍ഗ്ഗശത്രുക്കളായി മാറുന്നു. കമ്യൂണിസ്റ്റുകാര്‍ ഇച്ചിരി ധൃതിയിലുള്ള സോഷ്യലിസ്റ്റുകളാണ്. നക്‌സലേറ്റുകള്‍ ഇത്തിരി ധൃതിയിലുള്ള കമ്യൂണിസ്റ്റുകാരാണ്.

അടിയന്തരാവസ്ഥക്കാലത്ത് ടിഎന്‍ജി എന്തെടുക്കുകയായിരുന്നു?

ഞാന്‍ വളര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരാവസ്ഥ ബാധിച്ചിട്ടേയില്ല. അന്ന് ഞാന്‍ ബി.എക്ക് പഠിക്കുകയാണ്. അടിയന്തിരാവസ്ഥയുടെ ഏറ്റവും തീവ്രമായിട്ടുള്ള ഘട്ടത്തില്‍ ഇതൊന്നും ബാധിക്കാത്ത, അങ്ങനെയൊരു പ്രശ്‌നമില്ലാത്ത, സ്ഥലത്താണ് ഞാന്‍ . ബാക്കിയുള്ള സ്ഥലങ്ങളിലാണ് അതു സംഭവിക്കുന്നത്. അടിയന്തിരാവസ്ഥ കഴിഞ്ഞ ഒരു കാലത്താണ ഞാന്‍ യൂനിവേഴ്‌സിറ്റി കോളജില്‍ വരുന്നത്. അപ്പോഴാണ് രാജന്‍ കഥകള്‍ഒക്കെ അറിയുന്നത്. രാജന്‍ കഥകള്‍ അതിന് മുമ്പ് തന്നെയുണ്ടായിരുന്നു. കേരളം പോലുള്ള ഒരു സംസ്ഥാനം അടിയന്തിരാവസ്ഥയെ എങ്ങനെ നേരിടുന്നു. അങ്ങനെയുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കി. അടിയന്തിരാവസ്ഥ, സ്വാതന്ത്ര്യം എന്നുള്ള ഒരു കാഴ്ചപ്പാടിന് ബലം നല്‍കി. മാധ്യമപ്രവര്‍ത്തകനാവാനുള്ള ഒരു പ്രധാനകാരണം ഈ സാഹചര്യങ്ങളാണ്. വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവുമൊക്കെ നിഷേധിക്കപ്പെടാന്‍ പാടില്ല എന്ന കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു വരുന്നുണ്ടായിരുന്നു.

ബ്രണ്ണന്‍ കോളജിലും സ്കൂള്‍ ഓഫ് ലെറ്റേഴ്സിലും പഠനം. നാലാമിടത്തിലും മാധ്യമത്തിലും എഡിറ്റര്‍. ഇപ്പോള്‍ ...