White Crow Art Daily

യാഥാര്ത്ഥ്യമായിരിക്കുക എന്നതല്ല

സംഭാഷണം-സുജീഷ് /സര്‍ജു

എന്താണ് കാവ്യാനുഭവം? ഭാഷയില്‍ പുതിയതെന്തെങ്കിലും അഴകോടെ അടയാളപ്പെടുന്നതാണോ? അനുഭവത്തെ, വിചാര വികാരലോകങ്ങളെ അല്ലെങ്കില്‍ മനോനിലയെ വിശേഷരീതിയില്‍ തൊടുന്നതോ?- കവിത സുജീഷുമയി എങ്ങനെയാണ് സംവദിക്കുന്നത്?

റെയ്മണ്ട് കാർവർ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: It’s possible, in a poem or a short story, to write about commonplace things and objects using commonplace but precise language, and to endow those things– a chair, a window curtain, a fork, a stone, a woman’s earring– with immense, even startling power. It is possible to write a line of seemingly innocuous dialogue and have it send a chill along the reader’s spine– the source of artistic delight. ഇവിടെ സാധാരണ വസ്തുക്കൾ, കാര്യങ്ങൾ എന്നത് എഴുത്തിന്റെയിടത്തെ പരിമിതപ്പെടുത്തലാണെന്ന കാര്യം ഉൾക്കൊണ്ടുതന്നെ പറയട്ടെ, ഒരു കവിതയിൽ ഇത്തരത്തിലൊരു അനുഭവം ലഭ്യമായാൽ അതെനിക്കൊരു അസ്സൽ കവിതയായി തോന്നാറുണ്ട്. എന്നിരുന്നാലും ഇതൊരു നിർവചനമായി കാണേണ്ടതില്ല എന്തെന്നാൽ കലയിലെ ഒരു കാര്യത്തിന് ഏതെങ്കിലും തരത്തിലുള്ള നിർവചനം/വ്യാഖ്യാനം നൽകുകയെന്നത് അബദ്ധം തന്നെയായിരിക്കും.

സാധാരണവും ചിരപരിചിതവും അതിനാൽതന്നെ സവിശേഷശ്രദ്ധയാകർഷിക്കാൻ സാധ്യതയില്ലാത്തതുമായ ശബ്ദത്തെയും അർത്ഥത്തെയും അസാധാരണമാക്കി മാറ്റാനാകുന്നതാണ് കാവ്യഭാഷയെന്നൊരു ക്ലാസിക് സങ്കൽപ്പത്തിൽ കൂടി വിശ്വസിക്കുന്നതിനാൽ, എഴുത്തിൽ അത് കഥയോ കവിതയോ എന്തുമാകട്ടെ ഭാഷാപരമായ അനുഭവം കൂടി സാധ്യമാക്കേണ്ടതുണ്ടെന്ന തോന്നലുമുണ്ട്. നമ്മുടെ ഭാഷയിൽ ‘കവിത തോന്നിക്കുന്ന’ എഴുത്തുകൾ നിരവധിയുണ്ടാകുമ്പോഴും സ്വന്തമായ ഒരു ഭാഷാശൈലിലേക്ക് അധികമാരും എത്തിപ്പെടുന്നില്ല. എഴുത്തിൽ തുടരുന്ന ഒരാൾക്ക് അത്തരമൊരു ഭാഷാശൈലിലേക്ക് സ്വാഭാവികമായും എത്തിപ്പെടാനാവും. വാക്യങ്ങൾ ശരിപ്പെടുത്തുന്നതാണ് കലയെന്ന് ചെഖോവ് പറഞ്ഞിട്ടുണ്ട്. അതുകൂടിയാണ് കലയെന്ന് വിശ്വസിക്കുന്നു.

tomas-transtromer_

വായിക്കുന്നയാളുടെ ഭാവനയുടെ ഇടപെടൽകൂടി ആവശ്യപ്പെടുന്ന കവിതകൾ എഴുതാനും വായിക്കാനുമാണ് എനിക്കിഷ്ടം. ഉദാഹരണത്തിന് റ്റൊമാസ് ട്രാൻസ്ട്രോമറിന്റെ ചില കവിതകളുടെ കാര്യത്തിൽ ആ കവിതകളുടെ ഇമേജുകളിൽ നിന്നും ഇമേജുകളിലേക്കുള്ള ഒഴുക്കിലൂടെ രൂപപ്പെടുന്നൊരു ഭാവഘടന, ആ ഇമേജുകളുടെ പരസ്പരബന്ധം കൂടുതൽ ആഴത്തിൽ കണ്ടെത്തുന്നതിലും അതിൽ നിന്നും കവിതയുടെ ഫിലോസഫിയിലേക്ക് എത്തിപ്പെടുന്നതിലുമാണ് കാർവർ പറഞ്ഞപോലുള്ള വായനാനുഭവം ലഭിച്ചിട്ടുള്ളത്. മേൽക്കൂര, അതേ വെയിൽ തുടങ്ങിയ കവിതകൾ ഞാൻ ഈ രീതിയിൽ എഴുതാൻ ശ്രമിച്ചവയാണ്. ഇപ്പറഞ്ഞതിനർത്ഥം ഇതേ രീതിയിലുള്ള വായന മാത്രമാണ് ആ കവിതകൾ അർഹിക്കുന്നത് എന്നല്ല, എല്ലാ കവിതകളും എല്ലാവരും ഒരേ രീതിയിലല്ല വായിക്കുക. വായിക്കേണ്ടത് അങ്ങനെയല്ലതാനും. വരികൾക്കിടയിൽ അല്ലെങ്കിൽ ഇമേജുകൾക്കിടയിൽ വായിക്കേണ്ടതില്ലെന്ന് കരുതുന്ന സഹൃദയരും ഉണ്ടാകാം. എഴുത്തുകാരും ചിലപ്പോൾ അങ്ങനെയെല്ലാം പറഞ്ഞേക്കാം. എന്നാൽ എനിക്ക് തോന്നുന്നത്, വാക്കുകൾക്കോ ഇമേജുകൾക്കോ ഇടയിൽ ഒളിഞ്ഞിരിക്കുന്നതോ അല്ലെങ്കിൽ അതിനപ്പുറമുള്ള അർത്ഥമണ്ഡലമോ കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങൾ കൂടിയാണ് കവിതയിൽ സൗന്ദര്യപ്രതീതി ഉളവാക്കുന്നതെന്നാണ്. കവി കണ്ട ഭാവന മാത്രം മതി സഹൃദയനെന്ന് തീരുമാനിക്കുന്ന കവിതയോട് വലിയ താല്പര്യമൊന്നും തോന്നാറില്ല. പ്രതിഭയുടെ കാര്യത്തിൽ തന്നോളം പോന്ന വായനക്കാരനെ തന്നെയാണ് കവി അഭിസംബോധന ചെയ്യേണ്ടതെന്നും തോന്നുന്നു.

ആവിഷ്കരിക്കപ്പെട്ടതും ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായവയിലുള്ള ഇഷ്ടവും വിശ്വാസവും കൊണ്ടാണോ കവിത ഒരു പ്രകാശന മാധ്യമമായത് ? അതോ അതില്‍ അതൃപ്തിയും അവിശ്വാസവുമുണ്ടോ ?

ഇതരകലകളെ ഉൾക്കൊള്ളാൻ കവിതയുടെ ക്രാഫ്റ്റിനുമാകും എന്നതാകാം കാരണം. ഇങ്ങനെ പറയുമ്പോൾ കവിതയുടെ ക്രാഫ്റ്റ് എന്നത് കൊണ്ട് ഞാനെന്താണ് ഉദ്ദേശിക്കുന്നതെന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്. എനിക്ക് കവിതയുടെ ക്രാഫ്റ്റ് എന്നാൽ: രൂപം (form), ഘടന (structure), താളം (rhythm), ഭാഷാശൈലി (language style) തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ് (കവിതയുടെ ക്രാഫ്റ്റ് എന്നതിൽ ഇവ മാത്രമല്ല, കാവ്യഗുണമുണ്ടാക്കാൻ ഉപയോഗിക്കാൻ അലങ്കാരങ്ങളടക്കം പലതും ഉൾപ്പെടേണ്ടതുതന്നെ). രചനാതന്ത്രമെന്ന് പറയാം. ഇതിൽ രൂപം ചിത്രകലയോടും, ഘടന പ്രത്യേകിച്ച് ആഖ്യാനഘടന സാഹിത്യത്തിലെ തന്നെ കഥയോടും, താളം സംഗീതത്തോടും കൂടുതൽ ചേർന്നു നിൽക്കുന്നവയായതിനാൽ ഈ കലകളുടെ ഘടകങ്ങളെ ഉൾക്കൊള്ളുവാൻ കവിതയ്ക്കാകുമെന്ന് വിശ്വസിക്കുന്നു— മറ്റു കലകൾക്കു കവിതയെ ഉൾക്കൊള്ളാനാകില്ല എന്നല്ല. എന്നാൽ എന്നെ സംബന്ധിച്ച് ഭാഷയിൽ പണിയെടുക്കാനാണ് കൂടുതൽ ഇഷ്ടം. ഭാഷയിൽ പ്രവർത്തിക്കുമ്പോഴുള്ള ഒരു രസം മറ്റൊരു കലാരൂപത്തിന് ഇണങ്ങുന്ന ഒരു ഇമേജറിയെ ആ കലയ്ക്ക് അസാധ്യമാംവിധം ഉപയോഗിക്കാൻ സാധിച്ചേക്കും എന്നതൊക്കെയാണ്. ഉദാഹരണത്തിന്:
വെയിൽ മായുമ്പോൾ
ഇരുട്ടെന്നു മൊഴിമാറ്റം ചെയ്യപ്പെട്ട
രാത്രിയുടെ നിഴലിൽ
അതേമരം,
ഒറ്റയ്ക്ക്.
എന്ന് എഴുതിയത് വായിക്കുമ്പോൾ നമ്മളിൽ രൂപപ്പെടാനിടയുള്ള ഒരു പെയിന്റിംഗ്, അതിലാകട്ടെ ‘രാത്രിയുടെ നിഴൽ’ എന്നത് ഭാഷ കൊണ്ടല്ലാതെ ചായം കൊണ്ട് നിർമ്മിക്കുക വലിയ വെല്ലുവിളിയാണ്.

sujeesh-nm

എങ്ങനെയായിരുന്നു വയനാട്ടിലെ  ജീവിത പരിസരം?

ഏതാണ്ട് 2002-വരെയുള്ള ബാല്യമാണ് വയനാട്ടിൽ ജീവിച്ചിട്ടുള്ളത്. ഇപ്പോൾ ആ നാടുമായി ഓർമ്മ കൊണ്ടല്ലാതെ മറ്റൊരു ബന്ധവും ഇല്ലതാനും. ദാരിദ്ര്യമാണ് അവിടെ കഴിഞ്ഞിരുന്ന നാളുകളിലെ ആ നാടിന്റെ പൊതുസ്വഭാവമായി അനുഭവപ്പെട്ടിട്ടുള്ളത്. എന്റെ ജനനകാലത്ത് ആവശ്യത്തിന് പണമുള്ള കുടുംബമായിരുന്നു ഞങ്ങളുടേതെങ്കിലും പിന്നീട് ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ എത്തിപ്പെട്ടു. ആ നാടിനെയും കാലത്തെയും ഓർക്കുമ്പോൾ എല്ലായിപ്പോഴും മുന്നിൽ തെളിയുന്ന ചിത്രം കൊഴിഞ്ഞ ഇലകൾ കൂട്ടിയിട്ട് കത്തിച്ച് അച്ഛച്ചനൊപ്പം ഞാനും പെങ്ങളും തീകായുന്നതാണ്. അച്ഛച്ചൻ, അദ്ദേഹം എനിക്കും പെങ്ങൾക്കും കഥകൾ പറഞ്ഞു തരുകയും ഒരുപാട് പുസ്തകങ്ങൾ വാങ്ങി തരുകയും ചെയ്യുമായിരുന്നു. പലകാരണങ്ങൾ കൊണ്ട് പിന്നീട് ആ നാട് വിടാൻ അച്ഛനും അമ്മയും തീരുമാനിച്ചു. എന്നാൽ അച്ഛച്ചന്റെയും അച്ഛമ്മയുടെയും തീരുമാനം അവിടെ തന്നെ തുടരാനായിരുന്നു. അന്ന് ഞാൻ വാവിട്ട് കരഞ്ഞിട്ടുണ്ട്, അതുപക്ഷേ ആ നാട് ഉപേക്ഷിക്കുന്നതിലുള്ള സങ്കടത്തിനേക്കാളേറെ അക്കാലമത്രയും ഞാനും പെങ്ങളും സൂക്ഷിച്ചു വെച്ചിരുന്ന പുസ്തകങ്ങളെല്ലാം അവിടെ ഉപേക്ഷിച്ചാണ് വരുന്നതെന്ന കാരണത്താലുമായിരുന്നു. പിന്നീട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു.

vishnuprasad

വർഷങ്ങൾക്ക് ശേഷം പിന്നെ ആ നാട് കാണുന്നത് വിഷ്ണുപ്രസാദ് വയനാട്ടിൽ വെച്ച് നടത്തിയ കാടിരുത്തം എന്ന കവിതാക്യാമ്പിൽ പങ്കെടുക്കുമ്പോഴാണ്. കാലമേറെ കഴിഞ്ഞിട്ടും ആ യാത്രയിൽ ആ നാട് വളരെ പരിചിതമായി അനുഭവപ്പെട്ടു. ഞങ്ങൾ മുമ്പ് കഴിഞ്ഞിരുന്ന വീട്ടിലേക്കുള്ള വഴി ബസിൽ വെച്ച് കണ്ടപ്പോൾ തിരിച്ചറിയാനായി. നേരെ മറിച്ച് കോഴിക്കോട്ടോ മലപ്പുറത്തോ ഞാൻ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലൂടെ പിൽക്കാലത്ത് സഞ്ചരിക്കേണ്ടി വന്നപ്പോൾ പലപ്പോഴും ആ നാടുകൾ അപരിചിതമായതായ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഭൂപ്രകൃതി വെച്ച് വയനാട്ടിൽ നിന്നും ഞങ്ങൾ ചുരമിറങ്ങുകയായിരുന്നു. എന്നാൽ അമ്മ പറയുക ജീവിതത്തിലേക്ക് നമ്മൾ കയറുകയായിരുന്നു എന്നാണ്. വായനയെ സംബന്ധിച്ചാകട്ടെ വയനാട് വിട്ടതിൽപിന്നെ പത്താം ക്ലാസ് കഴിയുന്നതുവരെ പാഠപുസ്തകമല്ലാതെ മറ്റൊരു പുസ്തകവും ഞാൻ വായിച്ചിരുന്നില്ല. പിന്നീട് ഒരു ഓണക്കാലത്ത്, ആദ്യമായി അച്ഛച്ചനും അച്ഛമ്മയും ഞങ്ങളെ കാണാനായി ചുരമിറങ്ങി വന്നു. തൊട്ടടുത്ത ദിവസം ഞങ്ങൾ താമസിച്ചിരുന്ന കൊണ്ടോട്ടിയിലെ വാടകവീട്ടിൽ വെച്ച് അച്ഛച്ചൻ മരിക്കുകയും ചെയ്തു.

കവിതയുടെ തുടക്കം ? എഴുത്തുവഴികള്‍, പ്രചോദനങ്ങള്‍ ?

എന്റെ ഓര്മ്മയിൽ ആദ്യമായി കവിത എന്ന പേരിൽ എന്തെങ്കിലും എഴുതിയത് വീടിനടുത്തുണ്ടായിരുന്ന ഗ്രന്ഥശാലയിൽ നിന്നും ക്രിസ്പിൻ ജോസഫിന്റെ ലാര്‍വ എ ന്ന പുസ്തകമെടുത്ത് വായിച്ചതില്പ്പിന്നെയാണ്. അതു വായിച്ചപ്പോഴുണ്ടായ ‘ഇങ്ങനെയെങ്കില് എനിക്കും എഴുതാമല്ലോ’ എന്ന ചിന്തയിൽ നിന്നാണു എഴുത്ത് തുടങ്ങിയത്. പിന്നീട് ബ്ലോഗിൽ നിരന്തരം എഴുതിക്കൊണ്ടിരുന്ന കാലത്ത് ബിംബകൽപ്പനയിലും ഭാഷാശൈലിയിലുമെല്ലാം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കെ.സച്ചിദാനന്ദന്റെയുമെല്ലാം സ്വാധീനമുണ്ടായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് കൂടിയാണ് ആ കവിതകളത്രയും വേണ്ടെന്ന് വെക്കേണ്ടിയും വന്നത്. ഇപ്പോഴാകട്ടെ എഴുത്തിലെ വായനയുടെ സ്വാധീനം മറ്റൊരു രീതിയിലാണ്, അതായത് ഒരു കവിതയോട് വല്ലാതെ ഇഷ്ടം തോന്നിയെന്നിരിക്കട്ടെ, അതുപോലൊന്ന് എഴുതാനായെങ്കിൽ എന്ന മോഹമുണ്ടായെന്നിരിക്കട്ടെ, അത്തരം സന്ദര്ഭങ്ങളില് ആ കവിതയുടെ രചനാതന്ത്രം എന്താണെന്നു കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്താറുള്ളത്.

krispin-jospeh

ഒരു ഉദാഹരണം പറയാം, ഫ്രഞ്ച് കവി ആർതർ റാമ്പുവിന്റെ സെന്സേഷന് എന്ന കവിത ആദ്യവായനയിൽ (Wyatt Mason-ന്റെ ഇംഗ്ലീഷ് പരിഭാഷയിലൂടെ) എനിക്ക് മനോഹരമായൊരു അനുഭൂതി നൽകിയ കവിതയാണ്. അതിന്റെ ഉള്ളടക്കം (content) തന്നെയാണ് പ്രധാന കാരണം, പക്ഷേ എന്നെ സംബന്ധിച്ച് സ്വന്തം കവിതയെ മറ്റൊരു കവിതയുടെ ഉള്ളടക്കം സ്വാധീനിക്കാനുള്ള സാധ്യത കുറവാണ്. എന്നിരിക്കെ അവയുടെ രചനാതന്ത്രം മനസ്സിലാക്കിയാല് ആ കവിത രസകരമായതിന്റെ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാന് സാധിച്ചേക്കും. ഇതാകട്ടെ എഴുത്തിനു ഗുണകരമാണെന്നാണ് അനുഭവം. ആ രീതിയില് ചിന്തിച്ചപ്പോള് ആ കവിതയുടെ രചനാരീതിയില് സങ്കീർണ്ണമായി ഒന്നുമില്ലെന്നാണ് തോന്നിയത്. കാര്യമിതാണ്— ഒരു കാര്യത്തെപറ്റി വിവരണം/വര്ണ്ണന നടത്തിയ ശേഷം അതിനെ കവിതയുടെ അവസാനത്തിൽ മറ്റൊന്നിനോട് ഉപമിക്കുക. കാലങ്ങളായി ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ രചനാതന്ത്രത്തിൽ എഴുതപ്പെട്ട അനവധി കവിതകളുണ്ട് നമ്മുടെ ഭാഷയിലും, ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. സച്ചിദാനന്ദന്റെ വിക്ക് ഒക്കെ ഉദാഹരണമായി കാണാവുന്നതാണ്. അതിനാൽ ആ രീതി എഴുത്തിൽ ഉപയോഗിച്ചേക്കാം എന്ന് തോന്നിയില്ല.

പറഞ്ഞുവന്നത് ഒരു കവിതയുടെ രചനാതന്ത്രം ഞെട്ടിക്കുമെങ്കിൽ ആ രീതിയിൽ എഴുതണമെന്ന ആഗ്രഹം ഉണ്ടാകാറുണ്ട്. അതേസമയം എനിക്ക് എഴുത്തിന്റെ ഉള്ളടക്കം രൂപപ്പെടുന്നത് ഇടപഴകുന്ന ചുറ്റുപാട്, കാലം എന്നിവയിൽ നിന്നുമാണെന്ന് തോന്നുന്നു. അതിനാൽ മറ്റൊരാളുടെ കവിതയുടെ ഉള്ളടക്കത്തിൽ നിന്നും സ്വാധീനം ഉള്ക്കൊണ്ട് കവിതയെഴുതാം അല്ലെങ്കിൽ എഴുതിയേക്കാം എന്ന് തോന്നാറില്ല. അതേസമയം ചില കവിതകൾ ഭാവനയെ വല്ലാതെയങ്ങ് ആവേശം കൊള്ളിക്കാറുമുണ്ട്. എഴുതാനത് പ്രചോദനമാകാറുമുണ്ട്.

പോകുംവഴി , എന്ന കവിത അഘ ഷാഹിദ് അലിയുടെ വരികളുമായാണ് തുടങ്ങിയിട്ടുള്ളത്. എന്തുകൊണ്ടാണ്?

അഘ ഷാഹിദ് അലിയെ വായിച്ചുകൊണ്ടിരുന്ന കാലത്ത് എഴുതിയ കവിതയാണ് പോകുംവഴി. ആ വായനക്കാലയളവ് ഏതാണ്ട് ആറു മാസമോ മറ്റുമോ ആയിരുന്നിരിക്കണം. അഘ ഷാഹിദ് അലിയെ കൂടാതെ സി.പി കവാഫിയെ അയിരുന്നു ആക്കാലയളവിൽ വായിച്ചിരുന്നത്. പിന്നീട് കവാഫിയെ മാറ്റിവെച്ച് പൂർണ്ണമായും അഘ ഷാഹിദിന്റെ കവിതയിൽ തന്നെ വായന തുടർന്നു. യുഎസ്എയിൽ ആയിരിക്കുമ്പോഴും കാശ്മീരുമായുള്ള അഥവാ വീടുമായുള്ള ആ കവിയുടെ ബന്ധം അയാളുടെ കവിതകളിലൂടെ എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഒരുപക്ഷേ മുകളിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞ വയനാട് അനുഭവം/ഓർമ്മ അതിനൊരു കാരണമാണെന്ന് വിശ്വസിക്കുന്നു.

akha

എന്നാൽ പോകുംവഴിയെന്ന കവിതയുടെ ഭാഗമായുള്ള ഭൂപകൃതി വയനാടിന്റേതല്ല. മറിച്ചത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഞാൻ കഴിഞ്ഞിരുന്നൊരു നാടിന്റേതാണ്. അവിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനങ്ങൾ പതിവുകാഴ്ചയായിരുന്നു. നേരത്തെ സൂചിപ്പിച്ചുവല്ലോ വയനാട് വിട്ടതിൽപ്പിന്നെ കാര്യമായ വായനയൊന്നും ഇല്ലായിരുന്നുവെന്ന്, കൊണ്ടോട്ടിയിൽ കഴിഞ്ഞ നാളുകളിൽ പ്രധാനവിനോദം സമീപത്തെ മൈതാനത്ത് ക്രിക്കറ്റും ഫൂട്ബോളും പട്ടംപറത്തലും ഒക്കെയായിരുന്നു. പോകുംവഴി എന്ന കവിതയിലെ ഇമേജുകളെല്ലാം അവിടെ നിന്നും ഉള്ളിൽ പതിഞ്ഞതാണ്. അഘ ഷാഹിദ് അലിയുടെ കവിതയിലും ഇത്തരത്തിൽ പല നാടുകളുടെ ഇടപെടൽ കാണാം. എന്റെ കാര്യത്തിൽ, ഇന്നോളം കഴിഞ്ഞ നാടുകളിലെ ആളുകളുടെ മുഖമൊന്നും ഓർമ്മയിലില്ല, എന്നാൽ ചില ലാൻഡ്സ്കേപ്പുകൾ ഉള്ളിൽ പതിഞ്ഞു കിടക്കുന്നുണ്ട്. അഘയുടെ വരിയിൽ നിന്നും ആ കവിത തുടങ്ങാൻ മറ്റൊരു കാരണം അതിന്റെ തുടക്കത്തിലെ വരികൾ എഴുതാൻ പ്രേരണയായത് അഘയുടെ ആ വരികളാണ് എന്നതുമാണ്

ആറ്റുരിന്റെ പോംവഴികള്‍ പ്രശസ്തമായൊരു കവിതയാണ്. വായിച്ചിട്ടുണ്ടെന്ന് കരുതുന്നു. അതില്‍ നിന്ന് സുജീഷിന്റെ പോകും വഴി എന്ന കവിതയ്ക്ക് ഒരു തുടര്‍ച്ച തോന്നുന്നുണ്ട്.

ആറ്റൂർ രവിവർമ്മയുടെ കവിതകൾ വായിച്ചിട്ടുണ്ട്. ഇതുവരെ അദ്ദേഹം എനിക്ക് പ്രിയപ്പെട്ട കവിയായി തോന്നിയിട്ടില്ല. പക്ഷേ ആറ്റൂർ കവിതയുമായി ചേർന്ന് നിൽക്കുന്നെന്ന് എന്റെ ഒരു കവിതയെ പറ്റി മറ്റൊരാൾ പറഞ്ഞത് കേട്ടിട്ടുണ്ട്. അതേ തുടർന്ന് ആറ്റൂർ കവിതകൾ വീണ്ടും വായിക്കുകയുണ്ടായി. എനിക്ക് തോന്നിയത് വാക്കുകൾ ഉപയോഗിക്കുന്നതിലുള്ള കണിശത മൂലം രൂപപ്പെടുന്നൊരു ഭാഷാശൈലിയാലാകാം അത്തരമൊരു തോന്നൽ ഉണ്ടാകുന്നതെന്നാണ്. പക്ഷേ, ആറ്റൂരിനെ വായിക്കും മുമ്പേ എഴുത്തിൽ ഞാൻ ആ രീതി സ്വീകരിച്ചിട്ടുണ്ട്. പോംവഴികൾ എന്ന കവിത ഇപ്പോൾ വീണ്ടും വായിച്ചു. പോകുംവഴി എന്ന കവിതയുമായി ശൈലീപരമായി ഒരു സാമ്യത കാണാൻ കഴിഞ്ഞു. നേരത്തെ പറഞ്ഞ കാരണത്തിനൊപ്പം ‘വഴി’ എന്ന വാക്കിന്റെ കവിതയിലെ വിന്യാസം കൊണ്ടുകൂടിയാകാം ആ സാമ്യതയെന്ന് തോന്നുന്നു.

ടി.പി. വിനോദ്, അടുത്തിടെ ഇങ്ങനെ എഴുതിയിരുന്നു:

വഴി, യാത്ര
എന്നീ രൂപകങ്ങളെ
എവിടെയെങ്കിലും
കൊണ്ടുപോയി
കളയാന്‍
പുറപ്പെട്ടതാണ്. [കോമ്പസ്]
ചങ്ങനാശേരി വേണ്ടെന്ന് വച്ചാലെന്താണ്?

എന്ന ലതീഷിന്റെ കവിതയും ഓര്ക്കുന്നു.

ടി.പി വിനോദിന്റെ കോമ്പസ്സ് എന്ന കവിതയുടെ കാര്യത്തിൽ വഴി, യാത്ര എന്നീ രൂപകങ്ങളെ കൊണ്ടുപോയി കളയാൻ ‘പുറപ്പെടുകയാണ്’. പുറപ്പെടുക എന്നത് യാത്ര തന്നെയാണ്, ഏതൊരു യാത്രയ്ക്കും എന്നപോലെ ഒരു വഴി അതിനുമുണ്ട്. കോമ്പസ്സ് ആയതിനാൽ ആ യാത്ര തുടങ്ങിയയിടത്ത് തന്നെ ഒടുങ്ങുകയും ചെയ്യും. ഇത്തരത്തിൽ വളരെ സങ്കീർണ്ണമായ വിരുദ്ധനിലയാണ് ആ കവിതയിൽ ചുരുൾ നിവർത്തുന്നത്. ലതീഷ് മോഹന്റെ കവിതയാകട്ടെ ഇതിന് ഏറെക്കുറേ സമാനമായൊരു കാര്യം കുറേക്കൂടി ‘ലൗഡ്’ അയാണ് പറഞ്ഞിരിക്കുന്നത്. അതാകട്ടെ തനിക്ക് ആവശ്യമില്ലാത്തത് വേണ്ടെന്ന് വെച്ചാലെന്താണ് എന്ന ചോദ്യം ഉന്നയിക്കുമ്പോൾ വിനോദിന്റെ കവിതയുടെ കാര്യത്തിൽ വേണ്ടെന്ന് വെക്കാൻ പോലും വേണ്ടെന്ന് വേക്കേണ്ട കാര്യങ്ങളെ ആശ്രയിക്കേണ്ട നിസ്സഹായാവസ്ഥയിലേക്ക് എത്തിപ്പെടുകയാണ്.

tpvino

എഴുത്തിന്റെ കാര്യത്തിൽ ഒരു കവിയ്ക്ക് എഴുതേണ്ട ഭാഷ, വാക്കുകൾ, ഇമേജുകൾ, രൂപകങ്ങൾ തുടങ്ങിയ എല്ലാ കാര്യത്തിലും തെരെഞ്ഞെടുപ്പിനുള്ള അവസരമുണ്ട്/ സ്വാതന്ത്ര്യമുണ്ട്. അരുൺ പ്രസാദിന്റെ കാര്യമെടുക്കാം അയാളുടെ കവിതയിൽ ബ്രേക്ക്അപ്പ് പാർട്ടിയും, വൺനൈറ്റ്സ്റ്റാൻഡും, പബും ഒക്കെയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കടന്നുവരുന്നു. അത്തരമൊരു ലൈഫ്സ്റ്റൈലുമായി പരിചയമുള്ള അയാളിൽ അത്തരം കാര്യങ്ങൾ കടന്നുവരുന്നതുപോലെയല്ല അത്തരമൊരു ജീവിതരീതി പരിചയമില്ലാത്ത എന്നെപ്പോലെ ഒരാളിൽ അങ്ങനെയൊന്ന് വരുന്നത്. അങ്ങനെ വന്നാൽ ചിലപ്പോൽ എഴുത്തിൽ അതൃപ്തി / കൃത്രിമത്വം തോന്നിയെന്നിരിക്കും. അതിനാൽ എന്റെ കവിതകളിൽ പലപ്പോഴും കടന്നുവരുന്ന വാക്കുകൾ/ബിംബങ്ങൾ ഒക്കെയും മുമ്പ് മലയാള കവിതയിൽ വന്നത് തന്നെയായിരിക്കാം. അതേസമയം എനിക്ക് അപരിചതമായ/കാലഹരണപ്പെട്ട വാക്കുകൾ/വസ്തുക്കൾ കവിതയിൽ കടന്നു വരാൻ സാധ്യതയുമില്ല. വിനോദിന്റെ കോമ്പസ്സ് പോലെ സങ്കീർണമായ ഭാവഘടനയുള്ള കവിതകളോട് പ്രത്യേക ഇഷ്ടവും ലതീഷിന്റെ ഈ കവിതയെ പോലെ ലൗഡ് ആയ കവിതകളോട് അനിഷ്ടവുമുണ്ട്.

latheesh

കവിതയിലെ പുതുമയെന്നത് വായനക്കാരന്റെ വ്യക്തിഗതമായ അനുഭവമാണെന്നാണ് തോന്നുന്നത്. അതിൽ എഴുത്തുകാരന് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ, പ്രത്യേകിച്ച് കാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നവ തന്നെ ഉപയോഗിക്കേണ്ടി വരുമ്പോൾ, അവയെ വേറിട്ട രീതിയിൽ കവിതയിൽ അവതരിപ്പിക്കുക എന്നത് മാത്രമാണ്. ഒരു സിനിമയിലെ ചില സീനുകൾ പറയാം, Eran Kolirin-ന്റെ The Exchange എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കോളേജ് അധ്യാപകൻ എന്നും ഒരേ രീതിയിൽ ജീവിതം തുടരുന്ന ഒരാളാണ്. ഒരു ദിവസം പതിവിന് വിപരീതമായി പകൽനേരത്ത് വീട്ടിലെത്തുമ്പോൾ ആ നേരത്തെ വീടകം അയാളിൽ പുതുമയെന്ന അനുഭവം ഉണ്ടാക്കുകയാണ്. അയാൾ എന്നും രാവിലെ കോളെജിൽ പോകുമ്പോൾ കാണുന്നതോ വൈകീട്ട് വീടെത്തുമ്പോൾ കാണുന്നതോ ആയ അകമല്ല ആ പകലിൽ അയാൾ അനുഭവിക്കുന്നത്, ആ ബോധമാണ് പുതുമയ്ക്ക് കാരണമാകുന്നത്. തൊട്ടടുത്ത ദിവസം എന്നും ഇറങ്ങുന്ന ബസ് സ്റ്റോപ്പിനു പകരം തൊട്ടപ്പുറത്തെ സ്റ്റോപ്പിൽ ഇറങ്ങി അയാൾ കോളെജിലേക്ക് നടക്കുന്നു. ഇത്തരം ചെറു കാര്യങ്ങളിലൂടെ അയാൾ തന്റെ ജീവിതത്തെ നവീകരിക്കുകയാണ്.

exchange-film

പറഞ്ഞുവന്നത്, കവിതയിലെ പുതുമ ഇങ്ങനെയും സാധിക്കാം എന്നാണ്. കാലങ്ങളായി ഉപയോഗിക്കുന്നതോ, ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോ ആയ കാര്യങ്ങളായിക്കൊള്ളട്ടെ അവ വേറിട്ട രീതിയിൽ കവിതയിൽ ആവിഷ്കരിക്കപ്പെടുമെങ്കിൽ എന്തെങ്കിലും വേണ്ടെന്ന് വേക്കേണ്ട ആവശ്യം വരുന്നില്ല. സഹൃദയനെ സംബന്ധിച്ച് തനിക്കു പരിചിതമായ ഒന്നിനെ മറ്റൊരു രീതിയിൽ നോക്കിക്കാണാനുള്ള ക്ഷണവുമായിരിക്കുമത്.

ഒരാൾ അയാളുടെ സംവേദനത്തെ (ഇതാണ് കവിത, ഇതാണ് കല എന്ന വിശ്വാസത്തെ) വിമര്‍ശനാത്മകമായി പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതിനു പകരം അളവുകോലാക്കിയാല്‍ അത് യാഥാസ്ഥിതികവും കാല്‍പ്പനികവുമായ ഒരു നിലപാടാവുകയല്ലേ ചെയ്യുക ?

അതൊരു തെറ്റായ നിലപാട് തന്നെയാകും എന്നതിൽ സംശയമൊന്നുമില്ല. അതേസമയം എന്താണ് കവിത അല്ലെങ്കിൽ കല എന്നതിനെ സംബന്ധിച്ച് ആർക്കെങ്കിലും തീരുമാനത്തിൽ എത്താനാകുമെന്നും തോന്നുന്നില്ല, പലർക്കും പലതാണ് കല/കവിത. അതങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഒരാൾക്ക് തന്നെ അയാളുടെ ജീവിതത്തിലെ പല കാലങ്ങളിലും ഈ സങ്കൽപ്പങ്ങൾ മാറുകയും ചെയ്യാം-ഇക്കാര്യത്തിൽ ഏറ്റവും നല്ലത് ഈ മാറ്റം തന്നെയാകണം. വിമർശനാത്മകമായ ചിന്തയിലൂടെയല്ലേ ഈ മാറ്റം സാധ്യമാകുകയുള്ളൂ.

നേരത്തെ റാമ്പൂവിന്റെ കവിതയുടെ കാര്യം പറഞ്ഞുവല്ലോ, അയാളുടേതായി ഞാൻ വായിച്ച രണ്ടാമത്തെ കവിതയായിരുന്നു അത്. പിന്നീടുള്ള വായനയിൽ ആദ്യ വായനയിൽ ലഭിച്ച ആ രസം നഷ്ടപ്പെടുകയും ചെയ്തു. ഒരു കാലത്ത് വായിച്ച് ഇഷ്ടകവിതകളായി മാറിയ പലതും സമീപകാലത്ത് തീരെ ഇഷ്ടമല്ലാത്ത കവിതകളായും മാറിയിട്ടുണ്ട്. നേരെ തിരിച്ചും സംഭവിക്കാറൂണ്ട്. അതിനർത്ഥം ആ കവിതകൾ മോശമായിരുന്നെന്നോ ഇപ്പോൾ ഇഷ്ടപ്പെടുന്ന കവിതകൾ മികച്ചതെന്നോ അല്ല. ഇതിനെല്ലാമുപരി, കവിത എന്നത് വൈയക്തിമായി അനുഭവിക്കാവുന്ന ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്. ശരിയാണ്, ആൾക്കൂട്ടത്തിലിരുന്ന് വായിക്കാവുന്ന/ആസ്വദിക്കാവുന്ന കവിതകളൂമുണ്ട്. ഇല്ലെന്നല്ല. പക്ഷേ എനിക്ക് തനിച്ചിരുന്നു മാത്രം ആസ്വദിക്കാവുന്ന കലാസൃഷ്ടികളോട് പ്രത്യേക താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ Andrei Tarkovsky പ്രിയപ്പെട്ട സിനിമാക്കാരനാണ്, Vashti Bunyan പ്രിയപ്പെട്ട പാട്ടുകാരിയുമാണ്.

.…എനിക്കായി-
യൊരു പക്ഷി
കയറുവാ-
നിട്ടുതന്നു
പാട്ടിന്റെ
നൂല്‍ക്കോണി.

ഞാനതും പി-
ടിച്ചു കേറി-
ക്കേറി… [ആരോഹണം, കെ. എ ജയശീലന്‍]

….കേൾക്കുന്നു 
ഒരിലയുടെ ശബ്ദം:
ഒരൊറ്റ വാക്ക്
ആവർത്തിച്ചാവർത്തിച്ച്.
നോക്കുമ്പോൾ
മറ്റിലകൾ തലയാട്ടുന്നു
അതേവാക്ക് ഏറ്റുപറയുന്നു.
പൊടുന്നനെ
മരച്ചില്ലയിളകുന്നു
കാറ്റില്ലാതെതന്നെ. [വാക്കേത്, സുജീഷ്}

അത്യുക്തിയെ നമ്മള്‍ ദീര്‍ഘകാലം ഭാവന എന്ന് ലാളിച്ചിട്ടുണ്ട്. അയഥാര്‍ത്ഥമായതിനെ ഭാവന എന്ന് കരുതുന്ന ഒരു നടപ്പ് രീതിയുമുണ്ട്. കവിതയിലെ മനോരാജ്യം വളരെ ചെറിയ ഒന്ന് .

രണ്ട് കവിതകളിലും അയഥാര്‍ത്ഥപരമായ ഭാവനയുണ്ട്. കവിതയിലെ യുക്തിയെന്നത്—ഞാൻ കരുതുന്നത്—അത് യാഥാര്‍ത്ഥ്യമായിരിക്കുക എന്നതിലല്ല മറിച്ച് കൃത്രിമമല്ലാതിരിക്കുക എന്നതിലാണ് നിൽക്കുന്നതെന്നാണ്. അത്യുക്തിയാകട്ടെ, സര്‍റിയലിസ്റ്റിക് എലമെന്റുകൾ ആയിക്കൊള്ളട്ടെ കവിതയിൽ അവയെ സ്വാഭാവികം എന്ന് തോന്നിക്കുന്നിടത്താണ് ഒരു കവി വിജയിക്കുന്നതെന്ന് തോന്നുന്നു. രണ്ട് കവിതകളും ദൈനംദിനജീവിത പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് അതിഭാവനയിലേക്ക് എത്തുന്നത്. അങ്ങനെ വരുമ്പോൾ ‘അതിഭാവന’ ഇവിടെ മുഴച്ചുനിൽക്കാതിരിക്കുന്നെങ്കിൽ കവിതയിലെ കൃത്രിമത്വം അനുഭവപ്പെടില്ലെന്നാണ് തോന്നിയിട്ടുള്ളത് .

arthur-rim
ആരോഹണം എന്ന കവിത വളരെപ്പെട്ടെന്ന് എഴുതിതീര്‍ക്കാനായ കവിതയായിരുന്നെന്ന് കെ. എ ജയശീലൻ പറഞ്ഞിട്ടുണ്ട്. വാക്കേത്? എന്ന കവിതയും എനിക്ക് അത്തരത്തിൽ പത്തോ പതിനഞ്ചോ മിനുറ്റിനുള്ളിൽ എഴുതാനായ കവിതയാണ്. സ്വതവേ എഴുത്തിനു കൂടുതൽ സമയമെടുക്കേണ്ടി വരുന്നുണ്ടെന്നിരിക്കെ ആ അനുഭവം നല്‍കിയ ആനന്ദം ചെറുതല്ല. അതെഴുതിയ ഉടൻ തന്നെ ഞാനത് ടി.പി വിനോദിനും കരുണാകരനും അയക്കുകയും ഇരുവരോടും എഴുത്തനുഭവത്തെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു.

ആളുകള്‍ ഒരേ സമയത്ത് പലകാര്യങ്ങള്‍‍ ചെയ്യാന്‍ ശീലിക്കുന്നതോടെ കവിതയിലേയ്ക്കുള്ള വഴി ഇടുങ്ങുമോ ?

കവിത എഴുതുന്നവരെല്ലാം കവികൾ ആവണമെന്നില്ല. കവിയായി ജീവിക്കുന്നതും ജീവിതത്തിൽ കവിതയെഴുതുന്നതും രണ്ട് കാര്യങ്ങളാണ്. ആളുകൾക്ക് ഒരേസമയത്ത് പല കാര്യങ്ങൾ ചെയ്യാൻ ശീലിക്കേണ്ടി വരുന്നത് കവിയായി ജീവിക്കുന്നതിനാണ് തടസ്സം നിൽക്കുന്നതെന്ന് ഞാൻ പറയും, കവിത എഴുതുന്നതിന് അതൊരു തടസ്സമല്ല. ടി.പി രാജീവൻ പറയുന്നത് കേട്ടിട്ടുണ്ട് അയാൾ വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ കവിയായി ജീവിച്ചിട്ടുള്ളുവെന്ന്. എന്നാലും അദ്ദേഹം ധാരാളം കവിതകളെഴുതുന്നു. അതേസമയം ആർ. രാമചന്ദ്രനെ പോലൊരു കവിയുടെ കാര്യത്തിൽ അദ്ദേഹം കവിയായി ജീവിക്കുകയായിരുന്നു. കവിയായി ജീവിക്കുന്നുവെന്നത് ഒരു മാനസികാവസ്ഥയാണ്, ഭാഷയിൽ മുഴുകലാണ്. അത്തരമൊരു അവസ്ഥയിൽ വളരെ എളുപ്പത്തിൽ തനതായ ഒരു ഭാഷാശൈലിയും കാവ്യദർശനവും വികസിപ്പിച്ചെടുക്കാൻ കവിയ്ക്ക് സാധിക്കുമെന്നാണ് വിശ്വാസം. അത്തരമൊരു അവസ്ഥയിലെത്തുകയെന്നതിനു ഈ കാലവും നമ്മുടെ ചുറ്റുപാടും വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. പിന്നെ പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ നിന്ന്, അവർക്ക് മലയാളത്തിൽ കവിയായി ജീവിച്ചതായി അനുഭവപ്പെട്ടിട്ടുള്ളത് ബാലചന്ദ്രൻ ചുള്ളിക്കാടും എ.അയ്യപ്പനും ഒക്കെയാണെന്നാണ്. എന്നായിരിക്കും അവർക്ക് കവിതയെഴുതി ജീവിക്കുന്നവരിൽ നിന്നും കവികളെ വേർതിരിച്ചറിയാൻ സാധിക്കുക?

jayaseelan

കവിതയിലേക്കുള്ള വഴി ഇടുങ്ങിയതായാലും ആ വഴിയിലൂടെ എങ്ങനെ സഞ്ചരിക്കുന്നു എന്നത് പ്രധാനപ്പെട്ടൊരു കാര്യമല്ലേ?. ‘ഇങ്ങനെയെങ്കിൽ കവിത എനിക്കും എഴുതാമല്ലോ’ എന്ന് ചെറുപ്പക്കാരിൽ തോന്നലുണ്ടാക്കുന്ന ഇന്നത്തെ കവികളിൽ മുന്നിൽ നിൽക്കുന്നത് നഗ്നകവിതകളെഴുതുന്ന കുരീപ്പുഴ ശ്രീകുമാറിനെ പോലെയുള്ള കവികളാണ്. വിഷ്ണുപ്രസാദ്, കുഴൂർ വിത്സൺ, കൽപ്പറ്റ നാരായണൻ തുടങ്ങിയ കവികളുടെ ഭാഷാശൈലികളും എളുപ്പത്തിൽ അനുകരിക്കാവുന്നത് തന്നെ. ചെറുപ്പക്കാരുടെ കവിതയിലേക്കുള്ള പ്രവേശനകവാടത്തിൽ ഇവരെല്ലാം ഉണ്ടായേക്കാം, എഴുത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കാം. എന്നാൽ എഴുത്തിൽ തുടരണം എന്നാണെങ്കിൽ, കവിതയുടെ വഴിയരികിലൂടെ ഒരു പോക്കങ്ങ് പോകുന്നത് മറ്റു പല ശീലങ്ങളിൽ ഒന്ന് മാത്രമായി അവരുടെ കവിതയെഴുത്തിനെ ചുരുക്കാനേ ഇടവരുത്തൂ. അങ്ങനെയങ്ങ് ഒരു പോക്ക് പോയിട്ടൊരു കാര്യവും ഇല്ലതാനും. കവിതയുടെ വഴി നടന്നുനീർക്കാൻ ആർക്കുമാകില്ല എന്ന് എസ്. ജോസഫ്. നേരെ മറിച്ച് കവിതയുടെ വഴിയറിഞ്ഞ്, വഴിയോരത്തുള്ളതെല്ലാം അനുഭവിച്ചാണ് ആ പോക്കെങ്കിൽ അത് മനോഹരമായിരിക്കും. കവിത എഴുതുന്ന ഒരാൾ വളരെ കുറച്ച് നേരത്തേക്കെങ്കിലും കവിയാകാനുള്ള സാധ്യത അവിടെയുണ്ടാകാമല്ലോ.

കുരീപ്പുഴ ശ്രീകുമാറും ,കല്‍പ്പറ്റ നാരായണനും,വിഷ്ണുപ്രസാദും, കുഴൂർ വിത്സണും, കവിതയിൽ ചെറുപ്പക്കാരുടെ സ്വാഗതകമാനമാണെങ്കിൽ അത് നല്ലതല്ലേ? എഴുതാനുള്ള പ്രചോദനം, ആവിഷ്കരിക്കാനുള്ള വിശ്വാസം ഒരാള്‍ക്ക് കിട്ടുന്നെങ്കിൽ അത് പ്രധാനമല്ലേ, അതിലയാളുടെ ഭാവി എന്തായാലും. ഇങ്ങനെയെങ്കിൽ എനിക്കും എഴുതാമല്ലോ എന്ന് ക്രിസ്പിനെ വായിച്ച് സുജീഷിനു തോന്നുന്നതും മേല്‍പ്പറഞ്ഞ കവികളെ വായിച്ച് മറ്റാളുകള്‍‍ക്ക് തോന്നുന്നതും തമ്മിൽ എന്താ വ്യത്യാസം ?

ഒരു വ്യത്യാസവുമില്ല, അതൊരു നല്ല കാര്യം തന്നെ. കവിതയിൽ അത്തരം ചിലരുടെ സാന്നിധ്യം അനിവാര്യവുമാണ്. പക്ഷേ ഒരാൾ ഒരേതരം എഴുത്തിൽ തന്നെ ഇഷ്ടം നിലനിർത്തുന്നത് താങ്കൾ തന്നെ നേരത്തെ സൂചിപ്പിച്ച പോലെ സംവേദനത്തത്തെ വിമർശനാത്മകമായി സമീപിക്കാത്തത് കൊണ്ട് കൂടിയാകുമല്ലോ. അത്തരമൊരു സ്വയം വിമർശനം കൊണ്ടല്ലേ നമുക്ക് വായനയിലും എഴുത്തിലും മാറ്റങ്ങൾ വരുത്താനും അതുവഴി പലതിലൂടെയും കടന്നു പോകാനും സാധിക്കുകയുള്ളൂ. പലതിലൂടെ കടന്നുപോയി രൂപപ്പെടുന്ന ഇഷ്ടവും തുടക്കത്തിലെ ഇഷ്ടവും തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയാതിരുന്നുകൂടാ.

kalpetta-narayanan

കൽപ്പറ്റ നാരയണന്റ കവിതകളുടെയും കുരീപ്പുഴ ശ്രീകുമാറിന്റെ നഗ്നകവിതകളുടെയും കാര്യത്തിൽ തോന്നിയിട്ടുള്ളത് അവ ഒരു ചിന്തയെ മാത്രമാണ് പലപ്പോഴും കേന്ദ്രമാക്കുന്നതെന്നാണ്. അവരുടെയൊക്കെ കവിതകൾക്ക് അതിന്റെ ചിന്തയുടെ രാഷ്ട്രീയവും സമൂഹികവുമായ മാനങ്ങൾ വിശകലനം ചെയ്ത് വായിക്കുന്ന വായനക്കാരെയായിരിക്കാം കൂടുതൽ ആവശ്യമെന്ന് തോന്നുന്നു. നേരത്തെ പറഞ്ഞുവല്ലോ, വായിക്കുന്നയാളുടെ ഭാവനയുടെ ഇടപെടൽകൂടി ആവശ്യപ്പെടുന്ന കവിതയാണ് എനിക്ക് കൂടുതൽ ഇഷ്ടമെന്ന്. അത്തരം കവിതകൾക്ക് ഒരുതരം subtleness ഉണ്ടായിരിക്കും. എഴുത്തിൽ എത്തിപ്പെട്ട ഒരാൾക്ക് വായന കൊണ്ട് എഴുത്തിൽ തുടരാനാകുമെന്ന് വിശ്വസിക്കാമെങ്കിൽ, അതിനു സഹായിക്കുക ഇത്തരത്തിൽ ഭാവനയെ ഉത്തേജിപ്പിക്കുന്ന കവിതകൾക്കാണെന്നാണ് തോന്നുന്നത്.

ദൈവം കൈ കഴുകുന്ന കടൽ, 100 അറബ് കവികൾ എന്നിവ കൃതികൾ.