രഗില സജിയുടെ കവിതകൾ
കവിതകൾ /രഗില സജി
മരണഘോഷം
മരിച്ചയാളിന്റെ
കല്ലറയിൽ നിന്ന്
കരച്ചിലും വാരിപ്പിടിച്ച് ആൾക്കൂട്ടം
അകന്നുപോയി
രാത്രി,വസ്തുക്കളിൽ നിന്ന്
വെളിച്ചം മായുമ്പോലെ
പതുക്കെ.
മരിച്ചയാൾക്കുള്ളിൽ നിന്ന്
ജനിച്ചനാൾ മുതൽക്കുള്ള ഈർപ്പം
മണ്ണിലേക്ക്
ചുരന്നു
ആളുകൾക്കുള്ളിൽ നിന്ന് വേർപ്പെട്ട
ഓർമ്മ അതേ രാത്രിയിൽ
അയാളെ കൂടുതൽ ശാന്തമായൊരുറക്കത്തിലേക്ക് വീഴ്ത്തി.
നെറ്റിമേൽ വരച്ചിട്ട
ദൈവത്തിന്റെ അടയാളം
പുഴുക്കൾ മറ്റൊരു വിധം മാറ്റി വരച്ചിടാൻ തുടങ്ങി.
എല്ലാ തെറ്റുകളിൽ നിന്നും
വേർപ്പെടുത്തിയെടുത്ത ദൈവമേ എന്ന്
ഉറക്കിലയാൾ പിറുപിറുക്കും.
പക്ഷിയുടെ ചിറകിൽ നിന്ന്
തൂവലെന്ന മാതിരി
മണ്ണിന് മോളിൽ നിന്നയാളുണ്ടായിരുന്നതിന്റെ ശ്വാസം
അടർന്നുകൊണ്ടിരുന്നു.
കല്ലറയ്ക്കുമേൽ ആളുകൾ
കുറേക്കാലത്തേയ്ക്ക് കൂടി
പൂവുകൾ നിരത്തി വച്ച്
പ്രാർത്ഥനകൾ തിളപ്പിച്ചു.
പ്രേമം പോലൊരു മണം
കുറേക്കാലത്തേയ്ക്ക് കൂടി അയാളെ ചുറ്റി.
പുഴുക്കൾ ചിത്രപ്പണി ചെയ്ത്
അഴുക്കിയെടുത്ത ശരീരം
വെള്ളമ്പോലെയൊഴുകി മണ്ണിനെ
നനച്ചു കൊണ്ടിരുന്നു
മരിപ്പിന്റെ ദൈവമേ എന്നൊരൊച്ച
അവസാനമായയാളെ തൊട്ടു പോയി.
അവസാനമായ് തൊട്ട
വിരലുകളുടെ ചൂടിൽ
ഒരിയ്ക്കൽ കൂടി അയാളൊന്ന് പിടഞ്ഞു.
മണ്ണിലേക്കഴിഞ്ഞ
മുറിവുകളിൽ നിന്നെല്ലാം
തുമ്പികൾ പാറി.
മരിക്കുമ്പോൾ മാത്രം സാധ്യമാവുന്ന
സ്വപ്നത്തിലയാൾ കുറേക്കൂടിയുയരം
പറന്നു നോക്കി.
മഹാവൃക്ഷങ്ങളിൽ
പൂവായോ പക്ഷിയായോ കിടന്നു.
വെള്ളത്തിൽ മീനായോ മഞ്ഞായോ
തണുത്തു
നട്ടുച്ചയിൽ മാനോ മറുതയോ ആയി
വെയിലിൽ വിയർത്തു.
പകലിരവു ഭേദമില്ലാതെ
ഒരാൾ മരണമാഘോഷിച്ചു കൊണ്ടിരുന്നു.
ചൽത്തേ ചൽത്തേ
മെരാ യേ ഗീത്
കുന്ന് കയറുമ്പോൾ
കിതപ്പിലും
നീ കിഷോർദയുടെ
പാട്ടുപാടി.
താഴ്ന്നു വന്ന മേഘങ്ങൾക്കുള്ളിൽ നിന്ന്
ഞാനിന്നലെ കണ്ട സ്വപ്നത്തിലെ
മാൻ കുഞ്ഞുങ്ങൾ
ചെവിയാട്ടി നിന്നു.
വെളിച്ചത്തിന്റെ ആയിരം
സൂചിക്കുത്തുകൾ
മരങ്ങൾക്കിടയിലൂടെ
മണ്ണിൽ ചിത്രപ്പണി
ചെയ്യുന്നുണ്ട്.
എത്ര തണലുപറ്റി
നടക്കാൻ ശ്രമിച്ചാലും
നമ്മൾ വെളിച്ചപ്പെടുന്നു.
നീ കിഷോർ ദായെ വിട്ട്
ജഗ്ജീത് സിംഗിലേയ്ക്ക്
കയറുന്നു
എന്റെ കാലുതട്ടി
ഒരുരുളൻ കല്ല്
താഴേക്ക് തെറിച്ചു.
കിതപ്പിന്റെ വായു
ഈണങ്ങളെ കയറ്റിക്കൊണ്ട്
കൂടുതൽ മോളിലേയ്ക്ക് നീങ്ങുന്നു.
വാദ്യങ്ങളൊക്കെയും ചമയ്ക്കാൻ
കാറ്റ് പണിപ്പെടുന്നതിൽ പിടിച്ച്
നമ്മൾ കുറേക്കൂടി മുകളിലെത്തുന്നു.
ഉയരം എന്ന ലഹരിയിലേയ്ക്ക്
തല നിറയെ പാട്ടുമായ്
നമ്മൾ ചെരിഞ്ഞു കയറുന്ന
ഒരു ചിത്രം
പിന്നാലെ വരുന്നവരുടെ
കണ്ണുകളിൽ കുത്തുന്നു.
മുകളിലേക്കെത്തിയാൽ
തീരും
ഈ കവിത
തീരും പാട്ടുകൾ
തീരും കിതപ്പ്.
ഒന്നും തീരാതിരിയ്ക്കാൻ
നമുക്ക് കയറിക്കൊണ്ടിരിയ്ക്കാം.
കിതച്ചു കൊണ്ടിരിക്കാം
പാടിക്കൊണ്ടിരിക്കാം
“ചൽത്തേ ചൽത്തേ
മെരാ യേ ഗീത്
യാദ് രഖ്നാ… ”