White Crow Art Daily

രഗില സജിയുടെ കവിതകൾ

കവിത /രഗില സജി

തീവണ്ടി കടന്നു പോയതിൽ

 പാളം ചുരുണ്ട് കിടക്കുമ്പോൾ

അതിനെ നിവർത്താൻ പോന്ന

ഒരു തീവണ്ടി കടന്ന് പോകുന്നുണ്ട്.

പിന്നെ സമയം തെറ്റിയും വൈകിയും

പലത് കടന്ന് പോയി.

ഞാനിരിക്കുന്ന പ്ലാറ്റ്ഫോമിൽ

ഒരു വണ്ടിക്കും സ്റ്റോപ്പില്ല.

അങ്ങിനെയല്ല ,ഇതൊരു

പ്ലാറ്റ്ഫോമേ അല്ല, സ്റ്റേഷനുമല്ല.

കുറച്ച് സിമൻറ് ബഞ്ചുകൾ നീണ്ടു കിടക്കുന്നതിൽ ഞാൻ, ഒരു നായ, ഒരു പത്രക്കെട്ട്, ഒരു പേനക്കച്ചോടക്കാരൻ,

ഒരു ഹാർമോണിയം,

ഒരു പ്രാന്തൻ അങ്ങനെ

പലരായി ഇരിക്കുന്നെന്നേയുള്ളൂ.

ഇരിക്കുന്ന ഞാൻ പിന്നീട്

കിടക്കുകയോ പത്രം വായിക്കുകയോ ചെയ്തേക്കാം.

നായ പ്രാന്തന്റെ സഞ്ചിക്കരികിലോ

ഹാർമോണിയത്തിന് ചോട്ടിലേക്കോ

അതിനെ മാറ്റിയിരുത്തും.

പേന കച്ചോടക്കാരൻ

പേനകളോരോന്നെടുത്ത്

പൊടി തട്ടുകയോ

കവിതകളെഴുതുകയോ ചെയ്തേക്കാം.

ഇവിടം ഒരു സ്റ്റേഷനില്ല

ഒരു വണ്ടി പോയതിന്റെ ഒച്ചയുണ്ട്.

ആളുണ്ട്,

അപായമുണ്ട്.

നമ്മൾ ഇരുന്നും കിടന്നും മാറിയിരുന്നു

ഇതേയിടത്ത്.

പല വണ്ടികൾ മറന്നിട്ട ചരക്കുകൾ

നമ്മളെ മണത്തേക്കാമെന്ന കരുതലിൽ.

കടന്ന് പോയ വണ്ടികൾക്കെല്ലാം

നമ്മുടെയിരിപ്പിലെ

നീളമാണല്ലേ, പാളത്തിലെ

നമ്മുടെ കിടപ്പിന്റേതെന്ന പോലെ!

കാടാവൽ

 കാട് അതിന്റെ ശരീരം

അഴിച്ച് വക്കുന്നു.

ഉറവകളെ ഉരിഞ്ഞിടുന്നു.

എനിക്ക് പാകമുള്ള ഒരു കുപ്പായം കണക്കെ കാട് എന്നിലേക്കാവേശിച്ചു.

ഞാനിപ്പോൾ മരം, കിളി, കൂട്,

മൃഗം, ഗുഹാന്തരം,ഇര, ഇരുട്ട്,

കാട്ടാറ്, കാട്ടു തേൻ,

ഉരഗഗോത്ര,മതിന്റെ വിഷം .

കാട്ടുവാസികള,വരുടെ ലിപിയില്ലാ ഭാഷ.

ഉൾവനമതിന്റെ, യൊച്ചകൾ .

എന്റെ മേൽ

പറ്റിപ്പിടിച്ച

ചീവീടുകളും വവ്വാലുകളും

രാത്രിതീരെ

വെളിച്ചത്തിലേക്ക് നടക്കുന്നു.

സിംഹികൾ വീടുകൾ കണ്ടതിലേക്ക് തുഴയുന്നു.

എനിക്ക് ശരീരം

നഷ്ടമായേക്കുമെന്ന

വിഷമം ഒരു വിധത്തിലുമെന്നെ

ഞാനാക്കാതെ കാടോളമാക്കിയാൽ

മതിയാവുമേ….

ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ

ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ

എങ്ങിനെയാണ് മായ്ച്ച് കളയുക.

വർത്തമാനത്തിന്നിടെ

കൊഴിഞ്ഞു വീണ മുടി പെറുക്കിക്കളഞ്ഞു.

ചായക്കോപ്പയിലൊട്ടിയ നിന്റെ

ചുണ്ട് തുടച്ചു നീക്കി.

കിടക്ക വിരിയിലെ നിന്റെ മണം

കുടഞ്ഞിട്ടു .

നീ മറിച്ചു നോക്കിയ പുസ്തകത്തിലെ

നിന്റെ വിരലുകൾ മടക്കി വച്ചു.

നീ പാകം ചെയ്ത വെടിയിറച്ചിയിൽ നിന്ന് കാട്ടുപന്നിയെ വനത്തിലേക്കയച്ചു.

നീ നട്ടതിൽ നിന്നും നനച്ചതിൽ നിന്നുമെല്ലാം

പൂവിനെ ,കായെ ഇറുത്തിട്ടു.

വീടിന്റെ ഗുഹ്യരോമങ്ങളിലൊട്ടിയ

നിന്റെ വഴുപ്പ് വടിച്ചിട്ടു.

അയയിൽ വിരിച്ചിട്ട എന്റെ വസ്ത്രം

പലയാവർത്തി നനച്ച് പിഴിഞ്ഞിട്ടു.

മുറികളവയുടെ അടിയുടുപ്പുകളാ റാനിട്ടു.

 

എങ്കിലും എങ്ങനെ മായ്ച്ചുകളയുമെന്റെ ഹൃദയത്തിൽ

നീയുണ്ടായിരിക്കുന്നതിന്റെയടയാളങ്ങൾ?

ഒരു കുന്ന്

കിടക്കയിൽ

മറിഞ്ഞ് വീണ ഒരു കുന്ന്

അതിനപ്പുറമിപ്പുറം ഞാൻ, നീ, മക്കൾ.

കുന്നിൽ നിന്നിറങ്ങിക്കന്നാലികൾ

നമ്മളിലലയുന്നു

മേഞ്ഞ് മടുക്കുമ്പോളവതിരികെപ്പോയി.

ഉറങ്ങുന്ന കുട്ടികൾക്കു മേൽ

കുന്നിലെക്കാറ്റ്

നിനക്ക് ചുറ്റും

കുന്നിന്റെ ശീതം.

കുന്നിൽ നിന്ന് മറിഞ്ഞ് വീണ

ഒരു വാഹനത്തിന്റെ ഹോൺ

കാതിൽ മുഴങ്ങിയപ്പോൾ

നീയെണീക്കുമോയെന്ന് ഞാൻ പേടിച്ചു.

അടുത്ത കിടന്ന നിന്നെയും മക്കളെയും

തിരിച്ച് കിടത്തി ഞാൻ

പുതപ്പൂർന്ന എന്റെ താഴ്വാരങ്ങളെ

ശബ്ദവുമുണ്ടാക്കാതെ

അവയുടെ ശ്വാസവുo ശരീരവും

ഇഴചേർത്ത് മുറിക്ക് പുറത്തേക്കയച്ചു.

നീയുണരുമ്പോൾ

ഉറക്കച്ചടവോടെ ഞാൻ

കട്ടിലിലിരിപ്പുണ്ടായേക്കാം.

മക്കൾ…. മഹാഗണിത്തണ്ടുകൾ,

അവരുറങ്ങട്ടെ.

 

കവിതയോളമെത്തുന്നത്

ശരീരമാകെ മുയലുകളെ

വളർത്തുകയാണവൾ

അവ മേലാകെ ഓടി നടക്കുന്നതിന്റെ

ഓളത്തിൽ മീനുകളെ പോറ്റുന്നുമുണ്ടവൾ.

മീനുകൾ കൊത്തുന്ന ഇടത്തേ മുലക്ക്

മുകളിലെ നീല മറുകിൽ

മന്ദാരം നട്ടിട്ടുണ്ടവൾ.

മന്ദാരം മണക്കുന്ന

ഒരു നദിയുടെ കരയിലാണവളുടെ വീട്.

വീടെന്ന് പറയുമ്പോൾ

ഉൾവലിഞ്ഞ് നിൽക്കുന്ന

ഒരു ലിംഗത്തിന്റെ അറ്റത്തേക്ക്

അവൾ തളർന്ന് വീണതിന്റെ

ഓർമ്മയാണ്.

ഓർമ്മ നിറയെ

അരക്കെട്ടിലെ

മടക്കുകളും അതിനു താഴത്തെ

കിഴുക്കാം തൂക്ക്

വാക്കുകളും ലിപിയില്ലാത്ത

പുരാതന ഭാഷകളുമാണ്.

ഭാഷകൾ നിറയെ

ഗുഹകളിൽ വസിക്കുന്ന അജ്ഞാത

മൃഗങ്ങളുടെ മെരുങ്ങാത്ത മണമാണ് .

മണമാവുന്നതിന്റെ

നേർമ്മയിൽ ഒരു വനം കനത്ത് നിൽക്കുന്നു.

 

ഉടലോളം ഉണ്മയുള്ള ഒരു കാട്

അതിന്റെ മുയലുകളെ മേയാൻ വിട്ട്

അവളോളമാകുന്നതിൽ

എത്ര ഭാഷാ വിന്യാസങ്ങളുണ്ട്

കവിതയോളമെത്തുന്നത്?

Paintings : Marc Chagall, Egon Schiele

മലപ്പുറം സ്വദേശി പെരിന്തൽമണ്ണ അൽസലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ അധ്യാപിക ഹരിതം ബുക്ക്സ് ...