White Crow Art Daily

രശ്മിയുടെ കവിതകള്‍

കവിത / രശ്മി കെ. എം

ഗന്ധങ്ങൾ

ആറുവയസ്സുകാരിയുടെ ഓർമ്മകളിൽ
എന്തെല്ലാം കൊതിമണങ്ങളാണു ഉണ്ടാവുക ?

പട്ടിണിയുടെ വറചട്ടിയിലേക്ക്
ഖലീഫ ഉമ്മര്‍ നീട്ടിക്കൊടുത്ത
ഒലീവും വെണ്ണക്കട്ടിയും

വ്ലാദിമിർ ലെനിനെ
ആദ്യമായി പരിചയപ്പെടുത്തിയ
ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിനു താഴെ കണ്ട
ഉണക്ക റൊട്ടി, ചുട്ട ഇറച്ചി.

റഷ്യൻ കഥകളുടെ വർണ്ണപുസ്തകങ്ങളിൽ
വിസ്മയം പോലെ വീണു കിടന്നിരുന്ന
വാല്യ, കോല്യ എന്നീ പേരുള്ളവർ മാത്രം
പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന
റാസ്ബെറി-സ്ട്രോബെറി-പ്പഴങ്ങൾ

അതിനും മുകളിൽ
നാലുമണിനേരത്തെ വിശപ്പിൻതീയിലിടാൻ
സ്കൂൾ വിട്ടു വരുമ്പോൾ
അമ്മ വാങ്ങിത്തരുമായിരുന്ന
കമലാബേക്കറിയിലെ ചുടുചൂടൻ റൊട്ടി.
ബസ്സിനകത്തെ അടുക്കിയ വിയർപ്പിൻവാടകളിലും
വഴിയുടെ ഓരം പിടിച്ച നടപ്പിലും
തുരുമ്പിച്ച വാതിൽപ്പൂട്ടു തുറക്കാൻ
അമ്മയെടുക്കുന്ന കാലതാമസത്തിലും
നൂലിട്ടു പൊതിഞ്ഞ കടലാസു പൊതിയിൽ നിന്നും
കോരിക്കുടിച്ച മണം, ചൂട്.

പിന്നീട്
മാമംഗലത്തെ റൊട്ടിക്കമ്പനിയിൽ
ഒരുമിച്ചു മൊരിഞ്ഞു ദേശം മണപ്പിച്ച
ലക്ഷം റൊട്ടികൾക്കും
തോല്പ്പിക്കാൻ പറ്റാതെ പോയത്.

ശരീരമേ ശരീരമേ…

വിഴുപ്പായി മാറിയ ശരീരം
ഇങ്ങനെ അലക്കാന്‍ തുടങ്ങി.

ഋജുവായ മുഴക്കോലിനാൽ
ജീവിതം വരഞ്ഞിട്ടവളേ
നിന്റെ എഞ്ചുവടിക്കണക്കിൽ
സത്യമായവയെത്ര?
കാണും വഴിയേ പോയിരുന്നെങ്കില്‍
വന്യവും ഭീതിദവുമായ സാധ്യതകളിൽ
കൂലം കുത്തിത്തകർന്ന്
കാട്ടുപഴങ്ങൾ നുകർന്ന്
മുള്ളുകളും കല്ലുകളും മേടി
എന്നും മുന കൂര്‍ത്തിരുന്നേനെ.
കൈത മണത്തേനെ
കാട്ടുജലനാഭികൾ ഉന്മത്തമാക്കിയേനെ
പകരം
വീര്‍ത്തുമടങ്ങിയ കൊഴുപ്പിന്‍ കൂടിനുള്ളില്‍
മൃതശ്വാസം ചെയ്യുന്നു.
നക്ഷത്രങ്ങള്‍ക്കു കീഴെ കിടന്നേനെ.
മഴയും മിന്നലും മത്സരിച്ചുമ്മ വച്ചേനെ
കാറ്റിൽ പറപറന്നേനെ
വേര്‍പ്പാറ്റാന്‍ ചാരിയിരുന്നാൽ കൂടി
ഉറങ്ങിപ്പോയേനെ.
ഇപ്പോഴിതാ
കണ്ണടച്ചും കര്‍ട്ടനിട്ടും വരിച്ച
സാങ്കല്‍പ്പിക രാവുകളിൽ
മുക്രയിടുന്ന യന്ത്രപാരവശ്യങ്ങളെ
ചെവിയടച്ചാട്ടിപ്പായിച്ച്
ഉറക്കമേ ഉറക്കമേയെന്നു ധ്യാനിക്കുന്നു.
വെണ്‍പൂ വിരിയിക്കുന്ന രാത്രികള്‍
പായല്‍മണമുള്ള നട്ടുച്ചകള്‍
പുല്‍ച്ചെടികള്‍ പൂഴിപ്പരപ്പുകള്‍
മരച്ചുവടുകള്‍, പാറയിടുക്കുകള്‍,
പുഴ, മഴ
എവിടെയും ജീവിച്ചിരുന്നേനെ.
പ്രണയം തോന്നുന്നവരെ മാത്രം
ഇണയാക്കിയേനെ
ഹാ. ഒരേ മുറിച്ചുവരുകൾക്കുള്ളിൽ
വീണുപോകുന്ന ഉറക്കത്തില്‍നിന്നു
വിളിച്ചുവരുത്തുന്ന വികാരങ്ങൾക്ക്
എന്നും ഒരേ സോപ്പ് മണം
പെറ്റും പാലൂട്ടിയും നിറച്ചേനെ
എന്റെ മക്കളേ…യെന്നു കരയുമ്പോള്‍
എണ്ണമില്ലാത്ത കുഞ്ഞിക്കയ്യുകള്‍
വന്നു പൊതിഞ്ഞേനെ….
തരിശുകിടന്ന ഗര്‍ഭപാത്രം വരെ
ഇപ്പോൾ കണക്കു തെറ്റിക്കാൻ തുടങ്ങുന്നു
കക്കൂസ് പോലെ
വിസര്‍ജ്ജ്യങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ
പരിഭാഷകള്‍ മാത്രം വായിച്ച
മനശ്ശാസ്ത്രം
ആലോചിച്ചു തല കുടയുമ്പോൾ
രതിജന്യവും അല്ലാത്തവയുമായ
ആസക്തികളുടെ പൊരിച്ചിലിലേക്ക്
വെള്ളം വെള്ളം എന്നു ശരീരം പിറുപിറുക്കുന്നു.
ശരീരമേ ശരീരമേ എന്നു മനസ്സു വാവിടുന്നു.

പറയാൻ മറന്ന…

നിന്റെയീ തിരക്കിന്നും തീർന്നില്ലല്ലോ
മുളകരച്ചും മീനുരച്ചും തേഞ്ഞ നഖങ്ങൾ
വിരലുകൾക്കെന്തു കടുപ്പം, കൈത്തണ്ടയിൽ
പിണഞ്ഞു പിടയുന്ന നീല ഞരമ്പുകൾ

എനിക്കൊരു ചായ..? ഞാൻ തന്നെയെടുത്തോളാം
നിനക്കുമൊന്നാവാം, കൊറിക്കാനായെന്തുണ്ട്
അടുപ്പിൻതിണ്ണയിലിരിക്കാം ഞാൻ, നീ
അഴുക്കു പാത്രങ്ങളൊതുക്കിത്തീരും വരെ

ഉച്ചയൂണ്‍നേരം ഓർമ്മിച്ചു നിന്നെ
മുളകുമൊരിച്ചിട്ട കടച്ചക്ക കേമം
മാമ്പഴക്കറിക്കിന്നും കണ്ണുവച്ചു സുധീർ

പുതിയ മാതൃഭൂമി ബാഗിലിരിപ്പുണ്ട്
ഒരു കഥ കൊള്ളാം, വായിച്ചു പറയണം
നമ്മുടെ ടാഗോറിൽ ഇന്നലെ പടം മാറി
ഒന്നിച്ചു പോകാം, ഒഴിവുനാളെത്തട്ടെ

ഇന്നിനിയെന്താ പണി, നാളേയ്ക്കുള്ള
പയറൊടിക്കാൻ ഞാനിരിക്കാം കൂടെ
ഇക്കുറി വോട്ടു നീയാർക്കു ചെയ്യും ?
ഇത്തിരി തർക്കിച്ചാലോ നിന്റെ പാർട്ടിക്കാര്യം

നിന്റെ ഉടുപ്പാകെ മങ്ങി, കീറലും വീണു
എന്തിനീ പഴന്തുന്നൽ ? വേറെ വാങ്ങാം
ചുമ വിട്ടില്ലല്ലോ ? മരുന്ന് തീര്ന്ന കാര്യം
പറയണ്ടേ ഞാൻ പോകാനിറങ്ങുമ്പോൾ?

ഈ പഴമേത്? നമ്മളാ കുഴിച്ചിട്ട
ചെറുവാഴത്തൈ അത്ര മുതിർന്നുവോ?
അറിയുന്നില്ല, കാലവേഗം കണ്ടു
ഭയമാകുമ്പോലെ, ചിരിക്കുന്നതെന്തിന് ?

വിളിച്ചുവോ നീയമ്മയെയടുത്തെങ്ങാൻ?
നിറയ്ക്കണ്ട കണ്‍കൾ, പോയിടാമീയാഴ്ച

മോന്റെയീ ചിത്രം നോക്കൂ, നല്ല ഭംഗി
നിന്റെ വിരലാണവന്,
അല്ല, നീ പടം വരയ്ക്കുമോ?

പ്രണയമാണെനിക്കിന്നും നിന്നോട്, മുടിക്കു
പ്രിയമാമതേ ഗന്ധം, കറുപ്പ്, മിനുസവും..
അരികിൽ കിടക്കു നീ, പാദങ്ങളിലൊരു
ചെറുമന്ത്രവാദം ചെയ്തു മയക്കിടാമിപ്പോൾ
തുറക്കാം ജനാലകൾ കാറ്റിലൂടെത്തട്ടെ, നീ
നിറയെത്തിരിയിട്ട ചെമ്പകത്തീനാളങ്ങൾ.

കുളവാഴകള്‍

നാട്ടിലെ പുരയിടത്തിലെ രണ്ടുനില വീട്
നഗരത്തിലെ ഒറ്റമുറിഫ്ലാറ്റിന്റെ
നിവര്‍ത്തിവച്ച സ്വപ്നമാണ്.
അതിന്റെ അകത്തളങ്ങളിണക്കാന്‍
വഴുക്കലും മിനുക്കവുമുള്ള
ടൈലുകള്‍ പണിയാന്‍ വന്നത്
വരാപ്പുഴക്കാരന്‍ ഒരു ചെറുപ്പക്കാരന്‍.
ആദ്യം കണ്ടത് അവന്റെ സ്വര്‍ണ്ണമാലയാണ്.
നെഞ്ചിലൂടൊഴുകുന്ന വിയര്‍പ്പിനെ
അതങ്ങനെ തുരുതുരാ ഉമ്മ വച്ചുകൊണ്ടിരുന്നു.

മെയ്പ്പണിയും കൈപ്പണിയും നോക്കി
കണ്ണെടുക്കാതെ നില്‍ക്കുമ്പോള്‍
അവന്‍ തലയുയര്‍ത്തിച്ചിരിച്ചു.
ഇവന്റെ ചിരി കുട്ടികളുടേതാണല്ലോയെന്ന്
എനിക്കു വെറുതേ ദേഷ്യം തോന്നി.
കുറേക്കൂടി പ്രായം കൂട്ടി ചിരിക്കരുതോ?
ഞാന്‍ നരവീണു തുടങ്ങിയവളും
ഇളയ കുഞ്ഞു മൂന്നില്‍ പഠിക്കുന്നവളും
ഇളകിയടര്‍ന്ന മേദസ്സുള്ളവളുമായിരിക്കേ
എന്നോടെന്തിനു കുട്ടുകളെപ്പോലെ ചിരിക്കണം?

തോര്‍ത്തുവീശി വിയര്‍പ്പുതുടച്ച്
അവന്‍ അരികില്‍ വന്നു.
“ഞാനാടോ, ജോണി, താമ്മറന്നോ?
നമ്മള് പള്ളീസ്കൂളില് ഒപ്പം പഠിച്ചതല്ലേ?”
അയ്യോ…ഞാനാകെ നാണിച്ചു പോയി.
ടൈലുകളേക്കാള്‍ തിളക്കമുള്ള അവന്റെ ദേഹത്ത്
ഞാന്‍ പിന്നെ നോക്കിയതു കൂടിയില്ല.

ഞങ്ങള്‍ രണ്ടില്‍ അടുത്തിരുന്നാണു പഠിച്ചത്.
വാപൂട്ടാതെ മിണ്ടുന്ന പെണ്‍കുട്ടികളെ
ടീച്ചര്‍ ആണ്‍കുട്ടികളുടെ ഇടയിലിരുത്തും.
അവനു ചൊറിയും ചുണങ്ങുമുണ്ടായിരുന്നു.
ഞാന്‍ തൊടാതെ അറപ്പോടെ നീങ്ങിയിരിക്കും.
അവന്‍ കുളവാഴയും മഷിത്തണ്ടും തരും.
നീലയും പിങ്കും വരയുള്ള ചോക്കു പെന്‍സിലും.
ചൊറിമണം ഞാനങ്ങു മറന്നു പോകും.

സ്കൂളിലേക്കുള്ള കുറുക്കുവഴിയിലാണ്
അവന്റെ വീട്.
മുറ്റത്തെ കൈത്തോട്ടില്‍ പച്ചയുടെ പരവതാനിയില്‍
വയലറ്റുപൂക്കള്‍ നീട്ടിപ്പിടിച്ച്
കുളവാഴകള്‍ നിറഞ്ഞു നില്‍പ്പുണ്ടാവും.
വെള്ളത്തില്‍ ഇറങ്ങിനിന്ന്
ഒരു പടര്‍പ്പിന്റെ വാലറ്റം
അവനെനിക്കു നീട്ടിത്തരും.
കുമിള പോലുള്ള അവയുടെ ഉദരങ്ങള്‍
ഞങ്ങള്‍ ചവിട്ടിപ്പൊട്ടിച്ചു രസിക്കും.

“ഞാനെട്ടാങ്ക്ലാസ്സീ നിര്‍ത്തി.
അപ്പനപ്ലയ്ക്കും മരിച്ച്.”
ജോണിക്കു ചിരിക്കാതെ സംസാരിക്കാനറിയില്ല, ഇപ്പോഴും.

“ഇന്നാള് കടവില മാഷ് ടോടെ പഠിക്കാന്‍ വരുമ്പ
ഞാന്‍ തന്നക്കണ്ട് ചിരിച്ചേര്‍ന്ന്. താങ്കണ്ടില്ലേരിക്കും…”
മാഷ് ടെയവിടെ പണയത്തിലിരിപ്പായിരുന്നു
അന്ന് എന്റെ എല്ലാ ചിരികളുമെന്ന്
ജോണിക്കറിയാന്‍ വഴിയില്ല.

മുറ്റത്തെ കൃത്രിമക്കുളത്തില്‍
താമരച്ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു.

കുളവാഴകള്‍ വളര്‍ത്തിയാ‍ലോ?

അച്ഛന്‍

സൈക്കിളില്‍ നിന്ന് മൊപ്പെഡിലേക്ക്
എത്തിയിരുന്നേയുള്ളൂ, മരിക്കുമ്പോള്‍.
വിരല്‍പ്പിടിയയയുമ്പോള്‍
മക്കളുണ്ടായിരുന്നു ചുറ്റിലും
വിട്ടുപോവല്ലേയെന്ന് ഉച്ചത്തില്‍ കരയാന്‍.
പതിനാലുകൊല്ലം പാഞ്ഞുപോയി.
അതിലും എത്രയോ മുമ്പേ
പിന്നിലാക്കിയിരുന്നു കാലം.
എങ്കിലും
പച്ചമരുന്നുവച്ചുകെട്ടിയ പഴയവണ്ടി പായിച്ച്
മത്സരിച്ചുകൊണ്ടേയിരുന്നു.
കാറ്റുപിടിച്ച ചെങ്കൊടിപോലെ
കുതിച്ചുകൊണ്ടേയിരുന്നു.

ഉറക്കമില്ലാതെ ഓര്‍ത്തു കൊണ്ടിരുന്നത് എന്താണാവോ .
“ആറാട്ടിന് ആനകള്‍ എഴുന്നള്ളി“യ ശേഷം
പാട്ടുകേട്ടിട്ടുണ്ടാവുമോ
കഥ വായിച്ചിരിക്കുമോ
വടക്കന്‍പറവൂര്‍ ഫിലിം സൊസൈറ്റിക്കപ്പുറം
സിനിമ സന്തോഷിപ്പിച്ചിരിക്കുമോ

മിച്ചം വന്ന പാര്‍ട്ടിനോട്ടീസുകളുടെ മറുപുറത്ത് എഴുതിനിറച്ചവ
വീണ്ടുമൊന്നു വായിക്കപ്പെടാതെ
ഒപ്പം തീപ്പെട്ടുപോയി.
കുതിര്‍ത്ത ചെളിമണ്ണില്‍ പാര്‍പ്പിച്ചിരുന്ന
മണ്ണിരകള്‍ നാടുവിട്ടു .
എങ്കിലും മേല്‍പ്പോട്ടു കുതിപ്പിച്ച മാവുകള്‍
പുളിമാങ്ങകളുടെ പച്ചച്ചിരിയോടെ
ചേര്‍ത്ത് പിടിക്കാറുണ്ടിപ്പോഴും

ദൂരദര്‍ശന്‍ പഴകാന്‍ തുടങ്ങിയിരുന്നു. .
കൈരളി കടലാസില്‍ പോലുമായിരുന്നില്ല.
നായനാരോടു ചോദിച്ചത് ഏഷ്യാനെറ്റായിരുന്നു.
സാറ്റലൈറ്റുകളെ പക്ഷെ, വേലിക്കകത്തു കയറ്റിയില്ല.
ഈ ലോകത്തു ജീവിച്ച് വിനോദിക്കുന്നതെങ്ങിനെയെന്ന്
ആനന്ദിക്കുന്നവരോടെല്ലാം കലഹിച്ചു.

പുതുമയെ അകറ്റിപ്പിടിച്ചിരുന്നു .
കമ്പ്യൂട്ടര്‍, ചുരിദാറുകള്‍…
ബീയേക്കു പകരം പക്ഷേ, ബീബീയേ മതിയെന്നു പറഞ്ഞു.
ബീബീയേ പഠിച്ചാല്‍ ആരായിത്തീരുമെന്ന് ഓര്‍ത്തിരിക്കുമോ?
നെറ്റും മൊബൈലും വിക്ഷുബ്ധമാക്കിയേനെ.
കൂടിക്കഴിഞ്ഞവര്‍ കൊടി താഴെ വച്ചപ്പോള്‍
നെഞ്ചു നിലച്ചു പോയേനെ.
ചൂടും ചിരിയും ഉമ്മകളും തന്നു തീര്‍ക്കാതെ
മിണ്ടാതെ പൊയ്ക്കളഞ്ഞുവെങ്കിലും,
ഒന്നോര്‍ത്താല്‍ നന്നായി.
എത്ര വട്ടം മരിച്ചേനെ ജീവിച്ചിരുന്നെങ്കില്‍

ചെങ്കൊടിയുടെ ഓളം വെട്ടലിന്നുള്ളില്‍
എവിടെയോ ഉണ്ടെന്നു ഇപ്പോഴും തോന്നിക്കാറുണ്ട്.
കാല്‍പ്പാദങ്ങളില്‍
നോവിന്റെ കുടമുടയ്ക്കുന്ന ജാലവിദ്യ കാട്ടി
കാവലിരിക്കുന്നതായി കാണാറുണ്ട്, ചില രാത്രികളില്‍.

നാടകം കാണാന്‍
ഒന്നാം നിരയില്‍ ഒറ്റയ്ക്കിരുത്തി,
പുറത്തേക്കു പോയതാവും ചിലപ്പോള്‍.
വരും,
ഇരുട്ടുമാത്രമുള്ള ഇടവഴികള്‍ താണ്ടാന്‍
പഴയ സൈക്കിളില്‍…

ചര്‍മ്മരോഗങ്ങള്‍

നീളന്‍ മുടിക്കാരാ..
ഇടയ്ക്കിടെ ഇങ്ങനെ നോക്കുന്നതെന്തിന്?
ഈ മഞ്ഞളിച്ച സന്ധ്യാനേരത്ത്
ദിവ്യമായി നീ സംഭവിപ്പിക്കാന്‍ പോകുന്നതെന്തെന്ന്
എനിക്കറിയാം..

ഞാന്‍ എളുപ്പം വളയുന്നവളാണെന്ന്
എന്റെ ശരീര രസതന്ത്രം
നിന്നോടു പറയുന്നുണ്ടാവാം
ലുബ്ധില്ലാതെ ചൊരിഞ്ഞുകളയാന്‍
പ്രണയ നാട്യങ്ങളോളം വിലകുറഞ്ഞ
മറ്റെന്തുണ്ടു ഭൂമിയില്‍?

കാല്‍നഖം മുതല്‍ മുടിത്തുമ്പുവരെ
ഞാന്‍ പേറി നടക്കുന്ന രഹസ്യങ്ങള്‍
നീ കണ്ടെടുക്കും വരെ:
എന്റെ ഭൂമിശാസ്ത്രത്തില്‍
നീ കപ്പലോടിക്കും.
ആദ്യയാത്രകളില്‍ മാത്രം കാണാന്‍ കഴിയുന്ന
എന്ടെ തോട്ടത്തിലെ മാമ്പൂക്കള്‍
നിന്നെ മദിപ്പിച്ചു കൊല്ലും.
നീറുന്ന ചുനപ്പു പോലും
ലഹരി പിടിപ്പിക്കും
മടക്കയാത്രയില്‍ പക്ഷേ, നീ തിടുക്കത്തിലായിരിക്കും;
നീറുകള്‍ കൂട്ടമായി പിന്‍തുടരുന്നതു പോലെ.

എന്നാലുമെന്ത്?
ആദ്യമായി പ്രണയിക്കുന്നവനെപ്പോലെ
നിന്റെ കണ്‍നിറയെ കൌതുകം.

മോഹിപ്പിക്കുന്നവയെങ്കിലും
സ്പര്‍ശങ്ങള്‍ക്കു കുലീനതയുടെ നാട്യം.
നിന്റെ ചോരപ്പാച്ചിലിലുണ്ട്,
വിലക്കുറവിനു ഒത്തുകിട്ടിയ
കളവുമുതലിനോടുള്ള ആക്രാന്തം.

മനസ്സടച്ചിട്ട്
ശരീരത്തിന്റെ മാത്രം കവാടങ്ങളിലൂടെ
ആണിനെ പ്രവേശിപ്പിക്കുന്നവളാണു ഞാന്‍.
ഒറ്റയ്ക്കാവുമ്പോഴും ഒളിച്ചാവുമ്പോഴും മാത്രമുള്ള
ആണിന്റെ ധീരത കണ്ടു രസിച്ചിട്ടുള്ളവള്‍.
ഓരോ സ്ഖലനത്തിനു ശേഷവും
നിരായുധനായിത്തീരുന്നവനെ കണ്ട്
ചിരിയടക്കിയിട്ടുള്ളവള്‍.
രതിമുര്‍ച്ഛ പോലും
അഭിനയിച്ചു ഫലിപ്പിക്കാനറിയുന്നവള്‍.

മഴക്കാലത്തു മാത്രം കവിഞ്ഞൊഴുകുന്ന കുളം പോലെ
മഹാശുഷ്കയാണു ഞാനെന്നു
നീ കണ്ടെത്തുന്ന ദിവസത്തോളം
ഞാന്‍ നിന്നെക്കൊണ്ടു കപടസത്യങ്ങള്‍ ഇടുവിക്കും.
നിന്നെ കരയിക്കും.
രതിയുടെ അമിട്ടുകൊട്ടാരത്തിലിട്ട്
അടിമപ്പണി ചെയ്യിക്കും.
നിന്റെ അത്താഴവും പ്രിയതമയും
വീട്ടിലിരുന്നു ആറിത്തണുക്കും.
പിന്നെ, നിന്നെ ഞാനായിത്തന്നെ ഉപേക്ഷിക്കും.

നീ എന്തറിയുന്നു, കഷ്ടം.
നിനക്കിപ്പോള്‍ ഞാന്‍
തരത്തിനു ഒത്തു കിട്ടിയ ഒരു പെണ്ണ്.
എനിക്കു നീ
എന്റെ ടെലിഫോണ്‍ പുസ്തകത്തിലെ
‘ടി’ എന്ന പേജിലെ
നാലാമത്തെ ഒരു തോമസ്.

Image  courtesy  google

രശ്മി. കെ.എം. എറണാകുളം പറവൂര്‍ സ്വദേശി. കവിയും ബ്ലോഗറും. ഹൈക്കോടതിയില്‍ അഭിഭാഷക. രാം ...