White Crow Art Daily

രാഷ്ട്രീയ സ്തംഭനത്തിനുള്ളിലെ കലാസഞ്ചാരം – വി.ജെ ജെയിംസിന്റെ ദ്രാക്ഷാരസവും നോർത്ത് 24 കാതവും

കലയും സാഹിത്യവും രാഷ്ട്രീയ സ്വരമുയർത്തുക മിക്കപ്പൊഴും പൊതുരാഷ്ട്രീയത്തെ മുഖ്യപ്രമേയമായി സ്വീകരിച്ചുകൊണ്ടായിരിക്കും. അതിൽ നിന്നു വേർപെട്ട് സമീപകാലത്ത് രാഷ്ട്രീയ സൂക്ഷ്മത പ്രകടമാക്കിയ ചലച്ചിത്രമായിരുന്നു നോർത്ത് 24 കാതം.

North-24-Kaatham-ആ ചിത്രം പശ്ചാത്തലത്തിൽ എവിടെയോ നിൽക്കുന്നു എന്നു തോന്നിപ്പിച്ച കഥയായിരുന്നു വി.ജെ. ജെയിംസിന്റെ ദ്രാക്ഷാരസം. വ്യക്തി / വ്യക്തികൾ എത്തിപ്പെട്ട അവസ്ഥകളുടെ ഉൾപ്പിരിവുകളെ സവിശേഷമായൊരു പ്രസന്നതയോടെ, ചെറു ചിരിയോടെ വിശകലനം ചെയ്യുന്ന രീതിയാണിത്. രാഷ്ട്രീയത്തിന്റെ സാമ്പ്രദായിക ഗൌരവമില്ല, പരിഹാസവും ഇല്ല.

വൃത്തിയെക്കുറിച്ച് കടുത്ത ശാഠ്യങ്ങളുള്ള ഒരാളെ, പൊതുഇടങ്ങളെല്ലാം തനിക്ക് ചെന്നിരിക്കാനാവാത്തവിധം മലിനമായിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാളെ, വ്യക്തി സമൂഹ ബന്ധത്തിലൂടെ പിന്തുടരുകയായിരുന്നു സിനിമ.സഞ്ചാരത്തിന്റെ എല്ലാമാർഗങ്ങളും തേടിക്കൊണ്ട്. എന്നാൽ എങ്ങനെയാണാളുകൾ സ്വന്തം ജീവിതത്തിനുള്ളിൽ ഒളിച്ചിരിക്കുന്നത് ? മരണം ആ താവളങ്ങളിൽ റെയ്ഡ് നടത്തുന്നതുവരെ തങ്ങളുടെ വ്യാജജീവിതം തിരിച്ചറിയാനാവാത്തത് എന്തുകൊണ്ടാണ്?- ഈ വഴിയ്ക്കുള്ള യാത്രയായിരുന്നു ദ്രാക്ഷാരസം(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 ഡിസംബർ 28). അത് നഗരികാണിക്കൽ എന്ന മരണാനന്തര ചടങ്ങിനെക്കൂടി മറ്റൊരു വിതാനത്തിലേയ്ക്ക് മാറ്റുന്നു.

Mathrubhumi Page

കടപ്പാട് : മാതൃഭൂമി ആഴ്ച്ചപ്പ്തിപ്പ്‌

തലസ്ഥാനത്ത് ഉദ്യോഗസ്ഥരായ, ഉപരി മദ്ധ്യവർഗ ജീവിതമുള്ള, ആത്മശുശ്രൂഷകളിൽ തത്പ്പരരായ, ഒരേപള്ളിയിലും ഒരേപ്രാർത്ഥനാ സംഘത്തിലുംപെട്ട, പാനോത്സവങ്ങളിൽ പതിവ് പങ്കാളികളായ സക്കറിയയുടെയും എബികുര്യന്റെയും സൌഹൃദമാണ് പ്രമേയകേന്ദ്രത്തിൽ. മരണം ഉടലിനെ ചണ്ടിയാക്കി ഉപേക്ഷിക്കലാകയാൽ ജീവിതത്തിന്റെ വീഞ്ഞ് ആവുന്നത്ര ഊറ്റണം എന്നവർ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ മരണത്തേയും ആഘോഷാവസരമാക്കുന്നു.എന്നാൽ പാലായിലേയ്ക്ക് മാറ്റം കിട്ടി കൂട്ടുപിരിഞ്ഞ സക്കറിയ തൊണ്ടയിൽ അർബുദം ബാധിച്ചു മരിക്കുന്നു. അതൊരു ബന്ദുദിവസമായിരുന്നു. സക്കറിയയുടെ അന്ത്യഭിലാഷ പൂർത്തീകരണത്തിനായി എബികുര്യൻ പാലായിലേയ്ക്ക് ബന്ദുദിനത്തിൽ യാത്രതിരിക്കുന്നു.

ബന്ദിനോട് പ്രധാനമായും മൂന്നുതരം കേരളീയ പ്രതികരണങ്ങളുണ്ട്. ബന്ദ്പ്രഖ്യാപിച്ചവരോട് അനുഭാവമുള്ള, ആ ദിവസത്തെ തങ്ങളുടെ രാഷ്ട്രീയ പ്രതിഷേധമായി കാണുന്നവരാണ് ഒന്നാം ഗ്രൂപ്പ്. രണ്ടാമത്തേത് തങ്ങളുടെ ജീവിത സാഹചര്യങ്ങളാൽ ആ ദിവസം യാത്ര അനിവാര്യമായവരുടേത്. മൂന്ന് ബന്ദിനോട് വിയോജിപ്പുണ്ടെങ്കിലും വേണ്ടത്രമുന്നൊരുക്കങ്ങൾ നടത്തി ആ ദിവസത്തെ ആഘോഷമാക്കി മാറ്റുന്നവർ. എന്നാൽ ഒരാൾക്ക് ഇതിൽ ഏതെങ്കിലും ഒരുവിഭാഗത്തിൽ സദാനിലയുറപ്പിക്കാൻ കഴില്ല. ഇതിൽ മൂന്നാം ഗ്രൂപ്പിൽ‌പ്പെട്ട എബികുര്യൻ രണ്ടാംഗ്രൂപ്പിലേയ്ക്ക് മാറുമ്പോഴുള്ള പ്രതിസന്ധിയാണ് കഥയെ നയിക്കുന്നത്.

ബന്ദുദിനത്തിലെ കള്ളുകുടിമാത്രമല്ല, പ്രാർത്ഥനാഗ്രൂപ്പിൽ പെട്ടവരുടെ ബന്ധുക്കളുടെ മരണം കൂടാൻ മദ്ധ്യകേരളത്തിലേയ്ക്കു നടത്തുന്ന യാത്രകൾകൂടിയും ഒരു തരം പിക്നിക്കും മദ്യകേരളയാത്രയുമാകുന്നുണ്ട്. സാമൂഹികതയ്ക്കും ആത്മീയതയ്ക്കും ഒരേപോലെ കാലുകുഴയുന്നതിന്റെ, അവ പാതിബോധത്തിൽ കെട്ടിപ്പിടിച്ചുനിൽക്കുന്നതിന്റെ ദൃശ്യം ജെയിംസിന്റെ വാക്കുകളിലുണ്ട്.
“ഒരു കുപ്പി നാടൻ കള്ള് മേരിജോർജ് അവരെക്കൊണ്ട് വി.എസ് വീണ്ടും ഏറ്റുമുട്ടലിന് എന്നു തലക്കെട്ടുള്ള ദിനപ്പത്രത്തിൽ പൊതിഞ്ഞു വാങ്ങിപ്പിക്കുകയും ചെയ്തു”- എന്ന ഒറ്റവരിയിൽ, മാധ്യമ വ്യാപാരം അജണ്ട നിശ്ചയിക്കുന്ന ഇന്നത്തെ പൊതുരാഷ്ട്രീയത്തെ കഥ ചുരുട്ടി വയ്ക്കുകയും ആഖ്യാനത്തിനുള്ളിൽ പല വാതിലുകൾ തുറക്കുകയും ചെയ്യുന്നു.
“തലസ്ഥാനത്തേക്കുള്ള ശേഷം ദൂരം താണ്ടുമ്പോൾ ജീവനുള്ള താറാവുകളും പുഴമീനുകളും കൈകാണിച്ച് വണ്ടിയിൽ കയറുകയും പപ്പും പൂടയും ചെകിളയും പറിച്ച് തങ്ങളെ മസാലപുരട്ടാൻ നിർബന്ധിക്കുകയും ചെയ്തു. തിരിച്ചെത്തുമ്പോൾ മനുഷ്യരും മൃഗങ്ങളും ചേർന്ന ഇരട്ടിഭാരം വലിച്ച് ഓടയിൽ നിന്നിലെ റിക്ഷാക്കാരനെപ്പോലെ ചോരതുപ്പാറായിരുന്നു വണ്ടി.” മനുഷ്യർ വലിക്കുന്ന റിക്ഷകളിപ്പോൾ നമ്മുടെ തലസ്ഥാനത്തില്ല. എന്നാൽ ഒരു വിഭാഗം മനുഷ്യരെ മറ്റൊരു വിഭാഗം വലിച്ചുകോണ്ടോടുന്നതിന്റെ, തളർന്നു ചോരതുപ്പുന്നതിന്റെ കാഴ്ചകൾ സാധാരണമാണ്.

Vj-jamesഒരു സിനിമയിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന രണ്ടു പേർ അപ്രത്യക്ഷരായി, പിന്നെ അവരുടെ ശബദം ചലച്ചിത്രത്തെ നയിക്കുന്ന പോലെയായിരുന്നു ഈ കഥയിലെ വഴിത്തിരിവ്. സക്കറിയ പാലായ്ക്ക് മാറ്റമായി പോയതിൽ പിന്നെ എബിയുമായുള്ള ഒത്തുകുടി നടക്കാതാവുന്നു.-
“ഞാനിത് ഗ്ലാസിലൊഴിച്ചിട്ടാ അങ്ങോട്ട് വിളിക്കുന്നേ..”
“എന്തൊരു പൊരുത്തം ഞാനിവിടെ ഒന്നാം പെഗിലേയ്ക്ക് ഐസിടുമ്പോഴാ എബീടെ ഫോൺ വന്നത്…”
ഇങ്ങനെ ഫോണിലൂടെയുള്ള ലഹരി, ഫോണിലൂടെയുള്ള രതി…കഥയിലേയ്ക്ക് വരുന്നു. ഏകാന്തയിലാണ് ഒരാൾ അയാളുടെ ഉള്ളിൽ പാർക്കുന്ന മറ്റുപലരേയും കൂടുതൽ പരിചയപ്പെടുന്നത് എന്നതിനാൽ സാമൂഹികമായ ഒളിത്താവളങ്ങളിൽ നിന്ന് വ്യക്തിയുടെ ആന്തരികമായ ഒളിത്താവളങ്ങളിലേയ്ക്ക് കഥ നീങ്ങുന്നു.

വ്യക്തതയില്ലാത്ത വാക്കുകൾ ഉരുണ്ടുകൂടിയ മേഘത്തണലിലിരിക്കുന്നവരാണ് എല്ലാ പാനോത്സവ സംഘങ്ങളും. അവർ നിർമ്മിക്കുന്ന അടി പതറിയ വാക്കുകളുടെ പുതിയ പദകോശം ശ്രദ്ധേയമാണ് “.രണ്ടാം പെഗിനേയും മൂന്നാം പെഗിനേയും ബന്ധിപ്പിക്കുന്ന സർഗാത്മകമായ ഇടവേളയിലായിരുന്നു സുപ്രഭാതത്തിനു സമാനമായി ഉച്ചനേരത്തു വന്ദനം പറയുന്ന സുച്ച എന്ന വാക്ക് കണ്ടുപിടിച്ച് അവർ പ്രയോഗത്തിൽ വരുത്തിയത് .”

പച്ചയ്ക്ക് ആരും ഒന്നും സംസാരിക്കുന്നില്ല. എന്നാൽ മനസെത്താത്ത വാക്കുകളുടെ ലോകവും അതിന്റെ ഭാഷയും വികസിച്ചു വരുന്നു എന്നത് ഈ കഥ അടയാളപ്പെടുത്തുന്നു. മദ്യത്തിൽ കുതിരുന്ന ആത്മവഞ്ചനകളെ ജീവിതത്തോടുള്ള പ്രതിഷേധം എന്നത് ന്യായീകരിക്കുന്നുമുണ്ട്.

നോർത്ത് 24 കാതം അവസാനം കൊടിനിവർത്തുകതന്നെ ചെയ്തു. എന്തിൽ നിന്ന് മാറി സഞ്ചരിച്ചുവോ അവിടേയ്ക്ക് തന്നെ അത് ചെന്നുവീഴുകയായിരുന്നു. എന്നാൽ എന്തതിയശമേ പാലാക്കാരുടെ ജീവിതം! എന്നൊരാൾക്ക് ദ്രാക്ഷാരസം വായിച്ചുപോകാം. മേൽ‌പ്പറഞ്ഞതൊന്നുമയാൾ ആലോചിക്കണമന്നില്ല. ഇങ്ങനെ സാധ്യമാക്കുന്ന ലാഘവമാണ് കഥയുടെ ആഖ്യാന ബലം. തൊണ്ടയിൽ പടർന്ന അർബുദത്തിന്റെ വേദനയമർത്തിക്കൊണ്ട് വ്യാജ ജീവിതത്തിന്റെ കുഴിമാടത്തിൽ കഥ അവസാനത്തെ പിടിമണ്ണ് എറിയുന്നു. മനസൊപ്പമില്ലാത്ത വാക്കുകൾ, മനസിൽ നിന്ന് വേർപെട്ട വാക്കുകൾ പ്രതിവിധിയില്ലാത്ത ക്യാൻസറായി മാരകമാം വിധം വളർന്നു പെരുകുമ്പോൾ ഒഴികഴിവിന്റെ പച്ച വിറകിന്മേൽ നമ്മുടെ ജന്മദീർഘമായ ശവദാഹം, എന്നെഴുതിയ കെ. ജി. ശങ്കരപ്പിള്ളയെ ഓർത്തുപോകുന്നു.

സർജു