രേഷ്മയുടെ കവിതകൾ
കവിത / രേഷ്മ .സി
വെള്ളം എന്നെ തിരികെ വിളിച്ചു
അരി കഴുകി അടുപ്പത്തിട്ട്
അരികെയുള്ള
അരുവി കാണാനിറങ്ങി.
നീരൊഴുക്കിന്റെ കരയിൽ
ഒരിക്കലെങ്കിലും ജീവിച്ചവരെ
അതെല്ലായ്പ്പോഴും
അതിഗൂഢമായി
തിരികെ വിളിക്കും
ആദിമമായ ഒരാർത്തിയിൽ
അരുവിക്കരയിലിരുന്നു.
കൈപ്പത്തിവീതിയിൽ
ചുവന്ന മീനുകൾ,
നൃത്തമല്ല,
നിർത്താതെയോട്ടം.
അടക്കമില്ലാത്ത
ഒരുൾത്തിളപ്പ്
എന്നോട്
തിരികെ പോവാൻ പറഞ്ഞു.
അരി വെന്ത്
അടുപ്പിന് ചുറ്റും
തിളച്ചുതൂവുകയായിരുന്നു.
അനുരാഗത്തിന്റെ ദിനങ്ങൾ
ആപ്പിൾമരങ്ങൾ വളരുന്ന മണ്ണല്ല.
എന്നിട്ടും
അക്കരെപ്പറമ്പെന്ന്
പറഞ്ഞുശീലിച്ച
പുഴക്കപ്പുറമുള്ള വളപ്പിലെ കാട്ടിൽ
ഞാനൊരു തൈ വെച്ചു.
കവലയിൽ കൂട്ടംകൂടിയിരുന്ന്
കടന്നുപോവുന്ന പെണ്ണുങ്ങളുടെ
അളവെടുക്കുന്ന ആണുങ്ങളിൽ
നിന്നെ കാണുന്നത്
തൽക്കാലം മറന്ന്
ആദ്യമായും ആത്മാർത്ഥമായും
ഒരു പ്രേമലേഖനവുമെഴുതി.
മഴക്കാലങ്ങളിൽ
മുറ്റത്തോളം വെള്ളം കയറുന്ന
പുഴക്കരയിലെ വീട്ടിൽ
ഓലക്കീറിലൂടാകാശം കണ്ട്,
പൊറുതികെട്ട്
രതിസ്വപ്നങ്ങളിൽ
അരയന്നങ്ങളെ വളർത്തി.
ഇടുപ്പിൽ
പെരുമ്പാമ്പുകൾ ചുറ്റുന്ന പോലത്തെ
ഉൾക്കിടിലമേ, പ്രേമമേ
എന്ന് വിളിച്ചത്
നിനക്ക് മനസിലായില്ലെന്ന് കരുതി.
അടുക്കളപ്പുറത്ത്
തനിയെ മുളച്ച കോവലുകൾ
പന്തലുകളിൽ പടർത്തി.
വെളുത്ത പൂവുകൾ കൊഴിഞ്ഞത്
പെറുക്കി.
അലക്കുകല്ലിൽ
അടിച്ചുതിരുമ്പുമ്പോൾ
അടിയുടുപ്പുകളോട്
അനുരാഗത്തിന്റെ ദിനങ്ങൾ
അടുത്തുവെന്ന്
അടക്കം പറഞ്ഞു.
മടുപ്പിന്റെ മുഷിഞ്ഞ മണമുള്ള
വിയർപ്പടിഞ്ഞ്
ഉറവുകളടഞ്ഞു.
തൈ തളർന്നു.
അയച്ച കത്തുകൾ മടങ്ങി.
അരയന്നങ്ങൾ അഴുകി.
അരയ്ക്ക് മുകളിലുള്ള
പാവം പിടിച്ച ഉടലിനെ
പാമ്പുകൾ വിഴുങ്ങി.
കോവലുകൾ കരിഞ്ഞു.
അരമതിലിലിരുന്ന്
അനുരാഗത്തിന്റെ ദിനങ്ങൾ വായിച്ചു.
അനുരാഗത്തിന്റെ ദിനങ്ങൾ വായിച്ചു.
അനുരാഗത്തിന്റെ ദിനങ്ങൾ വായിച്ചു.
കാരണവരുടെ വധു
കുടുക്കകളുമായി പെണ്ണുങ്ങൾ
കുന്നുകൾ കയറിപ്പോവുന്ന
കൊടുംവറുതിക്കാലത്ത്
കാരണവർ കല്യാണം കഴിച്ചു.
വരണ്ട മുടിയും
വിണ്ടുകീറിയ മടമ്പുകളുമുള്ള
ഞങ്ങൾ പെൺകുട്ടികൾ
കാരണവരുടെ വധുവിനെ
വട്ടംചുറ്റി നിന്നു.
വെയിൽ താഴും വരെ
ഞങ്ങളവരുടെ
തിളങ്ങുന്ന ഉടുത്തുകെട്ടും
കനക്കുന്ന ആഭരണങ്ങളും നോക്കി.
വീണുപൊട്ടിയതിന്റെ പാടുകൾ
കറുപ്പിച്ച കാൽമുട്ടുകൾ
അവരുടെ ചോന്ന സാരിയിലുടക്കി.
കാരണവരുടെ പെണ്ണിന്
കടൽനീല മുടി.
കടൽനീലമുടിയിലാകെ
കടുംമണമുള്ള പൂക്കൾ.
ഞങ്ങളിലിളയവളെ
മടിയിലെടുത്തിരുത്തി
കഥ പറയാൻ വാ തുറന്നപ്പോൾ
കാരണവരുടെ പെണ്ണിന്
മുടിപ്പൂക്കൾ പോലെ പല്ലുകൾ.
കളിമ്പം മാറാത്ത
കുഞ്ഞിപ്പെണ്ണുങ്ങൾ
കൈവളകളിൽ തൊട്ടു.
നീങ്ങിക്കിടക്കുന്ന
നെറ്റിച്ചുട്ടി
നേരെയിട്ടു.
രഹസ്യം പറയുമ്പോലവർ
ഞങ്ങളെ അടുപ്പിച്ചുപിടിച്ചു.
രഹസ്യമായി ഞങ്ങൾ
ചെവികൾ കൂർപ്പിച്ചു.
കാടിന്റെ നടുവിലെത്തിച്ച്
കൈവിടും പോലെയാണ്
പെൺകുട്ടികൾ മുതിരുന്നതെന്ന്
അവർ അടക്കം പറഞ്ഞു.
കടുവയുടെ ഒച്ചയെടുത്തു.
കരടിയുടെ നഖങ്ങൾ കാട്ടി.
കാടിനകം കണ്ട പോലെ
ഞങ്ങൾ കൂടിച്ചിരിച്ചു.
പറഞ്ഞുപറഞ്ഞ് ഇരുട്ടായി
അടുത്ത വീടുകളിലെ
ഞങ്ങളുടെ അമ്മമാർ
വിളിച്ചുവിളിച്ച് വരവായി.
ഓരോരാളായി ഒഴിഞ്ഞുപോവുമ്പോൾ
കാരണവരുടെ പെണ്ണിന്റെ
വല്യേ കണ്ണുകൾ ചെറുതായി.
കാരണവരുടെ മുറിയിലെ
വിളക്കണയും വരെ
ഞങ്ങൾ കുട്ടികൾ
വേറെ വേറെ വീടുകളിലെ
തീരെ ചെറിയ ജനലുകളിൽ
കണ്ണുവെച്ചിരുന്നിട്ടുണ്ടെന്ന്
തമ്മിൽ പറയണമെന്നോർത്തുകിടന്ന്
ഞാനുറങ്ങിപ്പോയി.
ചിത്രമെഴുത്ത് :പ്രേം ആർ. നാരായൺ