രോഗം മുതലാളിത്തത്തിന്റേതുകൂടിയാണ്
ആർ പി ശിവകുമാർ
തീവ്രമുതലാളിത്ത സാമ്പത്തിക നയങ്ങളാണ് കോവിഡ് 19 ഉടലെടുക്കാനും ഇതുപോലെ (ഭീഷണമായി) വ്യാപിക്കാനും ഇടയാക്കിയത് എന്നു പറഞ്ഞുകൊണ്ട് കോവിഡിനെതിരാ യിട്ടുള്ള യുദ്ധം,അതുമാത്രമായി പരിമിതപ്പെട്ടു നിൽക്കാതെ, തീവ്രമുത ലാളിത്ത സാമ്പത്തിക നയങ്ങൾക്കും എതിരായുള്ള ഒരു യുദ്ധമാക്കി, ആ യുദ്ധത്തിൽ അണിചേരാൻ പറ്റുന്നവരെ മുഴുവൻ അണിനിരത്തി മഹാമുന്നണി രൂപപ്പെടുത്താനുള്ള സന്ദർഭമാക്കി നമ്മൾ ഉപയോഗപ്പെടുത്തണം എന്ന് ഒരു ചോദ്യത്തിനുത്തരമായി എം എ ബേബി പറഞ്ഞ കാര്യം തമാശയായി പ്രചരിക്കുന്നതു കുറച്ചുദിവസം മുൻപ് കണ്ടിരുന്നു. രമേശ് ചെന്നിത്തലയുടെ ഒരേ സമയമുള്ള രണ്ടു പുസ്തകം വായന തമാശയാക്കിയതു പോലെ ‘തീവ്രമുതലാ ളിത്തം നിർമ്മിച്ച കോവിഡ് 19 വൈറസും’ ആളുകൾക്ക് ചിരിക്കാനുള്ള ഉപാധിയായി തീരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെപ്പറ്റി നേരത്തെ സ്വരൂപിച്ചു പൊതുബോധത്തിൽ സൂക്ഷിച്ചിട്ടുള്ള ധാരണകൾ പതിവുകളി കളിക്കുന്നു എന്നല്ലാതെ (കോൺഗ്രസുകാർ പുസ്തകം വായിക്കുമോ? കമ്യൂണിസ്റ്റുകാർക്ക് മുതലാളിത്തം പിന്നിൽ നിന്ന് ഇളിക്കാത്ത ദുരന്തങ്ങളേതെങ്കിലുമുണ്ടോ?) ഈ രണ്ടു കാര്യത്തിലും പരിഹാസത്തിനു പറഞ്ഞതുപോലെയുള്ള സ്കോപ്പൊന്നും ഇല്ല.
വായനക്കാർക്കറിയാം.പലപ്പോഴും രണ്ടു വ്യത്യസ്തപുസ്തകങ്ങൾ വായിക്കുന്നത് വായനയിലെ ഏകതാനത/ വിരസതമാറ്റാനുള്ള ഉപാധിയാണ്. ഗൗരവമായിട്ടല്ലാതെയുള്ള വായനയിൽ രണ്ടും മൂന്നും പുസ്തകങ്ങൾ സമാന്തരമായി നീങ്ങും. രമേശ് ചെന്നിത്തലയുടെ പ്രസംഗങ്ങളിലോ വാക്കുകളിലോ ഒന്നും പുസ്തകവായനയുടെ ലാഞ്ഛന കാണാനില്ലെന്നത് ശരിയാണ്.എന്നുവച്ച് രമേശ് ചെന്നിത്തല പുസ്തകം വായിക്കാറില്ലെന്നോ ഒരേ സമയം സമാന്തരമായി രണ്ടു പുസ്തകങ്ങൾ വായിക്കുന്നു എന്നു പറഞ്ഞത് അസംബന്ധമാണെന്നോ അർത്ഥമില്ല. അത് ഒരു തമാശയും അല്ല.

എം എ ബേബി പ്രത്യയശാസ്ത്രപരമായിട്ടാണ് കൊറോണരോഗത്തെ സമീപിച്ചത്. രോഗം ജീവശാസ്ത്രപരമായ കാര്യമായിരിക്കേ, അതിനെ സാമൂഹികവിശകലനത്തിനും അതുവഴി വർഗവൈരുദ്ധ്യത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാണിക്കാനുമുള്ള ഉപാധിയാക്കിയതുമാണ് ആളുകൾക്കിഷ്ടപ്പെടാതെപോയത്. കോവിഡിനെതിരെയുള്ള യുദ്ധത്തിന് രണ്ടു മുഖങ്ങളുണ്ടെന്നാണ് അദ്ദേഹം ഹ്രസ്വമായി പറഞ്ഞുവച്ചത്. ഒന്ന്, മനുഷ്യരുടെ ഐക്യപ്പെടലിന്റെയാണ്. കോവിഡിനടിപ്പെടുന്ന ഓരോ മനുഷ്യജീവനെയും രക്ഷപ്പെടു ത്താനുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെ ആളുകൾ അതാണ് ചെയ്യുന്നത്. പക്ഷേ അത് താത്കാലികമാണ്. രണ്ടാമത്തേത് ദീർഘ കാലാടിസ്ഥാനത്തിലുള്ളതാണ്. കോവിഡിന്റെ (അതുപോലെയുള്ള ഇനിയും ഭാവിയിൽ ഉടലെടുക്കുകയോ രൂപപരിവർത്തനം വരികയോ ഒക്കെ ചെയ്ത് വ്യാപിക്കുന്ന നാശകാരികളായ സൂക്ഷ്മജീവികളുടെ) വ്യാപനത്തെയും ഫലപ്രദമായ ചെറുത്തു നിൽപ്പിനെയും അവയുടെ നശീകരണത്തെയും അസാധ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ തീവ്രമുതലാളിത്തത്തിന്റെ സാമ്പ ത്തിക നയങ്ങൾ കാരണമാവുന്നുണ്ട്. അതിനെതിരെ ആശയപര മായ യുദ്ധത്തിലും നാം ഒപ്പം ഏർപ്പെടണം എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ.
ഉദാഹരണമായി ഒന്നാം ലോകയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റണം എന്ന് ലെനിൻ ആഹ്വാനം ചെയ്ത് അതു വിജയിപ്പിച്ച കാര്യം എടുത്തു പറഞ്ഞത്. 1918 ൽ ലെനിൻ, റഷ്യയിലെ യുവാക്കളുടെ പ്രതിരോധശേഷി മുതലാളിത്തരാജ്യങ്ങൾക്ക് അവരുടെ അഹങ്കാര സംരക്ഷണത്തിന് കിടങ്ങുകളിൽ പാഴാക്കാനുള്ളതല്ലെന്നു പറഞ്ഞത്, ആ ശക്തി അപ്പോൾ അവിടെ ബോൾഷെവിക് വിപ്ലവ ത്തിനാവശ്യമാണെന്നതുകൊണ്ടാണ്. സ്വാതന്ത്ര്യ സമരകാലത്ത് ആർ എസ് എസ് നേതാവ് ഗോൾവാർക്കറും ഇന്ത്യൻ യുവചൈതന്യം വിദേശശക്തികൾക്കുവേണ്ടി പാഴാക്കാനുള്ളതല്ലെന്നും ഇന്ത്യയുടെ ആഭ്യന്തരശത്രുക്കളെ നേരിടാനായി കരുതി വയ്ക്കാനുള്ള താണെന്നും ആഹ്വാനം ചെയ്തിരുന്നു.

അതെന്തായാലും ചൈനയിൽനിന്ന് പരന്നതെന്ന് ഏതാണ്ട് എല്ലാവർക്കും ബോധ്യമായിട്ടുള്ള കൊറോണ വൈറസിന്റെ സംഹാരകത്വത്തിൽ തീവ്രമുതലാളിത്തം ‘പ്രതിക്രിയാവാതകം‘ പോലെ കേറിവന്നതെങ്ങനെ എന്നറിയാതെയാണ് ആളുകൾ ചിരിച്ചത്. ഇന്നത്തെ (6/5/2020) മാതൃഭൂമിയിൽ ആ കാര്യത്തിന് വ്യക്തത നൽകിക്കൊണ്ട്, ‘മഹാമാരിയെ തടയുക മുതലാളി ത്തത്തിനു സാധ്യമല്ല’ എന്ന ലേഖനം എം എ ബേബി എഴുതിയിട്ടുണ്ട്. അതിൽ തീവ്രമുതലാളിത്തത്തിന്റെ പങ്കിനെ കുറിച്ചുള്ള പരാമർശം ചോംസ്കിയുടെ ‘ലേബർ നോട്സ്’ അഭിമുഖത്തിൽ നിന്നെടുത്ത താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സാർസിനു ശേഷം അതിനേക്കാൾ മാരകമായ വൈറസിന്റെ ആവിർഭാവത്തെ ശാസ്ത്രജ്ഞന്മാർ മുൻകൂട്ടി കണ്ടെങ്കിലും നാളത്തെ ലാഭത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്ന മുതലാളിത്ത യുക്തിയിൽ പ്രവർത്തിക്കുന്ന ഔഷധ ക്കമ്പനികൾക്ക് വരാൻ പോകുന്ന അപകടം പ്രധാനപ്പെട്ട കാര്യമായി തോന്നില്ല.
റൊണാൾഡ് റീഗനുശേഷമുള്ള അമേരിക്ക (തീവ്രമുതലാളിത്ത ത്തിലേക്കു കൂപ്പുകുത്തിയ അമേരിക്ക) അത്തരം മനുഷ്യോപ യോഗപ്രദമായ, ലാഭേച്ഛയില്ലാത്ത ചെലവുകൾ വഹിക്കാൻ തയ്യാറാവില്ലെന്നതാണ് കാലികസ്ഥിതി. ഇതു വ്യക്തമാക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് പോളിയോ വാക്സിൻ എങ്ങനെ സാർവത്രികമായി ഉപയോഗിക്കാൻ സാധിച്ചു എന്ന ഉദാഹരണത്തെയാണ്. പോളിയോയ്ക്കുള്ള മറുമരുന്ന് കണ്ടു പിടിച്ച ഉടൻ ജോനാസ് സാൽക്, ‘ഇത് സൂര്യനെപ്പോലെ എല്ലാവർക്കു മുള്ളതാണ്’ എന്നു പറഞ്ഞുകൊണ്ട് അതിനു പേറ്റന്റെടുക്കാൻ വിസ്സമതിച്ചത്രേ. അതു സാധ്യമാക്കിയ മുതലാളിത്തത്തെ നിയന്ത്രിതമുതലാളിത്തം ( റെജിമെന്റെഡ് ക്യാപിറ്റലിസം) എന്നാണ് ചോംസ്കി വിളിക്കുന്നത്. റീഗന്റെ കാലത്തോടെ അവസാനിച്ചത് ഇത്തരം മനോഭാവങ്ങൾ കൂടിയാണെന്നാണ് ചോംസ്കി എടുത്തുപറയുന്നത്
രണ്ടാമത്തെ കാര്യം, ഒബാമ ഭരണകൂടം ഉയർന്നശേഷിയും വിലക്കുറവുമുള്ള വെന്റിലേറ്ററുകൾക്ക് ഒരു കമ്പനിക്കു കരാറു നൽകിയിരുന്നെങ്കിലും അതിനെ വിഴുങ്ങിയ വലിയ മൂലധനമുള്ള മറ്റൊരു കമ്പനി വേണ്ടത്ര ലാഭമുള്ളതല്ലെന്ന പേരിൽ കരാർ അവഗണിച്ചു. ഒരു മഹാമാരി വാതിൽക്കൽ വന്നു നിൽക്കുന്ന തിനെപ്പറ്റി അമേരിക്കൻ ഇന്റലിജൻസ് മാസങ്ങൾക്കു മുൻപ് മുന്നറിയിപ്പ് കൊടുത്തിട്ടും അതൊന്നും ശ്രദ്ധിക്കാതെ വ്യാപാര ക്കമ്മി കുറയ്ക്കാൻ അമേരിക്ക, ചൈനയിലേക്ക് വെന്റിലേറ്ററുകൾ കയറ്റി അയക്കുകയായിരുന്നു എന്നുമാത്രമല്ല അത് ഈ മാർച്ചുവരെ തുടരുകയും ചെയ്തിരുന്നു എന്ന് ചോംസ്കി.
കോവിഡ് 19 ഒരു വൈറസാണ്. മരിച്ചു പോകും എന്നുറപ്പുള്ള രോഗാവസ്ഥയിലും സഹജീവികളോടുള്ള കരുതലിനു പകരം ആരോഗ്യസേവനം ലാഭമുണ്ടോ എന്നു നോക്കുന്ന കച്ചവടവും വ്യവസായവുമാകുമ്പോൾ രോഗം വ്യക്തിക്കല്ല, മറിച്ച് സമൂഹത്തിനാണെന്നും ആ സമൂഹം മുതലാളിത്ത സമൂഹമാണെന്നുമാണ് ബേബി പറയാൻ ശ്രമിച്ചത്. ഇതിനെ ശവംതീനി മുതലാളിത്തമെന്നാണ് ബേബി വിളിക്കുന്നത്. ലാഭക്കൊതിയുടെ തീവ്രതയാണ് മുതലാളിത്തത്തിന്റെയും തീവ്രത കൂട്ടുന്നത്.
കഴിഞ്ഞ ഏപ്രിൽ 10 നു ക്രിസ് ബ്രൂക്സുമായി നടത്തിയ ‘ലേബർ നോട്സ് അഭിമുഖത്തിന്റെ പേര് ‘How Bosses Are Making Coronavirus ‘Worse, for Their Benefit’ എന്നാണ്. അതിൽ ആഗോളതാപനത്തിന്റെ കാരണ കർത്താക്കളെയും ചോംസ്കി കാലികമായ നിർണ്ണായകാവസ്ഥയിൽ പ്രതി ചേർക്കുന്നുണ്ട്. ആരോഗ്യമേഖലകൾക്കുള്ള ധനസഹായം (അതിൽ ലോകാരോഗ്യസംഘടനയ്ക്കുള്ള വിഹിതം കുറച്ചതും പെടും) കാര്യമായി വെട്ടിക്കുറയ്ക്കുകയും സൈനിക പ്രതിരോധ ത്തിനും കുടിയേറ്റം തടയാനുള്ള മതിലുകെട്ടാനുമായി ബഡ്ജറ്റിലെ നല്ലൊരു തുക മാറ്റി വയ്ക്കുകയും ഫോസിൽ ഇന്ധന കമ്പനികൾക്ക് ( ആഗോളതാപനത്തിന്റെ മൊത്തവരിക്കാർ) വാരിക്കോരി സബ്സീഡി അനുവദിക്കുകയും ചെയ്യുന്ന കൈങ്കര്യരാഷ്ട്രീയം കിരാത മുതലാളി ത്തത്തിനു (സാവേജ് ക്യാപിറ്റലിസം) കൊട്ടിപ്പാടി സേവയുമായി നിൽക്കുന്നതാണ് കാര്യങ്ങളെ വഷളാക്കുന്നത്.

ഇത് ചോംസ്കിയുടെയോ ബേബിയുടേയോ മാത്രം ആശയമല്ല. ബ്രിട്ടീഷ് ജിയോഗ്രാഫറും മാർക്സിസ്റ്റുമായ ഡേവിഡ് ഹാർവി മാർച്ച് 22 ന് അദ്ദേഹത്തിന്റെ സൈറ്റിൽ എഴുതിയ ലേഖനത്തിൽ വൈറസുകളുടെ വ്യാപനത്തിൽ സ്വാധീനം ചെലുത്തുന്ന പരിസ്ഥിതികവും ജനസംഖ്യാപരവുമായ കാരണങ്ങൾക്കു പിന്നിലുള്ള ആധിപത്യ സാമ്പത്തികമാതൃകയിലുള്ള (ഹെജിമോണിക് എക്കണോമിക് മോഡൽ) വിള്ളലുകളെ വിമർശിക്കുന്നുണ്ട്. അവസാനമില്ലാത്ത മൂലധനശേഖരണത്തിന്റെ മാരകമായ പിടിയിൽനിന്നു മോചിപ്പിക്കാൻ സമ്പദ്വ്യവസ്ഥയെ സോഷ്യലിസം എന്നു വിളിക്കാതെതന്നെ ജനകീയമാക്കാനാണ് ഡേവിഡ് ഹാർവി നിർദ്ദേശിക്കുന്നത്.
ബോണ്ട് കൈവശം വയ്ക്കുന്നവരുടെയും പലിശക്കാരുടെയും താത്പര്യത്തിനു വിധേയമായി (2007-8 മുതൽ അങ്ങനെയായി കാര്യങ്ങൾ) മാറിക്കൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾ ഇപ്പോൾ അതിന്റെ സൗജന്യങ്ങളും ആനുകൂല്യങ്ങളും പറ്റിക്കൊണ്ടിരി ക്കുന്നവർക്കുപോലും മോശപ്പെട്ട ആശയമായി മാറുന്നു എന്നതാണ് കാലികാവസ്ഥ. അടിയന്തിരമായ ഒരവസ്ഥയെ പിൻപറ്റി, തിരഞ്ഞെടുപ്പുകളെ റദ്ദാക്കിക്കൊണ്ട് സാമ്രാജ്യത്വ ആധിപത്യങ്ങൾ ഉയർന്നു വരാൻ ഇടയുണ്ടെന്നും അതിനു ചെറുക്കുകയാണ് മുതലാളിത്ത വിരുദ്ധ രാഷ്ട്രീയത്തിന്റെ ചുമതലയെന്നും പറഞ്ഞു കൊണ്ടാണ് ഹാർവേ “കോവിഡ് 19 കാലത്തെ മുതലാളി ത്തവിരുദ്ധരാഷ്ട്രീയം” എന്ന ലേഖനം അവസാനിപ്പിക്കുന്നത്.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവുമായി ഒത്തുപോകുന്ന കാര്യം സംശയത്തിനിടയില്ലാത്തവിധത്തിൽ വളരെ വ്യക്തമായി സൂചിപ്പിക്കുകയായിരുന്നു എം എ ബേബി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ ചിന്തകർ പൊതുവേ പങ്കുവയ്ക്കുന്ന ആശയങ്ങളണ് അദ്ദേഹവും പ്രകടിപ്പിച്ചത് എന്നാണ് പറഞ്ഞുവന്നത്. അതിൽ ഇവിടെ കണ്ടതുപോലെ പരിഹസിച്ചു ചിരിക്കാൻ മാത്രം ഒന്നുമില്ല.