White Crow Art Daily

റബേക്ക  സാമുവല്‍

 കഥ / ശ്രീദേവി  വടക്കേടത്ത്

നീലയിൽ ഓറഞ്ചു നിറമുള്ള പോരാളി മീനുകളെ ചെറിയ ചില്ലുഭരണികളിൽ വേർതിരിച്ച്, തമ്മിൽ കാണാവുന്ന വിധം നിരത്തി വച്ചിട്ടുണ്ട്. തമ്മിലടിക്കാനുള്ള ആഗ്രഹം വരുമ്പോഴവ ഭരണിയുടെ ഭിത്തിയിൽ മുഖം കൊണ്ടിടിക്കുന്നതു കാണാം. കുറെ മുയൽക്കുഞ്ഞുങ്ങളെയും, ചിറകിനടിയിലെ തൂവലരിഞ്ഞു മാറ്റിയ വെള്ളരിപ്പ്രാവുകളെയും വില്പനയ്ക്കായി അലങ്കരിച്ചു നിറുത്തിയിട്ടുണ്ട്. പ്രാവുകൾ ഇടയ്ക്കിടെ കുറുകുന്നുണ്ട്. ചെറിയ കൂടുകളിൽ ഹാംസ്റ്റർ എന്ന എലിയുടെ കുടുംബത്തിൽ പെട്ട ചെറുജീവിയുമുണ്ട്. വീടിനുള്ളിൽ സ്ഥലമില്ലെങ്കിലും വളർത്താനൊരു ഓമനമൃഗം കൂടിയേ തീരൂ എന്നുള്ളവർക്ക് ആലോചിക്കാവുന്ന വളർത്തുമൃഗമാണ് ഹാംസ്റ്റർ. വലിപ്പം കുറവ്.ശല്യമില്ല. കണ്ടിരിക്കാൻ കൗതുകവുമുണ്ട്. ഷോപ്പിംഗ് മാളിനടിയിലെ എസ്കലേറ്ററിനരികിലെ പെറ്റ്ഷോപ്പിനു മുന്നിലെ ഈ കാഴ്ച കാണാതെ ആരും മാളിനുള്ളിലെത്തില്ല. ചിലരൊക്കെ തിരിച്ചു പോകുമ്പോഴൊരു മീനേയോ, മുയലിനേയൊ, ഹാംസ്റ്ററിനേയോ വാങ്ങുന്നുമുണ്ട്.  

മാളിന്റെ മൂന്നാം നിലയിലെ കോഫിഷോപ്പിനോടു ചേർന്നുള്ള ഏറ്റവും തിരക്കുള്ള വേഗഭക്ഷണശാലാകൗണ്ടറിനരികിലെ പ്ലേ ഏരിയക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടിയിരിക്കുന്നു. തമ്മിലറിയാത്ത അവരൊക്കെ പരസ്പരം സംസാരിച്ച് ഏറെക്കാലമായി പരിചിതരെന്ന പോലെയാണ് പെരുമാറുന്നത്.

അവിടെ ചുമർ ചാരി, തന്നിലേക്കിനി ചുരുങ്ങി പോകാനിടമില്ലാത്തവണ്ണം നിൽക്കുന്നത് സീതയാണ്.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ തെളിയിക്കേണ്ടുന്ന നിരപരാധിത്വത്തിന്റെ ഭാരവുമായാണവിടെയവൾ നിൽക്കുന്നത്.

ഒന്നാമതായി, ഒരു ഭീകരയൊ, തീവ്രവാദിയോ, അല്ലെങ്കിൽ ആ ഗണത്തിലുൾപ്പെടുത്താവുന്ന അപകടകാരിയോ അല്ലെന്ന് ബോധ്യപ്പെടുത്തണം. അതു വാക്കാൽ പറയാനുള്ള ശേഷി തൽക്കാലമില്ലെങ്കിൽ കൂടി, അവിടെ കൂടിയിരിക്കുന്നവരിലേക്ക് ആ സന്ദേശമെത്തിച്ചേ മതിയാവൂ.

ഒരു പക്ഷേ ചിലരെങ്കിലും ധരിച്ച് വച്ചിരിക്കുന്നതു പോലെ ആക്രമവാസനയുള്ള സ്വവർഗ്ഗാനുരാഗിയായ സ്ത്രീയല്ലെന്നതും തെളിയിക്കേണ്ടതുണ്ട്.

ഇതൊക്കെ തെളിയിക്കാൻ ലഭിച്ചിരിക്കുന്ന സമയം തീരെ കുറവുമാണ്.

മുന്നിൽ കൂടിയിരിക്കുന്ന ജനം അസാമാന്യസംയമനം പാലിക്കുന്നവരായതു കൊണ്ടു മാത്രമാണ് പരിക്ക് പറ്റാതെ അവളിപ്പോഴും ചുവരിൽ ചാരിയെങ്കിലും നിൽക്കുന്നത്.

ഈ തോന്നലുകളോടെയാവുമാ ജനക്കൂട്ടം നിൽക്കുന്നത് എന്നതും അവളുടെ ഒരു തോന്നൽ മാത്രമാണ്.

ചുറ്റുമുള്ള ആളുകൾ പലതരം കുപ്പായം ധരിച്ചവരാണ്, അവർക്കൊക്കെ വെവ്വേറെ തൊലിനിറവുമാണ്. അവരൊക്കെ ഐക്യപ്പെട്ടു ഒരേ കാര്യത്തിനായി നിൽക്കുന്നത് കാണാനൊരു ഭംഗിയുണ്ട്. ചിലയിടങ്ങളിൽ മനുഷ്യർ തങ്ങൾ വന്നിടവും, വിശ്വാസങ്ങളും, തത്ത്വങ്ങളുമൊക്കെ മറന്നിതു പോലെ അണി ചേരും. അങ്ങിനെയൊരു പ്രശ്നമോ, ആവശ്യമോ വരുന്ന സന്ദർഭങ്ങളിൽ. സീത അവർക്ക് നേരെ നോക്കി നിന്നു. അവൾക്ക് പറയാൻ എന്തെങ്കിലുമുണ്ടോ എന്നന്വേഷിക്കാനിതു വരെ ആരും ഒരുമ്പെട്ടിട്ടില്ല. അവരതു ചോദിക്കാതെ, സീതയ്ക്ക് സംസാരിക്കാൻ പോലും നിവർത്തിയുണ്ടായിരുന്നില്ല. പല കടകളിൽ നിന്നായി വാങ്ങിയ സാമാനങ്ങൾ അവരുടെ മേശയ്ക്ക് കീഴിലോ, അല്ലെങ്കിൽ അടുത്തൊഴിഞ്ഞു കിടക്കുന്ന കസേരപ്പുറത്തോ, പ്ലാസ്റ്റിക്ക് കൂടുകളിലായി ഇരിപ്പുണ്ട്.

 
എണ്ണയിൽ മൊരിഞ്ഞു വരുന്ന ഫിംഗർചിപ്സ് എന്ന ഉരുളക്കിഴങ്ങചീളുകളുടെ ഗന്ധവും, അപ്പോഴപ്പോൾ ചുട്ടെടുക്കുന്ന റൊട്ടിയുടെ കൊതിപ്പിക്കുന്ന മണവും, ഭയന്നു വിറച്ചു നിൽക്കുന്ന അവസ്ഥയിലും അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു. തണുത്തുറഞ്ഞ ചുവരിൽ ചാരാതെ അൽപ്പം നീങ്ങി നിൽക്കാൻ തോന്നിയെങ്കിലും, ഏതു നിമിഷവും മറിഞ്ഞു വീണേക്കുമെന്ന ഭയമുള്ളതു കൊണ്ട് ചിലന്തിയൊക്കെ ചുവരിൽ പറ്റി പിടിച്ച് നിൽക്കും പോലെ അവളും ചുവരിൽ പറ്റി ചേർന്നു നിന്നു.

അന്നേരം ഓർക്കരുത് എന്ന് കരുതിയിട്ടും അവളോർത്തത് ആ മാൾ സ്ഥിതി ചെയ്യുന്ന കെട്ടിടം നില്ക്കുന്നിടം പണ്ടൊരു ശ്മശാനമായിരുന്നു എന്നതാണ്. എത്രയോ വർഷങ്ങൾക്ക് മുൻപേ നടന്നൊരു അഭ്യന്തരലഹളയിൽ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളെ ഒന്നിച്ച് കൊണ്ട് കുഴിച്ചിട്ട പറമ്പ്. അവരെല്ലാം ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനുമിടയ്ക്ക് പ്രായമുണ്ടായിരുന്ന ചെറുപ്പക്കാരായിരുന്നു. അവരൊക്കെ പല മതങ്ങളിൽ പെട്ടവരും, ഒരു വിശ്വാസങ്ങളിലും പെടാത്തവരും, ഒന്നിച്ചൊരു പ്രക്ഷോഭത്തിൽ പങ്കെടുത്തവരുമായിരുന്നു എന്നുമവളോർത്തു. അവർക്കെതിരെ ഭരണകൂടമുതിർത്ത വെടിവയ്പ്പിൽ ഒന്നിച്ചു മരിച്ചവരായിരുന്നു അവരെല്ലാം. തെറ്റുകൾക്കെതിരെ ഒച്ച വച്ചവരൊക്കെ ഏതു കാലത്തും, ഇതു പോലെ നിശ്ബ്ദരാക്കപ്പെട്ടിട്ടുണ്ടെന്നുമവൾക്ക് ഓർക്കാതിരിക്കാനായില്ല. അവരൊന്നിച്ചു മരിച്ചു വീണപ്പോഴവരെ ഏറ്റെടുക്കാൻ കുടുംബക്കാർ പോലും വിസമ്മതിച്ചു. അവർക്ക് മുന്നിലൂടെയാണ് പാതി തുറന്ന ഉന്തുവണ്ടികളിൽ മൃതദേഹങ്ങൾ വാരിക്കൂട്ടി കൊണ്ടു പോയത്. അന്നു വെളിമ്പറമ്പായി കിടന്ന ഈ ഭൂമിയിലാണവരെ അടക്കം ചെയ്തത്. അതിനു തൊട്ടുമുൻപ് വരെ അവിടെ മുഴുവൻ വയലറ്റ് നിറമുള്ള പൂക്കൾ കൂട്ടത്തോടെ വിരിയുമായിരുന്നു. ഒരു പ്രത്യേകകാലയളവൊന്നും ആർക്കും രേഖപ്പെടുത്തി വയ്ക്കാനവസരം നൽകാനിടയില്ലാത്ത വിധം അവ കൂട്ടത്തോടെ വിരിയുമായിരുന്നു. കൃത്യതയില്ലാത്തവണ്ണം കുറച്ച് ദിവസം, കാറ്റിൽ തലയാട്ടി നിന്ന്, ഒടുവിൽ ചെടിയടക്കം കരിഞ്ഞു പോകുമായിരുന്നു എന്നാലീ മൃതദേഹങ്ങൾ അവിടെയടക്കം ചെയ്തതിൽ പിന്നെ അവിടെയൊരു പുൽനാമ്പ് പോലും കിളിർത്തില്ല. പിന്നെയൊരു പണക്കാരൻ (സർക്കാരിനു വളരെ വേണ്ടപ്പെട്ടവൻ) ആ ഭൂമി സ്വന്തമാക്കി (വളരെ വർഷങ്ങൾക്ക് ശേഷം), അവിടെ പണിതുയർത്തിയ പല കെട്ടിടങ്ങളിൽ ഒന്നായിരുന്നു ഈ മാൾ. എപ്പോഴൊക്കെ ഇവിടെ വന്നിട്ടുണ്ടോ, അപ്പോഴൊക്കെ സീത ഈ കഥ ആലോചിക്കാറുണ്ട്.

എന്നാലിന്ന് അതോർത്തപ്പോൾ ആ മൃതദേഹങ്ങളുടെ മണമവിടെ പരക്കുന്നതായവൾക്ക് തോന്നി. വെടി കൊണ്ട് വെന്ത മാംസത്തിന്റെ മണം അതിനു മുൻപൊരിക്കലുമവൾ അനുഭവിച്ചിട്ടില്ലെങ്കിലും, അപ്പോഴവൾക്ക് അതെങ്ങിനെയാണെന്ന് മനസ്സിലായി. ആ നിമിഷം മുതൽ വറുത്ത കിഴങ്ങിന്റേയും, മൊരിഞ്ഞ റൊട്ടിയുടേയും, ഗന്ധമവൾക്ക് പിടിച്ചെടുക്കാൻ സാധിക്കാതെയായി.

അവൾക്ക് ചുറ്റും ആളുകൾ കൂടി വന്നു.അവരിൽ പലരും സംസാരിക്കുന്ന ഭാഷ അവൾക്ക് പരിചിതമായിരുന്നില്ല. ചിലർ അവളെ ചൂണ്ടി കാണിച്ച്, പിന്നീട് വന്നു ചേർന്നവരോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. നടന്ന സംഭവത്തെ അവരുടെ കാഴ്ചപ്പാടിൽ വിശദീകരിക്കുകയായിരിക്കുമെന്ന് അവൾക്ക് മനസ്സിലായി.

അപ്പോൾ തന്നെയാണ് ആ മാളിനുള്ളിൽ ഏകദേശം ഇരുപത് നിമിഷത്തേയ്ക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. പെട്ടെന്ന് ഇരുട്ടു പരന്നപ്പോഴവിടെയൊരു കൂട്ടനിലവിളിയുയർന്നു. അതിൽ കുട്ടികളും, സ്ത്രീകളുമുണ്ടായിരുന്നു. കൂട്ടത്തോടെ പരിഭ്രാന്തരായി പാഞ്ഞ മനുഷ്യർ തമ്മിൽ കൂട്ടിയിടിച്ചു. അപ്പോഴവർ കൂടുതൽ ഭയത്തോടെ, കൂടുതൽ ശബ്ദത്തോടെ ഒച്ച വച്ചു. ചിലർക്കെങ്കിലും പരിക്കുകൾ സംഭവിച്ചു കാണുമെങ്കിലും, പറഞ്ഞറിയിക്കാവുന്ന ദുരന്തങ്ങളൊന്നും ഉണ്ടായില്ല.

ഇരുട്ടു പരന്നതും, സീത ആദ്യം ചെയ്തത് ആശ്വാസത്തോടെ താഴേക്കിരിക്കുക എന്നതായിരുന്നു. അവിടെ ബോധം കെട്ടു കിടക്കുന്ന യുവതിയെ ഇരുട്ടിൽ പരതി കണ്ടു പിടിക്കുക എന്നതായിരുന്നു അവളുടെ ഉദ്ദേശം. അവൾക്ക് താഴെ കിടക്കുന്ന റബേക്ക എന്ന യുവതിയുടെ തലയിൽ ഒന്നു തലോടണം. എണീക്കൂ റബേക്കാ എന്ന് സ്നേഹത്തോടെ ആ യുവതിയോട് പറയണം. ഇതിനു വേണ്ടിയാണവൾ ഇരുന്നത്. പക്ഷേ അതിനൊക്കെ മുൻപായി മാളിലെ ബൾബുകൾ ഒന്നിച്ച് മിന്നി തെളിഞ്ഞു. അരുതാത്തതെന്തോ ചെയ്ത് പിടിക്കപ്പെട്ട കുട്ടിയെ പോലെ ഭയന്നവൾ എഴുന്നേൽക്കണോ, ഇരിക്കണോ എന്ന സംശയത്തിൽ വീണ്ടും ചുവരിലേക്ക് ചാഞ്ഞു.

തീർച്ചയായും തന്നെ അവർ കൂടുതൽ സംശയിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അവളുടെ സംശയത്തെ നീക്കി കൊണ്ട അവരിൽ ചിലർ ഉറക്കെയുറക്കെ അവൾക്ക് മനസ്സിലാകാത്ത ആ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി.

നോക്കൂ, കിടക്കുന്ന പെൺകുട്ടി നിങ്ങൾ വിചാരിക്കുമ്പോലെ എന്റെ ശത്രുവല്ല. എന്റെ അടുത്ത സുഹൃത്തായിരുന്നവളാണ്. ഞങ്ങളൊന്നിച്ച് ഒരേ ബെഞ്ചിലിരുന്നു പഠിച്ചവരാണ്. അന്നൊരുമിച്ച് ക്ലാസ്സ് കട്ട് ചെയ്ത് ഞങ്ങൾ സിനിമയ്ക്ക് പോയിട്ടുണ്ട്. ഒരേ പയ്യനെ മത്സരിച്ച് പ്രേമിച്ചിട്ടുണ്ട്. ഒടുവിൽ പ്രേമിക്കാൻ കൊള്ളാത്തവനാണെന്ന് പറഞ്ഞ് ഒന്നിച്ചവനെ തള്ളി കളഞ്ഞിട്ടുണ്ട്. ചില വിശേഷാവസരങ്ങളിൽ ഞങ്ങൾ വസ്ത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറി ധരിച്ചിട്ടുണ്ട്. ഇവൾക്കെന്നെ പ്രിയമായിരുന്നു. എനിക്കങ്ങോട്ടും. അതു നിങ്ങളൊക്കെ ധരിക്കുന്നതിനപ്പുറമുള്ള ബന്ധമായിരുന്നു. തെളിയിക്കാൻ ഒരു ഫോട്ടൊ പോലുമിപ്പോഴെന്റെ കൈവശമില്ല., ചിലപ്പോൾ വീട്ടിൽ പഴയസാമാനങ്ങൾക്കിടയിൽ ഞെരുങ്ങി കിടക്കുന്ന ഏതെങ്കിലും ആൽബത്തിൽ കാണുമായിരിക്കും. അവളെ ഞാൻ ഉപദ്രവിക്കില്ലെന്ന് അവൾക്കുമറിയാം. കാലം വരുത്തിയ ഒരകലമേ ഞങ്ങൾ തമ്മിലുള്ളൂ. ഞാനവൾക്കും, അവളെനിക്കും പ്രിയപ്പെട്ടവരാണ്. അപ്പോഴും, ഇപ്പോഴും.”

സീത പിറുപിറുത്തു കൊണ്ടാണെഴുന്നേറ്റത്. അവൾക്ക് ഇതൊക്കെ ഉറക്കെ പറയണമെന്ന് തോന്നിയെങ്കിലും, ഒരക്ഷരം പോലും സംസാരിക്കാൻ പറ്റുന്ന ഒരന്തരീക്ഷമായിരുന്നില്ല അവിടെയുണ്ടായിരുന്നത്.

അവൾ വീണ്ടും ചുവരിൽ ചാരി നിന്നു. വിചാരണ നേരിടാൻ പ്രതിക്കൂട്ടിൽ നിറുത്തിയിരിക്കുന്ന കുറ്റവാളിയാണ് താനെന്ന് അവൾക്ക് തോന്നി. തന്റെ വിധി നിശ്ചയിക്കുന്നവർ ഇവിടെ കൂടിയിരിക്കുന്ന ഈ ജനങ്ങളും. അവർ ആക്രോശിക്കുന്ന ഭാഷയെങ്കിലും തനിക്ക് മനസ്സിലായിരുന്നെങ്കിൽ എന്നവൾക്ക് ആഗ്രഹം തോന്നി.

താഴെ കിടക്കുന്ന യുവതി നീണ്ട് നിവർന്നാണ് കിടക്കുന്നത്. കണ്ടാൽ ഉറങ്ങുന്നത് പോലെയേ ഉള്ളൂ. നേർത്ത വെളുത്ത ഒരു ജാക്കറ്റാണ് അവൾ ധരിച്ചിരുന്നത്. അതിന്റെ കഴുത്ത് ഇറക്കം കുറച്ചു വെട്ടിയിരുന്നു. ആ വെട്ടിനു നടുവിൽ ചുവന്ന ഒരു കുല പൂക്കൾ തുന്നി പിടിപ്പിച്ചിരുന്നു. അവളുടെ കഴുത്തിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പ് ആ പൂക്കളെ നനച്ചിരുന്നു. ഇടയ്ക്കാ പൂക്കൾ കാറ്റിലാടും പോലെ ഒന്നനങ്ങുമ്പോൾ സീത ആശ്വസിക്കും. പെൺകുട്ടി ശ്വസിക്കുന്നുണ്ട്. അവൾക്ക് ചുറ്റും കൂടി നിൽക്കുന്നവർ ആ കടയിൽ നിന്നും മെനു കാർഡെടുത്ത് അവളെ വീശുന്നുണ്ടായിരുന്നു. വീശാൻ പാകത്തിന് അവിടെ ആ മെനു കാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സീതയ്ക്ക് വീണ്ടും, അവൾക്കരികിൽ ഇരുന്ന് വിയർത്തിരുന്ന അവളുടെ നെറ്റിയിൽ തലോടി കൊണ്ട് റബേക്ക എന്ന് അവളെ പേരു ചൊല്ലി വിളിച്ചുണർത്താൻ തോന്നി.

ഇത്രയും കാര്യങ്ങൾ സംഭവിച്ചിട്ട് വെറും ഏഴോ, എട്ടൊ മിനിറ്റേ ആയിട്ടുണ്ടായിരുന്നുള്ളൂ എന്ന് സീതയോടാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവൾ വിശ്വസിക്കുമായിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനിതു പോലെ വിചാരണ കാത്ത് ചുവരും ചാരി നിൽക്കുകയാണെന്നാണവളുടെ വിചാരം. സമയത്തെ കുറിച്ചുള്ള സാമാന്യബോധമൊക്കെ അവൾക്ക് താൽക്കാലികമായി നഷ്ടപ്പെട്ടിരുന്നു.

അവൾ താഴെ കിടക്കുന്ന റബേക്ക എന്ന യുവതിയിൽ നിന്ന് കണ്ണ് മാറ്റാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അപ്പോഴൊരു ഈച്ച എവിടെ നിന്നോ പറന്ന് വന്ന് താഴെ കിടക്കുന്ന യുവതിയുടെ പിങ്ക് ലിപ്സ്റ്റിക്കിട്ട ചുണ്ടിന്മേൽ ഇരിപ്പുറപ്പിച്ചു. സാധാരണ കാണുന്ന ഈച്ചകളേക്കാൾ വലിയൊരു ഈച്ചയായിരുന്നു അത്.അതിന്റെ മൂക്കെന്ന് തോന്നിക്കുന്ന ഭാഗത്തിന് ഇളം ചുവപ്പു നിറമായിരുന്നു. ചവറുകൂനകളിലും, വഴിയരികിൽ മലവിസർജ്ജനം നടത്തുന്നവർ മൂടിയിട്ടു പോകാത്ത മലത്തിലും, ചീഞ്ഞളിഞ്ഞു വലിച്ചെറിയുന്ന പച്ചക്കറിമാലിന്യങ്ങളിലും, ഇറച്ചിക്കടകളിലെ ബാക്കികളിലും കാലുറപ്പിച്ചിരിക്കുന്ന ഈച്ചകൾ, ചത്തു കിടക്കുന്ന ജീവികളുടെ ചുണ്ടരികിൽ വട്ടമിട്ട് പറക്കാറുണ്ടെന്ന് സീതയോർത്തു.

അവൾക്ക് ദാഹം തോന്നി. തൊണ്ട വരണ്ടു പോകുന്നത് തന്റെ ഭയം കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി. തോൾ സഞ്ചിയ്ക്കുള്ളിൽ മിനറൽ വാട്ടർ കുപ്പിയുണ്ടെന്നും, അതിൽ നിന്നൊരു കവിൾ വെള്ളം കുടിക്കണമെന്നുമവൾ വല്ലാതെ ആഗ്രഹിച്ചു. നെഞ്ചിനു കുറുകെ കിടക്കുന്ന ആ തോൾ സഞ്ചിയിൽ അവൾ കൈ വച്ചെങ്കിലും, അതു തുറക്കാനവൾക്ക് ധൈര്യം വന്നില്ല.  

പെട്ടെന്നാ യുവതി ചാടിയെഴുന്നേറ്റ് തന്നെ കെട്ടി പിടിച്ച്, സീതാ, എന്റെ പ്രിയ കൂട്ടുകാരിഇതു നീയായിരുന്നോ എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് സീത ആഗ്രഹിച്ചു. എന്നിട്ട് കൂടി നിൽക്കുന്നവരോട് അയ്യോ ജനങ്ങളെ, നിങ്ങളുടെ ഉത്സുകതയ്ക്കും, സഹകരണമനോഭാവത്തിനും നന്ദി, ഇത് സീത, എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നവൾ. ഇവളെ പറ്റി നിങ്ങൾക്കെന്തെങ്കിലും തെറ്റായ ധാരണയുണ്ടെങ്കിൽ അത് പൂർണ്ണമായും മനസ്സിൽ നിന്നെടുത്ത് കളയണം. നന്ദി എല്ലാർക്കും.” റബേക്ക സുന്ദരിയായ പെൺകുട്ടിയാണ്. അവളിതു പറയുന്നതോടെ അവിടെ കൂടിയവർ ഒരു പക്ഷേ തന്നോട് വന്നു മാപ്പ് പറയുമെന്ന് സീതയ്ക്ക് തോന്നി. അടുത്ത നിമിഷം തന്നെ താൻ ചിന്തിച്ചതിൽ നാടകീയത മാത്രമേയുള്ളൂവെന്നും, അത്ര ശുഭപര്യവസായിയായൊരു രംഗമായിരിക്കില്ല അടുത്തത് എന്നുമവളോർത്തു.

അൽപ്പം മുൻപേ ഒരവധിയുടെ മടുപ്പിൽ നിന്ന് ഒന്നൂരി പോകാനായിട്ടാണ് സീത അവിടെ എത്തിയത്. ഒന്നും ചെയ്യാനില്ലാത്ത ചില വൈകുന്നേരങ്ങളിൽ അവളവിടെ എത്താറുണ്ട്. മാളിലെ കടകളിൽ കയറിയിറങ്ങി, ആവശ്യമുള്ളതിനേക്കാളധികം, ആവശ്യമില്ലാത്ത എന്തെങ്കിലുമൊക്കെ വാങ്ങി തിരിച്ച് പോകുമ്പോഴൊരു സന്തോഷമുണ്ട്. കൂട്ടിനാരെങ്കിലുമുണ്ടെങ്കിൽ സന്തോഷം, ഇല്ലെങ്കിലും സന്തോഷം തന്നെ. അവിടെയുള്ള കടകളിൽ ഉള്ള പലർക്കും അവളെ കണ്ടു പരിചയം കാണുമെന്നാണവളുടെ ധാരണ. എന്നാലാ പരിചയമൊന്നും ആരും പ്രകടിപ്പിക്കാറില്ല. കടകൾക്കുള്ളിൽ തൂക്കിയിട്ടിരിക്കുന സെയിൽ എന്ന് ബോർഡുള്ള എല്ലാ തുണിത്തരങ്ങൾക്കരികിലും അവളും പോയി നിൽക്കും. തങ്ങൾ വസ്ത്രമേ ധരിച്ചിട്ടില്ലെന്നും, ഇപ്പോഴീ വസ്ത്രം സ്വന്തമാക്കിയിട്ടു വേണം, തങ്ങൾക്കെന്തെങ്കിലും ഉടുക്കാനെന്ന മട്ടിലാണ്, ചില നേരങ്ങളിൽ സെയിൽ എന്നെഴുതി കണ്ടാലാളുകൾ പെരുമാറുന്നത് എന്ന് അവളോർക്കാറുണ്ട്. ഷോപ്പിംഗ് മടുത്തു തുടങ്ങിയാൽ, അവൾ ഏതെങ്കിലും കോഫി ഷോപ്പിൽ കയറി പുറത്തേയ്ക്ക് നോക്കിയിരിക്കും. അവിടെയിരിക്കാനുള്ള സൗകര്യത്തിനായി ഒരു കാപ്പി ഓർഡർ ചെയ്യും. അതു കുടിച്ചു തീർന്നാലും ആരും കട വിട്ട് പുറത്ത് പോകാൻ പറയില്ല. സത്യത്തിൽ അവിടെയിരിക്കുന്ന പലരും കാപ്പി കുടിക്കാനെത്തുന്നവരല്ല. ആ കടയുടെ ഉടമസ്ഥർക്കും അതു വ്യക്തമായറിയാം. ഇത്തരം കോഫിഷോപ്പുകൾ, കാപ്പി കുടിപ്പിക്കുന്നതിനേക്കാളേറെ കാഴ്ചകൾ കാണിക്കുകയാണ് പതിവ് എന്നുമവളോർത്തു.

 

സീത ഷോപ്പിംഗ് കഴിഞ്ഞ്, കോഫി ഷോപ്പിനോടു ചേർന്നുള്ള വേഗഭക്ഷണ കൗണ്ടറിൽ കയറി ഭക്ഷണം ഓർഡർ കൊടുത്ത്, ഒരു കോഫിയും വാങ്ങി വന്നു പുറത്തേക്ക് കാണുന്ന വിധമുള്ള കസേരയിൽ വന്നിരിക്കുകയായിരുന്നു. പുറത്തു നടന്നു പോകുന്ന ആളുകളിൽ ഭൂരിഭാഗവും തിരക്കു പിടിച്ചായിരുന്നു നടന്നിരുന്നത്. അവർക്കൊന്നും, ശരീരഭാഷ കൊണ്ട് വെളിവാക്കാനൊരു കഥ പോലുമില്ലല്ലോ എന്നും സീത ചിന്തിച്ചിരുന്നു. അവൾക്ക് പുറംകാഴ്ച മടുത്തു തുടങ്ങിയപ്പോൾ, പ്ലാസ്റ്റിക്ക് കൂടുകൾക്കുള്ളിലുള്ള അപ്പോൾ വാങ്ങിയ വസ്ത്രങ്ങളൊക്കെ എടുത്തു നോക്കണമെന്ന് തോന്നി. അതും വേണ്ടെന്ന് വച്ച് വീണ്ടും പുറത്തേക്ക് നോക്കിയപ്പോഴാണ് അവൾ റബേക്കയെ കണ്ടത്. അതു റബേക്കയാണെന്ന് ഉറപ്പില്ലായിരുന്നു. പഠിക്കുന്ന കാലത്ത് കറുത്തു നീണ്ട തലമുടിയും, ശരീരം മൂടി വയ്ക്കുന്ന, സൽവാർ പോലുള്ള വസ്ത്രങ്ങളുമായിരുന്നു റബേക്ക ധരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴവളെ കാണുമ്പോൾ തോളൊപ്പമുള്ള അവളുടെ മുടിയ്ക്ക് സ്വർണ്ണ നിറമായിരുന്നു, മുട്ടിനു മുകലിൽ മാത്രമിറക്കമുള്ള നീല നിറമുള്ള ഒരു പാവാടയും, മഞ്ഞു പോലെ വെളുത്ത ഒരു ജാക്കറ്റുമായിരുന്നു അവളുടെ വേഷം. പക്ഷേ അത് റബേക്കയാണെന്ന് സീതയ്ക്ക് ഉൾവിളിയുണ്ടായി.

 മുറിച്ചിട്ട പച്ചക്കറികൾക്ക് മേലെ വറുത്ത ഉരുളക്കിഴങ്ങും, കോഴി കഷ്ണങ്ങൾ തീയിൽ ചുട്ടെടുത്തതുമാണ് അവൾ ഓർഡർ നൽകിയിരുന്നത്. ആ ഭക്ഷണം മുന്നിലേക്കയാൾ കൊണ്ട് വച്ച അതേ സമയത്താണ് സീത എഴുന്നേറ്റ് റബേക്കയ്ക്ക് പിറകെ ചെന്നത്. ഭക്ഷണം കണ്ടപ്പോഴീ സ്ത്രീ എങ്ങോട്ടാണ് എഴുന്നേറ്റ് ഓടുന്നത് എന്ന് ഭക്ഷണം കൊണ്ട് വച്ച ചെറുപ്പക്കാരൻ അത്ഭുതത്തോടെ നോക്കി കൊണ്ട് നിന്നു. ആ ഓട്ടത്തിനു തൊട്ടു മുൻപ് ആ ചെറുപ്പക്കാരനെ കണ്ട ഉടൻ, തൊട്ടടുത്ത ഏതോ ദിവസം നടന്ന ക്രിക്കറ്റ് മാച്ചിൽ, ബംഗ്ലാദേശിനെ ഇന്ത്യ തോൽപ്പിച്ച കാര്യമവളോർത്തു. അന്നിയാൾ ജോലിക്ക് വരാതിരുന്നു ക്രിക്കറ്റ് കണ്ടു കാണുമോ എന്നും ചിന്തിച്ചിരുന്നു.

. റബേക്ക സാമുവലും, അവളും ഒന്നിച്ച് പഠിച്ചു പിരിഞ്ഞു പിന്നീടൊരിക്കലും, കണ്ടുമുട്ടാത്ത ചങ്ങാതിമാരായിരുന്നു. അന്ന് കോളേജ് വിടുമ്പോൾ ഇനിയിങ്ങിനെയൊരു ചങ്ങാതിയെ കിട്ടുമോ,എന്ന് പറഞ്ഞാണവളെ കെട്ടിപിടിച്ച് കരഞ്ഞത്. പിന്നീടൊരിക്കൽ പോലും കാണാനോ, ഓർക്കാനോ കഴിയാത്ത വിധമെങ്ങിനെ തങ്ങളുടെ ജീവിതം മാറിപ്പോയി എന്ന് സീത ചിന്തിച്ചത്, അവൾക്ക് പിറകെ ഓടുന്ന ആ സമയത്ത് മാത്രമായിരുന്നു. അവളീ നഗരത്തിൽ ഉണ്ടെന്നോ, തങ്ങളിങ്ങിനെ ഇവിടെ കണ്ടു മുട്ടുമെന്നോ, സീതയൊ, റബേക്കയോ ചിന്തിച്ചിട്ടില്ലായിരുന്നു. അവരിനി ഒരിക്കലും, കണ്ടിട്ടില്ലെങ്കിൽ, ഒരു പക്ഷേ ഓർമ്മകളിൽ വന്നു പോയെക്കുമെന്നല്ലാതെ, തമ്മിൽ അന്വേഷിച്ചു കണ്ടെത്തുകയൊന്നുമില്ലായിരുന്നു. കാരണമവരുടെ ആ ചങ്ങാത്തനൂലൊക്കെ തേഞ്ഞു പൊട്ടി പോയിരുന്നു.

ആ കടയുടെ ഒരു വശം കുട്ടികൾക്ക് കളിക്കാനുള്ളതു പോലെ ഒരുക്കി വച്ചിരിക്കുന്നു. കോയിനിട്ടാൽ ഓടുന്ന കാറും, ബൈക്കും, കനമുള്ള ഇരുമ്പ് പന്തെറിഞ്ഞു കുപ്പികൾ വീഴ്ത്തുന്ന കളിയും, അതിനൊക്കെ പുറമെ, മെറിഗോ എന്ന തിരിയുന്ന കുതിരകൾക്ക് പുറത്തിരിക്കുന്ന കുട്ടികളും, അതിനെയൊക്കെ പിന്തുണക്കാൻ ഉറക്കെ വച്ചിരിക്കുന്ന സംഗീതവും. അതിനരികിലൂടെയാണ് റബേക്ക സാവധാനം നടന്നു കൊണ്ടിരുന്നത്.

പിറകിലെത്തും മുൻപേ തന്നെ, റബ്ബാ എന്ന അവളുടെ ചെല്ലപ്പേര് സീത ഉറക്കെ വിളിച്ചിരുന്നു. റാപ്പ് സംഗീതത്തിൽ ആ ശബ്ദം സീതയുടെ അടുത്തു നിന്ന് ഒരടി പോലും മുന്നോട്ട് പോയില്ല. വിളി റബേക്ക കേട്ടില്ല എന്നായതു കൊണ്ടവളുടെ തോളിൽ പോയി തട്ടി കൊണ്ട് റബ്ബാ എന്ന് സീത വിളിച്ചു. അതു വരെയുള്ള കാര്യങ്ങൾ ഏറ്റവും സാധാരണമായിരുന്നു. എന്നാൽ അടുത്ത രംഗം മുതൽ കാര്യങ്ങൾ സീതയുടെ പ്രതീക്ഷകൾക്കോ, ഏതൊരു സാധാരണമനുഷ്യന്റെ ചിന്തകൾക്ക് അപ്പുറമോ ആയിരുന്നു. പിന്നെ സീത കേട്ടത് ഒരലർച്ചയായിരുന്നു. അലർച്ച എന്നു പറഞ്ഞാൽ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന സർവ്വരും തലയുയർത്തി നോക്കുകയും, നടന്നു കൊണ്ടിരുന്നവർ നടപ്പ് നിറുത്തി തിരിഞ്ഞു നിൽക്കുകയും, മെറിഗോ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന ബംഗാളിയുവാവ്, തൽക്കാലമതു നിർത്തി അവർക്ക് നേരെ നോക്കുകയും ചെയ്തു. അവിടെ കേട്ടിരുന്ന സംഗീതമൊരു നിമിഷം മുറിഞ്ഞു പോയത് അവിടെയുള്ളവരൊന്നും ശ്രദ്ധിച്ചില്ല. എന്നാലതും സംഭവിച്ചിരുന്നു. ഭക്ഷണം കൊണ്ടു വച്ച് അവളെങ്ങോട്ടാണ് ഓടി പോകുന്നത് എന്ന് നോക്കി നിന്ന ചെറുപ്പക്കാരൻ വായ് തുറന്നു പിടിച്ച് കഫേയുടെ പുറത്തേക്കിറങ്ങി, ഇനി എന്തു സംഭവിക്കുമെന്ന് നോക്കി നിന്നു.

സീത പല തവണ റബ്ബേ ഇതു ഞാനാ സീത, എന്നു പറഞ്ഞുവെങ്കിലും റബേക്ക അതു കേട്ടില്ല. പെട്ടെന്ന് റബേക്ക ഒച്ച വച്ചപ്പോൾ, ഇതെന്തു മറിമായമെന്ന മട്ടിൽ സീത അവളുടെ വായൊന്നു പൊത്തി, തന്റെ നേർത്തു നീണ്ട വിരലുള്ള കൈ നീട്ടി അവളുടെ ചുണ്ടിന്മേൽ വച്ച് മിണ്ടല്ലേ പെണ്ണേ എന്ന് കളി പറയുകയും ചെയ്തു. സീതയതു കൂടി ചെയ്തതോടെ, നിന്ന നിൽപ്പിൽ റബേക്ക എന്ന യുവതി ബോധരഹിതയായി നിലത്തേക്ക് ചെരിഞ്ഞു വീണു.

അതു വരെ സ്വന്തം മേശക്കരികിൽ അമ്പരന്നെഴുന്നേറ്റ് നിന്നവരൊക്കെ അവിടെ നിന്നും അവർക്കരികിലേക്ക് വന്നു. അവരൊക്കെ പല ഭാഷ പറയുന്നവരും, പല നാടുകളിൽ നിന്നുള്ളവരുമാണ്. അവരോട് താനിവളുടെ കൂട്ടുകാരിയാണെന്ന് പറഞ്ഞാലൊന്നും വിശ്വസിക്കില്ലെന്ന് സീത മനസ്സിലാക്കിയിരുന്നു. ഒരു യുവതിക്ക് പിറകെ ഓടുന്നു, അവളുടെ തോളിൽ പിടിക്കുന്നു, അവൾ ഭയന്നു നിലവളിക്കുന്നു, അപ്പോഴവളുടെ വായ പൊത്തിപിടിക്കുന്നു. അതോടെ ഭയന്ന്, അവൾ ബോധം കെട്ട് വീണിരിക്കുന്നു. ഇതിലെവിടെ കൂട്ടുകാരി. ഇങ്ങിനെ ലോകത്താരെങ്കിലും കൂട്ടുകാരെ കാണുമ്പോൾ പെരുമാറുമോ. ഒരു തരത്തിലും ന്യായീകരിച്ചാരേയും വിശ്വസിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.

അവളെന്തിനാവും ഇതു പോലെ ഭയന്നു പോയത് എന്ന് സീതയ്ക്ക് മനസ്സിലായതേയില്ല. അവളെ കുറിച്ചെന്തെങ്കിലും ആരെങ്കിലും ചോദിച്ചാലും സീതയ്ക്ക് ഉത്തരമില്ല. ഏകദേശം എട്ടൊമ്പതു വർഷങ്ങൾക്ക് മുൻപേ കൂടെ പഠിച്ചതാണെന്നതല്ലാതെ, പിന്നീട് വർഷങ്ങളോളം ഒരു വിവരവുമില്ല. ഇന്നത്തെ റബേക്ക ആരായിരിക്കുമെന്ന് അവൾക്ക് ഭയം തോന്നി.

ചുറ്റുമുള്ള ചിലർ അവളുടെ മുഖത്ത് വെള്ളം തെളിച്ചു നോക്കുന്നുണ്ടായിരുന്നു. അവൾ ഒന്നു ഞെട്ടുകയോ, അനങ്ങുകയോ ഉണ്ടായില്ല. ഇടയ്ക്ക് അവളൊന്ന് ഞെട്ടിയെന്ന് സീതയ്ക്ക് മാത്രം തോന്നി. അന്നേരം സീത മറ്റാരും കേൾക്കാത്ത ശബ്ദത്തിൽ റബ്ബേ എന്നു വിളിക്കുകയും ചെയ്തു.

സീത ഇടയ്ക്കിടെ റബേക്കയെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അവിടെ നിൽക്കുന്നവരൊന്നും എങ്ങോട്ടും പോകാനില്ലാത്തവരെ പോലെ, തങ്ങൾ വാങ്ങിയ ഭക്ഷണം പോലും കഴിക്കാതെ, ഇതിനൊരു തീരുമാനമാകാതെ ഇനി തങ്ങളൊന്നും ചെയ്യില്ലെന്ന് പറയാതെ പറഞ്ഞു കൊണ്ട് അവിടെ ചുറ്റി നിന്നു. പുതുതായി വന്നവർക്കൊക്കെ സീതയെ ചൂണ്ടി കാണിച്ച് അവർ കഥ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കുകയോ, അല്ലെങ്കിൽ തന്നെ ഇടപെടാനനുവദിക്കുകയോ ചെയ്യൂ എന്നവരോട് പറഞ്ഞാലോ എന്ന് ചിന്തിച്ച് സീത പതുക്കെ നിന്നിടത്ത് നിന്നനങ്ങി.

അതേ സമയം തന്നെ, സീതയേയും ചുറ്റും കൂടി നിന്ന ആൾക്കൂട്ടത്തേയും അത്ഭുതപ്പെടുത്തും വിധത്തിൽ റബേക്ക ചാടിയെഴുന്നേറ്റു. വെള്ളം മുഖത്തു വീണപ്പോൾ പോലും അനങ്ങാതെ കിടന്ന യുവതി പെട്ടെന്നിങ്ങനെയെഴുന്നേറ്റപ്പോഴവളിൽ പ്രേതബാധയേറ്റതാണോ എന്ന മട്ടിൽ ആളുകൾ പിറകിലേക്ക് മാറി.

അവളെഴുന്നേറ്റതും, സീത വീണ്ടും മുന്നോട്ടാഞ്ഞ്, റബേക്കാ എന്ന് ദയനീയമായി വിളിച്ചു. അവിടെയുള്ള ചിലരെങ്കിലും, അവൾക്കൊപ്പം റബേക്ക എന്ന പേരുരുവിട്ടു. അവൾ സീതയെ തിരിച്ചറിയുമെന്നോ, അല്ലെങ്കിൽ സീതയെ ചോദ്യം ചെയ്യുമെന്നൊ പ്രതീക്ഷിച്ചു നിന്നവരൊക്കെ സീതയ്ക്ക്, ഒരു പക്ഷേ റബേക്കയ്ക്കും മനസ്സിലാവാത്ത ഭാഷയിൽ സംസാരിച്ചു കൊണ്ടിരുന്നു.

എന്നാൽ, താഴെ നിന്നെഴുന്നേറ്റ യുവതി, ഒന്നും സംഭവിച്ചിട്ടേയില്ലെന്ന നാട്യത്തിൽ, അവിടെയുള്ള മനുഷ്യരെയൊക്കെ പകപ്പോടെ നോക്കി കൊണ്ട് താനിവിടെ എന്തിനായിരുന്നു കിടന്നത് എന്ന് പോലും മനസ്സിലായതേയില്ലെയെന്ന മട്ടിൽ ചില നിമിഷങ്ങൾ ചുറ്റും നോക്കി നിന്നു. പിന്നെ ആരോടുമൊന്നും പറയാതെ തന്നെ മുന്നോട്ട് നടന്നു. അവൾക്കവരാരേയും പരിചയമേയില്ലായിരുന്നല്ലോ.

 

തൃശ്ശൂർ സ്വദേശി. ബഹ്‌റൈനില്‍ ജോലിചെയ്യുന്നു.ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതുന്നു. ഫെയ്സ്ബുക്ക്, സൈബർ യുഗത്തിലെ ...