White Crow Art Daily

റൂബിക്സ്

അബിന്‍ തോമസിന്റെ നോവല്‍ ജൈവത്തില്‍ നിന്നുള്ള  ഭാഗങ്ങള്‍

റൂബിക്സ്

കുറഞ്ഞ ഉയരത്തിൽ നിന്നെടുത്ത ആ ഫോട്ടോഗ്രാഫ്സിലൂടെ  തെന്നിനീങ്ങുന്നതിനിടയിൽ എമിലി ചോദിക്കുന്നു,

                “ഇതൊരു കുട്ടിയുടെ കാഴ്ചകളാണ്, അതും മുതിർന്ന ഒരാൾ മാനിപ്പുലേയ്റ്റ് ചെയ്ത ഒന്ന്. ആ മാനിപ്പുലേയ്ഷനല്ല, മറിച്ച് അയാൾ ഇത് ചെയ്തെടുക്കുന്നതിന്റെ കാരണം ഒരു കുട്ടിക്കൗതുകം മാത്രമാണോ എന്നുള്ളതാണ്. കാഴ്ചയുടെ ആ ഉയരം, അത് കണ്ടെത്തുന്ന ദൃശ്യത്തിലെ ചുളിവുകൾ പോലും ഒരു  കുട്ടിയുടേതല്ല ജീവൻ. നിനക്കിത് മറ്റൊരു വിധത്തിൽ അടയാളപ്പെടുത്തി വയ്ക്കാം, ഈ ദൃശ്യത്തിലും മുൻപ് കാലഘട്ടത്തിന്റെ വിടവുകൾക്കപ്പുറവും നിന്ന് ഇതേ കാഴ്ചകളിലേയ്ക്ക് ഉറ്റുനോക്കി നിന്ന ഒരാളുടെ വെറും ഓർമ്മകളുടെ ഒരു പതിപ്പ്, മറ്റൊന്നും ഇതിലില്ല ജീവൻ.’’ എമിലി അല്പം കൂടിയ നിരാശയോടെ ടാബിലെ ആ ഫോൾടറിൽ നിന്ന് പുറത്ത് കടന്നു.

                “എന്നാൽ അതങ്ങനെയല്ല, ഞാൻ ഒരു സുഹൃത്തിനെക്കൊണ്ട് എടുപ്പിച്ചതാണ് അവയെല്ലാം. ആ ദൃശ്യങ്ങളുടെ ഓര്മകളിലേക്ക് എനിക്ക് വഴികളില്ല. ഒന്ന് പോലും ചെറിയ പ്രായത്തിൽ ഞാന് കണ്ടുനിന്നിട്ടില്ല. കാരണം, എന്റെ ഓർമ്മയിലെ ബാല്യം മുഴുവനും മറ്റൊരു പ്രദേശത്തായിരുന്നു. പിന്നീട്, വ്യക്തമായ ഓർമ്മകളോടെ ഞാൻ ഈ ചിത്രങ്ങളോട് അടുക്കുന്നത് ഒരു മരണത്തോടെയാണ്,   മരണശേഷം ഒരുപാട് കഴിഞ്ഞ് എനിക്ക് വളരെ പ്രിയപ്പെട്ടതായി തീർന്ന ഒരാൾ. അയാൾക്കും എനിക്കുമിടയിൽ  മുത്തശ്ശിക്കഥകൾ പോലെയൊന്നും തന്നെയില്ല, ചില ഇരുണ്ട നിമിഷങ്ങളുടെയോ, നരച്ച കമ്പിളിയുടെയോ മണമോ മാത്രമേയുള്ളു. സ്നേഹത്തിന്റേതെന്നോ വാൽസല്യത്തിന്റേതെന്നോ പറയാൻ വലിയ ഓർമ്മകളില്ലാത്ത ഒരാൾ, ഒരു വിളിപ്പേര് എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രയോഗിക്കേണ്ടിയും വന്നിട്ടില്ല. അത് ജീവിതത്തിനകത്തെ ആദ്യ മരണമായിരുന്നു.  

ഇരുട്ടിൽ മൃതദേഹം കിടത്തിയിരിക്കുന്നതിന്റെ തൊട്ടടുത്ത മുറിയിൽ, മരണം ധ്വനിമാറ്റിയെഴുതിയ എല്ലാത്തിനോടും കൂടി, ഗന്ധത്തിൽ, ശബ്ദത്തിൽ, ആളുകളുടെ നോട്ടത്തിൽ; അതെ മരണം പെട്ടെന്ന് ജീവിതത്തിന്റെ ധ്വനിയെ മാറ്റുന്നു, പ്രണയത്തപ്പോലെ; പുതപ്പുകൾ ക്കുള്ളിൽ ഒളിച്ചിരുന്ന ഒരു കുട്ടി ഞാനായിരുന്നു. എന്റെ ആ ബാല്യത്തിന്റെ ഓർമ്മയിൽ നിന്ന് ഈ ദൃശ്യങ്ങളിലേയ്ക്ക് വർഷങ്ങളുടെ സ്പെയ്സ് കീ അമർന്ന് കിടപ്പുണ്ട്.

ഈ ദൃശ്യങ്ങളെല്ലാം എനിക്കോരോ കഥകളാണ്. ഈ വലിയ ക്രിസ്തിയൻപള്ളി, ഇരുപുറവും വീടുകൾ നിറഞ്ഞ പള്ളിയ്ക്ക് മുന്നിൽ വയ്ച്ച് രണ്ടായി പിരിയുന്ന ഈ റോഡ്, ശവക്കല്ലറകൾ, സെമിത്തേരിയുടെ ഈ നിറവ്, ഇതാ പൊളിഞ്ഞ് കിടക്കുന്ന വലിയ വീട്, ഇതൊരു കൗതുകമാർന്ന ഒന്നാണ്. ഈ വീട് ആ വലിയ പള്ളിയുടെ നേരെ എതിർവശത്താണ്. പിന്നെ ഇവ, ഈ ഇറച്ചിയുടെ, വലിച്ച ഭാരത്തോടെ തലകീഴായി തൂങ്ങിക്കിടക്കുന്ന ഈ നാൽക്കാലി ശരീരഭാഗങ്ങൾ, ഇതാ, ഇറച്ചിമാർക്കറ്റിന്റെ വാതിലിലെ അറുത്ത് പ്രതിഷ്ഠിക്കപ്പെട്ട തല, തൊലി പൊളിച്ചൊതുക്കിയ എല്ലിൻകൂടുകൾ, മീൻകുട്ടകൾ, പറക്കുന്ന കോഴിത്തൂവലുകൾ, തെരുവ്പട്ടികൾ, പൂച്ചകൾ, കാക്കകൾ, മാംസത്തിന്റെ അവശിഷ്ടങ്ങൾ, ഇവയെല്ലാം വർഷങ്ങളായി നിലനിൽക്കുന്ന അറവുശാലയിലേതാണ്, എല്ലാം എല്ലാം കുറഞ്ഞ ദൂരത്തിൽ നിന്ന് കാണുകയാണ്.

എന്നാൽ ഈ ഫോട്ടോഗ്രഫ്സ് എല്ലാം ഒരു മൊബൈൺഫോൺ ക്യാമറയിലൂടെ വെറുതെ പകർത്തണ മെന്നേയുണ്ടായിരുന്നുള്ളൂ, പറഞ്ഞ് കേട്ടതിന്റെ ഭ്രമത്തിൽ ഒരുവൻ ക്യാമറയും കൊണ്ടിറങ്ങിയതാണ്. അല്ലെങ്കിൽ ഒരു ഹാന്റിക്യാമിന്റെ മുറിഞ്ഞ് മുറിഞ്ഞ് വീഴുന്ന കുറച്ച് ദൃശ്യങ്ങൾ. ഇതിൽ ഏറ്റവും മൂർച്ചയുള്ള ഒന്നുണ്ട്, നിമിഷങ്ങൾക്ക് മുൻപ് നീ അലക്ഷ്യമായി കടന്ന ഒന്ന്. ഒരു ശ്മശാനത്തിന്റെ ഇരുമ്പ്ഗെയ്റ്റ്. അതിൽ ഹിന്ദുശ്മശാനം എന്നെഴുതിയത് വായിക്കാവുന്നത്രയും അടുത്ത് നിന്നെടുത്ത ഒന്ന്.’’

എമിലി ടാബ്ലെറ്റ് ജീവന്റെ കയ്യിൽ നിന്നും വീണ്ടും വാങ്ങി ചിത്രങ്ങളിൽ ആ ഇരുമ്പുഗെയ്റ്റിനെ, ആ വീടിനെയും തലോടിയെടുത്തു. തന്റെ ഭാവനയെയോ സാങ്കല്പികതയെയോ പുച്ഛിക്കുന്ന രീതിയിൽ ഓരോന്നിനും യഥാർത്ഥ ബന്ധിതങ്ങളായ, ഓരോ കഥ അവന് പറയാനുണ്ടെന്ന് അവൾക്ക് തോന്നി, തീവ്രമായ അസൂയയോടും അത്രയേറെ സത്യങ്ങളെ സൂക്ഷിക്കുന്നതിനോട് തിളക്കത്തോടുള്ള കണ്ണിലൂടെ അവൾ ഒരു ചെയിൻ സ്മോകറുടെ ആവേശത്തിൽ അവനെ ആ ദൃശ്യത്തിൽ നിന്നും വലിച്ചെടുത്തു. അവൻ തുടരുമെന്ന് അവൾക്കുറപ്പാണ്, ബിയർ ടിന്നുകളോടും ടാബ്ലെറ്റുകളോടും ഹെഡ്സെറ്റുകളോട് പോലും സംസാരിക്കുന്നവനാണ്.

                              “അതൊരു പൊതുശ്മശാനമായിരുന്നു, പൊതുവായത് എന്നുള്ളത് അത്ര വിശാലമായ അർത്ഥത്തിലായിരുന്നില്ല, അവിടെ എത്തിയിരുന്ന മൃതദേഹങ്ങൾ സാമ്പത്തിക ഉയരത്തിലല്ലായിരുന്നവരുടെയായിരുന്നു, കല്ലറകളോ ചിതകളോ ജീവിതം കൊണ്ട് സ്വയം ഒരുക്കി വച്ചിട്ടുള്ളവരുടെയായിരുന്നില്ല. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് അന്വേഷിച്ചെത്തുന്ന ഉടമകളില്ലാത്തവയോ വൈകുന്നവയോ ആയവ അവിടെ അടക്കം ചെയ്യപ്പെടുന്നു. അവ കൊണ്ടുവന്നിരുന്നത് കൈവണ്ടിയിലായിരുന്നു. രണ്ട് പേർ ചേർന്ന് തള്ളിയും വലിച്ചും കൊണ്ടുവന്നിരുന്ന പനയോല കൊണ്ട് നെയ്ത പായയിൽ പൊതിഞ്ഞെടുക്കപ്പെട്ടിരുന്നവ. രസകരമായ വസ്തുത, അവർക്ക് പ്രതിഫലം നല്കിയിരുന്ന രീതിയിലാണ്. കുഴിച്ചിടുവാൻ ശവങ്ങളുണ്ടെന്ന് അറിയുമ്പോൾ ആ പതിവുകാർ സൂപ്രണ്ടിന്റെ മുന്നിലെത്തും, ചാരായത്തിനുള്ള പണമാവശ്യപ്പെടും. നിശ്ചിത തുകയിൽ നിന്ന് ചെറിയ ഒരു സംഖ്യ സൂപ്രണ്ട് കൊടുക്കും. അതിനുള്ളത് അകത്തെത്തിക്കഴിയുമ്പോൾ അവർ വീണ്ടും ഹാജരാകും, അപ്പോഴേക്കും മൃതദേഹം ഒരുക്കി കിടത്തിയിരിക്കും. അവർ രണ്ട് പേരും ചേർന്ന് ആ വിലാപയാത്രയാരംഭിക്കും. ചാരായത്തിന്റെ ഉൾച്ചൂടിൽ വിളർത്ത് അവർ തള്ളിക്കൊണ്ട് വണ്ടിയിൽ ശവം അതിന്റെ ചാഞ്ചാട്ടങ്ങളോടെ കിടക്കും. ലഹരിയൊതുങ്ങുമ്പോൾ ഭാരം തെറിയായിത്തുടങ്ങും, തള്ളുന്നവൻ വലിക്കുന്നവനെയും നേരെതിരിച്ചും.  കുഴിച്ചിടുക എന്ന ചടങ്ങ് അതിവേഗം പൂർത്തിയാവും. ബാക്കി പണം വാങ്ങാനായി മണ്ണ് പറ്റിയ വസ്ത്രങ്ങളുമായി അതിവേഗം അവർ മടങ്ങിയെത്തും. ഒന്നിലധികം ശവങ്ങളെ ഒറ്റക്കുഴിയിലേക്ക് തള്ളിയിട്ട് മൂടിക്കളഞ്ഞ് അവർ സൂപ്രണ്ടിനെ  പറ്റിച്ചുകൊണ്ടിരുന്നെന്ന് അവർ ആശ്വസിച്ചു, ചാരായക്കടയിലിരുന്ന് ഒരുത്തൻ പറഞ്ഞവയില് മറ്റൊന്നും മനസ്സിലായില്ലെങ്കിലും  അത് വരെ തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നത് അനുവദിക്കപ്പെട്ടതിന്റെ പകുതി കൂലിയാണെന്ന് അറിയുന്ന അന്ന് വരെ. ഒരാൾ പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന ആ പച്ചപ്പടർപ്പുകളിലേയ്ക്ക് പിന്നീട് അവർ ശവങ്ങളെ വലിച്ചെറിഞ്ഞിട്ട് പോയിരുന്നു. അപ്പോഴെല്ലാം മനുഷ്യമാംസത്തിന്റെ രുചിയിലേക്ക് പല ജന്തുക്കളും സദ്യവട്ടങ്ങളുമായി അടുത്തുകൂടി. അല്ലെങ്കിൽ ആഴമില്ലാത്ത ഒരു മൺകുഴിയിൽ നിന്ന് അവ ആ അവശിഷ്ടങ്ങളെ മാന്തിയെടുത്തു. അളിഞ്ഞു തുടങ്ങിയ ആ ഭൂപടങ്ങളെ പിച്ചിക്കീറിയെടുത്തു.’’

“എന്തിനാണ് ഇത്രയേറെ വിശദാംശങ്ങൾ ജീവൻ…? എന്തിനാണീ മാനസികാവിഷ്കാരങ്ങൾ…? ആരാണ് ഇതൊക്കെ കേൾക്കുവാനോ അറിയാനോ ആഗ്രഹിക്കുകയോ ചെയ്യുന്നത്…? എന്തിന് ഈ നഗരത്തിൽ നിനക്ക് ഇന്ന് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത എമിലി എന്നൊരു പെൺസുഹൃത്തും അവരോടുള്ള ഈ ഓർമ്മിച്ചെടുപ്പിന്റെ വിഴുപ്പലക്കലും…?

“what the fuck…?’’ ആ വെറുപ്പോടെ ഉറക്കത്തിൽ നിന്ന് ഉണർച്ചയ്ക്ക് അരികിലൂടെ അവൻ തിരിഞ്ഞ് കിടന്നു. അപൂർണമായ ഒരു സ്വപ്നത്തിലും ശബ്ദം തെറിച്ചു വീണ യഥാർത്ഥ നിമിഷത്തിലുമായി ആ വെറുപ്പ് നിലനിന്നു. ചാഞ്ചാട്ടങ്ങളോടെ കെട്ടിയിടപ്പെട്ട ഒരു യന്ത്രബോട്ടുപോലെ ആ മറുപടിയിലേക്ക് മടങ്ങിച്ചെന്നു.

“വൈരുദ്ധ്യങ്ങളാണ്, ഞാൻ വൈരുദ്ധ്യങ്ങളിൽ വിശ്വസിക്കുന്നു. ഏകതാനത എനിക്ക് അഹസ്യമാണ്. വൈരുദ്ധ്യങ്ങളുണ്ടാക്കുന്ന ഈ ചലനാത്മകതയാണ് എനിക്കിഷ്ടം. തീർത്തും വ്യത്യസ്തമായ ഈ രണ്ടവസ്ഥകളിലൂടെ ഞാൻ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്, ഒരേ സമയം. ഭൗതിക യാഥാർത്ഥ്യങ്ങളിൽ അലസവും സ്വസ്ഥവുമായ ഒരു നേർത്ത ഒഴുക്കാണെങ്കിൽ, അതേ ഭൗതികതയുടെ മാനസിക തലത്തിൽ ഒരിടത്ത്, അപൂർണവും അലക്ഷ്യവുമായ ചിലയോർമ്മകളിൽ ചിലരിൽ ചില വ്യക്തികളിൽ അടിഞ്ഞുകൂടുന്നു. രണ്ടിനുമിടയിൽ ഫിക്ഷനും ചരിത്രത്തിനുമിടയിൽ തലച്ചോറും ജനിതകവും വിഘടിച്ചും യോജിച്ചും പോരാടുന്നു. കളിക്കാരന്റെ ഊർജ്ജവും ഗാലറിയുടെ കാണിയുടെ ആവേശം, ഒരേ സമയം ആക്രോശങ്ങളും നിരാശയും ഗാലറിയും കോർട്ടും പങ്കിടുന്നു, അവിടെ അതിനിഗൂഢമായ ആനന്ദത്തിലും ഞാനുണ്ട്. നിനക്കറിയുമോ, ചെറുപ്പത്തിൽ ഇഷ്ടമുള്ളവരെ പോലെയാണ് ചില കാര്യത്തിലെങ്കിലുമെന്ന് കണ്ടെത്തുന്നത്, അങ്ങനെ നിരീക്ഷിക്കുന്നതും പരാമർശിക്കപ്പെടുന്നതും ഞാനിഷ്ടപ്പെട്ടിരുന്നു. പിന്നീട്, ഇന്ന് ഈ നിലയിൽ ഞാനേറ്റവും വെറുക്കുന്നതും അത് തന്നെയാണ്. ആവർത്തനങ്ങളെ…”

സംഭാഷണങ്ങൾ കോർത്തിണക്കിയ വിധത്തിൽ ഒരു പകലിനെ കൊരുത്തെടുക്കാനായേക്കാവുന്നവ ജീവന്റെ തലയിലൂടെ തെന്നുന്ന മീനുകളായി. ആ മുറിയ്ക്ക് പുറത്തല്ല, അവന് പുറത്ത് മറ്റൊരാൾ ഇതറിയുന്നില്ല, അല്ലെങ്കിൽ അറിയുന്നതായി അവനറിയില്ല.

******

കാർ ഒതുക്കി നിർത്തുമ്പോൾ അനൂപിന്റെ വിവരണങ്ങൾ അവസാനിച്ചിരുന്നില്ല. ശ്യാമിന് കൗതുകരമായി തോന്നിയത് ആ നിമിഷം തങ്ങൾ നാലുപേരും ഒരു പോളറോയ്ഡ് ക്യാമറയുടെ ഫിംലിം റീലിനുള്ളിൽ നിൽക്കുന്നുവെന്നോ ഒരു നിറമില്ലാച്ചിത്രത്തിൽ നിൽക്കുന്നവരിലൂടെ കടക്കുന്ന ഒരു കാറ്റിനെ പോലും അറിയാനാവുന്നതോ ആണ്.  ആ ദൗത്യസംഘത്തെക്കുറിച്ച് ഒരു മുൻധാരണ തനിക്കോ അവനോ ഉണ്ടായിരുന്നേക്കാമെന്നതോർത്ത് ശ്യാം ചിരിച്ചു.

“നമ്മള് നിൽക്കുന്ന ഈ സ്ഥലം ഈ പുരാതന അവശിഷ്ടം പോലെ കിടക്കുന്ന ശ്മശാനം അതിൽ പുതുതായുള്ളത് ഈ ഇരുമ്പ് ഗെയ്റ്റും ചുറ്റുമതിലും ആണ്, ഇത് ഇതേ രീതിയിൽ അവനറിയാം. അവൻ പറഞ്ഞതോ മെയിൽ ചെയ്തതോ നിതിനും ചേർന്ന് എടുത്ത ഫോട്ടോസും ചേർന്നാൽ ഒരു വിവരണം നിർമ്മിച്ചെടുക്കാം ഈ പ്രദേശത്തെയോ ഇവിടുത്തെ ചരിത്രത്തെയോ ഒക്കെ കുറിച്ച്. അവന്റെ കേട്ടുകേൾവികളോ ഓർമ്മകളോ കാരണമല്ല നമ്മളിവിടെ എത്തിയതെന്നോർക്കണം. അനൂപ്, നീയും നിതിനും ചേർന്ന് ഇവയിൽ നിന്നെല്ലാറ്റിൽ നിന്നും നിർമ്മിച്ചെടുത്ത ഒരു തിരക്കഥയുടെ സാധ്യതതയോടെയാണ്. അവൻ വിഭാവനം ചെയ്ത രീതി ഒരു സിനിമയുടേതെന്ന് പറഞ്ഞാലും അവയിൽ നിന്റെ ഇടപെടലുകൾ ഉണ്ടാവാം. ഒരു ഒബ്സെർവർ എന്ന നിലയിൽ അവനെ കൊണ്ട്, കഥ ചലിപ്പിക്കുന്ന, അവൻ കേന്ദ്രമോ ദൃക്സാക്ഷിയോ ആയി തുടരുന്ന ഒരു ചലച്ചിത്രത്തിന്റെ വലിയ സ്ക്രീന് പുറത്താവാം നമ്മളിപ്പോൾ. പക്ഷേ, ഇതേ സാധ്യതയോടെ അവൻ മറ്റൊരു നഗരത്തിലിരുന്ന് നമ്മളെ സങ്കല്പിക്കുകയുമാവാം. ഇരുവശത്തേയ്ക്ക് തുറന്നിടപ്പെട്ട തുരങ്കത്തിലൂടെ നമ്മളവനെയും അവൻ നമ്മളെയും നിരീക്ഷിക്കാൻ തുടങ്ങിയിരിക്കാം. ഒപ്പം രണ്ട് പേർ തികച്ചും വിദൂരങ്ങളിലിരുന്ന് സ്വന്തം ആത്മഹത്യയ്ക്ക് കാത്തിരിക്കുന്നതായും ഉറപ്പിക്കാമെങ്കിൽ അവരും ഈ ചലച്ചിത്ര വിഭാവനവും ഇതിന്റെ പൂർത്തീകരണവുമായി അനിഷേധ്യമായ വിധത്തിൽ ഒരു ബന്ധമുണ്ടായിരിക്കണം. ഒരു പക്ഷേ ഇനിയും തുടരേണ്ടതില്ല എന്ന് ഏതെങ്കിലും ഒരാളുടെ നിസ്സഹായതയെ തുടർന്ന് അവർ പരസ്പരമറിയാതെ, ഒറ്റയ്ക്കൊറ്റയ്ക്ക് തീരുമാനിക്കും മുൻപ്, നമുക്ക് അവൻ ഈ ശൈലിയിൽ ഉപേക്ഷിച്ച ഒരു ജീവിതത്തിലെ സാധ്യതകളെ എല്ലാം കണ്ടെത്താനായേക്കാം. ഒരേ സമയം യാഥാർത്ഥ്യത്തിലും കാല്പനികതയിലുമായി നമുക്ക് ഇത് തുടരാനുമായേക്കും. പക്ഷേ, ഇതിലൊരിടത്ത് വച്ച് അവർ പൂർത്തിയാക്കേണ്ട നിമിഷത്തിൽ വച്ച്, അത് വരെയും ആഖ്യാതാവിന്റെ കാഴ്ചയിലൂടെയും അനുഭവത്തിലൂടെയും നീങ്ങിയിരുന്ന ക്യാമറയും സൗണ്ട് ട്രാക്കും, അയാൾക്ക് നേരെ തിരിക്കേണ്ടി വരും. അവനെ വെളിപ്പെടുത്തേണ്ടിയും വരും. അത് വരെ കഥ പറഞ്ഞുകൊണ്ടിരുന്ന ഒരാൾ ഒരു നാടകീയ നിമിഷത്തിൽ ഇത് ഞാനാണ് ഇന്ന് പറഞ്ഞ് ഫ്രെയിമിലേക്ക് കയറി നിൽക്കുമ്പോൾ കാണുന്ന പ്രേക്ഷകന്റെ പ്രതികരണമായിരിക്കില്ല ചിലപ്പോൾ അവന്റേത്. തുടക്കം മുതൽ അവനുൾപ്പെടുന്ന ദൃശ്യങ്ങൾ നമുക്ക് കണ്ടെടുക്കാനും ആവുന്നില്ല. ജീവിതവും ഈ പരിവേഷണവും ഒരിടത്ത് വച്ച് കലരും. തിരിച്ചറിയാനാവാത്ത വിധത്തിൽ അവൻ പലരായി തീർന്ന ഒന്നാണെന്ന് അവന് തോന്നിയിരുന്നത് പോലെ സ്വന്തം യാഥാർത്ഥ്യവും സാങ്കല്പികതയും വേർത്തിരിച്ചറിയാനാവാത്ത ഒരു നിമിഷത്തിൽ ഞാനും നിങ്ങളും അകപ്പെട്ടേക്കാം.’’

ശ്യാം ഒരു അത്ഭുതത്തെ ആപൂർവ്വതയെ കാണുന്ന മുഖഭാവത്തോടെ എല്ലാവരെയും നോക്കി. ശ്രീ കാറിന്റെ ബോണറ്റിൽ ചാരിയിക്കുകയാണ്. നിതിൻ, ശ്മശാനത്തിനരികിലുള്ള ചെറിയ പള്ളിയിലേക്ക് നോക്കി നിന്നു. അനൂപ്, ശ്യാമിനെ തന്നെ ശ്രദ്ധിച്ച് കേൾക്കുകയാണ്. അതിനാൽ തുടരുന്നത് അവനാണ്.

“ശ്രീ, നിനക്കും നടാഷയ്ക്കും, നടാഷയ്ക്ക് കൃത്യതയോടെയാവില്ലെങ്കിലും നിനക്ക് കൂടുതൽ കൃത്യതയോടെ കണ്ടെത്താനാവുന്ന ജീവന്റെ ചില സവിശേഷതകളുണ്ടാവും. ആ പ്രണയ കാരണങ്ങളെ കുറിച്ചോ അതിന്റെ വിശദാംശങ്ങളോ അതിലൂടെ അവർ പൂർത്തീകരിച്ച് കൊണ്ടിരുന്നതോ ആയ എന്തിനേയും നിനക്കറിയാനാവും. അത് മാത്രമല്ല, ഇത്രയേറെ വിശദാംശങ്ങളുള്ള ഒരാൾ ഒരു പെൺകുട്ടിയിൽ ഉണ്ടായിരിക്കാവുന്ന പലതും നിനക്ക് കണ്ടെത്താം. അതിലെ പിഴവോ അങ്ങനെ പലതും. ഒരു തരം മാനസിക ബലഹീനതയായി മാറാവുന്ന ഡിപെൻഡൻസ് അങ്ങനെയെന്തെങ്കിലും. ശ്യാം, ഞാൻ വീണ്ടും പറയാം ഇതൊരു തിരക്കഥയിലേക്കോ സിനിമയിലേക്കോ ഉള്ള യാത്രയല്ല, കാരണം അപൂർണ്ണമായ കുറേ ഇമേജറികൾ മാത്രമേ നമുക്ക് കിട്ടൂ, അതിന്റെ യാഥാർത്ഥ്യം അവന്റെ ജീവിതത്തിലാണ്. ആ അനുഭവം സിനിമയ്ക്കുള്ളിൽ നിർമ്മിച്ചെടുക്കുന്നത് തീർത്തും ശ്രമകരമാണ്. അത്രയേറെ അതിൽ ഇൻവോൾവ് ചെയ്യണം, സ്ഥലം കാലം തുടങ്ങിയ പലതും അവന് പോലും കേട്ടുകേൾവിയാണെന്നതിനാൽ. പിന്നെ അവ പുനർനിർമ്മിക്കുകയല്ല, അവ ജീവിച്ചിരിക്കുന്ന ഒരാളിൽ ഉണ്ടാക്കുന്ന തോന്നലുകളും അനുഭവങ്ങളും അല്ലേ ഇവിടെ. പിന്നെ നമ്മൾ ചെയ്യുന്ന ഈ ബിൽഡ് അപ്പ്, അതിൽ സ്വയം കയറി നിൽക്കുകയെന്നത് അവൻ ചെയ്യില്ല, ഈ പ്രദേശത്തോടുള്ള, കൾച്ചറൽ ഐഡന്റ്റിറ്റിയോടുള്ള വിരക്തിയും എതിർപ്പും.’’

നിതിൻ, തിരികെ അടുത്തേയ്ക്ക് വന്ന് ശ്യാമിനോടും അനൂപിനോടും കുറച്ചകലേക്ക് ശ്മശാനത്തിന്റെ ഒരു അതിർത്തിയിലേക്ക് വിരൽ ചൂണ്ടുന്നു.

കുന്ദംകുളം സ്വദേശി. ഷാര്‍ജയില്‍ എഞ്ചിനീയര്‍