ലണ്ടനിലെ കലാദിനങ്ങള്‍:നിവേദിത
no images were found
കലായാത്ര /പി. നിവേദിത
ലണ്ടനിലെ കലാദിനങ്ങള്‍
ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയില്‍ ചിത്രകല പഠിക്കുകയാണ് ഞാന്‍. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഒരു ദിവസം ക്ലാസ്സില്‍ എത്തിയപ്പോള്‍ സഹപാഠികളില്‍ നിന്ന് ഒരു വിശേഷം അറിയാന്‍ കഴിഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ എന്ന സ്ഥാപനത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ലളിതകലാവിദ്യാലയമായ ‘സ്ലെയ്ഡ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടി’ല്‍ വേനലവധിയിലെ ഹ്രസ്വകാലകോഴ്സുകള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിലേക്ക് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് ആപ്ലിക്കേഷന്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ‘സ്ലെയ്ഡ്’ന്‍റെ വെബ്സൈറ്റ് നോക്കിയപ്പോള്‍ സംഗതി ശരിയാണ്. നിരവധി വിഷയങ്ങളില്‍ രണ്ടും മൂന്നും ആഴ്ചകള്‍ നീളുന്ന കോഴ്സുകള്‍ അവര്‍ നല്‍കുന്നു. സമകാലികകല (Contemporary Art) എന്ന വിഷയം എനിക്ക് പ്രിയപ്പെട്ടതാണ്. ലണ്ടനിലെ ‘സ്ലെയ്ഡി’ല്‍ പഠിക്കല്‍ എന്‍റെ സ്വപ്നവും. വരുന്നത് വരട്ടെ എന്നു വിചാരിച്ച് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി. കൂടെ ഞാന്‍ വരച്ച ചില ചിത്രങ്ങളുടെ ഇമേജുകളും അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഓണ്‍ലൈന്‍ ആയി തന്നെ അയച്ചു. ലോകം മുഴുവനുമുള്ള കലാവിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കും. അതില്‍ നിന്ന് പതിനാറുപേരെയാണ് തെരഞ്ഞെടുക്കുന്നത്. മേയ് മദ്ധ്യത്തോടെ മറുപടി വന്നു: ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!
അടുത്ത ഒരു മാസം ഞാനും എന്‍റെ അച്ഛനമ്മമാരും നെട്ടോട്ടമോടുകയായിരുന്നു. പാസ്പോര്‍ട്ട്, വിസ, വിമാന ടിക്കറ്റ്, ലണ്ടനിലെ ഹോസ്റ്റല്‍ സൗകര്യം, ഇതിനൊക്കെയുള്ള വൈദ്യപരിശോധന – നൂറുകൂട്ടം കടലാസു പണികള്‍, ഞങ്ങള്‍ക്ക് തുണയായത് അച്ഛന്റെ ലണ്ടനിലുള്ള സുഹൃത്ത് ഡോ.രാധാകൃഷ്ണന്‍റെ സഹായമായിരുന്നു. അങ്ങിനെ ജൂലൈ ഒന്നാം തിയ്യതി ഞാന്‍ ലണ്ടനിലേക്ക് തിരിച്ചു. ഹീത്രോ വിമാനത്താവളത്തില്‍ ഡോ.രാധാകൃഷ്ണന്‍ അങ്കിള്‍ കാത്തുനില്‍ക്കുന്നുണ്ടായതിനാല്‍ ടെന്‍ഷന്‍ ഇല്ലാതെ ലണ്ടനില്‍ ഇറങ്ങി.
ജൂലൈ മൂന്നാം തിയ്യതി ഞാന്‍ ‘സ്ലെയ്ഡി’ല്‍ എത്തി. വിക്ടോറിയന്‍ ശൈലിയിലുള്ള പഴയ കെട്ടിട സമുച്ചയം. അവിടെ ലോകത്തിലെ അഞ്ചു വന്‍കരകളില്‍ നിന്നായി പതിനാറു വിദ്യാര്‍ത്ഥികള്‍. ഇന്ത്യ, പാകിസ്ഥാന്‍, സ്പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ചിലി, ദക്ഷിണാഫ്രിക്ക, യു.എസ്, എന്നീ രാജ്യങ്ങള്‍ക്കു പുറമേ ആതിഥേയരായ ഇംഗ്ലണ്ടില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കലാദ്ധ്യാപകരായി വന്നത് ഹെഫ്സിബ, കരോലിന്‍, ഈവ് തുടങ്ങിയവര്‍. അവര്‍ ‘സ്ലെയ്ഡി’ലെയും തൊട്ടടുത്തുള്ള സെന്‍റ മാര്‍ട്ടിന്‍സിലെയും അദ്ധ്യാപകരായിരുന്നു. ആദ്യം തന്നെ ഒരു കാര്യം ബോദ്ധ്യമായി. വളരെ ഗൌരവത്തൊടെ തന്നെയാണ് അവര്‍ കോഴ്സ് നടത്തുന്നത്. ലക്ചറുകളും സെമിനാറുകളും പ്രായോഗിക പഠനവുമൊക്കെയായി രാവിലെതൊട്ട് വൈകുന്നേരം വരെ ഒരു മിനിറ്റ് വിടാതെ അദ്ധ്യയനം. അങ്ങേയറ്റത്തെ സൌഹാര്‍ദ്ദത്തോടെ അദ്ധ്യാപകര്‍ ഞങ്ങളുമായി ഇടപെട്ടു.
സമകാലികകല (Contemporary Art) എന്നത് ആഗോളവ്യാപകമായി പ്രചരിക്കുന്ന ലളിതകലയിലെ ‘ട്രെന്‍ഡ്’ആണ്. പെയ്ന്റിങ്ങി നോടൊപ്പം ഫോട്ടോഗ്രഫി, ഇന്‍സ്റ്റലേഷന്‍, തുടങ്ങിയ എന്തും സമകാലികകലയില്‍ ഇടം പിടിക്കും. ഒന്നും ശുദ്ധരൂപത്തിലല്ല. എല്ലാറ്റിന്‍റെയും മിശ്രണമാണ് ഇവിടെ സംഭവിക്കുക. പെയ്ന്റിങ്ങിനെ അടിസ്ഥാനപെടുത്തി ഫോട്ടോഗ്രഫി പരീക്ഷിക്കാം. ആ ഫോട്ടോഗ്രഫിയെ ഇന്‍സ്റ്റലേഷന്‍ ആക്കി മാറ്റാം. പാശ്ചാത്യവും പൌരസ്ത്യവുമായ ഏത് ശൈലിയും ഇവിടെ സ്വീകാര്യമാണ്. ഫോട്ടോഗ്രഫിയും ഒരു കഷ്ണം വീഡിയോ ക്ലിപിങ്ങും ഇന്‍സ്റ്റലേഷനും ഒരുമിച്ച് പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ അതിലും ആരും എതിര്‍പ്പ് പറയില്ല. വാണിജ്യകല /ശുദ്ധകല എന്ന ദ്വന്ദം തന്നെ ഇവിടെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ അങ്ങേയറ്റത്തെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌താല്‍ രാഷ്ട്രീയ ബോധവും ചരിത്രബോധവുമില്ലാത്ത വെറും കച്ചവടക്കാരാകാന്‍ ഇടയാവുകയും ചെയ്യും. എന്താണ് സമകാലികകല എന്നു വ്യാഖ്യാനിച്ചു തരികയായിരുന്നില്ല സ്ലെയ്ഡിലെ അദ്ധ്യാപകര്‍ ചെയ്തിരുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും എങ്ങനെ തന്‍റേതായ ശൈലിയില്‍ സമകാലിക കലാസൃഷ്ടികള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും എന്നതായിരുന്നു അവര്‍ നോക്കിയിരുന്നത്. അതിന്‍റെ ഓരോ ഘട്ടത്തിലും അവര്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ചെയ്യും. അല്പം വിചിത്രമായ (അതായത് ഇന്ത്യയിലെവിടെയും കാണാത്ത) രീതിയിലാണ് അവര്‍ പ്രായോഗികപരിശീലനം ചിട്ടപ്പെടുത്തിയിരുന്നത്.
ഉദാഹരണത്തിന്, വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ഒരു ചിത്രം നോക്കി രണ്ടു വാക്യങ്ങള്‍ വിമര്‍ശനാത്മകമായി എഴുതാന്‍ പറയും. ആ വാക്യങ്ങളില്‍ നിന്ന് രണ്ടു നാമപദങ്ങള്‍ എടുക്കാന്‍ പറയും. Breaking Apart, Involvement എന്നീ രണ്ടു വാക്കുകളിലാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. ഈ പദങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കണം. പിന്നെ ആ ചിത്രങ്ങളുടെ ഫോട്ടോകളെടുക്കണം. ആ ഫോട്ടോയിലെ ഏറ്റവും പ്രസക്തമായ ഒരു നിറമെടുത്ത് ചില പെയിന്റിംഗുകളും അവയുപയോഗിച് ലളിതമായ ഇന്‍സ്റ്റലേഷനുകളും ഉണ്ടാക്കാന്‍ ആവശ്യപെടും ഇന്‍സ്റ്റലേഷനുകള്‍ ഉണ്ടാക്കാനുള്ള ലഘുവായ വസ്തുക്കളും സ്ലെയ്ഡില്‍ ലഭ്യമായിരുന്നു.
ചുരുക്കത്തില്‍, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് (വാഗര്‍ത്ഥങ്ങളില്‍ നിന്ന് ചിത്രങ്ങളിലേക്ക്, അവിടെ നിന്ന് ഫോട്ടോഗ്രാഫുകളിലേക്ക്, പിന്നെ ഇന്‍സ്റ്റലേഷനിലേക്ക്) യാത്ര ചെയ്യുന്ന അനുഭവം. അമൂര്‍ത്തമായ സങ്കല്പങ്ങളില്‍ നിന്ന് കലാവസ്തുവിലേക്കും തിരിച്ചു സങ്കല്പങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഈ പരിശീലനം ഏറെ എനിക്ക് ഗുണകരമായി. ഈ യാത്രയില്‍ എവിടെയെങ്കിലും വെച്ച് വിദ്യാര്‍ത്ഥിക്ക് നല്ലൊരു കലാസൃഷ്ടിയില്‍ എത്തിച്ചേരാന്‍ കഴിയും. അങ്ങിനെ എത്തിയാല്‍ അവിടെ നിര്‍ത്തണമെന്നും ഇല്ല. വിദ്യാര്‍ഥിക്ക് അടുത്ത കലാസൃഷ്ടി ആരംഭിക്കുകയും ചെയ്യാം.
പ്രായോഗിക ക്ലാസുകള്‍ക്കിടയില്‍ സ്ലെയ്ഡിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണങ്ങള്‍ ഉണ്ടാകും. സെസാന്‍ തൊട്ട് പികാസോ വരെ എന്നതായിരുന്നു ഒരാളുടെ പ്രബന്ധവിഷയം. മറ്റൊരാള്‍ ഉത്തരാധുനിക കലയെക്കുറിച്ച് സംസാരിച്ചു. പ്രബന്ധാവതരണത്തിനു ശേഷം ഞങ്ങള്‍ക്ക് പ്രബന്ധാവതാരകനോട് ചോദ്യങ്ങള്‍ ചോദിക്കാം, വിയോജിപ്പ് പ്രകടിപ്പിക്കാം, എന്തുമാവാം. സജീവമായ കലാചര്‍ച്ചകളില്‍ ശരിക്കും ആസ്വദിച്ചുതന്നെ പങ്കെടുത്തു.
വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലും ഞങ്ങള്‍ക്ക് ലണ്ടന്‍ നഗരം കാണാനായി ഇറങ്ങാം. കലാപഠനത്തിനു വന്നതിനാല്‍ ലണ്ടനിലെ ലോകപ്രശസ്തമായ ആര്‍ട്ട് ഗാലറികള്‍ കാണാമെന്ന് തീരുമാനിച്ചു. ടെയ്റ്റ് മോഡേണ്‍, ടെയ്റ്റ് ബ്രിട്ടന്‍, നാഷണല്‍ ഗാലറി, നാഷണല്‍ പോര്‍ട്രൈറ്റ് ഗാലറി, ബ്രിട്ടീഷ് മ്യൂസിയം എന്നിവ കണ്ടു .ഓട്ടപ്രദക്ഷിണം എന്നു പറയാം. കാരണം, ഓരോ ഗാലറിയും ശരിക്കും കണ്ടാസ്വദിക്കാന്‍ നിരവധി ദിവസങ്ങള്‍ വേണം. എങ്കിലും പികാസോ, വാന്‍ഗോഗ്, ബ്രാക്ക്, ഡാവിഞ്ചി, ടേണര്‍, കോണ്‍സ്റ്റബിള്‍, തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ അവിടെ ഉണ്ടായിരുന്നു. യൂറോപ്യന്‍ ചിത്രകലാ പാരമ്പര്യത്തിന്‍റെ അകത്തളങ്ങളില്‍ നടക്കുകയായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍.
ലണ്ടനിലെ മിക്ക കെട്ടിടങ്ങളും പഴയ കെട്ടിടങ്ങളാണ്. വിക്ടോറിയന്‍ കാലഘട്ടത്തിലെ വാസ്തുശില്പങ്ങള്‍. അവയ്ക്കിടയില്‍ പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരാന്‍ അവര്‍ അനുവദിക്കില്ല. ലണ്ടനില്‍ ഭൂതകാലം സമകാലിക യാഥാര്‍ത്യമാണ്. ബോംബെയിലെ വി.റ്റി. ഭാഗത്തും കല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിംഗിനു സമീപവും നമുക്കു കിട്ടുന്ന കൊളോണിയല്‍ ഭൂതകാലസ്പര്‍ശം ഇവിടെ നഗരത്തിലെ മിക്ക ഭാഗത്തും നമുക്കുണ്ടാകുന്നു. കെട്ടിടങ്ങളുടെ ഭംഗിയും പ്രതാപവും ആസ്വദിക്കുന്നതിന്‍റെ കൂട്ടത്തില്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലും എത്തിനായി. പുരാതനമായ പള്ളിയാണിത്. അവിടെ ഭൂതകാലത്തിന്‍റെ നാല് ചുമരുക്കള്‍ക്കിടയില്‍ ഒരു വന്ദ്യവയോധിക പ്രാര്‍ത്ഥിക്കുന്നത് തൊട്ടടുത്ത് നിന്ന് ഞാന്‍ കണ്ടു. പരിചിതമായ മുഖം. എനിക്ക് ഓര്‍മ വന്നു. എലിസബത്ത് റാണി തന്നെ… ഞാന്‍ ആ മുഖം നോക്കിനിന്നു.
ലണ്ടനില്‍ നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ സ്ലെയ്ഡില്‍ വരച്ച ചിത്രം ഒരു ലാന്‍ഡ്‌സ്കേപിനു തുടക്കമിടുന്നതായി തോന്നി. നാട്ടില്‍ എത്തി ആ ചിത്രത്തെ അടിസ്ഥാനമാക്കി ഫോട്ടോഗ്രഫിയില്‍ ചില അമൂര്‍ത്തമായ സ്ഥലദൃശ്യങ്ങള്‍ ചെയ്തു. ആ ഫോട്ടോഗ്രഫിക് സൃഷ്ടികള്‍ ഈ കുറിപ്പിനോടൊപ്പം ചേര്‍ക്കുന്നു.