വരകളിൽ വെളിച്ചവും സംഗീതവും; വിഷാദവും കരച്ചിലും.
വരകളിൽ വെളിച്ചവും സംഗീതവും; വിഷാദവും കരച്ചിലും/ സർജു
കാർടൂണുകളിലെ വരകൾ വഴുക്കുന്ന വരമ്പുകളാണ്.പൊളിറ്റിക്കൽ കാർടൂൺ എന്ന് പ്രത്യേക വിലാസമുള്ളവയും അപ്രതീക്ഷിതമായി അരാഷ്ട്രീയത്തിലേയ്ക്ക് കൂറുമാറും.എന്തുകൊണ്ട് ചിരിച്ചു? എന്ന് സ്വന്തം ചിരികളെ അഴിച്ചുപിരുത്ത് നോക്കിയിട്ടുള്ളപ്പോഴൊക്കെ പരുങ്ങലിൽ ആയിട്ടുമുണ്ട്. അബുവിൽ, വിജയനിൽ ഉണ്ണിയിൽ… ഇങ്ങനെ കുറച്ച് പേരിലാണ് വര എത്തുന്നിടത്ത് വാക്ക് എത്തുന്നത്. ഹാസ്യത്തിന് സഹജമായിട്ടുള്ള അധീശസ്വഭാവദൂഷ്യങ്ങളെ തിരിച്ചറിയുന്നവരായിരുന്നു ഇവർ. അതുകൊണ്ട് തന്നെ അധികാരത്തിന്റെ വ്യാജഗൌരവത്തിൽ ചിരിചേർത്ത് പിൻവാങ്ങിയില്ല.
മെല്ലെപോക്ക് കലയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. ലോകം അനുവദിക്കാത്ത ഒരു സാവകാശത്തെ അത് ചോദിച്ചുകൊണ്ടിരിക്കും.കാർടൂണാണ് പുതുവേഗങ്ങളോട് ഏറെ ബന്ധുത്വമുള്ള കലകളിലൊന്ന്. മിക്കപ്പൊഴും അതിനൊരു ദൈനംദിനജീവിതമുണ്ട്. വിസ്തരിക്കുന്നില്ല.ഭാരക്കുറവുണ്ട്. ചെറുതിന്റെ ഊക്കും. ഇ.ഇടങ്ങളിലത് അത്യു ക്തികളുടേയും വിരുദ്ധോക്തികളുടേയും ആശ്രയങ്ങളെക്കൂടി പുതുക്കുന്നുണ്ട്.സന്തോഷ് ജി.ആറിന്റെ കാർടൂണുകൾ നോക്കിയിരിക്കെ വരകളിൽ വെളിച്ചവും സംഗീതവും വിഷാദവും കരച്ചിലും വന്നു നിറയുന്നുണ്ടായിരുന്നു.
ഈ ദിവസങ്ങളുടെ രാഷ്ട്രീയ രേഖകൾക്കപ്പുറത്താണ് ജി.ആറിന്റെ കാർടൂണുകൾ. മറവ് ചെയ്യപ്പെട്ട മനുഷ്യർ, സൌജന്യവാക്സിൻ എടുത്തിട്ട് വീട്ടിലേയ്ക്ക് നമുക്ക് തിരിച്ചുപോകാം എന്ന് പറയുന്ന കാർടൂൺ പെട്ടെന്ന് കണ്ണീരിന്റെ ഒരു മൂടൽ കൊണ്ടു വന്നു. മറവ് ചെയ്യപ്പെട്ട ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കുഴിമാടങ്ങളുടെ ആഴം ഒറ്റഖബറായി ഭുഗർഭം തൊടുമ്പൊഴും മരിച്ചവരുടെ പ്രതീക്ഷയെ ആകാശ നീലയിൽ എഴുതിയിരിക്കുന്നു.
ഇരുണ്ട ഹാസ്യം എന്ന് ഹാസ്യത്തിന്റെ അധീശസ്വഭാവ ദൂഷ്യങ്ങളെ ഇരുട്ട് ചേർത്ത് ഇന്നും പരിപാലിക്കുന്നുണ്ട്. എന്തുകൊണ്ടോ ബഷീറിലെ ചിരിയിൽ ഈ ഇരുട്ട് ചേർക്കൽ ഉണ്ടായില്ല. ഘോര ഘോരമായ ഇരുട്ടിൽ വെളിച്ചത്തിന്റെ വെളിച്ചമായ സംഗീതം കേൾക്കാം എന്ന കാർടൂണിൽ ആരും കുറച്ച് നേരം നിന്നുപോകും. വിമർശനത്തിന്റെ പതിവിടങ്ങളിൽ മഹാവ്യാധിയുടെ ഇരുട്ടുമൂടിയ ബഷീറിലൂടെ പ്രത്യാശയുടെ വെള്ളകീറുന്നുണ്ട് കാർടൂൺ.ഒരു മെഡിക്കൽ പ്രാക്ടീഷനർ എന്ന നിലയിലും ഈ വെള്ളക്കൊടിവീശൽ ജി.ആറിൽ പ്രധാനമാണ്.
ഏത് ആൾക്കൂട്ടത്തിലും ഒറ്റയാക്കുന്ന, ഇരുട്ടിലിരിക്കുന്നവരുടെ കാഴ്ചയാണ് സിനിമയും.മിക്കപ്പൊഴും കലാപരമായി നിശ്ചലമാണ് നമ്മുടെ ചലച്ചിത്രങ്ങൾ.കാർടൂണിന്റെ സാർവ്വദേശീയ ഭാഷയ്ക്കുള്ളിൽ ഇതെന്തെര് സിനിമ എന്ന് തിരുവനന്തപുരം സ്ലാങിൽ ഒരു ചോദ്യമുണ്ട്. എമ്പതുകളുടെ രണ്ടാം പകുതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിലുണ്ടായിരുന്ന ഞങ്ങളിൽ പലരുടേയും ദൃശ്യബോധത്തെ പുതുക്കുന്നതിൽ പുറംദേശങ്ങളിലെ സിനിമകളെകുറിച്ചുള്ള സന്തോഷ് ജി ആറിന്റെ അനൌപചാരിക അപ്രിസിയേഷൻ കോഴ്സുകൾക്ക് വലിയ പങ്കുണ്ട്.എഴുതിയതെന്തെങ്കിലും വായിച്ച് കൊള്ളാം ഇതിലൊരു ചിത്രമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അക്കാലത്ത് തന്നെ നാണക്കേട് തോന്നിയിരുന്നു.ഭാഷ കൊണ്ടൂള്ള ഫോട്ടോഗ്രാഫിയല്ല കവിത എന്ന് തുടക്കത്തിൽ തന്നെ അറിഞ്ഞിരുന്നു.രാഷ്ട്രീയ സംവാദവും കവിതയും സംഗീതവും സിനിമയും ചിത്രവും ഒന്നിച്ച ഒരാളെന്നതിനപ്പുറം സന്തോഷ് ജി.ആറി ന്റെ വേറിട്ട ദൃശ്യബോധമാണ് ഈ കാർടൂണുകളെ ശ്രദ്ധേയമാക്കുന്നത്.
കലയിലെ രാഷ്ട്രീയ സംവാദത്തിൽ നമ്മുടെ ഉള്ളിലേയ്ക്ക് നോക്കി ചിരിക്കാനാവുക ഒരു വിശേഷാനുഭവം. അത്ര ജോളി ഒന്നുമായിരുന്നില്ലെങ്കിലും ഡോക്ടറേ ഇപ്പോഴിതാണ് കോലം എന്ന കാർടൂൺ ഒരു കണ്ണാടി. നീയും പിണറായിസ്റ്റോ എന്ന് വിസ്മയം കൂറിയ സുഹൃത്തുക്കളോട് അത് തന്നെ തിരിച്ചു ചോദിക്കാനാവുന്ന ഒരു സീസണാണിത്.. എത്ര ഇടുങ്ങിയ പോംവഴിയും ഒരു പോംവഴിയാകും.