White Crow Art Daily

വാ തുറന്നാല്‍ നാറുന്ന കല

എഡിറ്റോറിയല്‍

ഒരാള്‍ അയാളെത്തന്നെ തൊലി ഉരിച്ച് കെട്ടിത്തൂക്കുന്നപോലെയാണ് ഇന്നസെന്റും മുകേഷും ഗണേഷ്കുമാറും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആത്മനിന്ദകണക്ക് സ്വയം അപമാനിക്കാനുള്ള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ട്. എന്നാല്‍ തലകുനിക്കുന്നത് മലയാളിയുടെ പൊതുബോധവും കലയും സംസ്കാരവും സ്ത്രീയും രാഷ്ട്രീയവും ജനാധിപത്യവുമാകുമ്പോള്‍ ഇവരെങ്ങനെ ഇടതുപക്ഷ ജനപ്രതിനിധികളായി എന്ന ചോദ്യം ആരിലും ഉയരും.

മലയാള സിനിമ എന്നതിനു പകരം സിനിമാ ഇന്റസ്ട്രി എന്ന് കേട്ടുതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അതു ലോപിച്ച്  മലയാളം  ഇന്റ്സ്ട്രി എന്നാണ് ചലച്ചിത്ര പ്രവര്‍ത്ത കരിപ്പോള്‍ ഉച്ചരിക്കാറ്. എലിപ്പത്തായം നിര്‍മ്മിച്ച കൊല്ലത്തെ ജനറല്‍ പിക്ചേഴ്സ് രവിയ്ക്ക് വ്യവസായി എന്ന വിലാസം ആവശ്യമുണ്ടായിരുന്നില്ല.ആ സിനിമ സാക്ഷാത്ക്കരിച്ച ആള്‍ സിനിമാവ്യവസായി അടൂര്‍ഗോപാലകൃഷണനെന്നോ വിനോദവ്യവസായി അടൂര്‍ഗോപാലകൃഷണനെന്നോ സംബോധന ചെയ്യപ്പെടാന്‍ നിന്നുതരികയുമില്ല.കലയ്ക്കും സംസ്കാരത്തിനും അതിന്റെ വിശേഷ അസ്തിത്വമുണ്ട്.

എന്തെങ്കിലും കലാമൂല്യമുള്ളതോ അതിലേയ്ക്ക് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതിന്റെ അടയാളങ്ങളുള്ളതോ ആയ ചലച്ചിത്രങ്ങള്‍ മൊത്തം നിര്‍മ്മിക്കപ്പെടുന്നതിന്റെ നാലിലൊന്നു പോലും വരില്ല. സിനിമയല്ലാത്ത സിനിമകളാണ് മലയാളത്തില്‍ ഉണ്ടാകുന്നതെന്ന് സര്‍ക്കാര്‍ നിയോഗിക്കുന്ന സിനിമാജൂറികള്‍  പറഞ്ഞുതുടങ്ങിയിട്ടും ഒരുപാടുകാലമാകുന്നു.
 കേരളത്തിന്റെ മണ്ണിലും വെള്ളത്തിലും പടര്‍ന്ന മാലിന്യങ്ങളുടെ പതിന്മടങ്ങ് സാംസ്കാരിക മാലിന്യം  ഇവ ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞു. മലയാളി മനസ് അവ നേരിട്ട് നിക്ഷേപിക്കപ്പെട്ട ഞെളിയന്‍പറമ്പുകളാണ്. അതിന്റെ ഗന്ധം ഏതു ദിവ്യന്റെ വായില്‍നിന്നും പകര്‍ച്ചവ്യാധി പോലെ പരന്നു തുടങ്ങാം.

ഇനി വ്യവസായമായാല്‍, മില്‍മാപാലായാലും ചന്ദ്രികാസോപ്പായാലും ഉത്പ്പന്നത്തിന്റെ നിലവാരവും ജനങ്ങള്‍ക്കുള്ള വിശ്വാസവുമാണ് അതിന്റെ വിപണിയും സാമ്പത്തികവും രൂപപ്പെടുത്തുന്നത്. അങ്ങനെനോക്കിയാല്‍ നമ്മുടെ വാണിജ്യ സിനിമപോലെ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കച്ചോടം വേറെയുണ്ടാവില്ല. ഒന്നാമത്തെക്കാര്യം സുതാര്യത ഇല്ലാത്ത അതിന്റെ മൂലധനം തന്നെ. ഗണ്യമായ ഒരു വിഭാഗം സിനിമകള്‍ നിര്‍മ്മിക്കുന്നത് ബിനാമികളാണ്. പ്രശസ്ത അഭിനേതാക്കളുടെ സഹചാരികളോ സുഹൃത്തുക്കളോ ആയ, ബിനാമികള്‍ എന്ന നിലയില്‍ തന്നെ മാളോര്‍ അറിയുന്ന ഒരുകൂട്ടമാളുകളുണ്ട്. മറ്റൊരു വിഭാഗം ആരുടെ പണമെന്നത് പൂര്‍ണമായും മറച്ച്  മാന്യ നിര്‍മ്മാതാക്കളായി അവതരിക്കുന്നവരാണ്. ബഹുഭൂരിപക്ഷം സിനിമകളും സാമ്പത്തികമായി  പൊട്ടിപൊളിയുന്നുവെങ്കിലും കറുത്ത പണത്തിന്റെ നിക്ഷേപ സ്ഥലമായതിനാല്‍ ഈ കലാപരിപാടി തുടര്‍ന്നുപോകുന്നു.

വെളുത്ത പണത്തിന് തീരെ പങ്കില്ലെന്നല്ല. അപ്പോഴും സിനിമയുടെ മൊത്തം ബജറ്റിന്റെ മുഖ്യപങ്ക് ഏതാനും നടന്മാര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുന്നു.വലിയൊരു വിഭാഗം അഭിനേതാക്കള്‍ക്ക് മതിയായ പ്രതിഫലമോ, വാഹന താമസ സൌകര്യമോ, നല്ല ഭക്ഷ്ണമൊ,ആര്‍ട്ടിസ്റ്റെന്ന പരിഗണനയോ, മാന്യമായ പെരുമാറ്റമോ  ലഭിക്കുന്നില്ല. പ്രധാനികള്‍ പ്രതിഫലത്തുകയായി കൈപ്പറ്റുന്ന പണത്തിന്റെ ഒരംശത്തിനുമാത്രം കണക്കുകാണിച്ച് നികുതികൊടുക്കുകയും  ബാക്കിമുഴുവന്‍ കറുത്ത പണമായി മാറ്റുകയും ചെയ്യുന്നു. സമൂഹത്തിന്റെ സമസ്ത വഴികളിലേയ്ക്കും ഈ കള്ളപ്പണം പിന്നീട് സവാരിക്കിറങ്ങുന്നു. ബ്ലാക് മണി നിക്ഷേപിക്കപ്പെടുകയും നിര്‍മ്മിക്ക പ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന  അധോലോക സമാനമായ ഇടത്തിന് കല ഒരു വ്യാജവിലാസമാണ്. പൈങ്കിളി ജനപ്രിയതയെ മുന്നിര്‍ത്തി അതുണ്ടാക്കുന്ന രാഷ്ട്രീയ ബന്ധങ്ങള്‍ സംരക്ഷണ കവചവും.
.

താരമെന്നത് ഒരാളുടെ മതിഭ്രമമല്ലാതെ മറ്റൊന്നുമല്ല. ആളുകള്‍ കൂട്ടായി അദ്ധ്വാനിക്കുന്നിടത്ത് മറ്റുള്ളവരുടെ വേലക്കാശുകൂടി അപഹരിക്കുന്നതിന്റെ ന്യായീകരണം അവര്‍ താരങ്ങളാണ് എന്നതത്രേ. താരമൂല്യത്തിന്റെ വിപണിവിലയാണ് കൈപ്പറ്റുന്നതെന്നും. സിനിമ ജനപ്രിയമാകാന്‍ വെള്ളിത്തിരയില്‍  മുമ്പ്കണ്ട ഒരു മുഖത്തിന്റേയും ആവശ്യമില്ലെന്ന് നൂറാവര്‍ത്തി മലയാളത്തിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നിന്ന് അങ്കമാലി ഡയറീസില്‍  എത്തുമ്പോള്‍  അതിന് വ്യക്തത ഏറിയിട്ടുമുണ്ട്. സ്വന്തം പേരില്‍ സംഘടനയുണ്ടാക്കി  ചെല്ലും ചെലവും കൊടുത്തു ഫാന്‍സ് അസോസിയേഷന്‍ എന്നപേരില്‍ കൊണ്ടുനടക്കുന്നതിന്റെ  അരാഷ്ട്രീയവും  ജനാധിപത്യ വിരുദ്ധതയും  മനോരോഗവും  മലയാളമിന്ന് തിരിച്ചറിയുന്നുണ്ട്. പരിസരബോധവും ആത്മവിശ്വാസവുമുള്ള  അഭിനേതാക്കള്‍  അയ്യേ ഫാന്‍സ് അസോസിയേഷനോ! എന്ന് ലജ്ജിക്കുന്നുണ്ട്.

നടിക്കുന്നവര്‍ സ്വന്തം ശരീരത്തെ സാധാരണയില്‍ക്കവിഞ്ഞ് സ്നേഹിക്കുകയും പരിപാലി ക്കുകയും ആത്മരതി അനുഭവിക്കുകയും ചെയ്തേക്കാം. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മറ്റുള്ളവരെ മുഴുവന്‍ ശരീരമായി കാണുന്നവര്‍ പെരുകിയാല്‍ സിനിമയുടെ ലൊക്കേഷനുകള്‍  വിടന്മാരേയും പിമ്പുകളേയും കൊണ്ടു നിറയും.വെളിവില്ലാത്ത ഒരാള്‍ താരരാജാവ് എന്ന് സംബോധന ചെയ്യുമ്പോള്‍,  രോമാഞ്ചം അനുഭവിക്കുന്ന മസ്തിഷ്കങ്ങളുടെ ദയനീയത നാമറിയുന്നുണ്ട്. ആണധികാരത്തിന്റെ പ്രദര്‍ശനശാലകള്‍ സ്ത്രീകള്‍  വലിച്ചുകീറുമ്പോള്‍ കോമാളിത്തം അതിനു മറയാവില്ല.

കലയും സംസ്കാരവും മലയാളിയുടെ പൊതുബോധത്തില്‍  നിര്‍മ്മിച്ച തുറസുകളാണ് കേരളത്തില്‍ ഇടതുരാഷ്ട്രീയത്തിന്റെ സാമൂഹികാടിത്തറയ്ക്ക് കരുത്തു പകര്‍ന്നിട്ടുള്ളത്. ഇതറിയാനുള്ള സ്പര്‍ശനശേഷി വ്യവസ്ഥാപിത  ഇടതുപക്ഷം എപ്പോഴെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. പൈങ്കിളി  ജനപ്രിയതയും ജനകീയതയും വേര്‍തിരിക്കുന്നതില്‍  അത് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കൂട്ടത്തിലേറ്റവും പ്രാപ്തികുറഞ്ഞവരാലും കോമാളികളാലും നയിക്ക പ്പെടണമെന്ന  നിര്‍ബന്ധത്തിന്റെ ലൈവാണ് നമുക്ക് മുന്നിലുള്ളത്. കാലഹരണപ്പെട്ടവരുടെ മരണവെപ്രാളം കൂടിയാണ് ഈ ഉപജാപങ്ങള്‍.