White Crow Art Daily

വിപിതയുടെ കവിതകൾ

കവിത/വിപിത

സ്മാരകം

ഞാൻ മൈക്കിൾ   എബോഡന്റെ 
വിധവയാണ്. 

നല്ല കറുത്ത നിറത്തിൽ 
ഉയരം കുറഞ്ഞ ദേഹത്ത് 
പുള്ളി ഫ്രോക്കുകളിട്ട 
ഒരു സ്മാരകമാണ് .

മഴ, സംഗീതം, സ്നേഹരസങ്ങൾ 
എന്നിവയെ ഞാൻ പുറത്തു നിർത്തി 
വാതിലടയ്ക്കാറുണ്ട്.

താഴ്‌വാരങ്ങൾക്ക് 
ഒറ്റ നിറമാകുന്ന
വൈകുന്നേരങ്ങളിൽ, 
ഞാൻ ഈ രാജ്യത്തെ 
പ്രജയല്ലാതാകുന്നു. 

ലേശം മനംമറിപ്പോടെ
ഞാൻ മൈക്കിൾ എബോഡന്റെ 
വിധവ മാത്രമാകുന്നു.

വിശപ്പിന്റെ പരിഭാഷ

ഒരു ബസ് യാത്രയിലാണ് 
ഒറ്റക്കടുക്കനണിഞ്ഞ 
കുഞ്ഞിനേയും 
നിറവയറുള്ള അവരെയും 
കാണുന്നത്. 

മനുഷ്യരല്ലെന്ന് തോന്നിച്ചുകൊണ്ട് 
ആരും സീറ്റ്‌ നൽകിയില്ല. 

ഉറങ്ങുന്നൊരുവനെ 
തട്ടിയെണീപ്പിച്ച് 
കണ്ടക്ടർ സീറ്റ്‌ നൽകി. 

കടുക്കനണിഞ്ഞ കുട്ടി 
ജനാലയിലൂടെ 
നോക്കിയിരുപ്പാണ്. 

സ്ത്രീ പ്രജ്ഞയില്ലാത്ത വണ്ണം 
ഏതോ ഒരു ബിന്ദുവിലേക്ക് 
കണ്ണും നട്ടിരുന്നു . 

സ്നേഹ ജീർണത 
അനുഭവിക്കുന്ന 
അവരുടെ കണ്ണുകൾ 
ഗാഢമായി 
എന്നെ ആലിംഗനം ചെയ്തു. 

പൊറ്റമേൽക്കടവ് 
പാലമെത്തുമ്പോൾ 
പെട്ടെന്ന് ദാഹപരവശയായി 
അവർ ജലത്തിലേക്ക്
എത്തിയെളിഞ്ഞു നോക്കി. 

കുട്ടി ഭയത്തോടെ 
സ്ത്രീയുടെ നെഞ്ചിലേക്കാഞ്ഞു. 

ജീവിതം മടുത്തവരോ 
അവസാനിപ്പിക്കാൻ
വെമ്പുന്നവരോ ആകുമെന്ന് 
ചലനങ്ങളെ ഞാൻ 
പരിഭാഷപ്പെടുത്തി. 

അവർ ഏതോ പാലത്തിന്റെ 
കൈവരി തകർത്ത് 
ജലത്തിൽ ലയിക്കുന്നത് 
 സങ്കൽപ്പിച്ചു. 

 ദേഹത്താകെ ചൂടും 
കുളിരുമനുഭവപ്പെട്ടു. 

അപരയെക്കുറിച്ചുള്ള 
വിചിത്ര കല്പനകളിൽ 
മുഴുകി ഞാൻ സ്റ്റോപ്പ് മറന്നു. 

കല്ലുപോലിരുന്നവൾ
വാതിലു തുറന്ന് 
കടലുപോലിറങ്ങി 
ഒഴുകിപ്പോയി. 

ഞാനവരെ കവല വരെ 
പിൻതുടർന്നു. 

പാതി വഴിയിൽ 
അവർ കുഞ്ഞിന്റെ 
കടുക്കനഴിച്ചു. 
പണയക്കടയിലേക്ക് 
കയറിപ്പോയി. 

കുട്ടിക്ക്
ഭക്ഷണം വാങ്ങി  നൽകി. 

എന്റെ,  ജീവിതത്തിന്റെ 
പാളിയ പരിഭാഷപ്പെടുത്തലുകളിൽ 
കുഞ്ഞിന്റെ ചിരി 

ഞാൻ അച്ചൻകോവിലാറിനെ നോക്കി. 
അത് അപ്പോഴും തടസങ്ങളില്ലാതെ 
ഒഴുകുകയായിരുന്നു.

 

പൂച്ച 

 

ഒരു പടുതിയുമില്ലാത്ത 
കുഞ്ഞൻ പൂച്ചയെ 
കളഞ്ഞു കിട്ടി.

അമ്മക്കിഷ്ടമില്ലാത്തതിനാൽ 
തകരപ്പാട്ടയിലൊളിപ്പിച്ച്, 
ചെതുമ്പല് മാത്രം നൽകി 
വെശപ്പിന്റെ സൂക്കേട് മാറ്റി. 

പൂച്ച വെജിറ്റേറിയനാകുമോയെന്ന 
ഭയത്തിൽ 
ഇരുളു വീഴുമ്പോൾ 
തൈത്തെങ്ങിൻ മൂട്ടിൽ 
മുള്ളു തെരഞ്ഞു. 

അയൽ വക്കത്തെ 
പൂച്ച,  പട്ടി, കോഴി കുടുംബങ്ങളുടെ 
ശാപവും പേറി, 
ഒളി ച്ചും പാത്തും  മുള്ളും, 
മീൻ തലയും കൈക്കലാക്കി. 

തകരപ്പാട്ടയിൽ ദ്രുതഗതിയിൽ 
ഒരു മ്യാവൂ വളർന്നു വന്നു. 

അരക്ഷിതാവസ്ഥകളുടെ 
ആ പൂച്ചക്കുഞ്ഞിന് 
എന്റെ  പേരിട്ടു. 

എനിക്കെന്നെ ഉപേക്ഷിച്ചു കളയാൻ 
ആവുമായിരുന്നില്ല.

 

പകപ്പാട്

ഒരീച്ച ചത്ത ചായയെ 
മൊത്തിക്കുടിച്ചിട്ടുണ്ടോ ? 

എനിക്കത് പരിചിതമാണ്. 

ലോകം മുഴുവനും 
മധുരപാനീയങ്ങൾ 
നിറച്ച ഒരു കോപ്പയായിരുന്നെങ്കിൽ, 
അതിലെ ഒരു ചത്ത 
ഈച്ചയാകുമായിരുന്നു ഞാൻ.

അതിനെ മൊത്തിക്കുടിക്കാനെത്തുന്ന 
ഏതോ ഒരാൾ അറപ്പോടെ വലിച്ചെറിഞ്ഞേക്കുമെന്ന് 
ഉറപ്പുള്ളതിനാൽ 
ഏറ്റവും അടിത്തട്ടിൽ 
ഒളിച്ചിരുന്ന്, 
ഈ ലോകത്തോട് 
പക വീട്ടിയേനെ.

 

തിരുവനന്തപുരം സെന്റർ ഫൊർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷണ വിദ്യാർത്ഥി