White Crow Art Daily

വീടുകൾ പുറത്തിട്ടടച്ച രാഷ്ട്രീയം

സിനിമ / ഒമർ ഷെറിഫ്

Everything is arranged so that it be this way, this is what is called culture. – Jacques Derrida

മനുഷ്യവാസത്തിന്റെ വിരുദ്ധമായ രണ്ട് സാധ്യതകളാണു കുമ്പളങ്ങി നൈറ്റ്സ് കാട്ടിത്തരുന്നത് –  ഒന്ന്  ഭയപ്പെടുത്തിയും അടക്കിയും കൃത്രിമമായി നിർമ്മിച്ചെടുക്കുന്നത്, മറ്റൊന്ന് സ്വതന്ത്രവും സ്വാഭാവികവും ആയി പരിണമിച്ചുകൊണ്ടിരിക്കുന്നത്.  അങ്ങനെയാണത് നമ്മുടെ സമകാലിക രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക പരിസരങ്ങളെ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളിൽ സമീപിക്കുന്നത്. 

വ്യവസ്ഥാപിത സാമൂഹിക-സംസ്കാര-അധികാര ഘടനയുടെ ഏറ്റവും ചെറിയ ഏകകം ആയ വീടിനെ (കുടുമ്പം + സ്വകാര്യസ്വത്ത്)   കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച്കൊണ്ട് സ്നേഹം, പ്രണയം, സ്വപനം, ജീവിത വിജയം, അന്തസ്സ്, മോഹം, മോഹഭംഗം തുടങ്ങിയ സകലവിധ മനുഷ്യവ്യവഹാരങ്ങളുടേയും ശരി-തെറ്റുകൾ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നടപ്പ് മൂല്യങ്ങളുടെ സംസ്ഥാപനവും പുനർപ്രക്ഷേപണ വുമാണു മിക്കവാറും മുഖ്യധാരാ സിനിമകളുടേയും രീതി. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ‘കുടുമ്പം + സ്വകാര്യസ്വത്ത്’ എന്നതിനു പുറമെ പുതുതായി ഒരു ഘടകം കൂടി ചേർത്ത് ‘വികസിപ്പിക്ക’പ്പെട്ടതാണു നമ്മുടെ വീട് – അതു കുലമഹിമയാണ്.   ഈ വാർപ്പുകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യജീവിതത്തിന്റെ സാധ്യതകൾ അന്വേഷിക്കുന്ന സിനിമകളാകട്ടെ പലപ്പോഴും വീടുവിട്ട് രക്ഷപ്പെട്ടോ, സ്വപ്നത്തേക്കാൾ മായികമായ സമാന്തര ലോകങ്ങൾ സൃഷ്ടിച്ചോ തൃപ്തിപ്പെടാൻ ശ്രമിക്കുക യാണു പതിവു.  എന്നാൽ ‘വീട്’ എന്ന അതേ കളത്തിലാണു ‘കുമ്പളങ്ങി’-യും കളിക്കുന്നത്.  രണ്ട് വീടുകളെ പരസ്പരം കുത്തനെ പ്രതിഷ്ഠിച്ച്, അവക്കിടയിൽ ചില ജീവിതങ്ങൾ വികസിക്കുന്ന വിധം ഒരു തരം ‘silly-realist’ സങ്കേതത്തിലുടെ അവതരിപ്പി ക്കുന്നു.  മഹേഷിന്റെ പ്രതികാരത്തിൽ കണ്ടത് പോലെ, അപ്രസക്തമെന്ന് (silly) തോന്നാവുന്ന ചില ജീവിത സന്ദർഭങ്ങളെ യഥാതഥ (realistic) രംഗങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയാണു കുമ്പളങ്ങിയുടേതും.  

“പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട വീടാണു” നെപ്പോളിയന്റേത്.  പണി പൂർത്തിയാകാത്ത, ജനവാതിലുകൾക്ക് ബന്ധവസ്ഥില്ലാത്ത ഒരു വീട്.  ആളുകൾ പട്ടിയേയും പൂച്ചയേയും ഒക്കെ ഉപേക്ഷിക്കുന്ന ഒരു പറമ്പാണു അതിന്റെ പരിസരം.  വിസർജ്യങ്ങൾക്കിടയിലൂടെയാണു അവിടേക്കുള്ള വഴി.   കെട്ടുപിണഞ്ഞ, ഒന്നിൽ കൂടുതൽ ഭാര്യാ-ഭർതൃ ബന്ധങ്ങളിൽ പിറന്ന, കലർപ്പുകളാണു അവിടെ താമസിക്കുന്ന സഹോദങ്ങൾ സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവർ.  രൂപത്തിലും പെരുമാറ്റത്തിലും ജീവിത രീതികളിലും തീർത്തും വ്യത്യസ്തരായവർ.  ഒരു വീടിന്റേതായ യാതൊരു നടപ്പ്  രീതികളും  അവിടെ ഇല്ല . സമയത്തിനു വെപ്പും തീനുമോ, കുടുമ്പാംഗ ങ്ങൾക്കിടയിലെ പ്രകടമായ സ്നേഹോഷ്മളതയോ ഇല്ല തന്നെ.   ഇതിനു നേർ വിപരീതമാണു സഹോദരിമാരായ സിമിയുടേയും ബേബി മോളുടേയും വീട്.  അവർക്ക് പുറമെ വീട്ടിൽ അവരുടെ അമ്മയും സിമിയുടെ നവവരൻ ഷമ്മിയും ഉണ്ട്.  വൃത്തിയും വെടിപ്പും ഉള്ള വീടും പരിസരവും ആണു അവിടം.  ചുരുക്കത്തിൽ അതൊരു ‘മാതൃകാ വീട് ‘ ആണെന്ന് പറയാം.  ബോബിയും ബേബി മോളും തമ്മിൽ ഇഷ്ടത്തി ലാവുന്നതോടെ മാത്രമാണു ഇരു വീടുകളും തമ്മിലുള്ള ഇടപാടുകൾ തുടങ്ങുന്നത്. 

സിനിമയിലുടനീളം കേന്ദ്രീകൃതമായ ഒരു നേതൃത്വം ഇല്ലാതെയാണു നെപ്പോളിയന്റെ വീട് പരിണമിച്ചുകൊണ്ടിരിക്കുന്നത് – ഒന്നിൽ കൂടുതൽ അഛ്ചൻ-അമ്മമാർ എവിടെയൊക്കെയോ മറഞ്ഞിരുന്നിട്ടും അതിൽ ഒരു അധികാര ഘടന പ്രത്യക്ഷമായോ പരോക്ഷമായോ നില നിൽക്കുന്നില്ല.  മൂത്ത സഹോദരൻ സജി വളരെ നിർബന്ധിച്ചാണു ബോബിയെക്കൊണ്ട് തന്നെ “ചേട്ടാ” എന്ന് വിളിപ്പിക്കുന്നത്.  അതാകട്ടെ പൊട്ടിച്ചിരിക്കുന്ന ഒരു തമാശ ആയാണു ആ വീട്ടിൽ അവസാനിക്കുന്നത്.   അവിടെ ആർക്കും സ്ഥിര ജോലിയോ വരുമാനമോ ഇല്ല.  അവിടെ കിടപ്പു മുറികളോ തീൻ മേശയോ ഇല്ല.  മിക്കവാറും അലഞ്ഞു തിരിയുന്നവർ ആണു മൂത്ത മൂന്ന് പേരും.

അഛ്ചൻ മരിച്ചുപോയ സിമിയുടെ വീടിന്റെ നായകത്വം സ്വയം ഏറ്റെടുത്തിരിക്കുകയാണു ഷമ്മി.  ഒരേ സമയം സ്ത്രൈണമായ മൃദുത്വവും പ്രവചനാതീത മായ വിക്ഷോഭങ്ങളും പ്രകടിപ്പിക്കുന്ന ഒരു ദുരൂഹ കഥാപാത്രമാണു അയാൾ.  ആവശ്യത്തിലധികം സമയം സ്വയം സൗന്ദര്യപ്പെടുത്തലുകൾക്ക് ചിലവഴിക്കുന്ന ഒരാൾ.   വാല്രസിനെ ഓർമ്മിപ്പിക്കുന്ന കട്ടിമീശയാണു അതിന്റെ മർമ്മം.  ഒതുക്കിയിലും തലോടിയും അയാൾ അതിനെ ആവോളം ആഘോഷിക്കുന്നുണ്ട്.  മുഖം മിനുക്കി, വസ്ത്രം മാറിയുടുത്ത് വടിവൊത്ത് നിൽക്കുന്ന തന്നെ കണ്ണാടിയിൽ നോക്കി അയാൾ തന്നെ വിശേഷിപ്പിക്കുന്നത് “the complete man” എന്നാണു.  സ്നേഹത്തൊടെ സമീപിക്കുമ്പോൾകൂടി, ആകാംക്ഷയോടെയും ഭയത്തോടെയുമാണു വീട്ടിലുള്ളവർ അയാളെ കാണുന്നത്.  അത് അയാൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.  “എന്തിനാ പേടിക്കുന്നത്…?” എന്ന് ഇടക്കിടക്ക് അയാൾ ഭാര്യയോട് ചോദിക്കുന്നുണ്ട്.  യഥേഷ്ടം ഭയം നിറച്ച് അയാൾ ഒരു പുതിയ വീടിനെ/കുടുമ്പത്തെ നിർമ്മിക്കാൻ ശ്രമിക്കുകയാണു.  ഭാര്യയായ സിമിക്കും, അവളുടെ അമ്മക്കും സഹോദരികും മീതെ ‘സ്നേഹപൂർണ്ണമായ’ അയാളുടെ അധികാരവും നിയന്ത്രണങ്ങളും പിടിമുറുക്കാൻ തുടങ്ങുന്നു.  അയാൾ സദാചാര വാദിയും തന്റെ കുടുംബത്തിന്റെ കുലമഹിമയിൽ അഭിമാനിക്കുന്നവനുമാണു.  ബേബി മോളുടെ പ്രണയ ബന്ധത്തെ ഒരു നിലക്കും വകവെച്ചുകൊടുക്കാൻ അയാൾക്കാവില്ല.  ഒരു ദിവസം, തീന്മേശയുടെ വശത്തു നിന്നും തന്റെ കസേര വലിച്ച് നീക്കി മേശയുടെ തലഭാഗത്ത് പ്രതിഷ്ഠിക്കുകയാണു ഷമ്മി.  അമ്മയേയും മറ്റുള്ളവരേയും സ്നേഹത്തോടെ നിർബന്ധിച്ച് തന്റെ ചുറ്റും ഇരുത്തുകയും ചെയ്യുന്നു.   അയാളുടെ ക്ലോസപ്പിൽ നിന്നും ക്യാമറ വലിയുമ്പോൾ, അയാൾക്ക് പുറകിൽ, പശ്ചാത്തലത്തിൽ തെളിയുന്നത് മാലയിട്ടു വെച്ച പിതൃചിത്രവും, ദൈവരൂപങ്ങളും ആരാധനാ സംവിധാനങ്ങളുമാണു.  അയാൾ മാത്രം ഓട്ടു പാത്രവും കപ്പും ഉപയോഗിച്ചാണു ഭക്ഷണം കഴിക്കുന്നത് നാം കാണുന്നു.  അയാൾ ഒരു പുതിയ അധികാര ഘടനയും മൂല്യവ്യവസ്ഥയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു.  മതിലു കടന്ന് അവിടേക്ക് എത്തുന്ന പന്ത് പോലും അയാൾ തുളച്ച് കീറിയിരിക്കും.

അതേ സമയം മറ്റൊരു തരത്തിലാണു ബോബിയുടെ വീട് പരിണമിക്കുന്നത്.  ആരോ ചാക്കിലാക്കി ഉപേക്ഷിച്ച പൂച്ചക്കുട്ടികൾ മുതൽ പുതിയ മനുഷ്യർ വന്നു ചേർന്ന് അത് വികസിക്കുന്നു.  നിശ്ചിതമായ ബന്ധങ്ങളാൽ നിർവചിക്കപ്പെട്ടല്ല അതിൽ ചിലർ (തേപ്പ് ജോലിക്കാരൻ തമിഴന്റെ ഭാര്യയും കുഞ്ഞും) ആ വീടിന്റെ ഭാഗമാകുന്നത്.   അത് ഉൾക്കൊള്ളലിന്റെ (inclusive) സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രൂപമാണു.  പല സന്തതി സഹോദരങ്ങളും തമിഴ് ആഫ്രിക്കൻ വംശജരും ചേർന്ന് അത് വികസിക്കുകയാണു.  അപ്പുറത്ത്  ഷമ്മി നിർമ്മിക്കുന്നത് തിരസ്കരണത്തിന്റേയും അപരവൽക്കരണത്തിന്റേയും ഘടനയാണു.  ദിനം തോറും ആ അടഞ്ഞ വീടിൽ നിറയുന്നത് ഭയവും കൂടുതൽ ഭയവുമാണ്

ജീവിതത്തിന്റെ പല മേഖലകളിൽ തങ്ങളുടെ സ്വയം നിർണ്ണയാവകാശം വിളിച്ച് പറയുന്നവരും ഉറപ്പുവരുത്തുന്നവരുമാണു ഈ സിനിമയിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ.  പലപ്പോഴും ചില സമസ്യകൾ പൂരിപ്പിക്കുന്നതും അവരാണു.  മിശ്ര വിവാഹത്തെക്കുറിച്ചുള്ള ആശങ്കകളെ “യേശു നമുക്ക് അറിയാത്ത ആൾ അല്ലല്ലോ” എന്നും ബോബിയുടെ കുടുംബത്തിനുമേലുള്ള “പല തന്ത” ആക്ഷേപങ്ങളെ “ഒന്നിൽ കൂടുതൽ തന്തമാർ ഉണ്ടാകുന്നത് ടെക്നിക്കലി പൊസ്സിബിൾ അല്ല” എന്നും പൂരിപ്പിക്കുന്നത് ബേബി മോൾ ആണ്.

വരേണ്യതാബോധം/കുല മഹിമ, ആണധികാരം, സദാചാരനിഷ്ഠ (മോറൽ പോലീസിങ്ങോളം എത്തുന്നത്) തുടങ്ങി പല ഘടകങ്ങൾ ഉൾച്ചേർന്നതാണു ഈ സിനിമയിലെ ഷമ്മി എന്ന കഥാപാത്രം.  അയാൾ നിർമ്മിച്ചെടുക്കുന്നത് ഒരു ആണധികാര ഘടന മാത്രമാണെന്ന് കരുതുന്നത് സിനിമയുടെ സമ്പൂർണ്ണമായ അരാഷ്ട്രീയ വായന ആകും.  കേവലം  ആണധികാര ത്തിനപ്പുറം ശക്തവും വിപുലവുമായ ഒരു രാഷ്ട്രീയ അധികാര ഘടനക്ക് സാമൂഹികവും സാംസ്കാരിക വുമായ നിലമൊരുക്കുകയാണു അയാൾ ചെയ്യുന്നത്.  അത് ഭ്രാന്തവും അപകടകരവുമായ മിലിറ്റൻസി യിലേക്കാണു വളർന്ന് എത്തുന്നത് എന്ന നമ്മുടെ നേരനുഭവം സിനിമയും പ്രതിഫലിപ്പിക്കുന്നുണ്ട്.

 

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജനനം. എൺപതുകളിലെ കാമ്പസ് തിയേറ്റർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ...