White Crow Art Daily

വേദഗ്രന്ഥം ചുമക്കുന്ന കഴുതകൾ

അബ്ദുർറഹ്മാൻ സിസാക്കോയുടെ ‘തിംബുക്തു’ എന്ന സിനിമയെക്കുറിച്ച്.

Timbuktu_posterയാരോസ്ലാവ് ട്രോഫിമോവ് 2006 ൽ പ്രസിദ്ധീകരിച്ച ‘Faith at war: A journey on the frontiers of Islam, From Baghdad to Timbuktu’ എന്ന പുസ്തകത്തിൽ ഇസ്ലാമിക സഹിഷ്ണുതയുടെ ഭാവിപ്രതീക്ഷകളിലൊന്നായി ഉയർത്തിക്കാട്ടുന്നത് മാലിയെയാണ്–വിശേഷിച്ചും ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രാചീനസ്മൃതികളുണർത്തുന്ന തിംബുക്തു നഗരത്തെ. യാരോസ്ലാവിന്റെ പുസ്തകമിറങ്ങി കൃത്യം ആറു കൊല്ലം കഴിയുമ്പോൾ പ്രാക്തനമായ നാഗരിക സാംസ്കാരിക മഹിമയ്ക്ക് പുകൾപെറ്റ തിംബുക്തു ഇസ്ലാമിക തീവ്രവാദികളുടെ ഹിംസാത്മകവും സങ്കുചിതവുമായ അധികാര പരീക്ഷണങ്ങൾക്ക് വേദിയായി. ഏപ്രിൽ 2012ൽ അൻസാറുദ്ദീൻ എന്നു പേരുള്ള തീവ്രവാദി വിഭാഗം ശരീഅത്ത് ഭരണം തിംബുക്തുവിൽ നടപ്പാക്കാൻ തുടങ്ങി. മാലിയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ തന്നെ ഫ്രഞ്ച് സഹായത്തോടെ ഇസ്ലാമിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാൻ മാലി സർക്കാറിനായെങ്കിലും ഹ്രസ്വകാല ഇസ്ലാമിസ്റ്റ് ഭരണം സഹിഷ്ണുതയുടെ പര്യായമായിരുന്ന തിംബുക്തുവിന് നൽകിയത് വലിയ മുറിവുകളായിരുന്നു. തിംബുക്തുവിലെ ക്രിസ്ത്യൻ ന്യൂനപക്ഷം ഒന്നടങ്കം തങ്ങളുടെ ജന്മനാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നത് ഭീതിജനകമായ അനുഭവമായിരുന്നു.

ഹ്രസ്വമെങ്കിലും നിഷ്ഠൂരമായിരുന്ന തിംബുക്തുവിലെ ഇസ്ലാമിസ്റ്റ് ഭരണത്തിന്റെ ഹിംസാത്മകത ഭംഗിയാർന്ന ദൃശ്യബോധത്തോടെ അനുവാചകർക്ക് പകർന്നു നൽകുന്ന സിനിമയാണ് അബ്ദുർറഹ്മാൻ സിസാക്കോയുടെ ‘തിംബുക്തു’. സിസാക്കോ തന്റെ ബാല്യകാലം ചെലവഴിച്ചത് തിംബുക്തുവിലായിരുന്നതിനാൽ സംവിധായകന്റെ വൈയക്തികമായ ആധികൾ ഈ സിനിമയുടെ ശക്തമായ അന്തർധാരയാവുന്നു. ഇസ്ലാം അടിസ്ഥാനപരമായി ചില പ്രാകൃത ശിക്ഷാസമ്പ്രദായങ്ങളുടെ സമാഹാരമാണെന്ന കാഴ്ചപ്പാടാണ് ഇസ്ലാമിന്റെ കടുത്ത വിമർശകരും തീവ്രവാദ ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള രസകരമായ അഭിപ്രായ യോജിപ്പ്. വ്യഭിചാരത്തിന് കല്ലെറിഞ്ഞു കൊല്ലൽ, മോഷണത്തിന് കൈ വെട്ടൽ, നിരുപദ്രവങ്ങളായ വിനോദങ്ങളുടേയും സംഗീതമടക്കമുള്ള സാംസ്കാരിക ചിഹ്നങ്ങളുടെയും നിരോധനം – ഇതൊക്കെയാണ് തീവ്രവാദ ഇസ്ലാമിസ്റ്റുകൾ എല്ലായിടത്തും നടപ്പാക്കുന്ന പ്രാഥമിക ‘ഭരണപരിഷ്കാരങ്ങൾ’. അറിവിനേയും സംസ്കാരത്തേയും അവർ അക്ഷരപൂജയും ഹിംസയും കൊണ്ട് പടിക്കു പുറത്തു നിർത്തുന്നു. സിസാക്കോ തന്റെ ചിത്രത്തിൽ ഈ വിപര്യയങ്ങളെ നിഷ്കളങ്കമായ സ്നേഹത്തിന്റേയും തദ്ദേശീയമായ കുലീനതയുടെയും പ്രതിയാഥാർത്ഥ്യങ്ങളെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്നു.

timbuktu2

സിനിമയിൽ പാർശ്വസാന്നിദ്ധ്യം മാത്രമുള്ളപ്പോഴും മനസ്സിൽ പതിയുന്ന ഒരു കഥാപാത്രമാണ് ഇസ്ലാമിസ്റ്റുകളുടെ തിട്ടൂരങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന ഇമാം. ‘ശരീഅത്ത് നടപ്പാക്കുന്ന ഞങ്ങളെ ഇമാമും മതപണ്ഡിതനുമായ താങ്കളെന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല?’ എന്ന ഇസ്ലാമിസ്റ്റുകളുടെ ചോദ്യത്തെ അദ്ദേഹം നേരിടുന്നത് തിംബുക്തുവിന്റെ ചരിത്രവും പാരമ്പര്യവും കൊണ്ടാണ്. ആയുധങ്ങളുടെ ബലം കൊണ്ട് നടപ്പാകുന്നതല്ല, പുസ്തകങ്ങളുടെ പ്രകാശത്തിൽ പ്രസരിക്കുന്നതാണ് തിംബുക്തുവിലെ ഇസ്ലാമെന്ന് ഇമാം അറബ് വംശജരായ ഇസ്ലാമിസ്റ്റുകളോട് ശാന്തനായി വിവരിക്കുമ്പോൾ ഇസ്ലാമിസ്റ്റ് തീവ്രവാദങ്ങൾക്കെതിരെ ഇസ്ലാമിനുള്ളിൽ നിന്നും തദ്ദേശീയപാരമ്പര്യങ്ങൾക്കുള്ളിൽ നിന്നുമുള്ള സർഗ്ഗാത്മക പ്രതിരോധങ്ങളുടെ സാധ്യതയാണ് വെളിപ്പെടുന്നത്.

TIMBUKTU1തെരുവുകളിൽ ആയുധധാരികളായ ഇസ്ലാമിസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അവർക്കു മുമ്പിലായി കടന്നുപോകുന്ന ഭാരം ചുമക്കുന്ന രണ്ടു കഴുതകൾ നർമ്മം മാത്രമല്ല ഉണർത്തുന്നത്. ‘വേദഗ്രന്ഥം ചുമക്കുന്ന കഴുതകൾ’ ശക്തമായ ഒരു ഖുർആനിക ഉപമയാണ്. മതത്തെ മദമായി തെറ്റിദ്ധരിക്കുന്നവരെ വിശേഷിപ്പിക്കാൻ ഇതിനേക്കാൾ വാചാലമായ ഉപമ വേറെയില്ല. ‘തിംബുക്തു’വിലെ രസകരമായ മറ്റൊരു രംഗം ഫുട്ബോൾ നിരോധനമാണ്. ഇസ്ലാമിസ്റ്റുകൾ ഫുട്ബോൾ കളിക്കുന്നത് നിരോധിച്ചപ്പോൾ ചെറുപ്പക്കാർ പന്തില്ലാതെ പന്തു കളിച്ചാണ് പ്രതിരോധിക്കുന്നത്. തങ്ങളുടെ ഭാവനയിലുള്ള പന്തു തട്ടി പന്തുകളിയുടെ ചലനങ്ങളെല്ലാം അവർ നിലനിർത്തുന്നു. രണ്ടു ടീമുകൾ പന്തില്ലാതെ മൈതാനത്ത് പന്തുകളിക്കുന്ന രംഗം ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഹിംസയുടെ വൈവിധ്യമാർന്ന മതതീവ്രവാദ നിദർശനങ്ങളോടൊപ്പം കാലി മേയ്ക്കുന്ന കിസാൻ എന്ന ഗോത്രവർഗ്ഗക്കാരനും അയാളുടെ ഭാര്യ സതിമയും അവരുടെ മകളും തമ്മിലുള്ള വികാരതീവ്രമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദാരുണമായ സംഭവവികാസങ്ങളും ഈ സിനിമയുടെ കേന്ദ്രപ്രമേയമാവുന്നു. ഇവയെ പരസ്പരം ഘടിപ്പിക്കുന്നത് സിനിമയിലുടനീളം നിറയുന്ന ശക്തമായ മാനവികതയുടെ അന്തർധാരയാണ്.

AbderrahmanSissakoഞാനടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമകളിലൊന്നാണ് തിംബുക്തു. ശക്തമായ രാഷ്ട്രീയപ്രമേയം കൈകാര്യം ചെയ്യുമ്പോഴും സിനിമ ഭാവതീവ്രവും ലാവണ്യപൂർണ്ണവുമാവുക സാധ്യമാണെന്ന് മൌറിത്താനിയൻ സംവിധായകനായ സിസ്സാക്കോ ഈ സിനിമയിലൂടെ തെളിയിക്കുന്നു.