White Crow Art Daily

വ്യാജജന്മം – നോവൽഭാഗം

അബുഅബിനുവിന്റെ വ്യാജജന്മം എന്ന  നോവലിന്റെ ആദ്യ അദ്ധ്യായം

മരുഭൂമിയിലെ ഒട്ടകപ്പക്ഷി
 
പകല്‍ തീരുകയാണ്. അപൂര്‍ണമായ ചിത്രത്തിന് മുന്നില്‍ തപസ്സേറെയിരുന്നിട്ടും യതീന്ദ്രന് തന്റെ ധ്യാനങ്ങളെ വര്‍ണങ്ങളിലേക്ക് പകര്‍ത്താനായില്ല. നിറങ്ങള്‍ പലതും മിശ്രണം ചെയ്തു. പക്ഷേ, ബ്രഷുകള്‍ ക്യാന്‍വാസ് തൊടുന്നില്ല. ഇത് സംഭവിക്കാത്തതാണ്. മനസ്സ് ശൂന്യമാണ്. ചായക്കൂട്ടുകള്‍ തീപ്പൊരി തരുന്നില്ല. ഭാവനയില്‍ നിറഞ്ഞാടിയ വര്‍ണക്കൂട്ടുകള്‍ മങ്ങിമങ്ങി മായുകയാണ്. ഏതാണ്ടുറപ്പായി, തന്നെക്കൊണ്ടിത് പൂര്‍ത്തിയാക്കാനാവില്ല. ഭ്രൂണാവസ്ഥയില്‍ത്തന്നെ ചിത്രസര്‍പ്പം മിക്കവാറും ഗ്യാലറിയില്‍ അനാഥമാവും.
 
കാലം തന്നോട് ചെയ്തത് ഇതൊക്കെയാണ്.
 
ചുട്ടുപഴുത്ത മരുഭൂമിയില്‍ തലപൂഴ്ത്തിനില്‍ക്കുന്ന ഒട്ടകപ്പക്ഷി. അതായിരുന്നു യതീന്ദ്രന് പൂര്‍ത്തിയാക്കാന്‍ സാധിച്ച അവസാന ചിത്രം. മൂന്നാഴ്ച മുമ്പ് അതിന്റെ മിനുക്കുപണികളേതാണ്ട് തീര്‍ന്ന സമയത്ത്, കനത്ത കാലടിശബ്ദവുമായി അവിടേക്ക് നടന്നെത്തിയ കേണല്‍ ചോദിച്ചു.
 
”കംപ്ലീറ്റഡ്?”
 
”ആള്‍മോസ്റ്റ് ഓവര്‍.” യതീന്ദ്രന്‍ പറഞ്ഞു.
 
”ഗുഡ്.” കേണല്‍ തല കുലുക്കി. എന്നിട്ട് പല ദിശകളില്‍ നിന്ന് ചിത്രത്തെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. ക്രമേണ മുഖത്തെ ഗൗരവമപ്പാടെ അഴിഞ്ഞുവീണു. അതിശയം കണ്ണുകളില്‍ വിടര്‍ന്നു. ”മാശാ അല്ലാഹ്.. മാശാ അല്ലാഹ്.” ആവേശത്തോടെ ചിത്രത്തെ മഹത്തരമെന്ന് വിശേഷിപ്പിക്കുക മാത്രമല്ല; അടുത്ത ദിവസം തന്നെ തന്റെ സഹായിയെവിട്ട് അതെടുത്തുകൊണ്ടുപോവുകയും ചെയ്തു. തോളിലേറ്റി അന്നു കൊണ്ടുപോയത് എന്നത്തേയുംപോലെ തന്റെ മറ്റൊരു സൃഷ്ടിയായിരുന്നില്ല, മറിച്ച് തന്നെത്തന്നെയാണെന്ന് തോന്നിപ്പിക്കുമാറ് അടര്‍ത്തിമാറ്റാനാവാത്ത ഒരാത്മബന്ധം ഇതിനകം ആ ചിത്രവുമായി യതീന്ദ്രന്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. കെട്ടുപിണഞ്ഞുകിടന്ന നിരവധി ഓര്‍മകള്‍ നിരന്തരം അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാല്‍ ഒരു രാത്രി ഒട്ടകപ്പക്ഷിക്ക് ജീവന്‍ വെയ്ക്കുകയും അത്ഭുതകരമാംവണ്ണം അത് മണ്ണില്‍ പൂഴ്ത്തിവെച്ചിരിക്കുന്ന തലയും കുടഞ്ഞ് ചിത്രത്തില്‍നിന്ന് പുറത്തേക്കിറങ്ങി വരുകയും ചെയ്തു. യതീന്ദ്രനെ സംബന്ധിച്ചിടത്തോളം അത് കേവലമൊരു സ്വപ്‌നം മാത്രമായിരുന്നില്ല. ഒട്ടകപ്പക്ഷി തന്നോട് കാര്യമായെന്തോ പറയാനുണ്ടെന്ന മട്ടില്‍ വന്നു നില്‍ക്കുകയാണ്! അപ്പോള്‍ മാത്രമാണ് ആ ചിത്രം വെറുമൊരു നേരമ്പോക്കിനല്ല, മറിച്ച് തന്റെ ആത്മാവിനെ വരയ്ക്കാന്‍ താന്‍ നടത്തിയ കഠിനശ്രമത്തിന്റെ പ്രതിഛായയാണെന്ന് യതീന്ദ്രന്‍ തിരിച്ചറിയുന്നത്.
 
വാസ്തവത്തില്‍ ആ ദിവസങ്ങളില്‍ യതീന്ദ്രന്‍ തന്റെ ചുറ്റും നടക്കുന്ന ഒന്നുംതന്നെ കാണാനോ അതേപ്പറ്റി ചിന്തിക്കാനോ ഇഷ്ടപ്പെട്ടിരുന്നില്ല.  
 
മുമ്പില്‍ തുറക്കപ്പെടുന്നത് പുതിയ ഒരു അധ്യായമാണ്. വെളിച്ചത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകം. ജയിലില്‍ നിന്നും പുറത്തുകടന്നാല്‍ അടുത്തതെന്ത്? എങ്ങോട്ട് പോകും? എവിടെ തുടങ്ങും? ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല. നാളിതുവരെ ഒരു പുനരാരംഭത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
 
”മാഷേ… നാളെ റിലീസോഡര്‍ വരും, ഉറപ്പ്.” ഷറഫിന് ആ കാര്യത്തില്‍ സംശയമില്ല. തന്റെ ഏതാവശ്യങ്ങള്‍ക്കും ഉദാരമായി പണം ചെലവഴിച്ചുപോരുന്ന അവനാകട്ടെ വലിയ സന്തോഷത്തിലുമാണ്. നാളെയാണ് ശിക്ഷയുടെ കാലാവധി തീരുന്നത്. മോചിതനാകുന്ന ദിവസം. നാളേറെ കാത്തിരുന്ന് വന്നുചേരുന്ന സുദിനം! തന്നെപ്പോലെ ചെക്കുകേസുകളില്‍ കുടുങ്ങിപ്പോയ നിരവധി പേരുണ്ട് ജയിലില്‍. ഏറെയും ഉയര്‍ന്ന ജോലിയുണ്ടായിരുന്നവരും വലിയ ബിസിനസ് നടത്തിപ്പോന്നിരുന്നവരുമാണ്. അവരുടെ കേസുകള്‍ വാദിക്കാന്‍ വക്കീലുമാരുണ്ട്. വന്ന വിധിയെക്കുറിച്ചും വന്നേക്കാവുന്ന വിധികളെക്കുറിച്ചും തികഞ്ഞ ധാരണയുള്ളവര്‍. കേസുകളെ നേരാംവണ്ണം പഠിച്ച് വേണ്ട നടപടികളെടുക്കാന്‍ അവര്‍ക്ക് പിന്നില്‍ ആളുകളുണ്ട്.
 
യതീന്ദ്രന് പക്ഷേ, വക്കീലില്ല. കേസിന്റെ നാള്‍വഴികളെപ്പറ്റി ധാരണയുമില്ല. എല്ലാം വിധിക്ക് വിട്ടുകൊടുത്ത് മറ്റുള്ളവരെപ്പോലെ ജീവിതം ജയിലിലായിപ്പോയി എന്നോര്‍ത്ത് ഖേദിക്കുകയോ പൂര്‍വകാല ചെയ്തികളെപ്പറ്റി വീണ്ടുവിചാരപ്പെട്ട് പശ്ചാത്തപിക്കുകയോ ചെയ്തില്ല. ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുവാനും ചുറ്റുമുള്ളവരുടെ തണലായിത്തീരുവാനും കുറഞ്ഞ സമയംകൊണ്ട് അയാള്‍ക്കു സാധിച്ചു.
 
അറബികളെപ്പോലെ അറബ് സംസാരിക്കുന്ന ഷറഫ് നാലാളുടെ മുന്നില്‍ വലുപ്പം കാണിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. എന്നാല്‍ ഇംഗ്ലീഷ് അവന് തെല്ലും വഴങ്ങിയിരുന്നില്ല. അതില്‍ തനിക്കുള്ള അപകര്‍ഷതാബോധം ആരുമറിയാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധവെച്ചു. ഇംഗ്ലീഷ് പഠിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം ഒരിക്കല്‍ ഷറഫ് പരമരഹസ്യമായി യതീന്ദ്രന്റെ ചെവിയില്‍ മന്ത്രിച്ചു. യതീന്ദ്രനാകട്ടെ ആയിരത്തിലധികം പേജുകളുള്ള സ്റ്റീഫന്‍ കിങ്ങിന്റെ അണ്ടര്‍ ദ ഡോം ആവേശത്തോടെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുസ്തകത്തില്‍നിന്നും കണ്ണെടുത്ത് തലയുയര്‍ത്തി നോക്കുമ്പോള്‍ ഷറഫിന്റെ മുഖം അപമാനഭാരത്താല്‍ കൂമ്പിയിരുന്നു. വാല്‍സല്യത്തോടെ യതീന്ദ്രന്‍ അവന്റെ തോളത്ത് കൈവെച്ചു. അങ്ങനെയാണ് യതീന്ദ്രന്‍ ഷറഫിന്റെ ഗുരുവായത്. ഉറച്ച സ്വരത്തില്‍ സമാധാനിപ്പിച്ചു. ”ഞാനിവിടുന്ന് പോകുംമുമ്പ് നീ നന്നായി ഇംഗ്ലീഷ് പറയാനും എഴുതാനും പഠിച്ചിരിക്കും. അക്കാര്യത്തില്‍ നിനക്കുള്ളതിനേക്കാള്‍ വാശി എനിക്കുണ്ട്.”
 
യതീന്ദ്രന്റേത് വെറുംവാക്കായിരുന്നില്ല. ഷറഫ് രണ്ടു കൊല്ലം കൊണ്ട് നല്ലവണ്ണം ഇംഗ്ലീഷ് എഴുതാനും പറയാനും പഠിച്ചു. നര്‍മം കലര്‍ത്തി സരളമായ ഭാഷയില്‍ അറിവ് പകര്‍ന്നുകൊടുക്കാന്‍ യതീന്ദ്രനുള്ള കഴിവ് അപാരമായിരുന്നു. അത് കേട്ടിരിക്കാന്‍ ഒരുകൂട്ടര്‍ കൗതുകത്തോടെ ചുറ്റും കൂടുമായിരുന്നു. അതുകൊണ്ടായിരിക്കാം യതീന്ദ്രനെ പലരും അത്രമേല്‍ ആദരിച്ചുപോന്നത്.
 
പകരം യതീന്ദ്രന്റെ ഒരാവശ്യത്തിനും ഷറഫ് മുടക്കം വരുത്തിയില്ല. നാട്ടിലേക്ക് ഫോണ്‍ വിളിക്കാനും മുടിവെട്ടാനും സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ സ്റ്റേഷനറികള്‍ വാങ്ങിക്കാനും ഒന്നിലും ഒരു മടിയും കാണിച്ചില്ല. ആഴ്ചതോറും ഷറഫിന്റെ ജ്യേഷ്ഠന്‍ വരും. ചോദിക്കുന്ന ദിര്‍ഹം കൊടുക്കുന്നുണ്ടാവും. എന്നാല്‍ നാല് കൊല്ലത്തോളം സി ഐ ഡി ഓഫീസര്‍മാരുടെ മഖ്ബറായി (ചാരന്‍) പ്രവര്‍ത്തിച്ചിരുന്ന ഷറഫ് എങ്ങനെയാണ് ജയിലിലായതെന്നുമാത്രം ആരോടും പറഞ്ഞില്ല. യതീന്ദ്രന്‍ അതൊട്ട് ചോദിക്കാനും പോയില്ല.
 
”ഉറപ്പിച്ചോ…” ഷറഫ് ആവര്‍ത്തിച്ചു. ”നാളെ ഓര്‍ഡര്‍ വന്നിരിക്കും.”
 
ശരിയാണ്. ഇവിടന്ന് രക്ഷപ്പെടും. പക്ഷെ, പുറംലോകം തന്നെ വെറുതെവിടുമോ?എന്തായിരിക്കും സംഭവിക്കുക?
 
ജയിലില്‍ യതീന്ദ്രന്‍ അറിയപ്പെടുന്നത് കുന്നുമ്പുറം കണാരന്‍ എന്ന പേരിലാണ്. വീട്ടുപേരും അച്ഛന്റെ പേരും ചേര്‍ത്ത്. പാസ്‌പോര്‍ട്ടില്‍ തുടക്കം അങ്ങനെയാണ്. ജയിലിനകത്ത് വന്നുപെട്ട ആദ്യനാളുകളില്‍ പോലീസുകാരന്‍ തനിക്ക് തീര്‍ത്തും അപരിചിതമായ വാക്കുകളെ അറബിയിലേക്ക് മൊഴിമാറ്റി വിളിച്ചുവെങ്കിലും യതീന്ദ്രന് അത് തന്റെ പേരാണെന്ന് മനസ്സിലായിരുന്നില്ല. പറയുമ്പോള്‍ തൊട്ടടുത്താണ് നിന്നിരുന്നത്. പോലീസുകാരെ സംബന്ധിച്ചിടത്തോളം മിക്കവാറും പേരുകള്‍ അങ്ങനെയോരോ അസംബന്ധങ്ങളായിരുന്നു. ഭാഷയ്ക്ക് വഴങ്ങാത്ത ആ നാമധാരിക്കായി പകച്ചുപോയ അറബിപ്പോലിസ് നാലുപാടും പരതി. ഒരു ഘട്ടത്തില്‍ അയാളുടെ ക്ഷമ നശിച്ചു. കേട്ടുനിന്ന യതീന്ദ്രനു പോലും പോലീസുകാരന്റെ നിസ്സഹായതയില്‍ അലിവ് തോന്നി. എന്തുതരം മനുഷ്യരാണിവര്‍! സ്വന്തം പേരിങ്ങനെ വിളിച്ചുകൂവിയിട്ടും മിണ്ടുന്നില്ലല്ലോ!
 
പതുക്കെ പരിസരവുമായി യതീന്ദ്രന്‍ ഇണങ്ങി. തന്റെ പേരാണ് വിളിച്ചുകൂവുന്നതെന്ന് തിരിച്ചറിയുകയും ചെയ്തു.
 
മലയാളികള്‍ യതീന്ദ്രനെ വിളിച്ചുപോന്നത് കുന്നുമ്പുറം മാഷ് എന്നാണ്. അതിന് കാരണമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അറിവിന്റെ നിറകുടമാണ് കുന്നുമ്പുറംമാഷ്. എന്തിനെപ്പറ്റി ചോദിച്ചാലും വ്യക്തമായ ധാരണയുള്ളയാള്‍. സംശയവുമായി വന്ന ആരെയും നിരാശനാക്കിയില്ല. ഇംഗ്ലീഷും അക്കൗണ്ടന്‍സിയും പഠിപ്പിക്കാന്‍ കിട്ടിയ ഒരവസരവും അയാള്‍ പാഴാക്കിയില്ല. എന്നു തന്നെയുമല്ല, നിരാശയുടെ പടുകുഴിയിലേക്ക് വീണുപോയ സഹതടവുകാര്‍ക്ക് വേണ്ടതിലേറെ ആത്മവിശ്വാസവും അതിലേറെ മനോവീര്യവും പകര്‍ന്നുകൊടുത്തു. അതില്‍ അയാള്‍ കാണിച്ച ആര്‍ജവം അപാരമായിരുന്നു. അതു പണ്ടും അങ്ങനെ തന്നെയായിരുന്നു. യതീന്ദ്രന്റെ എക്കാലത്തെയും മാതൃകാപുരുഷന്‍ ഏതു നേരവും തുറന്ന പുഞ്ചിരിയുമായി ചാടിച്ചാടി നടന്നിരുന്ന ആജാനബാഹുവായ ജോണച്ചനാണ്.
 
ചുവന്നുതുടുത്ത മുഖവും ആറടി മൂന്നിഞ്ച് ഉയരവുമുള്ള ജോണച്ചന്‍ എട്ടാംക്ലാസ് മുതല്‍ യതീന്ദ്രന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. മുഖം വാടിക്കണ്ട ഏതൊരു കുട്ടിയേയും ചേര്‍ത്തുനിര്‍ത്തി ”എന്താടാ… കുട്ടിക്കൊരങ്ങാ നിന്റെ മുഖത്തൊരു വാട്ടം? ഒന്ന് ചിരിച്ചേ, കൊച്ചുകള്ളാ” എന്നുംപറഞ്ഞ് മിഠായിനീട്ടും. നിലവറയോളം പോന്ന ളോഹയുടെ കീശയിലത്രയും പച്ചനിറമുള്ള പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ പ്യാരീസ് മിഠായികളായിരുന്നു.
 
ജോണച്ചനെപ്പോലെ പാതിരിയായില്ലെങ്കിലും ഒട്ടേറെ മനസ്സുകളില്‍ കത്തിവിരിഞ്ഞ പൂത്തിരിയായിട്ടാണ് നാളുകള്‍ കഴിഞ്ഞിട്ടും യതീന്ദ്രനെ പലരും സ്മരിക്കുന്നത്.
 
തടവുകാര്‍ക്കായി ജയിലധികൃതര്‍ നടത്തിപ്പോന്ന പഠന ക്ലാസില്‍ അധ്യാപകന്റെ മുഖ്യസഹായിയായി അധികൃതര്‍ നിയോഗിച്ചതും യതീന്ദ്രനെത്തന്നെയായിരുന്നു. ക്ലാസില്‍ പ്രദര്‍ശിപ്പിക്കാനാവശ്യം വേണ്ട ചാര്‍ട്ടുകള്‍ ആവശ്യപ്പെട്ടതിനേക്കാള്‍ മെച്ചമാക്കി തന്റെ സുഡാനി അധ്യാപകനെ അയാള്‍ അമ്പരിപ്പിച്ചുകളഞ്ഞു. ക്ലാസ് മുറിയില്‍ അവ സുന്ദരമായി അവതരിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെ ഒഴിവുസമയങ്ങളില്‍ അധികനേരവും അയാള്‍ വായനയിലോ ചിത്രരചനയിലോ മുഴുകി. മിക്കവാറും തടവുകാര്‍ ഓരോ സംഘങ്ങളായിട്ടാണ് നടപ്പും ഇരിപ്പും. തന്റേതല്ലാത്ത കൂട്ടത്തില്‍ ചെന്നുപെടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധവെച്ചു. മിസ്‌രിക്കൂട്ടം, സോമാലിക്കൂട്ടം… ഇങ്ങനെ ഓരോ കൂട്ടങ്ങളായി വിശാലമായ ഹാളിന്റെ പല ഭാഗത്ത് ഒട്ടകങ്ങളെപ്പോലെ തടവുകാര്‍ തമ്പടിച്ചു. തങ്ങള്‍ക്കിണങ്ങിയ ഏതെങ്കിലും നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടു. മലബാറിക്കൂട്ടം മിക്കവാറും പകിടകളിയില്‍ നേരം പോക്കി. എന്നാല്‍ യതീന്ദ്രനൊരിക്കലും അത്തരം കളികളില്‍ കൂടിയിരുന്നില്ല. കൂടെയുള്ളവര്‍ കൂട്ടിയിരുന്നുമില്ല. അവര്‍ക്കെല്ലാവര്‍ക്കും കുന്നുമ്പുറം സാറിനോട് അത്രക്ക് ബഹുമാനമാണ്.
 
ജയിലില്‍ വന്നശേഷമാണ് തന്റെ എക്കാലത്തേയും ഇഷ്ടവിനോദമായ ചിത്രരചനയിലേക്ക് യതീന്ദ്രന്‍ തിരിയുന്നത്. ഇഷ്ടംപോലെ സമയം. വെറുതെയിരുന്ന് മുഷിയേണ്ടല്ലോ. ചുമതലകളോ ജീവിതഭാരങ്ങളോ ഇല്ലാതെ അലസം മേഞ്ഞുനടക്കുന്ന മനസ്സിലേക്ക് അങ്ങനെയാവണം ചായക്കൂട്ടുകള്‍ കടന്നുവന്നത്. ലൈബ്രറിയിലാണെങ്കില്‍ ആരും തൊടാതെ കിടക്കുന്ന എന്തുമാത്രം ഇംഗ്ലീഷ് ഫിക്ഷനുകളാണ്. അല്ലലേതുമില്ലാതെ വായനയില്‍ മുഴുകാന്‍ ഇതിലും വലിയ അവസരം കിട്ടാനില്ല. യതീന്ദ്രന് തന്റെ സമയം വിലപ്പെട്ടതാക്കിയെടുക്കാന്‍ എളുപ്പം സാധിച്ചു. നിറങ്ങളെ പ്രണയിക്കുന്ന ഉന്മാദിയായ തടവുകാരനാണ് താനെന്ന് അയാള്‍ സ്വയം സങ്കല്‍പ്പിച്ചു. എങ്കില്‍ക്കൂടിയും ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും സഹതടവുകാരോടൊപ്പം കൂടിയിരിക്കാനും കളിതമാശകള്‍ പറയുവാനും അയാള്‍ സമയം കണ്ടെത്തിയിരുന്നു എന്നുമാത്രമല്ല, ചുറ്റും കൂടിയിരുന്ന ഓരോരുത്തരുടേയും മാര്‍ഗദര്‍ശിയായിത്തീരുകയും ചെയ്തു.
 
യതീന്ദ്രന്‍ തന്റെ ഏറ്റവും മികച്ച ചിത്രങ്ങള്‍ വരച്ചതും ആ കാലയളവിലാണ്. ആദ്യനാളുകളില്‍ അതുവഴി കടന്നുപോയ കേണല്‍ യതീന്ദ്രന്റെ വരകളെ തികഞ്ഞ അലക്ഷ്യഭാവത്തിലാണ് കണ്ടിരുന്നത്. അപ്പൊഴൊക്കെ ആ ചിത്രകാരന്റെ പ്രശ്‌നമെന്താണെന്ന് അദ്ദേഹം മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. ”നിങ്ങള്‍ മരുഭൂമിയെ മരുഭൂമിയായിട്ടല്ല കാണുന്നത്.” കേണല്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. ”അതാണ് നിങ്ങളുടെ കുഴപ്പം.”
 
 
അതെങ്ങനെ കുഴപ്പമാകും? യതീന്ദ്രന്‍ അറിയാതെ ചിരിച്ചുപോയി. പറയണമെന്നുണ്ടായിരുന്നു. സാര്‍… മരുഭൂമിയില്‍ വെളുത്തുനീണ്ട കഴുത്തുകളുള്ള കൊക്കുകള്‍ കാണപ്പെടാറില്ല. പൊക്കാളിപ്പാടങ്ങളില്‍ നിന്നും അവ കൂട്ടത്തോടെ ചിറകടിച്ചു പൊന്തി വനങ്ങള്‍ തിങ്ങിയ മലനിരകളിലേക്ക് പറന്നുപോകാറില്ല. കൈവഴികളായിപ്പിരിഞ്ഞ് കടലിലോട്ടൊഴുകുന്ന പുഴകളുടെ മാറിലൂടെ അവ ഉയര്‍ന്നു പറക്കാറില്ല.
 
”നിങ്ങളെന്തെങ്കിലും പറഞ്ഞോ?”
 
”ഇല്ല, ഞാനെന്തോ ഓര്‍ത്തുപോയതാണ്.”
 
തടവിലാക്കപ്പെട്ടവര്‍ കേവലം മനുഷ്യരൂപങ്ങളല്ലെന്നും, മറ്റേതോ ലോകത്തെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്ന നാടോടികളാണെന്നും, ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല; ഉറങ്ങുമ്പോള്‍ പോലും അവരുടെ മനസുകള്‍ നിരവധി നാടുകളിലൂടെ കടന്നുപോകാറുണ്ടെന്നും യതീന്ദ്രനല്ലാതെ ഏതെങ്കിലുമൊരു ജയിലധികൃതനോ എന്തിന് ഏതെങ്കിലുമൊരു തടവുകാരനോ പോലും തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. തന്റെ തടവുപുള്ളി ഒരു ചിത്രകാരന്‍ മാത്രമല്ല, അരക്കിറുക്കന്‍ കൂടിയാണ്. ഒടുക്കം കേണലിന് അത്തരമൊരു നിഗമനത്തില്‍ എത്തേണ്ടിവന്നു. അനുചരന്മാര്‍ അതിനെ അനുകൂലിച്ചു. എന്നത്തെയുംപോലെ സലാം പറഞ്ഞ് അവര്‍ കടന്നുപോവുകയും ചെയ്തു. എന്തായാലും തുടര്‍ന്നുള്ള ദിവസങ്ങളിലും അതുവഴി കടന്നുവന്നപ്പോഴൊക്കെ ഏതോ ഒരദൃശ്യസൗന്ദര്യം തന്റെ ദര്‍ശനേന്ദ്രിയത്തെ പിടിച്ചുലയ്ക്കുന്നതായി കേണലിന് അനുഭവപ്പെട്ടു. ആ ഛായാപടങ്ങളില്‍ കുടികൊള്ളുന്ന മാസ്മരികത എന്താണെന്ന് മനസ്സിലായില്ലെങ്കിലും അതിനെ അവഗണിച്ചു കടന്നുപോകാന്‍ അയാളെക്കൊണ്ടായില്ല.
 
യതീന്ദ്രനാകട്ടെ  ആത്മശാപങ്ങളെ മറികടക്കാന്‍ മറ്റ് ഉപായങ്ങളൊന്നുമില്ലാതെ തന്റെ സര്‍ഗശേഷിയുമായി സമരസപ്പെട്ട് തികച്ചും അമൂര്‍ത്തവും പ്രതീകാത്മകവുമായ രചനാസങ്കേതങ്ങളിലൂടെ മരുഭൂമിയിലൂടെയെന്നവണ്ണം ഇഴഞ്ഞുനീങ്ങുന്ന കാലമായിരുന്നു അത്. തന്റെ ദേഹംമുഴുവന്‍ പൊടിപടലങ്ങളാണെന്ന് അയാള്‍ തന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
 
ഒടുക്കം നിത്യസന്ദര്‍ശകനായി മാറിയ കേണല്‍, വിസ്മയം കലര്‍ന്ന ആദരവോടെ ഏറെനേരം ചിത്രത്തിനു മുന്നില്‍ മിഴിച്ചുനില്‍ക്കുന്ന അവസ്ഥവരെയെത്തി. സംശയമില്ല, ഇതിന് കാന്തത്തിന്റെ ശക്തിയുണ്ട്. ഒടുക്കം അയാള്‍ക്കത് സമ്മതിക്കേണ്ടിവന്നു. ഇതിലേ പോകുമ്പോള്‍ ഈ ചിത്രങ്ങള്‍ തന്നെ വല്ലാതെ പിടിച്ചുവലിക്കുന്നു എന്നുമാത്രമല്ല, തികച്ചും അജ്ഞാതമായ ഏതോ ഭാഷയില്‍ തന്നോടിത് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കയാണെന്നും കേണല്‍ കണ്ടെത്തി. അത് തന്റെ ചുറ്റും നിലയുറപ്പിച്ചിരുന്ന ആജ്ഞാനുവര്‍ത്തികളുടെ മുമ്പാെക പരസ്യമാക്കുകയും ചെയ്തു. ആദ്യം ആശയക്കുഴപ്പത്തില്‍ പെട്ടുപോയ ഓഫീസര്‍മാര്‍ തെല്ലും വൈകാതെ അവസരത്തിനൊത്ത് ഉയരുകയും സംശയമേതുമില്ലാതെ കോറസ്സായി തലകുലുക്കി അവര്‍ കേണലിന്റെ കണ്ടെത്തലിനെ ശരിവെക്കുകയും ചെയ്തു.
 
പൂര്‍ത്തിയായ പെയിന്റിംഗുകളില്‍ പലതും തന്നെ അതിശയിപ്പിക്കുന്നതാണെന്നും അതൊക്കെ ഭംഗിയായി ഫ്രെയിം ചെയ്ത് തന്റെ ഓഫീസില്‍ തൂക്കുമെന്നൊക്കെ പറഞ്ഞ് ചില ചിത്രങ്ങള്‍ കീഴിലുള്ള ഓഫീസര്‍മാരെക്കൊണ്ട് കേണല്‍ എടുപ്പിച്ചുകൊണ്ടു പോയെങ്കിലും ഏതെങ്കിലും ചുമരുകളില്‍ ആ ചിത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കാണാനുള്ള ഭാഗ്യമൊന്നും യതീന്ദ്രനുണ്ടായില്ല.
 
മറ്റൊരവസരത്തില്‍ കാറോട്ടക്കമ്പക്കാരായ ഒരുകൂട്ടം പോലീസുകാര്‍ അവരുടെ ഗ്രൗണ്ടില്‍ സാമാന്യം വലിപ്പമുള്ള ഒരു കാര്‍ റേസ് ട്രാക്കിന്റെ മിനിയേച്ചര്‍ ഉണ്ടാക്കുവാനുള്ള ആവശ്യവുമായി എത്തി. മാതൃകാചിത്രങ്ങള്‍ കാണിച്ച് അതുപോലൊരെണ്ണം മുറ്റത്തെ സിമന്റ് തറയില്‍ വരച്ചുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഏറെ സന്തോഷത്തോടെയാണ് യതീന്ദ്രന്‍ അത്തരം ജോലികള്‍ ഏറ്റെടുത്തതും ചെയ്തുപോന്നതും.
 
രാത്രിഭക്ഷണം കഴിഞ്ഞ് യതീന്ദ്രന്‍ വായനയില്‍ മുഴുകി ബെഡില്‍ കിടക്കുന്ന നേരത്ത് ഷറഫ് അടുത്തുവന്ന് തികഞ്ഞ അഭിമാനത്തോടെ ചോദിച്ചു. ”നൗ ടെല്‍ മി. ഹൗ ഈസ് മൈ ഇംഗ്ലീഷ്?”
 
”എക്‌സലന്റ് മൈ ഡിയര്‍.” യതീന്ദ്രന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു. ”എന്താ, നിനക്ക് സംശയമുണ്ടോ…?”
 
ഷറഫ് ഒന്നുംപറയാതെ ചിരിച്ചതേയുള്ളു. യതീന്ദ്രന്‍ അവനെ സൂക്ഷിച്ചുനോക്കി. ”പക്ഷേ നീ ഇപ്പോള്‍ വന്നത് മറ്റെന്തിനോ ആണ്. അതെനിക്കറിയാം.” ഷറഫ് ഗുരുവിനോട് തര്‍ക്കിച്ചില്ല. യതീന്ദ്രന്‍ പറഞ്ഞു. ”വാക്ക് പാലിച്ചു എന്ന് ഓര്‍മപ്പെടുത്താനാണ് നിന്റെ ശ്രമം, അല്ലേ…?”
 
”സാറെന്തു കരുതിയാലും കുഴപ്പമില്ല.” അവന്‍ പ്രതീക്ഷയോടെ പറഞ്ഞു. ”പക്ഷെ, എന്റെ കാത്തിരിപ്പ് നാളെ വരാനിരിക്കുന്ന ആ റിലീസോഡറിനു വേണ്ടി മാത്രമാണ്.”
 
അത് പറയുമ്പോള്‍ എന്തോ, തീരെ പ്രതീക്ഷിക്കാതെ ഷറഫ് വിതുമ്പിപ്പോയി.
 
കുന്നുമ്പുറം മാഷ് തല്‍ക്ഷണം ജോണച്ചനായി. കുലുങ്ങിച്ചിരിച്ചുകൊണ്ട് ഷറഫിനെ ചേര്‍ത്തു പിടിച്ചു. ”എന്താടാ കുട്ടിക്കൊരങ്ങാ… അപ്പഴേക്കും നീ നാട്ടിലേക്ക് പോയോ. മക്കളെ ഓര്‍ത്തോ?”
 
ഷറഫ് മുഖം തുടച്ചു. ഗുരുവിന്റെ തലോടല്‍ അവന്റെയുള്ളില്‍ പൂത്തിരി വിതറി. സന്തോഷം വീണ്ടെടുത്ത് അവന്‍ സ്വന്തം ബെഡിലേക്ക് മടങ്ങി.
 
paintings: Paul klee

ആലുവയിൽ ജനനം.ഫാറൂക്ക് കോളജിൽ നിന്ന് ബിരുദം.ബാങ്ക്ജീവിനക്കാരനായി മൂന്ന് പതിറ്റാണ്ടോളം യു.എ.യിൽ.2017 മുതൽ നാട്ടിൽ.ആദ്യകൃതി ...