White Crow Art Daily

വ്യാജ എഴുത്തുകാര്‍ക്ക് വെള്ള പൂശുമ്പോള്‍

സമകാലികം / സര്‍ജു 

സച്ചിദാനന്ദന്റേയും എന്‍ എസ്. മാധവന്റേയും ബാലചന്ദ്രന്റേയും ധാന്യപ്പുരകളില്‍ എലി കടക്കുകയില്ല. ഉറുമ്പുകളെത്തിയാല്‍ തന്നെ ലോകം അറിയും.എന്നാല്‍ കലേഷിന്റെ കവിതയുടെ ജീവിതം അങ്ങനെയല്ല.അതപഹരിക്കപ്പെട്ടു എന്നുമാത്രമല്ല അത്രതന്നെ അപമാനിക്കപ്പെടുകയും ചെയ്തു. കവിത മോഷ്ടിച്ചത് അംഗനവാടിക്കുട്ടിയല്ല, ശ്രീ കേരളവർമ്മ കോളജിലെ പ്രൊഫസറാണ്. തൊണ്ടിമുതല്‍ കോളജ്അദ്ധ്യാപകരുടെ മുഖമാസികയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് അത് സ്വന്തം രചനയെന്ന് അവകാശപ്പെടുകയായിരുന്നു. ഇങ്ങനെയൊരാളുടെ കവിത മോഷ്ടിക്കേണ്ട കാര്യം തനിക്കില്ലെന്നും.

മലയാള ബ്ലോഗിലും, ആകാശവാണിയിലും, ആനുകാലികത്തിലും , കവിതാസമാഹാരത്തിലും , കാവ്യപഠനങ്ങളിലും, ഇതരഭാഷകളിലും ഇടം കിട്ടിയ എട്ട് വര്‍ഷത്തെ ജീവിതമുള്ള കലേഷിന്റെ കവിത തട്ടിയെടുക്കുമ്പോള്‍ അത് കവിയുടെ മണ്ണ് കയ്യേറുന്ന, ഉടമയെ പിടിച്ചുകെട്ടുന്ന പകല്‍ കൊള്ളയായിരുന്നു.

പക്ഷേ എസ് കലേഷ് ഉന്നയിക്കുന്ന ഒരാരോപണമായും അതിനുള്ള ദീപാനിശാന്തിന്റെ മറുപടിയായിട്ടുമാണ് ദൃശ്യമാധ്യമങ്ങള്‍ ഇതിനെ ആദ്യം അവതരിപ്പിച്ചത്.പിന്നീടാണ് മുതിര്‍ന്ന എഴുത്തുകാരുടെ ഉപദേശം മാനിച്ചുകൊണ്ടുള്ള ദീപയുടെയും ശ്രീചിത്രന്റെയും ക്ഷമാപണക്കുറിപ്പുകള്‍ പുറത്തു വന്നത്. എന്നാൽ മലയാളത്തെ ബാധിച്ച സാംസ്കാരിക അഴിമതികളുടെ ഏറ്റവും വികൃതമായ മുഖം അവരുടെ വാക്കുകളിൽ തിരനോക്കുകയായിരുന്നു.

പ്ലേജറിസം സമൂഹമാധ്യമങ്ങളിലെ തുടര്‍ക്കഥയാണ്എന്ന വിചിത്രന്യായവുമായി, ഞാനായി ഒരാളെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന ഔദാര്യവുമായി, കലേഷിന്റെ സങ്കടവും രോഷവും മനസിലാക്കുന്നു എന്ന ഹൃദയ വിശാലതയും സഹാനുഭൂതിയുമായി ഒരു ബിഷപ്പുണ്ടായിരുന്നു ദീപയുടെ കുറിപ്പില്‍. ഇനി കവിത ശ്രീചിത്രനാല്‍ രചിക്കപ്പെട്ടതാണെങ്കില്‍ കൂടി എങ്ങനെ ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കും എന്ന് കുഴങ്ങിയവര്‍ക്ക് ഒരു മറുപടി കിട്ടി, ഇത് ഞാനറിയാതെ എന്റെമേല്‍ വന്ന് വീണതാണ്!എനിക്ക് ജാഗ്രതക്കുറവുണ്ടായി…

ക്ഷമ ചോദിക്കുന്ന ശ്രീചിത്രന്റെ കുറിപ്പിലെ വെളിപാട് നോക്കുക: കവിത മറ്റൊരാളുടെ പേരില്‍ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണ്!ഒരു വെള്ളരിക്കാപട്ടണത്തിലും ഉണ്ടാവുകയില്ല ഇത്തരം ന്യായയുക്തിയും തത്വവിചാരവും രാഷ്ട്രീയ നീതിബോധവും.

പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകളിലെ ഉണര്‍വെന്ന് കെ.ജി. ശങ്കരപ്പിള്ള നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ശ്രീചിത്രന്‍ കെട്ടിയേല്‍പ്പിക്കുന്ന ഭാരം അതിന് താങ്ങാവുന്നതല്ല. അതുകൊണ്ടാണ് ഈ ക്ഷമാപണങ്ങളെ കലേഷ് സൌമ്യമായി തിരസ്കരിക്കുന്നതും.

രണ്ടു പരിചിതപദങ്ങളെ വിശേഷ അഴകിലേയ്ക്ക് വിളക്കിച്ചേര്‍ക്കല്‍ കവിയുടെ അടയാളങ്ങളിലൊന്നാണ്. മണല്‍ക്കാലം എന്ന കെ. ജി.എസിന്റെ കവിതയുടെ അവസാന വരിയാണ് ഭൂതകാലക്കുളിര്‍. അതിനെ തലയിലെടുക്കുമ്പോള്‍ ആരുടെ മുതലെന്ന് തുറന്ന് പറയല്‍ മാന്യതയാണ്. അതെന്റെ മറ്റേ പുസ്തകത്തിലുണ്ട്, കെ. ജി. എസുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നിടത്താണ് വ്യാജ എഴുത്തുകാരുടെ പിറവി.

ഒരു സർവീസ് മാഗസിൻ എന്ന് ഇവർക്ക് നിസ്സാരവത്ക്കരിക്കാൻ AKPCTA ഒരു തിരുടസമാജമാണോ ? മലയാളിയുടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ജീവിതത്തെ മുന്നിൽനിന്ന് നയിച്ച കലാശാലാദ്ധ്യാപകരുടെ ആ പെരുങ്കുലത്തിൽ ആരൊക്കെയുണ്ടെന്ന് ഒന്ന് തിരിഞ്ഞുനോക്കുന്നതിപ്പോൾ നല്ലത് . അത്രയെങ്കിലും പരിസരബോധം ഉണ്ടാവട്ടെ.

ദൈവം കൈ കഴുകുന്ന കടൽ, 100 അറബ് കവികൾ എന്നിവ കൃതികൾ.